
ഐറിസ്
Published: 10 March 2026 വിവര്‍ത്തനകവിത
ഓർമകളിലെ പെസഹ
ഡോ. ആല്ലാ റെനീ ബൊസാർത്ത്
വിവ: ഐറിസ്
(ഡോ. ആല്ലാ റെനീ ബൊസാർത്ത് , ഫിലാഡൽഫിയയിൽ നിന്നുള്ള കവിയും എഴുത്തുകാരിയും. 32 ലേറെ രചനകൾ .
Passover Remembered എന്ന കവിതയുടെ മൊഴിമാറ്റമാണ് ഇത് )
വഴിയാത്രയ്ക്കിനി മുന്നൊരുക്കങ്ങൾ വേണ്ട
അന്യനുതകാനുള്ളുറപ്പും
സ്വാതന്ത്ര്യപ്പറവതൻ ചിറകായമെടുപ്പും മതി.
പുളിമാവ് പൊങ്ങിപ്പതയുവോളം കാക്കാനാവില്ല
വഴിപ്പാടാറ്റാൻ വേണ്ടത് കരുതൂ ഇരുന്നുണ്ണാനി ളവില്ല
മുന്നറിയിപ്പിൻ കൺനീട്ടത്തിൽ പുറപ്പെടുകയായി
പഴകിയതാം ശീലവഴികൾ കുടഞ്ഞെറിയൂ
ആ പേടി നാവടക്കം ഇകഴ്ത്തും കീഴ്പ്പെടൽ
വകഞ്ഞകറ്റാൻ മടിവേണ്ട
കാലത്തിന്നായുത്തരം തലതാഴ്ത്തിയറിയിക്കാം
നേരും നെറിയും പുണർന്ന് ഉലകുടയോനൊപ്പം ഇണക്കത്തോടെ നീങ്ങൂ
അയല്‍ക്കാരോട് വിവരിച്ചുനില്ക്കേണ്ട
നേര് കാക്കും തുണക്കാരും
വീട്ടുകാരും ഉള്ളറിയട്ടെ.
ഇന്നലെകളുടെയടിമത്തത്തിൽ
മുങ്ങിത്താഴൻ നേരമില്ല
അതുമിതുമോർത്തുനില്ക്കാതെ നീങ്ങാം
ഇരവിൽത്തന്നെയിറങ്ങൂ ഞാനയയ്ക്കും തീവെട്ടം
ആകുലമാറ്റിയുണർവേകും എരിതീയണച്ച് വഴികാട്ടാൻ
മുകിൽമാലകളെ തുണചേർക്കും ഞാൻ
പുതുരുചികൾ നാവറിയും പുതുതാവളങ്ങളി- ലന്തിയുറങ്ങും ഇതുവരെക്കാണാനാടുവരേക്കും മണൽക്കാടുകളിൽ ഇനിയകനവ് വിളയിക്കും ഞാൻ
എരികനലേറ്റിരുന്ന്
ഇരവിൽ മെനയും കഥകൾ
കരുത്ത് പാകിപ്പൊരുൾ വിടർത്തും
മറവിൽ ചാടിവീഴാം വൈരി പിന്തുടരാനും പലരുണ്ടാകാം പേടി കൊരുത്ത്
മറന്നുതളർന്ന് താങ്ങായിരുന്ന് തുണയ്ക്കാം
നൂറ്റാണ്ടുകളിതിനായൊരുങ്ങുകയായി നിങ്ങൾ
പുതുവഴിയൊന്ന് തെളിക്കാൻ എൻ വഴികളെ – യാഴത്തിൽത്തേടാൻ വിജനതതാണ്ടും നിങ്ങൾ
പോരാടാനെത്തുവോർ പകരാം പലപാഠങ്ങൾ
ഓടിയൊളിക്കുവോരാക്കമേറ്റും
ചതിതീണ്ടാതെ കാക്കൂ – അതുമാത്രമേ വേണ്ടൂ
മണൽക്കാടുകളിൽച്ചിലർ ഉയിരേകിമായും
പുതുപിറവികളുമീവഴി തണലായൊപ്പം ചേരാം
കാണുവതെക്കാളെത്രയോകാതം നീളുവതാണീ വഴി

