കരിങ്ങന്നൂർ ശ്രീകുമാർ
Published: 10 september 2024 കഥ
പെൺപാമ്പ്
5. ഗർഭത്തിലെ മകൾ
മാസത്തിലെ അസ്വാഭാവികത അവളെ വിഹ്വലപ്പെടുത്തി. പീരിയഡ് നാൽപതു ദിവസം വരെയൊക്കെ താമസിച്ചിട്ടുണ്ടെന്ന് അവൾ ആദ്യമൊക്കെ ആശ്വസിക്കുവാൻ ശ്രമിച്ചു. വർഷത്തിൽ ഒന്ന് രണ്ടു തവണ ഇങ്ങനെ അസ്വാഭാവികത കാണിച്ചിട്ടുമുണ്ട്. സേഫ്റ്റി പീരിഡിൽ പോലും അമിത ശ്രദ്ധാലുവാണ് ഗോകുൽ. സ്ഥിരം ശീലം. കടുത്ത സുരക്ഷയുടെ ശീലം. മൂന്നു വർഷത്തോളമായി ഇങ്ങനെ രഹസ്യം നടത്തിവരുന്നുണ്ട്. ഒരിക്കലും ഒന്നും പറ്റിയിട്ടില്ല എന്ന ഉറപ്പിൽ അവൾ ശാന്തമായി കാത്തിരുന്നു. അൻപതു ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് പുളിച്ചുതികട്ടി. കടുത്ത അസ്വസ്ഥത തോന്നിത്തുടങ്ങി. ഛർദിച്ചു. രണ്ടുദിവസത്തിനകം ഛർദി കൂടി വന്നു.
ഗോകുൽ…
വയ്യ. എന്താ ഇങ്ങനെയൊക്കെ…. കുഴപ്പമൊന്നും വരില്ല. ഉറപ്പ്. എന്നാലും മനസ്സിലെന്തോ…
കരച്ചിൽ വരുകയാണ്.
വാ… വീട്ടിലേക്ക് തന്നെ വാ…
എന്തോ പുറത്തിറങ്ങാൻഭയങ്കര മടുപ്പ്.
എന്തോ പറ്റിയിട്ടുണ്ട്. വന്നോ… അമ്മയോട് എന്തെങ്കിലും പറയാം. എം ഫില്ലിന് ഒരുമിച്ചാണെന്ന് പറഞ്ഞോളാം..
ഗോകുൽ വന്നു.. പക്ഷേ ഗോകുൽ തീരെ പരിഭ്രമിച്ചില്ല.
അവൾ നാണിച്ചു ചിരിച്ചു. കെട്ടിപ്പിടിച്ചു.
അമ്മ…?
സമയം കിട്ടുമ്പോ എപ്പഴും കോഴിക്കൂട്ടിന്റടുത്താ…
കോഴിയോട് കൊഞ്ചിക്കൊണ്ട് നിന്നോളും. ഇങ്ങനൊരമ്മ .
നീ ധൈര്യമായിരി. എന്തായാലും നമുക്ക് നോക്കാം. അങ്ങനെ തളർന്നു പോകേണ്ട കാര്യമൊന്നുമില്ല.
നിന്നെ ഞാൻ അങ്ങനെയൊന്നും വിടില്ല, ഒന്നും ഒറ്റയ്ക്ക് അനുഭവിക്കാനായി…
അവളുടെ അമ്മ ഓടിക്കൊണ്ട് വന്നു. നൈറ്റിയിട്ടിരിക്കുന്ന തടിച്ച സ്ത്രീ. വലിയ സന്തോഷമൊന്നുമില്ലാതെ പെട്ടെന്ന് ചായ കൊണ്ടുവന്നു.
ഓഹോ… എവക്ക് എന്തോന്നാണോ… ഒന്നങ്ങോട്ട് മാറിക്കഴിഞ്ഞു മൂന്നാലു മാസമായേ ഒള്ള്. ദാ പനിയും ചർദിലും തുടങ്ങിയിരിക്കുകയാണെന്നും അവർ പറഞ്ഞു.
ഞങ്ങൾ മുകളിലോട്ടു പോവാ അമ്മാ; ഇയാള് വന്നേ നല്ല ജോലിയുണ്ട്.
അമ്മ തുറിച്ചു നോക്കിക്കൊണ്ട് അതേ നിൽപ്പ് നിൽക്കുന്നു.
മുകളിൽ കയറി ഗോകുൽ ഹാളിൽ ഇരുന്നു. അവൾ പെട്ടെന്ന് മുറിയിലേക്ക് പോയി ഗോകുൽ രഹസ്യമായി കൊണ്ടുവന്ന യൂറിൻ പ്രഗ്നൻസി സ്ട്രിപ്പിൽ മൂത്രമിറ്റിച്ചു കൊണ്ടുവന്നു. നല്ല ഡാർക്ക് പിങ്ക് ലൈനുകൾ. അതുതന്നെ.
അവൾ ചിരിച്ചു. ഗോകുലിന്റെ മുഖമാകെ വിളറി.
പെട്ടെന്നവൾ മുലക്കണ്ണുകൾ കാണിച്ചകൊടുത്തു.. കണ്ടോ…ഏരിയോള വികസിച്ചു കറുത്തു. അതുതന്നെ. എനിക്ക് ചെറ്യൊരു സംശയമുണ്ടായിരുന്നു.
എപ്പോഴും പുളിച്ചുതികട്ടൽ ആണ്.
എങ്കിലും ഞാൻ ഇത്രയൊക്കെ വളരെ ശ്രദ്ധിച്ചിരുന്നിട്ടും…. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…ഗോകുൽ പറഞ്ഞു.
അവൾ മറ്റൊന്നും മിണ്ടിയില്ല. അവൾ അധികം വിറയ്ക്കുകയും മുഖം കുനിഞ്ഞ് നിഗൂഢമായി നിലത്തുനോക്കിയിരുന്നുകൊണ്ട് അവനോട് പറ്റിച്ചേർന്നു.
അമ്മ വന്നേക്കും… ഗോകുൽ ഞെട്ടിമാറി.
കുഞ്ഞ് ഇവളുടെ ഉദരത്തിലുണ്ട്… നടുക്കത്തോടെ ഗോകുൽ തിരിച്ചറിഞ്ഞു, എന്റെ… നമ്മുടെ കുഞ്ഞ്.. എന്നാലും ഒരു സാധ്യതയും ഇല്ലല്ലോ എന്നൊരു ആളൽ… മനസ്സ് വിഭ്രാന്തപ്പെടുന്നു. ഇനി മറ്റൊന്നും, മറ്റൊന്നും അഹിതം ചിന്തിക്കില്ല എന്ന് ഗോകുൽ ഉറപ്പിച്ചു. എങ്കിലും ഉള്ളിൽ വികൃതനായൊരു പുരുഷഭീരു ഉണ്ട്. സ്വന്തം പെണ്ണിന്റെ മാംസത്തെ തുരന്നു നോക്കുന്ന സംശയാലു. പെണ്ണിന്റെ അവയവത്തെ കൂടെക്കൂടെ പരിശോധിച്ച് അഗ്നിശുദ്ധി വരുത്താൻ ആശിച്ചു വശംകെട്ടു പോയവൻ… സംശുദ്ധനായ കുറുക്കൻ.
നമുക്ക് ഡോക്ടറെ കണ്ടാലോ?
എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ..
എങ്ങനെ?
അമ്മ?
ഏത് ഹോസ്പിറ്റൽ?
നമ്മൾ രണ്ടുപേരും മാത്രമായി എങ്ങനെ?
ഇതോന്നും വേണ്ട. നമുക്ക് ഒരുമിച്ച് താമസിക്കാം. ഗോകുൽ പറഞ്ഞു.
വേണ്ടവേണ്ട. ഇപ്പോഴെയോ? അതൊന്നും എന്നെക്കൊണ്ട് ഒക്കില്ല. അവൾ തീർത്തു പറഞ്ഞു.
ഗോകുൽ നിനക്ക് വരാൻ വയ്യെങ്കിൽ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം.
ഒരു ഗൈനക്കോളജിസ്റ്റിന്റെ സ്വന്തം ഹോസ്പിറ്റൽ എനിക്കറിയാം. അതിനു പിന്നിൽ കടപ്പുറമാണ്. നൂറ്റാണ്ടെങ്കിലും പഴക്കമുള്ള പൊളിഞ്ഞ കടൽപ്പാലത്തിന്റെ അവശിഷ്ടം കാണാമായിരുന്നു. രാജാവിന്റെ കാലത്തെ ചരക്കുകപ്പലുകളുടെ ചെറിയ തുറമുഖം ആയിരുന്നു.
പണ്ട് എയ്ത്തിൽ പഠിക്കുമ്പോൾ മെൻസസ് കൃത്യമാകാൻ അമ്മ അവരെ കൊണ്ടുപോയി കാണിച്ചിട്ടുണ്ട്. അന്നൊരു പത്തമ്പത് വയസ്സ് കാണും. സുന്ദരി ഡോക്ടറാണ്. ഇപ്പോൾ വയസ്സായി കാണും.
അമ്മയെ കൂടി കൊണ്ടുപോയാലോ.
എന്തുപറഞ്ഞു കൊണ്ടുപോകും. വേണ്ട. നമുക്ക് നോക്കാം.. നാളെത്തന്നെ…
പിറ്റേന്നു അതിരാവിലേ ഒരേ ബസ് കയറി അപരിചിതരെപ്പോലെ ആശുപത്രിയിലെത്തി. വളരെ വൃത്തിയുള്ള ഹോസ്പിറ്റൽ. നല്ല കടലിന്റെ ഇരമ്പം… നല്ല കാറ്റ്…. ഗോകുൽ ഒളിച്ചു നടന്നു. അവൾക്കു വല്ലാത്ത തമാശ തോന്നി. ഒരുമിച്ച് ജീവിക്കാൻ ധൈര്യം പറഞ്ഞവൻ ഒളിച്ചുനടക്കുന്നു. കഷ്ടം. ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങിവന്ന് അവൾ ഗോകുലിനെ കൈകാട്ടി വിളിച്ചു. അവൾക്കു പിന്നാലെ അവനും ഡോക്ടറുടെ മുറിയിലേക്ക് കയറി.
ഡോക്ടർ.. എങ്ങനെയെങ്കിലും ഇവളെ രക്ഷിക്കണം. ഗോകുൽ അറിയാതെ പറഞ്ഞുപോയി.
ഇവനെന്താണ് ഈ കാണിക്കുന്നതെന്ന രീതിയിൽ അവൾ വെറുപ്പോടെ നോക്കി. സിനിമയോ ഛെ… തീരെ മോശം പുരുഷാഭിനയം.
അമ്മയുടെ മുഖമുള്ള ഡോക്ടർ. ഗൗരവമോ അമ്പരപ്പോ തീരെ ഇല്ലാതെ മുഖത്ത് നിറയെ മുഖക്കുരു കുരുപ്പുകളുടെ കുഴികളുമായി അലസമായിരിക്കുന്നു.
ഡോക്ടർ…. ഇതെന്റെ സിസ്റ്ററാണ്. പറയാനുള്ളത്…. ഇവള് തന്നെ പറയട്ടെ… ഞാൻ വെളിയിലോട്ട് നിൽക്കട്ടെ.
ഡോക്ടർ ഒന്നും മിണ്ടിയില്ല. മുഖത്ത് നോക്കാതെ തല കുലുക്കി.
ഗോകുൽ വളരെ വിഷണ്ണനായി മുറിക്കു പുറത്തിറങ്ങി.
മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച കഥ അവൾ നന്നായി പറഞ്ഞൊപ്പിച്ചു. കൂടെക്കൂടെ കണ്ണുനിറച്ചു കാണിച്ചു.
മാഡം ഞാൻ എംഫിൽ ചെയ്യുകയാണ്. മാര്യേജ് ഫിക്സ്ഡ് ആണ്. പുള്ളി ഗൾഫിലാണ്. ഇപ്പോൾ അങ്ങോട്ട് പോയതേയുള്ളൂ. ഒരു വർഷം കഴിഞ്ഞേ കല്യാണം ഉള്ളൂ. റിലേറ്റീവ് ആയതു കൊണ്ട് കൂടെക്കൂടെ വീട്ടിൽ വരുമായിരുന്നു. അങ്ങനെ അത് പറ്റിപ്പോയി ഡോക്ടർ. നിവൃത്തിയില്ലാത്തതുകൊണ്ട് ബ്രദറിനോട് മാത്രം കാര്യമെല്ലാം പറഞ്ഞിട്ടുണ്ട്.
കുട്ടിയുടെ അച്ഛനും അമ്മയും എവിടെയെന്നു ഡോക്ടർ അവളോട് ചോദിച്ചു.
അച്ഛൻ മലേഷ്യയിലാണ്… അമ്മ വീട്ടിലുണ്ട്. അമ്മയോട് പറഞ്ഞിട്ടില്ല.
ഓഹോ, ഒറ്റയ്ക്ക് വന്നോ.. ആളില്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല. ഇതൊക്കെ റിസ്കാണ്.
ബ്രദർ കൂടെയുണ്ട്.
ബ്രദറിന് നല്ല പണിയാണല്ലോ ഇയാൾ കൊടുത്തേക്കുന്നത്… അയാളെ വിളിക്ക്…
നഴ്സ് വന്നു ഗോകുലിനെ വിളിപ്പിച്ചു.
എന്തു ചെയ്യുന്നു? ഡോക്ടർ ചോദിച്ചു. ജോലിയായില്ല. ഒന്നുരണ്ട് പിഎസ്സി ലിസ്റ്റിൽ ഉണ്ട്. ഡോക്ടറുടെ മുഖത്ത് അവിശ്വസനീയത ഉണ്ടോയെന്നു ഗോകുൽ ശ്രദ്ധിച്ചു.
ലേഡീസ് ഒന്നുമില്ലാതെ… എങ്ങനാ ഇത്…. എന്താ ഇയാൾക്ക് റിസ്ക് എടുക്കാമോ?
ഗോകുൽ വിവശനായി കുനിഞ്ഞിരുന്നു.
സാരമില്ല. ഡോക്ടർ അവളോട് പറഞ്ഞു; നാളെ രാവിലെ എട്ടുമണിക്ക് തന്നെ വരണം… വൈകിട്ട് പോകാം. ചിലപ്പോൾ ബ്ലഡ് വേണ്ടി വന്നാൽ…. ആരെയെങ്കിലും സംഘടിപ്പിക്കേണ്ടി വരും. ടെൻഷൻ ആവണ്ട. ഇതൊന്നും അത്ര വല്യ കാര്യമൊന്നുമല്ല കേട്ടോ….
ഡോക്ടർ ഞങ്ങൾ രണ്ടുപേരും എ പോസിറ്റീവ് ആണ്.
ഓക്കേ ക്രോസ് മാച്ച് ചെയ്തിട്ടു പോകൂ.
പിറ്റേന്ന് എട്ടു മണിക്ക് തന്നെ എത്തി. ഗോകുൽ മാറിമാറി മറഞ്ഞുനിന്നു. അവൾ പണം അടച്ചു. രണ്ടാം നിലയിൽ ലേബർറൂമിനടുത്തായി മുറി തന്നു. കൂടെ വന്ന സിസ്റ്റർ ഇഞ്ചക്ഷനും കൊണ്ടാണ് വന്നത്. അവർ ഗോകുലിനെ നോക്കി നന്നായി ചിരിച്ചു. രാവിലെ ഒരു ഡെലിവറി കേസ് ഉണ്ട്. രണ്ടുമണിക്കൂർ കഴിഞ്ഞിട്ടാവും ഇതെന്ന് സിസ്റ്റർ പറഞ്ഞു. പെട്ടെന്ന് അബോർട്ട് ആവാനുള്ള ഇൻജക്ഷൻ ആണ് കൊടുത്തേക്കുന്നത്. ബ്ലീഡിങ് തുടങ്ങുമ്പോൾ വന്നു പറയണം. മോള് പേടിക്കേ വേണ്ട കേട്ടോ… ഡോക്ടർ ഒരുപാട് കേസ് ചെയ്യുന്നതാ.. മാഡത്തിന്റെ പെരുമാറ്റം അങ്ങനാ…..മോള് കിടന്നോ…
അവർ പോയി. ഇനി പേടിക്കണ്ട എന്ന് ഗോകുൽ അവളോട് പറഞ്ഞു.
പേടിയേ ഇല്ല. എന്നാലും എപ്പോഴും വയറ്റിൽ തീ എരിയുന്നത് പോലെ… ഗോകുൽ എന്റെ അടുത്ത് ഇങ്ങനെ ഉണ്ടായാൽ മതി. അവൾ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകളിൽ നോക്കി ഗോകുൽ വീണ്ടും ഉറപ്പിച്ചു നമ്മുടെ കുഞ്ഞ്…
വാതിലടച്ച് കെട്ടിപ്പിടിച്ചു കിടന്നു. അവൾ പെട്ടെന്ന് വല്ലാതെ തളർന്നു പോയി…..
ഗോകുൽ എഴുന്നേറ്റിരുന്നു
എന്റെ കുഞ്ഞ്. മടുപ്പ്, അസഹ്യമായ മടുപ്പ്.
ഉള്ളിൽ ഒരു കുഞ്ഞു മരിക്കാനായി ഊഴം കാത്തു കിടക്കുന്നു….
അവൾ ടോയിലറ്റിലേക്ക് കയറി.
ഗോകുൽ… രക്ഷപ്പെട്ടു, മെൻസസ് ആയി. വാതിൽ തുറന്ന് ഇറങ്ങി അവൾ സിസ്റ്ററോട് വിവരം പറയാൻ തിടുക്കത്തിൽ പോയി.
സന്തോഷവതിയായി അവൾ തിരിച്ചെത്തി.
ഹോ പാതി ആശ്വാസമായി. ഇനി എന്താണോ എന്തോ …..
അപ്പുറത്തെ വശത്തെ മുറിയായിരുന്നെങ്കിൽ കടൽ കാണാമായിരുന്നു.
അവൾ വെറുതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
സിസ്റ്റർ വന്നു ഒരു ഡിക്ലറേഷൻ ഒപ്പിടീച്ചു. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം ഡോക്ടർക്കോ ഹോസ്പിറ്റലിനോ ഇല്ല എന്ന്.
അവളെ ലേബർറൂമിലേക്ക് കൊണ്ടുപോയി. പാഡും പുതിയ ഒരു നൈറ്റിയും വാങ്ങി കൊണ്ടുവരാൻ അവർ പറഞ്ഞു. വാങ്ങിക്കൊടുത്തിട്ട് മുറിയിൽ വന്നിരുന്നു. ഇവൾ മരിച്ചുപോയാൽ ഞാൻ എന്തു ചെയ്യും എന്ന് ഇടയ്ക്കിടെ മനസ്സ് വിഭ്രമിച്ചുകൊണ്ടേയിരുന്നു.
ഒരു മണിക്കൂറിന് ശേഷം അവളെ സ്ട്രെച്ചറിൽ കിടത്തി കൊണ്ടുവന്നു. കട്ടിലിൽ പിടിച്ചു കിടത്തി. നൈറ്റിയിൽ അവിടവിടെ നേർത്ത ചോരക്കറ ഉണങ്ങിയിരുപ്പുണ്ട്…. ഇടയ്ക്കിടെ കണ്ണുമിഴിച്ച് ദുർബലയായി, മയങ്ങിയ കണ്ണുകളോടെ അവൾ കിടന്നു. മെലിഞ്ഞ വിരലുകൾ വിറച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടു പ്രാവശ്യം വെള്ളം കുടിച്ചു. നെറ്റിയിൽ ചോരയുടെ നേർത്ത പൊട്ട് ഉണങ്ങിപ്പിടിച്ച പോലെ.. ഗോകുൽ തുടച്ചു മാറ്റി.
ഡോക്ടർ വന്നു. എഴുന്നേറ്റ് വല്ലതും കഴിക്കാൻ പറഞ്ഞു. വളരെ നേരത്തിനു ശേഷം അവൾ നിവർന്നിരുന്നു. ചെറുതായി ചിരിച്ചു. വിശക്കുന്നെന്നു പറഞ്ഞു. വാതിൽ അടച്ച് ഗോകുൽ പുറത്തു പോയി. ഒരു പൊതി ബിരിയാണിയും മിനറൽ വാട്ടറും പുതിയ ചുരിദാറും വാങ്ങി വന്നു. ആഹാരം കുറച്ചു കഴിച്ച് അവൾ ഉറങ്ങി. മൂന്നു മണി ആയപ്പോഴേക്കും അവൾക്കു ക്ഷീണം നന്നായി കുറഞ്ഞു. ഡോക്ടർ വന്നു. എഴുന്നേറ്റിരുന്നു ചിരിച്ച അവളുടെ കവിളിൽ തട്ടി അവർ പറഞ്ഞു. ശരി പോകാൻ നോക്കിക്കോളൂ..
ഗോകുൽ ഡിസ്ചാർജ് വാങ്ങാനായി ഡോക്ടറുടെ റൂമിൽ ചെന്നു. അവർ ഇരിക്കാൻ പറഞ്ഞു. മുഖത്തേക്ക് വിരൽ ചൂണ്ടി ഒന്ന് ആലോചിച്ചിട്ട് അവർ ചോദിച്ചു.
ഗോകുൽ എന്നല്ലേ ഇയാളുടെ പേര്?
അതെ ഡോക്ടർ.
നിങ്ങൾ വീട്ടുകാർ എന്താ ഈ കുട്ടിയെ സൂക്ഷിക്കാത്തത്? ചെറിയ കുട്ടി ഒന്നുമല്ലല്ലോ.
അത് ഡോക്ടർ അവൾക്ക്… ഗോകുൽ ആകെ കുഴങ്ങി.
ഓക്കേ. ആയ്ക്കോട്ടെ. മൂന്നുദിവസം കഴിഞ്ഞ് ബ്ലീഡിങ് ഉണ്ടെങ്കിൽ വന്നാൽമതി. ആന്റി ബയോട്ടിക്സും മൾട്ടിവിറ്റാമിൻസും ഉണ്ട്. ഫൈവ് ഡേയ്‌സ് കഴിഞ്ഞു ഒന്ന് കാണിക്കണം. പാലു വറ്റാൻ ഉള്ള ടാബ്‌സ് കൂടി കൊടുക്കണം. ആ കൊച്ചു പറയുന്നത് ഒന്നരമാസമായി എന്നാണ് ഇത് എന്തായാലും ഒരു ത്രീ മന്ത്സ് കഴിഞ്ഞിട്ടുണ്ട്. എന്ത് പറയാനാ.. ഭാഗ്യം കോംപ്ലിക്കേഷൻ ഒന്നും ഉണ്ടായില്ല. ഈ പെണ്ണിന് ഒരു നിശ്ചയവുമില്ലേ. എന്തെങ്കിലുമൊക്കെ കാണിച്ചുവച്ചിട്ട് വെറുതെയങ്ങ് നുണ പറഞ്ഞാൽ മതി. റിസ്ക് മറ്റുള്ളോർക്കും.
ഗോകുൽ വിഷമിച്ചു പോയി..
ടാക്സിയിൽ ഗോകുലിന്റെ തോളിലേക്ക് അവൾ തലചായ്ച്ച് കണ്ണടച്ചുകിടന്നു. സന്ധ്യയുടെ തണുപ്പ്. ക്ഷീണിത.
അവൾ പതുക്കെ പറഞ്ഞു. എനിക്ക് നല്ല ഓർമ്മയുണ്ടായിരുന്നു. വേദനയൊന്നും ഫീൽ ചെയ്തില്ല. മിണ്ടാൻ കഴിയില്ല. പെൺകുഞ്ഞ് ആണല്ലോ എന്നു പറയുന്നത് കേട്ടു. എന്തോ തടസ്സമുണ്ടെന്നൊക്കെ കേട്ടു. ഇപ്പോൾ വയറ്റിൽ നല്ല വേദനയുണ്ട്. എന്നാലും എല്ലാമങ്ങ് കഴിഞ്ഞു കിട്ടിയല്ലോ….
ഗോകുൽ മടുത്തു.
പറിച്ചെടുത്ത പച്ചമാംസം…
മകളേ…. നിന്റെ രക്തം.
എന്റെ മുഖത്ത്… എന്റെ നെഞ്ചിൽ… കുഞ്ഞേ നിന്റെ കറുത്ത രക്തം… ചിതറിത്തെറിക്കുന്ന നിന്റെ പിഞ്ചുമാംസം…
ചീന്തിയെടുത്ത് കൊന്നുകളഞ്ഞല്ലോ നിന്നെ.
എങ്ങനെ കഴുകിത്തുടച്ചു കളയും ഈ ഓർമകളെ….
എങ്ങനെ കരഞ്ഞു തീർക്കും മകളേ, മാഞ്ഞു തീരാത്ത ഈ വേദനകൾ.
പിന്നിൽ ശക്തമായി കടൽ ഇരമ്പുന്നുണ്ടായിരുന്നു.
6. വരുമോ നീ..
അച്ഛൻ വന്നത് അറിഞ്ഞല്ലോ.
അതാ കാണരുതെന്ന് പറഞ്ഞത്.
ഇനി ഒന്നും പറ്റത്തില്ല കേട്ടോ.
എല്ലാം അറിഞ്ഞു കാണുമല്ലോ.
ഒന്നും ചെയ്യാൻ പറ്റാത്ത ഒരു കണ്ടീഷനിലായിപ്പോയി ഞാൻ…. ഒരു വലിയ ബഹളത്തിൽ പെട്ടപോലെ..
അച്ഛന്റെ കൂടെ മലേഷ്യയിൽ ഉള്ള പുള്ളിയാ. മൂന്നുപ്രാവശ്യം നേരത്തെ വീട്ടിൽ വന്നിട്ടുണ്ട്. അയാളുടെ അച്ഛനും അമ്മയും ഒക്കെ വന്നിട്ടുണ്ട്. ഒരു പാവം അമ്മ. ഗോകുലിനെപ്പോലെ ഒറ്റ മോനാ..
എന്നോട് ഭയങ്കര ഭ്രമം മാതിരിയാ പുള്ളിക്ക്… ഗോകുലിനോട് ഞാൻ പറയാത്തതാ… ചിലപ്പോഴൊക്കെ ഫോൺ വിളി ഉണ്ട് കേട്ടോ…. എനിക്ക് ഭ്രാന്ത് വരും. ജീവനില്ലാത്ത വാക്കുകൾ… നിന്നെപ്പോലെ പറ്റുമോ അയാൾക്ക്….
അച്ഛൻ നാട്ടിൽ വരുമ്പോഴൊക്കെ പുള്ളിയുടെ കാറാണ് വീട്ടിലിട്ട് ഓടിക്കുന്നത്…
ഇനിയിപ്പം ഞങ്ങൾ പുതിയ കാർ വാങ്ങിക്കുകയാണ്.
എംഫിൽന്റെ തീസിസ് അടുത്ത ഇരുപത്തിനാലിനു തന്നെ സബ്‌മിറ്റ് ചെയ്യണം.. അതെങ്ങും ആയില്ല. തീരെ സമയമില്ല. അതിനിടെ ഞായറാഴ്ച രണ്ടു ഫാമിലിയും കൂടെ ഒരു മൂന്നു ദിവസത്തെ ചെറിയൊരു ട്രിപ്പ് പോവുകയാണ്. ഒരു ട്രാവലർ ബുക്ക് ചെയ്തിട്ടുണ്ട്. പുള്ളിക്ക് ഞാൻ പെട്ടെന്ന് ഡ്രൈവിങ് പഠിക്കണം കേട്ടോ… സ്കൂട്ടർ അച്ഛൻ പഠിപ്പിച്ചു തരും. എന്തായാലുംപെട്ടെന്ന് സ്കൂട്ടറെങ്കിലും വേണം.
ഗോകുൽ നീ പെട്ടെന്ന് വണ്ടി പഠിക്കണം. ഓ നിനക്ക് നടപ്പല്ലേ നടപ്പ്…. ഇനിയൊക്കെ വണ്ടിയൊന്നുമില്ലാതെ ഒന്നും തീരെപറ്റില്ല കേട്ടോ… അച്ഛനാണെങ്കിൽ ഏസി ഇല്ലാതെ ഉറക്കം വരുന്നില്ല. അത്യാവശ്യം ഒരു കൂളർ വാങ്ങിച്ചു. രണ്ടു മുറിയിൽ ഏസി വയ്ക്കുവാ…. വീട്ടിൽ പണിക്കാരാണ്. അങ്ങ് ബഹളം. എനിക്കങ്ങു ആകെ വല്ലാതെ…
പിന്നെ… ഒരു കാരണവശാലും വിളിക്കുകയോ മെസേജ് അയക്കുകയോ ഒന്നും ചെയ്യല്ലേ ഞാൻ വിളിച്ചോളാം… അമ്മ നിന്റെ കാര്യം ചോദിക്കാറുണ്ട്. ആ തീസിസിന് സഹായിക്കാൻ വന്നവന്റെ വീട് എവിടെയാണെന്ന്….. എന്നിട്ട് എന്നെ രൂക്ഷമായി നോക്കും. ഞാൻ മിണ്ടില്ല. പിന്നെ നിനക്കായി ഒരു സ്മാർട്ട് ഫോൺ ഒപ്പിച്ചു വച്ചിട്ടുണ്ട്. ടീച്ചർക്കെന്ന് പറഞ്ഞു കൊണ്ട്വരീച്ചതാ….. നിന്റെ ഈ ചപ്പട്ട ഫോൺ കാണുമ്പോഴേ കലി വരും. ഞാനത് കൊണ്ടുത്തരാം കേട്ടോ…
ഈ അച്ഛന്റെ സ്നേഹമുണ്ടല്ലോ. വല്ലാത്ത സംഭവമാണ്. ഞാൻ ഒറ്റ മോളായതിന്റെ കെയർ ഭയങ്കരം. മൂന്നു വർഷം മുൻപ് വന്നപ്പോൾ ഇത്രയൊന്നും ഇല്ലായിരുന്നു. ഇന്ന് കാർ ബുക്ക് ചെയ്യാൻ അച്ഛനും ആ പുള്ളിയും കൂടെ പോയിരിക്കുകയാണ്…
അയാള് ഭയങ്കര പാവത്താനാ…. ആരും കാണാതേ എന്നെ നോക്കൂ.
ഗോകുൽ…..സമാധാനപ്പെടരുത്. എങ്കിലും സ്വന്തം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കണം, ഹ.. സീമന്തരേഖയിൽ സിന്ദൂരം അണിയിച്ചവളുടെ, ഉന്മാദ പ്രണയിനിയുടെ…..
പ്രാണനെ പ്രാണൻ കൊണ്ട് തൊട്ടറിഞ്ഞ് എന്നൊക്കെ പറഞ്ഞു രമിച്ചവളുടെ….
അവൾ പ്രകടമായി മടുപ്പും അസ്വസ്ഥതയും കാണിച്ചു തുടങ്ങിയിട്ടുണ്ട്.
ഞാൻ പോകട്ടെ… ആരെങ്കിലും വന്നാലോ എന്ന് അവൾ ധൃതിപിടിച്ചു തുടങ്ങി… അച്ഛനാണെങ്കിൽ എപ്പോഴും എപ്പോഴും വിളിച്ചുകൊണ്ടിരിക്കും.
ഗോകുൽ അത്യന്തം വിഷണ്ണനായി.
പക്ഷേ നീ എന്തെങ്കിലും പറയണം… എന്താണ് നിനക്ക് പെട്ടെന്ന് സംഭവിച്ചു പോയതെന്ന് അല്ലെങ്കിൽ എനിക്ക് സംഭവിച്ചു പോയതെന്ന് എങ്കിലും പറയണം….
പ്രത്യേകിച്ച് എന്തുപറയാൻ! അവൾ ചിരിച്ചു.
എനിക്ക് എന്നും ഗോകുലിനോട് എല്ലാം പഴയപോലെ തന്നെ. ഒന്നിനും ഒരു മാറ്റവുമില്ല. എന്നും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും… അവൾ പറഞ്ഞു ബുദ്ധിമുട്ടുന്നതായി ഗോകുലിന് തോന്നിത്തുടങ്ങി.
വാക്കുകൾ അങ്ങനയാണല്ലോ … എത്രയും വഴക്കമുള്ള വാക്കുകൾ..
നിന്റെ വാക്കുകൾക്ക് പ്രാണനില്ലല്ലോ… ചലനമില്ലല്ലോ..
എത്ര പെട്ടെന്നാണ് അവൾ ഇത്രയ്ക്കൊക്കെ ചമഞ്ഞൊരുങ്ങിയത്?
സമാധാനമായി പരിഭവമില്ലാതെ ഒഴിവാകുന്നതിന് ഇത്രയ്ക്ക് ചന്തമുള്ള വാക്കുകളോ… ഇനി ഇതൊക്കെ നെഞ്ചിൽ കയറ്റിവയ്ക്കണോ.
ഗോകുൽ… എനിക്ക് ഇത്രയ്ക്ക് മറ്റാരോടും കഴിയില്ല. ഞാൻ വരും. എന്നെ ഇനിയും സ്വീകരിക്കുമോ… പക്ഷേ ഒരുത്തന്റെ ഭാര്യ ആയിരിക്കുക എന്നുള്ളതല്ലേ.. അത്രയേ ഉള്ളൂ. ഇപ്പോൾ അത്രയ്ക്കേ കരുതാവൂ….
അവൾ ധൃതിയിൽ തിരിച്ചു നടന്നു.
ഒരു കുളിർകാറ്റടിച്ചു. ഗോകുൽ തിരിഞ്ഞു നാലുപാടും നോക്കി. ഒന്നുമില്ല. വല്ലാതെ വിയർക്കുന്നുണ്ട് ആഞ്ഞു ശ്വസിച്ചു കൊണ്ട് വേഗത്തിൽ നടന്നു. കാഴ്ചകൾ പൂർണമല്ല. കാലുകൾക്ക് പഴയപോലെ വേഗമില്ല. ചെറിയൊരു തളർച്ച പോലെ…
നീ വിളിച്ചവാക്കുകളെല്ലാം അതിലധികം ചാരുതയോടെ നാടകീയതയോടെ ഓർത്തിരിക്കാം..
ഓ…. വേഗത്തിൽ എല്ലാം കഴിയുന്നുവല്ലേ. വേഗം… വേഗം ആണ് സത്യം.. അടുപ്പത്തിനും അകൽച്ചയ്ക്കും വേദനകൾക്കും.
എന്നാലും ഗംഭീരമായ ഇത്തരം പകർച്ചകളിൽ ഒപ്പം ഓടിയെത്താൻ കഴിയാത്ത പ്രാകൃത ആത്മാക്കൾ ഇനിയും ഇവിടെങ്ങാനും ഉണ്ടോ. അവർ വലിയ കണ്ണുകൾ ചെറുതാക്കി വയ്ക്കും. പുറത്തേക്കുള്ള കാഴ്ചകൾ താങ്ങാനാകാതെ ഉള്ളിലേക്ക് തന്നെ നോക്കിയിരിക്കും. ഊതി അടച്ചിരിക്കുന്ന ചെവികളുടെ അസ്വസ്ഥതകളോട് പിറുപിറുത്തു കൊണ്ടിരിക്കും. നടന്നുനടന്നു മുഷിഞ്ഞ് മെല്ലെമെല്ലെ തകർന്നു കൊണ്ടിരിക്കും.
ആരവങ്ങൾ അവസാനിച്ചു.
മുഖമാകെ നീറിപ്പിടിച്ചിരിക്കുന്ന വരണ്ട ചിരിയുമായി തിരിച്ചറിവുകളിലേക്ക് ഇനി മടങ്ങി വരണം.
ഗോകുൽ എന്ന അശ്ലീലം…. എല്ലാ ഒരുമിക്കലുകളിലും ഒരേ രീതിയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന കള്ളങ്ങൾ… നാട്യങ്ങൾ.
എങ്കിലും നീ മറ്റേതെല്ലാം നിറച്ചായങ്ങൾ ഉള്ളിലൊതുക്കാറുണ്ട് എന്റെ ആകാശമേ…. സന്ധ്യ വീശി തുടങ്ങിയ ആകാശം അവനോട് ചിരിച്ചു. വീണ്ടും വീണ്ടും കുളിർകാറ്റു വീശി.
ഹോ.. ഹോ… ഗോകുൽ നീ ഇരയെടുത്തുകഴിഞ്ഞു. തലച്ചോറും ഹൃദയവും കൊണ്ട് മാത്രം പ്രണയം ഭക്ഷിക്കരുത്. നിന്നെപ്പോലുള്ള ഇരപിടിയന്മാർക്കത് ചേരില്ല.
ഉടൽ പകരുന്നതിനപ്പുറം ഒന്നും കാണരുത്.
എറിഞ്ഞുടക്കേണ്ട എച്ചിൽപ്പാത്രമാണ് പ്രണയം. ദുർഗന്ധത്തിലും കടാക്ഷിക്കുന്ന ദുസ്സഹമായ കാഴ്ച. എന്നിട്ടും പിന്തിരിഞ്ഞ് കൂടെക്കൂടെ ഞാൻ ഇനിയും വരും ഗോകുൽ എന്നവൾ ആവർത്തിച്ചുകൊണ്ടേ യിരിക്കുന്നുണ്ടല്ലോ. വരൂ നീയെന്ന് ഗോകുൽ ജീവനില്ലാതെ ഭംഗിവാക്ക് പറയുന്നുമുണ്ടല്ലോ. ഈ തീക്കടൽ കടക്കാൻ ഈ നെഞ്ചിനു കരുത്തുണ്ടെന്നും ഗോകുൽ ഉറപ്പിക്കുണ്ടല്ലോ.
പ്രിയപ്പെട്ടവനേ ഞാൻ വരും വരും.. നിന്നോട് മാത്രം എന്റെ പ്രാണൻ ഉറച്ചിരിക്കുന്നു എന്നവൾ പറഞ്ഞ് വീണ്ടും ഓർമ്മച്ചുമട് ഏറ്റിയേറ്റി വെച്ച് കൊടുക്കുന്നല്ലോ…
പഴകി നാറുന്ന ഒരു തരം ഉമിച്ച ഗന്ധം വല്ലാതെ പിന്തുടരുന്നതെന്തെന്ന് ഗോകുൽ അപ്രിയം പറയാൻ തുടങ്ങി.
കാഴ്ചകൾക്ക് രസമില്ല.
പെൺപട്ടിയുടെ കൂർത്ത മുഖം. ഇറങ്ങിയ പല്ലുകൾ. കുനിഞ്ഞ് കൂർത്ത മൂക്ക്.
വരൂ എന്നു ഗോകുൽ നിലതെറ്റി.
വരൂ എന്നു വിറച്ചു.
വരൂ എന്ന് തകർന്നു…
താഴെത്തൊടിയിലെ ഏഴിലംപാലയിൽ മൊട്ടുകൾ വിടരുന്ന കാലമായിരുന്നു അത്. കാട്ടു പൊന്തയിൽ കൈതയും കലമ്പൊട്ടിയും കാളച്ചെടിയും നിറഞ്ഞു പൂത്തു വിതുമ്പുന്നുണ്ടായിരുന്നു. ഗോകുൽ, തകർന്നു പൂവേ…
ഞാൻ നിന്റെ ജാരനായി ഈ വാതിൽക്കൽ തന്നെയുണ്ട്, മരിച്ചുപോയ ഹൃദയവും ചുമന്നുകൊണ്ട്.
സ്ഥിരം വിഷണ്ണൻമാരുടെ ജാരത്വത്തിലേക്കുള്ള പകർച്ച…എന്തു ഗതിവേഗമാണ്! ഗതികേടാണ്!
കരിങ്ങന്നൂർ ശ്രീകുമാർ
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്