സുനിത ഗൗരി

Published: 10 August 2025 കഥ

നിലാവിൽ ഒരാത്മഹത്യ

വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവച്ച് അയാൾ കസാരയിലേക്ക് ഒന്നുകൂടി പുറം ചാഞ്ഞിരുന്നു.
പൂമുഖത്തെ വെട്ടത്തിൻ്റെ അരണ്ട വെളിച്ചത്തിൽ വാഴയിലകൾ അനങ്ങുന്നത് ഏറെ നേരം നോക്കിക്കിടന്നു.
പിന്നെ എന്തോ ഓർത്തെന്ന വണ്ണം പെട്ടെന്ന് കസാരയിൽ നിന്നും എഴുന്നേറ്റു.പൂമുഖത്തെ ലൈറ്റ് ഓഫ് ചെയ്തു.
തിണ്ണയിൽ ഇരുകൈകളും കുത്തി വീണ്ടും ഇരുട്ടിലേക്ക് നോക്കി.
മങ്ങിയ നിലാവിൽ ഇപ്പോഴും വാഴയിലകൾ അനങ്ങുന്നത് ശ്രദ്ധിച്ചു.
അനക്കമല്ല.നൃത്തമാണ്.മനസ്സിൽ പറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി.
അവിടെ നിന്നും തൊടിയിലേക്ക് കടന്നു.
ചെറുപ്പം തൊട്ടേ ,അല്ല തൻ്റെ തന്നെ പ്രായം വരുന്ന മൂവാണ്ടൻ മാവ്.
അതെ.45 വർഷം.
പൂക്കാൻ തുടങ്ങിയത് മുതൽ, കണ്ണിമാങ്ങ മുതൽ പഴുത്തമാമ്പഴം വരെ നൽകിയ മാവ്.അച്ഛൻ്റെയും അമ്മയുടെയും കണക്കിൽ ലാഭമുള്ളൊരു മുതൽ തന്നെ.
ഓർമ്മകൾ ചികയാൻ തുടങ്ങിയാൽ ശരിയാവില്ല.
ചുറ്റും നോക്കി.
ഈ പാതിരാത്രിയിൽ ആര് വരാൻ.ഇരുകൈകളും കൊണ്ട് മാവിനെ വട്ടം കെട്ടിപ്പിടിച്ചു.
ചെറുപ്പത്തിലേ പോലെയല്ല.പഴയപോലെ കയറാൻ പറ്റുന്നില്ല.എങ്കിലും കയറി പറ്റി.
ഊഞ്ഞാലിൻ്റെ കയർ ചുറ്റി വച്ചത് കെട്ട് അഴിച്ചു.
ഊഞ്ഞാൽപ്പാട്ട് എവിടെയോ കേൾക്കുന്നുണ്ടോ? ചെവി വട്ടം പിടിച്ചു.
ഏയ്.തോന്നിയതാകും.
അതെ.ഞാൻ ഒരു പരാജയം തന്നെ.ജീവിക്കാൻ ധൈര്യം ഇല്ല എനിക്ക്.അതുകൊണ്ട് ഞാൻ പോകുന്നു.ആത്മഹത്യ കുറിപ്പ് ആത്മഗതം ആക്കി.
കഴുത്തിലേക്ക് കുരുക്കിട്ട് കണ്ണുകൾ ഒരു നിമിഷം അടച്ചു.ഇത്ര ഇരുട്ടിലും എവിടന്നാണ് ഇത്ര വെളിച്ചം
ഓട്ടക്കണ്ണിട്ട് നോക്കി.
പുഞ്ചിരിച്ചു നിൽക്കുന്ന അമ്പിളിമാമൻ.
“എന്തേ ചന്ദ്ര, ഈ കാണിക്കുന്നത്? “
“ഓ..പറഞ്ഞുവരുമ്പോ പേര് ഒന്നാണ് എങ്കിലും എനിക്ക് പകലിനെ ഭയമാണ്.കഥ പറയാൻ നേരമില്ല.നാളെ നേരം വെളുക്കുമ്പോ എനിക്ക് എന്നെ ജീവനോടെ കാണണ്ട.അതുകൊണ്ട് കുറച്ചുനേരത്തേക്ക് ഒന്നങ്ങട് മാറി പ്പോ.”..
“എനിക്ക് മനുഷ്യന്മാരെ പോലെ ഓടാനും ചാടാനും ഒന്നും പറ്റില്ല ചന്ദ്ര” എന്നായി അമ്പിളിമാമൻ.
“ആവശ്യം എൻ്റെ ആണല്ലോ..ഞാൻ പോയേക്കാം”.കയറും ഊരികയ്യിൽ പിടിച്ച് കയറിയതിനേക്കാളും സ്പീഡിൽ ഇറങ്ങി.അടുത്ത മരം ലക്ഷ്യമാക്കി നടന്നു..
ലാഭങ്ങളുടെ കണക്ക് കേൾക്കാത്ത , പച്ചക്ക് മാത്രം കൊള്ളാം എന്ന് പറയപ്പെടുന്ന പഴപ്ലാവ്.
പ്ലാവിൻ്റെ കൊമ്പിലേക്ക് വലിഞ്ഞുകയറി ഉടൻ തന്നെ തയ്യാറെടുത്തു.കഴുത്തിൽ കുരുക്കിട്ട് കണ്ണുകൾ അടച്ചതും പ്ലാവിലക്കൂട്ടങ്ങളുടെ ഇടയിലൂടെ അരിച്ചരി ച്ചെത്തുന്ന വെട്ടം.
“എനിക്ക് മരിക്കാൻ ഭയമില്ല.അതുകൊണ്ടല്ലേ ഞാൻ ഇങ്ങനെ…പിന്നെന്തിനാ വീണ്ടും” .അയാൾക്ക് അരിശം വന്നു.
“ഞാൻ പറഞ്ഞില്ലേ .പുലരുവോളം ഞാൻ ഇവിടുണ്ടാകും.നിങൾ ഓടുന്നപോലെ എനിക്ക് ഓടാൻ ആവില്ല” എന്നായി അമ്പിളി മാമൻ..
“നിങ്ങളൊരു മാഷല്ലേ,ധാരാളം വായിക്കുന്ന ആൾ അല്ലേ പിന്നെന്തിനാ മരിക്കുന്നത്”?

“സിനിമയിൽ ഇടക്ക് വരുന്ന പാട്ടിൽ ഒരാളുടെ ലൈഫ് നീങ്ങുന്നത് കാണിക്കുന്ന പോലെ 5 മിനിറ്റൊന്നും പോര”.
“മാവിൽ നിന്നും പ്ലാവിലേക്ക് ചാടിയപ്പോൾ കുറെ കാര്യങ്ങൾ ഓർത്തല്ലോ ചന്ദ്രന്മാഷെ”.അമ്പിളിമാമൻ ഓർമ്മിപ്പിച്ചു
“അതെ.ശരിയാണല്ലോ. സ്കൂളും കുട്ടികളും വീടും എല്ലാം ഓർത്തിരുന്നു.”
“എന്തോ…മുന്നോട്ട് പോകാൻ എന്തോ വിമ്മിഷ്ടം.
മനസ്സിൽ എന്തോ കിടന്ന് കറങ്ങുന്നു.
Sort ചെയ്യാൻ പറ്റത്തൊരു puzzle പോലെ.”
എല്ലാവരും അംഗീകരിക്കുന്ന ഒരാൾ.വീട്ടിലും നാട്ടിലും എല്ലായിടത്തും.
അവിവാഹിതനാണ് എന്നൊരു കാരണത്താൽ ആണോ
ഒരിക്കലുമല്ല
പിന്നെ?
അറിയില്ല
മാനത്തെ ഗന്ധർവ്വന്മാർ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടോ?
വേണ്ട.ഇതിലും ശരിയാവില്ല.കയർ വലിച്ചെറിഞ്ഞ് നേരെ കുളപ്പടവിലേക്ക് ചെന്നു.
“നീന്താൻ അറിയുന്ന മാഷേ ,താൻ എങ്ങനെ മുങ്ങി ചാവും? വീണ്ടും അമ്പിളിമാമൻ
.അതെ .
ചന്ദ്രൻമാഷ് പറ…എന്തായാലും നേരം വെളുക്കാൻ കൊറേ നേരം ണ്ട്.”.
മാഷ് കല്പടവിലിരുന്നു.
“നിലാവ് പൊഴിക്കുന്ന സത്യമേ നിന്നോട് ഞാൻ എന്ത് തെറ്റ് ചെയ്തു?

ചന്ദ്രൻ മാഷേ,ബഷീർ കളിക്കാതെ കാര്യം പറ.”
” അതെ.കണക്ക് വച്ച് നോക്കിയാൽ ജീവിതം നഷ്ടം തന്നെ.”
“ലോകത്തിലെ കോടീശ്വരന്മാർക്ക് വരെ നഷ്ടം ഉണ്ട്.പിന്നെയാണോ മാഷേ”
കാര്യം സാമ്പത്തികം അല്ല.ചന്ദ്രന്മാഷ് ഗൗരവം പൂണ്ടു
അമ്പിളിമാമൻ ആകാംക്ഷ ഭാവം പൂണ്ടു.
“സയൻസ് വച്ച് നോക്കിയാൽ ജീവിതം പരീക്ഷണങ്ങൾ ആണ്.അതോ, വല്ലാത്ത പരീക്ഷണങ്ങൾ.”
“അതിപ്പോ എല്ലാർക്കും ഒള്ളത് അല്ലേ മാഷേ..പലർക്കും പല രൂപത്തിൽ ആണെന്ന് മാത്രം”
” ന്നാലും അങ്ങനല്ല.ഒരു രസം ല്ലാ ലൈഫിന്..”
“രസം ഇല്ലാത്തൊണ്ടാണോ മാഷേ നിങ്ങളു ജീവൻ കളയാൻ ഓടിക്കളിക്കുന്നത്”
നിങ്ങളെയൊക്കെ ഞാൻ പഠിപ്പിക്കണോ മാഷേ?”
“വീടിനകത്ത് ,ഇത്ര പ്രായം ചെന്നിട്ടും നിങ്ങൾക്ക് വച്ചുവിളമ്പി ത്തരുന്ന അമ്മയില്ലേ മാഷേ…അവിടെ..രാവിലെ നടക്കാൻ പോകാൻ വിളിക്കുന്നതും കാത്തിരിക്കുന്ന അച്ഛൻ ഇല്ലേ മാഷേ അവിടെ..
അവര് തന്നെയല്ലേ ഏറ്റവും വലിയ രസം..”
മഴത്തുള്ളിയാണോ അതോ ചന്ദ്രമാഷിൻ്റെ കണ്ണ് നിറഞ്ഞ താണോ?
“പിന്നെ ,നിങ്ങളെ നോക്കിയിരിക്കുന്ന കുട്ടികൾ ഇല്ലേ അവിടെ
സൈക്കിളിൽ പോകുമ്പോ കാണുന്നോരോടൊക്കെ നിങ്ങൾക്ക് സംസരിക്കണ്ടെ മാഷേ…. അങ്ങാടിപീടികയിലെ
മജീദുപ്പക്ക് നാളെ മരുന്നിനു കാശ് കൊടുക്കാന്നു പറഞ്ഞിട്ടല്ലേ നിങ്ങളു വൈന്നേരം കണ്ടുപിരിഞ്ഞത്”

ചന്ദ്രൻ മാഷ് ഞെട്ടി ഇരുന്നിടത്ത് നിന്നും പെട്ടെന്ന് എഴുന്നേറ്പോയി.
.”നാളെ നിങ്ങടെ വക ഉച്ചഭക്ഷണം ന്നു ക്ലാസുകൾ തോറും നടന്നു കയറി പറഞ്ഞല്ലോ..അത് മറന്നോ?”
മാഷിൻ്റെ ഒച്ചയിടറി.
മാഷ് പോയിക്കിടന്നുറങ്ങ്..ഇതൊക്കെ ആലോചിച്ച് കിടന്നാൽ നാളെ ക്കുള്ള രസം കിട്ടും..”
മാഷ് പടികൾ തിരിച്ചുകയറാൻ തുടങ്ങി
ഒന്ന് നിന്നേ മാഷേ….
വിളി കേട്ട് മാഷ് മാനത്തേക്ക് നോക്കി
“ബാക്കിവച്ച ഒരു പുസ്തകത്തിൻ്റെ പണിപ്പുര യില്ലേ അവിടെ….ഈ കഥ കൂടി എഴുതിക്കോ…അപ്പോ കുറച്ച് കൂടി രസം കിട്ടും” അമ്പിളിമാമൻ പൊട്ടിപ്പൊ ട്ടി ചിരിച്ചു
മാഷും അപ്പോഴാണ് ഓർത്തത്.ഒരു കഥാസമാഹാരം.ഒരു കഥ കൂടി വേണം.എന്നിട്ട് വേണം അച്ചടിക്കാൻ..
എങ്കിൽ പിന്നെ….
മാഷ് ഒന്നു കൂടി തിരിഞ്ഞുനോക്കി.
“ചെന്ന് എഴുതിക്കോ മാഷേ.
പത്താമത്തെ കഥ,
” നിലാവിൽ ഒരാത്മഹത്യ”
ഇക്കുറി രണ്ടുപേരും പൊട്ടിച്ചിരിച്ചു.
ചന്ദ്രൻ മാഷും.പിന്നെ ഒറിജിനൽ ചന്ദ്രനും

സുനിത ഗൗരി

തൃക്കപുരം എറണാകുളം ജില്ല

ചിത്രീകരണം

ശ്രീജാറാണി, അദ്ധ്യാപിക, ജി എച്ച് എസ് എസ് , കോറം, കണ്ണൂർ.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x