ജസീന കെ.

Published: 10 December 2025 കവർസ്റ്റോറി

മുനീർ ഒ. കെ.

Published: 10 December 2025 കവർസ്റ്റോറി

നാണയപരിണാമം കേരളത്തിൽ

ABSTACT

പുരാതനകാലം മുതൽ സമുദ്രവ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും  പ്രധാന കേന്ദ്രമായിരുന്നു  കേരളം. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നതിനാൽ  റോമൻ വ്യാപാരങ്ങളിൽ നിന്നും  തുടങ്ങി അറബ്, ചൈനീസ്, യൂറോപ്യൻ വ്യാപാരികളുടെ കാലം  വരെ, കേരളത്തിന്റെ സാമ്പത്തിക- സാംസ്കാരിക ചരിത്രം ആഗോള വ്യാപാരവുമായി ഇഴചേർന്നിരിക്കുന്നു . പ്രസ്തുത വ്യാപാര ഇടപെടലുകളുടെ   സമ്പന്നവും പ്രത്യക്ഷവുമായ   സാക്ഷ്യങ്ങളാണ് നാണയങ്ങൾ. അവയുടെ  രൂപകല്പനയിലും ലോഹനിർമ്മാണ ഘടനയിലും പ്രതിഫലിക്കുന്നത്  ചരിത്രസ്മൃതികളാണ്.

ഈ പ്രബന്ധം കേരളത്തിലെ നാണയ പരിണാമം മൂന്നു പ്രധാനഘട്ടങ്ങളെ മുൻനിർത്തി  പരിശോധിക്കുന്നു. പുരാതനകാലം, മധ്യകാലം, കൊളോണിയൽ കാലം എന്നിവയാണവ. നാണയങ്ങളിലൂടെ വിദേശ സ്വാധീനവും  പ്രാദേശിക വ്യവസ്ഥിതികളും ചേർന്ന് എങ്ങനെ കേരളത്തിന്റെ വ്യാപാരരീതിയെയും സാമൂഹിക ഘടനയെയും രൂപപ്പെടുത്തിയെന്നതാണ് അന്വേഷണ  വിഷയം .

താക്കോൽ വാക്കുകൾ : നാണയം,  വ്യാപാരചരിത്രം, റോമൻ നാണയങ്ങൾ,  സമുദ്രസമ്പദ്‌വ്യവസ്ഥ, വാണിജ്യം,

ആമുഖം

       കേരളത്തിന്റെ വ്യാപാരചരിത്രം  പരിശോധിക്കുമ്പോൾ അത്  നാണയവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. പുരാതന കാലം മുതൽ, കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ഒരു പ്രധാന ഇടനിലയായി കേരളം പ്രവർത്തിച്ചു എന്നതാണ് ചരിത്രം. റോമാക്കാർക്കും അറബികൾക്കും ചൈനക്കാർക്കും സുഗന്ധവ്യഞ്ജനങ്ങൾക്ക്,  പ്രത്യേകിച്ച് കുരുമുളക്, ഏലം, കറുവപ്പട്ട  തുടങ്ങിയവയ്ക്ക് പേരുകേട്ട  കേരളം പുരാതന സമുദ്ര വ്യാപാര ശൃംഖലയിലെ ഒരു നിർണായക കേന്ദ്രമായി ഉയർന്നു വന്നു.

നാണയങ്ങൾ, വെറും വിനിമയ ഉപാധികളല്ല മറിച്ച്  അവ നമ്മുടെ ചരിത്രത്തിന്റെ ജീവിച്ചിരിക്കുന്ന രേഖകളാണ്. കേരളത്തിലെ നാണയങ്ങൾ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങൾക്കൊപ്പം പണവ്യവസ്ഥയുടെ വളർച്ചയും വെളിപ്പെടുത്തുന്നവയാണ് . സാംസ്കാരിക പരിവർത്തനങ്ങളെക്കുറിച്ചുള്ള വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ നാണയം നൽകുന്നു. കേരളത്തിന്റെ  വാണിജ്യം, അധികാരം,  വിദേശികളുമായുള്ള സാംസ്കാരിക സമ്പർക്കം എന്നിവയുടെ മാറ്റത്തെയും  രീതികളെയും നാണയം വെളിപ്പെടുത്തുന്നു. ഈ പ്രബന്ധം മൂന്ന് വിശാലമായ ചരിത്ര ഘട്ടങ്ങളിലുടനീളം നാണയപരമായ തെളിവുകൾ പരിശോധിക്കാനാണ്‌ ശ്രമിക്കുന്നത്. ആദ്യകാല റോമൻ -ചേര ബന്ധങ്ങളുടെ പുരാതന കാലഘട്ടം, രണ്ടാം ചേര- സാമൂതിരി- വേണാട് ഭരണ സംവിധാനങ്ങൾ നിലനിന്നിരുന്ന മധ്യകാല കാലഘട്ടം, യൂറോപ്യൻ സ്വാധീനവും സംസ്ഥാന നാണയനിർമ്മാണവും നടന്ന ആധുനിക/കൊളോണിയൽ കാലഘട്ടം എന്നിങ്ങനെ കേരളത്തിന്റെ വാണിജ്യ ചരിത്രവിഭജനം നടത്തുമ്പോൾ  കേരളത്തിലെ നാണയത്തെ കുറിച്ച്   നിർണ്ണായകമായ വിവരങ്ങൾ ലഭിക്കും.

പുരാതനവ്യാപാരവും റോമന്‍ ബന്ധങ്ങളും

കേരളത്തിലെ നാണയപ്രചരണത്തിന്റെ ആദ്യകാല തെളിവുകള്‍ ബി.സി. ഒന്നാം നൂറ്റാണ്ട്മുതല്‍ എ.ഡി. നാലാം നൂറ്റാണ്ട്വരെയുള്ള റോമന്‍ കാലഘട്ടം മുതലുള്ളതാണ്. അകാലത്ത് കേരളം ഇന്തോ-റോമന്‍ വ്യാപാര ശൃംഖലയില്‍ ഒരു നിര്‍ണായക കണ്ണിയായിരുന്നു. എറിത്രിയന്‍ കടലിലെ പെരിപ്ലസ്(https://en.wikisource.org/wiki/Periplus_of_the_Erythraean_Sea/Notes), പ്ലിനിയുടെ പ്രകൃതി ചരിത്രം(THE NATURAL HISTORY OF PLINYThe Natural History, translated by Henry T. Riley (1816-1878) and John Bostock (1773-1846), first published 1855, text from the Perseus Project, licensed under a Creative Commons Attribution-Share-Alike 3.0 U.S). തുടങ്ങിയ ക്ലാസിക്കല്‍ കൃതികളില്‍ മുസിരിസ് അഥവാ ആധുനിക കൊടുങ്ങല്ലൂര്‍ പോലുള്ള തുറമുഖങ്ങളെ പ്രധാന വ്യാപാര കേന്ദ്രങ്ങളായി പരാമര്‍ശിക്കുന്നുണ്ട് .

1946-ല്‍ കണ്ടെത്തിയ ഇയ്യാല്‍ (തൃശൂര്‍ ജില്ല) പോലുള്ള സ്ഥലങ്ങളില്‍ നടത്തിയ ഖനനത്തില്‍ 117 റോമന്‍ സ്വര്‍ണ്ണ നാണയങ്ങളുടെ ശേഖരം കണ്ടെത്തി (Academia.edu, ഹരി ശങ്കര്‍ & ദിനേശ് കൃഷ്ണന്‍, 2020). മുസിരിസിലെ പുരാതന തുറമുഖമാണെന്ന് വിശ്വസിക്കപ്പെടുന്ന പട്ടണത്തും സമീപ പ്രദേശങ്ങളിലും നടത്തിയ ഖനനങ്ങളില്‍ റോമന്‍ ഔറി, ഡെനാറി (Roman aurei and denarii)എന്നിവയുടെ ശേഖരം ലഭിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക നാണയ അനുകരണങ്ങളും പഞ്ച് മാര്‍ക്ക് ചെയ്ത നാണയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

സുഗന്ധദ്രവ്യങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കുമായി റോമന്‍ വ്യാപാരികള്‍ സ്വര്‍ണ്ണനാണയങ്ങള്‍ കൈമാറിയതായും ഇത് കേരളത്തിലേക്ക് വലിയ വിദേശനാണയങ്ങളുടെ ഒഴുക്കിന് കാരണമായതായും ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. റോമന്‍ നാണയശേഖരം വലിയ തോതിലുള്ള വ്യാപാരത്തിന്റെ തെളിവുകള്‍ മാത്രമല്ല നമുക്കു തരുന്നത് . മറിച്ച് ദക്ഷിണേന്ത്യയില്‍ ശക്തമായ പ്രാചീന സാമ്പത്തിക വ്യവസ്ഥയുടെ ആവിര്‍ഭാവത്തെക്കുറിച്ചും സൂചന നല്‍കുന്നു.

പ്രാചീന കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പ്രധാന നാണയങ്ങളുടെ പേരുകള്‍

റോമന്‍ നാണയങ്ങള്‍ – ഇന്‍ഡോ-റോമന്‍ വ്യാപാരത്തില്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണം, വെള്ളി, വെങ്കല നാണയങ്ങള്‍.

പഞ്ച്മാര്‍ക്ക് നാണയങ്ങള്‍ (പഞ്ച് അടയാളപ്പെടുത്തിയ നാണയങ്ങള്‍) – കേരളത്തില്‍ കണ്ടെത്തിയ ആദ്യകാല നാണയങ്ങളില്‍ ഒന്ന്.

വീരകേരളവര്‍മ്മ നാണയം – ആദ്യകാല ചേര നാണയം സ്വര്‍ണ്ണവും ചെമ്പും ഉപയോഗിച്ച് നിര്‍മ്മിച്ചത്

എഴകാശ് / ഈഴക്കാശ് (Ezha Kasu) – കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന സിലോണ്‍ നാണയം.

അനായച്ചു (Anayachu) – കേരളത്തില്‍ പചാരത്തിലിരുന്ന ചോള നാണയം

തുളുക്കാശ് (Thulukka Assu) – പാണ്ഡ്യ നാണയം

ഉമ്മയ്യദ് ഖലീഫ നാണയങ്ങള്‍ (ഉമയ്യദ് ഖലീഫ നാണയങ്ങള്‍) – അറബ് സ്വര്‍ണ്ണ നാണയങ്ങള്‍ (c. 820-920 CE).

ചൈനീസ് നാണയങ്ങള്‍ – കൊല്ലം തുറമുഖത്ത് കണ്ടെത്തിയവ.

സൂര്യരാശി / രാശി നാണയം (ശംഖുമുദ്ര രാശി) – പരശുരാമ ഇതിഹാസവുമായി ബന്ധപ്പെട്ട പുരാതന പ്രതീകാത്മക സ്വര്‍ണ്ണ നാണയം.

മധ്യകാല നാണയനിര്‍മ്മാണവും പ്രാദേശിക വ്യാപാര സംവിധാനങ്ങളും

8 മുതല്‍ 15 വരെയുള്ള നൂറ്റാണ്ടുകള്‍ അടങ്ങുന്ന മധ്യകാലഘട്ടത്തില്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ വിദേശ മേധാവിത്വമുള്ള നാണയ വിനിമയത്തില്‍ നിന്ന് കൂടുതല്‍ പ്രാദേശികവല്‍ക്കരിച്ചതും സംഘടിതവുമായ വ്യാപാര സംവിധാനത്തിലേക്ക് മാറി എന്നു മനസ്സിലാക്കാം. മഹോദയപുരത്തെ കുലശേഖര രാജാക്കന്മാരുടെ രണ്ടാം ചേര രാജവംശം അനന്തപുരി ചക്രങ്ങള്‍, രാശി പണങ്ങള്‍ എന്നറിയപ്പെടുന്ന നാണയങ്ങള്‍ പുറത്തിറക്കി. ഇവ മലബാര്‍ തീരത്ത് വ്യാപകമായി പ്രചരിച്ചു. (ഹെറിറ്റേജ് ജേണല്‍ ഓഫ് മള്‍ട്ടിഡിസിപ്ലിനറി സ്റ്റഡീസ് ഇന്‍ ആര്‍ക്കിയോളജി, 2020).

അഞ്ചുവണ്ണം, മണിഗ്രാമം, ഐഹോളയിലെ 500 പ്രഭുക്കള്‍ (https://www.jetir.org/papers/JETIR2409425.pdf) തുടങ്ങിയ വ്യാപാര സംഘങ്ങള്‍ വാണിജ്യ നിലവാരവും പണനിയന്ത്രണവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. വാഴപ്പള്ളി, താഴേക്കാട് ശാസനം(https://www.archaeology.kerala.gov.in/pages/vattezhuthu-inscriptions-thazhekkad/242) പോലുള്ള ഫലക ലിഖിതങ്ങള്‍ അക്കാലത്തെ വാണിജ്യ സംഘങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സ്വാധീനത്തിന് സാക്ഷ്യം വഹിക്കുന്നു.

ഈ കാലഘട്ടത്തിലെ നാണയങ്ങളില്‍ തമിഴ്‌ലിപി, ഗ്രന്ഥലിപി, സംസ്‌കൃതലിപി തുടങ്ങിയവയില്‍ ലിഖിതങ്ങള്‍ കാണാം . ഇത് കേരളത്തിന്റെ അക്കാലത്തെ ബഹുഭാഷാ വ്യാപാര സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നു. വടക്കന്‍ കേരളത്തില്‍ കോഴിക്കോടു സാമൂതിരിമാരുടെ കീഴില്‍ അറബ്, ചൈനീസ് വ്യാപാരികള്‍ ഇറക്കുമതി ചെയ്തതും പ്രാദേശികമായി അച്ചടിച്ചതുമായ നാണയങ്ങള്‍ ഉപയോഗിച്ച് വ്യാപാരം നടത്തിയിരുന്നു. സാമൂതിരിമാരുടെ വെള്ളി, ചെമ്പ് പതിപ്പുകളും വേണാട്, കൊച്ചി രാജ്യങ്ങളിലെ സ്വര്‍ണ്ണ പണങ്ങളും കേരളീയമായ പണാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ സാക്ഷ്യപ്പെടുത്തുന്നവയാണ്. കേരളത്തിലെ പ്രാദേശിക ഭരണാധികാരികള്‍ അവരുടെതായ നാണയങ്ങള്‍ അവരുടെ കാലഘട്ടങ്ങളില്‍ ഇറക്കിയിരുന്നു.

കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പ്രധാന മധ്യകാല നാണയങ്ങളുടെ പേരുകള്‍

പണം / പണം (Panam / Fanam) – മലബാറിലും തിരുവിതാംകൂറിലുടനീളമുള്ള സാധാരണ സ്വര്‍ണ്ണ / വെള്ളി നാണയം.

ചക്രം (ചക്രം) – സുദര്‍ശന ചക്രത്തിന്റെ പ്രതീകമായ വെള്ളി നാണയം.

വെള്ളിച്ചക്രം – തിരുവിതാംകൂറില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന വെള്ളിപ്പതിപ്പ്.

വീരരായന്‍ പണം (Veerarayan Panam) – സാമൂതിരി രാജാവിന്റെ നാണയം

കലിഹാരായന്‍ (Kaliharayan) – കോലത്തിരി ഭരണാധികാരി പുറത്തിറക്കിയ നാണയം.

ചിന്ന പണം (Chinna Panam)- തിരുവിതാംകൂറില്‍ നിന്നുള്ള ചെറിയ സ്വര്‍ണ്ണം/വെള്ളി നാണയം.

അനന്തവര്‍ഹന്‍ / അനന്തരായന്‍ പണം വിഷ്ണുവിന്റെ ചിഹ്നങ്ങളെ ചിത്രീകരിക്കുന്ന തിരുവിതാംകൂര്‍ സ്വര്‍ണ്ണ നാണയങ്ങള്‍.

അനന്തന്‍ കാശ് (Ananthan Kasu) -പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ചെമ്പ് നാണയം

പുത്തന്‍ – കൊച്ചിരാജ്യത്തെ വെള്ളി നാണയം. ഒറ്റപ്പുത്തന്‍ (ഒറ്റ), ഇരട്ടപ്പുത്തന്‍ (ഇരട്ട) എന്നിങ്ങനെ രണ്ടു തരം.

മാഹി പണം – മാഹി പ്രദേശത്തിനായി തയ്യാറാക്കിയ നാണയം.

കൊളോണിയല്‍ കാലവും നാണയ പരിവര്‍ത്തനവും

1498-ല്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെയും തുടര്‍ന്ന് ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് കച്ചവടക്കാരുടെ വരവോടെയും കേരളത്തിലെ നാണയ വിനിമയ സംവിധാനങ്ങള്‍ വലിയ പരിവര്‍ത്തനത്തിന് വിധേയമായി. അക്കാലത്ത് ഇവിടെ യൂറോപ്യന്‍ ശക്തികള്‍ സ്വന്തം നാണയങ്ങള്‍ അവതരിപ്പിച്ചു. അതേസമയം തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാര്‍ തുടങ്ങിയ പ്രാദേശിക ഭരണാധികാരികള്‍ തദ്ദേശീയ നാണയങ്ങള്‍ പുറത്തിറക്കുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. ഇത് കേരളത്തില്‍ ഒരു സങ്കര പണവിനിമയ വ്യവസ്ഥ സൃഷ്ടിച്ചു എന്ന് കാണാം .

സ്വര്‍ണ്ണം അല്ലെങ്കില്‍ വെള്ളി ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന ചെറിയ നാണയം തിരുവിതാംകൂര്‍ ഫണം(പണം Fanam/Panam)എന്നറിയപ്പെട്ടു. ഇത് തെക്കന്‍ കേരളത്തിലെ പ്രധാന കറന്‍സിയായിരുന്നു. ഈ നാണയങ്ങളില്‍ മലയാളത്തിലും ഗ്രന്ഥലിപികളിലും ലിഖിതങ്ങള്‍ ഉണ്ടായിരുന്നു, ഹിന്ദു ദേവതകളെയും രാജകീയ ചിഹ്നങ്ങളും ഇതില്‍ ചിത്രീകരിച്ചിരുന്നു. നാഗപട്ടണത്തും കൊച്ചിയിലും അച്ചടിച്ച ഡച്ച് VOC (Vereenigde Oostindische Compagnie) നാണയങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു , ഇത് കൊളോണിയല്‍, തദ്ദേശീയ വ്യാപാരസംവിധാനങ്ങള്‍ തമ്മിലുള്ള ഇടകലരലിന്റെ പ്രതീകമായി കാണാം .

കേരളത്തിന്റെ നാണയചരിത്രത്തില്‍ പലതരം മൂല്യങ്ങളുള്ള നാണയങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. അവയില്‍ പ്രധാനമായത് കാശ്, ചക്രം, ഫണം (പണം), രൂപ എന്നിവയാണ്. ഓരോ നാണയവും ആ കാലഘട്ടത്തിലെ സാമ്പത്തിക ഇടപാടുകളും സാമൂഹിക പദവികളും പ്രതിഫലിപ്പിക്കുന്നവയായിരുന്നു. വിലയേറിയ നാണയമായിരുന്നുപണം. കേരളത്തിലെ വ്യാപാരരംഗത്ത്, പ്രത്യേകിച്ച് തിരുവിതാംകൂര്‍, കൊച്ചി, സാമൂതിരി രാജ്യങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ പണം പ്രധാന സ്ഥാനം കൈകാര്യം ചെയ്തു. പണം രാജകീയ അധികാരത്തിന്റെയും സമ്പന്നതയുടെയും പ്രതീകമാകണക്കാക്കിയിരുന്നു.

കേരളത്തിലെ ഏറ്റവും ചെറിയ മൂല്യമുള്ള നാണയമായിരുന്നു കാശ് (Cash). സാധാരണ ജനങ്ങളുടെ ദൈനംദിന ഇടപാടുകളില്‍ കൂടുതലായി ഉപയോഗിച്ചിരുന്നത് ഇതായിരുന്നു. ചെമ്പ് (Copper) അല്ലെങ്കില്‍ ഓട് (Bronze) ലോഹങ്ങളാണ് കാശ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇവക്ക് പല മൂല്യങ്ങള്‍ ഉണ്ടായിരുന്നു .1 കാശ്, 4 കാശ്, 8 കാശ് തുടങ്ങിയ രൂപങ്ങളില്‍ ഇവ പ്രചാരത്തിലുണ്ടായിരുന്നു. ചെറുകിട വ്യാപാരത്തിലും കൂലിനല്‍കുന്ന പണത്തിലും പ്രധാനമായിരുന്നു

വെള്ളികൊണ്ട് നിര്‍മ്മിച്ചിരുന്ന നാണയമായിരുന്നു ചക്രം. അതിന്റെ ചെറിയ വലുപ്പവും കൃത്യതയും കൊണ്ട് ലോകത്തിലെ ഏറ്റവും ചെറിയ നാണയങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചക്രങ്ങള്‍ സൂക്ഷ്മമായ രൂപകല്പനയോടുകൂടി അച്ചടിച്ചിരുന്നതും വ്യാപാര ഇടപാടുകളില്‍ സ്ഥിരമായ മൂല്യനിലവാരമുള്ള നാണയമായി കണക്കാക്കപ്പെട്ടിരുന്നതുമായിരുന്നു

കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും വലിയ നാണയമായിരുന്നു രൂപ. എന്നാല്‍, പൊതുവായ ഇടപാടുകളില്‍ ഉപയോഗിച്ചിരുന്നത് അരരൂപ (½ Rupee), കാല്‍രൂപ (¼ Rupee) പോലുള്ള ചെറുമൂല്യ നാണയങ്ങളായിരുന്നു. രൂപയുടെ പ്രചാരം കൊളോണിയല്‍ കാലഘട്ടത്തിലാണ് പ്രത്യേകിച്ച് ബ്രിട്ടീഷ് ഭരണകാലത്താണ് കൂടുതല്‍ വ്യാപകമായത്.

19-ാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഇന്ത്യന്‍ രൂപ ക്രമേണ പ്രാദേശിക നാണയങ്ങളെ മാറ്റിസ്ഥാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പണങ്ങള്‍, ചക്രങ്ങള്‍ എന്നിവയുടെ നിലനില്‍പ്പ് കൊളോണിയല്‍ ആധിപത്യത്തിന് കീഴിലുള്ള കേരളത്തിന്റെ പരമ്പരാഗത പണ സംസ്‌കാരത്തിന്റെ ചെറുത്തു നില്പിനെ സൂചിപ്പിക്കുന്നു .

1946 വരെ തിരുവിതാംകൂര്‍ രൂപയും മറ്റ് നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്. തിരുവിതാംകൂറില്‍ പല തരത്തിലുള്ള കാശ് പണം എന്നിവ നിലവിലുണ്ടായിരുന്നു. 1949-ല്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെയാണ് ഈ നാണയങ്ങള്‍ക്ക് പകരം ഇന്ത്യന്‍ രൂപ (Indian Rupee) നിലവില്‍ വന്നത്.

കൊളോണിയല്‍ കാലഘട്ടത്തിലെ നാണയങ്ങളുടെ പേരുകള്‍

ലാന്റാ നാണയങ്ങള്‍ – ഹോളണ്ടില്‍ (1731-1792) ഇറക്കിയ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചെമ്പ് നാണയങ്ങള്‍.

ഇന്‍ഡോ-ഡച്ച് നാണയങ്ങള്‍ – ഡച്ച് സഹകരണത്തോടെ നിര്‍മ്മിച്ച കൊച്ചിന്‍ നാണയങ്ങള്‍ (ഉദാ. സ്വര്‍ണ്ണ രാശി പണം ).

പോര്‍ച്ചുഗീസ് നാണയങ്ങള്‍ – റീഡി, ബാസ്‌റോക്കല്‍ (Reedy, Basrocal types) – കൊച്ചി പ്രവിശ്യകള്‍ക്കുള്ള ചെമ്പ് നാണയങ്ങള്‍.

ടിപ്പു സുല്‍ത്താന്‍ നാണയങ്ങള്‍ – സ്വര്‍ണവരാഹ, പണം, വെള്ളി രൂപ.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപ – 1835-1840 കാലത്ത് പ്രചാരത്തിലിരുന്ന വെള്ളി ഒരു രൂപ നാണയങ്ങള്‍ .

ത്രാവങ്കൂര്‍ ഫനം(പണം ) / ആര്‍. വി. ഫനം – ആദ്യമായി യന്ത്രം ഉപയോഗിച്ച

തിരുവിതാംകൂര്‍ നാണയം ).

കാല്‍ രൂപ. 1937 ലെ തിരുവിതാംകൂര്‍ വെള്ളി നാണയം.

വരാഹന്‍- 1877 ലെ ശംഖിന്റെ ചിത്രമുള്ള തിരുവിതാംകൂര്‍ സ്വര്‍ണ്ണ നാണയം.

ഒരു കാശ്, നാലു കാശ്, എട്ട് കാശ് തുടങ്ങിയ ചെറിയ മൂല്യമുള്ള ചെമ്പ് നാണയങ്ങള്‍.

സുറത്ത് രൂപ / കമ്പനി രൂപ ) – ആദ്യകാല ഇംഗ്ലീഷ് വെള്ളി നാണയങ്ങള്‍.

നാണയത്തിന്റെ പ്രാധാന്യവും സാംസ്‌കാരിക സ്മരണയും

കേരളത്തിലെ നാണയങ്ങള്‍ വെറും വിനിമയ ഉപാധികള്‍ മാത്രമായിരുന്നില്ല എന്നതാണ് വാസ്തവം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവ കേരളീയരുടെ ശക്തി, വിശ്വാസം, സ്വത്വം തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നവയാണ് . പല നാണയങ്ങളിലും ദേവതകളുടെയും രാജകീയ ചിഹ്നങ്ങളുടെയും സസ്യജാലങ്ങളുടെയും രൂപങ്ങള്‍ ഉള്‍പ്പെടുന്നു, ഇത് സമ്പദ്വ്യവസ്ഥയുടെയും ആത്മീയതയുടെയും സംയോജനത്തെ കാണിക്കുന്നു .

വള്ളുവള്ളി, കോട്ടയം, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയ നാണയശേഖരങ്ങള്‍ കേരളീയ സാമ്പത്തിക രീതികള്‍ വെളിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത് . അവ ആളുകളെ അവരുടെ സമ്പാദ്യം (പില്‍ക്കാലത്ത് നിധികള്‍ എന്നറിയപ്പെട്ടു )കുഴിച്ചിടാന്‍ പ്രേരിപ്പിച്ച സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭങ്ങളെയും യുദ്ധങ്ങളെയും അധിനിവേശങ്ങളെയും ഭരണ മാറ്റങ്ങളെയും വെളിപ്പെടുത്തുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്.

കേരള സംസ്ഥാനപുരാവസ്തു വകുപ്പും നാണയശാസ്ത്രസൊസൈറ്റി ഓഫ് ഇന്ത്യയും ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മ്യൂസിയങ്ങളും ആര്‍ക്കൈവുകളും ആദ്യകാല സമ്പദ്വ്യവസ്ഥകള്‍ മനസ്സിലാക്കാനും പുനര്‍നിര്‍മ്മിക്കാനും സഹായിക്കുന്ന വിപുലമായ നാണയ ശേഖരങ്ങള്‍ ഇന്ന് സംരക്ഷിച്ച് വരുന്നു. റേഡിയോകാര്‍ബണ്‍ ഡേറ്റിംഗ്, മെറ്റലര്‍ജിക്കല്‍ വിശകലനം(Metallurgical analysis), ഐക്കണോഗ്രാഫിക് പഠനങ്ങള്‍ (Iconographic studies)തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ, ഗവേഷകര്‍ കേരളത്തിന്റെ നാണയശാസ്ത്ര പൈതൃകത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തുന്നത് തുടരുന്നു (archaeology.kerala.gov.in).

സമീപകാല പുരാവസ്തു കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും

സമീപകാല പുരാവസ്തു ഗവേഷണങ്ങള്‍ കേരളത്തിന്റെ നാണയ ചരിത്രത്തിലേക്ക് ശ്രദ്ധേയമായ പുതിയ വിവരങ്ങള്‍ നല്‍കുന്നവയാണ്.

കണ്ണൂര്‍ ചെങ്ങളായിയിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് സ്വര്‍ണ്ണ, വെള്ളി നാണയങ്ങളുടെ ശേഖരം കണ്ടെത്തി, മധ്യകാല-കൊളോണിയല്‍ പരിവര്‍ത്തനകാലത്ത് നാണയവ്യവസ്ഥയെ ഇത് സൂചിപ്പിക്കുന്നു (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ജൂലൈ 2024).

അതുപോലെ കൊല്ലജില്ലയിലെ പുരാതന തുറമുഖത്ത് 2014-ല്‍ (കൊല്ലം തങ്കശ്ശേരിയില്‍ നിന്ന് )കണ്ടെത്തിയ ചൈനീസ് ചെമ്പ് നാണയങ്ങള്‍ ഔദ്യോഗികമായി എ.ഡി. 7-12 നൂറ്റാണ്ടുകളിലേതാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇത് ചൈനയിലെ ടാങ്-സോങ് കാലഘട്ടവുമായുള്ള കേരളത്തിന്റെ സമുദ്ര ബന്ധത്തെ സ്ഥിരീകരിക്കുന്ന തെളിവാണ്.(മാതൃഭൂമി ഇംഗ്ലീഷ്, ഫെബ്രുവരി 2024).

ഉപസംഹാരം

കേരളത്തിന്റെ നാണയചരിത്രം അതിന്റെ വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക പരിണാമങ്ങളുടെ പ്രതിഫലനമാണ്. റോമന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ മുതല്‍ തിരുവിതാംകൂറിന്റെ ഫണങ്ങള്‍, സാമൂതിരിയുടെ വെള്ളി പണങ്ങള്‍, ബ്രിട്ടീഷ് ഭരണകാലത്തെ രൂപ വരെ ഓരോ നാണയവും കേരളത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങളിലെ സാമ്പത്തിക ബന്ധങ്ങളുടെയും അധികാര ഘടനകളുടെയും ജ്വലിക്കുന്ന സാക്ഷ്യങ്ങളാണ്. സമുദ്രവ്യാപാരത്തിന്റെ ആഗോള ബന്ധങ്ങളിലൂടെ കേരളം ലോകസമ്പദ്വ്യവസ്ഥയുടെ ഭാഗമായപ്പോള്‍, പ്രാദേശിക നാണയനിര്‍മ്മാണം ആ സ്വാധീനങ്ങളെ ദേശസവിശേഷതകളോടെ ഉള്‍ക്കൊണ്ട് ഒരു വ്യക്തമായ സാമ്പത്തിക വ്യക്തിത്വം സൃഷ്ടിച്ചു.

നാണയങ്ങള്‍ ചരിത്രരേഖകളെക്കാള്‍ ജീവനുള്ള തെളിവുകളാണ് . കാരണം അവയുടെ ലോഹം, രൂപം, ചിഹ്നങ്ങള്‍ എന്നിവയിലൂടെ സമൂഹത്തിന്റെ മൂല്യങ്ങള്‍, വിശ്വാസങ്ങള്‍, അധികാരകേന്ദ്രങ്ങള്‍, വ്യാപാരരീതികള്‍ എന്നിവ വെളിപ്പെടുത്തുന്നു. കേരളത്തിലെ പുരാവസ്തു കണ്ടെത്തലുകള്‍, പ്രത്യേകിച്ച് ഇയ്യാല്‍, കൊടുങ്ങല്ലൂര്‍, കൊല്ലം, ചെങ്ങളായി തുടങ്ങിയ സ്ഥലങ്ങളില്‍ ലഭിച്ച നാണയശേഖരങ്ങള്‍, സംസ്ഥാനത്തിന്റെ വാണിജ്യപൈതൃകത്തെ ശാസ്ത്രീയമായി തെളിയിക്കുന്നു.

മധ്യകാലത്ത് പ്രാദേശിക ഭരണാധികാരികള്‍ നാണയങ്ങള്‍ പുറത്തിറക്കിയത് സാമ്പത്തിക സ്വയംപര്യാപ്തതയുടെയും പ്രാദേശിക രാഷ്ട്രീയാധിപത്യത്തിന്റെയും പ്രതീകമായിരുന്നു. കൊളോണിയല്‍ കാലത്ത് യൂറോപ്യന്‍ കറന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നാണയവ്യവസ്ഥ, ആഗോളവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടമായ കേരളത്തിന്റെ സാമ്പത്തിക നവീകരണത്തെ സൂചിപ്പിച്ചു.

സത്യത്തില്‍ കേരളത്തിന്റെ നാണയപരിണാമം ഒരു സാമ്പത്തിക ചരിത്രമത്രമല്ല മറിച്ച് അത് സാംസ്‌കാരിക ഓര്‍മ്മയുടെയും തിരിച്ചറിവിന്റെയും ഭാഗമാണ്. നാണയങ്ങള്‍ ചരിത്രത്തെ വെറുതെ രേഖപ്പെടുത്തിയവയല്ല, അവ ചരിത്രം നിര്‍മ്മിക്കുന്ന ശക്തികളാണ്. അതിനാല്‍, കേരളത്തിലെ നാണയപഠനം സാമ്പത്തികചരിത്രത്തിന്റെയും സാംസ്‌കാരിക പുരാവസ്തുശാസ്ത്രത്തിന്റെയും അഭേദ്യ ഭാഗമായിത്തീര്‍ന്നിരിക്കുന്നു.

ഗ്രന്ഥസൂചി

എ. ശ്രീധരമേനോന്‍. കേരളചരിത്രം. കോട്ടയം: ഡി. സി. ബുക്‌സ്, 2007
മധ്യകാലകേരളംഃ സമ്പത്ത്, സമൂഹം, സംസ്‌കാരം,ചിന്തപബ്ലിഷേഴ്സ് 1997
അറബികളുടെ ചരിത്രം.” ജമാല്‍ മഹമ്മദ് ടി., കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1979
Rajan, K. Archaeology and Numismatics of Early Historic South India. Delhi: Primus Books, 2015.
Tomber, R. Indo-Roman Trade: From Pots to Pepper. London: Duckworth, 2008.
Gopinatha Rao, T. A. Travancore Archaeological Series. Vol. II, Trivandrum: Government Press, 1914.
Menon, A. Sreedhara. A Survey of Kerala History. Kottayam: DC Books, 2011.
Department of Archaeology, Government of Kerala. Numismatic Collections of Kerala: Catalogue and Commentary. Government of Kerala, 2020.
Padmanabha Menon, K. P. History of Kerala. Vol. 2, Madras: Higginbotham & Co., 1929.
Gupta, Parmeshwari Lal. The Early Coins from Kerala. Department of Archaeology, Government of Kerala, 1965.
Sumitha, S. S. ‘Rereading the History of Coins in Kerala.’ Heritage: Journal of Multidisciplinary Studies in Archaeology, vol. 8, no. 1, 2020, pp. 336-344.
Muhammed Fasalu K. ‘Some Ancient Foreign Coins from Kerala: A Description.’ JETIR, vol. 8, no. 5, 2021.
Hari Sankar B., and Dinesh Krishnan. ‘Early Coins from Kerala: Situating the Trade Networks with Special Reference to Pattanam.’ Academia.edu, 2020.
‘Hidden Treasure Discovered in Kannur Rubber Plantation.’ The New Indian Express, 13 July 2024.
‘Age of Ancient Coins Found in Kollam Determined After 10 Years.’ Mathrubhumi English, Feb. 2024.
Kerala State Department of Archaeology – Numismatics Section. Archaeology.kerala.gov.in.
Kerala Heritage Online Archive of Coins. Keralaheritage.org.

ജസീന കെ.

മുൻ അസിസ്റ്റന്റ് പ്രൊഫസർ .ജാമിഅ നദ്‌വിയ്യ ട്രൈനിങ് കോളേജ്.എടവണ്ണ,മലപ്പുറം

മുനീർ ഒ കെ (മുനീർ അഗ്രഗാമി)

അസിസ്റ്റൻ്റ് പ്രൊഫസർ, മലയാളം വിഭാഗം, അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മൈലാടി, നിലമ്പൂർ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x