സമയത്തിൻ്റെ മാറ്റം രേഖപ്പെടുത്തുന്നതാണ് നാടകം
നാടക സംവിധായകൻ കെ.ബി.റോയിയുമായുള്ള അഭിമുഖം

1.എങ്ങനെയാണ് നാടകത്തെ നിർവ്വചിക്കുന്നത്?
എനിക്കു തോന്നിയിട്ടുള്ളത് നാടകം എന്നു പറയുന്നത് സമയത്തിന്റെ മാറ്റം രേഖപ്പെടുത്തലാണ് എന്നാണ്. കാലത്തെ ഒരു concept എന്ന രീതിയിൽ ആന്തരികമായും, ആവിഷ്കാരത്തിലൂടെ ബാഹ്യമായും നാടകം അഭിമുഖീകരിക്കുന്ന ണ്ട് .നാടകം അതിന്റെ ക്രിയാംശമായ ഇവൻ്റുകളിലൂടെ കടന്ന് പോകുന്നു. സമയത്തിൻ്റെ ഒഴുക്കിനു വരുന്ന തടസ്സമായും നാടകത്തിലെ സംഭവങ്ങളെ കാണാം.അവസാനത്തെ നാടകമായ സാമുദ്രകം തന്നെ പരിശോധിച്ചാൽ അത് മനസ്സിലാകും. മഹാഭാരതത്തിലെ ശാകുന്തള കഥയല്ല കാളിദാസനെഴുതിയത്. അതിൽ നിന്നും വ്യത്യസ്തമായി ഈ കാലത്തിൽ നമ്മൾ അതിനെ അവതരിപ്പിക്കുന്നു. സമയത്തിന്റെ മാറ്റത്തെ രേഖപ്പെടുത്തുക എന്നത് നാടകത്തിന്റെ ഒരു ധർമമായി കാണാമെന്ന് തോന്നുന്നു. അത് അതിന്റെ നിർവചനമാണോയെന്ന് അറിയില്ലെങ്കിൽ പോലും അതായിരിക്കണം അതിന്റെ ഉദ്ദേശ്യം. അത്തരത്തിലാണ് ഞങ്ങൾ ഇവിടെ നാടകങ്ങൾ ആസൂത്രണം ചെയ്യുന്നത്. കാലത്തിനു സംഭവിക്കുന്ന മാറ്റങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നാടകങ്ങൾ ഉരുത്തിരിയാറ്.
2. കവിതയുടെ കാർണ്ണിവലുമായി ബന്ധപ്പെട്ട് നാടകാവതരണം എന്ന ആശയം എങ്ങനെയാണ് രൂപപ്പെടുന്നത്?
അതിൽ പ്രധാന പങ്ക് സന്തോഷ് മാഷിന്റേതാണ്. ആദ്യത്തെ കാർണിവലിൽ നമ്മൾ പൂതപ്പാട്ടവതരിപ്പിക്കുന്നത് ” ഒരു ദേശം കവിത ചൊല്ലുന്നു” എന്ന മാഷുടെ ആശയത്തിലാണ്. മാഷാണ് അങ്ങനെ ഒരു Space ഉണ്ടാക്കിയത്. ഒരു നിർബന്ധങ്ങളും ഇല്ലാതെയാണ് മാഷ് അതിനെ സമീപിച്ചത്. പട്ടാമ്പി കോളേജിലെ കുട്ടികൾക്ക് അത്തരത്തിൽ മറ്റെവിടെയും കിട്ടാത്ത അവസരമാണ് നാടകത്തിന്റെ കാര്യത്തിൽ മാഷ് ഉണ്ടാക്കിക്കൊടുത്തത്. അദ്ധ്യാപകരായ കലാധരൻ, അലിക്കുട്ടി, ശിവശങ്കർ, ഷൂബ കെ എസ്, തനൂജ,മടപ്പിള്ളി കോളേജിലെ ഹരികൃഷ്ണൻ, മലയാള സർവകലാശാലയിലെ ശിവപ്രസാദ് ,ഗവേഷണ വിദ്യാർത്ഥികൾ ഒക്കെ നിരന്തരം അതിൽ ഇടപെടുകയും ഒരു ഗ്രൂപ്പായി ഇതിനു വേണ്ടി പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. കുട്ടികളും അനവധി അധ്യാപകരും ഒരുമിച്ച് നിന്ന് അതിന്റെ വിഷയമായാലും അവതരണമായാലും അതിനെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ആ ഒരു ശ്രമത്തിന്റെ ഭാഗമായി തന്നെ പട്ടാമ്പിയിലെ കുട്ടികൾ നാടകത്തിനായി ഒരു ഓഡിയൻസിനെ ഉണ്ടാക്കിയെടുക്കുകയോ ഉണ്ടാകുകയോ ചെയ്തിട്ടുണ്ട്.. എല്ലാ നാടകങ്ങൾക്കും ഒരു പാട് ആളുകൾ വരികയും നാടകത്തിന്റെ കമന്റുകളും നിർദ്ദേശങ്ങളും അറിയിക്കുകയും ചെയ്യാറുണ്ട്. ഓരോ നാടകങ്ങളിലും പുതിയ കാലത്ത് ചരിത്രം എങ്ങനെയാണ് പ്രവർത്തിക്കുന്നത്, എങ്ങനെയാണ് അതിനെ വർത്തമാനകാലത്തെ തെളിയിക്കാനുള്ള വെളിച്ചമാക്കുക എന്നത് നാടകത്തെ രൂപപ്പെടുത്തുന്ന ഒരു പ്രധാന സംഗതിയാണ്.
3. എട്ടു നാടകങ്ങൾ ചെയ്തല്ലോ… നാടകങ്ങളെക്കുറിച്ച് ചുരുക്കി വിവരിക്കാമോ? ഡോക്കുമെൻ്റ് ചെയ്യപ്പെടാത്തതുകൊണ്ടാണ് ചോദിക്കുന്നത്…
ആദ്യം ചെയ്തത് പൂതപ്പാട്ടിൻ്റെ ദൃശ്യാവിഷ്കാരമായിരുന്നു. പിന്നീട് മോറിസ് മേയ്റ്റർ ലിങ്കിൻ്റെ അകത്തളം ചെയ്തു.പിന്നെ കേരളം സമരം കവിത. കേരളത്തെ രൂപപ്പെടുത്തിയ സമരങ്ങൾക്കൊപ്പം വന്ന കവിതകളെ കുറിച്ചായിരുന്നു അത്. ഒരേ ഭൂമി ഒരേ നിഴൽ – അതിൽ അക്കാലത്ത് കേരളത്തിൽ നടന്ന ഒരു പോലീസ് വെടിവയ്‌പിനെയും ആൻ ഫ്രാങ്കിൻ്റെ ഡയറിയും ബന്ധിപ്പിക്കുകയായിരുന്നു. ചരിത്രം വ്യക്തികളിൽ എങ്ങനെയാകും പ്രവർത്തിക്കുക എന്നതായിരുന്നു പ്രമേയം. ഭൂപടങ്ങളിൽ ദുരന്തത്തിൻ്റെ ആഖ്യാനത്തെ കുറിച്ച് മലയാളത്തിലെ നാലു നോവലുകൾ ( രാമരാജ ബഹുദൂർ, പാത്തുമ്മയുടെ ആട്, ചെമ്മീൻ, പ്രവാചകൻ്റെ വഴി) വച്ച് അന്വേഷിക്കുകയായിരുന്നു.
ജാത്രയിൽ കോവിഡ് കാലത്ത് ആയിരക്കണക്കിന് കിമി സൈക്കിളിൽ സഞ്ചരിച്ച 4 തൊഴിലാളികൾക്കൊപ്പം മാർക്സും കൂടുന്നു. മാർക്സിനെ കുറിച്ചുള്ള, വർഗ്ഗസമരത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു അതിൽ.മാർക്സിനെ irreverant ആയ ഒരു ഗൗരവത്തിൽ കണ്ടു കൊണ്ടാണ് അത് ചെയ്യാൻ ശ്രമിച്ചത്.ജീവിതം ( പി) ഒ യിൽ Stage ൻ്റെ സാദ്ധ്യതകൾ ,പരിമിതികൾ ഉപയോഗിച്ച് പിയുടെ ജീവിതത്തിലേക്കെത്താനാണ് നോക്കിയത്. നാടകീയതകൾ ഒഴിവാക്കി കൊണ്ട് എങ്ങനെ കവിയിലേക്കെത്താം എന്നും. പിന്നെ ഈ വർഷം ശാകുന്തളം പൊറാട്ട്
4. നാടക പ്രവർത്തനം പഠനപ്രവർത്തനമായി മാറുന്നത് നേരിട്ടു കണ്ടിട്ടുണ്ട്… അഭിനയിക്കുന്നവർ കഥാഗതിയിലും സംവിധാനത്തിലും ഇടപെടുന്നതും കണ്ടിട്ടുണ്ട്… സത്യത്തിൽ ഒരു സംവിധായകൻ്റെ പങ്ക് എന്താണ് നാടകത്തിൽ?
സാധാരണ അർത്ഥത്തിൽ ഇതൊരു നാടകസംഘം അല്ല. അക്കാദമിക പ്രവർത്തനത്തിന്റെ തന്നെ ഒരു എക്സ്റ്റൻഷൻ എന്ന നിലയ്ക്കാണ് ഇതിനെ കാണുന്നത്. ഇതിനെ ഒരൊറ്റ ഒരാളുടെ പ്രയത്നഫലമായും കാണുവാൻ സാധിക്കില്ല. ഒരു സംഘം ആളുകളാണ് ഇതിനെ രൂപപ്പെടുത്തുന്നത്. എല്ലാ നാടകങ്ങളിലും നടക്കുന്ന ഒരു പ്രധാന കാര്യം ഒരു വിഷയം തെരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നീട് പരമാവധി അതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തും. അതിന്റെ Socio-political വശങ്ങളും കുട്ടികളുമായി നിരന്തരം സംസാരിക്കുന്നു. തന്റെ റോൾ എങ്ങനെയാകണമെന്ന് തീരുമാനിക്കേണ്ടത് ആ കുട്ടി തന്നെയാവണം എന്ന് ഞാൻ കരുതുന്നു. അതിനെ രൂപപ്പെടുത്തി എടുക്കേണ്ടത് ആ കുട്ടി തന്നെ. ഉദാഹരണത്തിന് മാർക്സിനെ അവതരിപ്പിച്ചപ്പോൾ മാർക്സിനെ കുറിച്ച് പലർക്കും പല കാഴ്ചപ്പാടുകളും വ്യത്യസ്ത സമീപനങ്ങളും ആയിരിക്കും. മാർക്സിനെ അവതരിപ്പിക്കുന്ന നടന് മാർക്സിനെ ഇമാജിൻ ചെയ്യാനുള്ള ബലം കിട്ടണം. അതിനുവേണ്ട ഒരു ഇൻപുട്ട് കൊടുക്കുകയേ വേണ്ടൂ എന്നാണ് ഞങ്ങളുടെ ഇത്രകാലത്തെ എക്സ്പീരിയൻസിൽ നിന്നും മനസ്സിലായത്. നാടകത്തിന്റെ ഭാഗമായി ഇടപെടുന്നവരെല്ലാം നാടകത്തിന്റെ കൃത്യമായ ഉദ്ദേശ്യം മനസ്സിലാക്കി കൊണ്ട് തന്നെ അതിനുവേണ്ടി പരിശ്രമിക്കുന്നു എന്നതാണ്. അവിടെ ഓരോരുത്തരും അവരവരുടെതായ വ്യത്യസ്ത ദിശകളിൽ വഴിമാറി സഞ്ചരിക്കുകയല്ല മറിച്ച് ഇതിൻ്റെ പ്രസക്തിയും ഉദ്ദേശലക്ഷ്യവും കൃത്യമായി മനസ്സിലാക്കി ഒരേ ദിശയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത്രയധികം ആളുകളുടെ ചർച്ചയിൽ നിന്നും ആശയങ്ങളിൽ നിന്നും ഉണ്ടായി വന്നിട്ടുള്ളതാണ് ഇവിടെയുള്ള ഓരോ നാടകങ്ങളും. പലപ്പോഴും സ്ക്രിപ്റ്റുകൾ അവസാന ദിവസം വരെ തിരുത്താറുണ്ട്. അത് നല്ലൊരു ഏർപ്പാടാണ് എന്നൊരു അഭിപ്രായം ഒന്നും ഇല്ലെങ്കിൽ പോലും ഇത് തീർത്തും ഒരു ജനാധിപത്യ പ്രക്രിയയിലൂടെ കടന്നു പോകണം എന്ന നിർബന്ധം ഉണ്ടായിരുന്നു. അതിൽ ഏതെങ്കിലും ഒരാൾ മറ്റെല്ലാവരെയും നാടകം പഠിപ്പിക്കുകയോ നാടകം ഉണ്ടാക്കുകയോ അല്ല ചെയ്യുന്നത്. അതുകൊണ്ടുതന്നെ നമ്മൾ പ്രതീക്ഷിക്കാത്ത പലതും കുട്ടികൾ ചെയ്തിട്ടുണ്ട്. അധ്യാപകരേക്കാൾ വലിയ കുട്ടികൾ ഉണ്ടായി എന്നത് തന്നെയാണ് ഇതിന്റെ വലിയ നേട്ടം. ഒരുപക്ഷേ കേരളത്തിന്റെ തീയേറ്റർ രംഗത്ത് വലിയ സംഭാവനകൾ നൽകുന്നവരായി ഇവർ മാറും. സാവിത്രിയെ പോലുള്ള, നിവ്യയെ പോലുള്ള ഒരുപാട് കുട്ടികൾ ആയിരിക്കും അതിന് പുതിയൊരു മുഖം നൽകുന്നത്. അവരെല്ലാം ഇവിടെ നിന്ന് മാത്രം പഠിച്ചവർ എന്ന് വിവക്ഷയില്ല. വളരെ പ്രതീക്ഷയോടെയാണ് ഞങ്ങൾ അവരെ നോക്കിക്കാണുന്നത്. അതിനു വേണ്ട സൈദ്ധാന്തിക ബലവും അവർക്കുണ്ട്. നാടകം എഴുതുവാനും ,ചെയ്യുവാനും ശേഷിയുള്ള ഒരു സംഘമായി അവർ വളരുന്നു.ആര്യയെ പോലെയുള്ളവർ കേരളത്തിന്റെ വലിയ തിയറ്റർ ഗ്രൂപ്പുകളിൽ അഭിനയിക്കുന്നുണ്ട്. ഇവിടെ അവർ പരിശീലിച്ച നാടകത്തിന്റെ രീതികളും ചിലപ്പോൾ അതിന് സഹായകമായിട്ടുണ്ടാകും. ഇതിനുള്ളിലെ കുട്ടികൾ തന്നെ സ്കൂൾ നാടകങ്ങളും സോൺ നാടകങ്ങളും direct ചെയ്യുന്നുണ്ട്. നാടകം നന്നാവുന്നത് സന്തോഷം തന്നെ എന്നാൽ അതിലുപരി സന്തോഷം ഇവിടെ പഠിച്ച കുട്ടികൾ ഇത്രയധികം അവരുടെ പെർഫോമൻസിൽ എക്സൽ ചെയ്യുന്നതാണ്. ഒരു കഥാപാത്രത്തെ അരങ്ങിൽ ആവിഷ്കരിക്കുന്ന ഒരു കുട്ടി അതിന്റെ ചരിത്ര രാഷ്ട്രീയ പശ്ചാത്തലങ്ങളെ മനസ്സിലാക്കുന്നു. അതിനെ അത്ര ഗൗരവത്തോടെ ഉള്ളിലേക്ക് എടുക്കുകയും ചെയ്യുന്നു. അത് അരങ്ങിൽ യഥാസമയത്ത് സ്വന്തം നിലയ്ക്ക് കൊണ്ടുവരുന്നു. നമ്മുടെ കാലത്ത് എഡ്യൂക്കേഷനാവശ്യപ്പെടുന്ന ഒരു ശ്രദ്ധ എവിടെയോ നഷ്ടപ്പെടുന്നുണ്ട്. അത് ഇതിലൂടെ വീണ്ടെടുക്കുകയും നാടകത്തിൻ്റേതായ ഒരു സൂക്ഷ്മ പ്രക്രിയയിലൂടെ അവർ കടന്നുപോവുകയും ചെയ്യുന്നു.
5. അക്കാദമിക് പ്രവർത്തനങ്ങൾ അപ്രസക്തമാകുന്ന സാഹചര്യമാണല്ലോ വന്നുകൊണ്ടിരിക്കുന്നത്… ഇത്തരം നാടകപ്രവർത്തനങ്ങളുടെ ആവശ്യം അതുകൊണ്ടുതന്നെ കൂടി വരികയാണല്ലോ?
നാടകത്തിന് എന്തുവേണമെങ്കിലും വിഷയമാക്കാം. അക്കാദമികവിഷയങ്ങൾ എങ്ങനെയാണ് തിയേറ്ററിന്റെ ഉള്ളിലൂടെ കൊണ്ടുവരിക എന്നുള്ളത് ആലോചിക്കേണ്ടതാണ്.ശാസ്ത്ര വിഷയങ്ങൾക്ക് ഉള്ളിലുള്ള വലിയ സംഘർഷങ്ങൾ വേണമെങ്കിലും അക്കാദമിക് സ്പേസിൽ ഒരു നാടകമാക്കി മാറ്റാം. അരിസ്റ്റോട്ടിൽ പ്ലേറ്റോ തുടങ്ങിയവരുടെ പുസ്തകത്തിലെ ഭാഗങ്ങൾ നമുക്ക് തിയറ്റർ ആക്കി മാറ്റാം. കുറച്ചുകൂടി ഗൗരവമുള്ള സ്ഥലം ആക്കി ക്യാമ്പസുകളെ മാറ്റണം എന്നുണ്ടെങ്കിൽ തീയറ്ററുകൾ കുറച്ചുകൂടി ശക്തമാക്കണം. മത്സര നാടകങ്ങൾ കൊണ്ട് അത് നടക്കില്ല.
പട്ടാമ്പിയിലെ അനുഭവം നോക്കി കഴിഞ്ഞാൽ ഇതൊരു എഫക്റ്റീവ് ടൂൾ ആണ്. ഉപകരണ യുക്തിയായി കാണേണ്ട. കേരളത്തിൽ മുഴുവൻ എക്സ്റ്റന്റ് ചെയ്യേണ്ട ഒരു കാര്യമാണ്. കെമിസ്ട്രിയിലും ഫിസിക്സിലും ഒക്കെ ശരിക്കുമുള്ള തിയറി ഡിസ്കഷൻസ് നമുക്കൊരു തിയേറ്റർ ആക്കാൻ സാധിക്കും. നാടകത്തിൽ ഒരു ക്രിയാംശം ഉള്ളതുകൊണ്ട് അത് പെട്ടെന്ന് ഇഫക്റ്റ് ചെയ്യും. കുട്ടികൾ പല നിലയ്ക്ക് ഇതിലൂടെ അക്കാദമിക്കായി മാറുന്നത് നമ്മുടെ അനുഭവം തന്നെയാണ്. നാടകത്തിൽ ഒരു കാര്യത്തെ കുട്ടികൾ കൃത്യമായി പഠിക്കുകയും അതിനെ ആ കൃത്യമായ സമയത്ത് ആവിഷ്‌ക്കരിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് പട്ടാമ്പി ഓരോ അഭിനേതാവിനെ സംബന്ധിച്ചും വലിയ ഉത്തരവാദിത്തമുണ്ട്. ആ അഭിനേതാവ് തന്നെയാണ് തന്റെ പ്രോപ്പർട്ടിസും കോസ്റ്റ്യൂമുകളും ഒക്കെ നോക്കുന്നത്.അയാൾ തന്നെയാണ് അത് തീരുമാനിക്കുന്നതും ഉണ്ടാക്കുന്നതും. കാർണിവലിന്റെ പ്രത്യയശാസ്ത്രവുമായി കാർണിവൽ നാടകങ്ങളും ചേർന്നു പോകാൻ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും വിരുദ്ധമായ കാര്യങ്ങളെ ഓർമിപ്പിക്കുകയും അതിൽ നിന്ന് എന്താണ് കിട്ടുക എന്ന് നോക്കുകയും ചെയ്തിട്ടുണ്ട്. വൈരുദ്ധ്യങ്ങളെ നിലനിർത്തുക എന്നത് കാർണിവലിന്റെ രീതിയാണ്. കാർണിവലിന്റെ തുടക്കത്തിൽ തന്നെ ഈ ഒരാശയം ആലോചിച്ചിട്ടുള്ളതാണ്. ആ മട്ടു പിടിച്ചു തന്നെയാണ് നാടകങ്ങളും ചെയ്തിട്ടുള്ളത്. ഇപ്രാവശ്യം സാമുദ്രകo നാടകത്തിൽ ശാകുന്തളത്തിലെ മുകളിൽ നിന്നുള്ള നോട്ടത്തിനൊപ്പം പാലക്കാടത്തെ പൊറാട്ട് നാടകത്തിൻ്റെ താഴെ നിന്നുള്ള നോട്ടം കൂട്ടി ചേർക്കുകയായിരുന്നു. ഇതിലൊക്കെ സന്തോഷ് മാഷുടെ നിർദ്ദേശങ്ങൾ വളരെ പ്രധാനപ്പെട്ടതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. എപ്പോഴും ഏറെ സന്തോഷം തോന്നുന്ന കാര്യം കുട്ടികൾ വളരെ ഉത്തരവാദിത്വത്തിൽ ഒരു കാര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതാണ്. ഇങ്ങനെ ഒരു സാധ്യത ഉണ്ടാക്കിയിട്ടുള്ളത് പട്ടാമ്പി കോളേജിലെ മലയാളം ഡിപ്പാർട്ട്മെന്റ് തന്നെയാണ്. എന്നാലും അതിന്റെ ഒപ്പം തന്നെ ഇതിലുള്ള കുട്ടികളും എല്ലാ വർഷവും എല്ലാ നിലക്കും ഇടപെട്ടുകൊണ്ട് തന്നെയാണ് ഇത് മുന്നോട്ടു പോകുന്നത്. ഷഹാന,സഞ്ചന,കിരൺ,ബിജേഷ്,സ്നേഹ, വിഷ്ണു,പ്രിയങ്ക,അഞ്ജിത ഇവരെല്ലാവരും തുടക്കം മുതലേ ഇതിന്റെ ഭാഗമാകുന്ന കുട്ടികളാണ്. വളരെ കാര്യമായിട്ടുള്ള ഒരു സംഘമായി ഇത് മാറുന്നുണ്ട്. വളരെ ഗൗരവമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന ഒരു ഗ്രൂപ്പായി മാറണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. ഇതു എല്ലാ കാമ്പസുകൾക്കും അനുകരണീയമായ കാര്യമാണ്.
6.ചരിത്രബോധവും സമരബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, റീലുകൾ കാണാനുള്ള ക്ഷമ മാത്രമുള്ള കാലമാണിത് എന്നു പറയാറുണ്ട്.എന്നാൽ മാഷിൻ്റെ നാടകം കാണാൻ പാർട്ടിയുടെയോ മതസംഘടനകളുടെയോ നിർബന്ധനിർദ്ദേശമില്ലാതെ തന്നെ ഒരു മൈതാനം നിറയെ ആൾക്കാർ എത്തുന്നുണ്ടല്ലോ… എങ്ങനെ കാണുന്നു?
പുതിയ തലമുറയെ കുറിച്ച് എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല. കോളേജിന്റെ ഉള്ളിൽ തന്നെ വളരെ ഗൗരവമായി കാര്യങ്ങളെ കാണുന്ന കുട്ടികളുണ്ട്. ഒരുപക്ഷേ അത് പണ്ടുള്ളതിനേക്കാൾ കൂടുതൽ ആയിരിക്കും. കോളേജിന് തന്നെ ഇപ്പോൾ ചെയ്യുന്നതിനേക്കാൾ വലുതായ ഒരു നാടക ചരിത്രമുണ്ടല്ലോ. മറ്റൊന്ന് പട്ടാമ്പിയിലെ ഒരു വലിയ സംഘം ആളുകൾ ഇതിനെ ഗൗരവമായി കാണുന്നു എന്നതാണ്. ഇപ്രാവശ്യത്തെ കാർണിവലിന്റെ ഭാഗമായി _കരിങ്കണ്ണാ നോക്ക്_ എന്ന വർക്ക് ചെയ്ത ജയാനന്ദനെ പോലെയുള്ളവർ പട്ടാമ്പിയിൽ വളരെ ഗൗരവം ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. പറഞ്ഞത് അങ്ങനെയൊരു സമൂഹം ഇവിടെയുണ്ട്. പിന്നെ നാടക പ്രവർത്തകരായ ശ്രീജ ആറങ്ങോട്ടുകര ,നാരായണൻ തുടങ്ങിയവർ. പൊളിറ്റിക്കലി വളരെ വിജിലൻഡ് ആയിട്ടുള്ള ഒരു ജനത പട്ടാമ്പിയിൽ ഉണ്ട്. കുട്ടികൾ എന്തു ചെയ്യുന്നു എന്ന് അറിയാൻ അവർക്ക് ആകാംഷയുണ്ട്.
7. മാഷിൻ്റെ പല നാടകങ്ങളിലും പല തീയറ്റർ സങ്കല്പങ്ങൾ കാണുന്നുണ്ടല്ലോ? ഏതുതരം തീയറ്ററാണ് മാഷെ കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്?
ഞങ്ങൾ ഇതിനെ വളരെ സൈദ്ധാന്തികമായി പഠിച്ചു എന്നു പറയാൻ കഴിയില്ല നാടകം സാധാരണ ചെയ്യുന്ന സമയത്ത്, സാമുവൽ ബക്കറ്റ് സാർത്ര് തുടങ്ങിയവരെ വായിക്കാറുണ്ട്. പ്രത്യക്ഷത്തിൽ ഇതുമായി അവതരിപ്പിക്കാൻ പോകുന്ന നാടകത്തിന് ബന്ധമൊന്നുമുണ്ടാവില്ല. എങ്കിലും അതിന്റെ സ്വാധീനം ഇതിലൊക്കെയുണ്ട്. ബക്കറ്റിനെയാണ് ഞാൻ ഗംഭീരനായ ഒരാൾഎന്ന നിലയിൽ കാണുന്നത്. അഭിജ്ഞാനശാകുന്തളം നടക്കുന്നതിന്റെ മുന്നേ തന്നെ എഴുത്തുകാരൻ കരുണാകരൻ ബക്കറ്റിന്റെ ‘വെയിറ്റിംഗ് ഫോർ ഗോഥോ ‘ യെക്കുറിച്ച് എഴുതിയ ലേഖനം എടുത്തു വായിച്ചിരുന്നു. അത്തരം കൂട്ടായ വായനകൾ ഒരു അർത്ഥത്തിൽ ഞങ്ങളുടെ നാടകങ്ങളെ രൂപപ്പെടുത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. അനിൽ മാഷ് ഒരു കവിതയിൽ പറയുന്നത് പോലെ ” ഇതൊരു മൈതാന നാടകമാണ്. ” എന്നു പറയാം. ഒന്ന് അതിന്റെ പിന്നിലുള്ള ചിന്ത പ്രധാനമാണ്. അതുപോലെ അതിനുള്ളിലൂടെ നൽകുന്ന വൈകാരികതയും. ചിന്തയുടെ ഉള്ളിൽ ഉണ്ടാകുന്ന വൈകാരികതയാണ് നമ്മൾ ആലോചിക്കുന്നത്. അല്ലാതെ വൈകാരികതയുടെ ഉള്ളിൽ ഇടയ്ക്ക് ചിന്തയുണ്ടാക്കുക എന്നതല്ല. പക്ഷേ മനുഷ്യന്റെ ജീവിതത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ കാലത്തെക്കുറിച്ചോ നമ്മൾ ഗൗരവമായി ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന വൈകാരികതയുണ്ട്, അതിനെ എത്തിപ്പിടിക്കുക എന്നതാണ് പ്രധാനമായും ഞങ്ങൾ ചെയ്യുന്നത്. ആ ഉദ്ദേശമാണ് ഞങ്ങളുടെ ഉള്ളിലുള്ളത്.
8.വള്ളവും വലയും മാഷിൻ്റെ നാടകങ്ങളിൽ വിഷ്വൽമോട്ടിഫ് ആയി പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ… ശ്രദ്ധിച്ചിട്ടുണ്ടോ?
ഞാൻ അത്തരം ഒരു സമൂഹത്തിൽ നിന്നും ഭൂപ്രകൃതിയിൽ നിന്നും വരുന്ന ഒരാളാണ്. ഈയൊരു ചോദ്യത്തിൽ നിന്നാണ് ഞാനും അതിനെക്കുറിച്ച് ആലോചിക്കുന്നത്. കടലാണ് എന്നെ സംബന്ധിച്ച് ഡിഗ്രി കാലം വരെ എല്ലാ ദിവസവും പോയിരുന്ന ഒരു സ്ഥലം. അവിടെയാണ് ഈ ചലനം എന്നു പറയുന്ന കാര്യം ശരിക്കും അനുഭവിക്കുന്നത്. കാലത്തിന്റെ ചലനം എന്നൊക്കെ പറയാം. കടൽതീരത്ത് ഓരോ ആകാശങ്ങളും വ്യത്യസ്തമാണ് , രാത്രികൾ പോലും.ഒരുപക്ഷേ അതിൽനിന്നും സ്വാഭാവികമായി വരുന്ന ഒരു കാര്യമായിരിക്കും അത്.
9.ഓരോ നാടകങ്ങളും വീണ്ടും അവതരിപ്പിക്കാൻ ക്ഷണമുണ്ടെങ്കിലും എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്?
ഇവിടെ നാടകം അക്കാദമിക പ്രവർത്തനത്തിൻ്റെ തുടർച്ചയായിട്ടാണ് കാണുന്നത് എന്ന് പറഞ്ഞല്ലോ. കവിതാ കാർണിവലിൻ്റെ ഉള്ളിൽ തന്നെ നിന്നോട്ടെ എന്നേ ആലോചിച്ചിട്ടുള്ളൂ. ഒരുപക്ഷേ അതിൽ ഉൾപ്പെടുന്ന കുട്ടികൾ പഠനത്തിന്റെ കാര്യത്തിലും സൂക്ഷ്മമായി കുറച്ചുകൂടി ആഴത്തിൽ പോകണം എന്നുള്ളതും ഉദ്ദേശിക്കാറുണ്ട്. അത് ഇതിന്റെ ഒരു ഉദ്ദേശ്യം ആക്കേണ്ടതാണോ എന്ന് ചോദിച്ചാൽ എനിക്ക് ഉറപ്പില്ല. പക്ഷേ ഒരു അധ്യാപകൻ എന്ന നിലയ്ക്ക് കുട്ടികൾ നന്നായി പോകണം എന്ന് ചെറിയൊരു ദുരുദ്ദേശം അതിലുണ്ട്. അത് പക്ഷേ ഇവിടെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് കോളേജിനുള്ളിലെ കുട്ടികൾക്ക് അപ്പുറത്തേക്ക് ഇതിനൊരു പർപ്പസ് ആലോചിച്ചിട്ടില്ല. പുറത്തേക്ക് പോകുന്നതിൽ ദോഷമൊന്നുമില്ല. പക്ഷെ നമ്മൾ ഇതിനെ കൺസീവ് ചെയ്തത് ആ കുട്ടികൾ വരെയാണ്. ഞാനും അത്രയേ ആലോചിച്ചിട്ടുള്ളൂ. കുട്ടികൾ അതിനുള്ളിലൂടെ പലതരത്തിൽ കൾച്ചറൽ ആയിട്ടും അവർ പഠിക്കുന്നതിന്റെ കപ്പാസിറ്റിയുടെ കാര്യത്തിലായാലും സൂക്ഷ്മമായ അർത്ഥത്തിൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടാവണം എന്നതായിരുന്നു എപ്പോഴും അതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ആ കുട്ടികളിൽ തന്നെയാ നാടകം അവസാനിക്കും. ഒരു തവണ മാത്രമാണ് തൃശ്ശൂരിൽ നാടകം ആവർത്തിച്ച് അവതരിപ്പിച്ചത്. നമ്മൾ ഇവിടെ പ്രധാനമായും നാടകം കൺസീവ് ചെയ്യുന്നത് കാർണിവലിനോട് ബന്ധപ്പെട്ടിട്ടാണ്. ആ ഒരു സ്പേസിലാണത് നടക്കുന്നത്. അവിടെ വലിയൊരു ഓഡിയൻസ് വരുന്നു വേറെ ഒരു നിലയ്ക്ക് ബൗദ്ധികമായിട്ട് ഉയർന്ന എന്നു പറയാവുന്ന അത്തരത്തിലുള്ള ആളുകളെ കണ്ടിട്ട് തന്നെയാണ് ഇത് എഴുതാറുള്ളതും. അപ്പോൾ അതിൽ അവരുകൂടി പൂരിപ്പിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് ഇത് പുറത്തുകൊണ്ടുപോയാൽ എഫക്റ്റീവ് ആകുമോ എന്ന ഭയവും ഉണ്ട്. ചിലപ്പോൾ അതു തോന്നലും ആവാം. ഒന്ന്, കാർണിവലിനു വേണ്ടി ഉണ്ടാക്കുന്ന ഒന്നാണ് ഇത്. രണ്ട്, കുട്ടികളാണ് അതിന്റെ അവസാനം. അതിന്റെ അപ്പുറത്തേക്ക് അതിനെപ്പറ്റി ആലോചിക്കാറില്ല.എന്നാൽ ’സാമുദ്രകം :ശാകുന്തളം പൊറാട്ട് ‘ എന്ന ഒടുവിൽ ചെയ്ത നാടകം പുറത്ത് അവതരിപ്പിക്കാനുള്ള ആലോചന ഉണ്ട്
10. കാമ്പസിനും പുറത്തുമുള്ള പുതിയനാടക പരിശ്രമങ്ങളെ എങ്ങനെ കാണുന്നു.?
ഒരുപാട് നാടകങ്ങൾ അങ്ങനെ കാണാറില്ല അതിനു സാധിക്കാറില്ല. വായിക്കലാണ് നടക്കാറുള്ളത്. നാടകങ്ങൾ വായിക്കുകയാണ് പതിവ്. പുതിയ നാടകങ്ങൾ ഹിന്ദിയിൽ ഒക്കെ വരുന്ന നാടകങ്ങൾ വായിക്കാറുണ്ട്. പിന്നെ ഏതൊരു നാടകം ചെയ്യുമ്പോഴും വളരെ ദീർഘമായി അതിനെക്കുറിച്ച് ഞങ്ങൾ വായിച്ചു പഠിക്കാറുണ്ട്. ഇപ്പോൾ ശാകുന്തളം ചെയ്യുമ്പോൾ തന്നെ അതിന് മലയാളത്തിൽ ഇറങ്ങിയിട്ടുള്ള എല്ലാ വിവർത്തനങ്ങളുടെയും ഉള്ളിലൂടെ കടന്നുപോയിട്ടുണ്ട്.
കാമ്പസിന് പുറത്ത് നന്നായി തന്നെ നാടക പരിശ്രമങ്ങൾ നടക്കുന്നുണ്ട്.കോളേജിനുള്ളിലെ ഒരു പ്രശ്നം ഇവിടെ മത്സര നാടകങ്ങൾ ആണല്ലോ നടക്കുന്നത്. അതിലെ ഒരു വലിയ പ്രശ്നം സമ്മാനം കിട്ടാൻ വേണ്ടി ചെയ്യുന്ന എല്ലാ അപകടങ്ങളും നാടകത്തിൽ ഉണ്ടാവും എന്നതാണ്.വല്ലാത്തൊരു സ്പീഡും വയലൻസും ഒക്കെ കാണിച്ചാൽ മാത്രമേ നാടകത്തിന് സമ്മാനം കിട്ടൂ എന്ന അവസ്ഥ ഉണ്ടാവുന്നുണ്ട്. അതിനുവേണ്ടി വലിയൊരു തുകയും ചെലവാക്കുന്നു. അവർ ചെയ്യുന്നത് ഇതിന്റെ ടെക്നിക്കുകളുടെ കാര്യത്തിൽ ഒരുപാട് ശ്രദ്ധിക്കുകയും കണ്ടന്റിൽ ഒരു ശ്രദ്ധയും കൊടുക്കാതിരിക്കുകയും ആണ്. കോളേജിലെ നാടകങ്ങൾ ഒക്കെ നോക്കുമ്പോൾ പുറത്തുനിന്ന് മറ്റാരോ ചെയ്ത ഒരു നാടകം കൊണ്ടുവന്ന് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു. അതിന്റെ സാങ്കേതികതയൊക്കെ വളരെ ബ്രില്ല്യന്റ് ആയിരിക്കും. പക്ഷേ കണ്ടന്റിന്റെ കാര്യത്തിൽ അത് പലപ്പോഴും വളരെ കഷ്ടയിരിക്കും. കുട്ടികളെ ഒരുതരത്തിലും ഇത് ബാധിക്കുന്നുമുണ്ടാകില്ല. ഇങ്ങനെ നോക്കുമ്പോൾ കോളേജിനുള്ളിലെ നാടക പ്രവർത്തനം നടക്കുന്നു എന്നു പറയാൻ സാധിക്കില്ല. അത് നടക്കുന്നില്ല എന്ന് വേണം കരുതാൻ. മറ്റൊന്ന് ഇത്തരത്തിൽ ഒരു പ്രവർത്തനങ്ങളും നടത്തുവാൻ പാകത്തിലല്ല നമ്മുടെ അക്കാദമിക് കരിക്കുലം വർക്ക് ചെയ്യുന്നത്. അതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം ഇതിനെയൊക്കെ എങ്ങനെ പുറന്തള്ളാം എന്നാണ് കരിക്കുലത്തിന്റെ ആലോചന. എന്തുകൊണ്ടാണ് കോളേജിൽ നാടകം ഇല്ലാതെ ആന്നത് എന്ന് ചോദിച്ചാൽ സിസ്റ്റം ഇങ്ങനെയുള്ളതാണ് എന്നു പറയാം. എല്ലാ ആക്ടിവിറ്റീസിനെയും പുറന്തള്ളാൻ പാകത്തിലാണ് നമ്മൾ അതൊക്കെ ഉണ്ടാക്കി വച്ചിട്ടുള്ളത്. അതിനു ശേഷം കാമ്പസിൽ നാടക പ്രവർത്തനം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനപ്പുറം അങ്ങനൊരു ചോദ്യം ചോദിക്കണോ എന്നാണ് സംശയം.

തയ്യാറാക്കിയത്
അഞ്ജലി കൃഷ്ണ