ശാകുന്തളത്തിലെ ഓർമ്മത്തെറ്റ് സെറിബ്രൽപ്രശ്നമല്ല, ധാർമ്മിക പ്രശ്നമാണ്

എം.എൻ.വിജയൻ്റെ രണ്ട് അസാമാഹൃതഅഭിമുഖങ്ങൾ

വ്യാവസായിക മാധ്യമങ്ങൾക്കു പുറത്ത്, സോവനീറുകളിലും ചെറു മാസികകളിലും മാത്രം സൃഷ്ടികൾ പ്രസിദ്ധീകരിച്ചിരുന്ന ചിന്തകനാണ് എം.എൻ.വിജയൻ.1996-ൽ കണ്ണൂരിൽ വച്ചു നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവം ‘ഓർമ്മ – 96 ‘ എന്ന സോവനീറിൽ പ്രസിദ്ധീകരിച്ച അഭിമുഖമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്ന ഒന്നാമത്തെ അഭിമുഖം.പ്രഭാകരൻ പഴശ്ശി ആണ് ഈ സോവനീർ എഡിറ്റർ.’ കാലത്തിൻ്റെ ശബ്ദം ‘ എന്ന പേരിലാണ് എം.എൻ.വിജയനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചത്.
കേവലമായ മനശ്ശാസ്ത്ര നിരൂപണത്തിന് ഇന്നു പ്രസക്തിയില്ല എന്നു ഇതിൽ അദ്ദേഹം പറയുന്നു.

1988 ജനുവരിയിൽ മടപ്പള്ളി കോളേജിലെ രണ്ടാം വർഷ കുട്ടികൾ ഇറക്കിയ ‘നിനവ് ‘ചെറുമാഗസീനിലാണ് രണ്ടാമത്തെ അഭിമുഖം വന്നത്. അതിൻ്റെ ആമുഖത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു:

“കലാകാരൻ സ്വാതന്ത്ര്യം കമ്പോളത്തിൻ്റെ സ്വതന്ത്ര്യമാകുന്ന യുഗത്തിലാണ്, രണ്ടാം വർഷവാണിജ്യശാസ്ത്രവിദ്യാത്ഥികളുടെ ക്ലാസ്സ് മുറിയിൽനിന്നും നിനവ് ആരംഭിക്കുന്നത്. വ്യവസ്ഥാപിതപത്രങ്ങളുടെ പൊള്ളത്തരങ്ങൾക്കിടയിലാണ് സൂക്ഷ്മ സംവേദനം സാധിച്ചെടുക്കുന്ന ലിറ്റിൽ മാഗസിനുകൾ പലപ്പോഴും ജന്മം കൊള്ളുന്നത് “

ഇതിലെ അഭിമുഖം കലയുടെ പരിവർത്തന സ്വഭാവം കലയിലെ അനുഭവങ്ങളുടെ സവിശേഷതകൾ, സാഹിത്യത്തിലെ പ്രസ്ഥാനം, സാഹിത്യത്തിലെ മൗലികത ഇവയെ കുറിച്ചു പറയുന്നു.പുതിയതാണ് എന്നു പറയാനുള്ള താല്പര്യം മാത്രമേ ഉത്തരാധുനികത എന്ന സങ്കല്പത്തിലുള്ളൂ എന്നു ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നു. വിജയൻ മാഷിനെയും മറ്റുള്ളവരെയും സർഗ്ഗരഹിതമായി മോഷ്ടിച്ചിട്ട് മൗലികത എന്നൊന്നില്ല എന്നു ഇന്ന് യാന്ത്രിക ഗവേഷകരും ഉപന്യാസകാരന്മാരും പറയുന്നുണ്ട്. കർതൃത്വം ഇല്ല, കൃതിക്കും ചരിത്രത്തിനും ഭൂതകാലമില്ല പാഠങ്ങളേ ഉള്ളൂ എന്നു ഉത്തരാധുനികർ ഉരുവിടുന്നുണ്ട്. അതിൻ്റെയൊക്കെ അർത്ഥശൂന്യതയാണ്, ഒന്നിൽ നിന്നും നിർമ്മിക്കുന്ന മറ്റൊന്നാണ് സൃഷ്ടി ആ അർത്ഥത്തിൽ മൗലികത ഇല്ല എന്നു എം എൻ വിജയൻ പറയുമ്പോൾ വെളിപ്പെടുത്തുന്നത്. അല്ലാതെ മറ്റുള്ളവർ കഷ്ടപ്പെട്ട് നിർമ്മിക്കുന്ന പാഠങ്ങൾ പകർത്തി വച്ചിട്ട് പാഠങ്ങൾ ഒന്നും നിർമ്മിക്കാത്തതാണ് എൻ്റെ മാഹാത്മ്യം, മൗലികതയില്ല എന്നു പറയുന്നവരുടെ ന്യായീകരണമല്ല ഇത്.

അഭിമുഖം – 1

1.എം. എൻ. വിജയനെ എല്ലാവർക്കുമറിയാമെങ്കിലും മാഷുടെ വ്യക്‌തിജീവിതത്തെക്കുറിച്ച് ഏറെയൊന്നും ധാരണ പലർക്കുമില്ല. മാഷുടെ സ്വദേശം?

ജനിച്ചത് ചേരരാജധാനിയായ കൊടുങ്ങല്ലൂരിലാണ്.

2.വിദ്യാഭ്യാസം എവിടെയൊക്കെയായിരുന്നു?

കൊടുങ്ങല്ലൂരിൽ തന്നെയായിരുന്നു പ്രൈമറി വിദ്യാഭ്യാസം. പിന്നെ എറണാകുളം മഹാരാജാസ് കോളേജിലാണ് പഠിച്ചത്.

3.മഹാരാജാസ് കോളേജിൽ ഏത് വിഷയമാണ് പഠിച്ചത്?

ഇൻറർമീഡിയറ്റിന് ശാസ്ത്രവിഷയങ്ങൾ പഠിച്ചു. പിന്നീട് മലയാളം തെരഞ്ഞെടുത്തതാണ്.

4.അതിനാരുടെയെങ്കിലും പ്രേരണയുണ്ടായിരുന്നോ?

ഇല്ല

5.വിദ്യാഭ്യാസ കാലഘട്ടത്തിൽ സാഹിത്യപഠനത്തിലേക്ക് താൽപര്യമുണ്ടാവാൻ ഏതെങ്കിലും വ്യക്ത‌ി സഹായിച്ചു എന്നുപറയാൻ പറ്റുമോ?

വളരെ കരുത്തരായ അധ്യാപകർ കോളേജി നകത്തുണ്ടായിരുന്നു. ലോകത്തിലെ തന്നെ വലിയ ഭാഷാശാസ്ത്രജ്‌ഞരിലൊരാളായ എൽ. വി. രാമസ്വാമി അയ്യർ, മറ്റൊരു ഭാഷാ ശാസ്ത്രകാരനായ സി. എൽ. ആൻ്റണി, ജി. ശങ്കരക്കുറുപ്പ്- അങ്ങനെ പലരും അവിടെയുണ്ടായിരുന്നു. അവരെങ്ങനെ എന്നെ സ്വാധീനിച്ചു എന്നെനിക്കറിയില്ല.

6.മാഷുടെ വ്യക്‌തിത്വത്തെ വളർത്തിയെടുക്കുന്നതിൽ സ്വാധീനിച്ച ഒരു ഗുരു എന്നുപറയാൻ ആരെങ്കിലുമുണ്ടോ?

ഇല്ല.

7.വിദ്യാഭ്യാസകാലത്ത് സന്ന്യാസത്തിന് പോയതായി കേട്ടിട്ടുണ്ട്. എന്തായിരുന്നു അതിനുള്ള പ്രേരണ?

സന്ന്യാസജീവിതം കള്ളൻമാരുടെ ജീവിതം പോലെയും തെമ്മാടികളുടെ ജീവിതം പോലെയും ഉൻമാദികളുടെ ജീവിതം പോലെയും മനുഷ്യർ ‘താമസിക്കുന്ന’ ഒരു ലോകമാണ്. മനുഷ്യൻ്റെ ഒരാവാസകേന്ദ്രമെന്ന നിലയിൽ സന്യാസത്തെ കൂടി പരിചയപ്പെടുന്നതിൽ എന്തെങ്കിലും തെറ്റുള്ളതായി തോന്നുന്നില്ല. സമുദായത്തിന് പുറത്ത്, എന്നാൽ സമുദായത്തിനകത്തു തന്നെ നിൽക്കുന്ന ഒരു സവിശേഷാവസ്‌ഥയാണത്. സന്ന്യാസം മനുഷ്യൻ്റെ വ്യക്‌തിത്വത്തെ എങ്ങനെ രൂപപ്പെടുത്തുന്നു; എങ്ങനെ വിരൂപമാക്കുന്നു എന്നെല്ലാമറിയുന്നത് ജീവിതത്തെ ആകെക്കൂടി അറിയുന്നതിനാവശ്യമായ ഒരു ഘടകമാണ്.

8.തലശ്ശേരി ബ്രണ്ണൻ കോളേജിൽ വരുന്നതിനുമുമ്പ് എവിടെയൊക്കെ ജോലി ചെയ്ത‌ിരുന്നു?

1952 മുതൽ 60 വരെ മദിരാശിയിലെ ന്യൂ കോളേജിലും അതിനുമുമ്പ് കുറച്ചുകാലം തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലും ജോലി ചെയ്‌തിട്ടുണ്ട്.

9.ബ്രണ്ണനിൽ എത്രകാലമുണ്ടായിരുന്നു?

1960 മുതൽ ഇരുപത്തഞ്ചിലധികം വർഷം ജോലി ചെയ്തിട്ടുണ്ട്.

10.മനഃശാസ്ത്രത്തിൽ പ്രത്യേക താൽപര്യമുണ്ടാകുന്നത് എപ്പോഴാണ്?

1947-48 കാലം എന്നുപറയാം.

11.അതിനു വല്ല കാരണവും?

മനുഷ്യൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവനുണ്ടാക്കുന്ന ജീവിതസ്വരൂപങ്ങളെക്കുറിച്ചും മറ്റു പല വിജ്‌ഞാനശാഖകളും നൽകുന്നതിനേക്കാൾ സമർത്ഥമായിട്ട് മന:ശാസ്ത്രം ചില അറിവു കൾ നൽകുന്നതായി അക്കാലത്ത് എനിക്ക് തോന്നിയിരുന്നു. പ്രത്യേകിച്ചും ഫ്രോയിഡിൻ്റെ ചരിത്രം സൃഷ്ട‌ിച്ച കണ്ടുപിടുത്തങ്ങൾ.

12.മാഷ് വിദ്യാർഥിയായിരുന്ന കാലത്ത്, വളരെ ചെറുപ്പത്തിൽത്തന്നെ വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാർക്ക് അവതാരിക എഴുതുകയുണ്ടായല്ലോ. ഏത് സാഹചര്യത്തിലാണത് സംഭവിച്ചത്?

വൈലോപ്പിള്ളിയുമായി എനിക്കതിനുമുമ്പ് ഒരു പരിചയവുമുണ്ടായിരുന്നില്ല. ഞങ്ങൾ താമസിക്കുന്ന ലോഡ്‌ജിൽ സൈക്കിളിൽ വന്ന് ഇങ്ങനെയൊരു കാര്യം ചെയ്യണം എന്നുപറയുക മാത്രമേ ചെയ്തിട്ടുള്ളു. അത് നിഷേധിക്കാൻ കഴിയാത്തതുകൊണ്ട് ഏറ്റെടുത്തു.

13.അതിനുമുമ്പ് വല്ല ലേഖനങ്ങളും എഴുതിയിരുന്നോ?

വൈലോപ്പിള്ളിയെക്കുറിച്ച് രണ്ടു ലേഖനങ്ങൾ സാഹിത്യപരിഷത്തിന്റെ മാസികയിലും അതിനുമുമ്പ് കന്നിക്കൊയ്ത്ത് പ്രസിദ്ധീകരിച്ച ഉടൻ തന്നെ അതിൻ്റെ നിരൂപണം കേരളപത്രികയിലും എഴുതിയിട്ടുണ്ട്.

14.മാനസികാപഗ്രഥനനിരൂപണത്തിന് വേണ്ടി വൈലോപ്പിള്ളിയെത്തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം?

അതങ്ങനെയല്ല. പല കാര്യങ്ങളെപ്പോലെ അതും അങ്ങനെയല്ല. ആദ്യം മനഃശാസ്ത്രപരമായ ഒരു പ്രബന്‌ധമെഴുതുന്നത് ചങ്ങമ്പുഴയെക്കുറിച്ചാണ്, വൈലോപ്പിള്ളിയെക്കുറിച്ചല്ല.

15.പക്ഷേ കൂടുതലും വൈലോപ്പിള്ളിയെക്കുറിച്ചാണല്ലോ?

ഫ്രോയിഡിനെക്കുറിച്ചുള്ള ഒരു നിരീക്ഷണം അദ്ദേഹം ഒരു കവിയാകാത്തതുകൊണ്ട് ഒരു മനഃശ്ശാസ്ത്രജ്‌ഞനായി എന്നാണ്. അദ്ദേഹം ഒരു ഗെയ്ഥെ ആകുമായിരുന്നു എന്ന നിരീക്ഷണമുണ്ടായിട്ടുണ്ട്. അതുപോലെ വൈലോപ്പിള്ളിയെ സംബന്‌ധിച്ചും പറയാം. അദ്ദേഹം ശാസ്ത്രത്തിനും കവിതയ്ക്കും ഇടയ്ക്ക് നടന്നിരുന്ന ഒരാൾ കൂടിയാണ്. കാരണം കവിയും മനഃശ്ശാസ്ത്രജ്‌ഞനും പെരുമാറുന്ന ലോകം, പെരുമാറുന്ന മനസ്സിന്റെ മണ്ഡലം, സാമാന്യബോധ മണ്‌ഡലത്തിൻ്റെ പുറകിലുള്ള വിശാലമായ സ്‌ഥലമാണ്.

16.മാമ്പഴത്തെക്കുറിച്ചും സഹ്യന്റെ മകനെക്കുറിച്ചുമൊക്കെ മനഃശാസ്ത്രപരമായി നടത്തിയ അപഗ്രഥനം കേരളത്തിൽ വലിയൊരു ചർച്ചാവിഷയമായിരുന്നല്ലോ മാഷുതന്നെ പിന്നീട് ഒരഭിമുഖ സംഭാഷണത്തിൽ മനഃശ്ശാസ്ത്ര നിരൂപണത്തിന് പ്രസക്‌തി ഇപ്പോഴില്ല എന്നുപറയുകയുണ്ടായി. അതൊന്ന് വിശദീകരിക്കാമോ?

അത് മന:ശാസ്ത്ര നിരൂപണത്തിൻ്റെ പ്രസക്ത‌ിയെക്കുറിച്ചല്ല. 1924ൽ റിച്ചാർഡ്‌സ് അദ്ദേഹത്തിന്റെ നിരൂപണശാസ്ത്രം എഴുതിയപ്പോൾ തന്നെ തൻ്റെ മുമ്പിലുള്ള ഏതാനും ഉദാഹരണങ്ങൾ വച്ചു കൊണ്ട് സൈക്കോ അനലിസ്‌റ്റ് നിരൂപണം അപ്രസക്ത‌മാണ് എന്നു പറഞ്ഞിട്ടുണ്ട്. അന്നദ്ദേഹത്തിൻെറ മുന്നിൽ ജോൺസൻ്റെയും മറ്റും ഈഡിപ്പസ് പഠനങ്ങൾ ആണ് മുഖ്യമായുണ്ടായിരുന്നത്. അതിനുശേഷം മനഃശാസ്ത്രനിരൂപണത്തിൻെറ ധ്വനികൾ വളരെ വ്യാപകമായിട്ടുണ്ട്. മനഃശാസ്ത്രപഠനത്തിൻ്റെ മണ്ഡലങ്ങളും വളരെ വ്യത്യസ്‌തമായിട്ടുണ്ട്. ഫ്രോയിഡിനെ പാഠനിർണയം ചെയ്യുന്ന കാര്യത്തിൽ ഇംഗ്ലീഷുകാരല്ലാത്ത മനഃശാസ്ത്രജ്‌ഞൻമാർ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇന്നു വീണ്ടും പലരും കണ്ടുപിടി ക്കാൻ ശ്രമിക്കുന്നത് ഫ്രോയിഡ് യഥാർഥത്തിൽ പറഞ്ഞതെന്താണ് എന്നാണ്. അതുകൊണ്ട് ഇന്നത്തെ മനഃശാസ്ത്രപരമായ നിരൂപണം പലരും കരുതുന്നതു പോലെ കേവലം റിഡക്‌ടീവ് എന്നു നിഷേധിക്കാവുന്ന ഒരു രീതിയല്ല. മാത്രമല്ല, റിഡക്ടീവ് ആയ നിരൂപണത്തിൽപ്പോലും വളരെ വിപ്ലവകരമായ അംശങ്ങൾ ഉണ്ടെന്നും അതിനെ റിഡക്‌ടീവ് എന്നു വിളിക്കുന്നത് ഔപചാരികം മാത്രമാണെന്നും ഇക്വിഷെ ഈഗിൾട്ടൻ അദ്ദേഹത്തിൻ്റെ ഒരു പുസ്‌തകത്തിൽ പറയുന്നുണ്ട്. ഭക്ഷണക്ഷാമമോ വീട്ടിലെ പരിപാലനലനമോ ഒരാളെ ഒരു ‘ആനൽ’ സ്വഭാവക്കാരനാക്കുന്നു, അഥവാ ഒരു പിശുക്കനാക്കുന്നു. ഇതിന് മറ്റൊരർഥം കൂടിയുണ്ട്. മനുഷ്യൻ്റെ Hoarding സ്വഭാവങ്ങൾ, കള്ളക്കച്ചവടം, നമ്മുടെ സമുദായവ്യവസ്‌ഥയിലുള്ളതും സാധനങ്ങൾ ചിലർ അടക്കി വെച്ചിട്ട് ചിലരെ കൊതിപ്പിക്കുന്നതുമായ രീതി ഇവയെല്ലാം പ്രാഥമികമായി ഒരു ന്യൂക്ലിയസിൽ നിന്ന് പുറപ്പെടുന്നതാണെന്ന് ബോധമാണത്. ഫ്രോയിഡിന്റെ ഈ സ്വഭാവശാസ്ത്രത്തിലെ വിഭജനങ്ങൾ അതേ രീതിയിൽത്തന്നെ സാമുദായികമായ അർഥത്തിൽ ഫ്രോം വീണ്ടും വ്യാഖ്യാനിക്കുന്നതായി കാണുന്നുണ്ട്. ഒരു മനുഷ്യൻ്റെ ഓരോ ചെറിയ പ്രവൃത്തിയും അയാളുടെ ജീവിതമാകുന്ന സമ്പൂർണ പ്രവർത്തനത്തിൻ്റെ ഒരു ഘടകം മാത്രമാണെന്നുള്ള ബോധമാണ് സൈക്കോ അനലിസിസിലെ പ്രാഥമികമായ ബോധം. അതുകൊണ്ടാണ് നിത്യജീവിതത്തിലെ തെറ്റുകളെക്കുറിച്ചും ഓർമ്മത്തെറ്റുകളെക്കുറിച്ചും സ്‌പൂണറിസത്തെക്കുറിച്ചും മറ്റും എഴുതിയിട്ട് ഫ്രോയിഡ് ഒരു നാഗരികതയുടെ അടിത്തറ തന്നെഇളക്കിക്കളഞ്ഞത്. ഒരോർമ്മത്തെറ്റാണ് ശാകുന്തളത്തിന്റെ അടിസ്ഥാനം എന്ന് ഓർക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് ആ ഓർമ്മത്തെറ്റു വന്നത് എന്നാലോചി ക്കുമ്പോൾ അത് ഒരു സെറിബ്രൽ പ്രശ്നമല്ല എന്നും അത് ശാകുന്തളത്തിലെ ഒരു ധർമപ്രശ്നമാണ് എന്നും മനസ്സിന് നാം പണ്ട് സങ്കൽപിക്കാതിരുന്ന ധ്വനികൾ ഇപ്പോൾ സ്പഷ്ടമായി കണ്ടു തുടങ്ങിയിട്ടുണ്ട് എന്നുമാണ് ഞാൻ പറഞ്ഞത്.

അഭിമുഖം – 2

1. ഒരു യഥാത്ഥ‌കലാസൃഷ്ടിയുടെ മാനദണ്ഡം സ്വന്തം നീരീക്ഷണത്തിൽ എന്താണ് ?

കലയിൽ അദ്വൈതവാദം കൊണ്ടുവരുന്നവരാണ് നമ്മൾ. ഒരു കലാസൃഷ്ടിയെ Define ചെയ്യുമ്പോൾ പലപ്പോഴും ആ Defenition മറ്റു കലാസൃഷ്‌ടികളെ ഒഴിവാക്കുന്നു. ഒരു കാലത്ത് കവിത വികാരമാണെന്നും Words worth പറഞ്ഞു. അതൊരു Defenition ആണ്. അപ്പോൾ കേരളത്തിലുള്ള എല്ലാ നിരൂപകന്മാരും പറഞ്ഞു കവിത വികാരമാണെന്ന്.കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു തോന്നി കവിത വികാരമല്ലെന്നു. അദ്ദേഹം മാറ്റിപ്പറഞ്ഞു. നമ്മളും മാറ്റിപറഞ്ഞു. കവിത വികാരം മാത്രമല്ല. മഹാഭാരതത്തിൽ വികാരം ഉണ്ടോ? വേസ്റ്റ് ‌ലാൻഡ് വികാരമാണോ? ഭാരതീയ സങ്കല്പത്തിൽ വളരെക്കാലം സാഹിത്യം എന്നുള്ളത് ജ്ഞാനമായിരുന്നു, അഥവാ ബുദ്ധിയായിരുന്നു. സാഹിത്യം ഉണർത്താനുള്ളതാണെന്ന വാദവും ജ്ഞാനം നൽകാനുള്ളതല്ല എന്നുള്ള വാദവും ഇവിടെയുണ്ട്.

ഉണർത്തുന്ന സാഹിത്യവും ഉറക്കുന്ന സാഹിത്യവും ഉണ്ട്. ഉറക്കുന്ന സാഹിത്യം പലപ്പോഴും ഉണർത്തുന്ന സാഹിത്യമാവാം. ഭക്തി എന്നുള്ളത് ഉറക്കുന്ന സാഹിത്യമായാണ് കരുതിയത്. ഭക്തി മനുഷ്യനെ യോജിപ്പിച്ചിട്ട് ഒരു പക്ഷേ ഉണർത്തുന്ന സാഹിത്യമായി തീരും. എഴുത്തിന്റെ ഒരു Function അതാണ്. സാഹിത്യത്തിൽ ഇത്തരം വൈചിത്ര്യ ങ്ങൾ ഏറെയുണ്ട്.

ഇന്ത്യയിലെ 18 പ്രസിദ്ധ പുരാണങ്ങൾ പറയുന്നത് വാസ്തവത്തിൽ ഇന്ത്യയുടെ Encyclopedia ആണ്. പുരാണം എന്നാൽ ഇന്ത്യൻ സങ്കല്പത്തിലെ എൻസൈക്ലോപീഡിയ ആണ്. നമ്മൾ അതിനു സാഹിത്യം എന്നുപറയുന്നു. മഹാഭാരതത്തെയും സാഹിത്യം എന്നു വിളിക്കുന്നു. ആഖ്യാനോപാഖ്യാനങ്ങളിലൂടെ വളന്നു വളരുന്ന ഒരു വംശത്തിൻ്റെ കഥയാണ് മഹാഭാരതം. അതിനെയും നമ്മൾ സാഹിത്യം എന്നു പറയുന്നു. അത്തരം അദ്വൈതമാണ് സാഹിത്യം എന്നു പറയുന്ന ആൾ എപ്പോഴും ഒരു ഗൂഢമായ കാര്യം സാധിച്ചെടുക്കാൻ ശ്രമിക്കുന്നു. ഒരു Emotional ആയിട്ടുള്ള കവിത എഴുതുകയാണെങ്കിൽ അത്തരം കവിതയുടെ ഒരു പ്രചരണതന്ത്രം എന്നനിലയിൽ Emotion ആണ് കവിത എന്നു പ്രചരിപ്പിക്കാം. Emotion ഇല്ലാത്ത കവിത എഴുതിയിട്ട് Emotion അല്ല കവിത personality അല്ല കവിത, Self expression അല്ല കവിത എന്നു നിരന്തരമായി ഗദ്യത്തിൽ എഴുതിക്കൊണ്ടിരിക്കാം. Romantic കാലഘട്ടത്തിൽ 25 കഴിഞ്ഞാൽ കവിത എഴുതാൻ കഴിയില്ല എന്നായിരുന്നു സങ്കല്പം. ഇലിയട്ട് പറയുന്നത് 25 വയസ്സ് കഴിഞ്ഞാലെ കവി കവിത എഴുതുള്ളു എന്നാണ്. അതിനുമുൻപേ എഴുതുന്നതെല്ലാം Noncence ആണ്. എല്ലാ കവിയുടെയം നിരൂപണസിദ്ധാന്തങ്ങളിൽ അവരുടെ കവിതകളെ Justify ചെയ്യുന്ന ഒരു തത്വം ഉണ്ടാകും. ഇതിൽനിന്നൊക്കെ മാറിനിൽക്കുമ്പോൾ കവിത എന്നു പറയുന്നതു വളരെ Diverse എന്നുമനസ്സിലാകും. അതുകൊണ്ടു് കലയെ സംബന്ധിച്ചുള്ള ഈ അദ്വൈതസിദ്ധാന്തം ചില സാഹചര്യത്തിൽ ഊന്നിപ്പറയുകയല്ലാതെ കലയെ വിവരിക്കുക സാദ്ധ്യമല്ല.

2. അനുഭവവന്ധ്യതയാണ് ഇന്നത്തെ എഴുത്തുകാരുടെ മുഖ്യപ്രശ്നം എന്നു പറയാറുണ്ടല്ലോ. അനുഭവങ്ങളുടെ ഇല്ലായ്മയിൽനിന്നു സാഹിത്യത്തിൽ നല്ല പിറവികൾ ഉണ്ടായിക്കൂടെ ?

ഭാവന എന്നുള്ളത് അനുഭവമില്ലായ്മ അല്ല. ഭാവനയെ നിണ്ണയിക്കുന്ന ഒരു പ്രധാനഘടകം അനുഭവമാണ്. അനുഭവ വന്ധ്യത ഒരു വാസ്തവമല്ല. നമ്മുടെ ജീവിതത്തിൻ്റെ Totalityയെയാണ് അനുഭവം എന്നു പറയുന്നത്. അനുഭവമില്ലാതെ ആരും ജീവിക്കുന്നില്ല. വിശപ്പ് ഒരു അനുഭവമാണെന്നു പറയാം.

ഒരു കാലത്ത് കൊടിയ പട്ടിണിയുണ്ടായിട്ടുണ്ട്. ബംഗാളിൽ ക്ഷാമം ഉണ്ടായിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടാക്കാൻ കഴിയില്ല. സ്നേഹം മറെറാരു അനുഭവമാണ്. കുമാരനാശാൻ്റെ ‘കരുണ’യിലെ വേശ്യ ചെയ്ത ഏററവും വലിയ കുറ്റം അവൾ ഒരാളെ സ്നേഹിച്ചതാണ്. വേശ്യ ഒരാളെ സ്നേഹിക്കുന്നതിലെ Revelutionary love ആണ് അവിടെ ഉള്ളത്.സീത ഉപേക്ഷിക്കപ്പെട്ടത് രാവണൻ സീതയുടെ പാതിവ്രത്യത്തെ സ്നേഹിച്ചു എന്നതാണ്. സാധാരണ നമ്മൾ സംതൃപ്ത കുടുംബം എന്നുപറയുന്നത് ജനങ്ങൾ അറിയാതെ നിരന്തരം കലഹിക്കുന്നവരെയാണ്.

“നാഗരികർക്ക് മൂകശീതസംഗരം മാത്രം”, വൈലോപ്പിള്ളി അങ്ങനെയാണ് പറഞ്ഞത്.

ഏകാന്ത ജീവിതം ഒരു അനുഭവം ആണ്. മൂലയ്ക്ക് കിടക്കുന്ന മഴു എടുത്ത് കാലിൻമേൽ ഇടുന്നത് പോലെ. എന്നിട്ട് അതിനെകുറിച്ച് അയാൾ പാടുന്നു. അയാളുടെ ചിന്താമണ്ഡലം വേറേയാണ്. ബന്ധങ്ങൾ വേറേയാണ്. Historically Induced Experienced. ഉദാഹരണം 1947 ആഗസ്റ്റ് എന്നു് പറയുന്നത് ഒരു Experience ആണ്. അത് ഞാനോ നിങ്ങളോ വൈലോപ്പിള്ളിയോ ഉണ്ടാക്കുന്നതല്ല. സാഹിത്യത്തിനുIntensity കിട്ടുന്നത് അനുഭവത്തിൻ്റെ ആഴത്തിൽ നിന്നാണ് എന്നു പറയുന്നത് സമീപകാല സാഹിത്യ സിദ്ധാന്തമാണ്. അനുഭവം ഉള്ളത് കൊണ്ട് സാഹിത്യ സൃഷ്ടി ഉണ്ടാകണമെന്നില്ല. നമ്മെക്കാൾ ശക്തമായ അനുഭവങ്ങൾ പ്രാകൃത മനുഷ്യർക്ക് ഉണ്ടായിരുന്നു. കാളിദാസൻ എഴുതിയത് അദ്ദേഹത്തിൻ്റെ അനുഭവങ്ങളെപ്പറ്റി അല്ല. 19-ാം നൂറ്റാണ്ട് വരെ മലയാളത്തിലുള്ള മുഴുവൻ എഴുത്തുകാരും എഴുതിയിരുന്നത് അവരുടെ അനുഭവമല്ല. ഒബ്സർവേഷനെയാണ്. അങ്ങനെ കഥ എഴുതാം. തകഴി ആത്മകഥയല്ല എഴുതിയത്. തൻ്റെ കാലഘട്ടത്തിലെ സംഭവവികാസങ്ങളെ, ജീവികളെ നിരീക്ഷിച്ചുകൊണ്ടുള്ള സാഹിത്യമാണ് രചിച്ചത്. സാഹിത്യത്തിൻ്റെ ഒരു രൂപം അതാണ്. അനുഭവം ഉള്ളത് കൊണ്ടുമാത്രം സാഹിത്യം രചിക്കാൻ കഴിയണമെന്നില്ല. ഒരു കാലഘട്ടത്തിലെ സാഹിത്യകാരന്മാരാണ് ഏററവും അനുഭവ സമ്പത്ത് ഉള്ളവരെന്നു പറയുന്നത് ശരിയല്ല. അനുഭവം എല്ലാവർക്കും ഉണ്ട്. ഞാൻ പറഞ്ഞത് Induced experince-നെ കുറിച്ചാണ്. Experimentory Experience ചങ്ങമ്പുഴയ്ക്ക് ഉണ്ടായിരുന്നു. അതുപോലെയും അനുഭവങ്ങൾ ഉണ്ടാക്കാം

3. മലയാള കഥാസാഹിത്യത്തിൽ ആധുനികോത്തരം കാലം തുടങ്ങുന്നു എന്ന അഭിപ്രായത്തെ പറ്റി എന്താണ് പറയുവാനുള്ളത് ?

Every generation has to effort itself ഞാൻ പഴയ കാലത്തിന്റെ തുടർച്ചയാണെന്നു പറയാൻ എനിക്ക് ഇഷ്ടമില്ല. ഓരോ Generation വരുമ്പോഴും, ആധുനികം, ആധുനികോത്തരം എന്നൊക്കെ പറയും. ഓരോ ആളും വ്യത്യസ്തരാണെന്നു പറയുന്നത് അയാളുടെ വ്യക്തിത്ത്വവും അസ്തിത്ത്വവും അംഗീകരിക്കാൻ വേണ്ടിയാണ്. പെരുവെള്ളത്തിലെ ഒരു തുള്ളിയാകാൻ ആരും ആഗ്രഹിക്കില്ല. പണ്ടു പറഞ്ഞിരുന്നത് പ്രാചീനം, മദ്ധ്യകാലം ആധുനികം എന്നാണ്.. നമ്മുടെ സാഹിത്യ ചരിത്ര പുസ്തകത്തിൽ എഴുതിയിട്ടുള്ള ആധുനികകാലം – തുഞ്ചത്ത് എഴുത്തച്ഛൻ മുതൽക്കാണ് P. K. Parameswaran Nair പറയുന്ന കണക്കിൽ അത് ശരിയാണ്. അപ്പോൾ പിന്നീടുള്ളവർ ചോദിക്കുക ഞങ്ങൾ എവിടെയാണ് എന്നാണ്. എഴു ത്തച്ഛനും ശേഷം നമ്മുടെ ഭാഷയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് കഴിഞ്ഞ ആഴ്ചയിൽ ഒരാൾ പറയുന്നത് ഞാൻ കേട്ടതാണ്. ഞാൻ പറയുന്നത് എഴുത്തച്ഛൻ്റെ ഭാഷയുടെ കാര്യമല്ല.

മനസ്സിലാകാത്ത സാഹിത്യൻ്റെ കാലഘട്ടത്തിൻ്റെ ശേഷം പുതുമ എന്നു പറയുന്നത് മനസ്സിലാകുന്ന സാഹിത്യമാണ്. സാഹിത്യത്തിൽ എപ്പോഴും നവീനതയുടെ ഒരു അംശം വേണ്ടിവരും. സാധാരണതയുടെയും. അസാധാരണയുടെയും ഒരാവർത്തനചക്രം സാഹിത്യത്ത്യലുണ്ടാകും

മാറ്റമില്ലാതെ ജീവിതത്തിൽ പുതുമനിലനിത്താൻ കഴിയില്ല. കുറെക്കാലം സങ്കീർണ്ണത എന്നുള്ളത് Effect ഉണ്ടാക്കാനുള്ള ഒരു വഴിയാണ്.അതിൻ്റെ ആൻറിഡോസ് സരളതയാണ്. അതും Effect ഉണ്ടാക്കാനുള്ള ഒരു മാറ്റമാണ്.

4. മൗലികത എന്ന ഒന്ന് സാഹിത്യത്തിലില്ലെന്നും, അതൊരു ബൂർഷ്വസങ്കല്പ മാണെന്നും ഈയിടെ പറഞ്ഞല്ലോ. ഒന്ന് വിശദീകരിക്കാമോ ?

“വ്യാസോച്ഛിഷ്ടതി ജഗദ്സർവ്വവും’ എന്നൊരു ചൊല്ലുണ്ടല്ലോ. വ്യാസൻ പറയാത്ത കഥയൊന്നുമില്ല എന്നത്ഥം. ഇപ്പോൾ പുതിയ ആളുകൾ മഹാഭാരതം വായിച്ചിട്ട് വ്യാസൻ പറഞ്ഞില്ലേ എല്ലാം. ഒന്നും നമുക്ക് പറയാനില്ല എന്ന് പറയുന്നു. അപ്പോൾ പിന്നെ നിങ്ങൾ പറയുന്നതെങ്ങിനെ ആണ് ഒറിജിനൽ ആവുക.

രാമായണം, ഭാരതം, ഭാഗവതം എന്നീ മൂന്നു പുസ്തകങ്ങളിലെ മൂന്നു കഥകളെ ആണ് ഏതാണ്ട് ആറ് -ഏഴ് നൂറ്റാണ്ട്‌കാലം ഇന്ത്യയിലെ മുഴുവൻ എഴുത്തുകാരും ആവർത്തിച്ച് ആവർത്തിച്ച് എഴുതിയിരുന്നത്. ഒരാളും ഒറിജിനാലിറ്റിയുടെ കാര്യത്തിൽ വിജയിച്ചിട്ടില്ല. ഇന്ത്യയിലെ പല പ്രാദേശിക സാഹിത്യങ്ങളും പറഞ്ഞിരുന്നത് ഈ മൂന്നു കഥകളാണ്. രാമൻ്റെ കഥ എഴുതിയ ആൾക്കാണ് കഴിഞ്ഞതിൻ്റെ മുമ്പിലത്തെ വർഷം ജ്ഞാനപീഠം കൊടുത്തത്. രാമൻ്റെ കഥ മൗലികമാണോ? മഹാഭാരതകഥ എഴുതിയ ആൾക്കല്ലേ വയലാർ അവാർഡ് കൊടുത്തത്. ‘രണ്ടാമൂഴം ‘ മൗലികമാണോ ? മൗലികമാണ് എന്നത് കൊണ്ട് ഒരു കൃതി നന്നാവുകയില്ല. അങ്ങനെയാണെങ്കിൽ ഞാൻ എഴുതില്ലേ ഒരു കഥ. പക്ഷെ ഒരാളും വായിക്കില്ല. ഇന്ത്യയിൽ ഒരു കൃതി പുതിയതായിരിക്കുക എന്നുള്ളത് ഒരു കാലത്തുമില്ലാത്ത സങ്കല്പമാണ്. സോഫോക്ളീസ് എഴുതിയ നാടകങ്ങളൊക്കെ പണ്ട് ഉണ്ടായിരുന്ന കഥകളുടെ അഡാപ്റ്റേഷൻ ആയിരുന്നു. വിശദീകരിച്ചു പരിവർത്തനം വരുത്തിയ കൃതികളാണ് ഷേക്സ്പിയറുടേത്. ഇന്ത്യയിലെ എല്ലാ പ്രാദേശിക സാഹിത്യങ്ങളും ഡെവലപ്പ് ചെയ്തിട്ടുള്ളത് ഭാഗവതകഥ പറയാൻ വേണ്ടിയാണ്. സാഹിത്യം ഉണ്ടായിട്ടുള്ളതുതന്നെ അതിനാണ്. No body Completly Original ശാകുന്തളം പഠിക്കുമ്പോൾ ശാകുന്തളത്തിലെ വ്യതിയാനങ്ങളാണ് നാം പഠിക്കുന്നത്. ശാകുന്തളത്തിൽ കാളിദാസൻ സ്വന്തമായി എന്തു ചെയ്തിട്ടുണ്ട് എന്നാണ് നാം പഠിക്കുന്നത്. മൗലികത എന്നു പറയുന്നത് Totality യെ സംബന്ധിക്കുന്ന കാര്യമല്ല. ഒറിജിനാലിറ്റി പലതരത്തിലുമുണ്ട്. കവിതയുടെ വിഷയം ഒറിജിനലായിരിക്കുക, ഇതിവൃത്തം ഒറിജിനലായിരിക്കുക, ഭാഷ ഒറിജിനലായിരിക്കുക. Completly ഒറിജിനൽ എന്നു പറയാൻ ലോകത്തിലൊരിടത്തുമില്ല. അങ്ങനെയുള്ള സാധനം ആർക്കും മനസ്സിലാവുകയില്ല. നമ്മുടെ ഒരു സംഗീത സംവിധായകൻ ഈയിടെ പറഞ്ഞു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസയ്യർ, എം. എസ്. സുബ്ബലക്ഷ്മി എന്നിവരൊക്കേയും പാടുന്നത് ത്യാഗരാജനോ, ദീക്ഷിതരോ, സ്വാതിതിരുനാളോ എഴുതിയ പാട്ടുകളാണ് എന്ന്.പത്ത് രാഗം പഠിച്ചിട്ട് വല്ലവരും എഴുതിയ പാട്ടുകളുടെ രാഗങ്ങളുടെ നിരന്തരമായ ആലാപനം നടത്തിക്കൊണ്ടിരിക്കുന്ന ആളുകളെ നിങ്ങൾ മഹാകലാകാരന്മാർ എന്നു പറയും. Where is the Originality ഭരതനാട്യത്തിൽ എന്താണ് ഒറിജിനൽ ? കൃഷ്ണൻനായരുടെ കഥകളിലെന്താണ് ഒറിജിനൽ ? ആയിരം രാഗങ്ങൾ കണ്ടുപിടിച്ച എന്നെ ആരും സംഗീതവിദ്വാൻ എന്നും പറയുന്നില്ല. ഇത് വളരെ പ്രസക്തമാണ്.

3.3 4 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×