ലക്ഷ്മി പ്രിയദർശിനി

Published: 10 March 2025 കവിത

തെരുവ് പെണ്ണ്

യാത്ര പോകും വഴി-
യാക്കവലയിൽ
കാണുമെന്നും ഞാനാതെരുവുപെണ്ണിനെ
കോലുപോലൊരു രൂപം,
വളകൾ……
ഒക്കത്തെടുത്ത പൈതൽ…..

കൂസലില്ലാത്ത ഭാവം,
പാൻ ചവച്ച് ഒരു നോട്ടം,
ഗ്ലാസ്‌ താഴ്ത്തിയാലഞ്ചെട്ട്‌
പേനകൾ നീട്ടുമെല്ലാദിവസവും.

ഇതുകാണ്കെ
കണവൻ്റെചുണ്ടുകോടും.
വെറുപ്പിനാൽ
ഗ്ലാസുപൊക്കും.
തണുപ്പിട്ടാൽ പിന്നെയെല്ലാം
ശാന്തം,ശമം.

വീണ്ടുമൊന്നു പാളി നോക്കും ഞാൻ.
ഗ്ലാസ്സിലൂടെക്കാണും
പല്ലിരുണ്ടു കൊഴിഞ്ഞു
വികൃതമായ്,
ചുണ്ടുകൾ കോട്ടി
വെറ്റക്കറയുമായ്,
എണ്ണ കാണാത്ത മുടിയുമായ്
ഒരു പ്രാകൃത!

ജാതി,മതം, നാട് ,
വീട്, വാർഡ്,കാർഡ് ….
ഒന്നിൻ്റേയും ഭാരമില്ലാത്ത അനാഥത്വം!
കണവനു പോലുമറിയാത്ത
ദുരൂഹ പൗരത്വം!

കൂരിരുട്ടിലും
കൂടാര നിഴലിലും
പാത്തു പാത്തു
വരുന്ന കഴുകന്മാർ
ആർത്തി തീർക്കാ-
നൊരുമ്പെട്ട രാത്രികൾ
കാടിളക്കിയ
കാളി !

പണ്ടു സീതയ്ക്ക്
വാല്മീകിയാശ്രമം
ഇന്നു സീതയ്ക്ക്
വല്മീകമാശ്രയം!
പുറ്റിളക്കാൻ വരുന്ന കൈത്തണ്ടകൾ
കൊത്തിയാട്ടുന്ന സർപ്പം !!

കാലമെത്ര കഴിഞ്ഞിട്ടും
കാഴ്ചകൾ
കൂടുകെട്ടി കുരുക്കും
ചിലന്തികൾ…

പൊള്ളുന്ന കനൽ
അവൾക്കിന്ന്
ചുവന്ന പൂക്കൾ…
*പൂമെതിക്കലിൻ്റെ
ഉന്മാദം തഴമ്പിച്ച പാദങ്ങൾ
അവളുടെ കൊടിയടയാളം.

കണവനില്ലാത്ത
പകൽ യാത്രകളിൽ
അവളോടു വാങ്ങും
പല നിറത്തിലുള്ള പേനകൾ


ഇപ്പേന കൊണ്ടു വേണം
കണ്ണാടിഛായ നോക്കി
ഈ പെണ്ണിൻ്റെ
എണ്ണച്ചിത്രമെഴുതുവാൻ!


*പൂമെതിക്കുക – (തീക്കനൽ നടത്തം എന്ന ഒരു ആചാരം )

Dr. Lakshmi priyadarsini

Asst. Prof. In Zoology Govt. Victoria College, Palakkad.

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

3.8 4 votes
Rating
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
theos
theos
22 days ago

നമ്മൾ നിത്യവും കാണുന്ന കാഴ്ചകൾ ഒരു കവയിത്രി കാണുമ്പോൾ.. അതിനു മറ്റൊരു മാനം കൈവന്നു

Gowri Arun
Gowri Arun
22 days ago

എല്ലാവരും ദിവസേന കാണുന്ന കാഴ്ച്ചകൾ, ചിന്തിച്ചാൽ അതിൻ്റെ പിന്നിൽ ഒരു പാട് അർത്ഥങ്ങൾ, അവയെല്ലാം മനോഹരമായി ഒപ്പിയെടുത്തിരിയ്ക്കുന്നു.Very delicate but sharp enough to make a mark.. വരികൾ ഒഴുകുന്ന പോലെ just like a gentle river and the literary devices adding to the overall beautyyy…just love itt…

Sreekutty
Sreekutty
21 days ago

Nice observation 👌❤️💯

3
0
Would love your thoughts, please comment.x
()
x
×