വിയർത്തൊഴുകുന്ന നീർച്ചാലുകൾക്ക് ഇനിയുമെഴുതി തീരാത്ത ഒരു കഥ അറിയാം. അവളുടെ ഉടലെഴുതുന്ന വേലിയേറ്റങ്ങളുടെ കഥ.
അത് തീരങ്ങളില്ലാതെ മറുകരയില്ലാതെ ഇങ്ങനെ ഒഴുകും. പാതിരാവോളം നീളുന്ന അടുക്കളയിലെ കരി മായ്ക്കും. നാളെ പൂക്കാനിരിക്കുന്ന ആൺവിത്തിനെ ഒളിപ്പിച്ച കൂലിവേലയുടെ മണ്ണിൽ ആ നനവ് പടർന്നു പിടിക്കും. മൂക്കില്ലാത്തൊരു അഭിസാരികയാം പെണ്ണിന്റെ കിടപ്പറയിലേക്കെറിയുന്ന അപരിചിതന്റെ നാണയത്തുട്ടുകളിൽ ഉപ്പ് കലരും അവളുടെ മേൽച്ചുണ്ടിലെ കാക്കപ്പുള്ളിയെ അത് കുളിപ്പിക്കും. വാടകമുറിയിലെ കണക്ക് കൂട്ടലുകളിൽ ആ തണുപ്പ് പതുങ്ങി ഒളിക്കും. വേരുകളിൽ നനവൊളിപ്പിച്ച ആ ഒറ്റമരം ഈ പ്രവാഹത്തിൽ കടപുഴകി വീഴും. പുതുപിറവിയുടെ കരച്ചിലിനായി യുദ്ധഭൂമിയിൽ കാത്തിരുന്ന് മരണം തോൽക്കുന്ന വേദനയിൽ നിലവിളിക്കുമ്പോഴും അത് ഒഴുകും.
വിയർത്തൊഴുകുന്ന വെറും നീർച്ചാലുകൾ അല്ല അത് ഉടലെഴുതുന്ന സമരത്തിന്റെ കഥ ആ കഥ വായിക്കുമ്പോഴും ജലം ജലപ്രവാഹം…അനന്തത…ഒഴുക്ക്.
ശ്രീലക്ഷ്മി ആർ.
രണ്ടാം വർഷം ബി.എഡ് മലയാളം
എൻ.എസ്.എസ് ട്രെയിനിങ്
കോളേജ് പന്തളം