കലാമണ്ഡലത്തിൽ കാക്കാരശ്ശിനാടകം പഠിപ്പിക്കുമോ?
എസ്.സുധീഷുമായുള്ള അഭിമുഖം
Q സത്യഭാമാവിവാദത്തിൻ്റെയൊക്കെ പശ്ചാത്തലത്തിൽ കേരളീയകലകളുടെ സവർണ്ണ പാരമ്പര്യത്തെക്കുറിച്ച് എവിടെയോ എഴുതിയിരുന്നത് ഓർക്കുന്നു. വിശദമാക്കാമോ?
A ഓരോ കലാരൂപത്തിനും പുരാണകഥാപാത്രത്തിനും ഓരോ ഉല്പത്തിചരിത്രമുണ്ട്. സത്യഭാമയുടെ ഭർത്താവ് കൃഷ്ണൻ ശൂദ്രൻ പോലുമല്ല. അതിനും താഴെയുള്ള മറ്റു പിന്നാക്ക സമുദായക്കാരനായിരുന്നു ;യാദവാനായിരുന്നു ; ക്ഷീരകർഷകനായിരുന്നു ; കരുമാടിയായിരുന്നു ; പിന്നീടാണ് ഇടയനായിരുന്ന ചെക്കൻ വലിയയുദ്ധങ്ങൾ ജയിച്ചു, മരുമക്കത്തായതിന്റെ പ്രതിനിധിയായ അമ്മാവനെ വധിച്ചു പിതൃ വാഴ്ചാവ്യവസ്ഥയ്ക്കു വഴിമരുന്നിട്ടത്. അതോടെ രാധികമാരും ഭക്തി ശൃംഗാരവും ചേർന്ന് പിന്നാക്കക്കാരനെ സവർണ്ണനാക്കിക്കളഞ്ഞു . ചെക്കൻ വിഷ്ണുവിന്റെ അവതാരവും തന്മൂലം ബ്രാഹ്മണതുല്യനുമായി.ആടു ജീവിതവും പശുജീവിതവും ഉപേക്ഷിച്ചു ഗോകുല പാലൻ എന്ന പദവിയുപേക്ഷിച്ചു സ്ഥാനം മിൽമാക്കമ്പനിക്ക് വിട്ടു കൊടുത്തിട്ടു ദൈവം കളിക്കാൻ തുടങ്ങി. ഇതൊന്നുമറിയാത്ത സത്യഭാമമാർക്കു മോഹിനിയുടെ ഉല്പത്തി ചരിത്രവും അറിഞ്ഞു കൂടാ.അത് ആകെ അശ്ലീലമാണ് എന്നാണ് ബിനോയ് വിശ്വത്തിന്റെ അപ്പൂപ്പൻ ‘’സ്വതന്ത്ര സമുദായം ‘ എന്ന കൃതിയിൽ നിർദ്ദയം പറഞ്ഞുവച്ചിരിക്കുന്നത്. ആണുങ്ങളെ വശീകരിക്കാൻ പെണ്ണായി ലിംഗപരിണാമപ്പെട്ടു മോഹിനിയായി വരുക ! ഈ മോഹിനി, സ്ത്രീവർഗത്തിനു തന്നെ ഒരു അപമാനമല്ലേ എന്ന ചോദ്യത്തിന് ഫെമിനിസ്റ്റുകൾക്കു ഉത്തരമില്ല ;ഭൂമിയിൽ നല്ല പെണ്ണുടലും പെണ്ണഴകും ഇല്ലാഞ്ഞിട്ടാണോ ഇയാൾ ലിംഗപരിണാമപ്പെട്ടു സ്ത്രീയായി വന്നു കുട്ടിയെയുമിട്ടു കടന്നു കളഞ്ഞത്. ഇത് ഭൂമിയിൽ ആദ്യത്തെ സംഭവമൊന്നുമല്ല . പണ്ട് ദേവലോകത്തു നർത്തന പാഠശാലനടത്തിയിരുന്ന ഒരുവൾ അദർ ഡ്യൂട്ടി അഥവാ ഡെപ്യൂട്ടേഷനിൽ വന്നു താപസിയെ വിരട്ടി കുട്ടിയെയുമിട്ടു ദേവലോകത്തു മടങ്ങിച്ചെന്നു.അന്ന് അമ്മത്തൊട്ടിലും ലോകായുക്തയുമില്ലാതിരുന്നതുകൊണ്ടു പ്രാണികളും പറവകളും ചേർന്ന് കുട്ടികളെ വളർത്തിയെടുത്തു .
പറഞ്ഞു കൊണ്ട് വന്നത് മോഹിനി എന്ന അറുവഷളൻ ആണിന്ദ്രിയാധിപത്യ സങ്കല്പത്തെ കുറിച്ചാണ്.കേരളത്തിന് അതിന്റെതായ തനതു പെൺനൃത്തരൂപം വേണമെന്നാഗ്രഹിച്ചവർ അതിനായി പുരാണത്തിൽ നിന്ന് വിഷ്ണുവിന്റെ അറുവഷളായ പെൺപ്രതിരൂപത്തെ തന്നെ തെരഞ്ഞെടുത്തു എന്നിടത്ത് തന്നെ സ്ത്രൈണ നൃത്തത്തിന്റെ സവർണ്ണവൽക്കരണം ആരംഭിക്കുന്നു . തമിഴ്‌നാട്ടിലെ ദേവദാസി ഒരു ദുരന്ത കഥയാണെന്നും ഭരതനാട്യത്തിന്റെ ദൈവിക പരിസരം ബ്രാഹ്മണ്യമാണ് എന്നും ഇന്ന് എല്ലാവരും സമ്മതിക്കുന്നു .കേരളത്തിന്റെ കൊലകൊമ്പൻ കഥകളികൊണ്ടുള്ള ഉപയോഗം നമ്പൂതിരിക്ക് ഒന്നോ രണ്ടോ കോഴ്സ് നേരമ്പോക്കിന് സമയം കിട്ടും എന്നതാണ് എന്നു വി .കെ .എൻ പറയുന്നതിന് മുൻപുതന്നെ സി .ജെ ഇത് പോലൊരു ദൃശ്യകലാഭാസം ഈ ലോകത്തുണ്ടായിട്ടില്ല എന്ന് പറഞ്ഞു കഴിഞ്ഞതാണ് ; drapery-ഉം ഡ്രസ്സ്കോഡും മുഖംമൂടിച്ചായവും അതിനിടയിൽ ഇത്തിരി സുഖമുള്ള പാട്ടുo സംഗീതവും അല്പം സാഹിത്യവും— ഫോർമലിസം കൊണ്ട് ദൃശ്യ കലാ ചൈതന്യത്തെ ക്രൂരമായി വരിഞ്ഞു കെട്ടുന്ന ഈ അഭ്യാസം ആസ്വദിക്കുന്നതിനു ഒരു വിശ്രമ വർഗ പരിശീലന കളരി തന്നെ വേണം . പണ്ട് അണ്ടനും അടകോടനുമൊക്കെ കഥകളി ആട്ടം തുടങ്ങിയപ്പോൾ മേജർ സെറ്റു കഥകളി ഒന്ന് കണ്ടു മുഴുമിച്ചതിന്റെ ഷഡ്കാല മുഷിവിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല . feudalism കൊണ്ട് മനുഷ്യന് ഗുണങ്ങളും ദോഷങ്ങളുമുണ്ടായിട്ടുണ്ട് പക്ഷെ കേരളത്തിന് ഫ്യൂഡൽ പൈതൃകത്തിൽ നിന്ന് ലഭിച്ച ഘോര ദുര്യോഗമാണ് കഥകളി — ഷെഫിനെ ചക്രവർത്തിയും നിസ്വനും കാട്ടാളനും കലിയും ഒക്കെ ആക്കി ബഹുരൂപങ്ങളാക്കുന്ന അപാര കാവ്യ സംസാരത്തിനു ഉല്പത്തികൊടുത്ത ഉണ്ണായി എന്നതൊഴിച്ചാൽ – ഒരു മഹാവിപത്തു തന്നെയാണ് കഥകളി. മലയാളിയുടെ ഫ്യൂഡൽ സവർണ്ണ ബോധധാരയിലെ അക്രമം എന്നതിൽ കവിഞ്ഞു ഒന്നുമല്ല അത് .കുട്ടിക്കാലത്തു കാക്കാരശ്ശി നാടകം കണ്ടിട്ടുണ്ടായിരുന്നു ; അതിൽ നൃത്തവും പാട്ടും ഹാസ്യവുമെല്ലാമുണ്ട് . അതിലെ കുറവന്റെ നൃത്തം അവസാനമായി കണ്ടത് തിരുവനന്തപുരത്തു ഒരു ടൗൺ ഹാളിൽ വച്ചായിരുന്നു ; അത് നാടകമാണ്, വിമർശനമാണ്, സംഗീതമാണ് ,മലയാളമാണ് തമിഴാണ് –ആകെ ദ്രാവിഡം അതിനേക്കാൾ ഒക്കെ ഉള്ളിൽമുഴങ്ങുന്നതു കാക്കാന്റെ നൃത്തമായിരുന്നു . നൃത്തമവസാനിച്ചു കഴിഞ്ഞു കുറവനെ കണ്ടപ്പോൾ പറഞ്ഞത് മണ്ണായിരുന്നു വേണ്ടിയിരുന്നത് .ഇപ്പോൾ വിരലുകളിൽ നിന്ന് ചോര പൊടിയുന്നു എന്നാണ്.
മോഹിനിയാട്ടം, തിരുവാതിരക്കളി, മാർഗ്ഗം കളി ഇത്രയുമൊക്കെ വല്യമ്പ്രാന്മാർക്കുവേണ്ടിയുള്ള ആട്ടത്തിനു പാകപ്പെടുത്തിയ കേരളീയ ഇനങ്ങളായിരുന്നു . ഫ്രോയിഡിന് anal ഇറോട്ടിസിസത്തിന്റെ മഹാവ്യാപ്തിയെപ്പറ്റി ബോധമുദിച്ചതു കേരളത്തിലെ തിരുവാതിരക്കളി കണ്ടിട്ടാവണം എന്ന് ഒരു വിരുതൻ പറഞ്ഞതോർക്കുന്നു.ഇറോട്ടിസിസം കലയുടെ ഭാഗമാണ് .പക്ഷെ കേരള നാട്യകല ഭരതനാട്യം മുതൽ മോഹിനിയാട്ടം വരെ ഇറോട്ടിസിസത്തിന്റെ സവർണ്ണ വ്യാഖ്യാനമാണ് . അതുകൊണ്ടു സത്യഭാമയും രാമകൃഷ്ണനും ഗോപി ആശാനുമൊക്കെ ധരിച്ചിരിക്കുന്നത് പോലെ അവരുടെ ശരീരത്തിന്റെ സവർണ്ണവൽക്കരണത്തിനുള്ള സങ്കേതമല്ല,കേരളദൃശ്യകല.കുറവന്റെ നൃത്തചവിട്ടുതാളം ഇപ്പോഴും നെഞ്ചിൽ വന്നിടിക്കുന്നു.കുറവന്റെ കാൽ വിരലുകളിലെ പൊടിമണ്ണും ചോരയും തുടച്ചു കൊടുക്കുക
Q കേരള കലാമണ്ഡലമൊക്കെ കാലോചിതമായി മാറാൻ ശ്രമിക്കുന്നതായി തോന്നുന്നില്ലേ?
A കേരള കലാമണ്ഡലത്തിൽ കാക്കരശ്ശി നാടകം പഠിപ്പിക്കുമോ ; ക്ഷേത്രേതര നാടൻ കലാവാദ്യങ്ങൾ പഠിപ്പിക്കുമോ , സെക്കുലർ എന്ന് പറയാവുന്ന ഏതെങ്കിലും മലയാള കലാരൂപങ്ങൾ പഠിപ്പിക്കുമോ — അത് പോട്ടെ ഹൈന്ദവേതര മതബദ്ധകലാരൂപങ്ങളായ മാർഗ്ഗം കളിയോ ചവിട്ടുനാടകമോ ദഫ്മുട്ടു കളിയോ പഠിപ്പിക്കുമോ.നമ്മൾ ജീവിക്കുന്നത് മതേതര യുഗത്തിലാണെന്നു പറയുകയും പഴയ സവർണ്ണ ബ്രാഹ്മണ്യത്തിന്റെ അഴകാന ദൃശ്യ കലാരൂപങ്ങളെ മാത്രം അഭ്യസിപ്പിക്കുകയും ചെയ്യുന്ന ഈ ക്ഷേത്രകലാ പുനരുദ്ധാരണ സർവകലാശാല പോലെ ഒരിടത്തു ചേർന്ന് വൈഷ്ണവ മോഹിനിരൂപമാവാൻ മോഹിച്ചു കറുത്ത ശരീരത്തിൽ ചായം പുരട്ടിയിട്ടും വേണ്ടപോലെ വെളുക്കാഞ്ഞു പോയവന്,മോഹിനിയെയും മോഹിനിയാട്ടത്തെയും നിഷേധിക്കാൻ കഴിയാത്ത മോഹഭംഗം സംഭവിച്ച സവർണ്ണ തരുണീ ശരീരം സ്വപ്നം കണ്ടു നൃത്തം ചെയ്യുന്നവന് ,കറുപ്പിന്റെഅഴകിനെപ്പറ്റി സംസാരിക്കാൻ എന്താണവകാശം? ക്ഷേത്രകലകളുടെ വൈഷ്ണവാതിശയം പഠിപ്പിക്കുവാൻ വേണ്ടി പ്രവർത്തിക്കുന്ന യുണിവേഴ്സിറ്റിയെ വൈഷ്ണവക്ഷേത്രകലാ യുണിവേഴ്സിറ്റി എന്ന് വിളിക്കുന്നതിന് പകരം കേരള കലാമണ്ഡലം എന്ന് പറയുകയും കേരളകല എന്നാൽ ബ്രാഹ്മണ്യ മതാധിഷ്ഠിത ക്ഷേത്രകല മാത്രമാണെന്ന് സ്ഥാപിക്കുവാൻ ഖജനാവിൽ നിന്ന് പണം മുടക്കുകയും ചെയ്യുന്നത് നെറികേടാണ് . എല്ലാ നാഗരികതയുടെയും കലാപൈതൃകം folk ആണ് ക്ലാസിക്കൽ അല്ല. ഇത്തരം ജനാധിപത്യ വിരുദ്ധഇടങ്ങളിൽ കടന്നു കയറി സ്വയം അന്തണവൽക്കരണത്തിനു ശ്രമിക്കുന്നവരും അടുത്തജന്മമെങ്കിലും അന്തണനായി ജനിച്ചുവെങ്കിൽ എന്ന് ഉൽപ്രേക്ഷിക്കുന്ന നടനും തമ്മിൽ എന്താണ് വ്യത്യാസം ? പ്രതിഷേധിക്കാനാണത്രെ മൈക്കിൾ ജാക്സൺ ഉടലിന്റെ തൊലിവെളുപ്പിച്ചു സംഗീതത്തെ ആഭിചാര ക്രിയാമണ്ഡലമാക്കിത്തീർത്ത് സലിം കുമാറായി പുനർജ്ജനിച്ചത് . ജെസ്സീ ഓവൻസിനെ ഓർമിക്കുക കറുമ്പൻ ചാടിയതു ഹിറ്റ്ലറുടെ നെഞ്ചിൽ അയാളുടെ വാരിയെല്ലുകൾ ഒടിച്ചു കൊണ്ടാണ് .
Q കലാമണ്ഡലത്തിൽ ആൺ കുട്ടികൾക്ക് മോഹിനികളാകാൻ അവസരം നൽകുന്നുണ്ട് ഒരു മാറ്റമായി നിരീക്ഷിക്കപ്പെടുന്നുണ്ടല്ലോ?
A കലാമണ്ഡലത്തിൽ ആൺ കുട്ടികൾക്ക് മോഹിനികളാകാൻ അവസരം നൽകുമ്പോൾ അദ്‌ഭുതകരമായ വിപ്ലവത്തിന്റെ ഇടിമുഴങ്ങുകയാണ്. പക്ഷെ ലിംഗ പരിണാമിയായ (മോഹിനി) വിഷ്ണു ആകുന്നു ട്രാൻസ്‌ജൻഡറുകളുടെ ആർക്കിടൈപ്പ് അഥവാ പ്രാങ് രൂപം !ആ സ്ഥിതിക്ക് കലാമണ്ഡലത്തിൽ മോഹിനി വേഷമാടുമ്പോൾ പ്രമുഖ പരിഗണന ലഭിക്കേണ്ടത് ട്രാൻസ്‌ജൻഡറുകൾക്കാണ്. ജീവിതത്തിന്റെ പൊതു സ്ഥലങ്ങളിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട ട്രാൻസ്ജെൻഡറുകൾക്കു ചരിത്രപരമായി അവകാശപ്പെട്ട സ്ഥലമാണ് മോഹിനി. ജീവിതത്തിന്റെ എല്ലാ സ്ഥലങ്ങളിലും മാറ്റ് തെളിയിച്ച ട്രാൻസ് ജൻഡേഴ്സിന് ,മോഹിനിവേഷത്തിലെന്നല്ല ഏതു നൃത്തവേഷത്തിലും വേഷം കെട്ടി ആൺ -പെൺ മായമൃഗങ്ങളെക്കാൾ മികവോടെ നൃത്ത രംഗത്ത് ശോഭിക്കാൻ പറ്റും . എന്നിട്ടാണ് അവരെ പുറത്തു നിറുത്തിയിട്ട് ആണുങ്ങൾ അവരുടെ സ്ഥലം കൈ അടക്കുന്നത് !
Q പാരമ്പര്യ നൃത്തരൂപങ്ങൾക്ക് ചരിത്രപരമായ പരിണാമങ്ങൾ ഉണ്ടായിട്ടുണ്ടോ?
A നൃത്തം കലാമണ്ഡലത്തിനകത്തുമാത്രമുള്ള കലാരൂപമായതെന്നാണ് ? അവിടെ അഭ്യസിപ്പിക്കുന്നതുമാത്രമാണ് നൃത്തമെന്നാരു പറഞ്ഞു? ബാലെ എന്ന പുണ്യപുരാണ അത്യാഹിത നൃത്തത്തെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആക്കുന്നതിനു മുൻപ് വലിയൊരു കാലം നമുക്ക് സാമൂഹ്യനൃത്ത നാടകങ്ങളുണ്ടായിരുന്നു. വാഴക്കുല , ആയിഷ,രമണൻ, മുംതാസ്,(കലാമണ്ഡലം ഗംഗാധരൻ ) തുടങ്ങിയ സോഷ്യൽ നാടകങ്ങൾ തൊണ്ണൂറു ശതമാനവും നൃത്തപ്രധാനങ്ങളായിരുന്നു .പിന്നെ സിനിമയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നൃത്തപ്രധാനമായ രംഗങ്ങളെ തന്നെ തകർത്തു കളയുന്നുണ്ട്-പ്രാകൃതകാലത്തെ കൂട്ടലൈംഗികവേഴ്ചയുടെ വംശീയഓർമയെ ത്വരിപ്പിക്കുന്ന സംഘനൃത്തങ്ങൾ. അടുത്തകാലത്ത് നൃത്തത്തിന്റെ സ്വാഭാവിക നാടകം ”ദൈവത്തിന്റെ നഗരത്തിലെ” (സിറ്റി ഓഫ് ഗോഡ് – ലിജോയുടെ സിനിമ)തിരുട്ടു ഗ്രാമത്തിലാണ് കണ്ടത് . അത് സിനിമ കൊറിയോഗ്രഫിയുടെ മാമൂലുകളെ പരിഹസിക്കുന്നതായി തോന്നി . അത് പോലെ വാദ്യത്തിന്റെ സംഘ നൃത്തം കണ്ടത് ആമേനിലും.നൃത്തം എന്തിനു, നെയ്യാണ്ടിമേള സമന്വിതമായ ഡപ്പാം കൂത്ത് പോലും വരേണ്യ നൃത്തകലയ്ക്കുള്ള നാടൻ മറുപടി ആണ് ! ഇവിടെ നിങ്ങൾ ആണിനും പെണ്ണിനും ബ്രാഹ്മണ മതാത്മക ക്ഷേത്ര കലകളുടെ ക്യാപ്സ്യൂളുകൾ വിഴുങ്ങാൻ കൊടുത്തു കുട്ടികളെ നശിപ്പിക്കുകയാണ്.ആണിന് വേണ്ടുന്ന വരേണ്യക്ഷേത്രകലയുടെ ക്യാപ്സ്യൂൾ പെണ്ണിനും പെണ്ണിനു വേണ്ടുന്ന വരേണ്യ ക്ഷേത്രകലയുടെക്യാപ്സ്യൂൾ ആണിനും കൊടുക്കുന്നത് കൊണ്ട് പൊതു സമൂഹത്തിനു ഒരു പ്രയോജനവുമില്ല .ഒരു കാലത്തു അനാർക്കലി വാസുദേവനൊക്കെ ഭംഗിയായി ചെയ്ത കാര്യമാണ് ഈ ആൺ പെൺ റോൾ മാറ്റം ! ചില ഡാൻസ് സ്കൂളുകൾക്കെങ്കിലും ഈ ദേവസ്വം ബോർഡ് കഥകളി യോഗത്തെക്കാൾ സാമൂഹ്യമായ പ്രയോജന ക്ഷമതയുണ്ട്. ഈ വരേണ്യവർഗ്ഗക്ഷേത്രകലാകൂടം ദേവസ്വംബോർഡിനോ മറ്റൊവിട്ടുകൊടുക്കുക .ഒരു സെക്യൂലർ സമൂഹത്തിൽ അഹിന്ദു കലകൾക്ക് പ്രവേശനമില്ലാത്ത ഈ അച്ചു കൂടത്തിനു സർക്കാർ ചെലവിൽ നില നില്ക്കാൻ അർഹതയില്ല.അഹിന്ദു കലകൾക്ക് പ്രവേശനമില്ലാത്ത കല്പിത സർവകലാശാല!!
Q എല്ലായിടത്തു നിന്നും സെക്യുലറിസം ഇല്ലാതാകുകയാണല്ലോ?
A എന്താണ് മതനിരപേക്ഷത? മതത്തെ പൊതു ജീവിതമണ്ഡലത്തിൽ നിന്ന് ഒഴിവാക്കി നിർത്തുക എന്ന രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്നാണ് സെക്യുലറിസം എന്ന മതനിരപേക്ഷത എന്ന ആശയം രൂപം കൊള്ളുന്നത്.ഇന്ത്യൻ സാഹചര്യങ്ങളിൽ മതനിരപേക്ഷത ഒരു അലങ്കാരപ്രയോഗം മാത്രമായിത്തീരുമെന്നു അറിയുന്നത് കൊണ്ടാണ് അംബേദ്കറും നെഹ്രുവും ഭരണഘടനയിൽ നിന്ന് ആ പദം ഒഴിവാക്കിയത്.ആ വാക്കിന്റെ ചരിത്രപരമായ മൂല്യത്തെ തന്നിഷ്ടം പോലെ അളക്കാമെന്നുള്ള അവിവേകചിന്തയാണ്, പിന്നീട് സെക്യൂലറിസത്തെ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നത്.അതുകൊണ്ടാണ് സെക്കുലറിസം എന്താണ് എന്ന് കൃത്യമായി ഇന്ത്യൻ ഭരണഘടനയിൽ നിർവചിക്കപ്പെടാതെ പോയത്. ഭിന്നമതങ്ങൾ തമ്മിലുള്ള സൗഹാർദ്ദമല്ല, മറിച്ചു പൊതു ജീവിതത്തിലെ അധികാരനിർണ്ണയപദ്ധതിയായ രാഷ്ട്രീയമുൾപ്പടെയുള്ള എല്ലാ മണ്ഡലങ്ങളിൽ നിന്നും മതം ഒഴിവാക്കപ്പെടണം എന്നാണ് അതിന്റെ അർഥം. ഇപ്പോൾ പൗരത്വത്തെ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം മതമാകാൻപാടില്ല എന്ന് മതാധിഷ്ഠിത ഭരണകൂടങ്ങൾ പോലും പറയാൻ നിർബന്ധിതമായിരിക്കുന്ന സാഹചര്യം ഉണ്ടാവുകയാണ്.
എന്നാൽ പ്രൊട്ടസ്റ്റന്റുകളെ വിദേശത്തേക്കോടിച്ച കത്തോലിക്കൻ രാഷ്ട്രീയത്തെയും കുരിശുയുദ്ധങ്ങളെയും വീണ്ടെടുക്കുന്ന മാതൃകയിൽ പൊതുസമൂഹരാഷ്ട്രീയത്തിൽ മതം കാൻസർ പോലെ വളർന്നു വ്യാപിക്കുകയാണ്. ജാതിയോ മതമോ എന്തോ ആകട്ടെ മനുഷ്യനാണ് പ്രധാനം എന്ന മതനിരപേക്ഷ സന്ദേശം രൂപംകൊണ്ട കേരളത്തിൽ പ്രാർത്ഥിച്ചു കൊണ്ടല്ല സംഘടിച്ചു കൊണ്ടാണ് നമുക്ക് ശക്തരാവാൻ കഴിയുക എന്ന സന്ദേശം ഉച്ചത്തിൽ മുഴങ്ങിയ സംസ്ഥാനത്തു ആരാധനാലയങ്ങൾക്ക് സർക്കാർവക ഭൂമി പതിച്ചു കൊടുക്കാൻ സർക്കാർ തയ്യാർ ആവുമ്പോൾ മതം പൊതു ജീവിതത്തിന്റെ കരകൾ തിന്നു തുടങ്ങിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.പൊതുമുതൽ കോർപ്പറേറ്റുകൾക്കു അടിയറവയ്ക്കുമ്പോൾ രാജ്യം ഇല്ലാതായിത്തീരുന്നുവെന്ന വസ്തുതമറച്ചു പിടിക്കാൻ പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന നിയമം കൊണ്ടുവരുമ്പോഴുണ്ടാവുന്ന ജനകീയ പ്രകോപനം അവസരം ഒരുക്കുന്നു ;എന്നത് പോലെ രാജ്യത്തെ മതവർഗീയ ശക്തികൾക്കുള്ള ആരാധനാസ്ഥലങ്ങളായി മാറ്റുന്നതിനും പൗരത്വമതഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം ഒരു മറയായിത്തീരുന്നു.എല്ലാ മതവിഭാഗങ്ങൾക്കും പൊതുസമൂഹത്തിന്റെ ഭൂമി ഉദാരമായി പതിച്ചു കൊടുക്കുന്നിടത്തും രാമക്ഷേത്രനിർമാണവും അതിനൊപ്പം അന്യമതസ്ഥർക്കു അഞ്ചു ഏക്കർ ഭൂദാനവും നിർവഹിക്കുന്നിടത്ത് മതേതരത്വമില്ല .
നമുക്കിനി അരാധനാലയങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടത് എന്ന് പറഞ്ഞ ഒരു പ്രസ്ഥാനം ജീവിച്ച ഭൂതലത്തിൽ വിദ്യാഭ്യാസം മത ജാതിവർഗീയ സ്ഥാപനങ്ങൾക്കായി പങ്കു വച്ച് കൊടുത്തിരിക്കുന്ന നിസ്സഹായാവസ്ഥയെയും മതേതരത്വം എന്ന് വിളിക്കാനാവില്ല.പൊതു ജീവിതത്തിന്റെ കരയിലേക്ക് അരിച്ചു കയറുകയും പിടിമുറുക്കുകയും ചെയ്യുന്ന മതാധികാര ശക്തികൾക്ക് നമ്മുടെ സംസ്കാരത്തെ ഒറ്റുന്ന പ്രവർത്തനമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.
Q ഡിജിറ്റൽ മുതലാളിത്തത്തെ വരവേല്ക്കാനായി അവതരിച്ച ഉത്തരാധുനിക ആശയ പരിസരത്ത് രൂപം കൊണ്ട കർതൃത്വത്തിൻ്റെ മരണവും ബഹുപാഠ നിർമ്മിതിയും ഇല്ലാതാക്കാൻ ശ്രമിച്ചത് നവോത്ഥാനകർതൃത്വം മാത്രമായിരുന്നല്ലോ? രാമായണ വായനകളെ ഉദാഹരിച്ചാൽ വാല്മീകിയുടെ മനുഷ്യനായ രാമനെ കൊലപ്പെടുത്താനും പല രാമായണങ്ങളെയും പല രാമന്മാരെയും ഉയർത്തിക്കൊണ്ടുവരുവാനുമല്ലേ ഇവിടുത്തെ ഇടതെന്നു പറയുന്നവർ ഉൾപ്പെടെയുള്ള എഴുത്തുകാർ ശ്രമിച്ചത്?
A ആദി കവി വാല്മീകി ,ആദി കാവ്യം രാമായണം എന്നൊക്കെ പാടിക്കൊണ്ട് നടന്നവർ ഇന്നു വാല്മീകിയെ അപ്രസക്തമാക്കുന്ന അനേക രാമായണ പാഠങ്ങൾ അനേക കാലങ്ങളിൽ അനേക സ്ഥലികളിൽ ഉണ്ടായി എന്ന് പറഞ്ഞു രാമഭക്തഹനുമാനെ ലജ്ജിപ്പിക്കുന്ന രാമവിധേയത്വം പ്രദർശിപ്പിക്കുകയാണ്.വാല്മീകിയെ കൊന്നിട്ടായാലും രാമനെ രക്ഷിപ്പിൻഎന്നതാണ് അവരുടെ നിലപാട്.വാല്മീകിരാമായണം,ചരിത്രമാണ്. വൈദികനാഗരികതയുടെ വസ്തുനിഷ്ഠമായ ആഖ്യാനമാണ്. പിതൃവാഴ്ചാവ്യവസ്ഥയുടെ ധർമ്മശാസ്ത്രം യുവത്വത്തെ മാനസികമായി അടിമവൽക്കരിക്കുമ്പോഴുണ്ടാവുന്ന നൈതിക പ്രതിസന്ധിയിൽ നിന്നാരംഭിക്കുന്ന വാല്മീകിരാമായണത്തിൽ രാഷ്ട്രീയ പിന്തുടർച്ചാവകാശത്തിന്റെ ന്യായ ശാസ്ത്രങ്ങളും ഭ്രഷ്ടിന്റെയും ശുദ്ധിയുടെയും അശുദ്ധിയുടെയും ന്യായ മീമാംസകളും വംശീയ യുദ്ധങ്ങളുടെ ധാർമിക യുക്തികളുമെല്ലാം വിമർശിക്കപ്പെടുന്നുണ്ട്.
ഒരിക്കൽ കൂടി ശുദ്ധി തെളിയിച്ചാൽ എന്റെ രാജ്യത്തിൽ എന്റെ ഭാര്യയായി കഴിഞ്ഞു കൂടാം എന്ന് പറയുന്ന രാമനോട് രാമനും രാമരാജ്യവും എനിക്ക് വേണ്ട എന്ന് പറഞ്ഞുകൊണ്ട് ഭൂമിപിളർപ്പുകളിലേക്കു മറയുന്ന വാല്മീകിയുടെ സീത എന്നും ഭാരതീയ സംസ്കാരത്തെ പിടിച്ചു കുലുക്കുന്ന ഒരു സാംസ്കാരികാഘാതമാണ്. വാല്മീകിരാമായണത്തിലെ സീത തള്ളിക്കളഞ്ഞ രാമനെയും രാമരാജ്യത്തെയും രാമജന്മഭൂമിയുടെയും രാമക്ഷേത്രത്തിന്റെയും രൂപത്തിൽ ആധുനിക ഭാരതത്തിന്റെ നെഞ്ചിൽ ഉരുട്ടിക്കയറ്റുന്ന ഒരു രാഷ്ട്രീയത്തിന് മുൻകൈ ഉണ്ടാവുന്ന അവസ്ഥയിലേക്ക് ഇന്ത്യൻ നാഗരികത നിലം പതിച്ചിരിക്കുന്നു .മതനിരപേക്ഷതയുടെ അർദ്ധജാഗരത്തിൽ നിന്ന് മതവർഗീയയുടെ ദുസ്സ്വപ്നങ്ങളിലേക്കുള്ള ഭയാനകമായ പതനം.ആരെ മുൻനിറുത്തി അധികാരം പിടിച്ചെടുക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമായി ഹിന്ദുത്വ വാദികൾ ഉയർത്തിപ്പിടിക്കുന്നത് രാമനെയാണ് എന്നതാണ്. നിരാസത്തിന്റെയും രാമരാജ്യനിരാസത്തിന്റെയും രാഷ്ട്രീയം ഉച്ചരിക്കുന്ന വാല്മീകിയെ മറി കടക്കാൻ ആണ് അനേകരാമായണ വായനകളുടേയും ബഹുപാഠങ്ങളുടെയും ആൾക്കൂട്ടത്തിൽ എഴുത്തുകാർ ഇറങ്ങിത്തപ്പുന്നത്.
രാമൻ ശ്രേഷ്ഠനോ പുണ്യവാനോ എന്നതല്ല ഇവിടത്തെ പ്രശ്നം;രാമൻ ഇന്ത്യൻ ചരിത്രത്തെ ദുരിത പൂര്ണമാക്കുന്ന ഒരു രാഷ്ട്രീയ പ്രമേയമാണ് എന്നതാണ് ഇന്ത്യയുടെ ദുഃഖം; രാമന്റെയും രാമരാജ്യത്തിന്റെയും പ്രസക്തിസ്ഥാപിച്ചെടുക്കാൻ വേണ്ടി ഇന്ത്യയിൽ അസൂത്രണം ചെയ്യപ്പെട്ട കുടില രാഷ്ട്രീയമാണ് ഇന്ത്യയുടെ ദുഃഖം; . വാല്മീകിയുടെ രാമനെ മാറ്റിനിർത്തിക്കൊണ്ടു രാമന് രാഷ്ട്രീയ ബഹു പാഠങ്ങൾ നിർമിച്ചു ജനാധിപത്യത്തെ ഖണ്ഡിക്കുക എന്ന ചരിത്രപാതകമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി ; പുതിയ കാലത്തിന്റെ ആദർശ രാഷ്ട്രീയ പ്രമേയമായി പൊക്കിയെടുത്തു കൊണ്ട് വന്ന രാഷ്ട്രീയ രാമപാഠങ്ങൾ ഇന്ത്യയോട് എന്ത് ചെയ്തു കൊണ്ടിരിക്കുന്നതു എന്നതാണ് പ്രസക്തമായ ചോദ്യം. വാല്മീകിയുടെ രാമന് ബഹുപാഠങ്ങളുണ്ട് എന്ന വസ്തുതയോടോ രാമന് വാല്മീകി കൂടാതെ പിതാക്കന്മാർ പലതാണ് എന്ന വാദത്തോടോ കലഹിക്കേണ്ടകാര്യമില്ല . കാരണം എല്ലാ വിശിഷ്ടകൃതികൾക്കും പുനരാവിഷ്കാരങ്ങളോ പുനർ വായനകളോ ഉണ്ടായിട്ടുണ്ട് , ചരിത്രത്തിൽ എന്നും തുടിച്ചു കൊണ്ടിരിക്കുന്ന കൃതിക്ക് അങ്ങനെ പ്രതികരണങ്ങൾ സംഭവിച്ചു കൊണ്ടിരിക്കും; പെണ്ണിന്റെ ചോരയൊഴുകുന്ന മാർത്തടവും വിദ്യ ചോദിക്കുന്നവന്റെ കഴുത്തറ്റ ശിരസ്സും ബഹുപാഠങ്ങളുടെയും പുനർ വായനകളുടെയും ന്യായസൂക്തങ്ങൾ കൊണ്ട് മൂടിപ്പുതച്ചു വയ്ക്കാനാവില്ല എന്നതിനാലാണ് കുമാരനാശാന്റെ സീത എനിക്കെന്തിന് രാമാ നിന്റെ രാജ്യവും സഹശയനവും എന്ന ചോദ്യത്തിന്റെ മൗനത്തിൽ അവളെ അവസാനിപ്പിക്കുന്നത്.
ആശാന്റെ സീതയുടെ രാമരാജ്യ നിരാസം വാല്മീകിയുടെ കാവ്യത്തിന്റെ ധമനികൾ ജ്വലിപ്പിക്കുന്നതു; അതിൽ പൊതുവായ ഒരു രാഷ്ട്രീയനീതിബോധത്തിന്റെ ദൃഢ നിശ്ചയങ്ങളുണ്ട് ; എന്തിനയെ ഈ രാമ സ്വരാജ്യം എന്ന് കുമാരനാശാൻ ചോദിക്കുമ്പോൾ ബഹുപാഠങ്ങളുടെയും പുനർവായനയുടെയും കൂമ്പാരങ്ങൾ പൊടിഞ്ഞു വീഴുകയാണ് . അവിടൊന്നും കർത്താവായ ഒരു ചരിത്രസാനിധ്യവും മരിച്ചു പോവുന്നില്ല ബാർത്തു സായിപ്പെ ; എന്തെന്നാൽ കർത്താവ് എന്നത് ചരിത്രത്തിന്റെ ഉപ്പാണ് ; ഭൂമിയുടെ ഉപ്പാണ് . ആത്മനിഷ്ഠ പാഠ നിർമ്മിതികളിലും പുനർവായനകളിലും അർഥം മാറ്റിവയ്ക്കപ്പെടുന്നിടത്തു മരിക്കുന്നതു ചരിത്രത്തിൽ വേര് പടർത്തിക്കിടക്കുന്ന വാല്മീകിമാരല്ല രാമക്ഷേത്രനിർമ്മാണ കുരുതികൾക്കു അനേകരാമായണ വായനകളിൽ നിന്ന് യുക്തി കണ്ടെത്തുവാൻശ്രമിക്കുന്നവരുടെ സ്വാർത്ഥങ്ങളാണ്
രാമനെയും രാമരാജ്യ രാഷ്ട്രീയ വാദത്തെയും തള്ളി പറയാനാവാത്തവർ വാല്മീകിയെ അനായാസം തള്ളിപ്പറയുകയും അതിലും കേമൻ രാമായണങ്ങൾ വേറെ ഉണ്ട് എന്നും രാമൻ ഒന്നല്ല പലതാണ് ബഹുപാഠനായകത്വമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. തള്ളിപ്പറയേണ്ടത് വാല്മീകിയെ ആണോ രാമരാജ്യ രാഷ്ട്രീയ വാദിയായ ഗാന്ധിജിയെ ആണോ എന്നിടത്തു എത്തുമ്പോൾ നമ്മുടെ അസ്തിത്വ ദുഃഖപൂവാലന്മാരായ പുരോഗമന സാഹിത്യകാരൻമാർ വാല്മീകിയെ തള്ളിക്കളഞ്ഞുകൊണ്ടു ബഹുപാഠയുക്തിയിൽ അഭയം പ്രാപിക്കുന്നു.വാല്മീകി എന്ന കർത്താവ് മരിക്കേണ്ടത് രാമക്ഷേത്രവാദികളുടെ ആവശ്യമാണ്; വാല്മീകിമരിക്കുന്നില്ല അതുകൊണ്ടു ബഹു പാഠ വിദ്യ പ്രയോഗിച്ചു അവർ വാല്മീകിയെ കൊല്ലുന്നു. ഏഴു നള പാഠങ്ങൾ നിർമിച്ചു നളനെ deconstruct ചെയ്ത മാതൃക തന്നെയാണ് ഇവിടെയും അവലംബിക്കുന്നത്.
Q ആശാൻ്റെ സാഹിത്യകൃതികളെയും സ്തോത്രകൃതികളെയും പഠിച്ചിട്ടുണ്ടല്ലോ.നാരായണ ഗുരുവിൻ്റെ കാവ്യദർശനം എന്തായിരുന്നു?
A ഗുരുവിന്റെ കവിതകളിലൂടെ ഗുരുവിനെ വ്യാഖ്യാനിക്കുവാൻ ശ്രമിക്കുന്നവർ,പ്രാഥമികമായി അറിയേണ്ടത് പ്രപഞ്ചാസ്തിത്വകാരണ തത്വചിന്തയും സാമൂഹ്യ തത്വചിന്തയും തമ്മിലുമുള്ള ഗഹനമായ സംശ്ലേഷണമാണ്, അദ്ദേഹത്തിന്റെ ദാർശനിക വ്യക്തിത്വം എന്ന വസ്തുതയാണ് . ഇന്ത്യൻ ദാർശനിക മണ്ഡലത്തിൽ നിങ്ങൾ ഗുരുവിനെ അടയാളം ചെയ്യുന്നത് ഭൗതികവും സാമൂഹികവുമായ പരിസ്ഥിതിയ്ക്കഭിമുഖമായി ”ലോക- പ്രപഞ്ച പ്രവാഹത്തിലെ” മഹാപരിണാമത്തിന്റെ സൂചിമുനകളെ തിരിച്ചു നിർത്തിക്കൊണ്ട് ബ്രഹ്‌മാണ്ഡ മദ്ധ്യേ ഇതാ സാമൂഹ്യമനുഷ്യൻ എന്ന് വിളിച്ചു പറഞ്ഞ ക്രാന്തദർശി എന്നനിലയിലാണ് ; ഇതാ ഈഴവശിവൻ എന്നതിന്റെഅർത്ഥം ഇതാ സാമൂഹ്യമനുഷ്യൻ എന്ന് തന്നെയാണ്.
”അയലും” ”അപരനും” അവനും” അടങ്ങുന്ന സമൂഹത്തിന്റെയും ,-‘അക”ത്തിന്റെയും ”വെളിവായിക്കാണുന്ന” മഹാപ്രഞ്ചത്തിന്റെയും, ലയമാണ് ഗുരുവിന്റെ തത്വചിന്താദർശനം ”ഞാൻ ”എന്ന ഒന്നാം പുരുഷ സർവ്വനാമത്തിന്റെ സ്ഥാനത്തു ”അവൻ ”എന്ന മൂന്നാം പുരുഷ സർവ്വനാമമാണ് ഗുരു പ്രയോഗിക്കുന്നത്; അറിവിലുമേറെ അറിഞ്ഞിടുന്നവൻ ഞാനല്ല , നീയും ഞാനുമടങ്ങുന്ന അവനാണ്; സ്തോത്രകൃതികളിലെ ”എനിക്ക്” ‘മമ ” ”മാം ” എന്നിങ്ങനെയുള്ള പ്രയോഗം പോലും ”സ്വകാര്യലേഷു ”വാകാതെ ദുരിതാനുഭവത്തിന്റെ വർഗ്ഗസമൂഹ പ്രതിനിധാനമായിത്തീരുന്നു. ആത്മനിഷ്ഠമായ ഭൗതികാതീതമിസ്റ്റിക് ദുർജ്ഞേയതകളിലേക്കു മനുഷ്യപ്രജ്ഞയെ അന്യവൽക്കരിക്കുന്ന വൈദിക പ്രമാണങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ടു സാമൂഹ്യ പ്രാപഞ്ചിക നീതിപ്രമാണങ്ങളിലേക്കു പൊരുതിക്കയറുന്ന രക്തധമനികളുടെയും സിരാപടലങ്ങളുടെയും മുഴക്കം ഗുരുവിന്റെ വൈചാരികവും വൈകാരികവുമായ ജ്ഞാന സംയുക്തത്തിലുണ്ട്.
മനുഷ്യൻ വികാരവിഹീനനായിരിക്കണമെന്നോ ഇന്ദ്രിയ വൈരാഗ്യം എന്ന ഭോഷ്കിനെ ഗൗരവപൂർവം ഗണിക്കണമെന്നോ കവികരുതിയില്ല .കാമത്തിന് സർഗ്ഗാത്മകമായ ആഴം ഉണ്ടെന്നും അത് ഒരു മാനവിക വൈഭവമെന്നനിലയിൽ ഗുണവൃദ്ധി പ്രാപിക്കുമ്പോൾ അറിവിന്റെ വിശേഷാർത്ഥതരംഗങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പറയുവാൻ കവി ഭയപ്പെടുന്നില്ല ;വൈരാഗ്യ ദശകം, കാളീ നാടകം,ഷണ്മുഖസ്‌തോത്രം ,ജനനീനവരത്ന മഞ്ജരി ,ആത്മോപദേശ ശതകം കുണ്ഡലിനിപ്പാട്ടു,അർദ്ധ നാരീശ്വര സ്തവം , സുബ്രഹ്മണ്യ സ്തോത്രം തുടങ്ങിയകൃതികൾ ”ശിവ ”ത്തിന്റെയും ”സാംഖ്യ ”ത്തിന്റെയും സാമഗ്രികൾകൊണ്ട് സത്യമായ ഈ ജീവിതത്തിന്റെ സംഘർഷ പ്രശ്നങ്ങളെ മറകൾകൂടാതെ തന്നെ പ്രസാധനം ചെയ്യുന്നു .
Q ഗുരുവിലെ ദ്രാവിഡ പാരമ്പര്യത്തെയാണല്ലോ താങ്കൾ ഉയർത്തി കൊണ്ടുവരുന്നത്?
A ഗുരുവിന്റെ കവിത സാംഖ്യത്തിന്റെ വൈദിക വിരുദ്ധപക്ഷത്തു നിലയുറപ്പിച്ചുകൊണ്ടു ആദിമ ശിവ സ്രോതസ്സിൽനിന്നുൽപ്പന്നമാവുന്ന സാമഗ്രികളെ ഒക്കെയും പൗരാണിക ഭാരതീയ തത്വചിന്തയിലെ വൈദിക പരബ്രഹ്മ മഹിമകളെ പൊളിച്ചിറക്കുവാനുള്ള ഉപാധികളാക്കിത്തീർക്കുന്നു.ഗുരുവിന്റെ കൃതികളുടെ ഭക്തിവ്യാഖ്യാനവ്യാപാരം നടത്തി ഇന്ത്യൻ വൈദികതത്വചിന്തയ്ക്കു അനുബന്ധമെന്ന നിലയിൽ ഗുരു വിനെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ജ്ഞാനികളിൽ ഒരാൾപോലും ഗുരുവിന്റെ മുഖ്യ കവനങ്ങളൊക്കെയും ശിവകുല കേന്ദ്രീകൃതങ്ങളാണെന്ന വസ്തുത കാണുന്നില്ല.ഗുരുവിന്റെ ഗഹന കവിതകളിൽവൈഷ്ണവാവേശം ബോധപൂർവം അരികുവൽക്കരിക്കപ്പെട്ടിരിക്കുന്നു.
പരിഗണനാർഹം എന്ന് പറയാവുന്ന ഒരു വൈഷ്ണവ കൃതിയും ഗുരു രചിച്ചിട്ടില്ല .കാരണം ഭൗതികമണ്ഡലത്തിൽ മലയാള ബ്രാഹ്മണാധികാരവ്യവസ്ഥ വൈഷ്ണവമായിരുന്നു എന്നതു തന്നെയാവണം എന്തുകൊണ്ട് സാമൂഹ്യ മനുഷ്യനെ ഗുരു ശിവനെന്നു വിളിച്ചു ? ചണ്ഡാലനായ ഈഴവൻ എന്ന് വിളിച്ചു . എന്തുകൊണ്ട് ചണ്ഡാലനാവാൻ യോഗ്യൻ ശിവനാണ് വിഷ്ണുവോ രാമനോ കൃഷ്ണനോ അല്ല എന്ന് ഗുരു തീരുമാനിച്ചു ?ഗുരുവിന്റെ സ്തോത്രകവിതകൾ ശിവകുല കേന്ദ്രീകൃതമാവുന്നത്തിന്റെ യുക്തി ദ്രാവിഡമിത്തിലെ ശിവകുലവും പ്രകൃതിയും മനുഷ്യനുമായുള്ള സഹവർത്തിത്വമാണ്.ശിവം എന്നത് ദ്രാവിഡസാമൂഹികതയിൽ ലയിച്ചിരിക്കുന്ന ജീവന സത്തയാണെന്നും ,അത് തികച്ചും മാനവികമാണെന്നും, ശിവന്റെ അറുപത്തിനാല് ലീലകളിലെ മിത്തിക്കൽ അസംബന്ധാത്മകത വറ്റിച്ചു നോക്കിയാൽ അടിത്തട്ടിൽ ഊറിക്കൂടുന്നതു ചരിത്രമാണെന്നും വ്യക്തമാണ്.’
തരു പക്ഷികളോടും മൃഗങ്ങളോടുമെന്നപോലെ മനുഷ്യരോട് ശിവൻ പ്രതിപ്രവർത്തിച്ചു;സംഘസമൂഹങ്ങളോടും ബുദ്ധമതക്കാരോടും ചോള- പാണ്ഡ്യന്മാരോടും ശിവൻ സംവദിക്കുന്നുണ്ട്.,ശിവകുല സ്ഥലികളിൽധാർമികതയുടെ യുക്തി പ്രശ്നങ്ങൾ ഉയർത്തുന്ന ബുദ്ധനെ ഇകഴ്ത്തിക്കൊണ്ടുള്ള പരാമർശങ്ങൾ -പിതാവിനെക്കൊന്ന് അമ്മയെ വരിച്ചവന്റെ പാപ പരിഹാരത്തിന് ഇടപെടുന്നതു ഈഡിപ്പസ് ഇവിടെ പ്രകമ്പനമാവുന്നതിനും വളരെ മുൻപ്— ശിവലീലകളിൽക്കാണാം. അവയൊക്കെയും നീതി യുക്തങ്ങളാവണമെന്നില്ല എങ്കിലും ശിവനും ശിവകുലവും കേവലം പൗരാണിക ബോധമല്ല മറിച്ചു കാലത്തിന്റെ തുടിപ്പാണ്.പോരാട്ടത്തിന്റെ ഘോഷമാണ് .ശിവൻ തെറ്റായും ശരിയായും മനുഷ്യജീവിതത്തിൽ ഇടപെടുന്ന ഒരു സചേതനമായ പ്രക്രിയയും മിത്തുമാണ്;
Q ശിവൻ മാത്രമല്ല സുബ്രഹ്മണ്യനും ഗുരുവിൽ കാണുന്നുണ്ടല്ലോ?
A ശിവൻ ഭാരതീയാവബോധത്തിലാകെ വേരിറക്കിയിരിക്കുന്ന ഒരു പൗരാണിക വംശീയ വിശേഷിക ( arche type ) –ആണെങ്കിലും ശിവകുല പുത്രന്മാരിൽ കഷ്ടിച്ച് ഗണപതി മാത്രമേ തെക്കേ ഇന്ത്യൻ അതിർത്തികടന്നു മഹാരാഷ്ട്രയിലെങ്കിലും പ്രാമാണികതയാർജ്ജിക്കുന്നുള്ളൂ .മറിച്ചു തെക്കേ ഇന്ത്യ,– വിശേഷിച്ചും തമിഴ്നാട് — ഗണപതിയെ അതിരുവിട്ടു ഗൗനിക്കാതെ മുരുക -സുബ്രഹ്മണ്യ – ഗുഹ -ഷണ്മുഖ രൂപകങ്ങളെയാണ് സാർവത്രികമായികൊണ്ടാടുന്നത്.കേരളത്തിലെ അമ്മദൈവങ്ങളുടെ (അവർക്കു പിൽക്കാലത്തു ഭഗവതി എന്ന പേരുമാറ്റം സംഭവിക്കുന്നെങ്കിലും ) കുലവും ദ്രാവിഡവും ശിവവുമാണ്.
വൈഷ്ണവാധിനിവേശത്തോടെ കൃഷ്ണ ക്ഷേത്രങ്ങളും പെണ്ണുങ്ങൾക്ക് മിസ്റ്റിക് രതി സംയോഗാനുഭൂതി നൽകുന്ന കൃഷ്ണ കേളികളും കേരളത്തെ ആകെ ആവേശിക്കുന്നെങ്കിലും ദ്രാവിഡകാവ്യബോധം കൃഷ്ണനെ അനംഗ രതിയുടെ നവനാഗരിക രൂപമെന്ന നിലയിൽ മാത്രമേ പരിഗണിക്കുന്നുള്ളൂ .ദ്രാവിഡ ഭക്തി മീമാംസാകാരന്മാർ ശിവബീജാങ്കുരനായ സുബ്രഹ്മണ്യനെ -ഷണ്മുഖനെ – ശ്രീ കൃഷ്ണന്റെ ദ്രാവിഡ പ്രതിദ്വന്ദ്വി ആയിട്ടാണ് കാണുന്നത്; ശിവ വൈഷ്ണവ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിലാണ് കൃഷ്ണനെക്കാൾ കേമൻ സുബ്രഹ്മണ്യൻ എന്നൊരുവാദം ദ്രാവിഡ നോട് ഉയർത്തിക്കൊണ്ടു വരുന്നത്.
പെണ്ണായ കാളിയുടെ ആൺ പ്രതിഭാഗം എന്നൊരു നിലയും ഗുരുവിന്റെ ഷണ്മുഖനുണ്ട്; കാളി പെൺ പടത്തലവിയും ഷണ്മുഖൻ ആൺ പടത്തലവനുമാണ് ഇരുവരും അസുരഹത്യനടത്തി സുരന്മാരെ സന്തോഷിപ്പിച്ചു എന്ന് സ്ഥാപിക്കേണ്ടത് ചരിത്രത്തെ മിത്തീകരിക്കുന്ന ഉപരിവർഗ്ഗ സുരസമുദായത്തിന്റെ താല്പര്യമായിരുന്നു. ഇതിനെല്ലാം പുറമെ സിദ്ധനാർ സമൂഹത്തിന്റെ തുടക്കമായ അഗസ്ത്യമുനിക്ക് തമിഴിന്റെ ആദിരൂപം നൽകിയത് മുരുകനാണ് എന്നുംമുരുകനും സുബ്രഹ്‍മണ്യം ഷണ്മുഖനും ഒരേ ദൈവരൂപകമാണെന്നുമുള്ള ഒരു കല്പനയും പ്രചാരത്തിലുണ്ട് .
ഇതിനേക്കാളൊക്കെ പ്രസക്തമായിട്ടുള്ളത് കേവല മുക്തി വാദത്തിനു വിപരീതമായി ഭുക്തിയുടെ ”അനന്തരമാണ് ” മുക്തി എന്നൊരു സമീപനം ഷണ്മുഖ മീമാംസയിലുണ്ട് എന്നതാണ് .ആശാൻ നളിനിയിൽ എന്റെ” ഭോഗമതുമെന്റെ മോക്ഷവും”എന്ന് പ്രയോഗിക്കുമ്പോൾ ഭുക്തിയും മുക്തിയും തമ്മിലുള്ള ഗുണപരിണാമ രസതന്ത്രം (alchemy ) ഒരു സാധ്യതയായി മാറുകയാണ് . ഭുക്തിയുടെ നാഭിയിൽ നിന്നുവിരിയുന്ന താമരയാണ് മുക്തി എന്നൊരു വികല വ്യാഖ്യാനവുമുണ്ട്.ഭുക്തി ഭക്തിയുടെ ചരിത്ര വിപരീതം കൂടിയാണ്. ഗുരുവിൻ്റെ കവിതകളെ നിയന്ത്രിച്ചത് ഇത്തരം വിപരീതങ്ങളാണ്.
Q “പ്രളയങ്ങൾ ഉത്സവങ്ങളും മഹാ പ്രളയങ്ങൾ മഹോത്സവങ്ങളുമാക്കുവിൻ! പാറമേൽപണിത അംബര ചുംബികളുടെ ന്യായാസനങ്ങളിൽ ഇരുന്നു കൊണ്ട് ഇത് പാറമടകളുടെ പാപം എന്ന് പറയുക ! പാറകൾപൊട്ടിക്കുന്നതും കൊത്തിപ്പിളർക്കുന്നതും ചരൽ ചതുരങ്ങളാക്കുന്നതും ആരുടെ ആവശ്യത്തിന് വേണ്ടി എന്ന് ചോദിക്കുകയും എന്നാൽ നിങ്ങൾ നിങ്ങളോടു തന്നെ ചോദിക്കാതിരിക്കുകയും ചെയ്യുവിൻ! മേഘ വിസ്ഫോടനത്തിന്റെ പേമഴപ്പാച്ചിലിൽ ഒരു ഗ്രാമമാകെ ഒഴുകി വീഴുമ്പോൾ കുടിയേറ്റം എന്ന മഹാപരാധം ചെയ്തു പ്രകൃതിയുടെ ഉടലിൽ പറ്റിപ്പിടിച്ചു കിടക്കുന്നവരുടെ പാപമാണ് അതെന്നു തീരുമാനിപ്പിൻ! ഇന്നലെ അനാവൃഷ്ടിയുടെ വരൾച്ചയ്ക്ക് കാരണമായി വരൾച്ചയുടെ ദുർവിധി വിതച്ചവൻ തന്നെയാണ് ഇന്ന് അതിവൃഷ്ടിക്കും കാരണമായതെന്ന് വിധിപ്രസ്താവമെഴുതുക! കുറ്റവാളി മനുഷ്യൻ മനുഷ്യൻ തന്നെയെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുവിൻ !
പേമഴയിലൊഴുകി ഒരു ഗ്രാമം മല മുകളിൽ നിന്ന് നിലം പതിക്കുമ്പോൾ, മനുഷ്യരുടെയും പാർപ്പിടങ്ങളുടെയും തലകൾ അദൃശ്യതയുടെ താഴ്ചകളിൽ മണ്ണിന്റെ തന്മയമായി തീരുമ്പോൾ ഗീബൽസായ എന്റെ പടയാളികളെ ,ആദ്യം കണ്ടെടുത്ത മൃതശരീരവുമായി ഒരു അഭിമുഖത്തിനു വേണ്ടി നിർഭയം ഓടിക്കൊണ്ടിരിക്കുക !മരണത്തിന്റെ മണ്ണു പുരണ്ട അവസാന നിമിഷത്തിന്റെ ഉരുളയും വിഴുങ്ങി , അത്താഴക്കാലുകൾ നിലത്തു വയ്ക്കുമ്പോൾ കാൽച്ചുവട്ടിൽ നിന്നൊരു ശബ്ദം, ഗീബൽസിന്റെ സുവിശേഷകാരാ, നീ ചവിട്ടിനിൽക്കുന്നത് മരിച്ചു പോയവരിൽ ഒരുവനായ എന്റെ ശിരസ്സിലാണ്!! ഇത്രയും ദീർഘായുസ്സായ ഒരു മരണപ്പാടം മാർക്കെറ്റ് ചെയ്യുമ്പോൾ ലാഭ വിഹിതമായി നിനക്കെന്തു കിട്ടും ??””
ഇത്,2019 ൽ പ്രസിദ്ധീകരിച്ച,ഗീബൽസിന്റെ പടയാളികൾ ( പരിഹാസ വേദപുസ്തകം) എന്ന കൃതിയിൽ എഴുതിയതാണല്ലോ? വീണ്ടും ഉരുൾ പൊട്ടൽ, പ്രളയം എന്താണ് പറയാനുള്ളത്? പറഞ്ഞു വന്നതിൽ നിന്നും തീർത്തും വ്യത്യസ്തമാണെങ്കിലും ഈ സന്ദർഭത്തിൽ ചോദിക്കുന്നു. കൊറോണയുടെ ആദ്യ സന്ദർഭത്തിൽത്തന്നെ മൊത്തത്തിൽ അടച്ചിട്ട് ജീവിതം സ്തംഭിപ്പിക്കേണ്ട രോഗമല്ല എന്നു പറഞ്ഞത് പിന്നീട് ഏവരും സ്വീകരിക്കുന്ന സത്യമായി മാറിയിരുന്നല്ലോ…. അന്നത്തെപ്പോലെ ആദ്യം കേൾക്കുമ്പോൾ അംഗീകരിക്കാൻ തോന്നാത്ത വാദമാണല്ലോ പ്രളയത്തെക്കുറിച്ചും ഉള്ളത്?
A ഒരു ദുരന്തമുണ്ടായാൽ ഇനി സമാന ദുരന്തങ്ങളൊഴിവാക്കുന്നതിനുള്ള ശാസ്ത്രീയ പ്രതിരോധങ്ങളാണാവശ്യം .ചിരപരിചിതവും അനായാസം കണ്ടെത്താവുന്നതുമായ ഉരുൾപൊട്ടലല്ല പുത്തുമലയിലും ഇപ്പോൾ വയനാട്ടിലും ഉണ്ടായിരിക്കുന്നതു (അതിവൃഷ്ടി –അതൊരു പഴയ വാക്കാണ് ) അധിവൃഷ്ടി യിൽ നിന്നാണ് ദുരന്തം സംഭവിച്ചത് എന്ന് ഇപ്പോൾ ശാസ്ത്രജ്ഞന്മാർ സമ്മതിച്ചു തുടങ്ങിയിരിക്കുന്നു.അതിനെ ലഘുമേഘവിസ്ഫോടനം എന്നാണ് ശാസ്ത്രജ്ഞന്മാർ(മാതൃഭൂമി ) വിവരിക്കുന്നത് . വയനാടിൽ ഉണ്ടായിരിക്കുന്നത് ഒന്നിലധികം ലഘുമേഘവിസ്ഫോടനങ്ങൾ ചേർന്നുണ്ടാവുന്ന ഉഗ്രമേഘ വിസ്ഫോടനം തന്നെയാണ് .
99 – ലെ പ്രളയത്തിലും മേഘവിസ്ഫോടനമുണ്ടായിട്ടുണ്ട് ;. അത് സുനാമി പോലെ അപൂർവ്വങ്ങളിൽ അപൂർവ്വമായി സംഭവിക്കുന്ന പ്രകൃതിവിക്ഷോഭമാണ് .പക്ഷെ ഇന്ന് വ്യത്യസ്തമായ സാഹചര്യങ്ങളാണുള്ളത്..എല്ലാ ഉഷ്ണമേഖലകളിലും കൃത്രിമമഴപെയ്യിക്കാൻ സന്നദ്ധരായിരിക്കുന്ന ലാഭക്കൊതിയന്മാരായ ക്‌ളൗഡ് സീഡിംഗ് കമ്പനികളുടെ വിപണിയിൽ കടുത്ത മത്സരമാണ് നടന്നു കൊണ്ടിരിക്കുന്നത് .അവ ഇന്ത്യയെ ആകെ വല വീശിപ്പിടിച്ചിട്ടുണ്ട്.ചില ഗവൺമെന്റുകൾ ബജറ്റിൽ നിന്ന് കൃത്യമായതുക നീക്കിവച്ചിട്ടു പരിമിതമായ തോതിൽ ക്‌ളൗഡ്‌സീഡിങ് നടത്താൻ അനുമതി നൽകിയിട്ടുണ്ട് . മേഘങ്ങളിൽ ജലാംശപ്രവേശമുണ്ടായി കാർമേഘങ്ങളുണ്ടാവുന്നു . ജലാംശം ബാഷ്പീകരിച്ചു പോയാൽ മഴപെയ്യില്ല . ജലാംശസാന്നിധ്യം സാമാന്യമായുള്ള മേഘങ്ങളിൽ രാസവിത്തു പ്രയോഗം നടത്തി കൃത്രിമ ഗർഭമുണ്ടാക്കി മഴ പെയ്യിക്കുന്ന സമ്പ്രദായത്തിനാണ് ക്‌ളൗഡ് സീഡഡ് റെയിൻ എന്ന് പറയുന്നത്. ഇന്ത്യൻ ഉഷ്ണ മേഖല ഇതിന്റെ ഒരു വിപണി ആയതു കൊണ്ട് ഇന്ത്യയിലാകെ പലകൈവഴിയായി ഔദ്യോഗികമായും അനൗദ്യോഗികമായും മേഘരാസവിത നടക്കുന്നുണ്ട്.രണ്ടായിരത്തി പതിനേഴുമുതൽ കേരളത്തിലെ ഋതു വിലാസം മഴയുടെഅതിക്രമംകൊണ്ടു ശിഥിലമായിട്ടുണ്ട് . ദല്ലാളുകൾമുഖേന ആകാശ അതിർത്തികളിൽ കടന്നു കയറി ക്‌ളൗഡ്‌സീഡിങ് കമ്പനികൾക്ക് സ്പേസ് ഉണ്ടാക്കി കമ്പനികൾ ലാഭം കൊയ്യുകയും ദല്ലാളുകൾ കമ്മീഷൻ പറ്റുകയും ചെയ്യുന്ന പ്രവർത്തനത്തിന് ഫൈനാൻസിങ് നടത്തുന്നത് വിദേശ കമ്പനികളായിരിക്കാം.