ആണത്തം എന്ന മിത്ത്
മുന്നുര
November 10, 2024
നീണ്ട യാത്രയ്ക്ക് ശേഷം വാഹനത്തിൽ നിന്നും തെറിച്ചു പോയ വീൽചക്രം മണ്ണിൽ കിടന്ന് അതിൽ ചിതലും ചെടിയും പൂക്കളും നിറയുമ്പോഴാണ് അതിനെ മിത്തുകൾ എന്നു വിളിക്കുന്നത്. കുന്നും കുഴിയും താണ്ടിയുള്ള, ദീർഘയാത്രകളുടെ ചരിത്രം ആ ചക്രത്തിന് പറയാനുണ്ടാകും. എങ്കിലും അതു പൂക്കളുടെ വർണ്ണക്കാഴ്ചയായി നമ്മുടെ മുന്നിൽ നിൽക്കും. ദൈവങ്ങൾ ഉണ്ടാകുന്നതും അങ്ങനെ തന്നെയാണ്. വിഗ്രഹങ്ങളെ നിരന്തരം നിഷേധിച്ച നാരായണ ഗുരു വിഗ്രഹവും ദൈവമാകുമ്പോൾ കുന്നും കുഴിയും താണ്ടിയുള്ള നവോത്ഥാന ദീർഘയാത്രകൾ നമ്മുക്ക് മറക്കാൻ സാധിക്കും. ചരിത്രത്തിൻ്റെ വീൽചക്രങ്ങൾ ചിതലെടുക്കുമ്പോൾ ആണ് മിത്തുകളും ദൈവങ്ങളും ഉണ്ടാകുന്നത്. ദൈവങ്ങളെയും മിത്തുക്കളെയും വീൽചക്രങ്ങളെയും ഉപേക്ഷിക്കുകയല്ല, നമ്മുടെ യാത്രകൾക്ക് ഉപകരണമാക്കുകയാണ് വേണ്ടത്.
ആണത്തവും പെണ്ണത്തവും ട്രാൻസ്ജൻ്ററിസവും ഇതുപോലുള്ള മിത്തുകളാണ്.
വന്യപ്രകൃതിയോടുള്ള ,വന്യമൃഗങ്ങളോടുള്ള താരതമ്യേന ദുർബലനായ മനുഷ്യൻ്റെ ശരീരിക പോരാട്ടങ്ങളിലാണ് മനുഷ്യസംസ്കാരചരിത്രം ഉദയം ചെയ്യുന്നത്. ഒരു പുലിയേക്കാൾ വലിയ അളവിൽ ശരീരികശേഷി കുറഞ്ഞ മനുഷ്യൻ കാട്ടിൽ രക്തരൂക്ഷിതമായ സമരങ്ങളിലൂടെ അതിജീവിച്ചത് അതിനെ കീഴടക്കാനുള്ള ഉപകരണങ്ങൾ കണ്ടു പിടിച്ചതുകൊണ്ടാണ്. അതു ആണിൻ്റെയും പെണ്ണിൻ്റെയും ദ്വിലിംഗവ്യക്തികളുടെയും ഒരുമിച്ചുള്ള മാനസിക വളർച്ചയുടെ സൃഷ്ടിയായിരുന്നു.അതു പുലിയിൽ നിന്നും സിംഹത്തിൽ നിന്നും വ്യത്യസ്തമായുള്ള മനുഷ്യൻ്റെ ശാരീരിക മാനസികഅധ്വാനത്തിൻ്റെ വിളംബരമായിരുന്നു. ഈ അതിജീവന ചരിത്രത്തെ മിത്താക്കി മാറ്റിയാണ് കേവലമായ
” ആണത്തം ” എന്ന വ്യാജലിംഗാവസ്ഥ നിർമ്മിച്ചത്.രക്ഷകനും ശിക്ഷകനുമായ നായകപുരുഷൻ അങ്ങനെ ഉണ്ടായ മിത്താണ്.ഇത് പല മാതൃകകളിൽ പ്രത്യക്ഷമാണ്.
ആണത്തമാതൃക – 1 കായികബലമുള്ള പുരുഷൻ
കായിക ബലത്തെ മാത്രം ആശ്രയിക്കുകയും മാനസിക വളർച്ച നേടാത്തതുമായ ആദിമ മനുഷ്യൻ്റെ ഓർമ്മ ഇത്തരം ആണത്ത മാതൃക പുനരുദ്ധരിക്കുന്നു. ഉത്പാദന ഉപകരണങ്ങൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത മനുഷ്യ ചരിത്രത്തെ അതു മറച്ചു പിടിക്കുന്നു
ചലച്ചിത്രങ്ങളിൽ തോക്കു കയ്യിലേന്തിയ പോലീസ്നായകൻ ആയുധമില്ലാതെ നിൽക്കുന്ന വില്ലനോട് സ്വന്തം തോക്കു മാറ്റി വച്ച് പോരിന് വിളിക്കുന്നത് സ്വന്തംകായിക ശേഷിയുടെ വിളംബരമാണ്. പോലീസ് ഡിപ്പാർട്ട്മെൻ്റ് ആയുധം കൊടുക്കുന്നത് ഇങ്ങനെ ആണത്തം കാണിക്കാനല്ല. പോലീസിലുള്ളവരുടെ കായിക ക്ഷമത കൊണ്ടു മാത്രമല്ല പോലീസ് ഡിപ്പാർട്ടുമെൻ്റ് പുലർന്നു പോകുന്നത്. ആയുധം എന്ന ഉപകരണം ഉപയോഗിക്കാൻ അവർക്കുള്ള വിശേഷാധികാരവും മറ്റ് നിയമാധികാരങ്ങളുമാണ്. കായിക ക്ഷമതയാണ് നായകത്വത്തെ നിർമ്മിക്കുന്നതെങ്കിൽ മനുഷ്യനേക്കാൾ കായിക ക്ഷമതയുള്ള പുലിയായിരിക്കണം നായകൻ. മനുഷ്യൻ കണ്ടു പിടിച്ച ഉപകരണങ്ങളാണ് അവനെ പ്രധാനിയാക്കിയത്. നിലവിലുള്ള അവസ്ഥയിൽ താരതമ്യേന കായിക ക്ഷമത കുറഞ്ഞത് പെണ്ണിനാണ് എന്ന വ്യാഖ്യാനത്തിൻ്റെ പേരിൽ പെണ്ണിന് മേൽ അധികാരം നേടാൻ ഈ ആണത്ത മിത്തീകരണ പ്രക്രിയ സഹായിക്കുന്നു. പെണ്ണിനെ രക്ഷിക്കാൻ അനേകം പേരെ ഇടിച്ചിടുന്ന നായകൻ എന്ന പുരുഷമാതൃക സൃഷ്ടിക്കപ്പെടുന്നത് അതുകൊണ്ടാണ്.
ഉടമകളെ രക്ഷിക്കുന്ന (‘അടിയൻ ലച്ചിപ്പോം’ ),ബുദ്ധി കുറവുള്ള കായികശേഷി കൂടുതലുള്ള പുരുഷ മാതൃകയാണ് ഈ മിത്തീകരണ പ്രക്രിയ സൃഷ്ടിക്കുന്നത്. അറബിക്കഥയിലെ ഭൂതം, ഭീമൻ, ഹനുമാൻ, കേരളത്തിലെ ചാവേറുകളും ചേകോന്മാരും ഒക്കെ ഉദാഹരണങ്ങൾ ആണ്.ഇന്ത്യയിൽ ജാതിവ്യവസ്ഥയുടെ നിർമ്മിതിക്ക് ഈ മിത്തീകരണം സഹായകമായി. ദൈവങ്ങളെ ചുമന്നു നടക്കുന്ന ശക്തിമാനായ ‘ഹനുമാൻദൈവം’എന്നത് മനുഷ്യനെ ഉപകരണങ്ങളില്ലാത്ത, അധ്വാനമില്ലാത്ത മൃഗമായി നിർവ്വചിച്ചു. നരവംശശാസ്ത്രപരമായ വിപരീതപരിണാമത്തിൽ മനുഷ്യനെ സ്ഥാനപ്പെടുത്തി. മനുഷ്യനിൽ നിന്നും കുരങ്ങിലേക്കുള്ള വിപരിണാമം.
മാതൃക – 2 ഉപകരണങ്ങളുടെ ഉടമ
(കുല പുരുഷൻ)
പുരോഹിതൻ,മഹാനായ രാജാവ്, ചക്രവർത്തി, നല്ലവനായമുതലാളി എന്നിങ്ങനെ കായികേതര വീരപുരുഷ മാതൃകകളും ഉണ്ട്.പണ്ട് പുലിയുമായി ഏറ്റുമുട്ടിയ ഒരു ജനതയാണ് പുലിയെ നേരിടാനുള്ള ഉപകരണങ്ങൾ കണ്ടെത്തിയത്.പാടത്ത് കൃഷി ചെയ്ത ജനങ്ങൾ പല പരിവർത്തനങ്ങളിലൂടെ രൂപപ്പെടുത്തിയതാണ് കലപ്പ.എല്ലാ ഉപകരണങ്ങളും അങ്ങനെ തന്നെ. എന്നാൽ ഇവ ജാതി കൊണ്ടും പണം കൊണ്ടും ഉടമാവകാശം കരസ്ഥമാക്കുന്ന വ്യക്തികൾ ചരിത്രത്തിൽ വീരന്മാർ ആയി അറിയപ്പെടാം. അടിമകളും ഉടമകളും രാജാവും പ്രജയും തൊഴിലാളിയും മുതലാളിയും ഉണ്ടാകുന്ന ചരിത്ര ഘട്ടങ്ങളിലൂടെ ആ ആണത്തവീര മാതൃക സഞ്ചരിക്കുന്നു.
രാമനും നളനും ദുഷ്യന്തനുമൊക്കെ വീരപുരുഷനാകുന്നത് അവർ രാജാക്കന്മാർ ആയതു കൊണ്ടാണ്. ഭാര്യയ്ക്ക് ഉണ്ണാനും ഉടുക്കാനും കൊടുക്കാൻ ശേഷിയുള്ളവർ. സംയമനവും കുലീനതയുമുള്ള,കുടുംബത്തെയും ഭാര്യയെയും ‘സ്നേഹി’ക്കുന്ന പുരുഷ മാതൃകയാണത്.
കായിക ബലമുള്ള വീരന്മാർ ഹനുമാനെപ്പോലെ ബ്രഹ്മചാരികളോ സ്ത്രീ ബന്ധത്തേക്കാൾ യുദ്ധവീരവ്യക്തിത്വത്തെ സ്നേഹിക്കുന്നവരോ ആയിരിക്കും. പക്ഷെ മേൽ പറഞ്ഞ പുരുഷ മാതൃക കുടുംബ സ്നേഹികളായി ആണ് അറിയപ്പെടുന്നത്.കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി അക്രമങ്ങളിലേക്ക് തിരിയുന്നവരാകാം അവർ.
ഇന്ത്യക്കാരെ സംബന്ധിച്ച് രാമൻ ഉപകരണങ്ങളുടെ ഉടമ എന്ന രണ്ടാമത്തെ ഈ പുരുഷ മാതൃകയാണ്. പിതൃസ്നേഹം,ഏകപത്നീ വ്രതം, സൽസ്വഭാവം,കുടുംബ സ്നേഹം തുടങ്ങിയവയാൽ നിർമ്മിതമാണത് .മലയാള സിനിമയിൽ മമ്മൂട്ടി താരബിംബം അത്തരം പുരുഷമാതൃകയുടെ സൃഷ്ടിയാണ് .1980 കളിൽ മമ്മൂട്ടി ‘കാറ്,കുട്ടി, പെട്ടി’ ഇമേജ്, കുടുംബസ്ഥൻ -വല്യേട്ടൻ -ശ്രേഷ്ഠ ജാതി ഇമേജ് (വാത്സല്യം ,ധ്രുവം പോലുള്ള സിനിമകൾ ) ഒക്കെ അതിൻ്റെ പ്രതിനിധാനമാണ്. രാജ്യം,കുടുംബം, ദേശീയത തുടങ്ങിയ വ്യവസ്ഥകളുടെ പ്രതീകങ്ങളായി ഇത്തരം ആൺമാതൃകകൾ വികസിക്കുന്നു. രാമരാജ്യമൊക്കെ അങ്ങനെ ഉണ്ടാകുന്നതാണ്.
മാതൃക – 3 പുറത്താക്കപ്പെട്ട ഉടമ
(തെമ്മാടിയായ കുലീനൻ)
മേൽ പറഞ്ഞതിൻ്റെ തന്നെ മറ്റൊരു പുരുഷരൂപമാണ് ഇത്. കുടുംബത്തിൽ നിന്നും പുറത്തു പോയവൻ, എല്ലാ ദു:സ്വഭാവങ്ങളും ഉള്ളവർ.പക്ഷെ കുലീനനും ഏതെങ്കിലും രീതിയിൽ സമ്പന്നനും ആയിരിക്കും.( ദൈവത്തിൻ്റെ ധർമ്മ സന്തതി എന്നും ദൈവത്തിൻ്റെ ജാരസന്തതിയെന്നും എസ്.സുധീഷ് നിരീക്ഷിക്കുന്നത് ഏതാണ്ട് ഇവിടെ പറഞ്ഞ രണ്ടും മൂന്നും പുരുഷ മാതൃകകൾക്ക് യോജിക്കും.) ആ സമ്പത്തും കുലീനതയ്ക്ക് വേണ്ടിയുള്ള ആഗ്രഹവുമാണ് അയാളുടെ നായകത്വത്തിന് കാരണം. തെമ്മാടിയാണെങ്കിലും തന്തയ്ക്ക് പിറന്നതിൽ അഭിമാനിക്കുന്നനായിരിക്കും. തന്ത അംഗീകരിക്കാത്തതിൽ ദു:ഖിക്കുകയും തന്തയുടെ കൊലപാതകത്തിൽ പകരം വീട്ടുകയും ചെയ്യുന്ന കഥാപാത്രമായി കഥകളിൽ പ്രത്യക്ഷപ്പെടാം. കേരളത്തെ സംബന്ധിച്ച് മോഹൻലാൽ എന്ന താരസങ്കല്പം ഇതിൽ നിന്നും രൂപപ്പെടുന്നതാണ്. പുറത്താക്കപ്പെട്ട നായർ കുലീന പുരുഷൻ അധോലോകത്തിൽ ചേർന്നു പണക്കാരനായി മടങ്ങി വരുന്ന കഥകളിലെ പുരുഷൻ അങ്ങനെ ഉണ്ടാകുന്നതാണ്.രഞ്ജിത്തിൻ്റെ തിരക്കഥയിൽ പിറന്ന മോഹൻലാൽ സിനിമകളും നല്ല ഉദാഹരണങ്ങൾ ആണ്. “വെള്ളമടിച്ച് കോൺ തിരിഞ്ഞ് വീട്ടിൽ വന്നു കേറുമ്പോൾ ചുമ്മാ കാലുമടക്കി തൊഴിക്കാനും തുലാവർഷ രാത്രിയിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എൻ്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ഒടുവിലൊരു നാൾ വടിയായി തെക്കേപറമ്പിലെ പുളിയൻമാവിലെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം പറ്റുമെങ്കിൽ കേറിക്കോ” ( നരസിംഹം എന്ന സിനിമ ) എന്നു മോഹൻ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം പരിഷ്കാരിയായ നായികയെ പ്രൊപ്പോസ് ചെയ്യുമ്പോൾ നായികയ്ക്ക് സന്തോഷം തോന്നുന്നത് അയാൾ പണമുള്ള തെമ്മാടിയായതുകൊണ്ടാണ്. നായകൻ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ മാരുതി 800 കാറിൽ നിന്നും ജീപ്പിലേക്ക് കയറാനാണ് പറയുന്നത്.( സൈക്കിളിൻ്റെ ബാക്ക് സീറ്റിലേക്ക് ക്ഷണിച്ചെങ്കിൽ അത്രത്തോളം ആണത്തം ഉണ്ടാവില്ലായിരുന്നു)ജീപ്പ് ആണ് ഇവിടെ ആണത്തത്തിൻ്റെ പ്രതീകമായി മാറുന്നത്. ജാതികുലീനതയിൽ നിന്നും പുറത്താക്കപ്പെട്ടവർ സമ്പത്ത് നേടി, കുലീനത നേടിയെടുക്കുന്ന പുരുഷ കഥാപാത്രങ്ങൾ ആണ് മുതലാളിത്ത കാല പുരുഷനായകത്വം. കാരണം അവിടെ പുരുഷ നായകത്വം ഉത്പന്ന വിപണിയായി മാറുന്നു. ഉത്സവം നടത്തുന്നതും തറവാട് വാങ്ങുന്നതും അമ്മയും അച്ഛനും വില്ലന്മാരാൽ കൊല്ലപ്പെട്ടതിന് പകരം വീട്ടുന്നതും ആകും കഥാനിർമ്മിതികൾ.
മോഹൻലാൽ അവതരിപ്പിക്കുന്ന നരസിംഹ- രാവണ രൂപങ്ങളെല്ലാം ഈ പുരുഷമാതൃകയിൽ നിന്നും ഉണ്ടാകുന്നതാണ്. പാതി മൃഗമാണ് പക്ഷെ രാജകീയ മൃഗമാണ്. രാക്ഷസനാണ് പക്ഷെ രാജാവായ രാക്ഷസനാണ്.മുതലാളിത്ത കാലത്ത് തെമ്മാടിയായ മുതലാളിത്തപുരുഷനായി അതു മാറുന്നു. ഈ കാലത്ത് മത കുലീനത്വവും കുടുംബ സ്നേഹവും മുന്നിട്ട് നിൽക്കുന്ന, മതപരമായ ദേശീയതയുടെ പ്രതിരൂപമായ രാമരൂപനായക വ്യക്തിത്വത്തേക്കാൾ മുതലാളിത്ത രാവണപുരുഷ മാതൃകകൾക്കാണ് പ്രാമുഖ്യം. അതിനാൽ രാവണപ്രഭു എന്ന മലയാള സിനിമയിലും മറ്റ് പല ഇന്ത്യൻ പ്രാദേശികഭാഷാ സിനിമകളിലും സീത എന്ന സ്ത്രീമാതൃകാരൂപങ്ങൾ രാമനെ വിട്ട് രാവണനെ സ്നേഹിച്ചു.രാവണപ്രഭു എന്ന മലയാള സിനിമയിൽ രാമൻ(സിദ്ധിക്ക് അഭിനയിച്ച കഥാപാത്രം ) ദുർബ്ബലനായി മാറുകയും ‘രാമൻ’ തന്നെ രാവണനെ പുകഴ്ത്തി സീതയെ രാവണന് കൊടുക്കയും ചെയ്യുന്നു. രാമൻ ഇവിടെ പോലീസ് ആണ്.ഭരണകൂടങ്ങൾക്ക് പ്രാമുഖ്യം കുറയുകയും ഭരണകൂടങ്ങൾ കോർപ്പറേറ്റുകളുടെ ഇടനിലക്കാരാവുകയും ചെയ്യുന്ന കാലത്ത് രാമൻ എന്ന പോലീസ് രാവണൻ എന്ന മുതലാളിക്ക് സീതയെ വിട്ടുകൊടുക്കും.ഇവിടെ ആണത്തമെന്നത് മുതലാളിത്തത്തിൻ്റെ മിത്തീകരണരൂപമാണ്.
ആണും പെണ്ണും ദ്വിലിംഗ വ്യക്തിത്വങ്ങളും ചേർന്നു നിർമ്മിച്ച ഉപകരണത്തെയും ഉത്പാദനത്തെയും മറച്ചു പിടിക്കാൻ വേണ്ടി സൃഷ്ടിച്ചതാണ് മേൽപ്പറഞ്ഞ മൂന്നു ആണത്തമാതൃകകളും എന്നു വ്യക്തമാണല്ലോ.ശാരീരിക ബലമുള്ള നായകൻ എന്ന ആദ്യ മാതൃക ഉത്പാദന ഉപകരണങ്ങളുടെ ചരിത്രത്തെത്തന്നെ മറയ്ക്കുന്നു. ഉപകരണങ്ങളുടെ ഉടമ, പുറത്താക്കപ്പെട്ട ഉടമ എന്നീ പുരുഷ മാതൃകകൾ ഉപകരണങ്ങൾ ഉപയോഗിച്ച് സംസ്കാരം നിർമ്മിച്ചവരെ തമസ്കരിക്കുന്നു. നിർമ്മാണ പ്രക്രിയയിൽ ഏർപ്പെട്ട ഏതു ലിംഗത്തിൽപ്പെട്ടവരെയും ഏതു ജാതിയിൽപെട്ടവരെയും അതു ഒഴിവാക്കിയെടുക്കുന്നു. ഉപകരണങ്ങളുടെ ഉടമകളെയും ഉപഭോക്താക്കളെയും മഹത്വവത്കരിക്കുന്നു..
ഈ ആണത്തമാതൃകകൾ മൂന്നു പെണ്ണത്ത മാതൃകകളെയും സൃഷ്ടിക്കുന്നു. കായിക ബലവാനായ പുരുഷ മാതൃക ‘ദേവി’ എന്ന സ്ത്രീ മാതൃകയെ സൃഷ്ടിക്കുന്നു.( ഹനുമാന് സീത ദേവിയാണ്). ഉപകരണങ്ങളുടെ ഉടമ- പതിവ്രത, പുറത്താക്കപ്പെട്ട ഉടമ- വേശ്യ എന്നിങ്ങനെ സ്ത്രീ മാതൃകകളെ സൃഷ്ടിക്കുന്നു.ഈ സ്ത്രീ മാതൃകകളുടെ ധർമ്മവും പുരുഷ മാതൃകയുടേത് തന്നെ (അതു മറ്റൊരു സന്ദർഭത്തിൽ വിശദീകരിക്കാം)
ഈ ആണത്തമിത്തുകൾ തീർക്കുന്ന മറ്റൊരു പ്രശ്നം സ്നേഹത്തിൻ്റെ പ്രതിസന്ധിയാണ്. കാരണം മേൽപറഞ്ഞ പുരുഷ മാതൃകകളും മേൽ പറഞ്ഞസ്ത്രീ മാതൃകകളും തമ്മിൽ സ്നേഹം അസാധ്യമാണ്. കായിക ബലവാനും ദേവിയും തമ്മിൽ ലൈംഗിക ബന്ധം അസാധ്യമാണല്ലോ. ( ഹനുമാനും സീതയും തമ്മിൽ ).മറ്റ് രണ്ടു ബന്ധങ്ങളിലും സ്ത്രീ പുരുഷ സ്നേഹ ബന്ധം ഉണ്ടെന്നു തോന്നുക മാത്രമേ ഉള്ളൂ. സർഗ്ഗാത്മകമായ സ്ത്രീ പുരുഷ ബന്ധം ഉണ്ടെന്നു പറയാൻ കഴിയില്ല. ഉടമ ഉടമയല്ലാതായി മാറുമ്പോഴേ അതു വെളിപ്പെടു എന്നു മാത്രം. ഉണ്ണാനും ഉടുക്കാനും കൊടുക്കുന്ന രാജാവ്, ഭർത്താവ് എന്ന അസ്തിത്വം നഷ്ടപ്പെട്ട് അക്ഷരാർത്ഥത്തിൽ തന്നെ ഉടുതുണി ഇല്ലാതായി കാട്ടിൽ നിൽക്കുന്ന രാജാവിനെ നളചരിതം ആട്ടക്കഥയിൽ അവതരിപ്പിക്കുന്നത് ഉടമ ഉടമയല്ലാതായി മാറുമ്പോൾ ഒരു സ്നേഹം അവിടെ അവസാനിക്കുന്നു എന്നു പറയാനാണ്. സ്നേഹിക്കുന്നു എന്നു കരുതുന്ന ഒരു പുരുഷന് അർദ്ധരാത്രി സ്നേഹിക്കുന്ന പെണ്ണിനെ ഉപേക്ഷിക്കാൻ കഴിയുന്നു. അധികാരമില്ലാത്ത, ഉടമയല്ലാത്ത പുരുഷൻ്റെ മനസ്സിൽ ആണത്ത സങ്കല്പം അപകർഷതയുണ്ടാക്കുന്നു. അധ:സ്ഥിത പുരുഷ മനസ്സ് കലിയുടെ കൊത്തേറ്റ് പിടയുന്നു. ഇത് സർഗ്ഗാത്മക സ്ത്രീ പുരുഷ ബന്ധത്തെ ഇല്ലാതാക്കുന്നു, ലൈംഗികമായി അസാധുവാക്കുന്നു. മിത്തുകളിലെ രാജാക്കന്മാർക്ക് കുട്ടികളില്ല എന്ന രൂപക കല്പന ഇതിൻ്റെ പ്രതിനിധാനമാണ്. ആണത്തമിത്തിലൂടെയും പെണ്ണത്തമിത്തിലൂടെയുമാണ് പഴയകാലം പ്രത്യുത്പാദനലൈംഗിക അസാധുവത്കരണം സൃഷ്ടിച്ചതെങ്കിൽ ,ഉത്പാദന വ്യക്തിത്വത്തിൻ്റെ തമസ്കരണം സംഭവിപ്പിച്ചതെങ്കിൽ മുതലാളിത്ത കാലം ട്രാൻസ് ജൻ്റർ മിത്തീകരണത്തിലൂടെയാണ് അതു സാധിക്കുന്നത്. അതു മറ്റൊരു സന്ദർഭത്തിൽ വിശദീകരിക്കാം.