
മുജീബ് റഹിമാൻ.എ
Published: 10 JUne 2025 കവിത
മിന്നൽക്കഥകൾ

കനി
എഴുത്തെല്ലാം ലാപ്പിലും
മൊബൈലിലും
കൈയ്യക്ഷരം ഇന്ന് കാണാക്കനി
ഇടം
ചെറുമൻ്റെ കുടിലിന്
ചാളയെന്നും
വെളുത്ത കൊറ്റിയുടെ കൂടിന്
കൊറ്റില്ലമെന്നും
പേരിട്ടത് ഏതോ ആര്യനാവാം
രുചി
വിശപ്പു പോലെ രുചിയുള്ള
ഒരപ്പവും ഭൂമിയിൽ
എങ്ങുമില്ല
പേര്
ആമാശയത്തിലെത്തുന്നത്
ചോറ്
തലച്ചോറിലെത്തുന്നത്
ആശയം
ആരാണിവയ്ക്ക് ഇങ്ങനെ
പേരിട്ടത്?
ഒന്ന്
കവിത ചൊല്ലാനും കേൾക്കാനും
കഥ പറയാനും കേൾക്കാനും
കഥയും കവിതയും
കേൾക്കാമെങ്കിൽ
രണ്ടിനും കഥയെന്നോ കവിതയെന്നോ
പറഞ്ഞു കൂടേ?
അടയാളം
പുലിയ്ക്ക്
പുള്ളി അടയാളം
ക്രൗര്യം മുറ്റിയതുകൊണ്ടാകാം
നമ്മൾ പുള്ളിപ്പുലിയെന്ന്
വിളിക്കുന്നത്
പേര്
കുറുക്കന് കൂർമ ബുദ്ധി
കൂർമമെന്നാൽ
കൗശലമേയില്ലാത്ത ആമയുടെ പര്യായം
വിശുദ്ധി
ശോധന വിശുദ്ധമായതായിരിക്കാം പരിശോധന
മടി
കാക്കയെന്നൊരു പക്ഷി
ഇല്ലാതിരുന്നെങ്കിൽ
കുയിൽ
മടിയനല്ലാതാകുമായിരുന്നു
അച്ഛൻ
അച്ഛനുമമ്മയും
കെട്ടിപ്പിടിച്ചുറങ്ങിയ
വിരൽവീതിക്കട്ടിൽ
തെക്കോട്ടിറങ്ങിയപ്പോൾ
പുറത്തേയ്ക്കിട്ടു
ഇപ്പോൾ കമാനമുള്ള
തൂവൽ കിടക്ക
കള
മുറ്റത്തെ കളകളെല്ലാം
പറിച്ചെറിഞ്ഞു
ചട്ടിയിൽ വളർത്തിയ
കാട്ടു കളകൾ
പുമുഖത്തും
സ്വീകരണ മുറിയിലും
ചിരിച്ചു തലയാട്ടുന്നു

മുജീബ് റഹിമാൻ.എ

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്