സ്ത്രീസമരവും സിനിമയും
മുന്നുര
septembe 10, 2024
സിനിമാരംഗത്തെ സ്ത്രീപീഡനങ്ങളെയും തൊഴിലാളിവിരുദ്ധപ്രവണതകളെയും കുറിച്ച് സിനിമാസംഘടനാപ്രതിനിധികളോടും അധികാരികളോടും ചോദിക്കുമ്പോൾ “ന്നാ താൻ കേസ് കൊട്” എന്നും ലോകമുണ്ടായതു മുതൽ ഇതൊക്കെ ഉള്ളതല്ലേ എന്നും ഒക്കെയാവും പ്രതികരണം.
സംഘടനകൾ, സംഘടിതമായി കുറ്റകൃത്യം ചെയ്യാനുള്ള കൂട്ടായ്മയായും കുറ്റകൃത്യവും നീതിനിഷേധവും അംഗീകരിക്കപ്പെട്ട ന്യായ സംഹിതയായും മാറുമ്പോൾ എല്ലാത്തരം സംഘടനകളിൽ നിന്നും ഇതേ പ്രതികരണം ഉണ്ടാകും. കേസ് കൊടുക്കുന്നത് വാദിക്ക് സമയവും പണവും നഷ്ടപ്പെടുത്തിയുള്ള വൈകാരിക പ്രശ്നമാകുമ്പോൾ പ്രതിക്ക് എല്ലാ സംവിധാനങ്ങളും സൗജന്യസഹായത്തിനെത്തുന്ന സന്തോഷപ്രവർത്തനമായി മാറും എന്നു അധികാരികൾക്ക് അറിയാം. ‘ന്നാ താൻ കേസ് കൊടു’എന്നു പറയുന്ന ,എല്ലാത്തരം സംഘടനയിലുമുള്ള കുറ്റവാളികൾക്കും അതു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
സ്ത്രീയും പുരുഷനും ഉള്ളിടത്തോളം സ്ത്രീപീഡനവും കാണും ,ലോകാരംഭം മുതൽ ഇതുണ്ട് എന്നു സ്ത്രീപീഡനത്തെ അധികാരപക്ഷത്തുനിന്നു സാധാരണീകരിക്കുന്നവർ ശ്രദ്ധിക്കേണ്ടത് സ്ത്രീ പീഡിപ്പിക്കപ്പെടുന്നതിന് കാരണം സ്ത്രീ സ്ത്രീ ആയതു കൊണ്ടും പുരുഷൻ പുരുഷനായതുകൊണ്ടുമല്ല. ജന്മി- കുടിയാൻ വ്യവസ്ഥയിൽ ജന്മിയായ സവർണ്ണപുരുഷൻ അധ:സ്ഥിതജാതിസ്ത്രീയെ പീഡിപ്പിക്കുന്നതിൻ്റെ (അതു പീഡനമായി കണക്കാക്കിയിരുന്നില്ല എന്നു മാത്രം) എത്രയോ ചെറിയ ശതമാനമാകും അധ:സ്ഥിത ജാതിപുരുഷൻ സവർണ്ണജാതി സ്ത്രീയെ പീഡിപ്പിക്കുന്നത്. പുലയന് എന്തിനാണ് പെണ്ണ്, പശു പോരെ എന്നായിരുന്നു അന്നത്തെ നിലപാട്.അതിന് കാരണം അധ: സ്ഥിതജാതിപുരുഷൻ, പുരുഷൻ അല്ലാത്തതു കൊണ്ടോ സവർണ്ണജാതിസ്ത്രീ ,സ്ത്രീയല്ലാത്തതു കൊണ്ടോ അല്ല.അതായത്,അധികാരഘടനയാണ്, പവർ ഗ്രൂപ്പ് ആണ് കൂട്ടായ സ്ത്രീപീഡനത്തെ സാധ്യമാക്കുന്നത്.അങ്ങനെ ലൈംഗിക അടിമത്തം ഉണ്ടാകുമ്പോൾ ഒപ്പം സ്വവർഗ്ഗ ലൈംഗിക പീഡനവും സ്വാഭാവികമായി ഉണ്ടാകും.
പാഞ്ചാലി പീഡിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായ പണ്ഡിതനിശബ്ദത പഴയകാല പവർ ഗ്രൂപ്പിൻ്റെ സൃഷ്ടിയാണ്.ഈയടുത്ത കാലത്ത് ഇറങ്ങിയ ‘ആട്ടം’എന്ന ചലച്ചിത്രം ഉത്തരാധുനിക കാലത്തെ മറ്റ് ഫെമിനിസ്റ്റ് സിനിമകളിൽ നിന്നും അല്പം വ്യത്യസ്തമാണ്.സിനിമാ നടൻ, വിദേശയാത്രാ സൗഭാഗ്യം നാടക ഗ്രൂപ്പിന് ഓഫർ ചെയ്യുമ്പോൾ നടന്നു എന്നു സമ്മതിച്ച സ്ത്രീ പീഡനം പീഡനമല്ലാതായി കലാകാരന്മാർക്കു തോന്നുന്നതായി അവതരിപ്പിച്ചു കൊണ്ട് സ്ത്രീ പ്രശ്നത്തിലെ ധനകാര്യതലം ഉന്നയിക്കുന്നത് കൊണ്ടാണ് അതു ശ്രദ്ധേയമായി മാറുന്നത്.. കലാകാരന്മാർക്ക് സാമൂഹിക ലക്ഷ്യങ്ങൾ നഷ്ടമാകുമ്പോൾ ,ലാഭവും പ്രശസ്തിയും മാത്രം ലക്ഷ്യമാകുമ്പോൾ സിനിമയിൽ പറയും പോലെ നമ്മുക്ക് ഏല്ക്കുന്ന പീഡനങ്ങൾ എല്ലാം നമ്മുടെ തോന്നലാണ് എന്നു സ്വയം കണ്ടെത്തും ( Tactile hallucinations). അങ്ങനെ വിശ്വസിക്കാൻ തന്നെയും മറ്റുള്ളവരെയും നിർബന്ധിക്കും.
പഴയകാലസ്ത്രീയസ്ഥ ,തൊഴിൽ ചെയ്താൽ കൂലി കിട്ടാത്ത, അടിസ്ഥാന ജീവിത സൗകര്യങ്ങളില്ലാത്ത, ജന്മവും ജാതിയും മാനദണ്ഡമാകുന്ന മൂല്യവസ്ഥയോടും തൊഴിൽ വ്യവസ്ഥയോടും ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീ മാത്രമല്ല ആ വ്യവസ്ഥയിൽ പീഡിപ്പിക്കപ്പെടുന്നത്. അധ:സ്ഥിത പുരുഷനും പീഡിപ്പിക്കപ്പെടുന്നു. അത്തരം വ്യവസ്ഥയിലെ സ്വാഭാവികാസ്ഥയാണ് ബാലസ്ത്രീപീഡനവും സ്വവർഗ്ഗ ലൈംഗിക പീഡനവും.ഇതെല്ലാം കൊണ്ടാണ് നവോത്ഥാന സ്ത്രീ സമരങ്ങൾ വെറും സ്ത്രീമാത്രകൂട്ടായ്മാസമരങ്ങൾ അല്ലാതായി മാറിയത്.അങ്ങനെ മറ്റൊരവസ്ഥ ഉണ്ടാകുകയും സ്ത്രീകൾക്ക് അടിമസ്ത്രീകൂട്ടായ്മയിലെ അംഗം എന്ന നിലയിൽ നിന്നും തൊഴിലാളി സ്ത്രീ സംഘടനയിലെ രാഷ്ട്രീയവ്യക്തി എന്ന അസ്തിത്വം ഏറെക്കുറെ ലഭിക്കുകയും ചെയ്തു.
എന്നാൽ നാടകം, സിനിമ, മറ്റ്സ്വകാര്യ തൊഴിലിടം തുടങ്ങി പല രംഗങ്ങളിലും സ്ത്രീക്ക് നിയമപരമായി അംഗീകരിച്ചെടുത്ത തൊഴിലവകാശ -വ്യക്തിത്വ സംരക്ഷണം ലഭിച്ചില്ല. കള്ളപ്പണ സമൃദ്ധിയും നികുതി വെട്ടിപ്പും സാമ്പത്തികത്തട്ടിപ്പും;പ്രതിഫലഏകീകരണവും തൊഴിൽ നിയമങ്ങളും തൊഴിൽ സംരക്ഷണങ്ങളും ഇല്ലാത്ത അവസ്ഥയും സിനിമ -മാധ്യമ-വ്യവസായമേഖലകളെ പഴയ ജന്മിത്ത അടിമവ്യവസ്ഥയെ ഓർമ്മിപ്പിക്കുന്ന നിലയിലേക്ക് കൊണ്ടുപോയി. സിനിമാ നിർമ്മാണവും അഭിനയവും വിതരണവും ഒരു ഗ്രൂപ്പ് നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് സമ്പത്ത് കുന്നുകൂടി സൃഷ്ടിക്കപ്പെടുന്ന അധികാരമാണ്. അതു സ്ത്രീയെ ഏറ്റവും വിലകുറഞ്ഞ ചരക്കാക്കി മാറ്റി. സ്ത്രീശരീരം ഒരു സിനിമയിലെ ഏറ്റവും ചെലവു കുറഞ്ഞ ഉപഭോഗവസ്തുവാണ്.മുതലാളിത്ത വ്യവസ്ഥ, നവോത്ഥാനം സൃഷ്ടിച്ച തൊഴിൽ വ്യക്തിത്വത്തെയും തൊഴിൽ അവകാശങ്ങളെയും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന വ്യവസ്ഥയാണ്.
സംഘടനകളുടെ രാഷ്ട്രീയനിഷ്ക്രിയത എന്നത് ഒരു കുറ്റകൃത്യമാണ്.ഇത് ഒരു സംഘടനയെ കുറ്റവാളികളുടെ കൂട്ടായ്മയാക്കി മാറ്റുന്നു. ഇങ്ങനെ മാറിയ കൂട്ടായ്മകളെ മുതലാളിത്തത്തിന് വിലയ്ക്കെടുക്കാനാകുന്നു. ഇന്നു തൊഴിൽ അവകാശങ്ങളും സ്ഥിരതയും ഇല്ലാതാകും വിധം സംഭവിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത പരിഷ്കരണം നടപ്പിലാവുന്ന എല്ലാ രംഗങ്ങളിലും സ്ത്രീ പഴയ അടിമസ്ത്രീയസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. സ്വാഭാവികമായും അതിനെതിരായ പ്രതിഷേധങ്ങളും ഉണ്ടാകും. ഒറ്റപ്പെട്ട പീഡനങ്ങൾ സംഘടിത പീഡനങ്ങളാകുന്നതു പോലെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ സംഘടിത പ്രതിഷേധങ്ങളായി മാറും. വിനയനും തിലകനും തുടങ്ങി വച്ച പ്രതിഷേധങ്ങളുടെ തുടർച്ചയാണ് ഇന്നു കാണുന്ന പ്രതിഷേധങ്ങൾ. അതു സ്ത്രീ മാത്ര സമരമല്ല. സ്ത്രീപീഡന മാത്ര പ്രശ്നമല്ല.സിനിമാസംഘടനയിലെ ലൈംഗിക അടിമത്തവും നിഷേധങ്ങളും ഒരു രാഷ്ട്രീയ സൂചകമാണ്. വന്നു ചേർന്ന ധനകാര്യ അടിമത്തത്തിൻ്റെ സൂചനയാണ്. വരാൻ പോകുന്ന നിഷേധങ്ങളുടെ അടയാളമാണ്. ഇതു മറ്റ് ചലച്ചിത്രമേഖലകളിൽ മാത്രമല്ല അസ്ഥിരവും അരക്ഷിതവുമായ മറ്റ് മുതലാളിത്ത തൊഴിൽ മേഖലകളെയും ബാധിക്കുന്ന കാലത്തു മാത്രമേ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകൂ.
ലോകബാങ്ക് പദ്ധതി വഴി വന്ന പുതിയ പാഠ്യപദ്ധതിയിലൂടെ പ്രചരിപ്പിക്കപ്പെട്ട സ്വത്വവാദ പരിസരത്തിൽ നിർവ്വചിക്കപ്പെട്ട അക്കാദമികഫെമിനിസം സ്ത്രീയുടെ നവോത്ഥാനനന്തര തൊഴിൽവ്യക്തിത്വത്തിൻ്റെ മുതലാളിത്ത കാലനിരാസത്തെ മറച്ചു പിടിക്കാനും ത്വരിതപ്പെടുത്താനുമുള്ളതായിരുന്നു.അത് ഏട്ടിലെ പശു മാത്രമായിരുന്നെങ്കിലും പുല്ലു തിന്നില്ലെങ്കിലും മുടങ്ങുന്ന അത്താഴത്തിൻ്റെ കാരണത്തെ മറച്ചു പിടിക്കാൻ പര്യാപ്തമായിരുന്നു. സ്ത്രീയുടെ തൊഴിൽ അവകാശങ്ങൾ, വോട്ടവകാശങ്ങൾ, സ്ത്രീയുടെ അധ്വാനകർതൃത്വത്തെ നിർവ്വചിച്ചുറപ്പിക്കാനുള്ള ശ്രമങ്ങൾ – തുടങ്ങിയ ആദ്യ കാലപാശ്ചാത്യ ഫെമിനിസത്തിൻ്റെ ധാരയല്ല ഇവിടെ ഉദ്ധരിക്കപ്പെട്ടത്. (ഇവിടത്തെ നവോത്ഥാനസ്ത്രീ സമരങ്ങളാകട്ടെ മറയ്ക്കപ്പെടുകയും ചെയ്തു)ശരീരമാത്രഅസ്തിത്വ ആഘോഷം, സ്ത്രീ സ്വവർഗ്ഗ ലൈംഗികാഘോഷം, സ്ത്രീ മാത്ര കൂട്ടായ്മാസ്വാതന്ത്ര്യവാദം തുടങ്ങിയ പിൽക്കാല മുതലാളിത്ത സ്വത്വവാദ ആശയങ്ങളുടെ ആശയവിപണിയാണ് ഇവിടെ മാധ്യമങ്ങളും പാഠപുസ്തകങ്ങളും പ്രചരിപ്പിച്ചത്. പ്രമുഖ വ്യാവസായിക മാധ്യമങ്ങളുടെ പത്രാധിപരുടെ പേര് പറഞ്ഞിട്ട് അദ്ദേഹം ആണ് എന്നെ സൃഷ്ടിച്ചത് എന്നു സ്വന്തം പുസ്തകത്തിൻ്റെ ആമുഖത്തിൽ എഴുതിപ്പിടിപ്പിക്കുന്ന പെണ്ണെഴുത്തുകാർ മലയാളത്തിൽ ഉദയം ചെയ്തു. സിനിമാനടികളുടെ ഇരിപ്പിലും നടപ്പിലും ശരീരം കാണിക്കുന്ന പുതിയ ഫാഷൻ ചുരിദാറിലും വിപ്ലവം കണ്ടെത്തുന്ന ലേഖനമെഴുതിയാലേ പ്രസിദ്ധീകരിക്കു എന്നു പറയുന്ന പത്രാധിപരുടെ പ്രീതിക്കായി യശ്ശ: പ്രാർത്ഥികളായ ഫെമിനിസ്റ്റുകൾ ഉളുപ്പ് ഉള്ളിലൊതുക്കി ലേഖനമെഴുതി. സ്വാഭാവികമായി അതു പ്രസിദ്ധീകരിക്കപ്പെട്ടു.ഏറ്റവും അടുത്ത മുഹൂർത്തത്തിൽ അതു പാഠപുസ്തകങ്ങളായി.സ്ത്രീ മാത്ര എഴുത്തുകാരുടെ നിര മാത്രമുള്ള പെണ്ണെഴുത്ത് കോഴ്സുകളും ജൻ്റർ കോഴ്സുകളും പ്രത്യക്ഷപ്പെട്ടു.സ്വത്വവാദത്തിനെതിരെ എഴുതുന്നവരെ ഒഴിവാക്കാനും സ്വത്വവാദ ആശയങ്ങളെ ഉയർത്തിക്കൊണ്ടു വരാനും രാഷ്ട്രീയ-മാധ്യമ- അക്കാദമിക രംഗത്തുള്ളവരുടെ ഒരു പവർ ഗ്രൂപ്പ് രണ്ടായിരത്തിൽ പ്രവർത്തിച്ചു.സ്ത്രീ തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തെ മറച്ചു പിടിച്ചു കൊണ്ട് രാഷ്ട്രീയത്തിലും സ്ത്രീകൂട്ടായ്മകൾ ഉണ്ടായി. ലോറിയിൽ ലോഡായി കയറ്റിക്കൊണ്ട് പോകാവുന്ന വസ്തുക്കളായി സ്ത്രീകൾ മാറി. അക്കാദമിക ഫെമിനിസ്റ്റുകളും പാഠ്യപദ്ധതികളും മാധ്യമങ്ങളും സ്ത്രീയുടെ ശരീരമാത്രസ്വാതന്ത്ര്യവാദത്തെ എത്ര ആഘോഷിച്ചെങ്കിലും യഥാർത്ഥസമരങ്ങളെ തമസ്കരിക്കാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ പ്രശ്നം നേരിടുന്ന സ്ഥലങ്ങളിൽ നിന്നും തൊഴിൽ സമരങ്ങൾ രൂപപ്പെട്ടു വരിക തന്നെ ചെയ്തു. പക്ഷെ മാധ്യമങ്ങൾ അതു ഒഴിവാക്കുകയോ വിപരീതമാക്കുകയോ ചെയ്തു. മൂന്നാറിലെ തൊഴിലാളിസമരത്തെ ‘പൊമ്പളൈ ഒരുമ’ എന്നു വിളിച്ച് പുരുഷനെതിരെയുള്ള കേവല സ്ത്രീ മാത്ര സമരമാക്കി യഥാർത്ഥപീഡകരായ മുതലാളിമാരെ മലയാളമാധ്യമങ്ങൾ രക്ഷിച്ചെടുത്തു.ഉത്തരാധുനിക കാലത്ത് സ്വാഭാവികമായി ഉണ്ടായ, തൊഴിൽ പ്രശ്നം എന്ന നിലയിൽത്തന്നെ ഉയർന്നു വന്ന സമരമായിരുന്നു സിനിമാരംഗത്തു നിന്നും ഉണ്ടായത്. അതു കൊണ്ടു തന്നെ അക്കാദമിക ഫെമിനിസ്റ്റുകളെ പോലെ സമരം ചെയ്തവർ മുഖ്യധാരയായില്ല, അവർക്ക് അവാർഡുകൾ കിട്ടിയില്ല. പാഠപുസ്തകമായില്ല.അതിൻ്റെ വക്താക്കളായ സ്ത്രീകൾ ചലച്ചിത്ര രംഗത്തു നിന്നു തന്നെ ഒഴിവാക്കപ്പെട്ടു.
ഇപ്പോൾ സിനിമയിലെ അധികാരികൾക്കെതിരെ ഉണ്ടായ ചില പൊട്ടിത്തെറികളെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത് ‘മീടു ‘ എന്ന ടാഗ് ലൈനിലാണ്. അസൂയാലുവായ കാഴ്ചക്കാരൻ്റെ ഇക്കിളിയെയും സന്തോഷത്തെയും സംബോധന ചെയ്തു കൊണ്ട് പവർ ഗ്രൂപ്പുകൾ നിയന്ത്രിക്കുന്ന തൊഴിലവകാശ നിയമലംഘനവും സാമ്പത്തിക-ലൈംഗികഅടിമവ്യവസ്ഥയും സൃഷ്ടിക്കുന്ന സിനിമാരംഗത്തു നിന്നുമുണ്ടായ സ്ത്രീ -പുരുഷ നിഷേധങ്ങളെ തൊലിപ്പുറഫെമിനിസ്റ്റ് സമരമാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു തുടങ്ങി എന്നർത്ഥം. നികുതിരഹിതകള്ളപ്പണം, ലഹരിവ്യാപാരം, തൊഴിൽപീഡനം, വരുമാന അന്തരം, ഇടനിലക്കാരുടെ സാമ്പത്തികത്തട്ടിപ്പ്, രാഷ്ട്രീയാധികാരത്തിൻ്റെ ദുരുപയോഗം ഇങ്ങനെ നീണ്ടുപോകുന്ന എല്ലാ പ്രശ്നങ്ങളും സ്ത്രീപീഡന വാർത്തകളിൽ ഒഴുകിപ്പോകുന്നു.തൊഴിലവകാശങ്ങൾ നിഷേധിക്കപ്പെടുന്ന മാധ്യമ മുതലാളിത്തരംഗത്തേക്ക് കൂടി ഇത്തരം സിനിമാതൊഴിൽ സമരങ്ങളെത്തരുത് എന്ന ജാഗ്രത സ്വാഭാവികമായും ഇത്തരം പവർ ഗ്രൂപ്പുകൾ തന്നെ നിയന്ത്രിക്കുന്ന മാധ്യമങ്ങൾക്ക് ഉണ്ടാകും.
അടിമയാകാൻ തയ്യാറല്ലാത്ത കലാകാരന്മാരെയും കലാകാരികളെയും തൊഴിലാളികളേയും ആട്ടിപ്പായിക്കുന്ന അധികാരത്തോടുള്ള നിഷേധങ്ങൾ എല്ലാ രംഗത്തും രൂപപ്പെടുക നിഷേധങ്ങളുടെ സംഘടിത രൂപമുണ്ടാകുക എന്നതു വളരെ പ്രയാസമുള്ള കാര്യമാണ്. പക്ഷെ അതു അനിവാര്യവുമാണ്.
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്