ഹേ പാച്ചല്ലൂർ ബ്രാഹ്മണരേ.. നിങ്ങളുടെ വേദമന്ത്രങ്ങൾ തവളകളുടെ ചിലയ്ക്കലാണ്

പതിനാലാം നൂറ്റാണ്ടിലെ പാച്ചല്ലൂർപതികം എന്ന  ജാതിവിരുദ്ധകാവ്യത്തിൽ നിന്ന്

ആമുഖം:

പതിനാലാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ എഴുതപ്പെട്ടതെന്നു കരുതാവുന്ന അതിമനോഹരമായ പ്രതിരോധകാവ്യമാണ് പാച്ചല്ലൂർ പതികം. ഏതാണ്ട് പാട്ടുഭാഷയിലാണ് രചന. പാച്ചല്ലൂരിൽ ജീവിച്ച ശിവയോഗി ആണ് ഇതെഴുതിയത് എന്നു കരുതപ്പെടുന്നു.ഇത് മലയാളസാഹിത്യചരിത്രങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടില്ല. ബ്രാഹ്മണമതത്തിൻ്റെ പ്രത്യയശാസ്ത്രത്തെ അതിരൂക്ഷമായി വിമർശിക്കുന്ന ജാതിവിരുദ്ധകാവ്യമാണിത്. വാമൊഴിയായി പ്രചരിച്ചിരുന്ന ഈ ഗാനം ക്ഷേത്രപ്രവേശന വിളംബര ദിനമായ 1936 നവംബർ 12 ( 1112 തുലാം 27) ന് ജാതിവിരുദ്ധപ്രവർത്തകനായ ബാലദണ്ഡായുധപാണി സ്വാമിയാണ് അച്ചടിച്ച് തിരുവനന്തപുരത്ത് വിതരണം ചെയ്തത്.അതിൽ പന്ത്രണ്ടാമത്തെ പാട്ട് ഇല്ലായിരുന്നു. ശ്രീ തക്കല വേലുപ്പിള്ള ആശാൻ ഓർമ്മയിൽ നിന്നും എഴുതിക്കൊടുത്തതാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ആമുഖത്തിൽ പറയുന്നുണ്ട്. 2003 ൽ തെക്കൻ പാട്ടുകൾ (ഡോ.എൻ.അജിത്കുമാർ) എന്ന സമാഹാരത്തിലും ഇത് ഉൾപ്പെടുത്തിക്കാണുന്നുണ്ട്. 2012 ൽ പാച്ചല്ലൂർ ദേവരാജൻ പഠനവ്യാഖ്യാനങ്ങളോടെ പന്ത്രണ്ട് പാട്ടുകൾ പ്രസിദ്ധീകരിച്ചു.(പിന്നീട് ചില പഠനങ്ങളിൽ ചില സൂചനകൾ ഉണ്ടായിട്ടുണ്ട്.2022 ൽ ,’പാച്ചല്ലൂർ പതികം ചരിത്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്?’എന്ന പേരിൽ വെള്ളനാട് രാമചന്ദ്രൻ യുട്യൂബ് വീഡിയോ പ്രഭാഷണം നടത്തിയിട്ടുണ്ട്.)കേരളാ യൂണിവേഴ്സിറ്റി തമിഴ് വിഭാഗം മേധാവി ആയിരുന്ന ഡോ.എം.ഇളയപ്പെരുമാൾ സ്വയം എഴുതി സൂക്ഷിച്ചിരുന്ന പതിപ്പ് ആണ് താൻ സ്വീകരിച്ച പാച്ചല്ലൂർ പതികത്തിൻ്റെ പന്ത്രണ്ട് പാട്ടുകൾ എന്നു പാച്ചല്ലൂർ ദേവരാജൻ സാക്ഷ്യപ്പെടുത്തുന്നു.

എം. അരുണാചലത്തിൻ്റെ തമിഴ് സാഹിത്യചരിത്രത്തിൽ ഉത്തരനല്ലൂർ നങ്ക എന്ന കവയത്രി എഴുതിയതാണ് പായ്ശലൂർ പതികം എന്നു കാണുന്നു. തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളി ജില്ലയിൽ തിരുപ്പായ് ശലാശ്രമത്തിനു സമീപമുള്ള ഉത്തരനല്ലൂർ ഗ്രാമത്തിൽ ജനിച്ചയാളാണ് കവയത്രി എന്നു പറയുന്നു. നന്തനാർകുല (പറയവംശം ) ത്തിൽ പിറന്ന നങ്ക ബ്രാഹ്മണ യുവാവുമായി പ്രണയത്തിലാകുന്നതും അതിനെ എതിർത്ത ബ്രാഹ്മണ കുലത്തെ തൻ്റെ അറിവുകൊണ്ട് നേരിടുന്നതുമാണ് പ്രമേയപശ്ചാത്തലമെന്നും തമിഴ് സാഹിത്യചരിത്രത്തിൽ കാണുന്നു. എന്നാൽ പാച്ചല്ലൂർപതികത്തെ മേൽ സൂചിപ്പിച്ച ഇളയപ്പെരുമാൾ തിരുവനന്തപുരത്തെ കൃതിയായാണ് നിരീക്ഷിക്കുന്നത്. പാച്ചല്ലൂർ ദേവരാജനും മലയാള കൃതിയായി കണക്കാക്കുന്നു. അവതാരികാകാരനായ ഡോ.ബി.വി. ശശികുമാറിനും ഇതേ അഭിപ്രായമാണ് ഉള്ളത്.പാച്ചല്ലൂർ പതികം കേരളത്തിൻ്റെ ഭാഗമായിരുന്ന തക്കല – നാഗർകോവിൽ വഴി തമിഴ്നാട്ടിലെത്തി എന്നാണ് അദ്ദേഹം പറയുന്നത്. തമിഴ്നാട്ടിലെ തിണ്ടുക്കൽ ജില്ലയിലെ പായ് ശലൂരിൽ ഉത്പത്തി കഥയിൽ പരാമർശിക്കും വിധം നദിയില്ല, ആ നാട്ടിൽ ഇങ്ങനെയൊരു പാട്ടിൻ്റെ പ്രചാരമില്ല എന്നെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എന്നാൽ പാച്ചല്ലൂരിൽ ഇങ്ങനെ ഒരു പാട്ട് പ്രചരിച്ചിരുന്നു.

തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കിഴക്കേകോട്ടയിൽ നിന്നും ഏഴു കിലോമീറ്റർ തെക്ക് മാറിയാണ് പാച്ചല്ലൂർ.മുൻപ് ബ്രാഹ്മണ ഗ്രാമങ്ങൾ ഇവിടെ ഉണ്ടായിരുന്നു. പരശ്ശുരാമക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവല്ലത്തിനും വാഴമുട്ടത്തിനും ഇടയിലുള്ള സ്ഥലം. തിരുവല്ലം പതികമെന്നും പാച്ചല്ലൂർ പതികത്തെ വിളിക്കാറുണ്ട്.ഏതാണ്ട് ഇതേ കാലത്ത് പാട്ടുഭാഷയിൽ കവിതയെഴുതിയ കവികളുടെ  (രാമകഥപ്പാട്ട് എഴുതിയ അയ്യപ്പിള്ളി ആശാന്റെയും ഭാരതംപാട്ട് എഴുതിയ അയ്യനപ്പിള്ളി ആശാന്റെയും) സ്ഥലമായ കോവളം പാച്ചല്ലൂരിന് നാലഞ്ച് കിലോമീറ്റർ അടുത്താണ്. ഊഴിയിൽ ചെറിയവർക്ക്  അറിയാൻ എന്നു പാട്ടുഭാഷയെക്കുറിച്ചു പറയുമ്പോഴും രാമചരിത്രം പോലുള്ള കൃതി ഉപരിവർഗ്ഗപ്രമേയമാണ് കൈകാര്യം ചെയ്തത്. യുദ്ധ പ്രമേയം ഊഴിയിൽ ചെറിയവരുടെ ആവശ്യമല്ല. അവരുടെ ജീവിതം അതിലില്ല. ഇന്ന് മാധ്യമങ്ങളും അക്കാദമികളും അധികാരികളെല്ലാം പ്രോത്സാഹിപ്പിക്കുന്ന ഉപരിവർഗ്ഗ ദളിതിസം പോലുള്ള ഒന്നായിരുന്നു അത്. അതിനു പുറത്ത് ഊഴിയിൽ ചെറിയവരെന്നു ആരോപിക്കപ്പെട്ടവരിൽ നിന്നും വലിയ പ്രതിഷേധങ്ങളും എഴുത്തും ഉണ്ടാകും, ഉണ്ടായിരുന്നു. പാട്ടു ലക്ഷണങ്ങൾ എല്ലാം ഒത്തവയൊന്നുമാവണമെന്നില്ല അത്. അത്തരം ഒരു കൃതിയാണ് പാച്ചല്ലൂർ പതികം. അലങ്കാരങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ ബ്രാഹ്മണമതത്തിൻ്റെ ക്രൂരമായ ആശയസംഹിതകളുടെ തുണിയുരിഞ്ഞ് തെരുവിൽ നഗ്നമാക്കി നിർത്തുന്ന ഒരു പ്രക്രിയ ഏതാണ്ട് കേകയുടെ ചൊൽവടിവുള്ള ഈ കവിതയിൽ നടക്കുന്നുണ്ട്.ഇതിൻ്റെ പ്രമേയപശ്ചാത്തലമായി പല കഥകൾ പ്രചരിക്കുന്നുണ്ട്.

ഒരു കഥ ഇങ്ങനെയാണ്:

(തെക്കൻ പാട്ടുകൾ എന്ന പുസ്തകത്തിൽ പറയുന്നത് )

തിരുവനന്തപുരംജില്ലയിലെ പാച്ചല്ലൂർഗ്രാമത്തിൽ രണ്ടു ഭദ്രകാളീക്ഷേത്രങ്ങളുണ്ടു്. അതിലൊന്നാണു ചുടുകാടു ഭദ്രകാളീക്ഷേത്രം. വളരെക്കാലങ്ങൾക്കു മുമ്പു് ഇതൊരു ബ്രാഹ്മണഗ്രാമമായിരുന്നുവത്രേ. അവിടെ ദരിദ്രനും സാത്വികനുമായ ഒരു അഗ്നിഹോത്രിയും ഭാര്യയും അവരുടെ ഒരേയൊരു പുത്രനും വസിച്ചിരുന്നു. ബ്രാഹ്മണൻ പെട്ടെന്നു മരിച്ചുപോയി. വിധവയും പതിവ്രതയുമായ ആ ബ്രാഹ്മണപത്നി ഏകമകനെ ക്ലേശിച്ചു വളർത്തിക്കൊണ്ടുവന്നു. പ്രായമായിട്ടും സാമ്പത്തികക്ലേശം നിമിത്തം അവർക്കു സ്വപുത്രൻ്റെ വേളി നടത്താനായില്ല. അചിരേണ ഗ്രാമവാസികൾ അമ്മയേയും മകനേയും ചേർത്ത് അപവാദകഥകൾ പറഞ്ഞുപരത്തി. ഇതു വിശ്വസിച്ച ഗ്രാമമുഖ്യൻ ആ കുടുംബത്തിനു ഭ്രഷ്ട് കല്പിച്ചു. ഇതിൽ മനം നൊന്ത ആ പതിവ്രത പിറ്റേന്ന് ഉദിച്ചുവരുന്ന സൂര്യനെനോക്കി ഹൃദയംനൊന്തു പാടിയതാണു് പാച്ചല്ലൂർ പതികങ്ങൾ. പതികങ്ങൾ പാടി നിറുത്തിയതോടെ ഗ്രാമം തീപിടിച്ചു നശിച്ചു. ബ്രാഹ്മണസ്ത്രീയും മകനും കടൽത്തീരത്തു മരയ്ക്കാർസമുദായക്കാർക്കിടയിൽചെന്നു താമസിച്ചുവത്രെ. പാതിവ്രത്യശക്തിയാൽ അവർ പല സിദ്ധികളും പ്രകടിപ്പിച്ചു. മരണശേഷം അവരുടെ ഖബറാണ് ബീമാപള്ളിയെന്നു് ഒരു വിശ്വാസമുണ്ട്.എന്നാൽ ബീമാപള്ളി സൗദി അറേബ്യയിൽനിന്നെത്തിയ ബീമാ ബീഗത്തന്റെയും മകന്റേതുമാണെന്നു മുസ്ലീങ്ങൾ വിശ്വസിക്കുന്നു. പാച്ചല്ലൂരിനടുത്തുള്ള അരകത്തുക്ഷേത്രത്തിലെ ദേവിയുടെയും തമ്പുരാൻ്റെയും പ്രതിഷ്ഠകൾക്കു ഈ ബ്രാഹ്മണസ്ത്രീയുടെയും മകന്റെയും സങ്കല്പമാണെന്നും വിശ്വാസമുണ്ടു്. ഇതിനടുത്തു ഇടഗ്രാമം എന്ന സ്ഥലവുമുണ്ടു്. ഗ്രാമം ബ്രാഹ്മണൻ താമസിക്കുന്ന സ്ഥലമാണല്ലോ.

മറ്റൊരു കഥ:

( അവതാരികാകാരനായ ഡോ.ബി.വി.ശശികുമാറിൻ്റെ വാക്കുകളിൽ )

പാച്ചല്ലൂരിൽ സുന്ദരിയായ ഒരു ബ്രാഹ്മണസ്ത്രീയും അവരുടെ ഭർത്താവും യുവാവായ പുത്രനും ഗ്രാമത്തിനകത്ത് താമസിച്ചിരുന്നു. മകൻ അച്ഛനെപ്പോലെ വേദശാസ്ത്രപടുവും ഉല്പതിഷ്ണുവുമായിരുന്നു. അങ്ങനെയിരിക്കെ ബ്രാഹ്മണൻ മരണപ്പെട്ടു. മകന്  അതൊരശനിപാതമായി. ഭർത്താവിന്റെ ചിതയിൽ ചാടി സതി അനുഷ്ഠിക്കാൻ ബ്രാഹ്മണസ്ത്രീ തയ്യാറായി. മകൻ അമ്മയെ തടഞ്ഞു. രോഷം പൂണ്ട് ബ്രാഹ്മണരുടെ വാദങ്ങളെ അവൻ ഖണ്ഡിച്ചു. സതി നടന്നില്ല. അമ്മയും മകനുമടങ്ങുന്ന കുടുംബത്തെ ബ്രാഹ്മണർ ഒറ്റപ്പെടുത്തി. പക തീരാതെ യുവതിയായ അമ്മയെയും മകനെയും ചേർത്ത്  അവർ അപവാദമുണ്ടാക്കി. മനസ്സ് മുരടിച്ച് അവൻ ഒരു സത്യാന്വേഷകനായി കരമനയാറിൻ്റെ കരയിൽ സ്നാനാനുഷ്‌ഠാനങ്ങൾക്കു പോയിരുന്ന അവൻ അവിടെ കാലിമേയ്ക്കുന്ന ഒരുവളെ കാണുക പതിവായി. താണജാതിയിൽ പിറന്നവൾ. എന്നാൽ അവൾ പാടിയിരുന്ന നാടൻ ചിന്തുകളിൽ താൻ ആർജ്ജിച്ച ആത്മജ്ഞാനത്തിൻ്റെ പരിസ്‌ഫുരണം അവൻ കണ്ടു. ക്രമേണ അവർ അടുത്തു. ഏകാന്തസ്ഥലികളിൽ വെച്ച് അവൻ അവൾക്ക് വേദസാരം പകർന്നു. യൗവനയുക്തരായ അവരിൽ ഒരു പ്രണയബന്ധം ഉടലെടുക്കുകയായിരുന്നു. മകനിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ അമ്മ അവരെ അറിഞ്ഞനുഗ്രഹിച്ചു. എന്നാൽ ഗ്രാമക്കാർ വെകിളി പിടിച്ചലറി. ദമ്പതികൾ ഇതൊന്നും വക വെച്ചില്ല. ജീവാപായമുണ്ടാകുമെന്നായപ്പോൾ അമ്മയും മകനും അവളുടെ കുടിലിൽ അഭയം തേടി. ഒരു രാത്രിയിൽ ബ്രാഹ്മണർ ആ കുടിൽ ആക്രമിച്ചു. എന്നാൽ പറയകുലത്തിൽപ്പിറന്ന ആ പെൺകൊടി തൻ്റെ ജ്ഞാനം വെളിപ്പെടുത്തിയപ്പോൾ ബ്രാഹ്മണരാകെ അമ്പരന്നു. പിന്തിരിഞ്ഞ ബ്രാഹ്മണർ നാടുവാഴിയെ തെറ്റിദ്ധരിപ്പിച്ച് അമ്മയെയും മകനെയും ഭ്രഷ്ടരാക്കി. അവർ ഗ്രാമം വിട്ട് കരമനയാറ് കടന്ന് വടക്കോട്ട് യാത്രയായി.പതികനായികയുടെ പിന്നത്തെ സ്ഥിതി അറിയില്ല. ഈ കഥയെ ഉപജീവിച്ച് 14-ാം നൂറ്റാണ്ടിൽ പാച്ചല്ലൂരിൽ ജീവിച്ചിരുന്ന ആത്മജ്ഞാനിയും കവിയുമായ ശിവയോഗി രചിച്ചതത്രെ പാച്ചല്ലൂർപതികം അഥവാ തിരുവല്ലംപതികം.

കവിതയിൽ ഈ കഥകളുടെ പരാമർശമൊന്നുമില്ല.എന്നാൽ പ്രണയത്തെ എതിർത്ത ബ്രാഹ്മണമതത്തേയും വേദങ്ങളെയും ജാതിഭേദങ്ങളെയും രൂക്ഷമായി എതിർക്കുന്നുണ്ട്. ബ്രാഹ്മണയുവാവ് വേദങ്ങൾ പഠിപ്പിച്ചു അങ്ങനെ പെണ്ണ് പണ്ഡിതയായി എന്ന കഥ പതിവ് സവർണ്ണ ആഖ്യാനമാവണം. അറിവ് സവർണ്ണനിൽ നിന്നാണ് വരുന്നത് എന്ന ആഖ്യാനം. പതികത്തിൽ വേദസാരത്തെ അതിനിശിതമായി പുച്ഛിക്കുകയാണ്.ശിവയോഗിയാണ് രചയിതാവ് എന്നു പറയുന്നത് ഇതിലെ പ്രാചീനശൈവതത്ത്വചിന്ത കണ്ടിട്ട് പറയുന്ന പേരാവാം. തിരസ്കൃതയായ ഈ പറയപ്പെൺകുട്ടി തന്നെയാവാം ഇതിൻ്റെ രചന നിർവ്വഹിച്ചത്.

എല്ലാ അറിവും ചിന്തയും രൂപപ്പെടുന്നത് പണിയാള ജീവിതത്തിൽ നിന്നാണ്. ആഖ്യാനങ്ങളിൽ അത് തലകീഴായി കാണപ്പെടുന്നു എന്നു മാത്രം. അതിപ്രാചീനമായ സാംഖ്യ തത്ത്വചിന്തയിൽ, ഉപനിഷത്തിൽ, പ്രാചീനശൈവത്തിൽ ഹീനയാന ബുദ്ധമതത്തിൽ നവോത്ഥാന കാല നാരായണ ഗുരുവിൽ…. അങ്ങനെ വികസിക്കുന്ന പണിയാളപക്ഷ തത്ത്വചിന്ത ഉണ്ട്. ഭഗവദ് ഗീതയിലെ സാംഖ്യം, ഉപനിഷത്തിൻ്റെ ബാദരായണാദി വ്യാഖ്യാനങ്ങൾ,കാശ്മീരി ശൈവം, മഹായാന ബൗദ്ധം,ശങ്കരൻ്റെ അദ്വൈതം തുടങ്ങിയവയെല്ലാം ഈ പണിയാള പക്ഷ തത്ത്വചിന്തയുടെ ഉപരിവർഗ്ഗ സ്വാംശീകരണങ്ങൾ മാത്രമായിരുന്നു. മേൽ പറഞ്ഞ പണിയാളപക്ഷ തത്ത്വചിന്തയാണ് പാച്ചല്ലൂർ പതികത്തിലെ സ്ത്രീ ആഖ്യാതാവ് ബ്രാഹ്മണമതത്തിൻ്റെ കപട തത്ത്വശാസ്ത്രത്തിനെതിരെ ഉന്നയിക്കുന്നത്.

സത്വരജതമോഗുണങ്ങളുടെ പരിവർത്തവും രജോഗുണത്തിൻ്റെ ക്രിയാശേഷിയും അവതരിപ്പിച്ച സാംഖ്യത്തിലെ പരിവർത്തന സങ്കല്പം ചോർത്തിക്കളഞ്ഞാണ് ബ്രാഹ്മണമതം അതിനെ ആത്മീയവത്കരിച്ചത്.രജതമോഗുണങ്ങളകന്ന് സത്വഗുണത്തിൽ വിലയം പ്രാപിക്കുന്ന പിൻമടക്കമായി അതു ഭഗവദ്ഗീതയിലും മറ്റും അവതരിപ്പിച്ചു. ഇവിടെ ആദ്യപതികത്തിലെ ഗണപതിസ്തുതി തന്നെ മൂന്നു ഗുണങ്ങളുടെയും പരിണാമത്തിൽ നിന്നുമുണ്ടാകുന്ന യൗവ്വനത്തെയാണ്, അഞ്ച് കരങ്ങളെയാണ് ഉദ്ദേശിക്കുന്നത്. സർഗ്ഗ ശക്തിയാണത്, അധ്വാനശക്തിയാണത്. അതിനെയാണ് സ്തുതിക്കുന്നത്. പണിയാളരുടെ അറിവിനെ അടിച്ചുമാറ്റിയതായതുകൊണ്ടാണ് ബ്രാഹ്മണരുടെ ശാസ്ത്രം കളവാണ് എന്ന്, ബ്രാഹ്മണരുടെ ഉടലും ഉയിരും കളവാണ് എന്നു പറയുന്നത്.മരം വിത്താകുന്നു, വിത്ത് മരമാകുന്നു, പാൽ തൈരാകുന്നു, രക്തം ബീജമാകുന്നു, പക്ഷെ നിങ്ങൾക്ക് സ്നേഹം എന്തെന്നറിയില്ല എന്നു പെൺ ആഖ്യാതാവ് പറയുന്നത്, സ്നേഹത്തിന് ഒരു തത്ത്വചിന്ത ഉണ്ട് എന്നതുകൊണ്ടാണ്. പരിണാമത്തെ അംഗീകരിക്കാത്ത ഒരു തത്ത്വചിന്തയും സ്നേഹത്തെ അംഗീകരിക്കില്ല, സ്ത്രീയെയും അംഗീകരിക്കില്ല.മരം വിത്താകുന്നു, വിത്ത് മരമാകുന്നു എന്ന പരിണാമ ചിന്ത വിത്ത് മരത്തിലേക്ക് മടങ്ങുന്നതാക്കി മാറ്റുകയാണ്, പരിണാമവിരുദ്ധമാക്കി മാറ്റുകയാണ് ബാദരായണനൊക്കെ ചെയ്തത്.ഉപനിഷത്തിൽ നിന്നും വ്യത്യസ്തമായി നിശ്ചലമായ ബ്രഹ്മത്തെ സങ്കല്പിച്ചത് അതുകൊണ്ടാണ് (ബ്രഹ്മസൂത്രം, ജന്മാദ്യധികരണം ) ബുദ്ധൻ ഇതിനെ എതിർക്കാനാണ് വിത്തിൻ്റെ നാശത്തിൽ നിന്നാണ് വൃക്ഷമുണ്ടാകുന്നത് എന്നു പറഞ്ഞത്. വൃക്ഷത്തെ അംഗീകരിക്കാത്ത, പ്രപഞ്ചത്തെ അംഗീകരിക്കാത്ത തത്ത്വചിന്ത രക്തബന്ധ ലൈംഗികതയെയാണ് ( incest) മുന്നോട്ട് വയ്കുന്നത്. അമ്മയും മകനും തമ്മിലുള്ള ബന്ധം അപവാദ കഥയായി പ്രചരിക്കുന്നത് ബ്രാഹ്മണമതത്തിൻ്റെ ഇത്തരം പ്രത്യയശാസ്ത്ര പ്രേരണയാലാണ്.( പരിണാമതത്ത്വചിന്തയെ അംഗീകരിക്കാത്തതിനാൽ മുതലാളിത്ത വ്യവസ്ഥയും രക്തബന്ധ ലൈംഗികതയിൽ എത്തിച്ചേരും) ജാതിവ്യവസ്ഥ ഈ തത്ത്വചിന്താനിലപാടിൻ്റെ മറ്റൊരുസൃഷ്ടിയാണ്. അവിടെയും പ്രണയമില്ല. വിത്തിലേക്ക് മടങ്ങിപോകുന്ന, ജന്മത്തിലേക്ക് മടങ്ങിപ്പോകുന്ന ജന്മിത്ത-രാജവാഴ്ചാവ്യവസ്ഥയെയാണ് പതികത്തിലെ പെണ്ണ് വിമർശിക്കുന്നത്.നിശ്ചലബ്രഹ്മത്തിലേക്ക് മടങ്ങുന്ന അദ്വൈതമല്ല ഈ പെണ്ണ് മുന്നോട്ട് വയ്ക്കുന്ന തത്ത്വചിന്ത.തീയുണ്ടാക്കുന്ന കോലുകൾ പോലെയാണ് ജീവനും ശിവനും എന്നു പറയുമ്പോൾ രണ്ടു പേർ ചേർന്നു, വ്യക്തിയും സമൂഹവും ഇടപെട്ട് മറ്റൊരു വെളിച്ചം ഉണ്ടാകുന്നതിനെക്കുറിച്ചാണ്, രണ്ടു പേർ ചേർന്നു പ്രണയത്തിൻ്റെ തീയുണ്ടാകുന്നതിനെക്കുറിച്ചാണ് പറയുന്നത്. ലോകത്തെ ഉണ്ടാക്കിയ അച്ഛനമ്മമാരും മക്കളും ബന്ധുക്കളും മോരിൽ നിന്നും കടഞ്ഞെടുത്ത വെണ്ണ പിന്നീട് മോരിൽ കലരാത്തതുപോലെ ജീവിതം പ്രകാശിപ്പിക്കണം എന്നു പറയുമ്പോൾ ജീവിതം ഒരു പിൻമടക്കമല്ല എന്നു നിർവ്വചിക്കയാണ്. ഫ്രോയിഡ് പറയും പോലെയുള്ള മക്കളുടെ മാതാപിതാക്കളിലേക്കുള്ള മടക്കം അധീശ സ്വഭാവമുള്ള അധികാരത്തിൻ്റെ സൃഷ്ടിയാണ്. അതു പൂർണ്ണമായും ജൈവസ്വഭാവമല്ല. മതത്തിൻ്റെ അധികാരതത്ത്വശാസ്ത്രമാണത്. ബ്രാഹ്മണമതത്തിൻ്റെ ഈ ജീവിതവിരുദ്ധ, പ്രണയ വിരുദ്ധതത്ത്വശാസ്ത്രത്തെയാണ് പാച്ചല്ലൂരിലെ പെണ്ണ് തൻ്റെ പണിയാളപെൺപക്ഷതത്ത്വശാസ്ത്രം കൊണ്ട് കത്തിച്ചു കളയുന്നത്. വൈദികമന്ത്രത്തെ തവളയുടെ ചിലയ്ക്കലായി നിർവ്വചിക്കുന്നത് അതുകൊണ്ടാണ്. ഈ തത്ത്വചിന്തയുടെ സ്ഫുരണങ്ങൾ പൊട്ടൻ തെയ്യത്തിലും പൊറാട്ടുനാടകത്തിലും കാണാം. ഇതാണ് നവോത്ഥാന കാലത്ത് നാരായണഗുരുവിൽ വികാസം പ്രാപിച്ച് കാണുന്നത്.

നവോത്ഥാനവും ജാതിവിരുദ്ധസമരങ്ങളും ബ്രിട്ടീഷുകാർ സംഭാവന ചെയ്തതാണെന്നു കരുതുന്ന ഉപരിവർഗ്ഗ മാർക്സിസ്റ്റ് -ദളിതിസ്റ്റ് സ്വത്വവാദനിലപാടുകൾ ഉണ്ട്. അതു കൊണ്ടു തന്നെ ഇനിയുള്ള രക്ഷ മുതലാളിത്തമാണെന്നും അവർ കരുതുന്നു. പക്ഷെ കേരളീയപണിയാള സ്ത്രീ പക്ഷ നിലപാടുകൾക്ക് വലിയ ചരിത്രമുണ്ട്.അതു വിദേശത്തെ ഫെമിനിസ്റ്റ് തരംഗത്തിൽപ്പെട്ട് വഴി തെറ്റി വന്നതല്ല. നവോത്ഥാനകാലത്തെ സ്ത്രീ സമരങ്ങൾ പുതിയ ഫാഷൻ ഡ്രസിന് വേണ്ടിയുള്ള വാശി പിടിക്കലായിരുന്നില്ല. നിങ്ങളുടെ അഗ്നിഹോത്രയാഗങ്ങളിൽ ഉച്ചരിക്കുന്ന വേദമന്ത്രങ്ങൾ മഴക്കാലവയൽത്തവളകളുടെ ചിലയ്ക്കലുകളാണ് എന്നു വിളിച്ചു പറയാൻ തൻ്റേടമുള്ള ഒരു പെണ്ണ് കേരളത്തിൽ, തിരുവനന്തപുരത്ത്, പാച്ചല്ലൂരിൽ ജീവിച്ചിരുന്നു!)

1

മൂലത്തിൻ മേലേ നിൻ്റു

മൂൻ്റു മണ്ടലമും താണ്ടി

ശീലത്തിൻ വടിവായ് വന്ത

ചിലമ്പൊലി പരമാനന്തം,

മാലയൻ മൂന്റും തോന്റി

മകത്തുവ,മുരുവായ് വന്ത്

വാലിപരൂപമാന

ഐങ്കരൻ കാപ്പതാമേ!

[മൂലകാരണത്തിൽ നിന്നും ഉണ്ടായി സത്വരജതമോഗുണപരിണാമരൂപനായി, മൂവരുടേയും (വിഷ്ണു, ബ്രഹ്മാവ്, ശിവൻ) മഹത്വം യൗവ്വനരൂപത്തിലായ പഞ്ചബാഹു (ഗണപതി) രക്ഷിക്കട്ടെ ]

2

ഓതിയ നൂലും പൊയ്യേ

ഉടലുയിർ താനും പൊയ്യേ

ചാതിയുമൊന്റേയാകും

സകലമും വേറതാമോ?

വേതിയർ പടൈത്തതല്ലാൽ

വിതി തനൈ വെല്ലലാമോ?

പാതിയിൽ പഴിയേ ചൂഴും

പാച്ചല്ലൂർ കിരാമത്താരേ!

[ ഇണയെ പഴി പറയുന്ന ഹേ പാച്ചല്ലൂരിലെ ബ്രാഹ്മണരേ…. നിങ്ങൾ പറഞ്ഞ ശാസ്ത്രം കളവാണ്, നിങ്ങളുടെ ഉടലും ഉയിരും കളവാണ്. ജാതി ഒന്നേയുള്ളൂ, പലതില്ല. വൈദികർ വിചാരിച്ചാൽ ആ വിധിയെ മാറ്റാൻ ആകുമോ?]

3

മകം കൊണ്ട തേകം തന്നിൽ

മറ്റൊരു ചുത്തം കാണാർ

അകം കണ്ടു പുറമും കണ്ടോൻ

അവനുക്കേ താരമാനേൻ

ചുകം കണ്ടു തുക്കം കണ്ടു;

ചുക്കിലവഴിയേ ചെൻ്റു

പകം കണ്ടതേനോ വെമ്മിൽ?

പാച്ചല്ലൂർ കിരാമത്താര!

[മനോഹരമായ ദേഹത്തിൽ നിങ്ങൾ  വേറൊരു ശുദ്ധിയും കാണുന്നില്ല.. ഉള്ളും പുറവും ഒരു പോലെ കണ്ടവൻ്റെ ഭാര്യയാണ് ഞാൻ, സുഖവും ദു:ഖവും കണ്ടു. ഹേ ബ്രാഹ്മണരേ ജന്മം നോക്കി ഞങ്ങളെ വേർതിരിക്കാൻ നോക്കുന്നോ?]

4

വിത്തൊരു മരത്തൈയീനും

മരമൊരു വിത്തൈയിനും

പെറ്റതായ് പിള്ളൈയീനും പിള്ളൈയുമതുപോലീനും

ഉറ്റപാൽ തയിരൈയീനും

ഉതിരം ചുക്കിലത്തൈയീനും

പറ്റിന്റിയലൈവതേനോ?

പാച്ചല്ലൂർ കിരാമത്താരേ!

[ വിത്ത് മരമായി മരം വിത്തായി മാറുന്നു. അമ്മ കുട്ടിയെ പ്രസവിക്കുന്നു, കുട്ടിയും അതു ചെയ്യുന്നു. നല്ല പാൽ തൈര് ആകുന്നു. രക്തം ബീജമാകുന്നു. ഹേ പാച്ചല്ലൂരിലെ ബ്രാഹ്മണരേ സ്നേഹമെന്തെന്നറിയാതെ നിങ്ങളെന്താണ് ഇങ്ങനെ അലയുന്നത്?]

5

ഉറക്കമോ ഉണർവോ ഉള്ളം?

ഉള്ളമോ പുറമോ ചീവൻ?

ഇറപ്പത് മുന്നോ പിന്നോ? ‘

ഈന്റത് പെണ്ണോ ആണോ?

കറപ്പത് മുലൈയോ പാലോ?

കാൺപത് മനമോ കണ്ണോ?

പറപ്പത് ഇറകോ കാലോ?

പാച്ചല്ലൂർ കിരാമത്താരേ!

[ ഹേ പാച്ചല്ലൂർ ബ്രാഹ്മണരേ…ഉറക്കമാണോ ഉണർവ്വാണോ മനസ്സ്, മരിക്കുന്നത് ഇപ്പോഴാണോ പിന്നീടാണോ, മുലയാണോ കറക്കുന്നത്, പാലാണോ കറക്കുന്നത്, കാണുന്നത് കണ്ണുകൊണ്ടാണോ? മനസ്സ് കൊണ്ടാണോ? പറക്കുന്നത് കാലാണോ ചിറകാണോ ?]

6.

വെറ്റിലൈ താഴൈ വാഴൈ

വിത്തിന്റി മുളൈപ്പതൊന്റോ?

പറ്റിയ യോനിപേതം

പാരുള്ളോരറിന്തിടാമൽ

പെറ്റവർതമ്മൈത്തേടി പിറന്തിറന്തിറന്തുപോനാർ

പറ്റിൻ്റിയ ലൈവതേനോ?

പാച്ചല്ലൂർ കിരാമത്താരേ!

[വെറ്റയും പൂക്കൈതയും വാഴയും വിത്തു നട്ട് മുളയ്ക്കുന്നവയല്ല. ജനനഭേദം അറിയാതെ ലോകർ ജന്മം തേടി ജനിച്ച് ജീവിച്ച് മരിച്ചു പോകുന്നു. ഹേ ബ്രാഹ്മണരേ ദയയില്ലാതെ ഇങ്ങനെ അലയുന്നതെന്തിന്?]

(7)

കൊക്കുമേൽ കുടുമി കണ്ടേൻ

കോഴിമേൽ ചൂടും കണ്ടേൻ

നെയ്ക്കുറി പാലിൽ കണ്ടേൻ

നീരിന്മേൽ നെരുപ്പും കണ്ടേൻ

ചർക്കുലമെൻ്റു ചൊല്ലി

ചതുർമറൈ പേശ വേണ്ടാം

പക്കുവമറിന്തു പാരും

പാച്ചല്ലൂർ കിരാമത്താരേ!

[കൊറ്റി എന്ന പക്ഷിയുടെ ശിരസ്സിൽ കുടുമ ഉണ്ട്, കോഴിയുടെ തലയിൽ പൂവുണ്ട്, പാലിൽ നെയ്യുണ്ട്, ജലത്തിൽ തീയുണ്ട്. ഹേ പാച്ചല്ലൂർ ബ്രാഹ്മണരേ ഉന്നതകുലമെന്നു പറഞ്ഞ് ചതുർവേദം വിസ്തരിക്കണ്ട, സത്യമെന്ത് എന്ന് അറിയൂ…]

(8)

തീപ്പട കടൈന്ത കോലും

ചീവനും ചിവനും വേറോ?

പാർപ്പട തന്തെ തായാർ

മക്കളും ചുറ്റത്താരും

മോർപ്പട കടൈന്ത വെണ്ണൈ

മോരുടൻ കൂടാവണ്ണം

പാർപ്പടത്തിരള വേണ്ടും

പാച്ചല്ലൂർ കിരാമത്താരേ!

[ഹേ പാച്ചല്ലൂർ ബ്രാഹ്മണരേ….തീയുണ്ടാക്കുന്ന കോലുകൾ പോലെയാണ് ജീവനും ശിവനും അതു തമ്മിൽ വ്യത്യാസമുണ്ടോ? ലോകത്തെ ഉണ്ടാക്കിയ അച്ഛനമ്മമാരും മക്കളും ബന്ധുക്കളും മോരിൽ നിന്നും കടഞ്ഞെടുത്ത വെണ്ണ പിന്നീട് മോരിൽ കലരാത്തതുപോലെ ജീവിതം പ്രകാശിപ്പിക്കണം]

(9)

ഊരുള പാർപ്പാർ കൂടി

ഉശന്തതോർ ചാലൈ കൂട്ടി

നീരിലേ മൂഴ്കി വന്ത്

നെരുപ്പിലേ നെയ്യൈ വിട്ട്

കാർവയറ്റവളൈ പോല

കതറിയ ഉങ്കൾ വേതം

പാരൈ വിട്ടകന്റതേനോ?

പാച്ചല്ലൂർ കിരാമത്താരേ!

[ഹേ പാച്ചല്ലൂരിലെ ബ്രാഹ്മണരേ…ഊരിലുള്ള ബ്രാഹ്മണർ ഉയർന്ന യാഗശാലകൾ കെട്ടി, നദിയിൽ കുളിച്ചു വന്നു യാഗാഗ്നിയിൽ നെയ്യൊഴിച്ച്, മഴക്കാല വയൽത്തവളകളെപ്പോലെ ചിലയ്ക്കുന്ന നിങ്ങളുടെ വേദം ഈ ലോകം വിട്ട് പോയതെന്ത്?]

(10)

ചന്തനമകിലും വേമ്പും

തനിത്തനി വാശം വീശും

അന്തണൻ തീയിൽ വീഴ്ന്താൽ

അവർ മണം വീചക്കാണേം

ചെന്തലൈപ്പുലൈയൻ വീഴന്താൽ

തീമണം വേറതാമോ?

പന്തമും തീയും വേറോ?

പാച്ചല്ലൂർ കിരാമത്താരേ!

[ചന്തനവും അകിലും ( കത്തുമ്പോൾ ) അതതിൻ്റെ സുഗന്ധം പരത്തും. ബ്രാഹ്മണൻ്റെയും പുലയൻ്റെയും (ശരീരം) തീയിൽ പതിക്കുമ്പോൾ തീയുടെ മണത്തിൽ വ്യത്യാസമുണ്ടോ? ഹേ പാച്ചല്ലൂർ ബ്രാഹ്മണരേ പന്തവും തീയും വ്യത്യസ്തമാണോ?]

(11)

ഒരു പനൈയിരണ്ടു പാളൈ

ഒൻ്റു നുങ്കൊൻ്റു കളള്

അറിവിനൈയറിന്തവർക്ക്

അതുവും കള്ളിതുവും കള്ളേ

ഒരു കുലൈ ഉയർന്തതേനോ?

ഒരു കുലൈ താഴ്തേനോ?

പറൈയനൈപ്പഴിപ്പതേനോ?

പാച്ചല്ലൂർ കിരാമത്താരേ!

[ഒരു പനയുടെ രണ്ട് പാള- ഒന്നു നൊങ്ക്, മറ്റൊന്ന് കള്ള്. അറിവിനെ അറിഞ്ഞവർക്ക് രണ്ടും (നൊങ്കെടുക്കുന്ന കൂമ്പുംകള്ളെടുക്കുന്ന കൂമ്പും) ഒന്നു തന്നെ ഒരു കുല ഉയർന്നത് മറ്റേ കുല താണത് എന്നു പറയാനാവുമോ? അല്ലയോ പാച്ചല്ലൂർ ബ്രാഹ്മണരേ പറയനായി പിറന്നവനെ പഴിക്കുന്നതെന്തിന്?]

(12)

കുലങ്കുല മെൻപതെല്ലാം

കുടുമിയും പൂണുനൂലും

ചിലന്തിയും നൂലും പോല-

ച്ചിറപ്പുടൻ പിറപ്പതുണ്ടോ?

തലന്തരു നാങ്കുവേതം

നാന്മുകൻ പടൈത്തതുണ്ടോ?

പലന്തരു പൊരുളുമുണ്ടോ?

പാച്ചല്ലൂർ കിരാമത്താരേ!

[കുലം കുലം എന്ന (മഹിമ )യൊക്കെ കുടുമയും പൂണൂലുമാണ്, ചിലന്തിയും ചിലന്തി നൂലും പോലെ ഈ അലങ്കാരമൊക്കെ ( നിങ്ങൾക്ക് ) ഒപ്പം ജനിക്കുന്നുണ്ടോ?( നിങ്ങൾ )ഭൂമിയിൽ വിളമ്പുന്ന ചതുർവേദം ബ്രഹ്മാവ് സൃഷ്ടിച്ചിട്ടുണ്ടോ? ഹേ പാച്ചല്ലൂർ ബ്രാഹ്മണരേ ഫലം തരുന്ന എന്തെങ്കിലും അറിവ് അതിലുണ്ടോ?]

(ആമുഖവും പരാവർത്തനവും ഷൂബ കെ.എസ്സ്.)

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×