
ഷൂബ. കെ. എസ്.
Published: 10 October 2025 കവര്‍സ്റ്റോറി
മുന്നുര
October 10, 2025
“മൃച്ഛകടിക”ത്തിലെ, അധികാരം അട്ടിമറിച്ച ഇടയ ചെറുക്കൻ ചരിത്രത്തിലൂടെ സഞ്ചരിക്കുകയാണ്. (ഇന്ത്യൻ രാഷ്ട്രതന്ത്ര ചരിത്രത്തിന് ഒരു മുഖവുര)
1.
‘മുദ്രാരാക്ഷസം’ എന്നത് ഒരു പ്രാചീന സംസ്കൃതരാഷ്ട്രീയനാടകമാണ്.മുദ്രാ രാക്ഷസത്തിന്റെ രചയിതാവായ വിശാഖദത്തൻ ജീവിച്ചിരുന്നതും നാടകം എഴുതിയതും ഏകദേശം ക്രി. വ. 4-ഉം 8-ഉം നൂറ്റാണ്ടുകൾക്ക് ഇടയിലാണെന്ന് കരുതപ്പെടുന്നു.നാടകം രചിക്കപ്പെട്ട കാലഘട്ടം ഗുപ്ത കാലഘട്ടമാണെങ്കിലും, മുദ്രാരാക്ഷസത്തിന്റെ കഥ നടക്കുന്നത് അതിനും നൂറ്റാണ്ടുകൾക്ക് മുൻപാണ്.ചന്ദ്രഗുപ്ത മൗര്യൻ അധികാരത്തിൽ വരുന്ന കാലഘട്ടമാണ് നാടകത്തിലെ പ്രധാന പശ്ചാത്തലം. ഇത് ഏകദേശം ക്രി. മു. 4-ആം നൂറ്റാണ്ടാണ് .മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻ അധികാരത്തിൽ വരുന്നതിനെക്കുറിച്ചും, അദ്ദേഹത്തിന്റെ തന്ത്രജ്ഞനായ മന്ത്രി ചാണക്യൻ (കൗടില്യൻ) നന്ദവംശത്തിന്റെ അമാത്യനായിരുന്ന രാക്ഷസനെ ചന്ദ്രഗുപ്തന്റെ പക്ഷത്തേക്ക് കൊണ്ടുവരാൻ നടത്തുന്ന തന്ത്രങ്ങളെക്കുറിച്ചുമാണ് ഈ നാടകം. ശത്രുക്കളെ ഭിന്നിപ്പിക്കാൻ നടത്തുന്ന നുണകളും കൂടെ നിർത്തലുകളും കൊലപാതകങ്ങളും വിഷകന്യകാ പ്രയോഗങ്ങളും ഇതിൽ കാണാം.ഒരു ബുദ്ധ സന്യാസി വേഷധാരി (ഇന്ദു ശർമ്മൻ ) യെ ചാണക്യൻ നുണകൾ വിശ്വസിപ്പിക്കാനുള്ള മാധ്യമമാക്കി ഉപയോഗിക്കുന്നുണ്ട്.
ബുദ്ധമത സന്യാസിമാർ പൊതുവെ നിഷ്പക്ഷരും രാഷ്ട്രീയത്തിൽ ഇടപെടാത്തവരുമായി കണക്കാക്കപ്പെട്ടിരുന്നതിനാൽ, അവരുടെ വേഷം ചാരപ്രവർത്തനങ്ങൾക്ക് ഒരു മികച്ച മറയായി ഉപയോഗിക്കാൻ ചാണക്യന് സാധിച്ചു.
ബുദ്ധൻ ജീവിച്ചിരുന്നതും ധർമ്മം ഉപദേശിച്ചതും മുദ്രാരാക്ഷസം നാടകത്തിലെ കഥാപാത്രങ്ങളായ ചാണക്യനും ചന്ദ്രഗുപ്ത മൗര്യനും ജീവിച്ചിരുന്ന കാലഘട്ടത്തിനും ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപാണ്.അതായത് ക്രി. മു. 6-ഉം 5-ഉം നൂറ്റാണ്ടുകൾക്ക് ഇടയിലാണ്.
ബുദ്ധമതവും ജൈനമതവും ബ്രാഹ്മണമതവും ആശയസംഹിത എന്ന നിലയിൽ നിലനിന്നിരുന്ന നന്ദവംശകാലത്തെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗുപ്തൻ അധികാരത്തിൽ എത്തുന്നത്. ഒടുവിലത്തെ നന്ദരാജാവ് ധന നന്ദനായിരുന്നു. അയാളുടെ കാലത്താണ് അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുന്നത്. നന്ദസാമ്രാജ്യത്തിന്റെ വിസ്തൃതിയുടെ പാരമ്യത്തിൽ നന്ദ സാമ്രാജ്യം ബിഹാർ മുതൽ കിഴക്ക് ബംഗാൾ വരെയും പടിഞ്ഞാറ് കിഴക്കൻ പഞ്ചാബ് വരെയും വ്യാപിച്ചിരുന്നു. ധനനന്ദൻ അധിക നികുതി ചുമത്തുന്നതിൽ ജനങ്ങൾ രോഷാകുലരായിരുന്നു. അയാൾ ശൂദ്രവംശത്തിൽ പിറന്നവനായിരുന്നു. അയാൾക്കെതിരെ ജന രോഷമുണ്ടാക്കുന്നതിലും ചാണക്യൻ വിജയിച്ചു.ഒരു നന്ദ രാജകുമാരന് മുര എന്ന ഭൃത്യയിലുണ്ടായ മകനായ ചന്ദ്രഗുപ്ത മൌര്യൻ ധനനന്ദനെ യുദ്ധത്തിൽ പരാജയപ്പെടുത്തി സ്ഥാനഭ്രഷ്ടനാക്കി.ചന്ദ്രഗുപ്തന്റെ കാലത്ത് പാടലീപുത്രം സന്ദർശിച്ച മെഗസ്തനീസിന്റെ വിവരണങ്ങൾ പ്രകാരം ചക്രവർത്തി ജനങ്ങൾക്കു മുന്നിലെത്തുന്ന വേളകൾ ആഘോഷമായി കൊണ്ടാടിയിരുന്നു. സ്വർണ്ണപ്പല്ലക്കിലേറിയായിരുന്നു അദ്ദേഹം ജനങ്ങൾക്കു മുന്നിലെത്തിയിരുന്നത്. സ്വർണ്ണവും വെള്ളിയും കൊണ്ടലങ്കരിച്ച ആനകളിലാണ് അംഗരക്ഷകർ എത്തിയിരുന്നത്. പരിശീലിപ്പിച്ച തത്തകൾ ചക്രവർത്തിയുടെ തലക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുമായിരുന്നു. ചക്രവർത്തിക്കു തൊട്ടു ചുറ്റും ആയുധധാരികളായ സ്ത്രീകളാണ് നിലകൊണ്ടിരുന്നത്. ജീവഭയം മൂലം ഭക്ഷണം കഴിക്കുന്നതിനു മുൻപ് അവ രുചിച്ചു നോക്കുന്നതിന് പ്രത്യേകഭൃത്യർ ചക്രവർത്തിക്കുണ്ടായിരുന്നു. ഒരേ കിടപ്പുമുറിയിൽ ഇദ്ദേഹം തുടർച്ചയായി രണ്ടു ദിവസത്തിലധികം ഉറങ്ങാറുണ്ടായിരുന്നില്ല.ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച മൗര്യ സാമ്രാജ്യകാലത്താണ് ഇന്ത്യാ ഭൂഖണ്ഡം മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് അക്കാലത്താണ്. ബൗദ്ധകാലത്ത് ചോദ്യം ചെയ്യപ്പെട്ട ബ്രാഹ്മണ മതത്തിൻ്റെ ചാതുർവർണ്ണ്യ വ്യവസ്ഥകളും മറ്റും വീണ്ടും ദൃഢമാകുന്നതും ഇക്കാലത്താണ്. ചാണക്യൻ എഴുതിയ ‘അർത്ഥശാസ്ത്രം’ ഇതിന് തെളിവാണ്. ഏതാണ്ട് ഇക്കാലത്ത് തന്നെയുള്ള മൃച്ഛകടികം നാടകത്തിൽ ആരാച്ചാരുടെ ജോലി ചെയ്യുന്ന ചണ്ഡാളന്മാർ വധശിക്ഷ വച്ചു താമസിപ്പിക്കുന്നതിനിടയിൽ ജനപിന്തുണയോടെ രാജാവിനെ അട്ടിമറിച്ച് ഇടയച്ചെറുക്കൻ അധികാരത്തിൽ വരുന്നതും നാടകത്തിലെ നായകൻ്റെ വധശിക്ഷ റദ്ദാക്കപ്പെടുന്നതും കാണാം. രാജപക്ഷ രാഷ്ട്രതന്ത്രങ്ങൾ ജനപക്ഷരാഷ്ട്രതന്ത്രം പരാജയപ്പെടുത്തുന്നതാണ് കഥ. അവിടെയും അധികാരികളാൽ കളിയാക്കപ്പെടുകയും എന്നാൽ നാടകത്തിൻ്റെ അധഃസ്ഥിത ജനപക്ഷ മുന്നേറ്റക്രിയയിൽ കൂടെ നിൽക്കുകയും ചെയ്യുന്ന ഒരു ബുദ്ധസന്യാസിയെ കാണാം.
2.
ഒരു പക്ഷെ കളിയാക്കപ്പെടുന്ന അവസ്ഥയിലേക്ക് സ്ഥാപനവത്കരിക്കപ്പെട്ട ഇടതുപ്രതിരോധ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തിയും നുണപ്രചരണങ്ങൾ കൊണ്ടും ചാരപ്രവർത്തനങ്ങൾ കൊണ്ടും കുറവുകളെ പെരുപ്പിച്ചു കാണിച്ചു അതിനെ വഷളാക്കിയും കടന്നു വന്ന ബ്രാഹ്മണമത അധികാരപ്രവർത്തനത്തിൻ്റെ രേഖയാണ് ഈ കൃതികൾ, ചാണക്യൻ്റെ അർത്ഥശാസ്ത്രവും അതു തന്നെ. പുതിയ കാല മുതലാളിത്ത രീതിയും അതു തന്നെ. ഫണ്ടുകൾ കൊണ്ട് നിർമ്മിക്കപ്പെടുന്ന വംശീയ സംഘർഷങ്ങളും മാധ്യമനുണ പ്രചരണങ്ങളും കൊണ്ട് ഓരോ രാജ്യങ്ങളും ഛിന്നഭിന്നമാകുമ്പോൾ അതിനെ രക്ഷിക്കാൻ ചാണക്യനെ പോലെ തന്ത്രശാലിയും മനേജ്മെൻ്റ് വിദഗ്ദ്ധനുമായ ഒരു ഏകാധിപത്യ ഭരണകൂടം എത്തുന്നു. അതിൻ്റെ സഹായത്താൽ മുതലാളിത്തം അതിൻ്റെ നയങ്ങൾ വിദഗ്ദ്ധമായി നടപ്പിലാക്കുന്നു. സ്വർണ്ണപ്പല്ലക്കിലും വിലകൂടിയ കാറിലും ആയുധധാരികളായ രക്ഷാപ്രവർത്തകർക്കൊപ്പം എത്തുന്ന, ചന്ദ്രഗുപ്ത മൗര്യൻ്റേതു പോലെ ഭയത്തിൻ്റെ തത്തകൾ തലയ്ക്കു ചുറ്റും കറങ്ങുന്ന ഭരണാധികാരികളെ ലോകരാജ്യങ്ങൾക്കും നമുക്കും കിട്ടുന്നതു അങ്ങനെയാണ്.
‘കോർപ്പറേറ്റ് ചാണക്യ’ എന്ന ഒരു പുസ്തകമുണ്ട്.പുതിയ കാലത്ത് അർത്ഥശാസ്ത്രം തന്നെയാണ് ആവർത്തിക്കപ്പെടുന്നത്.”ധർമ്മവും കാമവും അർത്ഥത്തെ ആശ്രയിച്ചുള്ളവയാകയാൽ അർത്ഥം തന്നെയാണ് പ്രധാനം.”
പരിശ്രമിച്ചാൽ സമ്പത്തു കിട്ടുമെന്നത് ചാണക്യനീതിയിലും കോർപ്പറേറ്റ് നീതിയിലും പറയുന്നു. ഇതൊരു മിത്താണ്. മൃച്ഛകടിക കാലത്തെ ആരാച്ചാർക്ക്,ചണ്ഡാലന് സമ്പത്തില്ലാതിരുന്നത് അയാൾ കഠിനമായി പരിശ്രമിക്കാത്തതു കൊണ്ടല്ല.ഇക്കാലത്ത് അദാനിമാർക്ക് സമ്പത്തുണ്ടാകുകയും നമുക്ക് പണമില്ലാതിരിക്കുകയും ചെയ്യുന്നത് നമ്മൾ അധ്വാനിക്കാത്തതു കൊണ്ടാണ് എന്നാണ് ചാണക്യ – കോർപ്പറേറ്റ് നീതി.എന്നാൽ ബ്രാഹ്മണനും അദാനിമാർക്കും ജനങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കുന്ന അധികാര നീതിയാണ് ചിലർക്കുള്ള സമ്പന്നതയ്ക്ക് കാരണം എന്ന കാര്യം മറച്ചു പിടിക്കുന്നു. അദാനിയാകും എന്ന, സ്വർഗ്ഗം കിട്ടും എന്ന പ്രതീക്ഷയിൽ അടിമപ്പണി എടുപ്പിക്കുക, കഠിനമായ പരിശ്രമം ഊറ്റിയെടുക്കുക എന്നതാണ് കോർപ്പറേറ്റ് ചാണക്യനീതി.”അർഹതപോലെ ദണ്ഡം പ്രയോഗിക്കുന്നവൻ മാത്രമേ പൂജ്യനാകുകയുള്ളൂ.” എന്നും അർത്ഥശാസ്ത്രത്തിൽ കാണാം.ഉപഭോക്തൃ ബന്ധവും ക്ഷേമവും (Customer Relations & Welfare) കോർപ്പറേറ്റ് ചാണക്യൻ വാഗ്ദാനം ചെയ്യുന്നു. ചാതുർവർണ്ണ്യ ക്രൂരത നിലനിൽക്കുമ്പോഴും ജനങ്ങളുടെ ക്ഷേമം പ്രധാനമായിരുന്നു. കോർപ്പറേറ്റുകളും ചാണക്യനും ക്ഷേമരാഷ്ട്രം തന്നെയാണ് വിഭാവനം ചെയ്യുന്നത്. ക്ഷേമം വേണ്ട വരെ സൃഷ്ടിക്കുകയും അവരുടെ എതിർപ്പിനെ മയപ്പെടുത്താൻ ക്ഷേമ സൗജന്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
ജനങ്ങളിലുണ്ടാക്കുന്ന പൊതുസമ്മതി ആയുധം പ്രയോഗം പോലെ തന്നെ പ്രധാനമാണ് എന്നറിഞ്ഞ രാഷ്ട്രതന്ത്രജ്ഞനായിരുന്നു ചാണക്യൻ.നന്ദ രാജാവിനോടുള്ള എതിർപ്പ് ജനങ്ങളിലുണ്ടാക്കാനും ചന്ദ്രഗുപ്തൻ്റെ ശത്രുക്കളിൽ വിള്ളലുകൾ ഉണ്ടാക്കാനും ചിലരെ കൂടെ ചേർക്കാനും ഉള്ള ചാണക്യൻ്റെ പ്രധാന ആയുധം ആശയ നിർമ്മാണമായിരുന്നു. ഇന്നത്തെ പോലെ തന്നെ വ്യാജബുദ്ധിജീവികളെയാണ് അതിനുപയോഗിക്കുന്നത്.ചാണക്യൻ തൻ്റെ പ്രതിയോഗിയായ രാക്ഷസനെ ചന്ദ്രഗുപ്തൻ്റെ മന്ത്രിയാക്കാൻ നടത്തുന്ന ‘മനഃശാസ്ത്ര യുദ്ധത്തിൻ്റെ’ ഒരു പ്രധാന ഉപകരണമായിരുന്നു ഇന്ദു ശർമ്മൻ ( ബുദ്ധ സന്യാസി ).അതുപോലെ പ്രീണിപ്പിച്ചു കൊല്ലുക, സൗജന്യങ്ങൾ നൽകി കീഴടക്കുക, വിഷകന്യകാ പ്രയോഗങ്ങൾ,നുണകൾ പറഞ്ഞു സത്യമാക്കി തീർക്കുക തുടങ്ങിയ സത്യാനന്തര കോർപ്പറേറ്റ് നീതികളെല്ലാം ചാണക്യൻ്റെതാണ്.
3.
(കോർപ്പറേറ്റ് ) ചാണക്യനീതികളോട് യുദ്ധം ചെയ്താണ് പുതിയ രാഷ്ട്രതന്ത്ര ചിന്ത ഇന്ത്യക്കാർ നിർമ്മിച്ചെടുത്തത്. ആഭ്യന്തര ചാതുർവർണ്ണ്യ അധീശവ്യവസ്ഥയോടും വൈദേശിക അധീശ വ്യവസ്ഥയോടും എതിരിട്ടാണ് ഇന്ത്യൻ ഭരണഘടന നിർമ്മിച്ചെടുത്തത്. കേരളീയർക്ക് സമത്വത്തെക്കുറിച്ചുള്ള സങ്കല്പം പ്രാചീന കാലം മുതലുണ്ടായിരുന്നു. ബൗദ്ധപ്രസ്ഥാനത്തിലും പ്രാചീന ശൈവ പ്രസ്ഥാനത്തിലും ഒക്കെ ഇതു കാണാം.പാച്ചല്ലൂർ പതികത്തിലും വൈകുണ്ഠസ്വാമികളുടെ പ്രവർത്തനത്തിലും അതിൻ്റെ തുടർച്ച കാണാം. എന്നാൽ മാർക്സ് ആണ് അസമത്വത്തിൻ്റെയും അടിമത്തത്തിൻ്റെയും കാരണങ്ങളെ,ചരിത്ര നിയമങ്ങളെ കണ്ടെത്തുകയും അതില്ലാത്ത ഭരണകൂടത്തെ ശാസ്ത്രീയമായിവിഭാവനം ചെയ്യുകയും ചെയ്തത്. അതു ഇന്ത്യൻ രാഷ്ട്ര സങ്കല്പങ്ങളെയും ഭരണഘടനയെയും അഗാധമായി സ്വാധീനിച്ചു.അംബേദ്കർ മാർക്സിസത്തിൻ്റെ അടിസ്ഥാന ഘടകങ്ങളെല്ലാം സ്വീകരിച്ചു.
മാർക്സിൻ്റേതായി അവശേഷിക്കുന്നത് നാല് കാര്യങ്ങളാണ്, അഗ്നിയുടെ അവശിഷ്ടങ്ങളാണിത്, ചെറുതെങ്കിലും വളരെ പ്രധാനപ്പെട്ടത് എന്നു പറഞ്ഞു കൊണ്ട് അംബേദ്കർ ക്രോഡീകരിക്കുന്നു:
1. തത്വചിന്തയുടെ ധർമ്മം ലോകത്തെ പുതുക്കിപ്പണിയലാണ്, അല്ലാതെ ലോകത്തിന്റെ ഉത്ഭവത്തെപ്പറ്റി വിശദീകരിച്ച് സമയം കളയലല്ല.
2. വർഗ്ഗങ്ങളും വർഗ്ഗങ്ങളും തമ്മിൽ താൽപര്യ സംഘർഷമുണ്ട്.
3. സ്വത്തിന്റെ സ്വകാര്യ ഉടമസ്ഥത ചൂഷണത്തിലൂടെ ഒരു വർഗ്ഗത്തിന് അധികാരവും മറ്റൊരു വർഗ്ഗത്തിന് ദുഃഖവും നൽകുന്നു.
4. സമൂഹത്തിൻ്റെ നൻമയ്ക്കായി സ്വകാര്യസ്വത്ത് നിരോധിച്ചുകൊണ്ട് ഈ ദുഃഖം നീക്കിക്കളയേണ്ടത് ആവശ്യമാണ്.
നെഹ്റുവിനെയും ഇത്തരം ചിന്തകൾ തീർച്ചയായും സ്വാധീനിച്ചിരുന്നു. ബൗദ്ധ മാർക്സിയൻ ചിന്തകളുടെ വികാസം ഇന്ത്യൻ രാഷ്ട്രീയ നിർമ്മാണത്തെ സ്വാധീനിച്ചിരുന്നു.നാരായണ ഗുരുവും പൊതു ഉടമയിലുള്ള കൂട്ടായവ്യവസായ സംരംഭങ്ങൾ ഉണ്ടാവണം എന്നാണ് പറഞ്ഞത്. ഏതാണ്ട് ഇന്ത്യ ആ വഴിയിൽ ഏറെ സഞ്ചരിക്കുകയും ചെയ്തു.എന്നാൽ പ്രയോഗത്തിൽ പഴയ ഫ്യൂഡൽ ഭൂഉടമകൾ മുതലാളിത്ത ഭൂഉടമകളാകുകയാണ് ഇന്ത്യയിൽ സംഭവിച്ചത്. അതു ജാതി വ്യവസ്ഥയുടെ പുതിയ ഘട്ട ദൃഡീകരണമാണ് ഉണ്ടാക്കിയത്.തുടർന്നു ഇന്ത്യ സ്വീകരിച്ച മുതലാളിത്തനയങ്ങൾ, നവലിബറൽ നയങ്ങൾ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലവും സവർണ്ണ അവർണ്ണ അകലവും വർദ്ധിപ്പിച്ചു. ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പാക്കിയ കേരളത്തിൽ സ്ഥിതി താരതമ്യേന ഭേദമായിരുന്നു.എന്നാൽ ഭരണകൂട-ജാതി അധികാരത്തിനു പുറത്തുള്ളവർക്ക് ഭൂമിയും ജീവിതവും അന്യമായിത്തന്നെ നിലനിന്നു. ധനകാര്യ താല്പര്യങ്ങൾ മാധ്യമങ്ങളെയും രാഷ്ട്രീയത്തെയും നിയന്ത്രിക്കാൻ തുടങ്ങി. പ്രതിഷേധങ്ങളെ വംശീയവത്കരിക്കാനും തദ്ദേശീയകമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനും മുതലാളിത്തത്തിനു കഴിഞ്ഞു.
4.
1970-കളിൽ ഇന്ത്യയിലെ യു.എസ്. അംബാസഡറായിരുന്ന ഡാനിയൽ പാട്രിക് മൊയ്‌നിഹാൻ തൻ്റെ ഓർമ്മക്കുറിപ്പായ ‘എ ഡേഞ്ചറസ് പ്ലേസ്’ (A Dangerous Place) എന്ന പുസ്തകത്തിൽ, കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ പല സന്ദർഭങ്ങളിലും സി.ഐ.എ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് രഹസ്യമായി പണം നൽകിയിരുന്നു എന്ന് വെളിപ്പെടുത്തി. ഇതു നമ്മൾ മനസിലാക്കിയ കാര്യമാണ്. എന്നാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നു.പോൾ എം. മക്ഗാർ എഴുതിയ “Spying in South Asia: Britain, the United States, and India’s Secret Cold War” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് 2024-ലാണ് (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്). പുതുതായി രഹസ്യാത്മകത നീക്കം ചെയ്ത ആർക്കൈവുകൾ (ബ്രിട്ടൻ, യു.എസ്., ഇന്ത്യ എന്നിവിടങ്ങളിലെ) ഉപയോഗിച്ചുകൊണ്ട് ശീതയുദ്ധകാലത്തെ ചാരപ്രവർത്തനങ്ങൾ ഇതിൽ വെളിപ്പെടുത്തുന്നു.ഇതിൽ അമേരിക്കൻ ചാരസംഘടനയുടെ ഇടപെടൽ മാത്രമല്ല ബ്രിട്ടീഷ് ചാരസംഘടയുടെ ഇടപെടലുകളും വിവരിക്കുന്നു.സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഒരു പ്രതിരോധ സംവിധാനം ഇല്ലാതിരുന്നതിനാൽ, ബ്രിട്ടീഷ് ആഭ്യന്തര സുരക്ഷാ ഏജൻസിയായ MI5 ഇന്ത്യയുടെ ഇൻ്റലിജൻസ് ബ്യൂറോയുമായി (IB) രഹസ്യാന്വേഷണ ബന്ധം നിലനിർത്താൻ ശ്രമിച്ചു. ഈ ബന്ധം 1920-കൾ മുതൽ നിലനിന്നിരുന്ന ഒരു ബന്ധത്തിൻ്റെ തുടർച്ചയായിരുന്നു.ദക്ഷിണേഷ്യയിലെ തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുക.ഇന്ത്യയെ പ്രത്യക്ഷത്തിൽ പാശ്ചാത്യ ചേരിയുമായി ചേർത്തു നിർത്തുക.,സോവിയറ്റ് യൂണിയൻ്റെയും കമ്മ്യൂണിസ്റ്റ് സ്വാധീനത്തിൻ്റെയും കടന്നുകയറ്റത്തെ തടയുക. തുടങ്ങിയവയായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് – അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് നെഹ്റു വിൻ്റെയും വി.കെ.കൃഷ്ണമേനോൻ്റെയും ചെറുത്തു നിൽപ്പുകൾ നേരിടേണ്ടി വന്നു.പാശ്ചാത്യ മാധ്യമങ്ങളും ഉദ്യോഗസ്ഥരും കൃഷ്ണമേനോനെ “ഇന്ത്യയുടെ റാസ്പുട്ടിൻ” എന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇന്ത്യൻ വിദേശനയത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു ഇടതുപക്ഷ ചായ്‌വുള്ള വ്യക്തിയായിട്ടാണ് അവർ അദ്ദേഹത്തെ കണ്ടത്.സി.ഐ.എ. ഇന്ത്യയെ ശീതയുദ്ധത്തിലെ സഖ്യകക്ഷിയാക്കാൻ ശ്രമിച്ചെങ്കിലും, നെഹ്‌റുവിൻ്റെ എതിർപ്പ് അവർക്ക് തടസ്സമായി. എന്നിരുന്നാലും, 1962-ലെ ഇന്ത്യ-ചൈന യുദ്ധം പോലുള്ള തന്ത്രപ്രധാനമായ ഘട്ടങ്ങളിൽ, ഇന്ത്യയുടെ സൈനിക-രഹസ്യാന്വേഷണ കുറവുകൾ നികത്താൻ യു.എസ്. സഹായം തേടാൻ ഇന്ത്യ നിർബന്ധിതരായി.വിദേശ സൈനിക സഹായം ‘മറ്റൊരാളുടെ ആശ്രിതത്വം’ ആകുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്ന പ്രധാനമന്ത്രി നെഹ്‌റുവിന്, ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ പാശ്ചാത്യ ശക്തികളോട് (പ്രത്യേകിച്ച് യുഎസിനോടും ബ്രിട്ടനോടും) സൈനിക സഹായവും രഹസ്യാന്വേഷണ പിന്തുണയും അഭ്യർത്ഥിക്കേണ്ടിവന്നു.കേരളത്തിലേക്കുള്ള ഇടപെടലുകളും പുസ്തകം വിശദീകരിക്കുന്നു.1950-കളിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (CPI) കേരളത്തിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽ വന്നത്, ശീതയുദ്ധത്തിൻ്റെ ലോകക്രമത്തിൽ പാശ്ചാത്യ രാജ്യങ്ങളെ (ബ്രിട്ടനെയും യുഎസിനെയും) ഞെട്ടിച്ചു.
നെഹ്‌റുവിൻ്റെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ യാഥാസ്ഥിതിക വിഭാഗങ്ങൾ പോലും കേരളത്തിലെ കമ്മ്യൂണിസത്തിൻ്റെ വളർച്ചയിൽ ആശങ്കാകുലരായിരുന്നു. ദക്ഷിണേന്ത്യയിലെ കമ്മ്യൂണിസ്റ്റ് വിജയം ആഗോള കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിൻ്റെ ഭാഗമാണെന്നും, ഇത് സോവിയറ്റ് സ്വാധീനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുമെന്നും പാശ്ചാത്യ ശക്തികൾ തെറ്റിദ്ധരിച്ചു.കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ പാശ്ചാത്യ രാജ്യങ്ങൾ, പ്രത്യേകിച്ച് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം (CIA), രഹസ്യമായി പ്രവർത്തിച്ചു. സാഹിത്യ-സാംസ്കാരിക രംഗങ്ങളെയും അവർ സ്വാധീനിച്ചു.കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി 1950 മുതൽ 1967 വരെ സി.ഐ.എ. രഹസ്യമായി ധനസഹായം നൽകിയിരുന്ന ഏറ്റവും വലിയ സംഘടനയായിരുന്നു കോൺഗ്രസ് ഫോർ കൾച്ചറൽ ഫ്രീഡം (CCF).സി.സി.എഫ്. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി അസോസിയേഷനുകൾക്കും പത്രങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ധനസഹായം നൽകി. ഉദാര ചിന്താഗതിക്കാരായ ബുദ്ധിജീവികളെയും കലാകാരന്മാരെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക എന്നതായിരുന്നു സി.ഐ.എ.യുടെ ലക്ഷ്യം. .സി.ഐ.എ. വിവിധ ഇന്ത്യൻ സംഘടനകളിലും മാധ്യമ സ്ഥാപനങ്ങളിലും നുഴഞ്ഞുകയറി, അമേരിക്കൻ അനുകൂല നിലപാടുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. കമ്മ്യൂണിസത്തിൻ്റെ വളർച്ച തടയുന്നതിനുള്ള ഒരു ഇൻഷുറൻസ് പോളിസിയായി ഇതിനെ കണ്ട നിരവധി ഇന്ത്യൻ നിയമനിർമ്മാതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ, തൊഴിലാളി നേതാക്കൾ, പത്രപ്രവർത്തകർ, ബുദ്ധിജീവികൾ എന്നിവരുടെ മൗനാനുവാദത്തോടെയാണ് സി.ഐ.എ. ഇത് ചെയ്തത്.രാഷ്ട്രീയപരമായ ഇടപെടൽ എന്നതിലുപരി, സർക്കാരിനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ സാഹിത്യ-മാധ്യമ മേഖലകളിലെ ചില വ്യക്തികൾക്കും സംഘടനകൾക്കും ഈ പണം എത്തിയിരിക്കാനുള്ള സാധ്യത മക്ഗാർ സൂചിപ്പിക്കുന്നു. കാരണം, ഈ ഓപ്പറേഷനുകളുടെ പ്രധാന ലക്ഷ്യം “ഹൃദയങ്ങളെയും മനസ്സുകളെയും” (Hearts and Minds) സ്വാധീനിക്കലായിരുന്നു.
അങ്ങനെയാണ് ഇവിടെ അരാഷ്ട്രീയ ആധുനികതാവാദം ഉണ്ടായത്. ആധുനികതാവാദത്തിന് വിമോചന സമരത്തിൻ്റെ മനശ്ശാസ്ത്രമായിരുന്നു എന്നു അക്കാലത്ത് തന്നെ എസ്.സുധീഷ് സ്ഥാപിക്കുന്നുണ്ട്.“ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്ക് എം.ഗോവിന്ദൻ്റെയും എം. വി. ദേവൻ്റെയും നിർലോപമായ സഹകരണം ഉണ്ടായി ‘’ എന്നു എ.ജയശങ്കർ ചൂണ്ടിക്കാട്ടുന്നുണ്ട്.( കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും പു.270). ബ്രിട്ടീഷ് – യു എസ് ചാരസംഘടനകളുടെ ചിന്തയാണ് ഗോവിന്ദനെ ചിന്തകനാക്കി മാറ്റിയത്. അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്ര’ത്തിലില്ലാത്ത അരാഷ്ട്രീയ അസ്തിത്വസംത്രാസങ്ങൾ കണ്ടെത്തി അവതാരിക എഴുതിയ ആളാണ് എം.വി.ദേവൻ.നവോത്ഥാന ആധുനികതയുടെ രാഷ്ട്രതന്ത്ര ചിന്തകളെ അട്ടിമറിച്ച വ്യാവസായിക ആധുനികതയുടെ ഒന്നാം ഘട്ടമായിരുന്നു അത്.മുതലാളിത്ത ചാണക്യ തന്ത്രങ്ങളുടെ ഒന്നാം ഘട്ടം.
5.
1980-കളുടെ മധ്യം മുതൽ തന്നെ ‘ഉദാരവൽക്കരണ’ത്തിലേക്കുള്ള ചില ചെറിയ മാറ്റങ്ങൾ ഇന്ത്യയിൽ ആരംഭിച്ചിരുന്നു.എന്നാൽ
1991-ൽ ആണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവുവിന്റെ കീഴിലുള്ള സർക്കാർ സാമ്പത്തിക പരിഷ്കരണ നടപടികൾ (Economic Reforms) കൊണ്ടുവന്നത്.ഈ പരിഷ്കാരങ്ങളാണ് നിയോലിബറൽ നയങ്ങളായ ഉദാരവൽക്കരണം (Liberalisation), സ്വകാര്യവൽക്കരണം (Privatisation), ആഗോളവൽക്കരണം (Globalisation) എന്നിവയ്ക്ക് തുടക്കമിട്ടത്.ഇതിനു സമാന്തരമായാണ് ഉത്തരാധുനിക ആശയ വിപണി രൂപം കൊണ്ടത്. കേരളത്തിലെ ആധുനികതാവാദത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയ വിരോധം, അധ:സ്ഥിത വിരോധം, സ്ത്രീവിരോധം എന്നിവയുടെ ഇടർച്ചയായാണ് ഉത്തരാധുനികതയെ മാധ്യമങ്ങളും കമ്യൂണിസ്റ്റ് അലങ്കാരബുദ്ധിജീവികളും അവതരിപ്പിച്ചത്.അങ്ങനെ ദളിത് ബുദ്ധിജീവികളും ഫെമിനിസ്റ്റുകളും ഉണ്ടായി.എന്നാൽ അധ:സ്ഥിതരെ കുടുതൽ അധ:സ്ഥിതരും സ്ത്രീകളെ കൂടുതൽ നിരായുധരുമാക്കുന്ന ആഗോളീകരണത്തിൻ്റെ ന്യായീകരണങ്ങളായിരുന്നു ഉത്തരാധുനികത. നവ ഉദാരവത്കരണത്തെ പ്രകടമായി തന്നെ ഉത്തരാധുനികതയുടെ സൈദ്ധാന്തികർ മഹത്വവത്കരിച്ചു.’ദി പോസ്റ്റ്മോഡേൺ കണ്ടീഷൻ ‘ എന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ, ലിയോത്താർഡ് മൂന്നു പൈതൃകങ്ങളെ നിരസിക്കുന്നതാണ് ഉത്തരാധുനികത എന്നു പറയുന്നുണ്ട്. ഹെഗലുമായി ബന്ധപ്പെട്ട വൈരുധ്യ വാദം, കാൻ്റുമായി ബന്ധപ്പെട്ട യുക്തിവാദം, എല്ലാ സാമൂഹിക സംഘടനകളുടെയും നട്ടെല്ല് അർത്ഥശാസ്ത്രമാണ് എന്നു പറഞ്ഞ മാർക്സിസം ഇവയുടെ നിരാസമാണ് ഉത്തരാധുനികത. മാത്രമല്ല സ്വന്തം മോചനത്തിനായി മാനവരാശിക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന ആശയം ‘ നവോത്ഥാന കാലത്തെ ശുഭാപ്തി വിശ്വാസം’’ എന്നു പറഞ്ഞു തള്ളിക്കളയുകയും ചെയ്തു. ഉത്തരാധുനികതയെക്കുറിച്ചുള്ള കൃതിയിൽ ഐജാസ് അഹമ്മദ് ലിയോത്താർഡിൻ്റെ നവലിബറൽ നയങ്ങളോടുള്ള ആവേശം ചർച്ച ചെയ്യുന്നുണ്ട്.ഇങ്ങനെ ഉപസംഹരിക്കുന്നു: “ “വികസിത ലിബറൽ മൂലധനത്തിൻ്റെ പുനർവിന്യാസം”, മുതലാളിത്തത്തിൻ്റെ തന്നെ “നവീകരണം” ആയിരുന്നു. “കമ്യൂണിസ്റ്റ് ബദലിനെ” നിർമാർജനം ചെയ്‌തത്,അതുകൊണ്ടാണ്. ഫ്രഞ്ച് ദാർശനിക ഉത്തരാധുനികതയുടെ ഏറ്റവും പുതിയ രൂപവുമായി രംഗപ്രവേശം ചെയ്യുന്ന ലിയോത്താർഡ്, പുത്തൻ ഉദാരവൽക്കരണമെന്ന ശൈലി ഉദയം കൊള്ളുന്ന ഘട്ടത്തിൽതന്നെ പുത്തൻ ഉദാരവൽക്കരണ വാദിയായി കഴിഞ്ഞിരുന്നു-അമേരിക്കയിൽ റീഗൻ അധികാരത്തിൽ വരും മുമ്പുതന്നെ.” ഫൂക്കോയുടെ സ്വത്വവാദത്തെയും ദരിദയുടെ അപനിർമ്മാണത്തെയും ഐജാസ് വിമർശിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“പ്രായോഗിക രാഷ്ട്രീയത്തിൽ ഉത്തരാധുനികത വരുത്തിവെക്കുന്ന ഏറ്റവും ദീർഘകാലസ്പർശിയായ പ്രത്യാഘാതം, രാഷ്ട്രീയത്തിൻ്റെ അണുവൽക്കരണം ആണ് വർഗ രാഷ്ട്രീയത്തെ സ്ഥാന ഭ്രഷ്ടമാക്കി, “സംസ്‌കാരം” എന്ന് പറയപ്പെടുന്ന അമൂർത്തമായ ഒരു അസ്‌തിത്വം അതിന്റെ സ്ഥാനം കയ്യടക്കുന്നു; മാത്രമല്ല സമത്വത്തിൻ്റെ രാഷ്ട്രീയത്തെ സ്ഥാനഭ്ര ഷ്ടമാക്കി, അതിന്റെ സ്ഥാനം സ്വത്വരാഷ്ട്രീയം കയ്യടക്കുന്നു; ചൂ ഷിതരുടേയും അടിച്ചമർത്തപ്പെട്ടവരുടേയും ഐക്യത്തെ തകർത്ത് എണ്ണമറ്റ ചെറിയ ചെറിയ എതിരവകാശവാദങ്ങൾ ഉയർന്നു വരുന്നു; അതിന്റെ ഫലമായി എതിർപ്പും ചെറുത്തുനിൽപ്പും എല്ലായിടത്തും ഉണ്ടെന്ന് തോന്നാമെങ്കിലും പ്രത്യേകമായി എവിടെയും കാണുകയുമില്ല.
ഉത്തരാധുനികത ഫ്രഞ്ച് പ്രതിഭാസമായിത്തീരുന്നതിന് മുമ്പ് അത് തികച്ചും അമേരിക്കൻ പ്രതിഭാസമായിരുന്നുവെന്ന് നാം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരാധുനിക ആശയങ്ങളുടെയും രാഷ്ട്രീയ രൂപങ്ങളുടെയും ആഗോളവൽക്കരണത്തിലേക്ക് നയിച്ചത് അമേരിക്കൻ സാംസ്കാരിക മേധാവിത്വമാണ്. പലപ്പോഴും അതിന് കോർപ്പറേറ്റുകളുടെ പിന്തുണയും ഉണ്ടായിരുന്നു; വിവിധ തരത്തിലുള്ള സർക്കാർ ധനസഹായങ്ങൾപോലും ഉണ്ടായിരുന്നു. ഉദാഹരണത്തിന്… സാമൂഹ്യക്ഷേമപദ്ധതികളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഒരേപോലെ സർക്കാർ പിൻവാങ്ങിയതിനർഥം (പുത്തൻ ഉദാനരവൽക്കരണത്തിൻ്റെ കൽപ്പന പ്രകാരമായിരുന്നു അത്) സർക്കാർ അതിന്റെ ഉത്തരവാദിത്വം ഇട്ടെറിഞ്ഞ് പോയ മേഖലകളിലെല്ലാം സർക്കാർ ഫണ്ടുകൾ കൈപ്പറ്റുന്ന ഗവൺമെൻ്റിതര സംഘടനകളുടെയും സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും പങ്ക് വർധിക്കുന്നുവെന്നാണ്. ഇതിനെയെല്ലാം ഉത്തരാധുനിക ആശയങ്ങൾ ന്യായീകരിക്കുകയും ചെ യ്യുന്നു.”
സ്വത്വരാഷ്ട്രീയവും ആഗോളീകരണവും നാനാ മതങ്ങളുള്ള ഇന്ത്യയിൽ മതസ്പർദ്ധ മൂർച്ഛിപ്പിക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തിന് ഉയർച്ച നേടാനും സഹായിച്ചു.കേരളത്തിൽ മാർക്സിസ്റ്റ് രാഷ്ട്രീയ മനസിനെയും അരാഷ്ട്രീയവത്കരിച്ചു.രാഷ്ട്രീയത്തിലും വിദ്യാഭ്യാസത്തിലും മൈക്രോ പൊളിറ്റിക്സ് വിദേശ ധനസഹായത്തോടെ കടന്നു കൂടിയത് പാഠം മാസിക തുറന്നു കാട്ടിയിട്ടുണ്ട്. സ്ത്രീ കൂട്ടായ്മകൾ കുറഞ്ഞ കൂലിക്ക് സ്ത്രീകളെ പുറമ്പോക്ക് പണിക്ക് ലഭ്യമാക്കുന്ന അവസ്ഥ കൊണ്ടുവന്നു. സാഹിത്യത്തിലെ ഉത്തരാധുനികസ്വത്വരാഷ്ട്രീയ പ്രമേയത്തെയും വിമർശന വിധേയമാക്കിയിട്ടുണ്ട്. അക്കാലത്ത് കീഴാള ചരിത്ര പ0നങ്ങൾക്കു മാത്രമേ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ലോംഗ് ടേം ഫെലോഷിപ്പ് അനുവദിക്കുമായിരുന്നുള്ളൂ എന്നു ഐ ജാസ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻകീഴാള പാഠശാല ഹിന്ദുത്വത്തിൻ്റെ വളർച്ചയെ എങ്ങനെ നിർണ്ണയിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.1982-ൽ ആണ് ഈ ഗ്രൂപ്പ് ജന്മനാ ഇന്ത്യക്കാരായ അക്കാലത്തെ ആസ്ട്രേലിയയിൽ താമസമാക്കിയിരുന്ന ഗുഹയുടെ നേതൃത്വത്തിലായിരുന്നു അത്.ഇന്ത്യയിൽ താമസിച്ചിരുന്ന ചില ഇന്ത്യൻ പണ്ഡിതന്മാരും ജന്മനാ ഇന്ത്യക്കാരാണെങ്കിലും വിദേശങ്ങളിൽ താമസിച്ചിരുന്ന ഇന്ത്യൻ പണ്ഡിതന്മാരും അതുപോലെതന്നെ ഇന്ത്യയിലെ ചില പാശ്ചാത്യ പണ്ഡിതന്മാരും ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു എല്ലായിപ്പോഴും ഒരു ദേശാതീത സ്ഥാപനമായിരുന്നു എന്നർത്ഥം. ഇന്ത്യയ്ക്ക് വെളിയിൽ താമസിക്കുന്ന ഇന്ത്യക്കാരായ ബുദ്ധിജീവികൾക്ക് പ്രമുഖ പങ്കുള്ള ഒരു വിഭാഗത്തിന് ഈ ഗ്രൂപ്പിൽ തുടക്കത്തിൽ തന്നെ അന്താരാഷ്ട്ര പ്രശസ്തി ലഭിച്ചു. പ്രത്യക്ഷപ്പെട്ട് നാലുവർഷം കഴിഞ്ഞപ്പോൾ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ റൊണാൾഡോ ഇൻദെൻ പ്രശംസിച്ചു.1995ൽ തന്റെ പ്രസിദ്ധമായ ‘ഓറിയൻ്റലിസം’ എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പിനുള്ള പിൻകുറിപ്പിൽ തന്റെ പൈതൃകം മുന്നോട്ടുകൊണ്ടുപോകുന്നവരായിട്ടാണ് സബാൾ ട്ടേൺസിദ്ധാന്ത വാദികളെ വിലയിരുത്തുന്നത്.ഇത്തരത്തിൽ വളരെയേറെ പ്രശംസകള്‍ വളരെ പെട്ടെന്ന് തന്നെ അവരെ തേടി എത്തി. ഈ ഗ്രൂപ്പിൻ്റെ സ്ഥാപകനും ഏറ്റവും വലിയ ശക്തിയുമായ രണജിത്ത് ഗുഹയ്ക്ക് പുറമേ സ്ഥിരമായി രംഗത്ത് വരുന്ന മൂന്ന് വ്യക്തികൾ ദീപേഷ് ചക്രവർത്തിയും പാർത്ഥചാറ്റർജിയും ജ്ഞ്യാൻ പാണ്ഡെയുമാണ്. 1990 കളിൽ ബാബറി മസ്ജിദ് തകർക്കപ്പെടുകയും ബിജെപി ഉയർന്നു വരികയും ചെയ്തപ്പോൾ പാർത്ഥാ ചാറ്റർജിയും ജ്ഞ്യാൻ പാണ്ഡെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലായി മാറി. അതിനു മുൻപ് സബാൾട്ടേൻ സ്റ്റഡീസിൻ്റെ ഒന്നാം ലക്കത്തിൽ ലേഖനമെഴുതിയ സ്വപൻ ദാസ് ഗുപ്ത പിന്നീട് ആർ എസ് എസ് – ബിജെപി പ്രത്യശാസ്ത്രത്തിൻ്റെ ശക്തനായ വക്താവായി മാറി. സാർവത്രികത, യുക്തിവാദം, മതനിരപേക്ഷത, രാഷ്ട്രം, ദേശീയത, ദേശരാഷ്ട്രം ഇവയെല്ലാം പാർത്ഥാചാറ്റർജിയെ പോലെയുള്ള കീഴാളവാദികൾ നിരസിക്കുന്നു. ഇവർ സ്റ്റേറ്റിൻ്റെ നിയന്ത്രണങ്ങളെ എതിർത്തു കൊണ്ട് പുത്തൻ ഉദാരവത്കരണത്തെ അനുകൂലിക്കുന്നു എന്നു ഐജാസ് വിമർശിക്കുന്നു.
6.
അംബേദ്കറെ മാർക്സിന് എതിർ മുഖമാക്കി നിർത്തുകയാണ് ദളിത് കീഴാള പഠിതാക്കൾ. അംബേദ്കറുടെ ചില മാർക്സിയൻ വിമർശനങ്ങളാണ് സ്വത്വവാദികൾ ഉപയോഗിക്കുന്നത്. ഭരണകൂടം സ്ഥിരമായ സർവ്വാധിപത്യമാകുമെന്ന സങ്കല്പത്തെ അംബേദ്കർ തള്ളിക്കളഞ്ഞതിനെ മുൻനിർത്തിയാണ് ഈ വാദം. ഒരാശയം എല്ലാക്കാലത്തും എല്ലായിടത്തും ഒരുപോലെ നിലനിൽക്കില്ല.മാർക്സിനെക്കുറിച്ചുള്ള പിൽക്കാലവിമർശനത്തെ മുൻനിർത്തി എം എൻ വിജയൻ ഇങ്ങനെ പറഞ്ഞു:
“മാർക്സ് മനുഷ്യനാകാൻ ശ്രമിച്ച ഒരു മനുഷ്യ നായിരുന്നു. മൂലധനത്തിൻ്റെ വളർച്ചയിൽ തൊഴി ലാളികൾ കൂടുതൽ ദരിദ്രരായിത്തീരുമെന്നും താൻ പാരീസിൽ കണ്ട തൊഴിലാളിവർഗ്ഗത്തിൽപ്പെട്ട സാധാരണക്കാരായ ആളുകൾ എത്ര ദരിദ്രരാണോ അതിനെക്കാൾ പരമദരിദ്രരായിത്തീരും ലോകത്തിലെ തൊഴിലാളിവർഗ്ഗമെന്നും അവർ വ്യാവസായിക വികാസമുള്ള സമുദായങ്ങളിലെല്ലാം മിക്കവാറും ഏകകാലത്തിൽ വിപ്ലവമുണ്ടാക്കിത്തീർക്കും എന്നുമാണ് മാർക്സ‌് കരുതിയിരുന്നത്. ഈ അംശത്തിൽ മാർക്സിന് തെറ്റിയിരിക്കാം.
ക്യാപ്പിറ്റലിസം കുത്തകയായില്ല. പകരം കോർപ്പറേറ്റ് (സംയുക്തം) ആയി. തൊഴിലാളി വർഗ്ഗത്തിന് കൂടുതൽ വേതനം കിട്ടി. അവർ പൂർണ്ണമായും അകി ഞ്ചനവർഗ്ഗം ആയില്ല. ഇതെല്ലാം ഒരർത്ഥത്തിൽ മാർക്സ്‌സിൻ്റെ ആശയസ്വാധീനം കൊണ്ട് കൂടി സംഭവിച്ചതാണ് എന്നതിൽ സംശയമില്ല. കാരണം ഒരാശയം ഒരു സാധനമാണെന്ന് മാർക്സ് പറഞ്ഞു. ജനതയിൽ പടരുന്ന ആശയം ഭൗതിക ശക്തിയായി മാറുന്നു.”
ജാതി സമരവും വർഗ്ഗസമരവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
“കേരളത്തിലെ അവർണ്ണരടക്കമുള്ള പാവങ്ങളെ നിശബ്ദമായും നിർണായകമായും മോചിപ്പിച്ചത് ക്ഷേത്രപ്രവേശനമല്ല കുടിയാന് കിടപ്പാടം നൽകിക്കൊണ്ടുള്ള ഭൂപരിഷ്കരണ നിയമമാണ് എന്ന സരളമായ ചരിത്ര വസ്‌തുത ഓർമ്മയിൽ നിന്ന് നീക്കിക്കളയുവാൻ ആരൊക്കെയോ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സമുദായ ഘടനയെ ആർഭാടങ്ങളൊന്നുമില്ലാതെ അടിമുടി മാറ്റിത്തീർത്തത് ഈ സംഭവമാണ്. ജാതിസമര ങ്ങൾ ചോദിക്കാത്ത ചോദ്യങ്ങളാണ് വർഗ്ഗ സമര ങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. അവർണ്ണരേയും ദളിതരേയും മാത്രമല്ല പിടിച്ചുപറിക്കപ്പെട്ട എല്ലാവരെയും മൗലികമായ വിമോചനത്തിന്റെ പാതയിലേക്ക് എത്തിച്ചു. “
അംബേദ്കറിൻ്റെ ബുദ്ധമതത്തോടുള്ള താല്പര്യവും മാർക്സിൻ്റെ വിപരീതമായി ദളിത്- കീഴാള പഠിതാക്കൾ ഉന്നയിക്കാറുണ്ട്. ഇവിടെയെല്ലാം ഒരാളിനെ തള്ളി മറ്റൊരാളിനെ സ്വീകരിക്കുകയല്ല വേണ്ടത്.ഇന്ത്യയിൽ സ്വാതന്ത്ര്യ സമരകാലത്ത് പലരോടും ഒപ്പം ജീവിച്ചിരുന്ന അംബേദ്കർ എല്ലാം ഉൾക്കൊണ്ട് സ്വന്തമായി ചിന്തിക്കുന്നു എന്നു മാത്രമേ അർത്ഥമുള്ളൂ. ബുദ്ധമതം മതമായി സ്വീകരിക്കുമ്പോൾ എല്ലാ മതങ്ങൾക്കുമുള്ള പീഡക അസ്തിത്വമേ അതിനുള്ളൂ എന്നു സമകാല ലോക രാഷ്ട്രീയം നമ്മെ പഠിപ്പിക്കുന്നുണ്ട്. അംബേദ്കർ ഭരണഘടനയിൽ ബുദ്ധമതം ഔദ്യോഗിക മതമായി സ്വീകരിക്കുന്നുമില്ല. ക്ലാസിക് മാർക്സിസം ജാതിയെ, സംസ്കാരത്തെ സംബോധന ചെയ്തില്ല എന്ന് ദളിത് വാദികളും ഉത്തരാധുനികസംസ്കാരപഠിതാക്കളും പറഞ്ഞു നടക്കുന്നുണ്ട്. പ്രത്യയശാസ്ത്രത്തെയും ഫെറ്റിഷിസത്തെയും കുറിച്ചു പറഞ്ഞ മാർക്സിനാണ് സംസ്കാരത്തെയും അതിൻ്റെ വൈരുധ്യങ്ങളെയും അറിയില്ലായിരുന്നു എന്നു പറയുന്നത്. ഇന്ത്യൻ ജാതി വ്യവസ്ഥയെക്കുറിച്ചും മാർക്സിന് ധാരണ ഉണ്ടായിരുന്നു. ഒരു രാഷ്ട്രത്തിൻ്റെ പുരോഗമനം തടയുകയും വിധിയുടെ കാരുണ്യത്തിന് വിട്ടുകൊടുക്കുകയും ചെയ്ത ജാതിയെക്കുറിച്ച് മാർക്സ് പറയുന്നുണ്ട്.( ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം) ‘അടച്ചുകെട്ടപ്പെട്ട വർഗ്ഗമാണ്’ (An Enclosed Class) എന്നു ജാതിയെ അംബേദ്കർ വിളിക്കുന്നതും ഈ അർത്ഥത്തിലാണ്.അതുപോലെ ഹിന്ദുത്വത്തിന് അവർ അവകാശപ്പെടുംപോലെ സുവർണ്ണകാലം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും മാർക്സ് കൂട്ടിച്ചേർക്കുന്നു.കേരളത്തിലെ ആദ്യകാല മാർക്സിസ്റ്റ്പഠിതാക്കൾക്കും സംസ്കാരത്തെയും ജാതിയെയും സാധ്യമാക്കിയ സംസ്കാര ഘടകങ്ങളെക്കുറിച്ച് ധാരണയും വ്യക്തതയും ഉണ്ടായിരുന്നു. ബ്രാഹ്മണമതത്തെ നിലനിർത്തിയ സാംസ്കാരികവും തത്ത്വചിന്താപരവുമായ ഹെജിമണിക്കൽ ഘടകങ്ങൾ കെ.ദാമോദരൻ ഫലപ്രദമായി വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ക്രമേണ മാർക്സിസ്റ്റ് പാർട്ടിയിൽ പ്രാമുഖ്യം വെണ്ണപ്പാളി ബുദ്ധിജീവികൾക്ക് ഉണ്ടായി വന്നിട്ടുണ്ട്. ഇടത് കലാ പ്രസ്ഥാനങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അധ:സ്ഥിത ജീവിതത്തെ സംബോധന ചെയ്യാൻ കഴിയാതെ വന്നിട്ടുണ്ട്.അതിനെയും അധ:സ്ഥിതരുടെ കീഴാളാവസ്ഥയും മറയാക്കിക്കൊണ്ട് ആഗോളീകരണ രാഷ്ട്രതന്ത്രങ്ങൾക്കിടം കിട്ടും വിധം ആശയപ്രചരണം നടത്തുകയാണ് ഉത്തരാധുനികത ചെയ്തത്.ദളിത്അംബേദ്കർ വാദികൾ അംബേദ്കറുടെ മാർക്സിയൻ വിമർശനത്തെയും ബുദ്ധമത സ്നേഹത്തെയും പുണരുമെങ്കിലും മാർക്സും ബുദ്ധനും പറഞ്ഞതായും ഇന്നു പ്രസക്തമായതുമായി അംബേദ്കർ പറയുന്ന
“സ്വത്തിന്റെ സ്വകാര്യ ഉടമസ്ഥത ചൂഷണത്തിലൂടെ ഒരു വർഗ്ഗത്തിന് അധികാരവും മറ്റൊരു വർഗ്ഗത്തിന് ദുഃഖവും നൽകുന്നു.”
ഈ അഭിപ്രായം ഉദ്ധരിക്കില്ല.
“വർഗ്ഗങ്ങളും വർഗ്ഗങ്ങളും തമ്മിൽ താൽപര്യ സംഘർഷമുണ്ട്.”
അംബേദ്കർ പറയുന്ന ഈ അഭിപ്രായവും സ്വീകരിക്കില്ല.
കാരണം അത് പറഞ്ഞാൽ ആഗോളീകരണത്തിനു നേരെ സമരം ചെയ്യേണ്ടി വരും. പക്ഷെ അതിനു മേലാളുടെ അനുവാദമില്ല. അതു തിരിച്ചറിഞ്ഞു പറയുന്ന അധ:സ്ഥിതന് മാധ്യമ ദൃശ്യത ലഭിക്കില്ല. ദളിത് പക്ഷ എഴുത്തായി അതു പരിഗണിക്കില്ല. ഭരണകൂടം അവാർഡുകൾ നൽകില്ല. ഈ നിലപാട് ഒഴിവാക്കിയാൽ അയ്യപ്പനും വാവരും മാർക്സും ഒരു ഇലയിലിരുന്നു ഭക്ഷണം കഴിക്കും.
7.
ചാണക്യൻ്റെ രാഷ്ട്രതന്ത്രത്തിൻ്റെ ആവർത്തനം തന്നെയാണ് ഇവിടെയെല്ലാം കാണുന്നത്. “ഒരു പക്ഷെ കളിയാക്കപ്പെടുന്ന അവസ്ഥയിലേക്ക് സ്ഥാപനവത്കരിക്കപ്പെട്ട ഇടതുപ്രതിരോധ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തിയും നുണപ്രചരണങ്ങൾ കൊണ്ടും ചാരപ്രവർത്തനങ്ങൾ കൊണ്ടും കുറവുകളെ പെരുപ്പിച്ചു കാണിച്ചു അതിനെ വഷളാക്കിയും കടന്നു വന്ന ബ്രാഹ്മണമത അധികാരപ്രവർത്തനത്തിൻ്റെ “ആവർത്തനം തന്നെയാണ് ഇവിടെ പറഞ്ഞ രണ്ടു ഘട്ട അധിനിവേശ പ്രവർത്തനങ്ങളിലും കാണുന്നത്. “ശത്രുക്കളെ ഭിന്നിപ്പിക്കാൻ നടത്തുന്ന നുണകളും കൂടെ നിർത്തലുകളും കൊലപാതകങ്ങളും വിഷകന്യകാ പ്രയോഗങ്ങളും “ ഇതിലും കാണാം. സൈദ്ധാന്തിക വൈദേശികവിഷം ചെറുപ്പത്തിലേ കുടിച്ച് ഒരു വിഷവും ഏല്ക്കാത്ത ബുദ്ധിജീവികളെക്കൊണ്ടാണ് ഇവിടെ ചാരപ്രവർത്തനം നടത്തിയത്. ഒരേ വിഷം കഴിച്ച് ജനങ്ങൾ മരിക്കുകയും ബുദ്ധിജീവികൾ വീണ്ടും അക്കാദമികളുടെ വരാന്തകളിൽ മരിക്കാതെകാത്തു കിടക്കുകയും ചെയ്തു. ജനങ്ങളുടെ ഉണർവ്വിനെ മാനുപ്പുലേറ്റ് ചെയ്യുക എന്നതായിരുന്നു എക്കാലത്തെയും രാഷ്ട്രതന്ത്രം.ഏതു പിൻമടക്കത്തെയും വിമോചന സമരമാക്കുക.CIA യുടെ ഫണ്ടുകൊണ്ടു വളരുന്ന എൻ.ജി.ഒകൾ ഏതു സമരത്തെയും വിഴുങ്ങാൻ കാത്തിരിക്കുന്നു. മൈക്രോ പൊളിറ്റിക്സ് ലോകത്ത് ഉപരിപ്ലവമായ കച്ചവട ലക്ഷ്യങ്ങളുള്ള സൈബർ കൂട്ടായ്മകൾ സൃഷ്ടിക്കുന്ന കോർപ്പറേറ്റ് താല്പര്യങ്ങളുള്ള നേപ്പാൾ മോഡൽ ജെൻ സീ കലാപങ്ങളാക്കി പ്രതിരോധങ്ങളെ മാറ്റുന്നു.1968-ലെ ഫ്രഞ്ച് വിദ്യാർത്ഥി കലാപങ്ങൾ മുതലാളിത്ത അനുകൂല കാമ്പസ് നവീകരണത്തിനു വേണ്ടിയായിരുന്നു എന്നും എന്നാൽ ആ വർഷമാണ് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി വർഗ്ഗ പണിമുടക്ക് നടന്ന തെന്നും പറഞ്ഞ് ഐജാസ് അതു താരതമ്യം ചെയ്യുന്നുണ്ട്. വേൾഡ് സോഷ്യൽ ഫോറത്തെ പോലെ ‘സ്വന്തമായി രാഷ്ട്രീയ പരിപാടിയില്ലാത്ത രാഷ്ട്രീയത്തിൻ്റെ ഉത്സവ’മായി പ്രതിരോധങ്ങൾ മാറുകയാണിന്ന്. പ്ലേറ്റോ തത്ത്വജ്ഞാനികൾ ഭരണാധികാരികളായി വരുന്നത് സ്വീകരിക്കുന്നു. അലങ്കാരബുദ്ധിജീവികൾക്ക് പ്രാമുഖ്യം ഉണ്ടാകുന്നത് നല്ലതല്ല എന്നു നമുക്കറിയാം. നേർ വിപരീതമായി ഒരു തത്ത്വവുമില്ലാത്ത ജനങ്ങളുടെ നേതൃത്വവും അതുപോലെ തന്നെ. അവിടെ മുതലാളിത്ത തത്ത്വജ്ഞാനികൾ കാണാമറയത്തുണ്ടാകും. നിരന്തരം വർഗ്ഗസംഘർഷങ്ങളിലൂടെ പരിണമിച്ച് കൂടുതൽ മെച്ചപ്പെട്ട രാഷ്ട്ര സംവിധാനത്തിലേക്ക് വികസിക്കുന്ന, സമത്വത്തിലേക്കും സുഖത്തിലേക്കും സഞ്ചരിക്കുന്ന ഒരു രാഷ്ട്രതന്ത്രത്തെ അതത് സമൂഹം വീണ്ടെടുക്കേണ്ടതുണ്ട്, നിരന്തരം വികസിപ്പിക്കേണ്ടതുണ്ട്. അത്തരം മാറ്റത്തിന് വ്യക്തിപരമായ ഇച്ഛയുടെ ചിതറിപ്പോകലല്ല, ബൃഹദ് സമാഹരണങ്ങളാണ് ആവശ്യം, രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ആവശ്യം.‘മൃച്ഛകടിക‘ത്തിലെ, അധികാരം അട്ടിമറിച്ച ഇടയ ചെറുക്കൻ ചരിത്രത്തിലൂടെ സഞ്ചരിക്കുകയാണ്.

ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി
