ജിജിപ്രിയ ടി.

Published: 10 May 2025 സിദ്ധാന്ത വിമര്‍ശനം

വ്യവഹാരവും അധികാരവും : മിഷേല്‍ ഫൂക്കോയുടെ ചിന്തകളും വിമര്‍ശനങ്ങളും

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ലോകത്തിന്റെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച ചിന്തകരില്‍ പ്രമുഖനാണ് മിഷേല്‍ ഫൂക്കോ. ഉത്തരഘടനാവാദികളില്‍ പ്രമുഖനാണ് ഇദ്ദേഹം. കൂടാതെ നവചരിത്രവാദം, ഉത്തരമാര്‍ക്‌സിസം, സ്ത്രീവാദം, തുടങ്ങിയ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മിഷേല്‍ ഫൂക്കോയ്ക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പട്ട പുസ്തകമാണ് ലൈംഗികതയുടെ ചരിത്രം. മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പ്രസ്തുത പുസ്തകത്തില്‍ ലൈംഗികത ഒരു വ്യവഹാര വസ്തുവായും ജീവിതത്തിന്റെ പ്രധാനമേഖലയായും പരിഗണിച്ച് പഠനവിധേയമാക്കുന്നു. ഉന്മാദവും നാഗരികതയും, ക്ലിനിക്കിന്റെ ജനനം, വസ്തുക്കളുടെ ക്രമം, ജ്ഞാനത്തിന്റെ പുരാവസ്തുവിജ്ഞാനീയം തുടങ്ങിയ തന്റെ പുസ്തങ്ങളിലായി വ്യവഹാരം, അറിവ്, അധികാരം എന്നീ സംജ്ഞകളെ വിശദീകരിക്കുന്നു.
വ്യവഹാരം
ഭാഷാശാസ്ത്രത്തിലും ചിഹ്നശാസ്ത്രത്തിലും രൂപമെടുത്ത ഒരു പ്രധാന പഠനശാഖയാണ് വ്യവഹാരം. സമകാലിക മേഖലകളിലെല്ലാം വ്യവഹാരത്തിന്റെ സ്വാധീനം കാണാം കഴിയും. ‘ദി ഹാന്റ് ബുക്ക് ഓഫ് ദി ഡിസ്‌കോഴ്‌സ് അനാലിസിസ്’ (1985) രചിച്ച ഡച്ച് ഭാഷാചിന്തകനായ ട്യൂന്‍ വാന്‍ ഡിജ്ക് ആണ് സമകാലീന വ്യവഹാരപഠനങ്ങളുടെ തുടക്കകാരനായി അറിയപ്പെടുന്നത്. പിന്നീട് ജെയിംസ് പോള്‍ ഗീ, മിഷേല്‍ ഫൂക്കോ, ഫ്രാന്‍സ്യാ ലോത്യാര്‍, നോര്‍മന്‍ ഫെയര്‍ക്ലോ തുടങ്ങിയ ചിന്തകരെല്ലാം വ്യവഹാരാപഗ്രഥനം നടത്തിയവരാണ്.
ആധുനികോത്തര സിദ്ധാന്തചര്‍ച്ചകളില്‍ പതിവായി ഉപയോഗിക്കുന്ന ‘ഡിസ്‌കോഴ്‌സ്’ എന്ന പദം വ്യവഹാരം എന്ന് ഭാഷാന്തരണം ചെയ്യുന്നതാണ്. എന്നാല്‍ ‘ഡിസ്‌കോഴ്‌സ് എന്നത് ഭാഷയുടെതന്നെ ചില സവിശേഷ രൂപങ്ങളെയാണ് ദ്യോതിപ്പിക്കുന്നത്. പ്രബന്ധം, പാഠകം എന്നൊക്കെയാവും അതിന്റെ ശബ്ദകോശാര്‍ത്ഥം. വാക്യഘടനയ്ക്ക് അപ്പുറമുള്ള ഭാഷാഖണ്ഡമാണ് വൈയാകരണന്മാര്‍ക്ക് വ്യവഹാരം. ഗണപരമായ വേര്‍തിരിവുകള്‍ നടത്താന്‍ വിമര്‍ശകനെ പ്രാപ്തനാക്കുന്ന ഭാഷാരൂപമായാണ് സാഹിത്യ വിമര്‍ശകര്‍ അതിനെ നിര്‍വചിക്കുക’ ഫോക് ലോറില്‍ അത് നാടോടി വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും നാടോടി കലകളുടെയും പഠനമാവുമ്പോള്‍ മനഃശാസ്ത്രശാഖയില്‍ മനുഷ്യന്റെ മാനസിക വ്യതിയാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും ആണ് പഠന വിഷയമാക്കുന്നത്. മനുഷ്യവംശത്തിന്റെ ചരിത്രത്തിന്റെ പഠനത്തിലാണ് നരവംശശാസ്ത്രത്തില്‍ വ്യവഹാരത്തിന്റെ ഇടപെടല്‍. ഒരു നിശ്ചിത വിഷയം പഠിക്കാനും ചിന്തിക്കാനും പ്രതിനിധീകരിക്കാനുമുള്ള മാര്‍ഗമാണ് വ്യവഹാരം. അത് ഒരോ വിഷയത്തിലും ഓരോ വിധത്തിലാണ് ഇടപെടുന്നത്. മിഷേല്‍ ഫൂക്കോ ‘ഭാഷയെ ഒരു ചിന്താപദ്ധതിയായി കാണുന്നതുകൊണ്ടുതന്നെ ഭാഷാ ശാസ്ത്രത്തില്‍ വ്യവഹാര വിശകലനം (discourse analysis) എന്നത് പാഠങ്ങളിലും സന്ദര്‍ഭങ്ങളിലുമുള്ള പ്രയോഗ രീതിയുടെ അന്വേഷണമാണ്’ .
ഭാഷാപരമായ ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് അവയിലെ വ്യത്യസ്ത ഘടകങ്ങളെക്കാള്‍ കൂടുതലായ ഒരു അര്‍ത്ഥഘടന രൂപം കൊള്ളുന്നതിനെ കുറിക്കുന്ന പദമാണ് ഭാഷാശാസ്ത്രത്തില്‍ ഡിസ്‌കോഴ്‌സ് . എന്നാല്‍ ഫ്രഞ്ച് ചിന്തകനായ മിഷേല്‍ ഫൂക്കോയാണ് സമൂഹത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യവഹാരത്തെ അതിന്റെ അടരുകളില്‍നിന്നും മാറ്റി നിര്‍ത്തി ഒരു സാമൂഹികമായ പ്രക്രിയയെന്ന നിലയില്‍ വിശദീകരിക്കുന്നത്. വ്യവഹാരമാണ് ഫൂക്കോയുടെ ചിന്തയിലെ ഏറ്റവും പ്രാഥമികമായ ഏകകം. ‘ഭാഷയല്ല വ്യവഹാരം. സാമൂഹിക പ്രയോഗത്തിലൂടെ വികസിച്ചുവരുന്ന ചിന്തയാണത്’ . സമൂഹത്തിന്റെയും ചരിത്രത്തിന്റെയും അനന്യതകളില്‍ വേരുകളുള്ള ഭാഷാപ്രയോഗങ്ങളാണ് ഫൂക്കോവിന്റെ വ്യവഹാരം. ‘വ്യവഹാരങ്ങള്‍ (discourse) ചിഹ്നങ്ങളാല്‍ നിര്‍മ്മിതമാണെന്ന് ഫൂക്കോ സമ്മതിക്കുന്നുണ്ട്. പക്ഷെ, വസ്തു സൂചകമായ ചിഹ്നത്തിന്റെ പ്രയോഗത്തില്‍ കവിഞ്ഞ ഒന്നാണ് വ്യവഹാരമെന്നദ്ദേഹം അഭിപ്രായപ്പെടുന്നു . ഭാഷയിലെ ഘടനാവാദത്തിലേതുപോലെ സൂചിതം സൂചകം എന്ന സംജ്ഞയല്ലത്. ഒരൊറ്റ അര്‍ത്ഥത്തില്‍ മനസിലാക്കാനുള്ള സാധ്യതയെ വ്യവഹാരം തള്ളികളയുന്നു. ‘സകല പ്രസ്താവനകളുടെയും പൊതുമണ്ഡലമായും പല പ്രസ്താവനകള്‍ക്കും കാരണമായ നിയന്ത്രണ നടപടിയായുമൊക്കെ വ്യവഹാരമെന്ന പദം അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ‘സകല പ്രസ്താവനകളുടെയും പൊതുമണ്ഡലം’ എന്നതു കൊണ്ട് എന്തെങ്കിലും ഫല(effect)മുള്ളതും അര്‍ത്ഥമുള്ളതുമായ സകല പ്രസ്താവനകളും ഉരിയാടലുകളും എന്നാണ് ഫൂക്കോ അര്‍ത്ഥമാക്കുന്നത്. കൂടാതെ ‘വ്യക്തിവല്‍കരിക്കാവുന്ന പ്രസ്താവനാ സമുച്ചയം’ എന്ന അര്‍ത്ഥത്തിലും അദ്ദേഹം വ്യവഹാരത്തെ ഉപയോഗിക്കുന്നുണ്ട്. ഒരു കൂട്ടമായി മാറാന്‍ ശേഷിയുള്ള ഉരിയാടലുകളും പ്രസ്താവനകളും ആണിത്. ഉദാഹരണത്തിന് സ്‌ത്രൈണതകളുടെ വ്യവഹാരം, വംശീയതയുടെ വ്യവഹാരം എന്നിങ്ങനെ പോകുന്നു അവ. മറ്റു ചില സന്ദര്‍ഭങ്ങളില്‍ വ്യവഹാരം ഉരിയാടലുകള്‍ക്ക് കാരണമാകുന്നു. സാമൂഹികമായി നിയന്ത്രണവിധേയമായ നടപടിയായും അദ്ദേഹം അത് വിവരിക്കുന്നു. അതായത് സവിശേഷമായ ഉരിയാടലുകള്‍ക്കും പ്രസ്താവനകള്‍ക്കും കാരണമാകുന്ന അലിഖിത നിയമങ്ങളും ഘടനകളും ഫൂക്കോയെ സംബന്ധിച്ചിടത്തോളം ഇത്തരം ഘടനകളും നിയമങ്ങളുമാണ്’ .
‘ഒരു നിശ്ചിത വിഷയത്തെ സംബന്ധിക്കുന്ന സവിശേഷമായ അറിവ് സാധ്യമാക്കുകയും അതേക്കുറിച്ചു സംസാരിക്കാനും അതിനെ പ്രതിനിധാനം ചെയ്യാനും സഹായിക്കുകയും ചെയ്യുന്ന പ്രസ്താവന(statements)കളുടെ സംഘാതത്തെയാണ് ഫൂക്കോ വ്യവഹാരം എന്ന് പറയുന്നത്’ . ഒരു സവിശേഷ സാമൂഹിക സന്ദര്‍ഭത്തില്‍ പ്രയോഗിക്കപ്പെടുന്ന dകളെയെല്ലാം വ്യവഹാരമായി കണക്കാക്കാം. അത് രണ്ട് വ്യക്തികള്‍ തമ്മിലോ ഒരു കൂട്ടം ആളുകള്‍ക്കിടയിലോ നടക്കുന്ന സംഭാഷണങ്ങളുമാവാം. എന്നാല്‍ ഭാഷാ പഠനങ്ങളില്‍ വ്യവഹാരം കടന്നു വരുന്നത് ഭാഷ എങ്ങനെ രൂപപ്പെടുന്നു എങ്ങനെ പ്രയോഗിക്കുന്നു എന്നതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്. ആശയവിനിമയം സാധ്യമാക്കുന്ന എന്തിനെയും വ്യവഹാരമെന്ന് വിളിക്കാം. അത് പ്രയോഗങ്ങളുടെ സഞ്ചയമാണ്. എന്നാല്‍ വിവിധ വിജ്ഞാനധാരകള്‍ക്കനുസരിച്ച് വ്യവഹാരത്തിന്റെ അര്‍ത്ഥവ്യാപ്തിയും വ്യത്യസ്തമാവുന്നു. ‘ഒരു വ്യവഹാര രൂപീകരണത്തിനുള്ളിലെ എല്ലാ പ്രസ്താവനകളും സമാനമായിരിക്കില്ല. പക്ഷെ അവ തമ്മിലുള്ള ബന്ധങ്ങളും അന്തരങ്ങളും സ്ഥിരവും വ്യവസ്ഥാപിതവും ആയിരിക്കും’ . ‘വസ്തുക്കളും പ്രസ്താവങ്ങളും കര്‍തൃത്വവുമായി ബന്ധപ്പെടുന്നത് അതിനകത്ത് ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രത്യേക അര്‍ത്ഥോല്‍പാദനരീതി നിലനില്‍ക്കുന്നതിനാലാണ്. യഥാര്‍ത്ഥത്തില്‍ രചനകളിലെ ബന്ധങ്ങളെയും അര്‍ത്ഥോല്‍പാദനത്തേയും അതിലൂടെ അധികാര കേന്ദ്രത്തെയും നിയന്ത്രിക്കുന്ന ഘടനയാണ് വ്യവഹാരം’ .
ഭാഷാപ്രയോഗത്തെ അപഗ്രഥിക്കുന്ന വിജ്ഞാനശാഖയെ വ്യവഹാരമെന്ന് വിളിക്കാം. അത് വ്യത്യസ്ത സാമൂഹികസാഹചര്യത്തിനു അനുസരിച്ച് രൂപപ്പെടുന്നവയാണ്. വ്യക്തിയുടെ ചിന്ത, വിശ്വാസം, പ്രവൃത്തി തുടങ്ങിയവയെ നിയന്ത്രിക്കുന്ന സാമാന്യബോധത്തിന് വ്യവഹാരവുമായി ബന്ധമുണ്ട്. താന്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ എങ്ങനെയെല്ലാമാണ് ഇടപെടേണ്ടതെന്ന് തീരുമാനിക്കുന്നത് വ്യക്തിയിലുള്ള സാമാന്യ ബോധമാണ്. വ്യവഹാരം ആ വ്യക്തിയറിയാതെ അയാളുടെ സാമൂഹ്യബോധത്തെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഭാഷാപ്രയോഗത്തില്‍ വ്യാഖ്യാതാവ് ഉദ്ദേശിക്കുന്ന അര്‍ത്ഥവും പ്രയോഗാര്‍ത്ഥവും തമ്മില്‍ വ്യത്യാസമുണ്ടാവും. സാമൂഹിക സന്ദര്‍ഭത്തിലുള്ള പ്രയോഗരീതി കൂടെയാണ് വ്യവഹാരം എന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത്. ഇതിനെ തിരിച്ചറിയാന്‍ കഴിയുക വ്യവഹാരാപഗ്രഥനം കൊണ്ടാണ്. കേവലമായ ഭാഷാ പ്രയോഗ രീതികളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഘടകങ്ങളേക്കാള്‍ കൂടുതലായ അര്‍ത്ഥഘടന വ്യവഹാരം ഉള്‍ക്കൊള്ളുന്നു. സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചും ഭാഷ പ്രയോഗിക്കുന്ന വ്യക്തിയുടെ അധികാര സ്ഥാനത്തിനനുസരിച്ചും ഭാഷാപ്രയോഗരീതിയും മാറിക്കൊണ്ടിരിക്കും. ഉദാഹരണായി ഒരു ഡോക്ടര്‍ രോഗിയോട് അയാളുടെ രോഗം തിരിച്ചറിയാനും മരുന്നുകള്‍ നിര്‍ദ്ദേശിക്കാനും ചോദിക്കുന്ന ചോദ്യങ്ങള്‍ പോലെയായിരിക്കില്ല അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് പഠനസംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതുമല്ല ഒരു പോലീസുദ്യോഗസ്ഥന്‍ തന്റെ മുന്നില്‍ അകപ്പെടുന്ന കുറ്റവാളികളോടു നടത്തുന്ന ചോദ്യം ചെയ്യല്‍. അതായത് സാമൂഹിക സാഹചര്യങ്ങളിലുള്ള വ്യത്യാസം വ്യവഹാരത്തെ സ്വാധീനിക്കുന്നു. അല്ലെങ്കില്‍ വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത സമീപനങ്ങള്‍ അവിടെ നിലനില്‍ക്കുന്ന അന്തരീക്ഷവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് വ്യവഹാരങ്ങള്‍ പലനിലകളിലും പ്രവൃത്തിക്കുന്നത് കൊണ്ടാണ്. ഇത്തരം സാമൂഹിക പ്രക്രിയയില്‍ സജീവമായി നിലനില്‍ക്കുന്ന ചിന്തയാണ് ഫൂക്കോവിന്റെ വ്യവഹാര പ്രയോഗം.
വിവിധ വ്യവഹാരക്രമങ്ങളിലൂടെയാണ് ഒരു മനുഷ്യന്‍ സാമൂഹിക വ്യക്തിയായി മാറുന്നത്. ജനനം മുതല്‍ക്കുതന്നെ പല തരത്തിലുള്ള സംവാദങ്ങളിലൂടെയും ആശയങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ആ വ്യക്തി കടന്നുപോവേണ്ടി വരുന്നു. അവര്‍ വലുതാവും തോറും കൂടുതല്‍ സംവാദങ്ങളിലേക്കും ആശയങ്ങളിലേക്കും അനുഭവങ്ങളിലേക്കും എത്തിപ്പെടുന്നു. ഇതില്‍നിന്നെല്ലാം സ്വാംശീകരിച്ചെടുക്കുന്ന ജ്ഞാനമാണ് വ്യവഹാരത്തിന്റെ കാതലായ അടിത്തറ.
ജ്ഞാനിമം (episteme)
ജ്ഞാനത്തിന്റെ പുരാവസ്തുശാസ്ത്രം, പദങ്ങളും പദാര്‍ത്ഥങ്ങളും എന്നീ കൃതികളിലാണ് ഫൂക്കോ ജ്ഞാനിമത്തെ കുറിച്ച് പറയുന്നത്. ഭാഷാശാസ്ത്രത്തില്‍ സ്വനിമം, രൂപിമം തുടങ്ങിയ സംജ്ഞകളെ പോലെയാണ് ഫൂക്കോ വ്യവഹാരത്തില്‍ ജ്ഞാനിമത്തെ കുറിച്ച് രേഖപ്പെടുത്തുന്നത്. ഒരു വ്യവഹാരം തനിയെ രൂപപ്പെടുന്നില്ല. അതിന്റെ ഏറ്റവും അടിസ്ഥാനപരമായ ഏകകത്തെ ഫൂക്കോ ജ്ഞാനിമ(episteme)മെന്ന് വിളിക്കുന്നു. വ്യവഹാരങ്ങള്‍ രൂപമെടുക്കുന്നത് അതത് ചരിത്രഘട്ടങ്ങളിലെ ജ്ഞാനവ്യവസ്ഥ(episteme)കള്‍ക്കകത്താണെന്ന് ഫൂക്കോ നിരീക്ഷിക്കുന്നുണ്ട്. ‘ഒരോ കാലഘട്ടത്തിലും അനേകം ചിന്തകളും സിദ്ധാന്തങ്ങളും കാഴ്ചപ്പാടുകളും പരസ്പരം ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്നത് കാണാം. ഇവയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്ന സങ്കല്‍പനങ്ങളുടെ മണ്ഡലത്തെയാണ് ഫുക്കോ ജ്ഞാനവ്യവസ്ഥ എന്ന് വിളിക്കുന്നത്. ഏത് വ്യവഹാരത്തിനും പിന്നില്‍ ഇങ്ങനെയൊരു മണ്ഡലത്തിന്റെ മുന്‍കൂര്‍ സാന്നിധ്യമുണ്ട്. അഥവാ ഈ ചരിത്രപരമായ മുന്‍കൂര്‍ അവസ്ഥ തുറന്നിടുന്ന സാധ്യതകളുടെ പരിധിക്കകത്താണ് വ്യവഹാരങ്ങളുടെ സ്ഥാനം’ . ‘ഫൂക്കോ പറയുന്ന ജ്ഞാനം പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉയര്‍ന്നു വന്ന വിവിധ വിജ്ഞാനമല്ല- ഈ വിജ്ഞാനത്തെ സൂചിപ്പിക്കാന്‍ ഫൂക്കോ ഉപയോഗിച്ച ഫ്രഞ്ച് പദം ‘connaissance’ എന്നാണ്. ഈ പദം അതിന്റെ ഉപരിവിപ്ലവതയെ കുറിക്കുന്നു. – മറിച്ച് ഈ വൈദഗ്ദ്ധ്യങ്ങളെല്ലാം അതിശയിക്കുന്നതും അവയ്ക്ക് പ്രസക്തി നല്‍കുന്നതുമായ കുറേകൂടി അഗാധസ്പര്‍ശിയായ ഒരു തരം ജ്ഞാനത്തെയാണ്. ഫ്രഞ്ചിലെ ‘savior’ എന്ന പദം ഈ ജ്ഞാനത്തെ വിശേഷിപ്പിക്കാന്‍ ഫൂക്കോ ഉപയോഗിക്കുന്നത്’ .
ഒരു നിശ്ചിത ആശയം രൂപപ്പെടുന്നത് ചില പ്രസ്താവങ്ങളുടെ കൂട്ടത്തിലൂടെയാണെന്ന് മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനങ്ങളെക്കുറിച്ചുള്ള സങ്കല്പനങ്ങളെ നമുക്ക് ജഞാനിമം എന്ന് വിളിക്കാം. ‘ഒരു കാലഘട്ടവുമായി ബന്ധപ്പെട്ട് വളര്‍ന്നു വരുന്ന അനിവാര്യവും അബോധപൂര്‍വവും നാമഹീനവുമായ ചിന്താവ്യവസ്ഥയാണ് ജ്ഞാനിമം’ . കാലഘട്ടത്തിന്റെ ചരിത്രപരമായ പ്രാഗനുഭവമാണ് (historical aprori) അത്. ഒരോ കാലഘട്ടത്തിലും പലതരത്തിലുള്ള വ്യവഹാര രൂപീകരണം നടക്കുന്നുണ്ട്. ഒരോ വ്യവഹാരവും അതത് ജ്ഞാനവ്യവസ്ഥയ്ക്കുള്ളില്‍ നിലനില്‍ക്കുന്നു. ഒരു ജ്ഞാനിമവും പ്രസ്താവനയും ഒറ്റയ്‌ക്കൊറ്റയ്ക്ക് നിലനില്‍ക്കുകയില്ല. അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഒരേ വ്യവഹാരത്തിലുള്ള വ്യത്യസ്ത ജ്ഞാനിമങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ‘ഓരോ ജ്ഞാനിമത്തിലേയും വ്യവഹാരങ്ങള്‍ തമ്മില്‍ ഘടനാപരമായ ഐക്യരൂപം നിലനില്‍ക്കുന്നുവെന്നും ഇത് പുരാവസ്തുശാസ്ത്രത്തിന്റെ തലത്തിലുള്ള അവയുടെ യോജിപ്പിന്റെ ഫലമാണെന്നും ഫൂക്കോ ഉപദര്‍ശിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ വ്യത്യസ്ത ജ്ഞാനിമങ്ങളിലെ സമാനവിഷയങ്ങള്‍ തമ്മിലുള്ളതിനേക്കാള്‍ ഐക്യരൂപം ഓരോ ജ്ഞാനിമത്തിലെ വ്യത്യസ്ത വിഷയങ്ങള്‍ തമ്മിലുണ്ടായിരിക്കുമെന്നാണ് ഫൂക്കോയുടെ മതം’ ഉദാഹരണമായി നവോത്ഥാനകാല ജ്ഞാനിമത്തിലെ സാമൂഹികശാസ്ത്രവും ആധുനികകാല ജ്ഞാനിമത്തിലെ സാമൂഹികശാസ്ത്രവും തമ്മിലുള്ള ഘടനാബന്ധത്തേക്കാള്‍ പൂരകമായിരിക്കുക നവോത്ഥാനകാല ജ്ഞാനിമത്തിലെ സാമൂഹികശാസ്ത്രവും ആ കാലഘട്ടത്തിലെതന്നെ സാംസ്‌കാരികമോ സാഹിത്യമോ ആയ വിഷയങ്ങള്‍ ആയിരിക്കും.
നവോത്ഥാന ജ്ഞാനിമത്തിന്റെ കേന്ദ്രം ആയി ഫൂക്കോ കാണുന്നത് സാദൃശ്യം(resemblence) എന്ന സങ്കല്പനത്തെയാണ്. അതായത് ‘ലോകത്തിലുള്ള എല്ലാ ചരാചരങ്ങളും അനുഭവങ്ങളും സാദൃശ്യത്തിലൂടെ അന്യോന്യം ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്ന സങ്കല്പമാണ് ഈ ജ്ഞാനിമത്തിന്റെ കാതല്‍’ . ലോകത്ത് നിലനില്‍ക്കുന്ന പദാര്‍ത്ഥങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതില്‍ സാധര്‍മ്യം ദര്‍ശിക്കുകയും അതെല്ലാം സ്രഷ്ടാവിന്റെ അതീന്ദ്രിയമായ നിര്‍മ്മാണമാണെന്നും ഫൂക്കോ നിദര്‍ശിക്കുന്നു. എന്നാല്‍ ക്ലാസിക്കല്‍ ജ്ഞാനിമത്തിന്റെത് പ്രതിനിധാനമാണ് (representation) അടിസ്ഥാനമായി നിലകൊള്ളുന്നത്. സാദൃശ്യത്തിന്റെ യുക്തിയില്‍നിന്നും തികച്ചും വ്യത്യസ്തമായൊരു യുക്തിയാണ് പ്രതിനിധാനത്തില്‍ പ്രവൃത്തിക്കുന്നത്. നവോത്ഥാന ജ്ഞാനിമത്തില്‍ പരസ്പരം സാദൃശ്യം കല്പിക്കുന്നവയൊന്നുംതന്നെ ക്ലാസിക്കല്‍ ജ്ഞാനിമത്തില്‍ നിലനില്‍ക്കുന്നില്ല. ‘നവോത്ഥാന ജ്ഞാനിമത്തില്‍ ജീവന്‍, തൊഴില്‍, ഭാഷ എന്നീ അനുഭവൈക പ്രമാണങ്ങള്‍ ഒരേ അവിഛിന്ന ബന്ധത്തിന്റെ അനുസ്യൂതിയിലെ കണ്ണികളാണെങ്കില്‍ ക്ലാസിക്കല്‍ ജ്ഞാനിമത്തില്‍ ഇവ വേറിട്ടുനില്‍ക്കുന്ന, പരസ്പരബന്ധമില്ലാത്ത, അനന്യ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയോരോന്നിന്റെയും പ്രതിനിധാനങ്ങളായ പ്രകൃതി, സമ്പത്ത്, ഭാഷ എന്നിവയും അവയുടെ വ്യവഹാര രൂപങ്ങളായ പ്രകൃതി ചരിത്രം, സമ്പത്ത് വിശകലനം, സാമാന്യ വ്യാകരണം എന്നിവയും അനുഭവത്തിന്റെ വ്യതിരിക്തതയുള്ള അനന്യമായ വ്യവസ്ഥകളാണ്’ .
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതലുള്ള ഒന്നര നൂറ്റാണ്ടിനെയാണ് ആധുനിക ജ്ഞാനിമത്തിന്റെ കാലമായി ഫൂക്കോ ഗണിക്കുന്നത്. ആധുനിക ജ്ഞാനിമത്തിന്റെ കേന്ദ്രത്വമെന്ന് പറയുന്നത് ചരിത്രമാണ്(history). ക്ലാസിക്കല്‍ ജ്ഞാനിമത്തില്‍നിന്നും ആധുനിക ജ്ഞാനിമത്തിന് ഉള്ള പ്രധാന വ്യത്യാസം വ്യവസ്ഥയില്‍നിന്നും ചരിത്രത്തിലേക്കുള്ള മാറ്റമാണ്. അത് സ്ഥലപരമായ മാറ്റം കൂടിയാണ്. ക്ലാസിക്കല്‍ ജ്ഞാനിമം ആധുനിക ജ്ഞാനിമമായി മാറുമ്പോള്‍ ചരിത്രത്തിന്റെ സ്ഥാനാന്തരണമാണ് സംഭവിക്കുന്നത്. പ്രതിനിധാനത്തിന്റെ പരിമിതിയില്‍ ജീവന്റെയും തൊഴിലിന്റെയും ഭാഷയുടെയും പരിണാമവും സ്വാതന്ത്ര്യവും കൂടി സ്ഥാനാന്തരണം സൂചിപ്പിക്കുന്നു.
‘ഒരു കാലഘട്ടത്തിലെ ചിന്തകളെ, വ്യവഹാരങ്ങളെ നിര്‍ണയിച്ചു കൊണ്ട് നിലകൊള്ളുന്ന സംപ്രത്യയങ്ങളുടെ (concepts) സാകല്യത്തെയാണ് അതായത്, ഒരു സമൂഹത്തില്‍ ചിന്തയെ സാദ്ധ്യമാക്കുന്നത് ചിന്തയ്ക്ക് മുമ്പ് നിലനില്‍ക്കുന്ന ജ്ഞാനിമമാണ്. ജ്ഞാനിമത്തിന്റെ അതിരുകളെ അതിവര്‍ത്തിക്കുവാന്‍ വ്യക്തിയുടെ ബോധത്തിന് കഴിയുകയില്ല. ഇവിടെ ജ്ഞാനിമം ഏകശിലാരൂപത്തിലുള്ള ഒരു വ്യവസ്ഥയാണെന്ന് അര്‍ത്ഥമാക്കുന്നില്ല. പരസ്പരം കലഹിക്കുന്ന വിരുദ്ധസിദ്ധാന്തങ്ങളെ ജ്ഞാനിമം ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ജനവിരുദ്ധാര്‍ത്ഥങ്ങളെയും സംഘര്‍ഷങ്ങളെയും ഉള്ളിലൊതുക്കി, സംപൃക്തമായ ഒരു ഘടനയായി നിലനില്‍ക്കാന്‍ ജ്ഞാനിമത്തിന് കഴിയുന്നു’ .
വ്യവഹാരോപകരണങ്ങള്‍ (discursive apparatus)
വ്യവഹാരം സാധ്യമാവുന്നതിനുള്ള ഏറ്റവും അടിസ്ഥാന ഏകകം ജ്ഞാനിമമാണ്. ജ്ഞാനിമങ്ങളിലൂടെയാണ് പ്രസ്താവങ്ങള്‍ രൂപപ്പെടുന്നത്. പ്രസ്താവങ്ങളുടെ കൂട്ടങ്ങള്‍ സവിശേഷമായി സമ്മേളിക്കുമ്പോള്‍ വ്യവഹാര രൂപീകരണം(discursive formation) സംഭവിക്കുന്നു. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന വ്യവഹാരരൂപങ്ങള്‍ പലരീതിയിലാണ് സമൂഹത്തില്‍ പ്രവൃത്തിക്കുക. ഇതില്‍ ഏത് ‘സത്യം’ ഏത് ‘അസത്യം’ എന്ന് വ്യവച്ഛേദിച്ചറിയുക പ്രയാസമാണ്. അത് തിരിച്ചറിയുക സമൂഹത്തില്‍ നിലനില്‍ക്കുന്ന അധികാരശ്രേണിയുടെ ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ്. ‘സമൂഹത്തെ നിയമബദ്ധമായ ഒരു വ്യവസ്ഥയായി പരിരക്ഷിക്കുന്ന ധര്‍മ്മത്തെ ഫൂക്കോ വിശേഷിപ്പിക്കുന്നത് വ്യവഹാരത്തിന്റെ ന്യായവാദപര(Judicative)മായ ധര്‍മ്മം എന്നാണ്. വ്യവഹാരത്തിന് സത്യവാദപര(Veridicative)മായ ഒരു വാദം കൂടി ഉണ്ട്. പ്രത്യേക സമൂഹങ്ങളില്‍ സത്യം-അസത്യം എന്ന ദ്വന്ദ്വം സാധ്യമാവുന്നത് വ്യവഹാരത്തിന്റെ ഈ ധര്‍മ്മം മൂലമാണ്’ . ഒരു വ്യവഹാരരൂപീകരണത്തിലെ ഏതെല്ലാം പ്രസ്താവനകളാണ് ശരി, ഏതെല്ലാം പ്രസ്താവനകളാണ് തെറ്റ്, ഏതെല്ലാമാണ് സത്യം ഏതെല്ലാമാണ് അസത്യം എന്നെല്ലാം തീരുമാനിക്കപ്പെടുന്നതിന്റെ മാനദണ്ഡവും വ്യവഹാരത്തിന്റെ ഈ ധര്‍മ്മമാണ്.
സാമൂഹികവിനിമയത്തിന് സാധ്യമാക്കുന്ന എല്ലാ ഘടകങ്ങളും വ്യവഹാരത്തില്‍ ഉള്‍പ്പെടുന്നുണ്ട്. സാമൂഹിക ക്രമങ്ങള്‍, സാമൂഹിക സാഹചര്യം, സാമൂഹിക സ്ഥാപനം തുടങ്ങിയവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു. വ്യവഹാരോപകരണമായി പ്രവൃത്തിക്കുന്ന ചില കേന്ദ്രങ്ങളാണ് ആശുപത്രി, കുടുംബം, മതം, തൊഴിലിടങ്ങള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ കൂട്ടായ്മകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോലീസ്, കോടതി തുടങ്ങിയവ. വ്യവഹാരങ്ങള്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ സംഭവിക്കാം. ഇങ്ങനെയുണ്ടാവുന്ന വ്യവഹാരങ്ങളും സ്ഥാപനങ്ങളും എല്ലാം അധികാരതൃഷ്ണയുമായി ഒരുപോലെ ബന്ധപ്പെട്ടിരിക്കുന്നു.
‘ഉദാഹരണത്തിന് ഉപന്യാസങ്ങള്‍ എങ്ങനെ എഴുതണം എന്നതിനെ നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങളൊന്നും ഇല്ല, എന്നിട്ടും സര്‍വകലാശാലയിലെ മിക്ക വിദ്യാര്‍ത്ഥികളും ഉപന്യാസത്തിന്റെ ചട്ടകൂടില്‍ എങ്ങനെ എഴുതണമെന്ന് പഠിക്കുന്നു’ . ആശുപത്രികള്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി പ്രവൃത്തിക്കുന്നവയാണെന്നും രോഗവിവരങ്ങള്‍ ഒരു രോഗി കൃത്യമായി ഡോക്ടറുടെ അടുത്ത് പറയേണ്ടത് അനിവാര്യമാണെന്നുമുള്ളത് ആശുപത്രിയില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള നിയമാവലികളായി എവിടെയും എഴുതി വച്ചിട്ടില്ല. എങ്കില്‍ക്കൂടി രോഗി വിശദമായി ഡോക്ടറുടെ അടുത്ത് തന്റെ പ്രശ്‌നങ്ങള്‍ തുറന്ന് പറയുന്നു. രോഗത്തിന്റെയും ചികിത്സയുടെ പരിചരണത്തിന്റെയും ഏതവസ്ഥയും വേദനയും ആ വ്യക്തി സഹിക്കാന്‍ തയ്യാറാവുന്നത് ആശുപത്രികള്‍ രോഗശാന്തി ലഭിക്കുന്നിടമാണെന്ന അറിവ് ലഭിച്ചതുകൊണ്ടാണ്. അതുപോലെ ഒരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ മറ്റൊരു മതത്തിന്റെ ആരാധനായിടങ്ങളില്‍ പോയി ചെയ്യരുതെന്ന ബോധം മതം സൃഷ്ടിക്കുന്ന സാമൂഹിക ബോധത്തില്‍നിന്നാണ് ലഭിക്കുന്നത്. ഓരോ തൊഴിലിടങ്ങളിലും പ്രവൃത്തിക്കേണ്ട ജോലികള്‍ അതാതു തൊഴിലിടങ്ങളില്‍ മാത്രം ചെയ്യേണ്ടതാണ്. ഈ ബോധവും ഘടനകളും നിയമങ്ങളും ഒരു കൂട്ടം വ്യവഹാരമായി മാറുന്നു. ഇത്തരത്തിലുള്ള അലിഖിത നിയമങ്ങള്‍ വ്യവഹാരോപകരണങ്ങളിലൂടെ നിരന്തരം സൃഷ്ടിക്കപ്പെടുന്നു.
അധികാരം
ഒരു വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളുടെയോ മേലുള്ള നിയന്ത്രണത്തെ അധികാരമെന്ന് വിളിക്കാം. ‘ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ മേലോ ഒരു സമൂഹത്തിന് മറ്റൊരു സമൂഹത്തിനു മേലോ ഉള്ള നിയന്ത്രണവും സ്വാധീനമാണ് സാമാന്യമായ അര്‍ത്ഥത്തില്‍ അധികാരം’ . സാമൂഹികാധികാരം വിവിധ വ്യവഹാരങ്ങളിലൂടെയാണ് പ്രസരിക്കപ്പെടുന്നത്. അനവധി ലിഖിത-അലിഖിത നിയമങ്ങളിലൂടെയാണ് സമൂഹം നിലനില്‍ക്കുന്നത്. അത് പ്രത്യക്ഷമായും പരോക്ഷമായും നിലനില്‍ക്കുന്നതും നിലനിര്‍ത്തുന്നതുമാണ്. ഒരാളില്‍ മറ്റൊരാള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞെന്നാലും അതിനെ അധികാരമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. അധികാരത്തിന് സ്വാധീനവുമായി ബന്ധമില്ല എന്നതല്ല അതിനര്‍ത്ഥം. കാരണം മറ്റൊരാളില്‍ ചെലുത്തുന്ന സ്വാധീനം പല നിലകളില്‍ നിഷ്ഫലമായി പോകാവുന്നതാണ്. എന്നാല്‍ അധികാരത്തിന് അങ്ങനെ സംഭവിക്കുന്നില്ല. ഒരാളില്‍ ഏതെങ്കിലുമൊരു ഒരാശയമോ ആദര്‍ശമോ സ്വാധീനം ചെലുത്താം. എന്നാല്‍ പ്രസ്തുത ആശയത്തെ ഖണ്ഡിക്കുന്ന മറ്റൊരു ആശയമോ ആദര്‍ശമോ തന്നെ അയാളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചിലപ്പോള്‍ മുന്‍പ് സ്വാധീനം ചെലുത്തിയവ പൂര്‍ണമായും ഇല്ലാതായി പോവുകയും ചെയ്യാം. എന്നാല്‍ അധികാരത്തിന് ഇത്തരത്തില്‍ ഉള്ള മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല. അത് സുനിശ്ചിതമായിരിക്കും. കൂടാതെ ഒരു നിശ്ചിത സമൂഹത്തിനോ ഗോത്രത്തിനോ വ്യക്തിക്കോ മറ്റൊരു സമൂഹത്തിന് മേലോ ഗോത്രത്തിന് മേലോ വ്യക്തിയിലോ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ച് വരുതിയിലാക്കാന്‍ കഴിയുന്നു. ഇതൊരു തരം മേല്‍ക്കോയ്മയാണ്. ഇത് നിശ്ചിതമായിരിക്കും. ഒരു ഗോത്രത്തിനുമേല്‍ ഉള്ള മേല്‍ക്കോയ്മ വ്യത്യസ്തമായ മറ്റൊരു ഗോത്രത്തിന് മുകളില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍തന്നെ സ്വാധീനം, മേല്‍ക്കോയ്മ തുടങ്ങിയവയെല്ലാം അധികാരവുമായി അഭേദ്യമായ ബന്ധം കല്പിക്കുന്നതിനോടൊപ്പം അവ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു.
സമൂഹത്തെ സജീവമായി നിര്‍ത്തുന്ന ഘടകമാണ് അധികാരം. അത് വ്യവസ്ഥാപിതവും പ്രവര്‍ത്തനസജ്ജവുമാണ്. ‘അധികാരം എന്ന് പറയുന്നത് നിശ്ചയമായും കയ്യടക്കാനുള്ള അവകാശമാണ്. വസ്തുക്കളെ, കാലത്തെ, ശരീരത്തെ, ആത്യന്തികമായി ജീവിതത്തെ അപ്പാടെ നിഗ്രഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജീവിതത്തെ കയ്യടക്കാനുള്ള സവിശേഷാവകാശത്തെ പ്രാപിക്കുന്നു അത്’ .
‘അറിവിന്റെ രൂപീകരണത്തിനുള്ള ഒരു കൂട്ടം പ്രസ്താവനകള്‍ എന്നും അറിവും അധികാരവും സംയോജിക്കുന്ന ഇടമെന്ന് ഫൂക്കോ വ്യവഹാരത്തെ നിര്‍വചിക്കുന്നുണ്ട് എങ്കിലും പ്രധാനമായും നാല് തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഫൂക്കോവിന്റെ അധികാരം എന്ന സങ്കല്പം

1 അധികാരം വസ്തു ബന്ധമാണ്
2 അധികാരം അടിച്ചമര്‍ത്തലല്ല. അത് സൃഷ്ടിപരമാണ്. (അധികാരം അടിച്ചമര്‍ത്തലും വിലോമപരവുമാണെന്ന് ആദ്യകാലത്ത് അദ്ദേഹം വിശ്വസിച്ചിരുന്നു. പിന്നീട് അത് സൃഷ്ടിപരമെന്ന് പറഞ്ഞു.)
3 രാഷ്ട്രം – ഭരണകൂടം എന്നിവയില്‍ അധിഷ്ഠിതമാണ് അധികാരം എന്ന് പറഞ്ഞു. പിന്നീട് ഈ കാര്യം അദ്ദേഹം തിരുത്തി. സാമൂഹിക സ്ഥാപങ്ങളിലൂടെ അധികാരം പ്രസരിക്കുന്നതെന്ന് കണ്ടെത്തി.
4 സാമൂഹിക ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങളില്‍ നിന്നാണ് അധികാരം പ്രസരിക്കുന്നത്’ .

അധികാരവും ജ്ഞാനവും

അധികാരത്തിന് സത്യവുമായി ബന്ധമുള്ളതുപോലെതന്നെ ജ്ഞാനവുമായി ബന്ധമുണ്ട്. സത്യത്തെ എങ്ങനെ വേണമെങ്കിലും അധികാരികള്‍ക്ക് വളച്ചൊടിക്കുകയോ മറച്ചുവെക്കുകയോ ചെയ്യാം. അധികാരസ്ഥാനങ്ങളുടെ ഉയര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും അടിസ്ഥാനത്തിലാണത് സാധ്യമാവുന്നത്. അധികാരത്തെ ഉല്‍പാദിപ്പിക്കുന്നതും അതിനെ സംരക്ഷിച്ചു പോരുന്നതുമായുള്ള അധികാരവ്യവസ്ഥയുമായും അതില്‍നിന്നുണ്ടാകുന്ന ഫലങ്ങളുമായും സത്യത്തിന് ചാക്രികമായ ഒരടുപ്പമുണ്ട്. ഒരു വ്യവഹാരം രൂപപ്പെടുന്നതിലുണ്ടാകുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കുന്നതിനുള്ള അറിവാണ് ജ്ഞാനം. ഇങ്ങനെ രൂപപ്പെടുന്ന ജ്ഞാനം സാമൂഹിക ബന്ധങ്ങളുമായും ബന്ധപ്പെടുന്നുണ്ട്. ഓരോ സമൂഹത്തിലും നിര്‍മ്മിക്കപ്പെടുന്ന വ്യവഹാരം ഫലങ്ങളും പ്രതിഫലങ്ങളും സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ അനന്തരഫലങ്ങളെ ചെറുക്കാനും പുനഃക്രമീകരിക്കാനും ആ ജ്ഞാനംകൊണ്ടുതന്നെ കഴിയും. പുതിയ വ്യവഹാര മണ്ഡലങ്ങള്‍ സൃഷ്ടിക്കുന്ന ജ്ഞാന വിഷയങ്ങളും അതോടൊപ്പം നിര്‍മ്മിക്കപ്പെടുന്ന സത്യാസത്യങ്ങളും ചേര്‍ന്നതാണ് സാമൂഹികമായ വ്യവഹാരം. അതായത് സാമൂഹികാധികാരം.
അധികാരവും വ്യവഹാരവുമാണ് കാര്യങ്ങളെ ‘സത്യ’മാക്കി തീര്‍ക്കുന്നത്. എന്നാല്‍ ‘ആരാണോ അറിവിന് വിധേയമാകുന്നത് അവര്‍ അധികാരത്തിനും വിധേയരാവുന്നു(subectification). ഒരു പ്രത്യേക രീതിയില്‍ മാത്രം അറിയപ്പെടുന്ന(പഠിക്കപ്പെടുന്ന) ആളുകള്‍ ആ ജ്ഞാനപ്രയോഗത്തിലൂടെ പ്രജകളായി കീഴ്‌പെടുന്നു. വ്യവഹാരങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് അത് സാധ്യമാക്കാ(ശാസ്ത്രീയമാക്കാ)നുള്ള ശക്തിയുണ്ട്’. ഏതെങ്കിലും പ്രസ്താവനാസംഘാതത്തിന്റെ സത്യത സ്ഥാപിക്കുവാന്‍ ശക്തി പ്രവൃത്തിക്കുമ്പോള്‍ ആ വ്യവഹാര രൂപീകരണം ഒരു സത്യശാസന(regime of truth)ത്തിന് രൂപം നല്‍കുന്നു . വ്യവഹാര രൂപീകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ജ്ഞാനം സത്യമാണോ അസത്യമാണോ എന്നതല്ല. അത് സാമൂഹികമായി ഫലപ്രദമാണോ എന്നതാണ്. ആണെങ്കില്‍ അത് സത്യശാസനമാകുന്നു. ഒരു പ്രസ്താവന ജ്ഞാനമാവണമെങ്കില്‍ അത് ന്യായീകരിക്കപ്പെടുകയും സത്യമാവുകയും വിശ്വാസ്യത ഉണ്ടാവുകയും വേണം. ഇത് ഉണ്ടാക്കുന്നത് ആ സമൂഹത്തിലെ അധികാരമാണ്. അറിവ് തന്നെയാണ് അധികാരം.
എന്തെല്ലാമാണ് അറിവുകള്‍ എന്തെല്ലാമാണ് അറിവുകളല്ലാത്തത് എന്ന് തീരുമാനിക്കുന്നത് അധികാരശ്രേണികളാണ്. ‘സത്യങ്ങള്‍ വ്യവഹാരങ്ങള്‍ക്കകത്താണ് രൂപപ്പെടുന്നുവെന്നും വ്യവഹാരങ്ങള്‍ അതില്‍ത്തന്നെ സത്യമോ അസത്യമോ അല്ലെന്നും കണ്ടു. വ്യവഹാരരൂപങ്ങള്‍ ചില പ്രസ്താവനകള്‍ക്ക് സാധൂകരണവും സത്യതയും നല്‍കുന്നത് മറ്റു ചിലവയെ ഒഴിവാക്കിക്കൊണ്ടാണ്. ഈ പ്രവര്‍ജന(exclusion) പ്രക്രിയയില്‍ ഭാഷാബാഹ്യമായ സ്ഥാപനങ്ങളും നടപടി ക്രമങ്ങളും പ്രയോഗങ്ങളും ഭാഗമാണ്. ‘സാഹിത്യം’ എന്ന വ്യവഹാര രൂപം നിലവില്‍ വന്നതും സ്ഥാപനപരമായ ചില നടപടി ക്രമങ്ങളിലൂടെയും വിഭജനങ്ങളിലൂടെയുമാണെന്ന് കാണാം. ഒരു കാലത്ത് അവമതിക്കപ്പെട്ട കൃതികള്‍ പിന്നീട് പീഠവത്കരിക്ക(cononization)പ്പെടുകയും സാഹിത്യത്തെതന്നെ നിര്‍വചിക്കുന്ന കൃതികളായി പരിഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്’ . സവിശേഷമായ ഒരു ജ്ഞാനമണ്ഡലത്തെ തകര്‍ത്തുകൊണ്ട് മാത്രമെ അധികാര കേന്ദ്രങ്ങളെ നിര്‍മ്മിക്കാന്‍ കഴിയൂ എന്ന് ഫൂക്കോ പറയുന്നു. ജ്ഞാനത്തിന്റെ സംഗ്രഹണമോ സംരക്ഷണമോ വിതരണമോ സ്വാംശീകരണമോ ഇല്ലാതെ യാതൊരു തരത്തിലുമുള്ള അധികാരസ്ഥാപനം സമൂഹത്തില്‍ നിലനില്‍ക്കില്ല. കാരണം ജ്ഞാനം എന്നത് ഒരു സാമൂഹിക ഉല്‍പന്നം കൂടെയാണ്.

അധികാരവും വ്യക്തിയും

ഒരാള്‍ ഒരു വ്യക്തിയായി മാറുന്നത് നിരവധി സാമൂഹിക പ്രക്രിയകളിലൂടെ കടന്നു പോയിട്ടാണ്. അതില്‍ അധികാരത്തിന്റെ സ്വാധീനം ചെറുതല്ല. ഫൂക്കോയുടെ ശിക്ഷയും ശിക്ഷണവും എന്ന കൃതിയിലാണ് അധികാരസങ്കേതങ്ങ(technologies of power)ളിലൂടെ എങ്ങനെയാണ് ഒരു വ്യക്തി നിര്‍മ്മിക്കപ്പെടുന്നതെന്ന് പറയുന്നത്. ശിക്ഷണവും അറിവും ആണ് ആധുനിക സമൂഹത്തിലെ വ്യക്തിയെ നിര്‍മ്മിക്കുന്നത്. ‘യുക്തിസഹമെന്ന് സമൂഹം അനുശാസിക്കുന്ന രീതിയില്‍ ചിന്തിക്കുയും പ്രവൃത്തിക്കുകയും ചെയ്യുന്ന നിയമബദ്ധ(normal) വ്യക്തികളെയാണ് ഫൂക്കോ വ്യക്തികള്‍ എന്ന് വിളിക്കുന്നത്’ . ഈ യുക്തി എന്നത് ഒരു സാമൂഹിക ഉല്‍പന്നമാണ്. സമൂഹത്തിന്റെ ധാര്‍മ്മികതയ്ക്കും സത്യത്തിനും അനിയോജ്യമായി ചിന്തിക്കുന്നതാണ് യുക്തി. അത് ആ സമൂഹത്തിലെ ഭരണവ്യവസ്ഥയുമായും ബന്ധപ്പെടുന്നു. മാനുഷിക ബോധം, ധാര്‍മ്മിക ചിന്ത, ജനാധിപത്യ വികാരം തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ രൂപപ്പെട്ട് വന്നവയാണ്. ഒരാള്‍ സ്വന്തം മനഃസാക്ഷിക്ക് ശരിയെന്ന നിലയില്‍ ജീവിക്കുന്നു എന്ന് പറയുന്നത് ആ വ്യക്തിയില്‍ ഉണ്ടാകുന്ന സത്യാസത്യങ്ങളെ കുറിച്ചും ധര്‍മ്മാധര്‍മ്മങ്ങളെ കുറിച്ചും ഉണ്ടാകുന്ന നിരന്തരമായ സംഘര്‍ഷങ്ങളുടെ ഫലമാണ്. എന്നാല്‍ വ്യക്തിയുടെ മനഃസാക്ഷിയുടെ രൂപീകരണം അധികാരത്തിന്റെ ബാഹ്യമായ കലഹമാണ്. ഏത് ശരി ഏത് തെറ്റ് എന്ന ചിന്തയുടെ നിരന്തരമായ അന്വേഷണമാണിത്. ഇത്തരത്തില്‍ ഉണ്ടാകുന്ന അന്വേഷണത്തിന്റെ കാതല്‍ ആ വ്യക്തിയിലുണ്ടാക്കിയ ആദിമ ജ്ഞാനമാണ്. ഇത് സമൂഹത്തില്‍ ചാക്രികമായി നിരന്തരം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. അധികാരം സമൂഹത്തില്‍ പരോക്ഷമായി എങ്ങനെ പ്രവൃത്തിക്കുന്നു എന്നതിനുദാഹരണമാണിത്.
അധികാരം പരോക്ഷമായി മാത്രമല്ല പ്രത്യക്ഷമായും സമൂഹത്തില്‍ എത്തിച്ചേരുന്നുണ്ട്. അധികാരസ്ഥാപനങ്ങളായ വിദ്യാഭ്യാസ്ഥാപനങ്ങള്‍, ഭരണകൂടം, ജയില്‍, കോടതി, വാര്‍ത്താ മാധ്യമങ്ങള്‍, മതസ്ഥാപനങ്ങള്‍, തൊഴില്‍ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവകളിലൂടെയെല്ലാം അധികാരം ജനങ്ങളില്‍ നേരിട്ടെത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സമൂഹത്തില്‍ എങ്ങനെ പെരുമാറണം സംസാരിക്കണം ജീവിക്കണം എന്ന ശാസനകളൊക്കെ മുറപോലെ അഭ്യസിപ്പിക്കുന്നത്. ഒരാളുടെ ശൈശവത്തില്‍തന്നെ തുടങ്ങുന്നു. കുട്ടികളില്‍ അച്ചടക്കം, ഒതുക്കം, അനുസരണശീലം, ബഹുമാന ശീലം, തുടങ്ങിയവയുടെ അടിസ്ഥാനം ഉണ്ടാക്കിയെടുക്കുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. കുഞ്ഞിനെ പതിയെ പതിയെ സാമൂഹിക ജീവിയാക്കി മെരുക്കിയെടുക്കുന്നു. വളരെ ചിട്ടയായ അനുശീലനത്തിലൂടെയും പഠനത്തിലൂടെയും കുട്ടിയില്‍നിന്നും നിയമബദ്ധമായ ഒരു പൗരനായി മാറുന്നു. ഇങ്ങനെ വളര്‍ന്നുവരുന്ന പൗരന്മാര്‍ രാജ്യത്തെ നിയമത്തിനും ഭരണകൂടത്തിനും അനുസൃതമായി ജീവിക്കണം. അല്ലാത്ത പക്ഷം ആ വ്യക്തി രാജ്യത്തിന്റെ ഭരണകൂടം അനുശാസിക്കുന്ന ശിക്ഷയനുഭവിക്കേണ്ടിവരുന്നു. ശിക്ഷ ഒരു തരം മെരുക്കിയെടുക്കലാണ്. രാജ്യത്തെ അധികാരത്തിനും ഭരണകൂടത്തിനും വിധേയപ്പെട്ട പൗരനാക്കി മാറ്റുന്നതിനുള്ള മെരുക്കിയെടുക്കല്‍.
സംവാദങ്ങളും പ്രസ്താവനകളും മാത്രമല്ല വ്യവഹാരങ്ങളായി മാറുന്നത്. നിശബ്ദതകളും അധികാരവും വ്യവഹാരങ്ങളാണ്. ആശയസംവേദന ക്ഷമതയാണ് ഒരു വ്യക്തി തന്റെ സ്വാതന്ത്ര്യവും, അവകാശങ്ങളും പ്രകടിപ്പിക്കാനും ആസ്വദിക്കാനുമുള്ള ഏറ്റവും വലിയ ഉപാധി. എന്നാല്‍ അവര്‍ നിശബ്ദരാക്കപ്പെടുക എന്നത് അയാളുടെ അവകാശങ്ങള്‍ക്ക് മേല്‍ ഉള്ള ഭരണകൂടത്തിന്റെ കടന്നു കയറ്റമാണ്. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് ആ രാജ്യത്തെ അധികാരിവര്‍ഗ്ഗം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ആധിപത്യത്തിന് ഉദാഹരണമാണ്. രാജ്യം മുഴുവന്‍ നിശബ്ദമാക്കപ്പെടുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ക്ലാസ് മുറിയില്‍ കുട്ടികളോട് നിശബ്ദമായി ഇരിക്കാന്‍ പറയുന്നത് അധ്യാപന്റെ അധികാരത്തിന്റെ പ്രയോഗമാണ്. എന്നാല്‍ ഈ പ്രക്രിയ അധികാരത്തിന്റെ ബലഹീനതകള്‍ തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്.
‘ഫൂക്കോയുടെ ദര്‍ശനത്തില്‍, അധികാരത്തിന്റെ സംഘര്‍ഷമെല്ലാം അനുഭവപ്പെടുന്ന സ്ഥലം ശരീരമാകുന്നു; അധികാരബന്ധങ്ങള്‍ക്ക് (ശരീരത്തോട്) നേരിട്ടുള്ള ഒരു പിടിത്തമുണ്ട്; കടമകള്‍ നിറവേറ്റാന്‍, ചടങ്ങുകള്‍ നടത്താന്‍, ചിഹ്നങ്ങള്‍ പ്രക്ഷേപിക്കാന്‍ അവ അതിനെ(ശരീരത്തെ) നിയോഗിക്കുന്നു’ . നിരന്തരമായ മെരുക്കിയെടുകലുകളിലൂടെ ഇത് സാധ്യമാവുന്നു. രണ്ട് തരത്തിലാണ് മനുഷ്യശരീരത്തില്‍ അധികാരം പ്രയോഗിക്കപ്പെടുന്നത്. ഒന്ന് ശരീരത്തിന് കാ പ്രവൃത്തിക്കുന്ന ശക്തിയായി അഥവാ അധികാരമായി. രണ്ട് ശരീരത്തിന്റെ ശക്തി അഥവാ അധികാരം.
വ്യവസ്ഥയ്ക്ക് അനുസൃതമായി ജീവിക്കുന്നതാണല്ലോ പൗരന്റെ പ്രഥമമായ ധര്‍മ്മം എന്ന് പറയുന്നത്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചാന്‍ അയാള്‍ നിയമപരമായ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുന്നു. പോലീസ് അറസ്റ്റ്, കോടതി നടപടികള്‍ അനന്തരമായി നടപ്പാക്കപ്പെടുന്ന ശിക്ഷാവിധി. ശിക്ഷയനുഭവിച്ച് പുറത്തിറങ്ങുന്ന വ്യക്തി ഒരിക്കല്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഭരണകൂടം ആ വ്യക്തിയില്‍ സദാ ശ്രദ്ധ ചെലുത്തുകയും, ലംഘിക്കപ്പെടുമ്പോള്‍ വീണ്ടും ശിക്ഷിക്കുകയും ചെയ്യുന്നു.
ഇങ്ങനെ പ്രവൃത്തിക്കുന്ന മറ്റിടങ്ങളാണ് മനഃശാസ്ത്രവും അതിന്റെ സ്ഥാപനങ്ങളും. ബലപ്രയോഗത്തിലൂടെ സമൂഹത്തിന്റെ ‘സാധാരണനില’ നിലനിര്‍ത്തുവാന്‍ അവര്‍ ആശുപത്രികളില്‍ ജയിലുകള്‍ സൂക്ഷിക്കുന്നു. സമൂഹത്തിന്റെ നിയമങ്ങളെയും ഭരണകൂടത്തെയും വെല്ലു വിളിക്കുന്ന ഭ്രാന്തിനെ സാമൂഹികവ്യവസ്ഥിതിയുടെ ഭാഷയും പെരുമാറ്റവും പഠിപ്പിക്കുന്നു. അതിനായി ആരെയും അവര്‍ക്ക് ഭ്രാന്താശുപത്രിയിലെ ജയിലുകളില്‍ വര്‍ഷങ്ങളോളം പാര്‍പ്പിക്കാന്‍ സാധിക്കും.
വ്യവഹാരവും അറിവും അധികാരവും പരസ്പരം പൂരകങ്ങളാണ്. എന്നാല്‍ വ്യതിരിക്തവുമാണ്.അറിവിലൂടെ അധികാരത്തിലെത്തുകയെന്നല്ല ഫൂക്കോ പറയുന്നത് പകരം അധികാരങ്ങളിലൂടെയാണ് അറിവുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. പുതിയ അറിവുകള്‍ പുതിയ ജ്ഞാനിമങ്ങളാണ്. ഇത്തരം ജ്ഞാനിമങ്ങളാണ് പുതിയ വ്യവഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് വ്യവഹാരങ്ങളിലൂടെ അറിവുകള്‍ സഞ്ചരിച്ചും നിര്‍മ്മിക്കപ്പെട്ടും അധികാരം നിലനിര്‍ത്തുകയും സ്വയം നിലനില്‍ക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു.

ഫൂക്കോയോടുള്ള വിമര്‍ശനങ്ങള്‍

ഫൂക്കോയുടെ വ്യവഹാര സങ്കല്പങ്ങള്‍ അധികാരത്തിനെതിരായ സമരങ്ങളെ ചിതറിച്ചുകളയുന്നു എന്നു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതു സംസ്‌കാരത്തിന്റെ സാമ്പത്തിക അടിത്തറയെ അവഗണിക്കുന്നതു കൊണ്ടു തന്നെ അടിസ്ഥാനമാറ്റങ്ങള്‍ക്കു കാരണമാകുന്ന അധികാര വിമര്‍ശനങ്ങളെ അതു അസാധുവാക്കുന്നു എന്നു മാര്‍ക്‌സിയന്‍ പക്ഷത്തുനില്‍ക്കുന്ന സാംസ്‌കാരിക വിമര്‍ശകര്‍ ഫൂക്കോയെ വിമര്‍ശിച്ചിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളും ഉല്‍പാദന ബന്ധങ്ങളുമാണ് പ്രത്യയശാസ്ത്രങ്ങളും വ്യവഹാരങ്ങളും ഉള്‍പ്പെടെയുള്ള സാമൂഹിക ഘടനകളുടെ അടിസ്ഥാന നിര്‍ണ്ണായക ഘടകങ്ങള്‍ ,എന്നാല്‍ അതിനെ പരിഗണിക്കുന്നില്ല.
ഫൂക്കോ ജയിലുകളെയും മാനസികാരോഗ്യ കേന്ദ്രങ്ങളെയും അച്ചടക്ക അധികാര സ്ഥാപനങ്ങളായി വിശകലനം ചെയ്യുന്നു, എന്നാല്‍ സാമ്പത്തികവും സാമൂഹികവുമായ ക്രമം നിലനിര്‍ത്തുന്നതിന് അത്തരം സ്ഥാപനങ്ങളെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന മുതലാളിത്ത ഉല്‍പാദന രീതികളുമായി അവയെ വേണ്ടത്ര ബന്ധിപ്പിക്കുന്നില്ല.എപ്പിസ്റ്റീമുകളിലും വ്യവഹാര രൂപീകരണങ്ങളിലും ഉള്ള ഫൂക്കോയുടെ ഊന്നല്‍ സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള സാര്‍വത്രിക സത്യങ്ങള്‍ തിരിച്ചറിയാനുള്ള സാധ്യതയെ ദുര്‍ബലപ്പെടുത്തുന്നു.വ്യവഹാരങ്ങളുടെ ചരിത്രത്തെ അവയെ രൂപപ്പെടുത്തുന്ന സാമ്പത്തിക ശക്തികളില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയില്ല. ഉദാഹരണത്തിന്, ജ്ഞാനോദയകാലത്ത് ശാസ്ത്രീയ വ്യവഹാരത്തിന്റെ ഉയര്‍ച്ച വ്യാവസായിക മുതലാളിത്തം കൊണ്ടുവന്ന സാമ്പത്തിക പരിവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നു.എന്നാല്‍ ഫൂക്കോ ഇതൊന്നും പരിഗണിക്കുന്നില്ല.വ്യക്തിത്വങ്ങളെ നിഷ്‌ക്രിയ വിഷയങ്ങളായാണ് വീക്ഷിക്കുന്നത്. മനുഷ്യ ഏജന്‍സിയുടെ പങ്കിനെ കുറച്ചുകാണുന്നു. ഫൂക്കോയുടെ വിശകലനത്തില്‍ പ്രതിരോധത്തിനോ വ്യവസ്ഥാപരമായ മാറ്റത്തിനോ വ്യക്തമായ ഒരു ചട്ടക്കൂടില്ല.മുതലാളിത്ത സമൂഹങ്ങളിലെ വ്യവഹാര രൂപീകരണങ്ങള്‍ പ്രാഥമികമായി ബൂര്‍ഷ്വാ മേധാവിത്വം നിലനിര്‍ത്തുന്നതിനുള്ള ഉപകരണങ്ങളാണെന്നും യഥാര്‍ത്ഥ വിമോചനത്തിന് സാമ്പത്തിക അടിത്തറയെ പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്നും വാദിക്കുന്നില്ല.ഫൂക്കോയുടെ കൃതികള്‍ ഒരു പ്രത്യേക ഉല്‍പാദന രീതി എന്ന നിലയില്‍ മുതലാളിത്തവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നുവെന്ന് മാര്‍ക്‌സിസ്റ്റുകള്‍ പലപ്പോഴും വാദിക്കുന്നു. അധികാരത്തിന്റെ സൂക്ഷ്മതല വിശകലനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, മൂലധന ശേഖരണത്തിന്റെ സമഗ്രമായ യുക്തിയെയും സാമൂഹിക സ്ഥാപനങ്ങളെയും വ്യവഹാരങ്ങളെയും രൂപപ്പെടുത്തുന്നതില്‍ അതിന്റെ പങ്കിനെയും ഫൂക്കോ തന്ത്രപരമായി മറയ്ക്കുന്നു. ടെറി ഈഗിള്‍ട്ടണ്‍ ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
വ്യവഹാരം പ്രത്യയശാസ്ത്രത്തെ രൂപപ്പെടുത്തിയേക്കാം, പക്ഷേ പ്രത്യയശാസ്ത്രം തന്നെ ഉല്‍പാദനത്തിന്റെ ഭൗതിക ബന്ധങ്ങളില്‍ നിന്നാണ് ഉയര്‍ന്നുവരുന്നതെന്ന് മാര്‍ക്‌സിസ്റ്റുകള്‍ വാദിക്കുന്നു. ചരിത്ര വൈരുധ്യങ്ങളെയും പരിണാമത്തെയും ഫൂക്കോയുടെ വ്യവഹാര സങ്കല്പം മറച്ചു പിടിക്കുന്നു.കേരളത്തില്‍ പാഠം മാസിക ഫൂക്കോ ഉള്‍പ്പെടെയുള്ള ഉത്തരാധുനികരെ വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്.

ജിജിപ്രിയ ടി.

മലയാളം ഗവേഷക മാർഗ്ഗദർശി: ഡോ. ഉണ്ണി ആമപ്പാറക്കൽ എസ്.എൻ.ജി.എസ് കോളേജ്, പട്ടാമ്പി Affiliated to University of Calicut

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x