അനർഘ ഐ.എസ്

Published: 10 June 2025 ചലച്ചിത്രപ0നം

ഡോ. എം.എസ് മുരളി

Published: 10 June 2025 ചലച്ചിത്രപ0നം

പനോപ്റ്റിസവും സമൂഹവും : ദൃശ്യം 2 ഒരു വിശകലനാത്മകപഠനം

പ്രബന്ധ സംഗ്രഹം
മിഷേല്‍ ഫുക്കോയുടെ ‘പനോപ്റ്റിസം’ എന്ന സാമൂഹികസിദ്ധാന്തം, ആധുനികസമൂഹത്തില്‍ നിരീക്ഷണവും അധികാരവ്യവസ്ഥയും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിൻ്റെ സാമൂഹിക വ്യാഖ്യാനമാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ എന്ന മലയാള ചിത്രത്തില്‍ പനോപ്റ്റിക് വീക്ഷണം എത്തരത്തില്‍ പ്രകടമാകുന്നു എന്നന്വേഷിക്കുകയാണ് ഈ പഠനത്തില്‍. കുറ്റാന്വേഷണം, നിരീക്ഷണം, പ്രതിരോധം എന്നിവ പ്രമേയമാകുന്ന ചിത്രത്തില്‍ അധികാര വ്യവസ്ഥയുടെ നിരീക്ഷണവും കഥാനായകൻ്റെ ചെറുത്തുനില്‍പ്പും അധികാരസംബന്ധമായ ഘടനകളെ സൂചിപ്പിക്കും വിധം അനാവരണം ചെയ്യുന്നു. പനോപ്റ്റിസം എന്ന സിദ്ധാന്തം എത്തരത്തിൽ ‘ദൃശ്യം 2’ ൽ പ്രകടമാകുന്നു എന്ന് കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

താക്കോല്‍ വാക്കുകള്‍ :
പനോപ്റ്റിസം, പനോപ്റ്റിക്കോണ്‍ ആധികാരം, ‘ദൃശ്യം 2’, നിയന്ത്രണം.

ആമുഖം
ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെയാണ് യൂറോപ്യന്‍ നഗരങ്ങളില്‍ സി.സി.ടി.വി. സ്ഥാപിച്ച് തുടങ്ങിയത്. നഗരവീഥികളില്‍, പാര്‍ക്കുകളില്‍, റയില്‍വേ സ്റ്റേഷനുകളിലൊക്കെ പൊതുസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ക്യാമറാ കണ്ണുകള്‍ യൂറോപ്പിലാകെ സ്ഥാപിച്ചത്. ക്രമേണ ജനങ്ങള്‍ സ്വന്തം പ്രവൃത്തികളെ നിയന്ത്രിക്കാനും ജാഗ്രത പുലര്‍ത്താനും ആരംഭിച്ചു. മറ്റാരോ തങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്ന ചിന്തയോടെ അവര്‍ പൊതുനിരത്തില്‍ ഇടപഴകാന്‍ തുടങ്ങി. ഇതിലൂടെ യൂറോപ്യന്‍ നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. നഗരജീവിതം നിയന്ത്രണവിധേയമാവുകയും ചെയ്തു.

സാങ്കേതികമായ ഈ മാറ്റം സുരക്ഷാക്രമീകരണമായി മാത്രം കാണാന്‍ കഴിയില്ല. മനശാസ്ത്രപരമായ ഒരു നിയന്ത്രണ സങ്കേതം കൂടി ഇതിനു പിന്നിലുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ സൈദ്ധാന്തികനായ ജെറമി ബന്താം അവതരിപ്പിച്ച ഒരു രൂപകല്പനയാണ് ‘പനോപ്റ്റിക്കോണ്‍’(1). ഒരു പ്രത്യേകതരം ജയില്‍ ഡിസൈനായ ‘പനോപ്റ്റിക്കോണി’ല്‍ ഒരു കേന്ദ്രമണ്ഡപത്തില്‍ നിന്നുകൊണ്ട് ജയില്‍ ഗാര്‍ഡിന്/നിരീക്ഷകന് എല്ലാ തടവുകാരെയും ഒരേ സമയം നിരീക്ഷിക്കാന്‍ കഴിയും. എന്നാല്‍ തടവുകാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഈ നിരീക്ഷകനെ കാണാനോ, തങ്ങള്‍ നിരീക്ഷിക്കപ്പെടുകയാണെന്നറിയാനോ സാധിക്കില്ല. എപ്പോഴും തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നലില്‍ സ്വയം നിയന്ത്രണത്തിലായിരിക്കുവാന്‍ ഇത് തടവുകാരെ പ്രേരിപ്പിക്കുന്നു. ഈ ‘പനോപ്റ്റിക്കോണ്‍’ മാതൃകയാണ് ഫ്രഞ്ച് തത്വചിന്തകനായ മിഷേല്‍ ഫൂക്കോ (Michel Faucault) പനോപ്റ്റിസം(2) എന്ന സിദ്ധാന്തമായി അവതരിപ്പിച്ചത്. ‘നിരീക്ഷിക്കപ്പെടുന്നു’ എന്ന ചിന്ത ഉപയോഗിച്ച് വ്യക്തിയെ ശിക്ഷ കൂടാതെ തന്നെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഫുക്കോ സമര്‍ത്ഥിച്ചു. ‘ഡിസിപ്ലിന്‍ ആന്‍റ് പണിഷ് ദി ബര്‍ത്ത് ഓഫ് പ്രിസണ്‍’ (1975) എന്ന ഗ്രന്ഥത്തിലാണ് ഫുക്കോ തന്‍റെ സിദ്ധാന്തം അവതരിപ്പിച്ചത്.ആളുകള്‍ ശിക്ഷയില്‍ നിന്ന് ഭയക്കുന്നതിനേക്കാള്‍ കൂടുതല്‍ താന്‍ നിരീക്ഷിക്കപ്പെടുന്നു എന്ന ഭയത്തിലാണ് ജീവിക്കുന്നത്. ഭൗതികനിയന്ത്രണത്തിലല്ല, പകരം മനസ്സില്‍ അടയാളപ്പെടുത്തിയ ഭയത്തിലൂടെ വ്യക്തിയെ നിരീക്ഷിക്കാനുള്ള രാഷ്ട്രീയ ശക്തിയായി പനോപ്റ്റിസത്തെ ഫുക്കോ വ്യാഖ്യാനിച്ചു.
ആധുനിക രാഷ്ട്രങ്ങള്‍ പലരീതികളിലൂടെ പനോപ്റ്റിസത്തെ സമൂഹത്തില്‍ നടപ്പാക്കുന്നുണ്ട്. നാം നിരത്തില്‍ കാണുന്ന സി.സി.ടി.വി. മുതല്‍ ബയോമെട്രിക് ഡാറ്റാ ശേഖരണം വരെ ഈ നിരീക്ഷണത്തിന്‍റെ ഭാഗമാണ്. നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്, നിങ്ങളുടെ ഓരോ പ്രവൃത്തിയും മറ്റൊരാള്‍ വിദൂരതയില്‍ വീക്ഷിക്കുന്നുണ്ട്. അതിനാല്‍ സ്വയം നിയന്ത്രിക്കുക എന്ന സന്ദേശം ഓരോ നിമിഷവും നമ്മുടെ മനസ്സിലൂടെ കടന്നുപോകേണ്ടതാണ്. ചുറ്റുപാടും മാത്രമല്ല, നാം നിത്യേന വിഹരിക്കുന്ന ഡിജിറ്റല്‍ ലോകത്തും പനോപ്റ്റിസത്തിൻ്റെ വിവിധ മാതൃകകള്‍ കാണാന്‍ സാധിക്കും.

പനോപ്റ്റിസമെന്ന സങ്കല്പനം
എല്ലാം കാണുന്നത് എന്നര്‍ത്ഥമുള്ള പനോപ്റ്റിസത്തില്‍ (Panoptes) നിന്നാണ് പനോപ്റ്റിക്കോണ്‍ എന്ന വാക്ക് ഉണ്ടായത്. 1976 ന്‍റെ തുടക്കത്തിലാണ് ബെന്താം ‘പനോപ്റ്റിക്കോണ്‍’ എന്ന ആശയം രൂപകല്പന ചെയ്യുന്നത്. ഒരു ജയിലിലെ എല്ലാ തടവുകാരെയും ഒരു കറക്ഷന്‍ ഓഫീസര്‍ നിരീക്ഷിക്കുന്നു. തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് തടവുകാര്‍ അറിയാതെ ഓഫീസറിന് എല്ലാ തടവുകാരേയും നിരീക്ഷിക്കാം. തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നോ ഇല്ലയോ എന്ന ചിന്ത തടവുകാരെ എല്ലാ സമയവും സ്വയം നിയന്ത്രണത്തില്‍ ആയിരിക്കാന്‍ പ്രേരിപ്പിക്കും. ആശുപത്രികള്‍, സ്കൂളുകള്‍, തൊഴില്‍ കേന്ദ്രങ്ങള്‍ എന്നിവയ്ക്കെല്ലാം ഒരു പോലെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന മാതൃകയാണ് ബെന്താമിന്‍റെ ‘പനോപ്റ്റിക്കോണ്‍’.
“The Panopticon is a machine for dissociating the see/seen dyad. In the peripheric ring, one is totally seen, without ever seeing; in the central tower, one’s sees everything without ever being seen.”
(Discipline and punish – 202)
ജെറമി ബെന്താമിൻ്റെ പനോപ്റ്റിക്കോണ്‍ കെട്ടിടനിര്‍മ്മിതിയെക്കുറിച്ച് ആഴത്തില്‍ പഠിച്ച ഫുക്കോ പനോപ്റ്റിക്കോണ്‍ ഒരു രൂപകല്പന മാത്രമല്ല, മറിച്ച് അതൊരു അടിസ്ഥാനനിയന്ത്രണ മാതൃകയാണെന്ന് സമര്‍ത്ഥിച്ച് പനോപ്റ്റിസം എന്ന സങ്കല്പനം രൂപപ്പെടുത്തി. ഓരോ വ്യക്തിയും നിരന്തരനിരീക്ഷണത്തിലാണെന്ന സാമൂഹിക വ്യവസ്ഥയാണ് പനോപ്റ്റിസം.ഈ നിരീക്ഷണം ഒരറിവായി മാറുകയും ആ അറിവ് വ്യക്തികളെ നിയന്ത്രിക്കുന്ന ശക്തിയായി പരിണമിക്കുകയും ചെയ്യുന്നു. നിരീക്ഷണം ഒരു ഭയമായി വ്യക്തികളില്‍ നിലനില്‍ക്കും. ഈ ഭയത്താലാണ് വ്യക്തികള്‍ സ്വയം നിയന്ത്രിക്കുന്നത്.
“To induce in the inmate a state of conscious and permanent visibility that assures the automatic functioning of power.” (Discipline and Punish – 201)
ആധുനിക സമൂഹത്തില്‍ അധികാരസംവിധാനങ്ങള്‍ എപ്രകാരമാണ് വ്യക്തികളെ നിയന്ത്രിക്കുന്നത് എന്ന രാഷ്ട്രീയചലനം ഫുക്കോ അവതരിപ്പിക്കുന്നു.

പനോപ്റ്റിസത്തിന്‍റെ വിവിധ തലങ്ങളെ നിരീക്ഷണം (Surveillance), ആത്മനിയന്ത്രണം (Self discipline), അധികാരം (Power), സംവിധാനങ്ങളിലൂടെയുള്ള വ്യാപനം (Institutional Spread) എന്നിങ്ങനെ തരംതിരിക്കാം. വ്യക്തികള്‍ എപ്പോഴും ആരോ തങ്ങളെ നിരീക്ഷിക്കുന്നു എന്ന ഭാവനയില്‍ ജീവിക്കുന്നു. ഈ നിഗൂഢനിരീക്ഷണത്തില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. ബെന്താമിൻ്റെ ജയില്‍ മാതൃക മുതല്‍ തൊട്ടടുത്തിരിക്കുന്ന മനുഷ്യൻ്റെ നോട്ടം വരെ ഈ നിരീക്ഷത്തില്‍പ്പെടുന്നു. അന്യൻ്റെ പ്രവൃത്തികളിലേയ്ക്ക് നിരീക്ഷണത്തിലൂടെ കടന്നു കയറുന്ന മനുഷ്യൻ്റെ സ്വാഭാവിക വാസനയായും ഈ നിരീക്ഷണത്തെ (Surveillance) കണക്കാക്കാം.
തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു എന്ന ബോധ്യത്തില്‍ വ്യക്തികള്‍ സ്വയം നിയന്ത്രണത്തിലാകുകയും പെരുമാറ്റ രീതികളില്‍ അച്ചടക്കം ശീലിക്കുകയും ചെയ്യുന്നു. ബെന്താമിൻ്റെ തടവറ മാതൃകയില്‍ ഗാര്‍ഡ് ഓഫീസര്‍ തങ്ങളെ നിരീക്ഷിക്കുന്നു എന്ന അറിവില്‍ തടവുകാര്‍ സ്വയം നിയന്ത്രിക്കുന്നതും ആധുനികയുഗത്തില്‍ സിസിടിവികളെയും എ. ഐ. ക്യാമറകളെയും ഭയന്ന് മനുഷ്യന്‍ സ്വയം നിയന്ത്രിക്കുന്നതും (Self discipline) ഇതിനുദാഹരണമാണ്.
“He becomes the principle of his own subjection.” (Discipline and Punish – 202)
ഈ നിരീക്ഷണവും ആത്മനിയന്ത്രണവും ഉപയോഗപ്പെടുത്തുന്നത് അധികാരവ്യവസ്ഥയാണ്. ജനങ്ങള്‍ എപ്പോഴും അച്ചടക്കമുള്ള പൗരരായി തുടരേണ്ടത് നിയമവ്യവസ്ഥയുടെ ആവശ്യമാണ്. ജനങ്ങള്‍ നിയമങ്ങള്‍ ലംഘിക്കുമ്പോള്‍, തങ്ങളുടെ അധികാരം ഭീഷണിയിലാകുമെന്ന് അധികാരവ്യവസ്ഥ ഭയക്കുന്നു. അതിനാലാണ് അവര്‍ ജനങ്ങള്‍ക്ക് നേരെ നിരീക്ഷണമെന്ന ആയുധം പ്രയോഗിക്കുന്നത്.
“In discipline, it is the subjects who have to be seen. Their visibility assures the hold of the power that is exercised over them. It is this fact of being constantly seen, of being able always to be seen, that maintains the disciplined individual in his subjection.” (Discipline and Punish – 187)

ഒരുപക്ഷെ നിരീക്ഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെങ്കിൽ പോലും ജനങ്ങളിൽ തങ്ങളുടെ നിരീക്ഷിക്കപ്പെടുന്നു എന്ന ചിന്ത ഈ സങ്കല്പനത്തിന് സൃഷ്ടിക്കാൻ കഴിയുന്നു.
Surveillance is permanent in its effects, even if it is discontinuous in its action (Discipline and Punish- 201)
വ്യക്തിയുടെ സാമൂഹിക ജീവിതം മുതല്‍ ഡിജിറ്റല്‍ ലോകം വരെ ഈ നിരിക്ഷണം നീണ്ടുനില്‍ക്കുന്നു. തങ്ങളുടെ അധികാരം (Power) സുരക്ഷിതമാക്കാന്‍ നിയമവ്യവസ്ഥ കൂട്ടുപിടിക്കുന്ന ആയുധമാണ് ഈ നിരീക്ഷണം.
സ്കൂളുകൾ, ആശുപത്രികൾ, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഗതാഗതനിയന്ത്രണങ്ങൾ തുടങ്ങി എല്ലാ മേഖലകളിലേക്കും ഈ നിരീക്ഷണം വ്യാപിക്കുന്നു (Industrial Spread).
” It is
a type of location of bodies in space, of distribution of individuals
in relation to one another, of hierarchical organization, of disposi-
tion of centres and channels of power, of definition of the instru-
ments and modes of intervention of power, which can be implemen-
ted in hospitals, workshops, schools, prisons. ” (Discipline and Punish – 205)
ഓരാ സ്ഥാപനങ്ങള്‍ക്കും വ്യക്തിയെ കൃത്യമായി നിരീക്ഷിക്കുവാനായി മാര്‍ഗ്ഗങ്ങളുണ്ട്. അതോടൊപ്പം സ്മാര്‍ട്ട്ഫോണ്‍, സിസിടിവി, സോഷ്യല്‍ മീഡിയ, ആല്‍ഗോരിതങ്ങള്‍ എന്നിവയിലൂടെ ഡാറ്റാ നിരീക്ഷണ സംവിധാനങ്ങളും നടപ്പിലായിരിക്കുന്നു. ചുരുക്കത്തില്‍ പനോപ്റ്റിസം ഒരു അധികാര ഘടനയാണ്. ഈ ഘടനയെ ആധുനിക സമൂഹം സ്വയമേറ്റെടുത്ത്, അധികാരവ്യവസ്ഥയുടെ സൂക്ഷ്മമായ നടത്തിപ്പിന്‍റെ ഒരു ഭാഗമായി മാറ്റിയിരിക്കുന്നു.

ദൃശ്യം 2
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രം ഫുക്കോയുടെ പനോപ്റ്റിക് ഘടനയെ വ്യക്തമായി ഉദാഹരിക്കുന്ന കലാസൃഷ്ടിയാണ്. നിരീക്ഷണവും അധികാരവും പ്രതിരോധവും വിവിധ തലങ്ങളില്‍ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നു.
ആകസ്മികമായി സംഭവിക്കുന്ന ഒരു കുറ്റകൃത്യത്തില്‍ നിന്ന് തൻ്റെ കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്ജുകുട്ടി (മോഹന്‍ലാല്‍) നടത്തുന്ന ചെറുത്തുനില്‍പ്പും അതിജീവനവും പ്രമേയമാകുന്ന ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമാണ് ‘ദൃശ്യം 2’. കേബിള്‍ ടി.വി. ഷോപ്പ് ഉടമയില്‍ നിന്ന് ജോര്‍ജ്ജുകുട്ടി ഒരു തീയേറ്ററുടമയായി. സ്വന്തമായൊരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന് പിന്നിലാണ് രണ്ടാം ഭാഗത്തില്‍ ജോര്‍ജ്ജുകുട്ടി മുന്നോട്ടു പോകുന്നത്. ഭാര്യ റാണിയിലും(മീന), മക്കളിലും (അന്‍സിബ, എസ്തര്‍), പഴയ കുറ്റകൃത്യത്തിൻ്റെ ഭീതി നിഴലിക്കുന്നുണ്ടെങ്കിലും ജോര്‍ജ്ജുകുട്ടിയെ അവ ബാധിക്കുന്നില്ല. പഴയ സംഭവങ്ങളെക്കുറിച്ച് സംസാരിക്കാനൊരുങ്ങുന്ന റാണിയെ പലപ്പോഴായി ജോര്‍ജ്ജുകുട്ടി വിലക്കുന്നതും ഇതിനുദാഹരണമാണ്. പോലീസിൻ്റെ ഭാഗത്തു നിന്ന് കുറ്റാന്വേഷണം വീണ്ടും സജീവമാകുമ്പോള്‍ ജോര്‍ജ്ജുകുട്ടി തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനയുന്നതും ഭാഗ്യത്തെ കൂട്ടുപിടിച്ച് സിനിമാക്കഥയെ വെല്ലുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയതലം.

അധികാരവും നിരീക്ഷണവും:
തൻ്റെ കുടുംബത്തെ രക്ഷിക്കാന്‍ ഒരു നിയമവ്യവസ്ഥയെത്തന്നെ കബളിപ്പിക്കുന്ന ജോര്‍ജ്ജുകുട്ടി വര്‍ഷങ്ങളായി പോലീസിൻ്റെ നിരീക്ഷണത്തിലാണ്. അന്വേഷണമെല്ലാം അവസാനിപ്പിച്ചെന്ന വ്യാജേന പല സംഘങ്ങളായി പോലീസ് ജോര്‍ജ്ജുകുട്ടിയേയും കുടുംബത്തേയും നിരീക്ഷിക്കുന്നു. ‘പനോപ്റ്റിക്കോണ്‍’ മാതൃകയിലെ കൂറ്റന്‍ ഗോപുരത്തിലിരിക്കുന്ന, ആര്‍ക്കും കാണാൻ കഴിയാത്ത നിരീക്ഷകര്‍ക്ക് ഉദാഹരണമാണ് ചിത്രത്തിലെ ഷാഡോ പോലീസുകാരായ സാബുവും (സുമേഷ് ചന്ദ്രന്‍) സരിതയും (അഞ്ജലി നായര്‍) ഇളയമകള്‍ അനുവിൻ്റെ സുഹൃത്തുമെല്ലാം. ഇവരുടെ എല്ലാവരുടെയും ലക്ഷ്യം ജോര്‍ജ്ജുകുട്ടിയേയും കുടുംബത്തേയും തെളിവുകളോടെ പിടികൂടുക എന്നതാണ്.
തനിക്ക് ചുറ്റും നിരക്കുന്ന നിരീക്ഷണ വലയത്തെക്കുറിച്ച് ജാഗ്രതയോടെയാണ് ജോര്‍ജ്ജ്കുട്ടി ജീവിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷവും തനിക്കെതിരെയുണ്ടായേക്കാവുന്ന പുന:രന്വേഷണത്തിനെതിരെയുള്ള പടനീക്കമായിരുന്നു അയാളില്‍ താന്‍ സിനിമയുടെ പുറകെയാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച് പോലീസിൻ്റെ അടുത്ത വരവിനായി ഒരുങ്ങുകയായിരുന്നു അയാള്‍.
ഫൂക്കോയുടെ ‘എവിടെ അധികാരമുണ്ടോ അവിടെ പ്രതിരോധവുമുണ്ടാകും’(3) എന്ന ആശയവും ചിത്രത്തില്‍ പ്രകടമാണ്. പോലീസിൻ്റെ ഓരോ നീക്കവും മുന്നില്‍ കണ്ടാണ് ജോര്‍ജ്ജുകുട്ടി കഴിഞ്ഞത്. എന്നെങ്കിലുമൊരുനാള്‍ പോലീസ് വരുണിൻ്റെ മൃതദേഹം കണ്ടെത്തുമെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. അതിനെ പ്രതിരോധിക്കാനാണ് അയാള്‍ മെഡിക്കല്‍ കോളേജിലെ വാച്ച്മാനെയും സെമിത്തേരിയില്‍ ജോലി ചെയ്യുന്ന പത്രോസിനെയും സുഹൃത്തുക്കളാക്കിയത്. നിരന്തരമുള്ള അയാളുടെ യാത്രകള്‍ അതിനുവേണ്ടിയായിരുന്നു. എല്ലാവരും സിനിമയുടെ പിറകേയാണ് ജോര്‍ജ്ജ്കുട്ടി എന്ന് അനുമാനിച്ചപ്പോള്‍ അയാള്‍ സിനിമയിലൂടെ കണ്ടെത്താന്‍ ശ്രമിച്ചത് തനിക്ക് രക്ഷപ്പെടാനുള്ള സാധ്യതകളായിരുന്നു. അനുഭവ സമ്പത്തുള്ള ഒരു തിരക്കഥാകൃത്തിനെയുപയോഗിച്ച് അയാള്‍ വ്യത്യസ്ത ക്ലൈമാക്സുകള്‍ സൃഷ്ടിച്ച് അവയിലേക്കുള്ള സാധ്യതകളും വെല്ലുവിളികളും മനസ്സിലാക്കി. ഇവയൊക്കെ ജോര്‍ജ്ജ്കുട്ടിയുടെ പ്രതിരോധമായിരുന്നു. അധികാരവ്യവസ്ഥയ്ക്ക് മുന്നില്‍ കീഴടങ്ങാതിരിക്കാനുള്ള ചെറുത്തുനില്‍പ്പുകളായിരുന്നു.

പ്രതിരോധവും ചെറുത്തു നില്‍പ്പും

പോലീസ് ജോര്‍ജ്ജ്കുട്ടിയെ മാത്രമല്ല, ജോര്‍ജ്ജ്കുട്ടി പോലീസിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. തൻ്റെ കേബിള്‍ ടി.വി ഓഫീസില്‍ സ്ഥാപിച്ച സിസിടിവി പോലീസ് സ്റ്റേഷനിലേക്കുള്ള അയാളുടെ കണ്ണുകളായിരുന്നു. താന്‍ ഒളിപ്പിച്ച ആ വലിയ രഹസ്യം നിരന്തരം നിരീക്ഷിച്ച് അത് ഭദ്രമാണെന്നയാള്‍ ഉറപ്പ് വരുത്തിയിരുന്നു. തൻ്റെ അയല്‍ക്കാരായെത്തിയ സാബുവും സരിതയും പോലീസുകാരാണെന്ന് ജോര്‍ജ്ജുകുട്ടിക്ക് ഉറപ്പായിരുന്നു. പോലീസ് ചോദ്യം ചെയ്യുന്ന വേളയില്‍ സാബുവും സരിതയും പോലീസാണെന്നറിഞ്ഞപ്പോള്‍ റാണിയിലും മക്കളിലുമുണ്ടായ അമ്പരപ്പ് ജോര്‍ജ്ജ്കുട്ടിയില്‍ ഉണ്ടായില്ല. അതിനു കാരണം അയാള്‍ക്കവരെക്കുറിച്ച് മുന്‍പേ സൂചന ലഭിച്ചിരുന്നു എന്നതാണ്. എപ്പോഴും ജാഗ്രതയോടെ പെരുമാറുന്ന ജോര്‍ജ്ജുകുട്ടി ഒരിക്കലും തൻ്റെ സ്ഥലം പൊന്നും വിലയ്ക്ക് വാങ്ങാന്‍ എത്തിയ, ഭാവിയില്‍ തന്‍റെ അയല്‍ക്കാരാകാന്‍ പോകുന്ന വ്യക്തികളെക്കുറിച്ച് അന്വേഷിക്കാതിരിക്കില്ല. അതുകൊണ്ടുതന്നെയാണ് ‘ഇനി ഇതിനെക്കുറിച്ചൊരു സംസാരം ഇവിടെ വേണ്ട’ എന്ന താക്കീത് നല്‍കി. വരുണിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ വീട്ടില്‍ അവസാനിപ്പിക്കുന്നത്. തീര്‍ച്ചയായും പോലീസിൻ്റെ നിരീക്ഷണം തന്‍റെ കുടുംബത്തിനുള്ളിലും ഉണ്ടാകുമെന്ന് ജോര്‍ജ്ജുകുട്ടി തിരിച്ചറിഞ്ഞിരുന്നു. വരുണിൻ്റെ അസ്ഥികൂടം കണ്ടെത്തുന്ന നിമിഷം തന്നെ അയാള്‍ക്ക് അടുത്ത ചുവട് വയ്ക്കാനായതും ജോര്‍ജ്ജുകുട്ടിയുടെ ദീര്‍ഘവീക്ഷണം കൊണ്ടുതന്നെയാണ്. ‘സത്യത്തില്‍ നമ്മളയാളെയല്ല നിരീക്ഷിക്കുന്നത്, അയാള്‍ നമ്മളെയാണ്’ എന്ന ഐ ജി തോമസ് സെബാസ്റ്റ്യന്‍റെ (മുരളി ഗോപി) നിരീക്ഷണം ജോര്‍ജ്ജുകുട്ടിയുടെ കാര്യത്തില്‍ നൂറു ശതമാനം ശരിയായിരുന്നു. നിരീക്ഷകനെപ്പോലും അയാളറിയാതെ നിരീക്ഷിക്കുന്ന ഒരു ഹയര്‍ പനോപ്റ്റിക്കോണ്‍ മാതൃകയാണ് ദൃശ്യത്തിലെ ജോര്‍ജ്ജ്കുട്ടി. ഇത്തരത്തില്‍ ഫുക്കോയുടെ പനോപ്റ്റിസം വിശകലനം ചെയ്യാന്‍ കഴിയുന്ന ഉത്തമമായൊരു ചലച്ചത്രമാണ് ‘ദൃശ്യം 2’.

നിഗമനങ്ങള്‍
ബെന്താമിന്‍റെ ‘പനോപ്റ്റിക്കോണ്‍’ ഒരു നിര്‍മ്മിതി മാത്രമല്ല, സാമൂഹിക ഘടനകൂടെയണ്.
‘നിരീക്ഷക്കപ്പെടുന്നു’ എന്ന ചിന്ത മനുഷ്യരില്‍ ഭയം സൃഷ്ടിക്കുന്നു. ഈ ഭയം അധികാരവ്യവസ്ഥ മുതലെടുക്കുന്നു.
‘ദൃശ്യം 2’ എന്ന ചിത്രത്തില്‍ പനോപ്റ്റിസം പ്രകടമാണ്.
അധികാരത്തിന് നേരെയുള്ള പ്രതിരോധമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
പനോപ്റ്റിസം ഒരു സാമൂഹിക ഘടനയായി മാറിക്കൊണ്ടിരിക്കുന്നു. ചലച്ചിത്രങ്ങളിൽ അവ പ്രതിഫലിക്കുന്നുണ്ട്.

ഉപസംഹാരം

‘പനോപ്റ്റിക്കോണ്‍ സമൂഹം’ എന്ന ആശയം നാം നിരന്തരം കാണുന്ന, നിരീക്ഷിക്കുന്ന, ന, സ്വയം നിയന്ത്രിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു. സാഹിത്യത്തിലും കലകളിലും അവ പ്രത്യക്ഷപ്പെടുന്നുമുണ്ട്. നിരീക്ഷണവും അതിനെതിരായ പ്രതിരോധവും തമ്മിലുള്ള ഈ അനന്തയുദ്ധം നാം ജീവിക്കുന്ന സമൂഹത്തേയും ചിന്തകളേയും ആകുലപ്പെടുത്തുന്നു.മറ്റൊരാളാൽ നിരീക്ഷിക്കപ്പെടുന്നു എന്ന ചിന്തയിൽ വ്യക്തികള്‍ സ്വയം നിയന്ത്രിക്കുന്നു.തനിക്കുനേരെയുള്ള നിരീക്ഷണങ്ങൾക്കെതിരെ പ്രതിരോധം തീര്‍ക്കുന്നു. അതുവഴി അച്ചടക്കത്തിന്റെയും ജാഗ്രതയുടെയും മാറ്റങ്ങൾ വ്യക്തിയിലും സമൂഹത്തിലും രൂപപ്പെടുന്നു. അധികാരഘടനകൾ അവ പ്രയോജനപ്പെടുത്തി സമൂഹത്തിൽ തങ്ങളുടെ നിലനിൽപ്പിനെ ഊട്ടിയുറപ്പിക്കുന്നു. ഇത്തരത്തിൽ സമൂഹവും അധികാരഘടനയും തമ്മിലെ പരസ്പരബന്ധമാണ് ‘പനോപ്റ്റികോൺ’ എന്ന ആശയം അവതരിപ്പിക്കുന്നത്.

കുറിപ്പുകൾ

  1. Panopticon : or the Inspection House – Jeremy Bentham.
  2. Discipline and Punish. The Birth of the Prison – Michel Foucault (pg . no. 195- 228)
  3. ‘Where there is power, there is resistance and yet, or rather consequently, this resistance is never in a position of exteriority in relation to power ‘(pg. no- 95) History of Sexuality, Michael Foucault.

References

മലയാളം

  1. അധികാരം ആദര്‍ശവും പ്രയോഗവും, എഡി ഡോ. പോള്‍ കൊമ്പന്‍, 2020
  2. ദൃശ്യം 2, ജിത്തു ജോസഫ്, 2021
  3. സർവൈലൻസ്, ഇടശ്ശേരിക്കാറ്, രാമനുണ്ണി കെ. പി. മാതൃഭൂമി ബുക്സ്, 2024
  4. സി.യൂ. സൂൺ, മഹേഷ്‌ നാരായണൻ, 2020

ഇംഗ്ലീഷ്

  1. Brave New World,Aldous Huxley, Chatto & Windus in the UK,1932
  2. Circle,Dave Eggers,Vintage Books, 2014.
  3. Foucault Michael, Discipline and Punish: The Birth of the Prison. Translated by Alan Sheridan, Vintage Books 1977
  4. History of Sexuality, Michael Foucault,Penguin Books, 1976
  5. Panopticon or the Inspection House, Jeremy Bentham,1791,T Payne.
  6. We,Yevgeny Zamyatin,E.P. Dutton in New York, 1952
  7. 1984,George Orwell,Seeker & Warburg, London, 1949

അനർഘ ഐ എസ്

ഗവേഷക, മലയാള വിഭാഗം മഹാരാജാസ് കോളേജ്, എറണാകുളം

ഡോ. എം എസ് മുരളി

അസോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, മഹാരാജാസ് കോളേജ്

4 3 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x