
നിബിൻ കള്ളിക്കാട്
Published: 10 May 2025 കവിത
ഉന്മാദത്തിന്റെ ഉടമ്പടികൾ
മറഞ്ഞ പകലിന്റെ
മരിച്ച വെയിലുകൾ
മതിഭ്രമത്തിൽ
മയങ്ങിവീഴും നേരം
ശിശിരസന്ധ്യയിൽ
ശവക്കച്ച മൂടിയ
ശയനവെളിച്ചത്തിലെൻ
ശരണമാകുന്നു നീ ,
ഉടഞ്ഞടങ്ങാത്ത
ഉടൽപ്പെരുക്കത്തിൽ
ഉറവപൊട്ടുമെൻ
ഉന്മാദമാകുന്നു നീ,
ഉടലനക്കത്തിൽ
ഉയിരുഞെരുക്കത്തിൽ
ഉമിത്തീയെരിയവേ
ഉന്മേഷമായിരുന്നു നീ,
നിഴലനക്കത്തിൽ
നിറഞ്ഞു തുള്ളുന്ന
നൃത്തരൂപത്തിന്റെ
നിലാവായിരുന്നു നീ
പകർന്നടങ്ങാത്ത
പരിചയങ്ങൾ തൻ
പറഞ്ഞു തീരാത്ത
പരിഭവമാണ് നീ ,
ചരിഞ്ഞ നോട്ടങ്ങൾ
ചമയ്ക്കും മിഴികളിൽ
ചരിത്രമെല്ലാമെന്നും
ചികഞ്ഞവളാണു നീ
പകർന്ന രാത്രിയിൽ
പിരിഞ്ഞ പകലിന്റെ
പലിശപോലെയുടൽ
പകുത്തവളാണ് നീ,
തിരിച്ചുപോകുമ്പോൾ
തിരിഞ്ഞുനോട്ടത്തിൽ
തിരികെട്ട വെട്ടത്തിൻ
തീയായി നീ മാറേ ,
ഉന്മാദരാവുകൾക്കന്നം
ഉണ്ണാനിരുന്ന നമ്മളിൽ
ഉണ്ടായിരുന്നിരിക്കാം
ഉന്മാദമായൊരു ചിത്രം
വാക്കെരിയുമ്പോൾ
വക്കുകൾ പൊട്ടാത്ത
വാക്കുകളിലൊഴുകിയ
വാക്കുറപ്പിന്റെ മൗനം .

നിബിൻ കള്ളിക്കാട്
Mankuzhy kizhakkekkara veedu Chamavilappuram Mylakkara PO Pin 695572 kallikkaadu Trivandrum Mob 9961582667

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
