
എസ്. സുധീഷ്.
Published: 10 February 2025 സാഹിത്യപഠനം
എം.ടി.യെക്കുറിച്ച് എസ്സ്.സുധീഷിൻ്റെ വിമർശനം
1970 കളിലെഴുതിയ ബൃഹദ് പഠനത്തിൻ്റെ പുന:പ്രസിദ്ധീകരണം

മാറിവരുന്ന വ്യവസ്ഥിതികളിലൂടെ കടന്നുപോവുന്ന ഇന്ത്യൻ മധ്യവർഗമനുഷ്യൻ്റെ ചരിത്രബന്ധവും വർഗബന്ധവുമുള്ള ഗുണസ്വഭാവമാണ് ‘ഷണ്ഡൻ്റെ അമർഷം’ എന്ന പദത്തിലൂടെ കൃത്യമായും വ്യവഹരിക്കപ്പെടുന്നത്. ഫ്യൂഡൽ-അർധഫ്യൂഡൽ-മുതലാളിത്ത വ്യവസ്ഥിതികളിൽ ഇന്ത്യൻ മധ്യവർഗ മനുഷ്യനു സംഭവിക്കുന്ന രൂപപരവും പരിമാണപരവുമായ പരിണാമം, മാധവമ്മാമയിലാരംഭിച്ച് മുതലാളിയുടെ വളർച്ചാരൂപത്തിലെത്തിനിൽക്കുന്ന സേതുവിലൂടെ എം.ടി. രേഖപ്പെടുത്തുന്നു. എന്നാൽ, രൂപപരവും പരിമാണപരവുമായ ഈ പരിണാമം മനുഷ്യന്റെ ഗുണപരിണാമത്തെ കുറിക്കുന്നില്ല. വ്യവസ്ഥിതികളാണ് ഇവിടെ മാറിവരുന്നത്. ഗുണപരിവർത്തന സമർഥമായ വ്യവസ്ഥാ (order) പരിവർത്തനം ഇവിടെ സംഭവിക്കുന്നില്ല. ഫ്യൂഡൽ അർധഫ്യൂഡൽ-മുതലാളിത്ത വ്യവസ്ഥിതികളിലൂടെ നയിക്കപ്പെടുന്ന മനുഷ്യനിലെ ‘സ്ത്രീ-പുരുഷ വ്യവസ്ഥ’ മാറ്റമില്ലാതെ തുടരുന്നു. മോറൽ റിബലിനു പ്രസക്തിയില്ലാത്ത, ഇടനിലക്കാരൻ ഭർത്താവിൻ്റെ ഷണ്ഡമായ പുരുഷത്വം, ഒരു നമ്പൂരി ശാപംപോലെ, എല്ലാ വ്യവസ്ഥിതികളിലും, വ്യവസ്ഥാസ്വഭാവമായി നിൽക്കുന്നു. മാധവമ്മാമയിൽ നിന്നു സേതുവിലേക്കെത്തുന്ന കാലത്തിൻ്റെ നൂൽ, ‘ഷണ്ഡമായ അമർഷ’ത്തിൻ്റെ തനിമ അപഭംഗം കൂടാതെ സൂക്ഷിക്കുന്നു. വ്യവസ്ഥാപരിവർത്തന സമർഥമായ ഒരു വ്യവസ്ഥിതി പരിവർത്തനത്തിന്റെ കാംക്ഷ, ‘ഷണ്ഡൻ്റെ അമർഷം’ എന്ന യാഥാർഥ്യത്തെ കണ്ടെത്തുന്ന എം.ടി. യുടെ തൂലികയിലുണ്ട്. ‘ഷണ്ഡത്വ’ത്തെ നേരിടുന്ന അതിജീവനത്തിന്റെ അമർഷശക്തി, എം.ടി. ‘സെക്സിനു’ നൽകുന്നു. എം. ടി.യിൽ ലൈംഗികതയ്ക്കുള്ള, ധീരമായ ലൈംഗികതയ്ക്കുള്ള പ്രസക്തി അതാണ്. ഷണ്ഡത്വത്തിൻ്റെ ജീവിത വ്യവസ്ഥയോട് എതിരിടുന്ന സെക്സിന്റെ കറുത്ത ശക്തി, എം.ടി. യുടെ നോവലിൽ മുഖം വ്യക്തമാക്കുന്നുണ്ട്. വ്യവസ്ഥാ-വ്യവസ്ഥിതി പരിവർത്തനത്തിന്റെ ഊർജശക്തിയായി സെക്സിനെ എം.ടി. മാനിക്കുന്നുണ്ട് എന്ന ബോധം, കാലത്തിലെ ലൈംഗിക ശത്രുതയെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രസക്തമാവുന്ന വസ്തുതയാണ്. സേതുവിന്റെ വർത്തമാനകാലത്തിൽ, നമ്പൂതിര്യാധിപത്യത്തിന്റെയും നമ്പൂതിരി സംബന്ധവ്യവസ്ഥയുടെയും ശോഭനത്വമസ്തമിച്ച് അത്ചരിത്രത്തിലെ ഇരുണ്ട ഭൂതകാലമായിത്തീരുന്നു. ഭൂതകാലത്തിന്റെ ആ ഗുഹയിൽ നിന്നു വലിച്ചെടുത്ത ഒരു വികലപ്രേതമാണ് ഉണ്ണിനമ്പൂതിരിയെങ്കിൽ, ‘കാര്യസ്ഥി’യായ ദേവുവും അത്തരമൊരു ഭൂതകാലത്തിൽ വേരുകളുള്ള സാന്ദ്രബിംബമാണ്, വിശേഷമായ കഥാപാത്രവ്യക്തിത്വത്തിൽനിന്ന് ചരിത്രത്തിന്റെ ഉപബോധ ഗുഹാബോധത്തിലേയ്ക്ക് ദേവുവിൻ്റെ രൂപം വലിച്ചു താഴ്ത്തപ്പെടുന്നതു നോക്കുക:
“ഉറക്കം തെറ്റിപ്പിരിഞ്ഞ മറ്റൊരു രാത്രി. വാഴത്തോപ്പിൽ കാറ്റിൽ ഉണങ്ങിയ മൊളയിലകൾ പതുക്കെ ഇളകുന്നതുകൂടി വ്യക്തമായി കേൾക്കാം. ഇരുട്ടു ചുറ്റും പിറുപിറുക്കുന്നു പുലരാനാവുമ്പോൾ കാറ്റിനു കരുത്തുകൂടി. തണുപ്പ് മാളങ്ങളിൽ നിന്ന് അപ്പോൾ പുറത്തിറങ്ങിയ ഇഴജന്തുക്കളെപ്പോലെ അരിച്ചു കയറി. ഉറക്കം ബോധക്കേടുപോലെ തലയ്ക്കകത്തു കയറിക്കൂടി. കവുങ്ങിൻ തടങ്ങൾ നനയ്ക്കാൻ കൊക്കരണിയിൽ നിന്നു വെള്ളം തേവുന്നതു സ്വപ്നംകണ്ടു. ആഴം കാണാത്ത കൊക്കരണി. പതിനാറു മാറു വലിച്ച് കൈയിരിയുടെ തലപ്പത്തെത്തിയിട്ടും വെള്ളം തൊടുന്നില്ല. അവസാനം നിരാശയോടെ തേക്കുകൊട്ട ഉയർത്താൻ തുടങ്ങുമ്പോൾ എന്തോ കുടുങ്ങിക്കിടക്കുന്നു. അല്ല, ആരോ പിടിച്ചു താഴ്ത്തുന്നതുപോലെ. നോക്കുമ്പോൾ വെള്ളത്തിൽ പൊങ്ങി വന്ന വികൃതരൂപം തേക്കുകൊട്ടയിൽ എത്തിപ്പിടിച്ചു നിൽക്കുന്നു. നനഞ്ഞ് വെള്ളം ഇറ്റുവീഴുന്ന രോമക്കാടുകൾ ശരീരം മുഴുവനുമായ സത്വം കാൽ തെറ്റി ആഴത്തിലേക്കു വീഴുമ്പോൾ താഴെ കാത്തിരിക്കുന്ന കൈകളുടെ നീളം വർധിക്കുന്നു. ഇപ്പോൾ ആ കൈകളിലെത്തിപ്പെടുമെന്ന് ഭയം തോന്നിച്ച നിമിഷം. ഒരിക്കലും അവസാനിക്കില്ലെന്നു തോന്നിയ വീഴ്ച്ചയുടെ അവസാനത്തിൽ ഓലോലം മുങ്ങിയ രോമക്കാടുകൾക്കിടയിൽനിന്ന് സത്വത്തിൻ്റെ ദംഷ്ട്രകൾ വളർന്ന മുഖം കണ്ടു ഞെട്ടിത്തെറിച്ചുപോയി. ദേവുവിന്റെ മുഖം”.
കാര്യസ്ഥിയായ തറവാട്ടമ്മയുടെ ഗാർഹസ്ഥ്യശീലം കൊണ്ട് വിശദീകരിക്കപ്പെടുന്ന ദേവുവിൻ്റെ രൂപം നായർ സ്ത്രീത്വത്തിൻ്റെ പാരമ്പര്യത്തെ സാമ്പത്തിക പരാജയം കൊണ്ട് അധഃപതിപ്പിച്ചെടുത്തതാണ്. ഉണ്ണിനമ്പൂരിയക്കെന്നപോലെ ദേവുവിനു സംഭവിച്ചിരിക്കുന്ന, വികലീകരണവും അകാൽപ്പനികത്വവും, ഭൂതകാലപ്രതാപത്തിൻ്റെ ദാരിദ്ര്യരൂപം എന്ന നിലയിൽ ദേവുവിനോടു നീതിപുലർത്തുന്നു. അപഹാസ്യമായ ഈ രൂപം കൊക്കരണിയുടെ ആഴങ്ങളിലേക്കു പ്രവേശിക്കുമ്പോൾ അവിടെ കാമത്തിന്റെ ദുർനിമിത്തം മാത്രമല്ല പ്രതിഫലിക്കപ്പെടുന്നത്. നരത്വത്തിൻ്റെ അസുഖകരമായ പ്രാചീനത കൂടി അവിടത്തെ ‘ബോധ’ത്തിൽ നിഴലിക്കുന്നുണ്ട്. നമ്പൂരിസംബന്ധവ്യവസ്ഥ ക്ഷയിതമായിക്കഴിഞ്ഞ വർത്തമാനത്തിൽ ഉണ്ണിനമ്പൂരിയുടെയും ദേവുവിന്റെയും വികൃതമായ ഗുഹാരൂപങ്ങൾ ഒരു പ്രാചീന സംസ്കാര ചിത്രമായിത്തീരുന്നു. നമ്പൂരിസംബന്ധത്തിന്റെ സൗന്ദര്യ ഗുണം (aesthetic quality) കാലാന്തരത്തിൽ നിഷ്ക്രമിച്ചിരിക്കുന്നു. എങ്കിലും ആ സംബന്ധവ്യവസ്ഥയുടെ ഉപബോധപരമായ ചരിത്രസ്മരണ, “സൗന്ദര്യം’ വർജിക്കപ്പെട്ട തരത്തിൽ ഈ രൂപങ്ങളിലൂടെ നിറവേറ്റപ്പെട്ടിരിക്കുന്നു.സേ തുവിന്റെ മുൻതലമുറക്കാരനായ മാധവമ്മാമയ്ക്ക്, ആ സംബന്ധവ്യവസ്ഥയോടുള്ള എതിർപ്പ്, ഉണ്ണി നമ്പൂരിയും മാധവമ്മാമയും തമ്മിലുള്ള ലൈംഗിക ശത്രുതയിലൂടെ പ്രതിഫലിക്കുന്നുണ്ട്. അവ്യവസ്ഥയുടെ അവിഹിതത്വത്തെയും അപചയത്തെയും കാര്യക്ഷമമായി നിഷേധിക്കുവാൻ മാധവമ്മാമയ്ക്കു കഴിയുന്നില്ല. ഷണ്ഡൻ്റെ രോഷം അമർത്തിപ്പിടിച്ചുകൊണ്ട്, ആ വ്യവസ്ഥയുടെ ആഴങ്ങളിലേക്ക് അയാൾ താണുപോവുന്നു. നമ്പൂരിയുടെ എച്ചിൽ അയാൾ സ്വീകരിക്കുന്നു. രോമാവൃതമായ ശരീരത്തോടെ ആഴത്തിൽ പിടിച്ചു വലിക്കുന്ന ദേവുവിൻ്റെ ചിത്രം ജനിപ്പിക്കുന്ന പുരാതന ജന്തുത്വം അതിൻ്റെ നീതിരഹിതമായ കരങ്ങളിലേക്കുള്ള മാധവമ്മാമയുടെ പതനം കാലത്തിൻ്റെ ചരിത്രപരമായ ആഴത്തെ കുറിക്കുന്നു. വർത്തമാനത്തിൽ നിന്ന് പ്രാകൃത പൂർവികതയിലേക്കു പിൻമറിഞ്ഞു പോവുന്ന ആ സന്ദർഭത്തിൽ, ദേവുവിൻ്റെ രൂപം, ഖനനം ചെയ്തുകണ്ടെത്തിയ പുരാതന കാലം പോലെ ത്രസിച്ചുനിൽക്കുന്നു. അമർഷത്തിൻ്റെയും പ്രതിഷേധത്തിന്റെയും വിളി അപ്രസക്തമായിത്തീർന്ന്, കറുത്ത വിധിയിലേക്കു ചെന്നുപതിക്കുന്ന പുരുഷന്റെ ചിത്രം അവിടെയുണ്ട്. സെക്സിന്റെ ജീവപ്രസക്തിയും പച്ചസ്നേഹവും സ്പർശിക്കാത്ത ഒരു സ്ത്രീ-പുരുഷബന്ധത്തിന്റെ വിധിയിൽ ചെന്നു പതിക്കുന്ന മാധവമ്മാമയുടെ തണുത്ത പകയ്ക്ക്, നിഷേധത്തിന്റെ ജീവാക്ഷരം ഉരിയാടാൻ കഴിയുന്നില്ല, എങ്കിലും ഇവിടെ ലൈംഗിക വ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കാൻ ആഗ്രഹിക്കുന്ന പുരുഷവികാരത്തെ കുറിക്കുന്നു.
ഒരു ആധിപത്യവ്യവസ്ഥ എന്ന നിലയിൽ അച്ഛനുള്ള സ്ഥാനം നമ്പൂരി സമുദായത്തിൻ്റെ അപചയത്തോടെ നഷ്ടപ്പെട്ടുപോയിരിക്കുന്നുവെങ് കിലും, പിതൃരൂപത്തോടുള്ള (father image) ശത്രുത എന്ന എഴു ത്തുകാരന്റെ നിഷേധാംശം, നമ്പൂരിയും നായരും തമ്മിലുള്ള ലൈംഗിക ശത്രുതയിലുണ്ട്. നമ്പൂരി പിതൃത്വത്തിൻ്റെ വ്യവസ്ഥ ദുർബലമായതോടെ കേരളീയ മധ്യവർഗസമൂഹത്തിലെ ആധിപത്യവ്യവസ്ഥയായിത്തീരുന്നത് കാരണവരാണ്. ‘പുറം സംബന്ധക്കാരൻ’ എന്ന നിലയിൽ, ‘അന്യൻ’ എന്ന നിലയിൽ എം. ടി.ക്കഥകളിൽ പിതൃരൂപം പിൻതള്ളപ്പെടുന്നതും, കാരണവർ സർവാധിപതിയായിത്തീരുന്നതും ഒരു സാധാരണ പ്രകിയയാണ്. കാരണവരൂപത്തിന്, പിതൃരൂപത്തിനുമേലുള്ള അധികാരം ‘വിലാപയാത്ര’യിലും മറ്റും വ്യക്തമായിക്കാണാവുന്നതാണ്. ആധിപത്യ ബഹുമാനത്തിൽ നിന്നു പിൻതള്ളപ്പെട്ടുപോയ ഈ സംബന്ധക്കാരൻ, വ്യവസ്ഥയുടെ പ്രതിനിധിയല്ലാതായിത്തീരുന്നതു കൊണ്ട് ആണ്, എം.ടി യുടെ കഥാലോകത്തിലെ എതിർപ്പ്, പിതൃരൂപത്തിൻ്റെ നേർക്ക് മുഖം തിരിക്കാതിരിക്കുന്നത്. എം.ടി. എന്ന എഴുത്തുകാരൻ്റെ പിറവിവ്യവസ്ഥയായ മരുമക്കത്തായത്തിൽ കാരണവർക്കുള്ള സർവാധിപത്യം നിമിത്തം, ഈഡിപ്പസിന്റെ യഥാർഥ ശത്രുവായി രൂപമാർജിക്കുന്നത്, അച്ഛനല്ല, അമ്മാവനാണ്. മാധവമ്മാമയും സേതുവും സുമിത്രയുടെ കമിതാക്കളായിത്തീരുന്നത്, ഈ അർഥത്തിൽ വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. വ്യവസ്ഥാശത്രുതയുടെ റിബൽശക്തി സർഗാത്മകനായ ഒരെഴുത്തുകാരൻ്റെ ഏറ്റവും പ്രസക്തമായ മൂല്യമാണ്. ഈ റിബൽ ശക്തി നമ്പൂതിര്യാധിപത്യവ്യവസ്ഥയോടും കാരണവാധിപത്യവ്യവസ്ഥയോടും എതിരിടുന്നതിൻ്റെ സർഗാത്മക സ്പന്ദനങ്ങളാണ്, മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ടു ലൈംഗിക ശത്രുതകളിലുമുള്ളത്. പിതൃവ്യവസ്ഥാക്ഷയത്തിൽ മാതൃപക്ഷാധിപത്യത്തിൽ (matriarchy) പിറന്നുവളരുന്ന നായർ യുവാവിന്റെ മാതൃപക്ഷ ശത്രുത, എം.ടി. യുടെ രചനകളിലെല്ലായിടവുമുണ്ട്. മാതൃരൂപത്തോട് തികച്ചും അലിവില്ലാത്ത ഒരു സമീപനം എം.ടി. യുടെ രചനയുടെ അടിസ്ഥാനവികാരമായുണ്ട്. ആധിപത്യവ്യവസ്ഥയോട് എഴുത്തുകാരനുണ്ടാവുന്ന ശത്രുതയുടെ ആത്മാർഥമായ അടയാളമാണ് (മറ്റുപല എഴുത്തുകാരെപ്പോലെ അച്ഛൻനിഷേധവും, അമ്മനിഷേധവും പടിഞ്ഞാറൻ നാടിൽനിന്ന് പകർത്തിയെടുത്ത ആദർശമല്ല എം.ടി. യിൽ.)
“അച്ഛന്റെ കത്തിൽ പരീക്ഷാഫീസിൻ്റെ കാര്യമെഴുതിയിരിക്കുന്നു. കൂട്ടത്തിൽ അമ്മ പറഞ്ഞ വാചകം ആവർത്തിച്ചിരിക്കുന്നു. പഠിക്കാനുള്ള സമയത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്ത് നീ വെറുതെ സമയം നഷ്ടപ്പെടുത്തരുത്.
വീണ്ടും വായിച്ചപ്പോൾ ശത്രുവെ കണ്ടെത്തിയ സമാധാനമുണ്ടായി, ഉപദേശിക്കാൻ ആൾ വന്നിരിക്കുന്നു!
അച്ഛൻ തനിക്കെന്നും ഒരപരിചിതനായിരുന്നു. മാസം അയച്ചുതരുന്ന അറുപതുറുപ്പികയിലും അതോടൊപ്പം വരുന്ന പ്രാരാബ്ധങ്ങൾ വിവരിക്കുന്ന കത്തിലും ആ ബന്ധം ഒതുങ്ങി നിൽക്കുന്നു”
അച്ഛന്റെ കത്തിലെ വാക്യങ്ങളിലൂടെ അമ്മ എന്ന ശത്രുവിനെ രൂപപ്പെടുത്തിയെടുക്കുന്ന സേതുവിൻ്റെ ഈ മനോഭാവം എം.ടി.യുടെ വ്യവസ്ഥാശത്രുതയുടെ മാർഗത്തെ കുറിക്കുന്നു മാധവമ്മാമയോടുള്ള ലൈംഗികശത്രുതയിൽ അത് അർഥപൂർണമായിത്തീരുകയും ചെയ്യുന്നു.
“ചാരുപടി മേൽ കിടന്ന് അരിശത്തോടെ, ആരോടെന്നില്ലാതെ പകയോടെ ഓർത്തു.
മാധവമ്മാമ. ഒരു ശത്രുവുണ്ടായിരിക്കുന്നു. മാധവമ്മാമ.” അങ്ങനെ സേതു തൻ്റെ ‘ശത്രു’വിനെ കണ്ടെത്തുന്നു.
ഉണ്ണിനമ്പൂരിയുമായുള്ള ലൈംഗികശത്രുത പ്രതിപാദിക്കപ്പെടുന്ന സന്ദർഭത്തിൽ മാധവമ്മാമയിൽ ദേവുവിനെക്കുറിച്ചണ്ടാകുന്ന അധോലോക സ്വപ്നംപോലെ ഭൂതകാലബന്ധമുള്ള ഒരു രംഗം, ശത്രുവിന്റെ രൂപം കണ്ടെത്തിയ സന്ദർഭത്തിൽ സേതുവിൻ്റെ മനസിലൂടെ കടന്നുപോവുന്നു. അലോസരമുരയ്ക്കുന്ന ബിംബങ്ങൾ കൊണ്ട് അസുഖകരമായ ഒരു രംഗച്ഛായ അവിടത്തെ ഭാഷയിലുണ്ട്:
“ബട്ടൺ പൊട്ടിയ മുറിക്കാലുകൾ അരഞ്ഞാൺ ചരടിൽ തിരുകി, മാവിൻതോപ്പുകളിലും ഞാവൽച്ചുവട്ടിലും ചുറ്റിനടക്കുമ്പോൾ ആരുമല്ലാത്ത അവൾ ശത്രുവിൻ്റെ നിഴൽപോലെ പിൻതുടരുന്നു. കുഴിനഖം കൂത്തിയ വിരലുകൾ കൊണ്ട് അവളോടിയടുത്ത്, അവസാനം സ്നേഹം തോന്നി നീട്ടുന്ന ചതഞ്ഞ മാങ്ങ അറപ്പുളവാക്കുന്നു. അടുത്ത കടവിൽപട്ടുകോണകവുമായി അവൾ നിന്നു കുളിക്കുന്നു. സംസാരിക്കാൻ അടുത്തെത്തുമ്പോൾ അവളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. ഒരിക്കൽ, അറിയാതെ ഉതിർന്നുവീണ വർഷങ്ങളലിഞ്ഞു ചേർന്ന മേച്ചിൽപ്പുറത്ത് ഒരിക്കൽ കണ്ടെത്തുന്നു. ശത്രുവിന്റെ നിഴലല്ല. ശാപത്തിന്റെ തൊണ്ടു പൊട്ടിപ്പുറത്തു വന്ന സുന്ദരി!
അപ്പോൾ അവൾ അകലത്തിലാണ്, ഉയരത്തിലാണ്.
കനം വീഴാൻ തുടങ്ങുന്ന വികൃതമായ ശബ്ദത്തിൽ അവളുടെ പേർവിളിക്കാൻ അധീരനാവുന്നു.
ജീവിതം ഒരു സ്വപ്നമാവുമ്പോൾ, അവൾ ലോകമാവുമ്പോൾ പതി നെട്ടുകാരനായി പൗരുഷത്തിൻ്റെ വേലിക്കെട്ടിനപ്പുറം കാത്തുനിൽക്കുന്നു. ഒരുനാൾകൊണ്ട് സ്ത്രീയായി മാറിയ, ഇന്നലെ കുളക്കടവിൽ കണ്ട ശത്രു അകന്നു പോകുന്നതു രോഷമൊതുക്കി കാണേണ്ടിവരുന്നു.
ആരോടും പറയാനില്ല. പതിനെട്ടുകാരൻ്റെ സ്വപ്നങ്ങൾ ആരും കേൾക്കുകയുമില്ല.
-കരിമ്പനകളുടെ വലിപ്പമുള്ള കൈകളിൽ നിന്ന് ഇരുമ്പുദണ്ഡുകൾ ഉയരുന്നതു കണ്ട് ഞെട്ടിത്തെറിച്ചുപോയി.”
ദംഷ്ട്രയും രോമക്കാടുകളുമുള്ള സത്വമായി മാറുന്ന ദേവുവിന്റെ സ്ഥാനത്ത് ശാപത്തിൻ്റെ തൊണ്ടു പൊട്ടിപ്പുറത്തുവന്ന സുമിത്ര നിൽക്കുമ്പോൾ വൈരൂപ്യത്തിനും വൈകൃതത്തിനും അറപ്പിനും ശമനം ലഭിച്ചിരിക്കുന്നു എങ്കിലും ദേവുവിനെപ്പോലെ ഒഴിവാക്കാനാവാത്ത ഒരു ‘ശത്രു ബാധ’യുടെ രൂപം സുമിത്രയും പുരുഷനുമേൽ പതിപ്പിക്കുന്നു. സുമിത്ര ആധിപത്യ വ്യവസ്ഥയായ അമ്മാവൻ്റെ അധീനതയിലാവുമ്പോൾ അവൾക്കുണ്ടാവുന്ന ഈ രൂപം, നമ്പൂരിയുടെ അധീനതയിലായ ദേവുവിന്റെ രൂപം മാധവമ്മാമയുടെ കണ്ണുകളിൽപെടുമ്പോഴുണ്ടാവുന്ന രംഗത്തെ ഓർമിപ്പിക്കുന്നു. വ്യവസ്ഥാധീനതകൊണ്ട് സുമിത്ര സേതുവിന്റെ ശത്രുഭാവത്തിൽ പ്രത്യക്ഷപ്പെടുന്നു. അകലത്തിലും ആഴത്തിലുമാണ് ദേവു എന്ന സത്വം. അകലത്തിലും ഉയരത്തിലുമാണ് സുമിത്ര. വലുപ്പമുറ്റ രണ്ടുകരങ്ങളുയർത്തുന്ന ആപൽഭീതി രണ്ടു രംഗങ്ങളിലുമുണ്ട്. ഞെട്ടിത്തെറിച്ചുപോകുന്ന അവസാനങ്ങളും, രണ്ടു രംഗങ്ങൾക്കും പൊതുവായുണ്ട്. ശാപബോധത്തിന്റെയും വിധിബോധത്തിന്റെയും ബിംബനം ഈ രംഗങ്ങളെ യാഥാർഥ്യത്തിനുമതീതമായ ഒരു ഭാഷാബോധം കൊണ്ട് ഒന്നിപ്പിക്കുന്നു. പുരുഷന്മാരുടെ അപ്രാപ്തി, നിസ്സഹായത, അവരുടെ ലൈംഗികശക്തിയെ നിർദേശിച്ചു കൊണ്ട് രണ്ടു രംഗത്തിലും പ്രത്യക്ഷപ്പെടുന്നു. ‘അധീരത’യുടെ നിമിഷം, ‘രോഷമൊതുക്കി’ നിൽക്കുന്ന ഈ നിമിഷം, തണുത്ത കത്തിയുടെ വായ്ത്തലയ്ക്ക്, വ്യവസ്ഥയുടെ ദാർഢ്യവും വിധിശക്തിയും ഭേദിക്കുമാറുച്ചത്തിൽ ലൈംഗികശക്തിയെ വളർത്തിയെടുക്കാനുള്ള ധീരത ഇല്ലെന്നു വ്യക്തമാക്കുന്നു. കരിമ്പനകളുടെ വലുപ്പമുള്ള കൈകളും കൊക്കരണിയും സത്വവുമെല്ലാം കറുത്ത വിധിവ്യവസ്ഥയുടെ ബിംബനങ്ങളാണ്. അതിനെ എതിരിടാനും കീഴടക്കാനുമുള്ള ‘തൃഷ്ണ’യാണ്, ‘ലൈംഗികത’യുടെ ശക്തി
വിധിവ്യവസ്ഥാ ശത്രുതയുടെ ജീവാംശമായി ലൈംഗിക ശത്രുത എം.ടി.യിൽ നിലനിൽക്കുന്നത് അതുകൊണ്ടാണ്. രോഷത്തിൻ്റെ വിഫലഗതി കൊണ്ടു പരാജയപ്പെട്ടുപോവുന്ന ഈ ശത്രുത കാലാന്തരത്തിൽ അതിൻ്റെ യഥാർത്ഥ നാമം പൊളിച്ചു കാണിക്കുന്നു.’ ഷണ്ഡൻ്റെ അമർഷം’
സുമിത്ര വ്യവസ്ഥാധീനതയിൽപ്പെട്ടു കഴിയുന്ന ദൃശ്യങ്ങൾ കാലത്തിലുണ്ട്. എങ്കിലും കലാപസക്തമായ (Rebellious ) ലൈംഗിക ശക്തിയുടെ അനുഗ്രഹം അവളിലുണ്ട്. ആ ശക്തി പുരുഷനിലേക്ക് സന്നിവേശിപ്പിച്ചു കഴിഞ്ഞശേഷമാണ് അവൾ സ്വന്തം രൂപത്തെ വ്യവസ്ഥയ്ക്കു വേണ്ടി ചായ്ച്ചു കൊടുക്കുന്നത്. വ്യവസ്ഥാനിഷേധമായ ഈ ലൈംഗികശക്തി ഉൾക്കൊള്ളുവാൻ വേണ്ട അസ്ഥി ദാർഢ്യം പുരുഷത്വത്തിൻ്റെ പൂർണ്ണസിദ്ധിയിലെത്താത്ത സേതുമാധവനില്ല. എങ്കിലും, ആഭിചാര സ്വഭാവമുള്ള ലൈംഗികസമ്പർക്കങ്ങളിലൂടെ ലൈംഗികതയുടെ ഊറ്റം, അതിന്റെ നിഷേധമൂല്യം സേതുമാധവനു നൽകുന്നു.
സേതു – സുമിത്ര ബന്ധത്തെ സേതുവിൻ്റെ മറ്റു സ്ത്രീ ബന്ധങ്ങളുമായി പ്രതിസമാനതപ്പെടുത്തുമ്പോൾ ഈ വസ്തുത വിശദമാവുന്നു. വിദ്യാഭ്യാസവും ഇംഗ്ലീഷും കൊണ്ട് സ്വന്തം വ്യക്തിത്വത്തെ കാൽപ്പനികമായി പരിഷ്ക്കരിക്കുന്ന സേതുവിനെ അയാളുച്ചരിക്കുന്ന പദങ്ങളിലെ ‘ഇംഗ്ലീഷ്’ കൊണ്ടുതന്നെ പരിഹസിക്കുന്ന ആ കാൽപ്പനികപരിഷ്കരണ സംസ്കാരത്തോട് ഉറ്റ ബന്ധമുള്ള സേതുവിൻ്റെ പ്രേമാനുഭൂതി ആവിഷ്കരിക്കുന്നതു ശ്രദ്ധിക്കുക. ശാരീരികബന്ധത്തോട് നിഷിദ്ധത പൂണ്ട ഒരു മനസ്സിൻ്റെ കോമളവികാരമാണ് തങ്കമണിയോടടുക്കുമ്പോൾ സേതുവിനെ ഭരിക്കുന്നത്. പരിഷ്ക്കരണത്തിന്റെയും പ്രേമവർണം.
“നിഴൽപ്പാടിലൂടെ നടക്കുമ്പോൾ മുഖമുയർത്തി നോക്കിയ അവളുടെ കണ്ണുകൾ തിളങ്ങുന്നതു കണ്ടു. എന്തെങ്കിലും സംസാരിക്കാനാഗ്രഹിച്ചു. സുഗന്ധം മുഴുവൻ ഉള്ളിൽ ഒതുക്കിവച്ച ഒരു പൂമൊട്ടാണീ പെൺകുട്ടിയെന്നു തോന്നി ഇതാണു കവിത.
മേഘക്കീറുകൾ മാറി ആകാശം തെളിഞ്ഞതു പൊടുന്നനെയായിരുന്നു. തിളങ്ങുന്ന നിലാവിൽ തെങ്ങിൻ തോപ്പിൽ നിഴലുകൾക്കിടയിലെ നീണ്ട വിടവുകളും വെട്ടുവഴിയും മന്ദഹസിക്കുന്നു. അവിശ്വസനീയമായ ഒരൽഭുതം പോലെ കോരിച്ചൊരിയുന്ന നിലാവ്…….
മുകളിൽ തെളിഞ്ഞ ആകാശം. താഴെ നിലാവിൻ്റെ നീണ്ട പുഴ ഒഴുകുന്ന വഴിത്താര. അകലെ അമ്പലത്തിൽ നിന്നുകേൾക്കുന്ന മേളം. ഒരു കൂറ്റൻ ഹൃദയത്തിൻ്റെ തുടിപ്പുകൾ പോലെ മുന്നോട്ടുള്ള കാലടികൾക്കൊപ്പം പെരുകിപ്പെരുകി വരുന്നു
സന്ധ്യയ്ക്ക് വിടർന്ന അരിമുല്ലപ്പൂക്കളുടെ സുഗന്ധം ആസ്വദിച്ചു കൊണ്ട് അവളുടെ കൈപിടിച്ചു നടന്നപ്പോൾ തോന്നി.
ഇതാണ് ജീവിതത്തിലെ നിമിഷം.
-ഈ നിമിഷത്തിനുവേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു.
– നിലാവും സുഗന്ധവും മേളമൊരുക്കി ലോകം എനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നോ?
നിനക്കുവേണ്ടിയും
“ഇതായിരിക്കാം പ്രേമം”
-ലോകത്തൊടു പിറുപിറുക്കാം. എനിക്കൊരു ഹെസ്യമുണ്ട്. ഞാൻ പതിനഞ്ചുവയസ്സായ കവിതപോലുള്ള ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു.
ഐ ലവ് യൂ ! ഐ ലവ് യൂ ! ഐ ലവ് യൂ !
കാൽപ്പനികത കൊണ്ടു സുരഭിലമായ ഈ മോചന വികാരത്തിന്റെ അയഥാർഥതയും മൂല്യസാഹിത്യവും കാലത്തിൻ്റെ കഥതെളിയിക്കുന്നുണ്ട്. വ്യവസ്ഥയോട് ഉരസാനൊരുമ്പെടാതെ മൃദുവായ ഒരു മനോബോധം കൊണ്ട് സ്ത്രീയെ പരിണയിക്കാനാഗ്രഹിക്കുന്ന കൗമാരം ഇവിടെയുണ്ട്. ‘പരിഷ്ക്കരണബോധത്തിൻ്റെ മോഹനമായ പൂവ് പോലെയാണ് സുഗന്ധഭരയായ തങ്കമണി ഇവിടെ പ്രത്യക്ഷപ്പെടുന്നത്.
കൗമാരത്തിന്റെ ദുർബലസന്ധിയിൽ വച്ച് സംഭവിച്ചുപോയ ഒരപരാധമെന്ന നിലയിൽ മാപ്പിനർഹമാണ് ഇവിടുത്തെ മോഹനപ്രേമം. എന്നാൽ പരുഷമായ ജീവിതാനുഭവങ്ങൾ കൊണ്ട് പാകത സംഭവിക്കേണ്ടുന്ന സേതുവിൻ്റെ മുറ്റിയ യുവത്വത്തിലും അടിമയായ ഒരാരാധകന്റെ അപകർഷതാഭാവംകൊണ്ട് നെറികെട്ടുപോയ സേതുവിൻ്റെ പുരുഷത്വം, സുമിത്രയുടെ മുന്നിൽ മാധവമ്മാമ എന്നപോലെ ലളിതയുടെ മുന്നിൽ മുട്ടുമടക്കി നിൽക്കുന്നു.
“വീണ്ടും ഇരുണ്ട മുറ്റത്തു കൂടി നടന്നുപോവുമ്പോൾ അയാൾ വഴി കാട്ടാൻ വേണ്ടി കൈപിടിച്ചു. പടിയുടെ തുടക്കത്തിൽ എത്തിയപ്പോൾ ബോധം നശിച്ചുവെന്നു തോന്നി. തനിക്കുതന്നെ മനസ്സിലാകാത്ത ഭാഷയിൽ അയാൾ എന്തൊക്കെയോ പറഞ്ഞു.
-ഇതൊരു സ്വപ്നമായിരുന്നു. ഇടയൻ്റെ കുടിലിൽ രാജകുമാരി കയറിവന്ന അനുഭവമായിരുന്നു… എനിക്കു കാണണം. ഇവിടെ എനിക്കു സ്വപ്നം കാണാൻ ഒന്നുമുണ്ടായിരുന്നില്ല. ഇനിയും ഇടയന്റെ പാർപ്പിടത്തിൽ രാജകുമാരി വരും. ഞാൻ അതു കാത്തിരിക്കും.
കിടക്കയിൽ വന്നു കിടന്നപ്പോൾ – ഒരു നിധി കണ്ടെത്തിയ ആഹ്ലാദത്തോടെ മനസ്സിലാവുന്നു; വിരൽത്തുമ്പുകളിൽ വിട്ടുമാറാത്ത സുഗന്ധം തങ്ങിനിൽക്കുന്നു.
ആ സുഗന്ധത്തിൻ്റെ ഓർമയിലൂടെ രാത്രി ഒരു പൂപോലെ ചുറ്റും വിടർന്നു പൊങ്ങി. കറുത്ത താമരപോലെ ലോകം മുഴുവൻ അതു നിറഞ്ഞു നിന്നു. ഓളങ്ങളുടെ സംഗീതം കേട്ടുകൊണ്ട് അതിന്റെ അല്ലിത്താളിനു മുകളിൽ അന്നു തലചായ്ച്ചുറങ്ങി.”
ഇവിടെ സ്ത്രീയുടെ മുൻപിൽ സേതു എന്തായിത്തീരുന്നുവെന്നും, സ്ത്രീ സേതുവിന് എന്തായിത്തീരുമെന്നും ശ്രദ്ധിക്കുക. “നിൻ്റെ മുമ്പിലെത്തുമ്പോൾ ഞാൻ ദേവനാകുന്നു.” എന്ന് തങ്കമണിയോടു ബന്ധപ്പെട്ടുകൊണ്ട് സേതുവിന്റെ മനസ്സുപറയുമ്പോൾ വ്യവസ്ഥയുടെ നൈതിക നന്മയിലേക്ക് അയാൾ സ്വയം ഉയർത്തപ്പെടുന്നു എന്ന തോന്നലാണ് അവിടെ സ്പഷ്ടമായിരിക്കുന്നത്. രാജകുമാരിയും ദേവതയും ഇടയനും ദേവകുമാരനുമെല്ലാംസ്ഥാപിത വ്യവസ്ഥയുടെ നൈതിക നന്മയിൽ നിന്നുരുത്തിരിയുന്ന കാമുക കൽപ്പനകളാണ്. (ദൈവം സ്ഥാപിത വ്യവസ്ഥയിലെ നൈതികനന്മയുടെ സ്വരൂപമാണെന്ന വസ്തുത ഇവിടെ നിശ്ചയമായും സ്മരിക്കപ്പെടണം). മധ്യവർഗ പരിഷ്കരണാഭിമുഖസമുദായത്തിൻ്റെയും ഉപരിവർഗത്തിന്റെയും ഏറ്റവും മെച്ചപ്പെട്ട കാൽപ്പനികോൽപ്പന്നങ്ങളാണ് തങ്കമണിയും ലളിതയും. മനുഷ്യനെ അവൻ്റെ യാഥാർഥ്യബോധത്തിൽ നിന്നുയർത്തി, മനുഷ്യന്റെ ഉപ്പില്ലാത്ത ദേവതാബോധമാക്കിത്തീർക്കുന്ന തങ്കമണിയുടെ കൗമാരരൂപത്തോടടുക്കുമ്പോൾ, മനുഷ്യനെന്ന നിലയിൽ സേതുവിനുണ്ടാകുന്ന പതനം ലളിതയുടെ കാമുകത്വത്തോടെ അതിൻ്റെ ഏറ്റവും ജീർണമായ അവസ്ഥയിലെത്തുന്നു. ധനികരാജകുമാരിയുടെ പ്രേമതാൽപ്പര്യം കൊതിയോടെ നോക്കിനിൽക്കുന്ന പാമരനായ ഇടയൻ്റെ പാരമ്പര്യരൂപത്തിൽ സേതു ചെന്നുചേരുന്നു. മനുഷ്യരസശത്രുതയുള്ള കൽപ്പനാവ്യാപാരങ്ങളിലൂടെ, ചുണകെട്ടതും ചൂഷണസമർഥവും ഭീരുത്വപൂർണവുമായ പുരുഷത്വത്തെ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന സുന്ദരവാക്കുകൾ കൊണ്ട് എം.ടി. സേതുവിനെ തികച്ചും അവഹേളിച്ചുവിടുന്നു.
മേൽപ്പറഞ്ഞ സ്ത്രീബന്ധങ്ങളിൽ നിന്നു വ്യത്യസ്തമായ ഒരു ഭാവ വിതാനം സേതുവും സുമിത്രയും തമ്മിലുള്ള ബന്ധത്തിലുണ്ട്. മനുഷ്യനെ ദേവലോകത്തേക്കും രാജകൊട്ടാരത്തിലേക്കും നയിച്ചുകൊണ്ടുപോവുന്ന സുഖദസ്വപ്നമല്ല ആ ബന്ധം. പാപത്തിൻ്റെയും ശാപത്തിന്റെയും കർക്കശ ശബ്ദങ്ങളുള്ള ഒരന്തരീക്ഷത്തിൽ, ദുർദേവതകളും ഇരുണ്ട ബിംബങ്ങളും കൊണ്ടു നിറഞ്ഞ ഭാഷയിൽ ആ ബന്ധം എം.ടി. രേഖപ്പെടുത്തിയിരിക്കുന്നു. സുമിത്രയുടെ മേൽ അമ്മാവനുള്ള ലൈംഗികമായ ആഗ്രഹം നിമിത്തം സേതുവിനു സുമിത്രയുടെ മേലുള്ള ലൈംഗിക ബന്ധം, പാപത്തിൻ്റെ നിറമാർന്നു നിൽക്കുന്നു. വ്യവസ്ഥാനിഷേധപരമായ പാപത്തിൻന്റെ ദുർനിമിത്തം ആ ബന്ധത്തിന്റെ വിശേഷമായി നിൽക്കുകയും ചെയ്യുന്നു.
(ദുർദേവതകളുടെ ഭാവബോധം പശ്ചാത്തലമുള്ള സുമിത്രയുടെ സന്യാ സവൽക്കരണം, നിഷേധത്തിൻ്റെ ശക്തിക്ക് സംഭവിച്ച അപചയമായി ത്തീരുന്നു. ആത്മീയതയുടെ ഈ വേഷം നിഷേധത്തിൻ്റെ ജൈവോർജത്തെ മുരടിപ്പിച്ചെടുത്ത ഒരു ചാപിള്ള ജീവിതത്തിനു ലഭിക്കുന്ന ഉൽകൃഷ്ടതയുടെ കപട പരിവേഷമെന്നതിൽക്കവിഞ്ഞൊന്നുമല് ല- റിബൽ ശക്തികളുടെ കാലാന്തരത്തിലുള്ള ദൈവവൽക്കരണം എന്ന ചരിത്രപ്രക്രിയയെ ഓർമിപ്പിക്കുവാൻ സുമിത്രയുടെ ഈ അപചയരൂപത്തിനു കഴിയുന്നുമുണ്ട്.)
ലളിതയുടെയും തങ്കമണിയുടെയും കൈവിരലുകളുടെ സുഗന്ധശ്വാസത്തോടു പ്രതിസമാനത (contrast) പ്പെടുത്താവുന്ന ഒരു രംഗം നോക്കുക:- “സുമിത്ര കയറിയ വഴിയെ പൊന്തയിലൂടെ കടന്നപ്പോൾ മുള്ളുകൾ കോറിവലിഞ്ഞു കാലിൽ നീറലുണ്ടായി. തിരക്കിട്ട് അവളുടെ ഒപ്പമെത്താൻ വേണ്ടി നടക്കുമ്പോൾ കണ്ടു: കാൽവണ്ണയിൽ നെടുനീളത്തിൽ ഒരു വര.
ഞാവൽക്കൂട്ടം കടന്നാൽ കരിമ്പാറകൾ ചത്തുമലച്ചു കിടക്കുന്ന വലിയ കുന്നാണ്. അവിടെ നിന്നു നോക്കിയാൽ നാടു മുഴുവനും കാണാം”സുമിത്രയും സേതുവും തമ്മിലുള്ള ബാല്യകാലരംഗങ്ങളിൽ വരെ ഭീതി ദായകമായ ഒരു ഭാഷയാണ് സുമിത്രയ്ക്കു ചുറ്റും വ്യാപിക്കുന്നത്. ഈ ശവ ദാഹരംഗം നോക്കുക:
“സുമിത്രയാണു ദഹിപ്പിക്കുന്നതു കാണാൻ പോകാമെന്നു പറഞ്ഞത്. ഞാവൽക്കൂട്ടത്തിനിടയിൽ പാറക്കെട്ടിൻ്റെ മുകളിൽ നിന്നു നോക്കി…
ഉണ്ണിനമ്പൂരി വെള്ളം തളിക്കുന്നു. ചുറ്റും നടക്കുന്നു.
നീണ്ട മരക്കഷണങ്ങളും കൊടപ്പനത്തണ്ടുകളും കൊണ്ട് ആളുകൾ കുത്തിയിളക്കുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ കേട്ട നരകത്തിന്റെ ചിത്രമാണ് പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത്. യമദൂതന്മാർ വറുക്കുന്നു. പൊരിക്കുന്നു. തീയിലിട്ടു ചുടുന്നു.
“നോക്ക് സേതു. നോക്ക്”
സുമിത്ര ചുമലിൽ അമർത്തിപ്പിടിച്ചു ചൂണ്ടിക്കാട്ടി കുത്തിയിളക്കി ഉയർത്തിയ കൊടപ്പനത്തണ്ടിൽ കരിങ്കുരങ്ങിനെപ്പോലെ എന്തോ ഒന്നു തൂങ്ങിക്കിടക്കുന്നു. ഒരു നിമിഷമേ കണ്ടുള്ളൂ.
“കൊടല്മാലയാണ്
സുമിത്രയെ കൂടാതെ ഓടി. നിലവിളിയോടെ
സുമിത്ര കാണുമ്പോഴെല്ലാം കളിയാക്കി; പേടിത്തൊണ്ടൻ. ഉറക്കം കണ്ണുകളെ മയക്കി അടയ്ക്കുന്ന നേരം നോക്കി കരിങ്കുരങ്ങിനെപ്പോലെയുള്ള ആ വസ്തുവിൻ്റെ രൂപം മനസ്സിൽ തെളിയും ഉടനെ ഞെട്ടി ത്തെറിക്കും.
കുഞ്ചുനമ്പൂതിരിയുടെ ശവദാഹവും അതിനെ സംബന്ധിച്ച സേതു വിനുണ്ടാകുന്ന ഭയവും സുമിത്രയുടെ സമീപത്തിലെവിടെയും വ്യാപിക്കുന്നുണ്ട്. മറ്റൊരു രംഗം:
“കുന്നിൻ ചെരുവിൽ നിന്ന് നിലം നന്നാക്കാൻ വെട്ടിയെടുത്ത ഭാഗം ഒരു ചെറിയ ഗുഹപോലെയാണ്. സുമിത്രയുടെ ആടുകൾ അവിടെക്കയറി യിരുന്നു. ആടുകളെ ഉന്തിത്തള്ളി പുറത്തുചാടിച്ച് അവൾ അതിൽ സ്ഥലം പിടിച്ചിരുന്നു. ആട്ടിൻ കാട്ടത്തിൽ ചവിട്ടാതെ സേതു ഒതുങ്ങിക്കൂടിയിരുന്നു…
ഒന്നും മിണ്ടാതെ നെഞ്ചിടിപ്പോടെ ഇരുന്നു.
“കുഞ്ച്യമ്പൂര്യ ദഹിപ്പിക്കണത് കണ്ട് പേടിച്ചോടേത് ഓർമണ്ടോ?”
സേതു ചിരിച്ചു.
സുമിത്രയ്ക്ക് ഇപ്പോൾ അത് ഓർമവരാനെന്തേ?”
ലൈംഗികതയുടെ പ്രേരണകൾ വന്നുനിറയുന്ന ഈ സന്ദർഭത്തിൽ, സുമിത്ര മരണത്തിന്റെ ഗന്ധമുതിർക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കേണ്ടതുണ്ട്. വൈദികമായ ആധിപത്യ വ്യവസ്ഥയുടെ ചുടലത്തീയിൽ നിന്ന് പെറുക്കിയെടുത്ത വികൃതവസ്തുവിനെ സേതുവിനു നേർക്ക് ഉയർത്തിക്കാട്ടി പക്വതയെത്തിയിട്ടില്ലാത്ത ആ മനസ്സിനെ ഭയപ്പെടുത്തുന്ന സുമിത്ര ഒരു പ്രേതലോകത്തിൻ്റെ കറുത്ത കിരാതമായ ശക്തിയെ ഓർമിപ്പിച്ചുകൊണ്ട് ആ ശക്തി സേതുവിലേക്ക് ആവാഹിക്കുവാൻ കാത്തിരിക്കുകയാണ്. നിഷേധത്തിന്റെ ഇരുണ്ട നിറം സുമിത്രയുടെ കാമത്തിൽ കലരുന്നതുകൊണ്ടാണ്, കറുത്ത ഗുഹാശക്തി, മരണനാശത്തിൻ്റെ ശക്തി ഇത്തരം രംഗങ്ങളിൽ പടരുന്നത് വ്യവസ്ഥാനാശത്തിൻ്റെ കറുപ്പ് മരണബോധത്തിലൂടെ ഉന്നയിക്കപ്പെട്ടിരിക്കുന്നു. അതിജീവനത്തിന്റെ ലൈംഗികതയ്ക്കുള്ള ഇന്ധനമായി ന്നു .കറുപ്പ് സൂമിന്നു കൊപ്പിച്ചു നിർത്തിയിരിക്കുന്നു.
“സുമിത്രയെപ്പറ്റി ഓർക്കാതിരിക്കാൻ ശ്രമിച്ചു. ലോറികളുടെ ഇരമ്പം ഇറക്കത്തിൽ അടുത്തെത്തി പെരുകി അകന്നുപോകുന്നതു ശ്രദ്ധിച്ചു.നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് കുമ്മാണിക്കുളത്തിൽ ചെറുമിയുടെ ശവം പൊന്തിക്കിടക്കുന്നതു കാണാൻ ആളുകൾ കൂടിനിൽക്കുന്നതു കണ്ടത്.
ഉറക്കം പിടിച്ചപ്പോൾ കൈതക്കൂട്ടങ്ങൾ ചുറ്റും വളരുന്ന വയൽ വക്കിലെ പൊട്ടക്കുളത്തിൽ പൊന്തിക്കിടക്കുന്ന ശവം സ്വപ്നം കണ്ടു ഞെട്ടി യുണർന്നു. നേരം എത്രയായെന്നറിഞ്ഞുകൂടാ, ശരീരം വിയർത്തു കുളിച്ചിരുന്നു. സ്വന്തം നെഞ്ചിടിപ്പുകൾ കേൾക്കാം. ഇരുമ്പഴികളിട്ട ജാലകത്തിലൂടെ തെരുവു വിളക്കുകൾ മുനിഞ്ഞു കത്തിനിൽക്കുന്നതു കണ്ടു.
സുമിത്രയെ മനസ്സിൽ നിന്നു മായ്ച്ചു കിട്ടാൻ വേണ്ടി ക്ലാസ്സിലെ പെൺകുട്ടികളെപ്പറ്റി ആലോചിച്ചു.”
ഇവിടെയും സുമിത്രയോടൊപ്പം മരണത്തിൻ്റെ ഗന്ധം കടന്നു വരുന്നു. വൈദിക പൂജാനുഷ്ഠാനങ്ങൾ ചെയ്ത കുഞ്ചുനമ്പൂരിയുടെ ചിതയിൽ നിന്നു യർത്തിയെടുത്ത ദുർബോധം, ഇവിടെ, പൊട്ടക്കുളത്തിലെറിയപ്പെട്ട ശവമായിക്കിടന്ന് ഭയം വമിക്കുന്നു. വേദനന്മയുടെ വ്യവസ്ഥാനീതി ചവിട്ടിച്ചു തച്ചുവച്ച മനുഷ്യാത്മാക്കളുടെ കരി, സുമിത്രയുണർത്തുന്ന കാമത്തിന്റെ ശക്തിവിശേഷമായിത്തീരുന്നുണ്ടെന് ന് ഇവിടെ കാണാം.
“കുന്നിൻ ചെരുവിൽ വടക്കേ വീടിൻ്റെ മുകൾഭാഗത്തെ ബ്രഹ്മരക്ഷസ്സിന്റെ തറയുടെ സമീപം കുടപ്പനക്കൂട്ടങ്ങളുടെ തണലിൽ നിന്നു. അവിടെ നിന്നാൽ വടക്കേതിലെ മുറ്റത്തിൻ്റെ ഒരു പൊളിയും ഇപ്പോൾ കുമ്പളവള്ളികൾ പടരുന്ന ഇടിഞ്ഞു പൊളിഞ്ഞ തൊഴുത്തിന്റെ തറയും കാണാം.
മനശ്ശക്തികൊണ്ട് അവളെ വരുത്തണം.”
യക്ഷികളെ ഓർമിപ്പിക്കുന്ന കുടപ്പനക്കൂട്ടങ്ങളും ബ്രഹ്മരക്ഷസ്സിന്റെ തറയും വീണ്ടും സുമിത്രയോടു ബന്ധപ്പെടുന്നതു നോക്കുക. നന്മയുടെ ദേവരൂപങ്ങൾക്കെതിരു നിൽകുന്ന പിശാചദുർദൈവങ്ങളുടെ പശ്ചാത്തലം സുമിത്രയുടെ നിലനിൽപ്പിനു ചുറ്റുമുണ്ട്. വ്യവസ്ഥയുടെ ദേവനന്മയെ നിഷേധിക്കുന്ന പിശാചഗുണം സുമിത്ര സംവേദിക്കുന്ന കാമത്തിൻ്റെ സ്വഭാവം തന്നെയാണെന്ന് ഇവിടെയും വ്യക്തമാവുന്നുണ്ട്.
എം. ടി. കാമത്തിനു നൽകുന്ന ഗുണപരമായ ദർശനാർഥം ഒന്നുകൂടി തെളിച്ചപ്പെടുത്തുന്ന രണ്ടു രംഗങ്ങൾകൂടി പരിശോധിക്കാം. സേതുവും സുമിത്രയും ലൈംഗികബോധത്തോടെ ബന്ധപ്പെടുന്നതിൻ്റെ ആരംഭത്തെയും അവസാനത്തെയും കുറിക്കുന്ന രംഗങ്ങളാണവ.
“തൊട്ടടുത്ത് സുമിത്ര. കുപ്പിവളകളിട്ട കൈത്തണ്ടയിൽ തൊടണമെന്നു തോന്നി…അവസാനം ധൈര്യം ഒഴുകിക്കൂടിയ ഒരു നിമിഷം സുമിത്രയുടെ വിരലുകൾ പിടിച്ചു. അവൾ കൈ കുടഞ്ഞ് എഴുന്നേറ്റ് പോകുമെന്ന് ഭയന്നിരിക്കെ സുമിത്ര ചിരിച്ചു…എഴുന്നേറ്റ് ഉമ്മറപ്പടിമേൽ വച്ച വിളക്ക് കുനിഞ്ഞെടുത്ത് ഇരുട്ടിൽ സുമിത്ര അകത്തേക്കു പോയപ്പോൾ വിയർപ്പോടെ നെഞ്ചിടിപ്പോടെ തല കുമ്പിട്ടിരുന്നു.
പുതുമയുടെ ഇരമ്പം കേട്ടപ്പോൾ മനസ്സ് ക്രമത്തിൽ സ്വസ്ഥമായി. ഓല ക്കീറുകളിലും വൈക്കോൽ മേഞ്ഞ മേൽപ്പുരയിലും പൊടുന്നനെ കനം വച്ച തുള്ളികൾ വീഴാൻ തുടങ്ങി. ആയിരം ചെറിയ അനക്കങ്ങൾ ചേർന്ന് ഒരു സംഗീതമുണ്ടാവുന്നു. ഇറവെള്ളത്തിൻ്റെ സ്വരത്തോടൊപ്പം പോളകൾ പൊട്ടുന്ന ശബ്ദം. അകലത്തുനിന്ന് ഉരുണ്ടുവന്ന ഇടിമുഴക്കം നേരെ മുകളിൽ വന്നു പൊട്ടിച്ചിതറിയപ്പോൾ പഴയ ഭിത്തികൾ വിറച്ചു.
ഒരു പെരുമഴയ്ക്ക് ചെമ്മണ്ണുതേച്ചു ഭിത്തികൾ കുതിർന്നു വീഴുമ്പോൾ അമ്മ എന്തു പറയും?
-കോട്ട പോലത്തെ വീട്.
മുട്ടുകൊടുത്തു നിറുത്തിയ നുറുങ്ങിയ മോന്തായം വൈക്കോൽ മേഞ്ഞ മേൽപ്പുര. മച്ചിൽ പ്രേതങ്ങളും നട്ടുച്ചയ്ക്ക് മുറികളിൽ ഇരുട്ടുമുള്ള ഈ വീടിനെത്തന്നെയാണ് കോട്ട എന്നു വിളിക്കേണ്ടത്.
പുകയുന്ന ചിമ്മിനിയുടെ ചെമ്പിച്ച വെളിച്ചത്തിൽ കണ്ട സുമിത്രയുടെ മുഖം സങ്കൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് കണ്ണടച്ചു കിടന്നു”.
സേതു സുമിത്രയുമായി ലൈംഗിക സാമീപ്യം പുലർത്തുന്ന ആദ്യ സന്ദർഭത്തിൽത്തന്നെ പ്രത്യക്ഷപ്പെടുന്ന കോട്ടപോലത്തെ വീട് ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയുടെ വ്യവസ്ഥാ ബിംബം പോലെയുണ്ട്. ഭിത്തികളെ പിടിച്ചു കുലുക്കുന്ന ഇടിമുഴക്കവും, ഭിത്തികൾ തകരുന്നതിൻ്റെ വിചാരവും എഴുത്തുകാരന്റെ ഭജനതൃഷ്ണയുടെ അനുരണനങ്ങളാണ്. മച്ചിൽ പ്രേതങ്ങളും നട്ടുച്ചയ്ക്കു മുറികളിൽ ഇരുട്ടുമുള്ള ‘കോട്ട’ ഇത്തരമൊരു ലൈംഗികമായ സന്ദർഭത്തിൽ നിബന്ധിക്കപ്പെടുന്നത് എന്തുകൊണ്ടും പ്രസക്തമാണ്. ഫ്യൂഡലിസത്തിന്റെ നൈതികനന്മയെ വിരോധിക്കുന്ന പ്രേതങ്ങളും ഇരുട്ടും ഇവിടെയും ലൈംഗികതയുടെ ഇന്ധനബോധമായിത്തിരുന്നു. പാപ-നാശങ്ങളുടെ ഈ അന്തരീക്ഷം സേതുവും സുമിത്രയുമായി ഇണചേരുന്ന അവസാന രംഗത്തിൽ ഒന്നുകൂടി ശക്തിപ്പെടുന്നുമുണ്ട്.
“വിളക്കു വാങ്ങുമ്പോൾ അവളുടെ വിരലുകളിൽ കൂട്ടിപ്പിടിച്ചു. മുട്ടി വിളക്കിന്റെ അൽപ്പം മാത്രമുള്ള വെളിച്ചം ചുറ്റുമുള്ള ഇരുട്ടിനു കനം കൂട്ടുന്നുവെന്നു തോന്നി. കൈതക്കൂട്ടത്തിനടുത്തുകൂടെ പോകുമ്പോൾ തെല്ല് ഭയം തോന്നാതിരുന്നില്ല. കുളം ഇരുട്ടിൻ്റെ ഒരു ഗുഹയാണെന്നു തോന്നി. പണ്ട് കിണറായിരുന്നു. വെട്ടിയിറക്കി കുളമാക്കിയതാണ്… ചുറ്റും കാറ്റ് തുടൽ പൊട്ടിച്ച് പേയിളകി പാഞ്ഞുനടന്നു കവുങ്ങിൻ തോടും മന്ത്രവാദക്കളത്തിനു മുമ്പിലിരിക്കുന്ന ഒഴിയാബാധകളേറ്റ സ്ത്രീകളെപ്പോലെ മുടിയഴിച്ചിട്ടാടിത്തകർക്കുന്നു . ഒരു രോദനം പോലെ ആരംഭിച്ച കാറ്റിൻ്റെ മുളക്കം പെരുകിപ്പെരുകി ഇരമ്പമായി മാറി. പൂരക്കോലുകൾ പോലെ മഴ തെരുതെരെ വന്നു വീണ് ചുറ്റും ചിതറിക്കിടന്നു. നനഞ്ഞ മണ്ണിന്റെ ഗന്ധം.”
കൈതച്ചെടികളും കുടപ്പനകളും കവുങ്ങിൻ വ്യക്ഷങ്ങളും യക്ഷിപ്പിശാചുകളുടെ വാസസങ്കേതങ്ങളായാണല്ലോ അറിയപ്പെടുന്നത്. അവയുടെസാന്നിധ്യം സേതു-സുമിത്ര ബന്ധത്തിൻ്റെ പശ്ചാത്തലമായി എപ്പോഴും ശക്തിപ്പെട്ടുനിൽക്കുന്നുണ്ട്. ആ ബന്ധത്തിൻ്റെ അന്ത്യം കുറിക്കുന്ന ഈ രംഗം ഒരാഭിചാരകർമത്തിൻ്റെ അനുഷ്ഠാനരീതികളിലൂടെയാണ് ലൈംഗികവേഴ്ചയെ ധ്വനിപ്പിക്കുന്നത്.
ആഭിചാരകർമത്തിൻ്റെ പ്രസക്തി ഈ രംഗത്തു പതിഞ്ഞിരിക്കു ന്നതിന്റെ മൂല്യം നിർണയിക്കുമ്പോൾ, യക്ഷിപ്പിശാചുകളെപ്പറ്റിയുള്ള കേരളീയമായ സങ്കൽപ്പംകൂടി പരിഗണിക്കേണ്ടി വരുന്നു. ലൈംഗികാഗ്രഹത്തിന്റെയും പ്രണയത്തിൻ്റെയും മനുഷ്യജീവനത്തിന് അപകടം പതിച്ചുകൊടുത്ത വ്യവസ്ഥയ്ക്കും വ്യവസ്ഥിതിക്കുമെതിരെ ജന്മാന്തര പ്രതിഷേധമുയർത്തി പകവീട്ടാനലയുന്ന, അസംതൃപ്തമായ, ഗതികിട്ടാത്ത ആത്മാക്കളാണ് പ്രേതങ്ങളും യക്ഷികളും എന്നാണു സങ്കൽപ്പം. ജൈവാഗ്രഹങ്ങൾ നിരസിക്കപ്പെട്ട ഇരുട്ടിൻ്റെ ആത്മാക്കളുടെ ശക്തിയാണ് പ്രേതങ്ങളിൽ അലയുന്നത്. വ്യവസ്ഥയുടെ നീതിരഹിതമായ ദണ്ഡനങ്ങളേറ്റു മരണമടഞ്ഞ ഈ പ്രേതങ്ങൾ, പകവീട്ടലിൻ്റെ കറുത്ത ക്ഷോഭം കൊണ്ട് ഇരമ്പുന്ന ആ സങ്കൽപ്പങ്ങൾ, നൈതികനന്മയുടെ ആരാധ്യദൈവങ്ങൾക്കെതിരുനിൽക്കുന് നു. ഫ്യൂഡൽ ദൈവവ്യവസ്ഥയുടെ സംസ്കൃതമഹിമയ്ക്ക് ശത്രുതയായി നിൽക്കുന്ന ഇരുട്ടിൻ്റെ ആത്മാക്കൾ സേതു-സുമിത്രമാരുടെ സംയോഗബന്ധത്തിൽ ഒഴിയാബാധപോലെ പ്രവേശിക്കുകയാണുണ്ടാവുന്നത്. ‘വ്യവസ്ഥ’യുടെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് പേയിളകിയലറുന്ന കാറ്റ്, ഇവിടത്തെ ലൈംഗികതയ്ക്ക്, കലാപാസക്തമായ (rebellious) സ്വഭാവം നൽകുന്നു.
മഴത്തുള്ളികളുടെ ചൂരൽ പ്രഹരമേറ്റ് സാധാരണ ബോധത്തിലെത്തി നിൽക്കുന്ന രംഗാവസാനം, ‘ബാധ’യിൽ നിന്നു രക്ഷ ലഭിച്ച് ഭീരുത്വത്തിലേക്ക് തിരിച്ചെത്തുന്ന സേതുവിനെ നിലനിർത്തുന്നു. ആഗ്രഹത്തിന്റെ ഉഗ്രശക്തിയാൽ തന്നെ ബന്ധിച്ചിരുന്ന ചങ്ങലകൾ പൊട്ടിച്ചെറിയുന്ന വേലായുധന്റെ അവസാനമാണ് ഇവിടെ സേതുവിനും ലഭിക്കുന്നത്. പൊട്ടിച്ചെറിഞ്ഞ ചങ്ങലകളാടുന്ന കരങ്ങൾ നീട്ടിക്കൊണ്ട് “എന്നെ ചങ്ങലക്കിടൂ’ എന്നഭ്യർഥിക്കുന്ന വേലായുധനെപ്പോലെ, പേയിളകിപ്പാഞ്ഞ് ശക്തി നഷ്ടപ്പെട്ട്, “ഭീരുവെപ്പോലെ ശക്തി ക്ഷയിച്ചുനിന്ന് എനിക്കു മാപ്പുതരൂ സുമിത്രേ” എന്നു പറയാൻ അയാൾ ആഗ്രഹിക്കുന്നു. അയാളെ വരിഞ്ഞു മുറുക്കുന്ന ചങ്ങലകളുടെ സുഗന്ധം വ്യാപിക്കുന്ന വിരലുകളിലേക്ക് അയാൾ സ്വന്തമാത്മാവിനെ ബന്ധിക്കാൻ സന്നദ്ധനാവുന്നു. എന്നാൽ തുടൽ പൊട്ടിച്ചു പേയിളകിപ്പായുന്ന ആ വികാരം, അതിൻ്റെ ഘോരമായ ശബ്ദങ്ങൾ, ചൂരൽ പ്രഹരങ്ങൾ ‘മാറ്റ’ത്തിൻ്റെ വിലപ്പെട്ട ആഘാതങ്ങളായിരുന്നുവെന്ന് അയാളറിയുന്നു, കലാപത്തിൻ്റെ ഈ കറുത്ത തൃഷ്ണ (will) ഇരുമ്പുപാലം വിറപ്പിച്ചുകൊണ്ട് സംഹാരശക്തിയോടെ കുതിച്ചോടുന്ന വണ്ടിച്ചക്രങ്ങളിൽനിന്നു വീണ്ടെടുക്കാൻ അയാൾ ആഗ്രഹിക്കുന്നു. ലളിതയുടെ തണുത്ത മെത്തയ്ക്കരികിൽ ഷണ്ഡൻ്റെ അമർഷത്തോടെ നിൽക്കുന്ന അയാൾ, ചീറുന്ന ചക്രങ്ങളുടെയും തകരുന്ന ലോഹത്തകിടുകളുടെയും മുറവിളികേട്ട നിമിഷത്തെ ആഗ്രഹിക്കുമ്പോൾ സംഹാരകാരിയായ കറുപ്പിന്റെ ഉഗ്രശബ്ദങ്ങൾ അയാളുടെ ഇച്ഛാശക്തിയിൽ പിടിച്ചു നിൽക്കുന്നുണ്ടെന്നു വ്യക്തമാണ്. വ്യവസ്ഥയുടെ ക്രൂരമായ നൈതികശാസനങ്ങൾക്കുള്ളിൽപ്പെട്ട് . അജ്ഞവും അപകൃഷ്ടവും അപഹാസ്യവും അധഃസ്ഥിതവുമായ നരത്വത്തിന്റെ അവസ്ഥയിൽ കഴിയുന്ന ഇരുണ്ട ആത്മാവിന്റെ കരിയാണ് ചീറുന്ന ചക്രങ്ങളുടെയും തകരുന്ന ലോഹത്തകിടുകളുടെയും മുറവിളിക്കരുത്തുള്ള സർവനാശത്തിന്റെ ഇന്ധനം. കരിമ്പന പോലത്തെ കൈകളിൽ ഉയർന്ന വ്യവസ്ഥയുടെ ഇരുമ്പുദണ്ഡുകളെ ഭേദിക്കുന്ന, തണ്ടവാളങ്ങളെ കുലുക്കി വിറപ്പിക്കുന്ന ശക്തി, തണുത്ത ഷണ്ഡത്വത്തിൽ നിന്നുള്ള മോചനമാണ്. തുടൽപൊട്ടിച്ച് പേയിളകിപ്പായുന്ന നിഷേധത്തിന്റെ പൂർവനിമിഷങ്ങളെ ഒരെഴുത്തുകാരൻ എന്ന നിലയിൽ എം.ടി. മെരുക്കി വളർത്താനാഗ്രഹിക്കുന്നു.
“വെയിലത്ത് ഉരുകാൻ തുടങ്ങിയ ടാറിട്ട റോഡിലൂടെ ചടച്ച വണ്ടി കുതിര പതുക്കെ നടന്നു. അടിയുടെ തിണർപ്പുകൾ രക്തനൂലുകൾ പോലെ പൊങ്ങിക്കാണുന്ന പുറത്ത് വണ്ടിക്കാരൻ്റെ ചാട്ട ഭീഷണിയോടെ ഇഴഞ്ഞു നടന്നു. വായുവിൽ അതു പുളഞ്ഞു ശബ്ദമുണ്ടാക്കുമ്പോൾ കറുത്ത മുറിവേറ്റ തൊലി ചുളിയുന്നതു കാണാമായിരുന്നു. നിസ്സഹായതയുടെ ധീരത കൊണ്ടാവണം വേഗം കൂടാതെ കുതിരലാടം തറച്ച കുളമ്പുകൾ ഒച്ചയോടെ വലിച്ച് സാവധാനത്തിൽ നടന്നു.”
കലാലയജീവിതത്തോടു യാത്ര പറഞ്ഞ് ഗ്രാമത്തിലേക്കു മടങ്ങുന്ന സേതുവിന്റെ യാത്ര എം.ടി. വിവരിക്കുന്നത് മുകളിൽപ്പറഞ്ഞ പ്രകാരത്തിലാണ്. എഴുത്തുകാരൻ എന്ന നിലയിൽ എം.ടി. യുടെ വർണനാപാടവം ഉദാഹരിക്കാൻ വേണ്ടിയല്ല ഈ ഭാഗം പ്രയോജനപ്പെടുന്നത്. എം.ടി. യുടെ മനോഭാവത്തിന്റെ പ്രത്യക്ഷപാത്രമായിരിക്കുകയും എം.ടി. യുടെ ദർശന ബോധത്തിൽ പ്രസക്തമായിരിക്കുന്ന പദങ്ങളും പ്രയോഗങ്ങളും കൊണ്ടു വിശേഷപ്പെടുകയും ചെയ്യുന്നു എന്നതാണ് ഈ ഭാഗത്തിന്റെ പ്രാധാന്യം. നിസ്സഹായമായ യാതനയിൽനിന്നുയരുന്ന അനുസരണക്കേടിന്റെ ധീരതയും, കറുത്ത മുറിവേറ്റു ചുളിഞ്ഞ തൊലിയുമുള്ള കുതിരയുടെ ചിത്രം എം.ടി.യെ കണ്ടെത്താൻ സഹായിക്കുന്ന ഭാഷയാണെന്നതിൽ സംശയമില്ല.
ഭൂതകാലത്തിന്റെ ഇരുണ്ട പ്രേതങ്ങൾപോലെ നിർവികാരമായ ഭാഷ യിലൂടെ, പൂർവചരിത്രബോധം ഉണർത്തുന്ന ഉണ്ണിനമ്പൂരിയും ദേവുവും വർത്തമാന വ്യവസ്ഥിതിവിതാനത്തിൽ അധഃസ്ഥിതവും നിന്ദ്യവും ദുരന്താത്മകവുമായ ജീവിതഗതിയിലേക്കു പതിക്കുന്നുണ്ട്. നമ്പൂരി, കാര്യസ്ഥൻനായമുടെ ദേഹണ്ഡക്കാരനായിത്തീരുകയും, നമ്പൂരിയുടെ കുടുംബം ചെറുമരുടെ സ്ഥിതിയെക്കാളും കഷ്ടത്തിലാവുകയും ചെയ്യുമ്പോൾ നമ്പൂരിപ്രതാപത്തിനു സംഭവിക്കുന്ന ദുരന്തം പൂർണമായി. പതനത്തിന്റെ ഭൂമിയിൽ, മനുഷ്യരസത്തിന്റെ ശക്തി ലഭിക്കാത്ത വൈകല്യമായിത്തീർന്നു പോയ ഉണ്ണിനമ്പൂരിയെ പ്രതി, യാതന അനുഭവിക്കാൻ ദേവു സന്നദ്ധയാവുമ്പോൾ, നമ്പൂരി ദേവു ബന്ധത്തിന് കാലത്തിൽ കാര്യമായ പ്രസക്തി ലഭിക്കുന്നു. വികലവും വിരൂപവും അപമാനിതവും നിന്ദ്യവുമായ നരത്വംകൊണ്ട് വിശേഷപ്പെട്ട ദേവു, സ്വന്തം കുടുംബത്തിന്റെ തകർച്ചയ്ക്കു വഴിയൊരുക്കിക്കൊണ്ട് നമ്പൂരിയോടുള്ള ബന്ധം ഉച്ചത്തിലാക്കുകയും മാധവമ്മാമ അവളെ ഉപേക്ഷിച്ചുപോവുകയും ചെയ്യുന്നു. ഉണ്ണിനമ്പൂരിയെ മാധവൻ നായർ മർദിക്കുന്നത് അന്യയെപ്പോലെ നോക്കി നിൽക്കാൻ കഴിയാത്ത ദേവു അവളുടെ നിസ്സഹായതയുടെ ധീരതകൊണ്ട്, നായരുടെ കപടാഭിമാന ത്തിന്റെ മുഖത്തടിക്കുന്നു. വീണ്ടും അന്നുരാത്രി വടക്കേതിൽനിന്ന് ദേവുവിന്റെ നിലവിളി ഉയരുന്നു. മാധവമ്മാമ ഇറങ്ങിപ്പോകുന്നു. ഈ നിലവിളി അവൾക്കു ലഭിച്ച പുരുഷസമ്പർക്കത്തോട് അവൾ പുലർത്തുന്ന സ്നേഹമാണ്. സത്യസന്ധതയാണ്. തന്റെ കൗമാരത്തിന്റെ നായകനായ സേതുവുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിച്ചുകൊണ്ട് മാധവമ്മാമയെ പ്രലോഭിക്കുന്ന സുമിത്രയ്ക്കോ. കല്യാണത്തിനു കാത്തിരുന്നിട്ട് കഥയില്ലെന്നു കണ്ട് വേറെ കല്യാണം കഴിച്ച് രക്ഷപ്പെടുന്ന തങ്കമണിക്കോ അത്തരമൊരു നിലവിളി നോവലിലുയർത്താൻ കഴിയുന്നില്ല. ഒരു മധ്യവർഗഭീരുവിന്റെ മനസുള്ള സേതുവിനുതന്നെയും സ്ത്രീകളോടുള്ള ബന്ധങ്ങളിൽ ഇത്തരം ധീരത പുലർത്താൻ കഴിയുന്നില്ല. കാൽപ്പനികചമയം തീരെ പുരളാത്ത ഈ കറുത്ത അവിശുദ്ധബന്ധത്തിൽ മനുഷ്യബന്ധത്തിൻ്റെ ധീരത പുരളുന്നത്. കാലഹരണപ്രശ്നമുള്ള പൂർവിക വ്യവസ്ഥയെ ന്യായീകരിക്കാൻ വേണ്ടിയല്ല; നിന്ദിതത്വത്തിന്റെയും പീഡിതത്വത്തിൻ്റെയും അവസ്ഥയിൽക്കഴിയുന്നവർ കാൽപ്പനികവ്യാമോഹത്തിന്റെ സുഖമനുഭവിക്കുന്നവരെക്കാൾ മനുഷ്യധീരത ഉയർത്തിയെടുക്കാൻ പ്രാപ്തരാണ് എന്ന സത്യമറിയിക്കുവാനാണ്. മാനുഷ്യകതയുടെ ഏറ്റവും ശക്തമായ നിലവിളി ദേവുവിനുയർത്താൻ കഴിയുന്നത് അവൾ അധഃസ്ഥിതിത്വത്തിൻ്റെയും വൈരൂപ്യത്തിന്റെയും കറുത്ത മണ്ണിൽ പറ്റിപ്പിടിച്ചു കിടക്കുന്നതുകൊണ്ടാണ്. നിഷേധത്തിന്റെ അവകാശബലം ഇരുണ്ട വൈരൂപ്യത്തിൻ്റെ മനുഷ്യർക്കു വിട്ടുകൊടുത്തിരിക്കുന്ന എം.ടി. (കുട്ട്യേടത്തി ഓർക്കുക) ഉപരിവർഗക്കാരന്റെയും മധ്യവർഗക്കാരന്റെയും നിഷേധമെന്നത് കാൽപ്പനികമായ ഒരസ്വസ്ഥതയായി കുറച്ചുകാട്ടുന്നു. അടിച്ചമർത്തപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന രക്തത്തിലാണ് എം.ടി. മാനുഷ്യകയുടെ ഏറ്റവും ഉദാത്തമായ നിറം കണ്ടെത്തുന്നത്. അവമതിയുടെ തിക്തരസം ആവോളം പുരണ്ട സേതുവിൻ്റെ മനുഷ്യതാശക്തി പരിമിതികളുടെ തടങ്കലിലാവുന്നതും നഷ്ടപ്പെടുമാറുച്ചത്തിൽ നിവർന്നു നിന്നു നിഷേധിക്കാൻ അയാൾക്കു കഴിയാതെയാവുന്നതും കാൽപ്പനിക മോഹത്തിൻ്റെയും മിഥ്യാപ്രതാപത്തിൻ്റെയും ധൂമവലയങ്ങൾക്കുള്ളിൽ അയാളുടെ മുഖം മുങ്ങിപ്പോകുന്നതുകൊണ്ടുതന്നെ. അടിച്ചു വേദനിപ്പിച്ച ആത്മാവിൻ്റെ രോദനവുമായി അലയുന്ന എം.ടി. യുടെ മധ്യവർഗനായകനെ പലപ്പോഴും അനുഗമിക്കുന്ന ചുമട്ടുകാരൻ ഭീരുത്വബാധിതമായ മധ്യവർഗ മർദിത ബോധത്തിനു സംഭവിക്കുന്ന പ്രസക്തമായ മനസ്സാക്ഷി ശല്യമാണ്, മധ്യവർഗജീവിയുടെ കുറ്റബോധത്തിന്റെ കൈക്കുറിപ്പാണ്. സുന്ദരിയായ സുമിത്രയ്ക്കെതിരെ പ്രതിസമാനീകരിക്കപ്പെടുന്ന ദേവുവും, തങ്കേട്ടത്തിക്കെതിരെ പ്രതിസമാനീകരിക്കപ്പെടുന്ന കുട്ട്യേടത്തിയും മധ്യവർഗനായകനെതിരെ നിബന്ധിക്കപ്പെടുന്ന പെട്ടി ചുമട്ടുകാരന്റെനിരയിലാണു നിൽക്കുന്നതെന്നു കാണാം. ഇരുമ്പുപെട്ടിയും കോസറിയും ചുമന്നുവരുന്ന വൃദ്ധനായ ചെറുമൻ്റെ കിതപ്പ് നോവലിന്റെ പ്രാരംഭഖണ്ഡത്തിൽത്തന്നെ പരിചയപ്പെടുത്തിത്തരുന്ന എം.ടി. ഭാരം ചുമക്കുന്ന ചടഞ്ഞ കുതിരയുടെ ദീനത വർണിക്കുമ്പോൾ അവയ്ക്ക് പരസ്പരബന്ധം ലഭിക്കുന്നതുപോലുണ്ട്. സേതു നഗരത്തിലെ കലാലയത്തിലേക്കു പോവുമ്പോൾ കിതയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നതു ചെറുമനും, നഗരത്തിലെ കലാലയത്തിൽ നിന്നുമടങ്ങി വരുമ്പോൾ ലാടം തറച്ച കുളമ്പുകൾ ഒച്ചയോടു വലിച്ചു വലിച്ചു നടക്കുന്നതു കുതിരയുമാണ്. ‘ഒപ്പം വാടാ’ എന്ന് ആജ്ഞാപിച്ചുകൊണ്ട് മുൻപേനടക്കുന്ന അമ്മാവനും സേതുവിനും പിന്നിൽ ഭാരക്ലേശം കൊണ്ട് കിതയ്ക്കുന്ന ചെറുമൻ്റെ സ്ഥാനത്ത് നിസ്സഹായതയുടെ ധീരതകൊണ്ടു സാവധാനത്തിൽ ചലിക്കുന്ന കുതിര പ്രത്യക്ഷപ്പെടുന്നു. അതിന്റെ “മുറിവേറ്റു ചുളിഞ്ഞകറുത്ത തൊലി” അർഥപൂർണമായ ഒരു കാഴ്ചയാണ്. ദേവുവിൻ്റെയും കുട്ട്യേടത്തിയുടെയും മാളുവിന്റെയും കറുത്ത തൊലിയിലും മനസ്സിലും മുറിവേറ്റുണ്ടായ രക്തനൂലുകളെ അത് ഓർമിപ്പിക്കുന്നു ആ ചാട്ടവാറിനാവട്ടെ വേലായുധൻ്റെ പുറത്ത് അടിച്ചുവിട്ട പ്രഹരത്തിന്റെ രക്തവർണപ്പാടുകളെ ഓർമിപ്പിക്കുവാൻ കഴിയുന്നുമുണ്ട്.
അവമതിക്കപ്പെട്ട മനുഷ്യാസ്തിത്വത്തിൻ്റെ ആത്മാവിലെ കറുപ്പ് എഴു ത്തുകാരൻ എന്ന നിലയിൽ എം.ടി. യുടെ ദർശന പ്രശ്നമാണ്. ആ കറുപ്പിനെ വ്യവസ്ഥയുടെ കൽപ്പനാസുഖമുള്ള നൈതികതയ്ക്കെതിരെ തകർത്തുകയറുന്ന പ്രചണ്ഡശക്തിയാക്കിത്തീർക്കാനു ള്ള മനസ്സ് എം.ടി. യുടെ രചനയിലുണ്ട്. അവമതിക്കപ്പെട്ട അസ്തിത്വത്തിൻ്റെ പകതീർക്കാനലയുന്ന ദുർദേവതകളുടെ പ്രാകൃതമായ ചരിത്രശക്തിയുമായി ആ കറുപ്പിനെ ബന്ധിപ്പിക്കുവാൻ എം.ടി. ക്കു കഴിയുന്നുമുണ്ട്.
കാലത്തിന്റെ പ്രാരംഭഖണ്ഡവും സമാപ്തിഖണ്ഡവും തമ്മിലുള്ള താരതമ്യം ഈ അവസരത്തിൽ പരിഗണന അർഹിക്കുന്നു. രണ്ടു ഖണ്ഡങ്ങളുടെയും രംഗം ഒന്നുതന്നെ. രാത്രിയും ബിംബങ്ങളും ഒന്നു മറ്റൊന്നിന് അന്യമാവാതെ രണ്ടു രംഗങ്ങളിലുമുണ്ട്. പക്ഷേ, ആദ്യഖണ്ഡത്തി മൂന്നാൾ വ്യവസ്ഥ (ആജ്ഞാപന ശക്തിയുള്ള അമ്മാവൻ – അധീരനും ഭീരുവുമായ കുമാരൻ-ചെറുമൻ) അന്യഖണ്ഡത്തിൽ ഭേദഗതി ചെയ്യപ്പെടുന്നു. അവിടെ സേതുവും ചെറുമനും മാത്രമാണ് രംഗത്തുള്ളത്. ഭാരം കൊണ്ടു കിതച്ച് പിന്നാലെ വരുന്ന ആദ്യഖണ്ഡത്തിലെ ചെറുമൻ്റെ സ്ഥാനത്ത് ചുമട്ടുകാരൻ ചെറുമൻ ഒപ്പമെത്തുന്ന കാലടിയൊച്ചകൾ പ്രത്യക്ഷപ്പെടുന്നു. ഇടനിലക്കാരന്റെ നിഷ്ക്രമണവും, ചെറുമൻ്റെ നടന്നുകയറ്റവും അന്ത്യരംഗത്തു സംഭവിച്ചിരിക്കുന്ന, തകർന്ന അമ്പലമതിൽക്കെട്ടിലൂടെ വരുന്ന വെളിച്ചത്തിന്റെ പൂക്കളെപ്പറ്റിയുള്ള ഓർമകൂടിയാവുമ്പോൾ, മധ്യവർഗ (ദൈവിക) വ്യവസ്ഥയുടെ തകർച്ച ധ്വനിപ്പിക്കുവാൻ എം.ടി.ക്കു കഴിയുന്നുമുണ്ട്. ആദ്യഖണ്ഡത്തിൽ മറുകരയിൽ, അകലെ ഇരുമ്പുപാലം വിറപ്പിച്ചു കൊണ്ട് വണ്ടിച്ചക്രങ്ങൾ ഇരമ്പി ഉരുളുന്നുണ്ടോ എന്നു സേതു സന്ദേഹിക്കുന്നു. അന്ത്യഖണ്ഡം അവസാനിക്കുന്നത് ഇങ്ങനെയാണ്.
“ചുമട്ടുകാരൻ ചെറുമൻ ഒപ്പമെത്തുന്ന കാലടിയൊച്ചകൾ കേട്ടു. അകലെ ഇരുമ്പുപാലവും തണ്ടവാളങ്ങളും വിറയ്ക്കുന്നു. മല വെള്ളം
സ്വപ്നം കണ്ടുണങ്ങിയ പുഴ, എൻ്റെ പുഴ. പിന്നിൽ ചോരവാർന്നു വീണ ശരീരം പോലെ ചലനമറ്റു കിടക്കുന്നു.
ചോര വാർന്നുപോയ ശരീരം പോലെ ചലനമറ്റു പിന്നിൽ കിടക്കുന്ന പുഴയോടു നിബന്ധിക്കപ്പെടുന്ന തണ്ടവാളത്തിന്റെ വിറയ്ക്കുന്ന ശബ്ദങ്ങൾ ലളിതയുടെ തണുത്ത മെത്തയ്ക്കരികിൽ നിൽക്കുന്ന സേതുവിന്റെ ഷണ്ഡമായ അസ്തിത്വത്തിനെതിരെ നിബന്ധിക്കപ്പെടുന്ന ചീറുന്ന ചക്രങ്ങളുടെയും തകരുന്ന ലോഹത്തകിടുകളുടെയും മുറവിളി’യുടെ മാറ്റൊലിയാണ്. ഒപ്പമെത്തുന്ന ചെറുമന്റെ കാലൊച്ചകൾ ചെന്നുചേരുന്നത് തണ്ടവാളങ്ങളെയും ഇരുമ്പുപാലത്തെയും വിറപ്പിക്കുന്ന ഇരുമ്പിന്റെ ശബ്ദങ്ങളിലാണ്. ചോരവാർന്നു ചലനമറ്റ, ഷണ്ഡമായ അസ്തിത്വത്തെ മാറ്റിമറിക്കുന്ന മല വെള്ളത്തിന്റെ ഊറ്റമുള്ള സ്വപ്നവും നിഷേധശക്തിയുടെ ഈ ശബ്ദത്തോടു ചെന്നു ചേരുന്നു. കരിമ്പനപോലത്തെ കനത്ത കരങ്ങളിലും ഇരുമ്പു ദണ്ഡുകളെ തകർക്കുന്ന ഈ ശബ്ദത്തിൻ്റെ ലൈംഗികമായ കരുത്ത്. അതിന്റെ പേയിളകിയ പ്രചണ്ഡനിമിഷങ്ങളുടെ കാറ്റ് എം.ടി. യുടെ ദർശനവാഞ്ഛയാണ്. ചലനരഹിതമായ മനുഷ്യാസ്തിത്വത്തിൻ്റെ കാൽപ്പനിക നൈതികതയ്ക്കെതിരെ നിഷേധിച്ചു കയറുന്ന ലൈംഗികോർജം, ഷണ്ഡമായ നമ്മുടെ വർഗപാരമ്പര്യത്തെ മാറ്റിമറിക്കാൻ പോന്ന കലാബോധത്തോടെ എം.ടി. യിൽ പ്രത്യക്ഷപ്പെടുന്നു.
എം.ടി. യുടെ മനസ്സംഘടനയിൽ ഉപരിവർഗൗൽകൃഷ്ട്യത്തിന്റെ കൽപ്പനാമോഹങ്ങളും അപകൃഷ്ടൻ്റെ ആത്മാവിലെ കരിയും രചനയുടെ വിരുദ്ധപ്രശ്നങ്ങളായി നിൽക്കുന്നു. വ്യവസ്ഥയും എം.ടി.യിലെ ഉപരിവർഗാതുരത്വമുള്ള പാതിമനുഷ്യനും തമ്മിലുള്ള അഭിരമ്യത (harmony) യിൽ നിന്നുപിറവിയെടുക്കുന്ന അംഗലാവണ്യമാണ് അദ്ദേഹത്തിന്റെ ഭാഷയിലെ സുകുമാര കവിത. എന്നാൽ, ഈ അംഗലാവണ്യത്തിൻ്റെ പിൻപുറത്ത് വ്യവസ്ഥയുടെ കഠിനവിധികൾ കൊണ്ട് ഭൂമിയിലേക്കു ചവിട്ടിത്താഴ്ത്തപ്പെട്ട അസുരവിത്തുകളുടെ കരിപുരണ്ട മുറവിളി ഉയരുന്നു. വ്യവസ്ഥയുടെ കഠിനോപായങ്ങൾ കൊണ്ട് ചവിട്ടിയമർത്തപ്പെട്ട മനുഷ്യന്റെ സാമൂഹ്യ മനസ്സാക്ഷി, അധീരവും നിസ്സഹായവും ബാലിശവും വളർച്ച ബാധിക്കാത്തതുമായ ഭ്രാന്തൻ വേലായുധൻ്റെ മനസ്സാക്ഷിപോലെ സഹതാപാർഹമാക്കി സൂക്ഷിക്കുവാൻ വ്യവസ്ഥിതിക്കു കഴിയുന്നു. ഉപരിലോകാതുരത്വത്തിനു വിരുദ്ധമായി നിൽക്കുന്ന എം.ടി. യിലെ പാതിബോധം അപകൃഷ്ടന്റെ ദൈന്യതയാർന്ന ഈ മനസ്സാണ്. അവിടെ അമർഷത്തിന്റെ വികൃതമായ രോദനമുണ്ട്. മർദിതന്റെ അവമാനിതന്റെ ഭീരുത്വം നിറഞ്ഞ ധർമരോഷമുണ്ട്. നിഷേധത്തെ അധീരമാക്കിക്കൊണ്ട്, ഉപരിവർഗകരുണ യാചിക്കുന്ന, സ്വാതന്ത്ര്യം യാചിക്കുന്ന, അപകൃഷ്ടമധ്യവർഗത്തിന്റെയും അധഃസ്ഥിതവർഗത്തിന്റെയും അന്തർമുഖം എം.ടി. യുടെ കലയിലുണ്ട് (വികാരങ്ങളിൽ അധീരത കടന്നു നിൽക്കുമ്പോഴുണ്ടാവുന്ന സെന്റിമെന്റലിസത്തിൽ മുഖം താണുപോവുന്ന നിമിഷങ്ങൾ എം.ടി യിൽ അപൂർവമല്ലെന്ന് ഓർക്കുക. പുരുഷത്വത്തിൻ്റെ നിശിതമായ സിംഹക്കരുത്തുള്ള ഹെമിംങ്വേയോട് എം.ടി. പുലർത്തുന്ന അഭികാംക്ഷ, അധീരതയുടെ കോംപ്ലക്സ് ഉള്ള ഒരെഴുത്തുകാരൻ ആവശ്യപ്പെടുന്ന കലാപരമായ രക്ഷാബോധത്തെ കുറിക്കുന്നു.)
എം.ടി. യിലെ മലയാണ്മയുടെ ദൈവങ്ങളും കാവും കുളവും ആൽത്തറയുമെല്ലാം പ്രസക്തമായിത്തീരുന്നത് ഉപരിവർഗ ലോകാതുരത്വത്തിന്റെ വിരുദ്ധശക്തിയായ അപകൃഷ്ടമനുഷ്യ ബോധവുമായി അവ ബന്ധംവയ്ക്കുമ്പോഴാണ്. പുതുസിനിമ കണ്ടപ്പോൾ പരിഷ്കൃത ബുദ്ധിജീവിക്കുണ്ടാവുന്ന നാടൻ ബിംബപ്രതിപത്തിയോ ഗ്രാമീണജീവിത വാദ്യക്കമ്പമോ അല്ല എം.ടി. യിൽ മലയാണ്മയ്ക്ക് ഉത്തരവാദിത്വം വഹിക്കുന്നത്. മലയാണ്മയുടെ ഭാഷയും ദൈവങ്ങളും അനുഷ്ഠാനങ്ങളും നാഗരികജീവിയുടെ ഗ്രാമീണതാനൊസ്റ്റാൾജിയ എന്ന നിലയ്ക്കുമല്ല എം.ടി. യിൽ പ്രവേശിച്ചിരിക്കുന്നത്. ഒരെഴുത്തുകാരൻ എന്ന നിലയിൽ എം.ടി. യുടെ ശരീരം ഗ്രാമത്തിൻ്റെ രക്തം പുരണ്ട മണ്ണാണ്. വ്യവസ്ഥയുടെ ആശയപരവും കാൽപ്പനികവുമായ ദൈവികമേൽപ്പുറങ്ങൾ അതിന്റെ വിശുദ്ധ വിധികൊണ്ട് തമസ്ക്കരണം ചെയ്ത മനുഷ്യതയുടെ ഊറ്റം എം.ടി. യുടെ മലയാണ്മയിലുണ്ട്. പർവതങ്ങളിൽനിന്നും കുന്നുകളിൽനിന്നും അധഃകൃത റിബലുകളായി വളർന്നെത്തി മണ്ണടിഞ്ഞ പ്രാകൃതദൈവങ്ങളും പ്രേതങ്ങളും, ഭൂതകാലത്തിന്റെ ധർമനീതിയാൽ ജീവഭജ്ഞനം ചെയ്യപ്പെട്ട മനുഷ്യാധസ്ഥിതത്വത്തിന്റെ പ്രതികാരമായി മണ്ണിൻ്റെ ഗുഹാതലങ്ങളിലുണ്ട്. വ്യവസ്ഥയുടെ കളഭഗന്ധ സൗന്ദര്യത്തിനു താഴെ, അമ്പലഗോപുരത്തിന്റെ അത്യുന്നതങ്ങൾക്കു താഴെ, അധോലോകങ്ങളിൽ പരിവർത്തനത്തിന്റെ തമോഗുണമായി അത് ഇരമ്പിനിൽക്കുന്നു. വ്യവസ്ഥയുടെ ദണ്ഡനവിധികൾ കൊണ്ട് മനോവൈരൂപ്യം സംഭവിച്ച വേലായുധന്റെ അവസ്ഥയിലുള്ള ദീനമായ സാമൂഹ്യ മനസ്സാക്ഷിയിലേക്ക് ഈ തമോഗുണം പ്രവേശിക്കുമ്പോഴാണ് കാറ്റ് തുടൽ പൊട്ടിച്ചു പേയിളകിപ്പാഞ്ഞു നടക്കുന്നത്; ‘മുറി വേറ്റു ചുളിഞ്ഞ കറുത്ത തൊലി’യുടെ നിസ്സഹായമായ ധീരത മലവെള്ളത്തിന്റെ ജൈവപരമായ ഊറ്റമുള്ള ലൈംഗികത ആവാഹിച്ചെടുക്കുന്നത്; ചീറുന്ന ചക്രങ്ങളുടെയും തകരുന്ന ലോഹത്തകിടുകളുടെയും പ്രചണ്ഡമായ മുറവിളികൊണ്ട് മനോവിരൂപവും ഷണ്ഡവുമായ അസ്തിത്വത്തിൽനിന്ന മനുഷ്യൻ രക്ഷനേടുന്നത്.
മനുഷ്യപൂർവികതയുടെ അധോലോക ഗുഹകളിൽനിന്ന് ആധുനികമായ ഉപരിവർഗവ്യവസ്ഥിതിയുടെ മുകൾപ്പരപ്പിലെ ഷണ്ഡതയിലേക്ക് എത്തിനിൽക്കുന്ന ചരിത്രത്തിൻ്റെ ബോധനാളം എം.ടി. യുടെ കാലത്തിലുണ്ട്. ആധുനിക മനുഷ്യസമൂഹത്തിൻ്റെ മനസ്സംസ്ക്കാരം അചേതനവും ഷണ്ഡവുമായതുകൊണ്ട്, ഗുണപരമായ മാറ്റത്തിൻ്റെ ബന്ധം എം.ടി. ഭൂത കാലലോകത്തിലെ അവമതിക്കപ്പെട്ട അസുരവിത്തിൻന്റെ കരാളമായ പ്രകൃതിയിൽനിന്നു സ്വീകരിക്കുന്നു-ഇരുമ്പുപാലവും തണ്ടവാളങ്ങളും വിറയ്ക്കുന്നു.

എസ്. സുധീഷ്.

പകർത്തിയെഴുതിയത്
അനന്ദു വി.എം. ഗവേഷകൻ, യൂണിവേഴ്സിറ്റി കോളേജ്, പാളയം, തിരുവനന്തപുരം