ഡോ. ഷൂബ. കെ.എസ്.
Published: 10 september 2024 സാഹിത്യ പ്രതിചരിത്ര പരമ്പര
കവിത ( നവോത്ഥാനനന്തര കവിത )
എൻ.വി. കൃഷ്ണവാരിയർ (1916-1989).
‘കംസനെക്കൃഷ്ണന്‍ വധിച്ച കഥ, കവി
കണ്ട പകല്‍ക്കിനാവൊന്നു മാത്രം
കൃഷ്ണനെക്കംസന്‍ വധിപ്പ, തെന്നും നമ്മള്‍
കാണും കഠോരമാം സത്യമത്രേ!” (കൃഷ്ണ വധം)
”എങ്ങു മനുഷ്യനു ചങ്ങല കൈകളി -,
ലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ-
ണെങ്ങോ മര്‍ദ്ദന, മവിടെ പ്രഹരം
വീഴു വതെന്റെ പുറത്താകുന്നു”(ആഫ്രിക്ക)
‘അന്ധകാരത്തെ സൃഷ്ടിച്ചവന്‍, ദയാ –
വാരാശിയദ്ദേഹം വാഴ്ത്തപ്പെട്ടോന്‍ ….
ഇല്ല സാമ്രാജ്യവു, മല്ലടിമത്തവു-
മില്ല മാത്പര്യവും മൂഷികരില്‍
നിങ്ങള്‍ക്കിതൊന്നും മനസ്സിലാകുന്നില്ല,
നിങ്ങളെലികളോ മാനുഷരോ?”(എലികള്‍)
”ഞാന്‍ തലശ്ശേരിക്കാരിയമ്മയില്ലാത്തോള്‍, പപ്പ
ഗണ്ടിയില്‍ ടിക്കറ്റ് ചെക്കറിന്നലെജ്ജയിലിലായ്”(കൊച്ചു തൊമ്മന്‍):
എങ്ങെഴുന്നേല്ക്കാൻ പിടയുന്ന മനുഷ്യരുണ്ടോ അവിടെയാണ് ഞാൻ ജീവിക്കുന്നതെന്നെഴുതിയ കവിയാണ് എൻ.വി.കൃഷ്ണവാര്യർ.. മലയാറ്റൂർ മലയെയും ഭാരതപ്പുഴയെയുംക്കുറിച്ചു മാത്രമല്ല, ബംഗാൾ ക്ഷാമത്തെ കുറിച്ചും ആഫ്രിക്കയുടെ ദു:ഖത്തെക്കുറിച്ചും അദ്ദേഹം എഴുതി. പാശ്ചാത്യ അധിനിവേശവും സാമ്രാജ്യത്വവും അതിനോടു പ്രതികരിക്കാത്ത സമകാല ആധുനികജീവിതവുമാണ് അദ്ദേഹത്തെ കൊണ്ടു അന്ധകാരത്തെ സൃഷ്ടിച്ചവനെ വാഴ്ത്താൻ പറയുന്ന വിരുദ്ധോക്തി എഴുതിപ്പിച്ചത്.ജന്മിത്ത ഗൃഹാതുരത്വം കൊണ്ടു വെളിച്ചം (എൻലൈറ്റ്മെൻ്റ് )ദു:ഖമാണെന്നു പറയുമ്പോലെയല്ല അത്.ബംഗാളിൽ മനുഷ്യനിർമ്മിത കാരണങ്ങളാൽ ,യുദ്ധത്താൽ, അധിനിവേശത്താൽ അര ലക്ഷത്തോളം ആൾക്കാർ പട്ടിണി കിടന്നു മരിക്കുമ്പോൾ മനുഷ്യസമൂഹത്തിന് മനുഷ്യൻ എന്ന പദം ഇനി ഉപയോഗിക്കാനാവുമോ എന്ന മുഴക്കമുള്ള ചോദ്യമാണ് എലികൾ എന്ന കവിതയിലൂടെ എൻ വി ഉന്നയിക്കുന്നത്. അതിലെ ദുരന്തഹാസ്യം മനുഷ്യൻ്റെ നെഞ്ചു കീറുന്ന അനുഭവമായി മാറുന്നു. സ്പർശിക്കുന്നതിനെ യെല്ലാം ഭസ്മീകരിക്കുന്ന അഗ്നി ദ്രാവകം കൊണ്ടെഴുതിയ കവിത എന്നു സി ജെ തോമസ്സ് ഇതിനെ വിശേഷിപ്പിക്കുന്നു.എന്നിന്ത്യ വിട്ടു പോമന്ത്യ നാംമാഗ്ലേയ- / നന്നേ മനുഷ്യരായ് തീരുകയുള്ളു നാം “ (മദിരാശിയിലൊരു സായാഹ്നം) എന്നു മറ്റൊരു കവിതയിൽ കവി പറയുന്നു.. അവസാനത്തെ വിദേശിയും ഒഴിഞ്ഞു പോകുന്ന സ്വാതന്ത്ര്യ സമയം, പുതിയ കാല മുതലാളിത്ത അധിനിവേശ ങ്ങളുടെ കാലത്തു നിൽക്കുന്ന നമ്മുക്ക് ഇനിയും തീരാത്ത സ്വാതന്ത്ര്യസമരകവിതകാളാക്കി ‘എൻ വിയുടെ കവിതകളെ തീർക്കുന്നു. ആധുനിക പരിഷ്കാരത്തോടുള്ള ഉപരിപ്ലവകാല്പനിക ഭാവവും ആധുനിക ജീവിതത്തിൻ്റെ യഥാർത്ഥത്തിലുള്ള തടവറദയനീയജീവിതവും മുഖാമുഖം നിർത്തി ഹാസ്യം സൃഷ്ടിക്കുകയാണ് ‘’കൊച്ചു തൊമ്മനി’’ൽ. പുതിയ കാല മുതലാളിത്ത ആധുനിക കൊളോണിയൽ ജീവിതത്തെ ഭാഷ കൊണ്ടും പ്രമേയം കൊണ്ടും ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോഴും കവിത അഗാധമായ അനുഭവമായി മാറുന്നു എന്നു പറയാനാവില്ല. അതിനു കാരണം പാരമ്പര്യ ജന്മിത്ത മൂല്യബോധത്തിൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നതാണ്. ഗാന്ധിയും കൃഷ്ണനുമൊക്കെ നന്മയുടെ ലളിത പ്രതീകമായി വാര്യരുടെ കവിതയിൽ പ്രത്യക്ഷപ്പെടുന്നത് അതുകൊണ്ടാണ്.
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി (1923- 2000)
”ഉറക്കുപാട്ടുകളരുതുപാടരു, തൊരിക്കലുമെന്റെ
മണിവിപഞ്ചികേ” (തുയിലുണർത്തൽ)
”ആർഷസംസ്‌കാരം -നോക്കൂ: ജാതിയും മതങ്ങളു-
മായുധമെടുക്കുന്നിതന്യോന്യം കുത്തിക്കീറാൻ”(ചരിത്രം പിച്ചിച്ചീന്തു)
ആത്മീയവാദത്തെ നിശിതമായി നിഷേധിക്കുന്ന വിപ്ലവസ്വഭാവമുള്ളതെന്നു തോന്നിപ്പിക്കുന്ന അനേകം വരികൾ ഒളപ്പമണ്ണ എഴുതിയിട്ടുണ്ട്. എന്നാൽ ഒളപ്പമണ്ണയുടെ കവിതകൾ ആഴത്തിൽ ആത്മീയവാദത്തിന്റെ ആസക്തി/അനാസക്തി, ലൗകികം/അലൗകികം എന്നീ ദ്വന്ദ്വങ്ങളിൽ മാറിമാറി നിലകൊള്ളുന്നവയായിരുന്നു. ‘ഐന്ദ്രിയാനുഭൂതകളുടെ കവി” എന്ന് ഒളപ്പമണ്ണയെ ‘ജാലകപ്പക്ഷി’ യുടെ അവതാരികയിൽ വിഷ്ണു നാരായണൻ നമ്പൂതിരി വിശേഷിപ്പിക്കുന്നു. ആസക്തിയുടെ വികാര സമുദ്രം സൃഷ്ടിച്ച ഭാര്യ കുഞ്ഞിനു മുലകൊടുത്ത് ഉറങ്ങുന്നതുകാണുമ്പോൾ ശാന്തം കോരിവച്ച അനുഭവം. മാതൃത്വത്തിന്റെ മുല്ലപ്പൂചൊരിയുന്ന അനുഭവം വർണ്ണിക്കുന്ന ‘സുഫല’, നൂറു പാതയിലൂടെ തിരിച്ചെത്തുന്ന പുരുഷനെ കാത്തിരിക്കുന്ന പഴയ സ്ത്രീയെ, വസ്തുവത്കരിക്കപ്പട്ട മാനുഷികതയെ പുനഃപ്രതിഷ്ഠിക്കുന്നു. ജന്മിത്തവ്യവസ്ഥയുടെ നിശ്ചലമായ സ്‌നേഹസങ്കൽപ്പം പടിയടച്ച് പുറത്താക്കിയ ഗർഭിണിയായ നങ്ങേമക്കുട്ടിയുടെ കഥ അതിവൈകാരികമാണ്. ദുരന്തകാരണമായ രാഷ്ട്രീയപ്രശ്‌നങ്ങളെ തമസ്‌കരിക്കുന്ന ഒരു സമീപനരീതിയാണുള്ളത്. പുരുഷഭീരുത, ജാതിയുടെ കരാളത, പിതാക്കളുടെ ധർമ്മ സങ്കൽപ്പവൈകൃതം, വ്യക്തിവഞ്ചിതരെ രക്ഷിക്കാത്ത സമൂഹം ഒക്കെ നങ്ങേമകുട്ടിയുടെ ദുരന്തഹേതുക്കളാണെന്ന് ലീലാവതി ചൂണ്ടിക്കാട്ടുന്നു.പക്ഷെ അതൊന്നും കവിത ഉന്നയിക്കുന്നില്ല.
അക്കിത്തം അച്യുതൻ നമ്പൂതിരി, (1926-2020)
”നിരത്തിൽ കാക്കകൊത്തുന്നൂ ചത്തപെണ്ണിന്റെ കണ്ണുകൾ
മുലചപ്പിവലിക്കുന്നൂ നരവർഗ്ഗനവാതിഥി”
(20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം)
“”വലപോലുള്ള ബോഡി സ്സും
കണ്ണാടിപ്പട്ടുസാരിയും
വരിഞ്ഞു, മസ്തകം പൊക്കി
വിലസീടുന്ന ലേഡികൾ “
(20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം)
“”വലപോലുള്ള ബോഡീസ്സും
കണ്ണാടിപ്പട്ടുസാരിയും
വരിഞ്ഞു, മസ്തകം പൊക്കി
വിലസീടുന്ന ലേഡികൾ “
(20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം)
സമകാലജീവിതത്തിന്റെ നൂറുതിരിയിട്ട തമസ്സ് ചില ശബ്ദചിത്രങ്ങളിലൂടെ അവതരിപ്പിച്ച കവിയാണ് അക്കിത്തം. എന്നാൽ ജന്മിത്ത മൂല്യങ്ങളോടുള്ള ഗൃഹാതുരത്വത്തിൽ നിന്നുമുണ്ടായതായിരുന്നു നവോത്ഥാനന്തരസമകാല ജീവിത വിമർശനം.. ‘’ഭൂമി’’ എന്നത് സ്വർഗ്ഗീയ സൗഭാഗ്യങ്ങളെ പിടിച്ചു താഴേക്കിറക്കുന്ന ആദിരൂപമായി ഡിവൈൻ കോമഡിയിൽ പ്രത്യക്ഷപ്പെടുമ്പോൾ അതിൻ്റെ ഘടന ഉപരിപ്ലവമായി അനുകരിച്ചു കൊണ്ട് വിപരീതാനുഭവം ആവിഷ്കരിക്കുകയാണ് ‘’ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസ ‘ത്തിൽ.
ഇതിൽ ഫ്യൂഡൽശൈശവസ്വർഗ്ഗത്തിലേയ്ക്ക് ഗൃഹാതുരമാകുന്നു. സ്വർഗ്ഗം, നരകം, പാതാളം, ഭൂമി എന്നിങ്ങനെ കവിത വേർതിരിക്കുന്നു. ”എനിക്കുമുണ്ടായിരുന്നൂ സുഖംമുറ്റിയ നാളുകൾ” (സ്വർഗ്ഗം) എന്നിങ്ങനെ ഗൃഹാതുരമായതുകൊണ്ടാണ് നവോത്ഥാനപരിണാമ ജീവിതം ദുരിതപൂർണമായതെന്നും അതിനു ഓരോരുത്തരും ഉത്തരവാദികളാണ് എന്നും തിരിച്ചറിയാതെ അരാഷ്ട്രീയമായ ഒരിടത്തേയ്ക്ക് വിശുദ്ധഹൃദയനായി കുടിയേറുന്നത് ഇതിൽ കാണുന്നു. വ്യക്തി നന്നായാൽ സമൂഹം നന്നാകും എന്ന വ്യക്തിയേയും സമൂഹത്തേയും അഭിന്നമാക്കുന്ന മതപരമായ നിലപാടിൽ കവിത അവസാനിക്കുന്നു (ഭൂമി)
അതുകൊണ്ടുതന്നെ,
”ഒരു കണ്ണീർ കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവെ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം” എന്ന ആമുഖം ഒരു കാൽപ്പനിക അരാഷ്ട്രീയഉപരിപ്ലവാനുഭവമായിമാറുന്നു.
നവോത്ഥാനാനന്തരം പൊതു വിടങ്ങളിൽ എത്തി നിൽക്കുന്ന മനുഷ്യനെ വികലീകരിച്ചു അവതരിപ്പിച്ചു കൊണ്ടാണ് ജന്മിത്ത സൗഭാഗ്യങ്ങളുടെ ശൈശവസ്വർഗ്ഗത്തെ സ്വപ്നം കാണുന്നത്. സ്ത്രീയും പുരുഷനും നട്ടെല്ലു കുനിച്ചു നടന്ന കാലത്തിൽ വ്യത്യസ്തമായി തല ഉയർത്തി നടന്നത് മൂല്യച്യുതിയായി മാറുന്നു.അന്തപ്പുരത്തിൽ അസാധുവായി കഴിഞ്ഞ സ്ത്രീകൾ പൊതു വിടങ്ങളിൽ തല ഉയർത്തി നടന്നു പോയതിനെ, “മസ്തകം പൊക്കി വിലസീടുന്നലേഡികളാ””ക്കി വികലീകരിക്കുന്നു.
നവോത്ഥാനന്തര കാലത്ത് പുനരുദ്ധരിക്കപ്പെട്ട ജന്മിത്ത മൂല്യങ്ങളുടെ പ്രതിനിധാനങ്ങളായിരുന്നു അക്കിത്തത്തിൻ്റെ കവിതകൾ.
ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി
പറഞ്ഞുറപ്പിച്ച ചില വിശ്വാസങ്ങളെയും ബിംബങ്ങളെയും തകർക്കുന്നു. 👍
വലപോലുള്ള ബോഡി സ്സും
കണ്ണാടിപ്പട്ടുസാരിയും
വരിഞ്ഞു, മസ്തകം പൊക്കി
വിലസീടുന്ന ലേഡികൾ “
(20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം)
കിടിലൻ , കലക്കൻ ഉദ്ദരണി. ഇന്നായിരുന്നുവെങ്കിൽ ഹേമ കമ്മറ്റി പൊക്കി അകത്തിടാൻ പറഞ്ഞേനെ😁