
എന്‍. എസ്. അരുണ്‍കുമാര്‍
Published: 10 February 2025 ശാസ്ത്രമലയാളം
ശാസ്ത്രീയനാമനിർമ്മിതിയിലെ വിപ്ലവം

ശാസ്ത്രരംഗത്ത് പുതിയൊരു നിശബ്ദവിപ്ളവത്തിന് കളമൊരുങ്ങുകയാണ്. മറ്റൊന്നിലുമല്ല, വളരെ നിസ്സാരമെന്ന് തോന്നാവുന്ന ഒരു കാര്യത്തിലാണ് ഇന്ത്യയിലെ ജീവശാസ്ത്രജ്ഞര് പാരമ്പര്യ വഴക്കങ്ങള്ക്ക് വിരുദ്ധമായി പുതിയ ചില കീഴ്വഴക്കങ്ങള് സ്യഷ്ടിക്കുന്നത്. പുതുതായി കണ്ടെത്തപ്പെടുന്ന സസ്യങ്ങള്ക്കും ചിത്രശലഭങ്ങളും തവളകളുമുള്പ്പെടെയുള്ള ജീവികള്ക്കും ശാസ്ത്രീയനാമങ്ങള് നല്കുന്നതില് ലാറ്റിന്പദങ്ങള് ഉപയോഗിക്കുന്നതില് നിന്നുമാണ് ഇന്ത്യന് ശാസ്ത്രജ്ഞര് മാറിച്ചിന്തിക്കുന്നത്. ജീവസ്പീഷീസുകള്ക്ക് പേരിടുന്നതുമായി ബന്ധപ്പെട്ട് ചില അന്തര്ദേശീയചട്ടങ്ങള് നിലനില്ക്കുന്നുണ്ട്. ഇവയില് പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള് പാലിച്ചുകൊണ്ടുമാത്രമേ പേരിടല് സാധ്യമാവൂ. മുന്കാലങ്ങളില് കണ്ടെത്തപ്പെടുന്ന സ്പീഷീസിന്റെ ഏറ്റവും പ്രകടമായ അല്ലെങ്കില് ഏറ്റവും വ്യതിരിക്തമായ സ്വഭാവം അടിസ്ഥാനമാക്കിയാണ് ശാസ്ത്രീയനാമം നിശ്ചയിക്കുക. ഇത് ചിലപ്പോള് രൂപഘടനയിലെ വ്യത്യാസത്തേയോ അത് കാണപ്പെടുന്ന ഭൂമിശാസ്ത്രമേഖലയേയോ സൂചിപ്പിക്കുന്ന ഒരു വാക്കായിരിക്കും. ഇതിനെ ലാറ്റിന്ഭാഷയിലേക്ക് വിവര്ത്തനം ചെയ്തശേഷമാണ് ശാസ്ത്രീയനാമം തയ്യാറാക്കുക. ഒരു ശാസ്ത്രീയനാമത്തിന് രണ്ട് ഭാഗങ്ങള് ആയിരിക്കും ഉണ്ടാവുക. ആദ്യത്തേത് ജനുസിന്റെ പേരും രണ്ടാമത്തേത് സ്പീഷീസിന്റെ പേരും. ഇവയില് ഏതെങ്കിലും ഒന്നായിട്ടായിരിക്കും പുതിയ ലാറ്റിന്പദം കൂട്ടിച്ചേര്ക്കുന്നത്. ഇതിലൂടെയാണ് പുതിയൊരു ശാസ്ത്രീയനാമം പിറവിയെടുക്കുന്നത്.


എന്നാല് ഇന്ത്യന് ശാസ്ത്രജ്ഞരുടെ നേത്യത്വത്തില് ഇപ്പോള് വ്യാപകമായി പ്രചാരത്തിലെത്തിച്ചിരിക്കുന്ന പേരിടല് രീതിയില് ലാറ്റിന്പദങ്ങള്ക്ക് പകരമായി വ്യക്തികളുടെ പേരോ, പുതുതായി കണ്ടെത്തപ്പെട്ട സ്പീഷീസിന്റെ പാരിസ്ഥിതികപ്രാധാന്യം വിളിച്ചോതുന്ന പേരോ ആണ് നല്കുക. അവയെ അല്പമായ ലാറ്റിന്വല്ക്കരണത്തിന് വിധേയമാക്കും എന്ന് മാത്രം. വ്യക്തികളുടെ പേരു മാത്രമല്ല, പ്രാദേശികമായ സംസ്ക്യതികള്, തദ്ദേശീയജനവിഭാഗങ്ങളുടെ പേരുകള്, തദ്ദേശിയതയുമായി ബന്ധപ്പെട്ട മറ്റു സവിശേഷതകള് എന്നിവയെല്ലാം ഇത്തരത്തിലുള്ള പേരിടലുകള്ക്ക് അടിസ്ഥാനമാവുന്നു. മുമ്പ് ശാസ്ത്രീയനാമകരണപ്രക്രിയയില് ഈ വക കാര്യങ്ങളെല്ലാം അന്യവല്ക്കരിക്കപ്പെട്ടിരുന്നു. ഉദാഹരണമായി നമ്മുടെ നാട്ടില് മാത്രം കാണപ്പെടുന്ന ചിത്രശലഭങ്ങള്ക്കും ഉരഗങ്ങള്ക്കും പോലും അവയെക്കുറിച്ച് പഠനം നടത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ പേരിനെ സൂചിപ്പിക്കുന്ന ശാസ്ത്രീയനാമങ്ങളാണ് നല്കിയിരുന്നത്. ഇതിനു വിരുദ്ധമായി തദ്ദേശീയമായ സൂചകങ്ങള് ഉപയോഗിക്കുമ്പോള് അത് പരോക്ഷമായി നമ്മുടെ പാരമ്പര്യവിജ്ഞാനത്തിനുള്ള അംഗീകാരം കൂടിയാവുന്നു. ചിലപ്പോള് ഒരു ഗോത്രവര്ഗജനതയില് രൂഢമൂലമായിരിക്കുന്ന വിശ്വാസങ്ങളായിരിക്കും ഒരു ജീവസ്പീഷീസിനെ സംരക്ഷിച്ചു നിലനിറുത്തുന്നത്. അതുകൊണ്ട് പ്രാദേശികതയിലൂന്നിയ പേരിടല് ജീവസ്പീഷീസുകളെ വംശനാശസാധ്യതയില് നിന്നും വിമോചിപ്പിക്കുന്നതിലും പ്രധാനപങ്കു വഹിക്കുന്നു

ഈ പുതിയ പേരിടല്വഴക്കത്തിന് ഏറ്റവും നല്ല ഉദാഹരണമാവുന്നതാണ് പശ്ചിമഘട്ടമേഖലയിലെ ഒരു ചതുപ്പില് നിന്നും കണ്ടെത്തിയ ഒരു പുതിയ തവളയിനത്തിന്റെ പേര്. ഇവയിലെ ആണ്തവളകള് പെണ്തവളകള് ഉപേക്ഷിച്ചുപോവുന്ന മുട്ടകളെ ചെളിമണ്ണുകൊണ്ടു പൊതിഞ്ഞ്, ചെറിയ മണ്ചെരാതുകള്ക്കുള്ളിലെന്നപോലെ സംരക്ഷിക്കുന്നു. കളിമണ്ണുകൊണ്ട് പാത്രങ്ങളുണ്ടാക്കുന്ന കുശവന് ചെയ്യുന്നതുപോലെയുള്ള ഒരു പ്രവ്യത്തിയാണ് ഇവയ്ക്കിടെയിലെ ആണ്തവളകള് ചെയ്യുന്നത്. പശ്ചിമഘട്ടത്തില് കര്ണ്ണാടകത്തിന്റെ ഭരണാതിര്ത്തിയില് വരുന്ന ചതുപ്പിന്കാടുകളിലാണ് ഈ തവളകള് കാണപ്പെടുന്നത്. കര്ണ്ണാടകത്തിലെ കന്നഡഭാഷയില് കുശവന് എന്നതിന് څകുമ്പാരന്چ എന്നാണ് പറയുക. അതുകൊണ്ട് ശാസ്ത്രീയനാമം നിശ്ചയിച്ചപ്പോള് കന്നഡഭാഷയിലെ ആ പദം അതേപടി ഉപയോഗിക്കാന് ശാസ്ത്രജ്ഞര് തീരുമാനിക്കുകയായിരുന്നു. ഫലത്തില് അതിന്റെ പേര് നിക്റ്റിബട്രാക്കസ് കുമ്പാര (Nyctibatrachus kumbara) എന്നായി. څനിക്റ്റിچ എന്ന വാക്ക് രാത്രിയെ സൂചിപ്പിക്കുന്നതാണ്. ഈ തവളകളുടെ പ്രജനനകാലത്തെ പ്രവര്ത്തനങ്ങള്ക്കെല്ലാം പശ്ചാത്തലമാവുന്നത് രാത്രിയാണ്. ബട്രാക്കസ് എന്നാല് തവള. ചുരുക്കത്തില് പുതിയ തവളയ്ക്ക് ഒരു ഇംഗ്ളീഷ്പേര് നിശ്ചയിക്കുക അതിലും എളുപ്പമായി: കുമ്പാര നൈറ്റ് ഫ്രോഗ് (Kumbara Night Frog)! ഗുരുരാജ കെ.വി. എന്ന ഗവേഷകന്റെ നേത്യത്വത്തിലുള്ള സംഘമാണ് ഈ തവളയിനത്തെ കണ്ടെത്തിയതും പേരിട്ടതും.







എന്‍. എസ്. അരുണ്‍കുമാര്‍
പി.എച്ച്.ഡി. സ്കോളര്‍, ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം
പേരിൽ എന്തിരിക്കുന്നു? പേരിൽ എല്ലാമിരിക്കുന്നു. അതാണ് വാസ്തവം.