സർഗ്ഗാത്മകതയുടെ മരണം
മുന്നുര
october 10, 2024
ഫ്രഡറിക് ജയിംസൺ അന്തരിച്ചു.കേരളീയ അക്കാദമിക ജീവിതത്തിൽ പല പേരുകൾക്കൊപ്പം ഉദ്ധരിക്കപ്പെട്ട പേരാണ് ജയിംസണിൻ്റേത്. ഏതു ശിഖരത്തിലും വന്നിരിക്കുന്ന ദേശാടന പൈങ്കിളികളാണ് കേരളീയ അക്കാദമികജീവിതത്തിൽ വൈദേശിക എഴുത്തുകാർ. അവരെന്താണ് എന്നറിയില്ലെങ്കിലും അറിയേണ്ടതില്ലാത്തവരാണെങ്കിലും വൈദേശിക സൈദ്ധാന്തികർ എന്ന നിലയിൽ ഇന്ത്യയിൽ വിപണനം ചെയ്യപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ എഴുന്നേറ്റു നിൽക്കുന്ന ശുദ്ധമനസ്കരും ലളിത ബുദ്ധികളുമായവരെയാണ് കേരളീയ മാധ്യമങ്ങൾ നിരൂപകരായി ഉയർത്തി കൊണ്ടുവന്നത്. ഇപ്പോഴും ഇംഗ്ലീഷ് ലിപിയിൽ എഴുതപ്പെട്ട ഉദ്ധരണിയിൽ ആരംഭിക്കുന്ന ലേഖനമെഴുതുന്നവരെ കാണാം. പഴയ കൃതികളുടെ തുടക്കത്തിലുള്ള രാജസ്തുതി പോലെ.പുതിയ കാലത്തെ പ്രോഗ്രാമുകൾക്ക് മുന്നിലുള്ള പരസ്യങ്ങൾ പോലെ.പ്രായോജകർ ആരാണ് എന്നു നമ്മുക്ക് എളുപ്പം മനസ്സിലാക്കാം. കടം കൊണ്ട് ജീവിക്കുന്ന ഒരു രാജ്യത്ത്, ഉപഭോഗങ്ങൾ മാത്രമുള്ള സംസ്ഥാനത്ത് ഉത്പാദനവും പ്ലാനിംഗും ഇല്ലാത്ത ഒരു ദേശത്ത് ഒരു പക്ഷെ ഇതു സ്വാഭാവികമാകാം. വിദേശീയർ പ്രശംസിച്ചാലോ മരിച്ചാലോ അഥവാ മരിച്ചാണ് ജീവിക്കുന്നതെന്ന് ഉറപ്പാക്കിയാലോ മാത്രം കലാകാരനായി / കലാകാരിയായി അംഗീകരിക്കുന്ന കപട ബൗദ്ധിക ലോകം.ഏറ്റവും ഉദ്ധരണികൾ ഉള്ള ലേഖനം ഏറ്റവും നല്ല ലേഖനം എന്നു ഏതാണ്ട് നമ്മൾ തീർച്ചയാക്കിയിട്ടുണ്ട്.
അക്കാദമിക വിമർശനത്തെ എതിർത്തു കൊണ്ട് വിമർശന രംഗത്ത് എത്തിയ കെ.പി.അപ്പൻ യാന്ത്രികമായ അക്കാദമിക ശൈലിയിൽ അക്കാദമിക നിരൂപണത്തെ എതിർത്ത എഴുത്തുകാരനാണെന്ന് ഇന്നു നാം മനസ്സിലാക്കുന്നു.വി പി ശിവകുമാറെ പോലുള്ളവർ അന്നേ അതു പറഞ്ഞിരുന്നു.കെ.പി.അപ്പന് സ്വന്തം ദേശത്തിലോ രാഷ്ട്രീയത്തിലോ സാംസ്കാരികവേരുകളില്ലായിരുന്നു. പുസ്തകം വായിച്ച് പുസ്തകത്തെക്കുറിച്ച് എഴുതുകയായിരുന്നു. കേരളീയ അക്കാദമിക സമൂഹം എത്തി നിൽക്കുന്ന ദയനീയതയുടെ വിളംബരമായിരുന്നു കെ.പി.അപ്പൻ.
ചരിത്രവും സാഹിത്യവും എങ്ങനെ പരിണമിക്കണമെന്നു നിർദ്ദേശിക്കാനായിരുന്നു വിവിധ അറിവുകളെ കേസരി ഉപയോഗിച്ചത്. പക്ഷെ കേസരി മലയാളികൾക്ക് ഉദ്ധരണികൾ ഇറക്കുമതി ചെയ്ത ഇടനിലക്കാരൻ മാത്രമായിരുന്നു എന്നാണ് അലങ്കാര ബുദ്ധിജീവികൾ പറയുന്നത്.മാധ്യമങ്ങളെയും ജനപ്രിയ വ്യവഹാരങ്ങളെയും പഠിക്കാൻ പുതിയ സൈദ്ധാന്തിക ജ്ഞാനമാതൃകകൊണ്ടു വന്ന എസ്.സുധീഷിനെ നമ്മുക്കറിയില്ലെങ്കിലും ഫ്രഡറിക് ജയിംസണെയും ദറിദയെയും നമ്മുക്കറിയാം. സ്വന്തം ജില്ലയെ പോലും അറിയാത്തവർ വിദേശ ടൂർ പേക്കേജിൽ ലോകം കണ്ട് അതിൻ്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ ഇടും പോലെയായിരുന്നു അത്. ഇത്തരം അരാഷ്ട്രീയത, കേരളീയ അക്കാദമികസമൂഹത്തിനും വ്യാവസായിക മാധ്യമങ്ങൾക്കും പ്രിയപ്പെട്ടതായിരുന്നു. സാർത്രിനെ പോലുള്ള രാഷ്ട്രീയചിന്തകർ കെ.പി.അപ്പനിൽ എത്തിയപ്പോൾ അഥവാ കേരളീയ ഉപരിപ്ലവ അക്കാദമിക എഴുത്തുകാരിൽ എത്തിയപ്പോൾ ശൂന്യതാവാദിയായി മാറി. സാർത്രിൻ്റെ ചിന്തകളെ പിൻപറ്റി ഉത്തരാധുനിക ജീവിതത്തിൻ്റെയും ഉത്തരാധുനിക സ്വത്വവാദസിദ്ധാന്തവിചാരങ്ങളുടെയും പിന്നിലെ മുതലാളിത്തയുക്തികളെ വിചാരണ ചെയ്ത ഫ്രഡറിക് ജയിംസൺ ഇവിടെ മുതലാളിത്തത്തെ ഒരു വിധത്തിലും അഭിസംബോധന ചെയ്യാത്ത സ്വത്വവാദികളുടെയും ഉപരിവർഗ്ഗ മാർക്സിസ്റ്റുകളുടെയും കളിപ്പാട്ടമായി മാറി. അവർ സ്വാഭാവികമായും കേരളീയ – ഇന്ത്യൻ സാഹചര്യത്തിൽ മുതലാളിത്ത – ഫാഷിസ്റ്റ് മൂല്യങ്ങളെയും യുക്തികളെയും സ്വന്തം സൈദ്ധാന്തിക ഉപകരണങ്ങൾ കൊണ്ട് വിചാരണ ചെയ്ത എംഎൻ വിജയൻ്റെ ശത്രുക്കളാവുകയും ചെയ്തു.
ഒക്ടോബർ മൂന്നിന് എം എൻ വിജയൻ ജനങ്ങളുടെ മുന്നിൽ മരിച്ചുവീഴുമ്പോൾ അവസാനമായി പറയുന്നത് രാജ്യമാണ് വലുത് എന്നാണ്. ആഗോളീകരണത്തിൻ്റെ രാഷ്ട്രീയം രാജ്യത്തെ പണം എന്ന ആയുധം കൊണ്ട് ചിതറിച്ചുകളയുക എന്നതാണ്. ആദ്യം അവർ ദളിത് സ്നേഹമായും സ്ത്രീ സ്നേഹമായും പരിസ്ഥിതി സ്നേഹമായും എൽജിബിറ്റി സ്നേഹമായും എത്തും. തുടർന്ന് ദേശീയമായ ഉത്പാദനങ്ങളില്ലാത്ത വംശീയ-ലൈംഗിക വിപണിയായി രാജ്യം ചിതറിത്തെറിക്കും. ഉത്പാദന ലൈംഗികതയും ഉത്പാദന രാഷ്ട്രീയവും ഉത്പാദന സാഹിത്യവും ഇല്ലാത്ത ഒരു രാജ്യമായി തീരും.എല്ലാം ശരി എന്നു പറഞ്ഞു പഠിപ്പിക്കുന്ന ഉത്തരാധുനിക സിദ്ധാന്ത പഠനം പണം മാത്രമാണ് ശരി എന്ന പാഠത്തെ ഒളിച്ചുകടത്തും എന്നു എം എൻ വിജയൻ പറഞ്ഞു.’ആഗോളവത്കരണത്തിൻ്റെ കലയാണ് പോസ്റ്റ് മേഡേൺ കല. അനുഭവങ്ങളെന്ന പോലെ ധീരതയും എഴുത്തിൽ നിന്ന് ചോർന്ന് പോകുന്നു. രീതികളിൽ മാത്രം ഊന്നുകയും സത്യം മറച്ച് വയ്ക്കാൻ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഒന്നും ജീർണ്ണതയല്ലെന്നു പറഞ്ഞ് ജീർണ്ണതയെ അത് ഉയർത്തിപ്പിടിക്കുന്നു ‘എന്ന് അദ്ദേഹം നിരീക്ഷിച്ചു.
പ്രച്ഛന്നങ്ങളുടെ വ്യാപാരമാണ് പുതിയ കാലത്ത്. നിഴലുകൾ എഴുത്തുകാരായി മാറുന്നു. സർഗ്ഗാത്മകതയുടെ മരണം രാജ്യത്തിൻ്റെ മരണം തന്നെയാണ്. എന്നാൽ ചരിത്രം നിഷേധങ്ങളുടെ ചരിത്രമാണ്. അതു കൊണ്ടാണ് എം എൻ വിജയൻ ഇങ്ങനെയും എഴുതിയത്:
“മിമിക്രി യാഥാർത്ഥ്യത്തേക്കാൾ യഥാർത്ഥമായിത്തീരുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. we are living in a world of mime അത് ചെറിയ ഒറ്റപ്പെട്ട സംഭവമല്ല. ഒറ്റപ്പെട്ട സംഭവം എന്നുപറഞ്ഞ് ലോകത്തിൽ ഒന്നും നടക്കുന്നില്ല. എല്ലാം സംഭവവും ചരിത്രസംഭവങ്ങളാണ്. creation പുറകിലും imitation മുമ്പിലും വരുന്ന ഒരു ഘട്ടമാണിത്. അതായത് നിഴലുകൊണ്ട് ആളെ അളക്കുന്ന ഒരു കാലമാണിത്. ചരിത്രം ഇങ്ങനെ ഒറ്റയടിപ്പാതയാണെന്ന് കരുതരുത്.”(എം.എൻ. വിജയൻ്റെ ലോകങ്ങൾ )
പഴവങ്ങാടി വഴി കണ്ണൂരിലേക്കുള്ള ബസ്സിനെക്കുറിച്ച് ചോദിക്കുന്ന ആളോട് നവചരിത്ര വാദം, ഫൂക്കോ, ഫ്യൂഡൽ സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യം, സൂചകത്തിൻ്റെ നിരന്തര അർത്ഥ നിർമ്മിതി, സ്വത്വവാദം, ഫോക് ലോറി സം അലൻ ഡൻഡസ് തുടങ്ങിയവയെക്കുറിച്ച് വാചകമടിക്കുകയും വഴിമാത്രം പറയാതിരിക്കയും ചെയ്യുന്ന ഒരാളിനെക്കുറിച്ച് പറയുന്ന കഥയ്ക്ക് എൻ പ്രഭാകരൻ ഇട്ടിരിക്കുന്ന പേര് ‘ഫ്രം പഴയങ്ങാടി ടു കണ്ണുർ അഥവാ സമകാല സാഹിത്യ നിരൂപണം’ എന്നാണ്.