എന്‍. എസ്. അരുണ്‍കുമാര്‍

Published: 10 January 2025 ശാസ്ത്രമലയാളം

നീലക്കുറിഞ്ഞി ചുവക്കുമ്പോള്‍

സംഘകാലത്ത്, അതായത് ക്രിസ്തുവര്‍ഷം ആരംഭിക്കുന്നതിനും മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതപ്പെട്ട څകുറിഞ്ഞിപ്പാട്ട്چ എന്ന തമിഴ്കാവ്യത്തില്‍ നീലക്കുറിഞ്ഞി പൂത്തുലഞ്ഞുനില്‍ക്കുന്ന കുറിഞ്ഞിമലയെക്കുറിച്ച് പറയുന്നുണ്ട്. നീലക്കുറിഞ്ഞിയെക്കുറിച്ച് മാത്രമല്ല, ആ മലനിരകളെ പുഷ്പസമ്യദ്ധിയിലാറാടിച്ച നൂറ് വിവിധതരം പൂക്കളെക്കുറിച്ചും കുറിഞ്ഞിപ്പാട്ടില്‍ കവിയായ കപിലര്‍ പാടുന്നു. ഇത്രയും പൂവുകള്‍ വിടര്‍ന്നുനിന്നിരുന്ന കുറിഞ്ഞിമല അതിമനോഹരമായിരുന്നു എന്നാണ് കവി പറയുന്നത്. കപിലകവി പറയുന്ന ഈ ചെടികള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെക്കാള്‍ സമ്പന്നമായിരുന്ന, കുറിഞ്ഞിമലയുടെ നഷ്ടപ്പെട്ടുപോയ ജൈവവൈവിധ്യത്തിന്‍റെ സൂചനയാണ് നിശബ്ദമായ ഒരു തേങ്ങല്‍പോലെ കുറിഞ്ഞിപ്പാട്ട് നമുക്ക് പകര്‍ന്നുതരുന്നത്. എന്നാല്‍ ഏറെ വൈകിയാണെങ്കിലും ശാസ്ത്രലോകം ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്. അന്തര്‍ദേശീയ പ്രക്യതിസംരക്ഷണ സംഘടന (IUCN), വംശനാശഭീഷണി നേരിടുന്ന ചെടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിക്കുന്ന څറെഡ്ഡാറ്റാ ബുക്കിچല്‍ നീലക്കുറിഞ്ഞിക്ക് ഇടംനല്‍കിയിരിക്കുകയാണ്. څചുവന്ന വിവരങ്ങളുടെ പുസ്തകംچ എന്ന പേരിലും അറിയപ്പെടുന്ന റെഡ്ഡേറ്റാ ബുക്കില്‍ ഇതാദ്യമായാണ് നീലക്കുറിഞ്ഞി ഔദ്യോഗികമായി ഉള്‍പ്പെടുത്തപ്പെടുന്നത്. വംശനാശഭീഷണിയുടെ തീവ്രതയനുസരിച്ച് പല വിഭാഗങ്ങളിലായിട്ടാണ് റെഡ്ഡേറ്റാ ബുക്കില്‍ വിവരങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ څവംശനാശസാധ്യതയുള്ളچ (Vulnerable)സസ്യങ്ങളുടെ വിഭാഗത്തിലാണ് നീലക്കുറിഞ്ഞിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2023ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നീലക്കുറിഞ്ഞിയെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ചോലക്കാടുകളുടെ വസന്തം
പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 1,340 മുതല്‍ 2,600 മീറ്റര്‍ വരെ ഉയരത്തിലാണ് നീലക്കുറിഞ്ഞി കാണപ്പെടുന്നത്. ചോലക്കാടുകള്‍ എന്ന സവിശേഷ ആവാസവ്യവസ്ഥ യ്ക്ക് അനുബന്ധമായാണ് നീലക്കുറിഞ്ഞികള്‍ വളരുന്നത്. കുറിഞ്ഞിയിനങ്ങള്‍ അനവധിയുണ്ടെങ്കിലും പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ കൂട്ടമായി പൂക്കുകയും വിത്തിടുകയും ചെയ്യുന്നു എന്നതാണ് നീലക്കുറിഞ്ഞിയെ വ്യത്യസ്തമാക്കുന്നത്. കൂട്ടമായി പൂക്കുന്നതിനാല്‍ തേനീച്ചകള്‍ക്ക് ഇവയില്‍ നിന്നും ധാരാളമായി തേന്‍ ലഭിക്കുന്നു. ഇങ്ങനെ ഒരേ ചെടിയിലെ പൂവില്‍ നിന്നു മാത്രമുള്ള തേന്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ്. അതുപോലെ ഒരുമിച്ച് വിത്തിടുന്നത് പല പക്ഷികള്‍ക്കും സുഭിഷമായ ആഹാരമൊരു ക്കുന്നു. ഇവ ഈ സമയമാണ് പ്രജനനത്തിനായി തിരഞ്ഞെടുക്കുന്നത്. ശേഷിക്കുന്ന വിത്തുകള്‍ മണ്ണില്‍ അടിയീര്‍പ്പത്തിന്‍റെ കുളിരില്‍ മുളയ്ക്കുമെങ്കിലും പൂക്കാതെ പന്ത്രണ്ട് വര്‍ഷം കാത്തിരിക്കുന്നു. പന്ത്രണ്ട് വര്‍ഷം എന്നത് ഒരു വ്യാഴവട്ടം ആയാണ് കണക്കാക്കപ്പെട്ടത്. അത്രയും ക്യത്യമായ ഇടവേള പാലിച്ചുകൊണ്ട് പൂവിടുന്നതിനാല്‍ ഇത് സംബന്ധമായി പല വിശ്വാസങ്ങളുമുണ്ട്. തമിഴ്വംശജരായ പാലിയന്‍ ഗോത്രക്കാര്‍ അവരുടെ ദൈവമായ മുരുകന്‍ അവര്‍ക്കിടെയിലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്നും അപ്പോള്‍ വരണമാല്യമായി ഉപയോഗിച്ചത് നീലക്കുറിഞ്ഞിയുടെ പൂക്കള്‍കൊണ്ടുണ്ടാക്കിയ മാലയായിരുന്നുവെന്നും വിശ്വസിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒരുമിച്ച് പൂക്കുകയും കൂട്ടമായി വിത്തിടുകയും ആ വിത്തുകള്‍ മുളച്ചുണ്ടാവുന്ന നീലക്കുറിഞ്ഞികള്‍ പിന്നീട് പന്ത്രണ്ടുവര്‍ഷത്തിനുശേഷം മാത്രം പൂക്കുകയും ചെയ്യുന്നതനുസരിച്ച് പ്രായം കണക്കാക്കുന്ന ഗോത്രവിഭാഗക്കാരും ഇവിടെയുണ്ട്.

കേരളത്തില്‍ ഓഗസ്റ്റ് മാസം മുതലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. ജൂലൈ മാസം മുതലേ ആനമലയിലെ നീലക്കുറിഞ്ഞികള്‍ പൂത്തുതുടങ്ങും. നീലലോഹിതമായ ഒരു പരവതാനി വിരിച്ചപോലെ അവ ആ മലനിരകളെയാകെ മൂടും. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള ഈ പ്രതിഭാസം പിന്നെ സെപ്തംബര്‍ മാസവും കടന്ന് ഒക്ടോബര്‍ വരെ നീളും. ഇന്ത്യയില്‍ത്തന്നെ നീലക്കുറിഞ്ഞികള്‍ ഏറ്റവുമധികം തിങ്ങിനിറഞ്ഞുപൂക്കുന്നത് മൂന്നാര്‍ മേഖലയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഏകദേശം മൂവായിരം ഹെക്ടറുകളുടെ വിശാലതയെ അതിലംഘിച്ചുകൊണ്ട് ഈ മലരണിക്കാടുകള്‍ പൂവിട്ടുനില്‍ക്കും. ഇതില്‍ പങ്കെടുക്കുന്ന ഓരോ നീലക്കുറിഞ്ഞിച്ചെടിയും അതിന്‍റെ ജീവിതത്തില്‍ ആദ്യവും അവസാനവുമായിട്ടാണ് പൂക്കുന്നത് എന്ന സവിശേഷതയുമുണ്ട്. പൂവിടുകയും ആ പൂവ് കായായി വിത്തിടുകയും ചെയ്യുന്നതോടെ ആ ചെടി നശിച്ചുപോവുകയാണ് ചെയ്യുന്നത്. ഇങ്ങനെ ജീവിതചക്രത്തില്‍ ഒരിക്കല്‍മാത്രം പൂക്കുകയും പൂക്കുന്നതോടെ നശിക്കുകയും ചെയ്യുന്ന പ്രതിഭാസം സെമെല്‍പാരി (Semelpary) എന്നാണറിയപ്പെടുന്നത്. ഈ പ്രതിഭാസം പ്രകടിപ്പിക്കുന്ന അപൂര്‍വ്വം ചെടികളിലൊന്നാണ് നീലക്കുറിഞ്ഞി. ഇങ്ങനെയുണ്ടാവുന്ന ഓരോ വിത്തും മുളച്ച് ചെടിയായി വളര്‍ന്ന് വീണ്ടും പൂവിടാന്‍ പന്ത്രണ്ട് വര്‍ഷമെടുക്കും. പൂക്കാന്‍ പ്രായമാവുന്ന നീലക്കുറിഞ്ഞിച്ചെടികള്‍ക്ക് മുപ്പതു മുതല്‍ അറുപതു സെന്‍റീമീറ്റര്‍ര്‍ വരെ പൊക്കത്തില്‍ വളരും. പക്ഷേ, പന്ത്രണ്ടുവര്‍ഷമെന്ന കാലമെത്താതെ പൂക്കില്ല. നീലക്കുറിഞ്ഞി ഉള്‍ക്കൊള്ളുന്ന സ്ട്രൊബൈലാന്തസ് എന്ന ജനുസ് ഏഷ്യയിലുടനീളവും ഓസ്ട്രേലിയയിലും കാണപ്പെടുന്ന ഒന്നാണ്. ലോകത്തിലെമ്പാടുമായി, ഇതേ ജനുസില്‍പ്പെട്ട 450തോളം ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 146 എണ്ണം ഇന്ത്യയില്‍ത്തന്നെയാണ് കാണപ്പെടുന്നത്. അതില്‍ത്തന്നെ 70 എണ്ണത്തിലധികവും പശ്ചിമഘട്ടമേഖലയിലാണ്. ആനമലയിലെ നീലക്കുറിഞ്ഞികള്‍ രണ്ടുകാലങ്ങളെ അനുസരിച്ചുള്ള പൂവിടലുകള്‍ പിന്‍തുടരുന്നതായി ഗവേഷകര്‍ പറയുന്നു. അതിലൊന്നാണ്, 2006ലും 2018ലുമായി ഇപ്പോള്‍ പൂത്തിരിക്കുന്നത്. ഇതല്ലാതെ, 2014ല്‍ അവസാനമായി പൂത്ത ഒരിനമുണ്ട്. 2002ലാണ് ഇതിനു മുമ്പ് ഇത് പൂത്തത്. 2026 ല്‍ ആയിരിക്കും ഇതിന്‍റെ അടുത്ത പൂക്കാലം.

സഹ്യനിരകളുടെ സ്ഥാനീയ സസ്യം
പശ്ചിമഘട്ടത്തിന്‍റെ തെക്കന്‍ഭാഗങ്ങളില്‍, സമുദ്രനിരപ്പില്‍ നിന്നും 1300 മീറ്റര്‍ മുതല്‍ 2400 മീറ്റര്‍ വരെ ഉയരത്തില്‍ മാത്രം വളരുന്ന സ്ഥാനീയസസ് യ(Endemic Plant)മാണ് നീലക്കുറിഞ്ഞി. പശ്ചിമഘട്ടത്തിലെ തന്നെ ഈ മേഖലയിലെ സവിശേഷമായ മണ്ണും പ്രക്യതിയും കാലാവസ്ഥയുമാണ് നീലക്കുറിഞ്ഞിയുടെ ഈ څസ്ഥാനീയപ്രതിഭാസچ(Endemism)ത്തിന് കാരണം. നീലക്കുറിഞ്ഞിയുടെ പൂവിടല്‍ സംബന്ധമായ ഏറ്റവും ആധികാരികരേഖയായി പരിഗണിക്കപ്പെടുന്നത് 1935ല്‍ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പ്രബന്ധമാണ്. 1838 മുതല്‍ 1934 വരെയുള്ള കാലയളവില്‍, 12 വര്‍ഷത്തെ ഇടവേളകളില്‍ നീലക്കുറിഞ്ഞി പൂവിട്ടതായി പ്രബന്ധകാരന്‍ രേഖപ്പെടുത്തുന്നു. ഈ മേഖലയില്‍ ആദ്യകാലങ്ങളില്‍ താമസക്കാരായി എത്തിയ യൂറോപ്പുകാരായ ചിലരുടെ സ്വകാര്യക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ രേഖപ്പെടുത്തല്‍. 1971ല്‍, ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ അതേ ജേര്‍ണലില്‍ പ്രസിദ്ധീക്യതമായ മറ്റൊരു പഠനത്തിലും 12 വര്‍ഷത്തെ ഇടവേളകളില്‍ സംഭവിച്ച നീലക്കുറിഞ്ഞിയുടെ കൂട്ടത്തോടെയുള്ള പൂവിടലിനെക്കുറിച്ച് പറയുന്നുണ്ട്. 1838, 1850, 1862, 1874, 1886, 1898, 1910, 1922, 1934, 1946, 1958, 1970, 1982, 1994, 2006 വര്‍ഷങ്ങളില്‍ ഇതിനുമുമ്പ് നീലക്കുറിഞ്ഞി പൂത്തു എന്നതാണ് ആധികാരികമായ വിവരം. അക്കാലങ്ങളില്‍, ഈ മേഖലകളിലേക്ക് കാട്ടുകോഴി (Gallus sonneratii)കളുടെ വലിയ സംഘം ദേശാന്തരണം ചെയ്ത് എത്തിയിരുന്നതായും ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേര്‍ണലില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കാറ്റിലൂടെയുള്ള പരാഗണമാണ് പുല്‍ച്ചെടികളെയെന്നപോലെ നീലക്കുറിഞ്ഞിച്ചെടികളിലെ പരാഗണം സാധ്യമാക്കുന്നതെന്ന ഒരു തെറ്റിദ്ധാരണ നേരത്തേ ഉണ്ടായിരുന്നു. നീലക്കുറിഞ്ഞികള്‍ ഒരു പൂല്‍ച്ചെടിആവാസവ്യവസ്ഥ(Grassland Ecosystem)യുടെ ഭാഗമായതിനാലാണ് ഇത്തരമൊരു തെറ്റിദ്ധാരണ ഉണ്ടായതെന്നു കരുതുന്നു. എന്തായാലും കാറ്റിന് നീലക്കുറിഞ്ഞികളുടെ പരാഗണത്തില്‍ പങ്കില്ല എന്നത് അവയുടെ ഇടയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ മറ്റു ജൈവബന്ധങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ലിനയന്‍ സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധമനുസരിച്ച് അപിസ് സെറാനാ ഇന്‍ഡിക്ക (Apis cerana indica) എന്ന ഇനത്തില്‍പ്പെട്ട തേനീച്ചകളല്ലാതെ മറ്റേതൊരു ഷഡ്പദവും നീലക്കുറിഞ്ഞിപ്പൂക്കളുടെ പരാഗണത്തില്‍ പങ്കെടുക്കുന്നില്ല. മറ്റുതരം ഷഡ്പദങ്ങള്‍ തേന്‍കുടിക്കാനെത്താറുണ്ടെങ്കിലും അവ പരാഗണത്തില്‍ പങ്കെടുക്കാറില്ലെന്ന് ഗവേഷകര്‍ പറയുന്നു. നീലക്കുറിഞ്ഞികളുടെ കൂട്ടത്തോടെയുള്ള പൂവിടല്‍ ഒട്ടുവളരെ ചിത്രശലഭങ്ങളേയും ആകര്‍ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിരിയുന്ന ദിവസത്തിലെ പ്രഭാതത്തില്‍ നീലക്കുറിഞ്ഞിപ്പൂക്കളില്‍ തേന്‍ കുറവായിരിക്കും. വൈകുന്നേരത്തോടെയേ തേന്‍ കൂടുതലായി സംഭരിക്കപ്പെടൂ. രാത്രിയോടെ ഇത് അധികരിക്കുന്നു. അതുകൊണ്ട് രണ്ടാം ദിവസം മാത്രമേ, നീലക്കുറിഞ്ഞിപ്പൂക്കളില്‍ തേന്‍ ധാരാളമായി ഉണ്ടാവൂ. അതിശയമെന്നു പറയട്ടെ, വിടര്‍ന്നതിന്‍റെ രണ്ടാം ദിവസം മാത്രമേ അപിസ് സെറാനാ ഇന്‍ഡിക്ക ഇനത്തില്‍പ്പെട്ട തേനീച്ചകള്‍ നീലക്കുറിഞ്ഞിപ്പൂക്കളില്‍ സന്ദര്‍ശനം നടത്താറുള്ളൂ. ഇതിനാവശ്യമായ څരാസസംവേദനങ്ങള്‍چ തേനീച്ചകള്‍ക്ക് എങ്ങനെ ലഭിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇപ്പോഴും കണ്ടെത്തപ്പെട്ടിട്ടില്ല.

നീലക്കുറിഞ്ഞിയുടെ പൂവുകള്‍
നീലക്കുറിഞ്ഞിപ്പൂക്കളുടെ നിറത്തില്‍ നിന്നാണ് നീലഗിരിയുടെ പേരിലെ നീല ഉടലെടുത്തതെന്നു കരുതപ്പെടുന്നു. അക്കാന്തേസിയെ (Acanthaceae) എന്ന സസ്യകുടുംബത്തിലെ അംഗമാണ് നീലക്കുറിഞ്ഞി. ചെടികള്‍ക്ക് അര മീറ്റര്‍ വരെ സാധാരണയായി പൊക്കമുണ്ടാവും. എന്നാല്‍ ചിലത് ഒന്നരമീറ്ററിലേറെ ഉയരംവയ്ക്കുന്നതായും കാണപ്പെടുന്നു. ദ്വിലിംഗപുഷ്പങ്ങളായ നീലക്കുറിഞ്ഞിപ്പൂക്കള്‍ കുലകളായാണ് ഉണ്ടാവുന്നത്. പൂമൊട്ടുകള്‍ പൂങ്കുലയുടെ അഗ്രഭാഗത്തും വിടര്‍ന്നുതുടങ്ങുന്നവ അതിനു താഴേക്കും എന്ന നിലയിലാണ് ക്രമീകരണം. ഓരോ ചെടിയും ഒരു പൂക്കാലത്ത് 60 മുതല്‍ 80 വരെ പൂങ്കുലകളെ ഉത്പാദിപ്പിക്കാറുണ്ട്. ഓരോ പൂങ്കുലയിലും 8 മുതല്‍ 23 വരെ പൂവുകള്‍ ഉണ്ടാവും. ഓരോ പൂങ്കുലയിലും ഒരു സമയം മൂന്നോ നാലോ പൂവുകളേ വിടരാറുള്ളൂ. നീലക്കുറിഞ്ഞിപ്പൂവുകള്‍ രാവിലെ ആറു മണിയോടെ വിടരുകയും ഒന്‍പതുമണിവരെ പരാഗകാരികളെ സ്വീകരിക്കാനായി വിടര്‍ന്നുതന്നെ നില്‍ക്കുകയും ചെയ്യും. രണ്ടാം ദിവസവും ഇവ പൊഴിയാതെ പരിമളം നിലനിറുത്തുന്നതായി ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പൂക്കുന്നതിന്‍റെ മൂന്നാം ദിവസം മാത്രമാണ് നീലക്കുറിഞ്ഞിയുടെ പൂക്കള്‍ കൊഴിയുന്നത്. നീലക്കുറിഞ്ഞിപ്പൂക്കളിലെ ഏറ്റവും വലിയ സവിശേഷത അവയിലെ പരാഗരേണുക്കള്‍ പരാഗികള്‍ പൊട്ടി പുറത്തുവരാന്‍ തേനീച്ചയുടെയോ അതുപോലെയുള്ള മറ്റേതെങ്കിലും ഷഡ്പദത്തിന്‍റേയോ സ്പര്‍ശനം ആവശ്യമാണ് എന്നുള്ളതത്രേ. പൊട്ടിപ്പുറത്തെത്തുന്ന പരാഗരേണുക്കള്‍ തേന്‍കുടിക്കാനെത്തുന്ന പ്രാണിയുടെ ശരീരത്തില്‍ പറ്റിപ്പിടിക്കുകയും മറ്റൊരു പൂവിലെ തേന്‍കുടിക്കുന്നതിനിടെ പരാഗണം സാധ്യമാക്കുകയും ചെയ്യുന്നു. നീലക്കുറിഞ്ഞിയുടെ പൂവുകളിലെ സ്ത്രീലൈംഗികാവയവമായ ജനി, പരാഗരേണുക്കളുമായി എത്തിച്ചേരുന്ന പ്രാണിയുടെ സ്പര്‍ശനത്തിനനുസരിച്ച് ചലിക്കുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. തേനീച്ചപോലെയുള്ള ഷഡ്പദങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പരാഗരേണുക്കളെ സ്വീകരിക്കാനും അതുപോലെ തേന്‍കുടിച്ചശേഷം പിന്‍വാങ്ങുന്ന ഷഡ്പദങ്ങളില്‍നിന്ന് അവയെ നഷ്ടപ്പെടാതെ സംരക്ഷിക്കാനും ഈ സൂക്ഷ്മചലനങ്ങള്‍ക്ക് സാധിക്കുന്നു. ഓരോ പരാഗകാരിയില്‍നിന്നും ഒരു സമയം 6 മുതല്‍ 8 വരെ പരാഗരേണുക്കളെ സ്വീകരിക്കാന്‍ ഒരോ ജനിക്കും കഴിയും. ഓരോ പൂവിലേയും അണ്ഡാശയ ത്തിനുള്ളില്‍ നാല് അണ്ഡങ്ങളേ ഉണ്ടാവൂ. അവയ്ക്ക് ഇത്രയും പരാഗങ്ങള്‍ മതിയാവും. ഓരോ പൂവില്‍നിന്നും നാലു വിത്തുകള്‍ ഉണ്ടായിവരും.

 സ്ട്രൊബൈലാന്തസ് കുന്തിയാനസ് (Strobilanthes kunthianus) എന്നതാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം. കല്‍ക്കട്ടയിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡനിലെ സൂപ്രണ്ട് ആയിരുന്ന തോമസ് ആന്‍ഡേഴ്സണ്‍ (Thomas Anderson, 1832 –1870) ആയിരുന്നു നീലക്കുറിഞ്ഞിക്ക് ഇങ്ങനെയൊരു ശാസ്ത്രീയനാമം നല്‍കിയത്. മൈസൂര്‍ഭാഗത്തുള്ള ഒരു മലയില്‍ വളരുന്ന, വളരെ വ്യത്യസ്തമായതും അപൂര്‍വ്വവുമായ ഒരു ചെടിയായാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. പ്രശസ്ത സഞ്ചാരിയും അപൂര്‍വ്വസസ്യങ്ങളുടെ ശേഖരണത്തില്‍ തല്‍പ്പരനുമായിരുന്ന തോമസ് ലോബ് (Thomas Lobb, 1817-1894) എന്ന സസ്യപര്യവേക്ഷകന്‍റെ ശേഖരത്തിലാണ് താനിതിനെ കണ്ടെത്തിയത് എന്നു പറഞ്ഞ അദ്ദേഹം, 1867ല്‍ അതേക്കുറിച്ച് ലണ്ടനിലെ ലിനയന്‍ സൊസൈറ്റിയുടെ ജേണലില്‍ ഒരു പ്രബന്ധവും എഴുതുകയുണ്ടായി. അക്കാന്തേസിയേ എന്ന സസ്യകുടുംബത്തില്‍പ്പെടുന്ന സ്ട്രൊബൈലാന്തസ് എന്ന ജനുസ് നേരത്തേ അറിയപ്പെടുന്നതായിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട് ഇത്തരമൊരു സ്പീഷീസ് ഉണ്ടെന്നത് പുതിയ കണ്ടെത്തലായിരുന്നു. അതിനാല്‍, അതിന് പുതിയൊരു പേരിടണം എന്നുവന്നപ്പോള്‍ വര്‍ഷങ്ങളായി ചെടികളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന കാള്‍ സിഗിസ്മണ്ട് കുന്ത് (Karl Sigismund Kunth, 1788-1850) എന്ന ജര്‍മ്മന്‍ സസ്യശാസ്ത്രജ്ഞന്‍റെ ബഹുമാനാര്‍ത്ഥം അതിന് സ്ട്രൊബൈലാന്തസ് കുന്തിയാനസ് എന്ന് പേരു നല്‍കുകയായിരുന്നു. എന്നാല്‍ ഇതറിയാതെ പലരും ഈ ശാസ്ത്രീയനാമം കുന്തിപ്പുഴയെയാണ് സൂചിപ്പിക്കുന്നതെന്ന് തെറ്റായി ധരിക്കുകയും ചെയ്തിട്ടുണ്ട്.

നീലക്കുറിഞ്ഞിയുടെ സമയബോധം
പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയെ നീലക്കുറിഞ്ഞിച്ചെടികള്‍ എങ്ങനെ ക്യത്യമായി ഓര്‍ത്തുവെക്കുന്നു എന്നതിന് ഇനിയും വ്യക്തമായ ഉത്തരം നല്‍കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. നീലക്കുറിഞ്ഞി അതിനുള്ളില്‍ ഒരു څജൈവഘടികാരംچ (Biological Clock) സൂക്ഷിക്കുന്നുണ്ട് എന്നതാണ് ശാസ്ത്രലോകം ഇടവേളകളിലുള്ള ഈ പൂവിടലിന് നല്‍കുന്ന വിശദീകരണം. ദിനരാത്രങ്ങളുടെ ദൈര്‍ഘ്യത്തിനനുസരിച്ച് സ്യഷ്ടിക്കപ്പെടുന്ന ചില ജൈവസംയുക്തങ്ങളാണ് ഈ ഘടികാരത്തെ നിയന്ത്രിക്കുന്നത്. ഒരു നിശ്ചിതസാന്ദ്രതയിലേക്ക് എത്തിപ്പെടുമ്പോള്‍ ഒരു സ്വിച്ച് څഓണ്‍چ ആക്കുന്നതുപോലെ അവ പൂക്കല്‍ എന്ന സങ്കീര്‍ണ്ണമായ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്, ഈ ജൈവസാങ്കേതികത മാത്യകയാക്കി څടൈം ഡിലേ ബോംബുകള്‍چ (Time-delay Bombs) നിര്‍മ്മിക്കപ്പെട്ടിരുന്നു എന്നത് പ്രക്യതി ഒളിപ്പിക്കുന്ന പാഠങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ചെടിക്കുള്ളില്‍ സദാ മിടിച്ചുകൊണ്ടിരിക്കുന്ന ഒരു ആന്തരികഘടികാരം ഉണ്ടെന്നും അത് പകലിന്‍റേയും രാത്രിയുടേയും ദൈര്‍ഘ്യം അറിഞ്ഞുവെക്കുകയും ചെയ്യും എന്നു പറയുമ്പോഴും അതിന്‍റെ പ്രവര്‍ത്തനരീതി പൂര്‍ണ്ണമായും വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. കാലബദ്ധമായ ഒരു താളക്രമം (Circadian Rhythm) ഓരോ ചെടിയും സൂക്ഷിക്കുന്നു എന്നതിനുള്ള തന്‍മാത്രാതല വിശകലനമാണ് 2017ലെ വൈദ്യശാസ്ത്രനൊബേല്‍സമ്മാനത്തിന് അര്‍ഹമായതെങ്കിലും നീലക്കുറിഞ്ഞിയുടെ കാര്യത്തില്‍ ആ തന്‍മാത്രാതലമാത്യക എങ്ങനെയാണ് പ്രവര്‍ത്തനക്ഷമമാവുന്നതെന്ന് തെളിയിക്കാന്‍ പര്യാപ്തമായ ഗവേഷണശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. എന്തായാലും ഒരു ചെടിയെ സംബന്ധിച്ചിടത്തോളം വളരെയധികം ഊര്‍ജ്ജവ്യയം ആവശ്യമായിവരുന്ന പ്രക്രിയകളാണ് പൂക്കുക എന്നതും തുടര്‍ന്നുള്ള വിത്തിന്‍റെ രൂപീകരണവും. ക്യത്യമായും പന്ത്രണ്ടുവര്‍ഷത്തെ ഇടവേള പാലിക്കാന്‍ നിര്‍ബന്ധിതമാവുമ്പോള്‍ ചുറ്റുപാടുമുള്ള പരിസ്ഥിതി സാഹചര്യങ്ങള്‍ അനുകൂലമായിരിക്കണം എന്നു ശഠിക്കാന്‍ ചെടിക്കാവില്ല. അതിനാല്‍, തീര്‍ത്തും പ്രതികൂലമായ ജലദൗര്‍ലഭ്യത്തേയും വര്‍ദ്ധിച്ച താപനിലയേയും അതിജീവിച്ചുകൊണ്ട് ചെടിക്ക് പൂവിടേണ്ടിവരും. ആഗോളതാപനം വെല്ലുവിളിയുയര്‍ത്താതിരുന്ന കാലംമുതല്‍ നാളിതുവരെ ക്യത്യമായ ഇടവേളകളില്‍ ഒട്ടും കുറവില്ലാതെ നീലക്കുറിഞ്ഞി പൂക്കുന്നുണ്ട്. ഇത്തരത്തില്‍ സുസ്ഥിരമായ വിത്തുല്‍പ്പാദനക്ഷമതക്ക് നീലക്കുറിഞ്ഞിയെ പ്രാപ്തമാക്കുന്ന ആന്തരിക സവിശേഷതകളെ ക്കുറിച്ചറിയുന്നത് ആഗോളകാലാവസ്ഥാമാറ്റം കാര്‍ഷികവിളകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ കാര്‍ഷികശാസ്ത്രജ്ഞരെ സഹായിച്ചേക്കാം.

കുറിഞ്ഞിമല എന്ന സ്വപ്നം
പശ്ചിമഘട്ടത്തിലെ പര്‍വ്വതനിരകളെയാകെ നീലപ്പുതപ്പണിയിച്ചുകൊണ്ട് څനീലഗിരിچ എന്ന പേരു തന്നെ പകര്‍ന്നുനല്‍കുന്നതിന് കാരണമായ നീലക്കുറിഞ്ഞി ഇപ്പോള്‍ അനവധി തുരുത്തുകളിലായി ചിതറിപ്പോയിരിക്കുന്നു. ശാസ്ത്രീയമായ കണക്കുകളനുസരിച്ച് പശ്ചിമഘട്ടത്തില്‍ മാത്രമല്ല, അതില്‍ നിന്നും കിഴക്കുദിക്കിലേക്ക് നീളുന്ന മലനിരകളില്‍ 25,510 ചതുരശ്രകിലോമീറ്ററില്‍ നീലക്കുറിഞ്ഞിയുടെ സാന്നിധ്യമുണ്ട്. പക്ഷേ, അവ 14 പാരിസ്ഥതികമേഖലകളിലായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ത്തന്നെ 34 ഉപസമൂഹങ്ങളായി ചിതറിയതരത്തിലാണ് ഇവ കാണപ്പെടുന്നത്. ഇവയില്‍ ഭുരിഭാഗവും തമിഴ്നാടിന്‍റെ ഭരണാതിര്‍ത്തിയില്‍ പ്പെടുന്ന നീലഗിരിയിലാണ്. മൂന്നാര്‍, പളനികൊഡൈക്കനാല്‍ മലനിരകള്‍, ആനമലയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നീലക്കുറിഞ്ഞി വളരുന്നുണ്ട്. പക്ഷേ, പൂവിടല്‍ ആധികാരികമായി ആദ്യം രേഖപ്പെടുത്തപ്പെട്ട കാലത്തെ വിശാലത നീലക്കുറിഞ്ഞിക്ക് ഇപ്പോള്‍ അവകാശപ്പെടാനാവുന്നില്ല. തേയില, തീപ്പെട്ടിമരം തുടങ്ങിയവയുടെ ക്യഷിക്കായി നീലക്കുറിഞ്ഞി വളര്‍ന്നിരുന്ന മേടുകള്‍ നശിപ്പിക്കപ്പെട്ടു. റോഡ്നിര്‍മ്മാണം പോലെയുള്ള വികസനപ്രവര്‍ത്തനങ്ങളും നീലക്കുറിഞ്ഞിയുടെ നിലനില്‍പ്പിന് ഭീഷണിയായി. ഇതൊക്കെയും കണക്കിലെടുത്തുകൊണ്ടാണ് ഏറെ വൈകിയാണെങ്കിലും നീലക്കുറിഞ്ഞിയെ റെഡ്ഡേറ്റാ ബുക്കില്‍ ഇടംനല്‍കാന്‍ അന്തര്‍ദേശീയ പ്രക്യതിസംരക്ഷണ സംഘടന തയ്യാറായിരിക്കുന്നത്. ഹിമാലയത്തെക്കാള്‍ പഴക്കമേറിയ പശ്ചിമഘട്ടത്തിന് 2012ല്‍ യുണെസ്കോയുടെ ലോകപൈെത്യകസ്ഥാന (World Heritage Site)ങ്ങളുടെ പട്ടികയിലും ഇടംനേടാനായിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട എട്ട് ജൈവവൈവിധ്യ തപസ്ഥാന (Biodiversity Hot Spots)ങ്ങളിലൊന്നായാണ് യുണെസ്കോ പശ്ചിമഘട്ടത്തെ വിലയിരുത്തുന്നത്. എങ്കിലും കടന്നുകയറ്റം, അനധിക്യതമായ ഭൂമി കൈവശപ്പെടുത്തല്‍, വിനോദസഞ്ചാരം, കാലാവസ്ഥാവ്യതിയാനം എന്നിവയെല്ലാം നീലക്കുറിഞ്ഞികളുടെ നിലനില്‍പ്പിനെ ബാധിക്കുകയാണ്. നീലക്കുറിഞ്ഞികള്‍ അന്താരാഷ്ട്രതലത്തില്‍പ്പോലും ശ്രദ്ധനേടുന്നു എന്നു മനസിലാക്കിയ കാലം മുതല്‍ അവയെ നശിപ്പിക്കാനും ഈ മേഖലയിലെ ഭൂമി കയ്യേറ്റക്കാര്‍ ശ്രമം നടത്തിയിരുന്നു. അത്തരം പ്രവ്യത്തികള്‍ ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്.

ആഗോളതാപനം മൂലമുള്ള കാലാവസ്ഥാമാറ്റവും നീലക്കുറിഞ്ഞിയുടെ അതിജീവനത്തിന് ഭീഷണിയുയര്‍ത്തുന്നതായി കരുതപ്പെടുന്നു. കുന്നിന്‍ചെരുവുകളിലെ പ്രത്യേകതകള്‍ നിറഞ്ഞ കലാവസ്ഥാഭേദങ്ങള്‍ക്കനുസരണമായി ജീവിതചക്രം രൂപപ്പെട്ടിരിക്കുന്ന ഒരു സ്ഥാനീയസസ്യമാണ് നീലക്കുറിഞ്ഞി. ഈ സ്ഥാനീയസ്വഭാവം (Endemism) കാരണം, സമുദ്രനിരപ്പില്‍ നിന്നുള്ള നിശ്ചിതമായ ഉയരവുമായി ബന്ധപ്പെട്ടു കിടക്കുന്ന അനവധി പാരിസ്ഥിതികഘടകങ്ങളും നീലക്കുറിഞ്ഞിയും തമ്മില്‍ ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട്. മണ്‍സൂണ്‍ മഴ ലഭിക്കുമെങ്കിലും കുന്നിന്‍റെ ചരിവുകാരണം അത് ഒഴുകി നഷ്ടമാവുന്ന സാഹചര്യം, പകല്‍സമയത്തിലുടനീളമുള്ള അതികഠിമായ സൂര്യാതപം, ഈര്‍പ്പത്തെ വലിച്ചൂറ്റിക്കൊണ്ട് കടന്നുപോവുന്ന ശക്തമായ കാറ്റ് എന്നിവ ജലദൗര്‍ലഭ്യത്തിന്‍റേതായ ഒരു സൂക്ഷ്പരിസ്ഥിതിയാണ് സ്യഷ്ടിക്കുന്നത്. പൂക്കുക എന്ന ജൈവപ്രക്രിയ ഒരു ചെടിയെ സംബന്ധിച്ചിട ത്തോളം വളരെയധികം ജലം ആവശ്യമാവുന്ന ഒരു പ്രവര്‍ത്തനമാണ്. അതുകൊണ്ടാണ് നീലക്കുറിഞ്ഞി പൂവിടല്‍ ദീര്‍ഘനാളത്തെ ഇടവേളകളിലായി ചുരുക്കിക്കൊണ്ട് ജലദൗര്‍ലഭ്യത്തെ നേരിടുന്നത്. ആഗോളതാപനം മഴയുടെ ലഭ്യതയില്‍ മാറ്റമുണ്ടാക്കുന്നതിനാല്‍ ആ നിലയ്ക്കും നീലക്കുറിഞ്ഞി വംശനാശത്തിന്‍റെ നിഴലിലാവുന്നു. ഇതേത്തുടര്‍ന്നാണ് നീലക്കുറിഞ്ഞിയുടെ ആവാസഭൂമികയെയാകെ ഒന്നായി സംരക്ഷിക്കാനായി څകുറിഞ്ഞിമല വന്യജീവിസങ്കേതംچ പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ 2006ല്‍ വന്ന ഈ പ്രഖ്യാപനം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. വനംവകുപ്പില്‍ നിന്നുള്ള ബന്ധപ്പെട്ട ഉത്തരവുപ്രകാരം ഇടുക്കിജില്ലയിലെ ദേവികുളം താലൂക്കില്‍ 3200 ഹെക്ടര്‍ വിസ്ത്യതിയില്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതാണ് കുറിഞ്ഞി സങ്കേതം. 2017 നവംബറില്‍ കേരളസര്‍ക്കാര്‍, കുറിഞ്ഞിസങ്കേത ത്തിന്‍റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും രൂക്ഷമായ എതിര്‍പ്പുകള്‍മൂലം അതിനു കഴിഞ്ഞില്ല.

Reference

Anderson T. (1867) An Enumeration of Indian Species of Acanthaceae. Journal of Linnaean Society of Botany 7: 425 – 526.

Robinson ME. (1935) The flowering of Strobilanthes in 1934. Journal of Bombay Natural History Society 38: 117–122.

Matthew KM. (1971) The flowering of the Strobilanthes (Acanthaceae). Journal of the Bombay Natural History Society 67: 502–506.

Sharma, M.V., Kuriakose, G. and Shivanna, K.R. (2008) Reproductive strategies of Strobilanthes kunthianus, an endemic, semelparous species in southern Western Ghats, India. Botanical Journal of the Linnaean Society. 157, 155–163.

Kakishima, S., Yoshimura, J., Murata, H., and Murata, J. (2011). 6-year periodicity and variable synchronicity in a mass-flowering plant. PLoS ONE 6:e28140

എന്‍. എസ്. അരുണ്‍കുമാര്‍

പി.എച്ച്.ഡി. സ്കോളര്‍, ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം

4.3 3 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×