
വെള്ളനാട് രാമചന്ദ്രൻ
Published: 10 May 2025 പ്രതികരണ ലേഖനം
പാച്ചല്ലൂർ പതികം: അവർണ്ണൻ്റെ മാഗ്നാകാർട്ട
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ വഴിവിളക്കുകളായിരുന്നല്ലോ അയ്യാഗുരുവും അയ്യാവൈകുണ്ഠരും നാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യൻകാളിയുമൊക്കെ.ഇവരുയർത്തിവിട്ട നവോത്ഥാന സന്ദേശങ്ങൾ പിന്നീട് പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും ഏറ്റെടുത്തു. തലസ്ഥാന നഗരിയായതുകൊണ്ടാവാം മാറ്റങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലേറെയും നടന്നത് തിരുവനന്തുപുരം കേന്ദ്രീകരിച്ചായിരുന്നു. നവോത്ഥാന നായകരിലേറെപ്പേരും കർമ്മം കൊണ്ടോ ജന്മം കൊണ്ടോ അനന്തപുരിക്കാരായിരുന്നു എന്നതും ശ്രദ്ധേയം.
എന്നാൽ ചരിത്രത്തിലേക്ക് പിൻതിരിഞ്ഞു നോക്കുമ്പോൾ അനാചാരങ്ങൾക്ക് എതിരെയുള്ള അനന്തപുരിയുടെ പോരാട്ടങ്ങൾക്കു ഏറ്റവും കുറഞ്ഞത് ആറ് നൂറ്റാണ്ടുകളുടെയെങ്കിലും ചഴക്കമുണ്ട് എന്ന് ഈ തെക്കൻ പാട്ടുകാവ്യം സാക്ഷ്യപ്പെടുത്തുന്നു. അതിൻ്റെ പേരാണ് പാച്ചല്ലൂർ പതികം അഥവാ തിരുവല്ലം പതികം. പരിവർത്തനത്തിൻ്റെ കവിയായ കുമാരനാശാൻ ദുരവസ്ഥയിലൂടെയും ചണ്ഡാലഭിക്ഷുകിയിലൂടെയും ഉയർത്തി വിട്ട പുരോഗമനാശയങ്ങൾ 600 വർഷങ്ങൾക്കു മുമ്പ് പാച്ചല്ലൂരിൽ മുഴങ്ങിയിരുന്നു എന്നത് ഒരു ചരിത്രവിസ്മയമായിത്തന്നെ നിലനില്ക്കുന്നു.
തിരുവനന്തുപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒൻപത് കിലോ മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന ഗ്രാമച്ഛവി വിട്ടുമാറാത്ത ഒരു പട്ടണപ്രദേശമാണ് പാച്ചല്ലൂർ.ഇത് നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രാഹ്മണ സമൂഹം തിങ്ങിപാർത്തിരുന്ന ഒരു ഗ്രാമമായിരുന്നു. അവിടെ അച്ഛനും അമ്മയും യുവാവായ മകനുമടങ്ങുന്ന ഒരു കുടുബത്തിലെ പിതാവായ ഗൃഹനാഥൻ പെട്ടെന്നുണ്ടായ ഒരസുഖത്താൽ മരണപ്പെട്ടു. അന്നത്തെ നാട്ടുനടപ്പനുസരിച്ച് അമ്മയെ സതിയനുഷ്ഠിക്കുവാൻ അഥവാ ഭർത്താവിൻ്റെ ചിതയിൽ ചാടി ആത്‌മാഹുതി ചെയ്യാൻ ബ്രാഹ്മസമൂഹം നിർബന്ധിച്ചു. അതിനു വഴങ്ങാത്ത ആ വിധവയെ ബന്ധുക്കൾ പീഡിപ്പിച്ചു.പടിയടച്ച് പിന്ധം വച്ചു. ഊരുവിലക്കിന് വിധേയരായ അവർ ഗ്രാമം വിട്ടു പോകുന്നതിനു മുൻപ് ഉദയസൂര്യനെ നോക്കി പാടുന്നതായി സങ്കല്പിച്ചു കൊണ്ട് അദ്വൈതിയായ ഒരു ശിവയോഗി എഴുതിയതത്രെ പാച്ചല്ലൂർ പതികം. ഗ്രാമത്തിൽ നിന്നും പുറത്താക്കപ്പെട്ട അമ്മയും മകനും വടക്കോട്ട നടന്ന് കരമനയാറിൻ്റെ തീരത്തെത്തുകയും അവിടെ വച്ച് ഒരു സാംബവ യുവതിയുമായി ആ ബ്രാഹ്മണ യുവാവ് പ്രണയത്തി ലാവുകയും ആത് വിവാഹത്തിൽ കലാശിക്കുകയും ആ ചണ്ഡാല യുവതിയുടെ കുടിലിൽ അവർ താമസമാവുകയും ചെയ്തു.
വർണവെറിയുടെ കരാളഹസ്തങ്ങൾ അവിടെയും അവർക്ക് സ്വസ്ഥത നൽകിയില്ല. അവർ ആ നവ ദമ്പതികളുടെ കുടിലിന് തീയിടുകയും അവരെ നാട്ടിൽ നിന്നു തന്നെ ആട്ടിപ്പായിക്കുകയും ചെയ്തു. അശരണരായ അവർ അനന്തപുരിയിൽ നിന്നു തന്നെ അപ്രത്യക്ഷരായി. ഈ സംഭവത്തെ പുരസ്കരിച്ച് അജ്ഞാതനായ ഒരു കവി രചിച്ചതാണ് പാച്ചല്ലൂർ പതികം. മേല്പറഞ്ഞ സംഭവങ്ങളിൽ അതിശയോക്തിയൊക്കെ കലർന്നിരിക്കാം; എങ്കിലും നാട്ടിൽ നടമാടിയിരുന്ന അത്യാചാരങ്ങൾക്കെതിരെ ശബ്ദിച്ചിരുന്ന ഒരു കവി അനന്തപുരിയുടെ പ്രാന്തപ്രദേശത്തു് ആറ് നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്നു എന്ന് പാച്ചല്ലൂർ ചതികം സാക്ഷ്യപ്പെടുത്തുന്നു.
പഴയ പാച്ചല്ലൂർ ഗ്രാമത്തിലെ കർഷകരും നെയ്ത്തുകാരും തോണിക്കാരും പാടി രസിച്ചിരുന്ന പാച്ചല്ലൂർ പതികത്തിൻ്റെ ഭാഷ തമിഴ് കലർന്ന പ്രാകൃത മലയാളമാണ്, അദ്വൈത സിദ്ധാന്തത്തിൻ്റെ ഉൾപ്പൊരുൾ വെളിവാക്കുന്ന മലയാളത്തിലെ ആദ്യത്തെ ജാതിവിരുദ്ധകാവ്യമാണിതെന്ന കാര്യത്തിൽ ഗവേഷകർ ഏകാഭിപ്രായക്കാരാണ്.
“ജാതിയുമൊൻ്റേയാകും
സകലമും വേറതാമോ”
എന്നും
“ഒരു കുലം ഉയർന്നതാമോ
ഒരുകുലം താഴ്ന്ത താമോ
പറയനെ പഴിപ്പതേനോ
പാച്ചല്ലൂർ കിരാമത്താരേ”
എന്നുമുള്ള വരികൾ ജാതിയതയുടെ നിരർത്ഥകതയേയും സമത്വത്തിൻ്റെ ദർശനികതയേയും വിളിച്ചോതുന്നവയാണ്.
നൂറ്റാണ്ടുകളായി ഓലകളിലും വായ്‌ത്താരികളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഈ അപൂർവമായ തെക്കൻ പാട്ടുകാവ്യത്തിനു ഒരച്ചടി രൂപമുണ്ടാകുന്നത് 1936-ൽ ആണ്. അവർണ്ണൻ്റെ മാഗ്നാകാർട്ട എന്നു ചിലരെങ്കിലും വിശേഷിപ്പിക്കുന്ന ക്ഷേത്ര പ്രവേശന വിളംബര ദിനത്തിൽ, ജാത്യാചാരങ്ങൾക്കെതിരെ നിരന്തരം പോരാടിയിരുന്ന ബാലദണ്ഡായുധപാണി സ്വാമികൾ ഈ കാവ്യത്തെ സ്വന്തം ചെലവിൽ അനന്തപുരിയാകെ വിതരണം ചെയ്തു. അന്നു മുതലാണ് പാച്ചല്ലൂർ പതികത്തിൻ്റെ ചരിത്രപ്രാധാന്യം പുറം ലോകമറിയുന്നത്. തുടർന്ന് 2003 ൽ ഡോ: അജിത് കുമാർ പ്രസ്തുത കാവ്യത്തിൻ്റെ സമ്പാദനം നടത്തി പ്രസിദ്ധീകരിച്ചു, പിന്നിട് ഈ കാവ്യത്തിന് കാര്യമായ ഒരു വ്യാഖ്യാനവും സമഗ്രമായ ഒരു പഠനവും നടത്തിയത് കോളേജ് അധ്യാപകനായിരുന്ന ശ്രീ പാച്ചല്ലൂർ ദേവരാജനാണ്. ഈ കാവ്യം ജ്ഞാനഭാഷ പ്രാധാന്യത്തോടെ ,പ്രസിദ്ധീകരിച്ചത് ഉചിതമാണ്. കൂടുതൽ പഠനങ്ങൾ ഇതിൽ ഉണ്ടാവേണ്ടതുണ്ട്.


ജ്ഞാന ഭാഷ അകക്കാമ്പുള്ള ലേഖനങ്ങളും രചനകൾ കൊങ്ങും സമ്പുഷ്ടമാകുന്നുണ്ട്
പാച്ചല്ലൂർ പതികത്തെ കുറിച്ചുള്ള ലേഖനം എനിയ്ക്ക് പുതിയ അറിവാണ്.
കീഴാള ഉയിർത്തെഴു
ന്നേൽപ്പിൻ്റെ കാലമാണിത്.
നവോത്ഥാനം എന്ന് നമ്മൾ അനായേസേന പേജിലും സ്റ്റേജിലും വിളമ്പാറുണ്ട്.
പക്ഷെ നവോത്ഥാനം സൂര്യനുദിക്കുമ്പോലെ സ്വയം സംഭവിച്ചതല്ല.
അടിമപ്പെട്ട ഒരു ജനതയുടെ ജീവനും രക്തവും കലർന്ന ഒരു വാക്കാണ് കേരള നവോത്ഥാനം
പാച്ചല്ലൂർ പതികം ഒരു പ്രതീകമാണ്. അടിമകളുടെ നിസ്സഹായവരുടെ രക്തത്തിൻ്റെ പച്ചമാംസത്തിൻ്റെ പ്രതീകം.
ഇതൊന്നും മറന്നു കൊണ്ടുള്ള ഒരു ചരിത്ര നിർമിതി നമുക്കാവശ്യമില്ല
നമ്മുടെ ചരിത്രം മറ്റൊരാൾ രചിക്കപ്പെടേണ്ടതല്ല ജീവിതം കൊണ്ടു തന്നെ ചരിത്രപ്പെട്ടവർ നിർമിച്ച മനുഷ്യഗീതികയാണത്
തിരുവിതാംകൂറിൻ്റെ ചരിത്രമെന്നാൽ രാജക്കന്മാരുടെയും അനന്ത പത്മനാഭൻ്റെയും മാത്രമല്ല ‘
കീഴാള ജനതയുടെ കീഴ് ഒരുക്കപ്പെട്ടവരുടേത് കുടിയാണ്
മുജീബ് റഹിമാൻ എ.
അഴിക്കോട്ടിൽ
മംഗലം
മലപ്പുറം 676 561