കരിങ്ങന്നൂർ ശ്രീകുമാർ
Published: 10 october 2024 കഥ
പെൺപാമ്പ്
- 7. അമ്മയുടെ പഴയ മുറ്റം
അശാന്തമായ ഒരുതരം മഞ്ഞവെയിൽ ചാഞ്ഞുകിടക്കുന്ന വിസ്തൃതമായ ചരൽമുറ്റമാണിത്.
ഇത് അസ്ഥിത്തറ.
ആ ഒറ്റക്കരിമ്പനയുടെ വലതു വശത്തായിരുന്നു, എട്ടാം വയസ്സിന്റെ തീവ്രവേദനയിൽ അച്ഛന്റെ ചിത എരിഞ്ഞുപൊട്ടിയത്. മാംസം നീറിക്കരിഞ്ഞ പുക… രണ്ടു മുറി വീടിന്റെയും നീളൻ അടുക്കളയുടെയും ചെറിയ വരാന്തയുടെയും ധാരാളിത്തത്തിൽ, പഴയ സിമെന്റ് നിലത്തിന്റെ ഇരുൾച്ചയിൽ അമ്മ നിറഞ്ഞു.
അമ്മ ആടുകളെയും കോഴികളെയും താറാവിനെയും വളർത്തിയും ചിട്ടി നടത്തിയും ജീവിച്ചു. ദിവസവും ആട്ടിൻ പാൽകാച്ചിത്തന്നു. താറാമുട്ട പുഴുങ്ങി നിർബന്ധിച്ചു കഴിപ്പിച്ചു. എല്ലാ രണ്ടാം തീയതിയും രാവിലെ കുളിച്ച് വിളക്കുവച്ച് ഭസ്മവും ഇട്ട് അമ്മ ചിട്ടി ലേലം വിളിച്ചു. പതിനെട്ടായിരത്തി നാനൂറ്റിഅൻപതേ.. ഒരുതരം…. രണ്ടുതരം.. രണ്ടുതരം…. മൂന്നുതരം.
അയ്യായിരത്തിന്റെ ചിട്ടി മുതൽ ഓർമയുണ്ട്. ഇപ്പോൾ കുറെ നാളായി ഒരു ഇരുപത്തയ്യായിരത്തിന്റെയും, രണ്ട് പതിനായിരത്തിന്റെയും ചിട്ടികൾ മാത്രം.
പണ്ടൊക്കെ ഭാർഗ്ഗവൻ മാമന്റെ കണ്ടത്തിൽ അമ്മ കൊയ്യാനും പോയിട്ടുണ്ട്. മാമൻ അമ്മയെ കൊണ്ട് കറ്റ ചുമപ്പിക്കില്ലായിരുന്നു. മാമന്റെ ആശ്രയത്വത്തിൽ അമ്മ കുറെയൊക്കെ സുരക്ഷിതയായിരുന്നു.
മാമി അറിഞ്ഞുമറിയാതെയും കഴിയും വിധം ഭാർഗ്ഗവൻ മാമൻ മരിക്കുന്നതു വരെ ഉടപ്പിറന്നവളെ രക്ഷിക്കാൻ പാടുപെട്ടിരുന്നു. പക്ഷേ,മാമൻ മരിച്ചിട്ട് ഇന്നുവരെ മാമിയും അമ്മയെ തീരെ സങ്കടപ്പെടുത്തിയിട്ടില്ല.ഒരുപാട് കൈയയച്ച് സഹായിക്കുന്നുവെന്നാണ് അമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്.
അമ്മ അച്ഛനെക്കുറിച്ചും പറയാറേയില്ല. തീരെ വല്ലപ്പോഴുമൊക്കെ നിന്റെ അച്ഛന്റെ പുസ്തകങ്ങൾ എന്നോ, അച്ഛന്റെ പെട്ടീന്ന് ആ പ്രമാണക്കെട്ടൊന്നെടുത്തേ എന്നോ ഒക്കെ പറയും. അച്ഛന്റെ പുസ്തകങ്ങൾ എന്നാൽ ഭാഗവതവും, നീതിസാരവും, കരുണയും ദുരവസ്ഥയും, മാതംഗലീലയും ആയുർവേദചന്ദ്രികയും, ആകെ പൊടിഞ്ഞു തുടങ്ങാറായ അച്ഛന്റെ ഓലയിലെഴുതിയ ജാതകവും, അച്ഛന്റെ വിഷചികിത്സയുടെ മരുന്നു കുറിപ്പടികളുടെ നോട്ട്ബുക്കും….അച്ഛൻ ചാരുകസേരയിലിരുന്ന് കുനുകുനാ കുത്തിക്കുറിക്കുന്നത് നിഴൽപോലെ ഓർമ്മയുണ്ട്.
എന്നാൽ അമ്മ മകളെക്കുറിച്ച് ധാരാളം പറയുകയും ചെയ്യും.. രണ്ടാം വയസ്സിൽ പനിപിടിച്ച് മരിച്ചുപോയ മകളെക്കുറിച്ച്.
പത്താമ്പുറത്തിരുന്ന് റാന്തൽ വെളിച്ചത്തിൽ, എനിക്ക് വാരി വാരിത്തന്നു വയറു നിറച്ച ശേഷം വിശദമായി അത്താഴം ഉണ്ണുന്ന അച്ഛന്റെ ഓർമ്മകളെ പോലും അമ്മ എടുത്തു കളഞ്ഞിരുന്നുവെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും…
എന്നാൽ കുഞ്ഞു മകളെക്കുറിച്ചുള്ള ഓർമ അവർ എപ്പോഴും തെളിച്ചു വച്ചു. കണ്ണുതുടച്ചു….
ഗോകുൽ.. അമ്മയെ കുറിച്ച് പറയൂ…
ഗോകുൽ… അമ്മയെ കുറിച്ച് കേട്ട് മതിയാകുന്നില്ല…ഞാൻ മോഹിച്ചു കേൾക്കട്ടെ..
അമ്മയെ കുറിച്ച് അവളോട് പലതും പലപ്പോഴും പറഞ്ഞുകൊണ്ടിരുന്നു… കുറെയേറെ അസത്യങ്ങളും… ചില ഭാവനകളും…
അമ്മ അങ്ങനെ കഥകൾ ഇല്ലാത്ത വെറും സാധുസ്ത്രീ ആണല്ലോ.
പക്ഷേ വാക്കുകൾക്ക് മീതെ അത്ഭുതമായി അമ്മയെപ്പോഴും തെളിഞ്ഞുനിന്നു.
ഗോകുൽ എനിക്ക് അമ്മയെ കാണണം… നീ കിടന്ന അമ്മയുടെ ആ വയർ കാണണം… എനിക്ക് നിന്റെ വീട്ടിൽ വരണം.
അവൾ നിരന്തരം ശാഠ്യം പിടിച്ചു തുടങ്ങി…
അവൾ വന്ന ദിവസം വീട്ടിൽ മുറ്റത്ത് നല്ല തണലായിരുന്നു . അമ്മ നട്ടുനനച്ചു വളർത്തിയിരുന്ന ചെടികളെല്ലാം വല്ലാതെ പൂത്തു കിടന്നു.
വെയിലിന്റെ ഉന്മേഷത്തിൽ ധാരാളം തുമ്പികൾ അലസമായി വെട്ടിത്തുഴഞ്ഞു പറക്കുന്നുണ്ടായിരുന്നു.
അവൾ അമ്മയെ തൊഴുതു. വിനയമുള്ള പെണ്ണായി. അമ്മയോട് ചേർന്നു നിന്നു. അമ്മ പതിയെ ചിരിച്ചു പ്രകാശിച്ചു. അമ്മ അവൾക്ക് പാൽക്കഞ്ഞിവച്ചു കൊടുത്തു. ഗോകുലിന് തീരെ ഇഷ്ടമല്ലാത്ത സാധനം.
വളരെ വർത്തമാനങ്ങൾ അവളോട് സ്വകാര്യമായി പറഞ്ഞു
അവൾ അമ്മയുടെ നിഴലായി നടന്നു.
അമ്മയുടെ അരകല്ലിൽ അവൾ അരച്ചുകൊടുത്തു.
ഇത് എന്റെ വീടാണ്, എന്റെ വീടാണ്… എന്ന് കൂടെക്കൂടെ ഗോകുലിനടുത്തു വന്ന് പതിയെ അവൾ സ്വകാര്യം പറഞ്ഞു…. കണ്ണുകളും സ്വരവും അത്യുന്മേഷത്താൽ വിറച്ചിരുന്നു.
അമ്മയുടെ സാമ്പാറും അവിയലും ചീരത്തോരനും തൈരും ഇടിച്ചമ്മന്തിയും കൂട്ടി അവൾ രുചിച്ചു കഴിച്ചു.
സംതൃപ്തയായി.
ഗോകുലിന് തീരെ രുചിയുണ്ടായില്ല.
ഉച്ചക്ക് ശേഷം മോള് കുറച്ചു വിശ്രമിച്ചോളൂ വൈകിട്ട് പോയാൽപ്പോരെ… എനിക്ക് പറമ്പിൽ ഇത്തിരി പണിയുണ്ടെന്നും പറഞ്ഞ് അമ്മ ആടുകളെയും കൊണ്ട് തൊടിയിലേക്ക് പോയി. അവൾ ഗോകുലിന്റെ മുറിയിലേക്ക് വന്നു.
അവൻ കതക് അടച്ചു.
ഗോകുൽ… ഞാൻ ഇപ്പോൾ അമ്മയുടെ കാൽ തൊട്ടുതൊഴുത്തിട്ടാണ് വന്നത്. അച്ഛൻ്റെ അസ്ഥിത്തറയിലും തൊഴുതു.
ഗോകുലിന്റെ അമ്മ എന്നെ സ്വീകരിച്ചു കഴിഞ്ഞു. അവൾ ഗോകുലിന്റെ കാലുകളിൽ നെറ്റി ചേർത്തുവച്ചു. വീടിന്റെ സുരക്ഷിതത്വത്തിൽ അവൾ ത്രസിച്ചുവന്നു.
ഗോകുൽ … ഇവിടം മുഴുവൻ നിന്റെ കവിതയാണ്. ഇവിടം മുഴുവൻ നിന്റെ നിലാവാണ്. നിന്റെ അച്ഛനാണു വെയിൽ. നിന്റെ പെങ്ങളാണ് പ്രാണൻ..
കുഞ്ഞു മകളെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്ന ആ അമ്മ…
ഒരു വിശ്രമവുമില്ലാതെ എപ്പോഴും പണിയാണ്.
നിഷ്കളങ്കമായ ആ വയറ്റിൽ എനിക്ക് തല വെച്ച് കിടക്കണം…
ഗോകുൽ അവളെ ചുറ്റിപ്പിടിച്ചു.
സിമന്റ് തറയുടെ തണുവിൽ, ഓടുമേഞ്ഞ പുരയുടെ പൂപ്പൽ പിടിച്ച കുമ്മായ ഭിത്തിയുടെ ചൂരിൽ, വെറും നിലത്ത് പ്രാകൃതമായി ചുറ്റിക്കിടന്നു…
വൈകിട്ട് ആട്ടിൻ പാൽ ഒഴിച്ച് മധുരം കൂട്ടിയിട്ട ചായകുടിച്ച്, കട്ടിത്തുണിയിലെ വെള്ള ഉടുപ്പും കൈലിയും തോർത്തുമിട്ട അമ്മയുടെ കൈയ്യിൽ പിടിച്ച് ഉമ്മവച്ചു കണ്ണു നിറച്ചു കൊണ്ടാണ് അവൾ പോയത്.
അമ്മ നട്ടുനനച്ച പൂച്ചെടികൾക്കും പയറിനും പാവലിനും വഴുതിനയ്ക്കും മീതെ ചെമന്ന തുമ്പികൾ പ്രണയം പൂത്തു പറന്നു.
മുല്ലയും പിച്ചിയും വെള്ളച്ചെമ്പകവും നിലാവിന്റെ രാത്രികളിൽ മുഴുവൻ വാസനിച്ചു..
അമ്മേ…അവൾ..
അവൾ എന്നത് ഒരു വിസ്മയം.
അമ്മേ പക്ഷേ ഇനിയും അവളെക്കുറിച്ച് എന്നോട് ചോദിക്കരുത്. കണ്ണിൽ വെളിച്ചം വയ്ക്കരുത്. അതു നിഴലായിരുന്നു. മുറ്റത്തേക്ക് ചാഞ്ഞു വീണ ഒരു പാഴ്നിഴൽ…മുറ്റത്തെ പുള്ളിവെയിൽ കാഴ്ച്ചയുടെ ഭംഗി… വിളക്ക് കെട്ടുപോയി. ഇനി ഇരുട്ടു മാത്രമേയുള്ളൂ.
ഗോകുൽ ഈ ചരൽ മുറ്റത്ത് ഞാനൊന്ന് ഇരുന്നോട്ടെ എന്നൊക്കെ ഇനിയും അവൾ ചോദിച്ചുകൊണ്ടിരിക്കും.
ഒപ്പം ഈ പഴഞ്ചൻ വീട്ടിലേക്ക് അവൾ കാർക്കിച്ചു തുപ്പിക്കൊണ്ടിരിക്കുകയും ചെയ്യും.
അമ്മയ്ക്ക് പനി പൊള്ളി കിടക്കുകയാണ്..
ഗോകുൽ നീ അങ്ങോട്ടു നോക്കരുത്.
അവർ, ആ സാധുസ്ത്രീ അവിടെ
പനിച്ചെങ്കിലും ഒന്നു കിടന്നോട്ടെ.
8. പെറ്റു കിടക്കുന്ന പട്ടികൾ
കടുത്ത രാത്രിയുടെ ആഴങ്ങളിൽ നമുക്കുവേണ്ടി തീരെ പ്രതീക്ഷിക്കാത്തവരായിരിക്കും ഉറക്കമൊഴിഞ്ഞിരിക്കുന്നത്. ഉറക്കം ഒരു ചതിയാണ്.
കൂർത്ത ഉച്ചവെയിലിലാണ് മൂത്താച്ചിയുടെ മടയിലേക്ക് ഗോകുൽ പരിഭ്രാന്തനായി കടന്നുചെന്നത്. പകൽ മൊത്തം ഉറങ്ങിക്കളയുന്ന മൂത്താച്ചി അന്ന് ആകെ ആസ്വസ്ഥനായി ഉണർന്നിരിക്കുകയായിരുന്നു.
വാ കുഞ്ഞേ.. മൂന്നാല് നാളായി പകലും രാത്രിയും മൊത്തം ഉറക്കെളച്ച് നോക്കിയിരിക്കയായിരുന്നു… അമ്പരപ്പിച്ച വാക്കുകൾ. ഈ അപരിഷ്കൃത മനുഷ്യൻ എന്തെല്ലാം അറിയുന്നുണ്ട്. ഗോകുൽ കരഞ്ഞുപോയി.
മൂത്താച്ചി ശ്വാസം പിടിച്ചുവച്ച് പലകയിൽ നിവർന്നിരുന്നു ഗോകുൽ പറഞ്ഞു.
മൂത്താച്ചീ അവൾ… ആഴത്തിൽ കൊത്തിയല്ലോ. വിഷംതീണ്ടി വന്നവനാണ് ഞാൻ. കടുത്ത വിഷം.. മരിച്ചു പോകുമല്ലോ ഞാൻ.
ഗോകുൽ വിങ്ങികരഞ്ഞു .
മൂത്താച്ചികണ്ണടച്ച് മന്ത്രിച്ചുകൊണ്ടിരുന്നു.. കിഴവന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .
തട്ടത്തിൽ ഇരുന്ന ഭസ്മം വാരി ഗോകുൽ നെറ്റിയിൽ നിറയെ പൂശി… സാവധാനം നിലത്തേക്കു മലർന്നു കിടന്നു. മൂത്താച്ചി നെറ്റിയും തലമുടിയും തടവിക്കൊണ്ട് അവനടുത്തിരുന്നു. എളിയിൽ നിന്നും എടുത്ത വലിയ ബീഡി അവന്റെ ചുണ്ടിൽ തിരുകി വച്ചു കൊടുത്തു. ഗോകുൽ ആവേശത്തോടെ നിവർന്നിരുന്നു… വിറയ്ക്കുന്ന കൈകൾ കൊണ്ട് മൂത്താച്ചി ബീഡി പതിയെ തീപ്പിടിപ്പിച്ചു. ഗോകുൽ ആഞ്ഞാഞ്ഞ് പുകയെടുക്കാൻ തുടങ്ങി.
കണ്ണുകളിൽ തീയുണ്ടകൾ എരിഞ്ഞു പായാൻ തുടങ്ങി… നീറിപ്പിടിച്ച് അവൻ ഞെരിഞ്ഞുപൊട്ടാൻ തുടങ്ങി.
അഗാധമായ ഉണർവ്.. സിരകൾ എരിഞ്ഞു പൊള്ളി. വിഷം ഞെരിഞ്ഞു കത്തി. മൂത്താച്ചിയും നാഗത്താൻമാരും ചെമ്പട്ടിലും മഞ്ഞളിലും ആടിനിറഞ്ഞു. ഗോകുൽ കെട്ടുപോയ ശബ്ദത്തിൽ അലറി… ശബ്ദം ഉള്ളിൽ മുറുകിവലിഞ്ഞു കിടന്നു.
കുലടേ…..
മരുപ്പറമ്പിൽ മണൽക്കാട്ടിന്റെ പൊള്ളലിൽ, ഗോകുൽ കണ്ണുകളിൽ തീ പടർത്തി എഴുന്നേറ്റു… എരിയുന്ന വിരലുകൾ ഉയർത്തി അവൻ ലക്ഷ്യം വച്ചു. ജലഛായയിൽ നനഞ്ഞു. തൃഷ്ണയിൽ നാവുനീട്ടി. ഉമിനീർ പതഞ്ഞൊഴുകി.. കണ്ണുനീർ നനച്ച് തളർന്ന് അവൻ വീണ്ടും ചുരുണ്ടുവീണുപോയി. മുട്ടോളം പൂഴ്ന്നുപോയ ചുട്ടുപഴുത്ത മണലിലേക്ക് പുഴയൊഴുകിയിറങ്ങാൻ തുടങ്ങി. പൊള്ളുന്ന മണലിനെ വകഞ്ഞുമാറ്റി ഉപ്പുജലം പ്രവഹിച്ചു. ഉപ്പുപുഴയുടെ ശീതളിമ.. ഗന്ധം.. ജീവന്റെ നെഞ്ചിടിപ്പ്…
‘അങ്ങനെ കൂടെക്കൂടെ മരിച്ചു പോകുന്നത് നല്ലതാണ് അല്ലേ മൂത്താച്ചീ’ ഒരു വിധം ഗോകുൽ പറഞ്ഞൊപ്പിച്ചു. വീണ്ടും ഉണരാനായി മണ്ണിലേക്ക് മറിഞ്ഞു. കണ്ണടച്ചു. പെൺപട്ടികളുടെ കാതടപ്പിക്കുന്ന കുരയും നായ്ക്കുട്ടികളുടെ മുറുമുറുപ്പും ഗോകുലിനെ ഉണർത്തി… കാലിൽ കയറി നിന്ന ഒരു നായ്ക്കുട്ടിയെ അവനറിയാതെ കുടഞ്ഞെറിഞ്ഞു.
ദീനമായ നിലവിളി.
പെൺപട്ടികൾ ഉച്ചത്തിൽ കുരച്ചു ചാടി..
സുധാകരൻ ഒച്ചയെടുത്തു.
നായ്ക്കൾ അടങ്ങി പതുങ്ങിക്കിടന്നു. നായ്ക്കുട്ടികൾ മുറിയിലേക്ക് ഓടിക്കയറി ഒളിച്ചു.
വിനീതനായി സുധാകരൻ തൂണിൽ ചാരി നിൽക്കുന്നു.
കുഞ്ഞേ… സാരമില്ല കുറേ വെള്ളം കുടിച്ചോ. മൂത്താച്ചി പറഞ്ഞു.
ഗോകുൽ കണ്ണുമിഴിച്ചു വായ്‌പിളർത്തി.
കത്തിക്കാളുന്ന ദാഹം… വിശപ്പ്.. പരദാഹം…
വലിയ പാത്രത്തിലെ മുഴുവൻ വെള്ളവും വെപ്രാളത്തിൽ കുടിച്ചു തീർത്തു.
അവിടെ രണ്ട് നായ്ക്കൾ പെറ്റു കിടക്കുകയാണ്. ഏഴു കുട്ടികൾ…
ആ മുറി.. അവളുടെ ശരീരം മണത്ത ആ പഴയ മുറി…. മൂത്താച്ചി ദയാപൂർവ്വം അനുവദിച്ചു തന്ന സ്വപ്നരാത്രി… സുധാകരനെന്ന കനിവ്..
ഇന്ന് അവളുടെ ഗന്ധത്തിന് പെറ്റ നായ്ക്കളുടെ ചൂര്..
ജീവനില്ലാത്ത വാക്കുകൾ ഭക്ഷിച്ചുകൊണ്ട് മാരകമായി തീപ്പൊള്ളലേറ്റ് അവൾ മണ്ണിൽ മാളങ്ങളുണ്ടാക്കി വെച്ചു സുരക്ഷിതയായി പെറ്റു കിടന്നു. നിലാവും കാറ്റും തണലും ഇല്ലാതെ അവൾ എപ്പോഴും വിശന്നുകൊണ്ടിരിക്കുന്നുണ്ടാവും. ദുഷിച്ച ഗന്ധത്തിൽ ശ്വാസംപിടിച്ച് ഏങ്ങി വലിഞ്ഞുപോകുന്നുവോ…. മനസ്സിലും ശിരസ്സിലും തനിയെ വിസർജ്ജിച്ചു വയ്ക്കരുത്.
പലവട്ടം തനിയെ മരിച്ചുപോകരുത്.
തളർന്ന ഞരമ്പുകളുടെ ആലസ്യത്തിൽ ഗോകുൽ കീറിയ തഴപ്പായിൽ ചുരുണ്ട് കൂടി കിടന്നു… നായ്ക്കളുടെ അതിരൂക്ഷ ഗന്ധം…
മൂത്താച്ചീ … എല്ലാം ഞാൻ മറക്കുന്നു.. നെഞ്ച് കൂടെക്കൂടെ കൊളുത്തിവലിച്ചു പിടിക്കുന്നുണ്ട്. അസ്ഥികൾ കുത്തിത്തുളച്ചിട്ടാണല്ലോ
അവളെന്നെ കൊന്നുപോയത് …
സൂത്രത്തിൽ എല്ലാം കഴിഞ്ഞു.
മൂത്താച്ചീ നന്മ മാത്രമുള്ളവനേ.. കിഴവൻ പൂജാരീ… എനിക്ക്, എനിക്ക് വിധിച്ചിരിക്കുന്നത് അശുഭകരമായ മരണമാണല്ലോ. അലറിപ്പായുന്ന ഒരു പുഴയുടെ സന്ധ്യയിലേക്കല്ലേ അവളിറങ്ങിപ്പോയത്….
ജലം ഉന്മാദം കൊള്ളുന്നു..
പ്രവാഹങ്ങൾ അക്ഷമമായി.
ഓർമ്മയുടെ അടിയൊഴുക്കുകളിൽ ഒരുവൾ വെറുതെ പടർന്നുകിടക്കുന്നുണ്ട്… കടുത്ത ദാഹം പടർന്നു കിടക്കുന്നുണ്ട്.
മൂത്താച്ചീ ….
ആ പാറയിലേക്ക് പോയിരിക്കാം. സന്ധ്യ ഇരുണ്ടുകൂടുന്നു. തണുപ്പൻ കാറ്റ് ഒച്ചയെടുക്കുന്നു. എന്റെ മരങ്ങളേ… എന്റെ ആകാശമേ…
കാലുകൾ പിടയ്ക്കുന്നു…
ആ പാറയുടെ വിതാനം കിനാവായിരുന്നോ….
കുഞ്ഞേ… മൂത്താച്ചി ദീനമായി ഒച്ചയെടുത്തു.
സങ്കടപ്പെടല്ല്.. എന്ന് പറഞ്ഞൊപ്പിച്ചിട്ട് വികൃതമായി പൊട്ടിക്കരഞ്ഞു.
എന്നിട്ട് കരച്ചിലടക്കി പറഞ്ഞുതുടങ്ങി.
അത് നാഗരാരുന്ന്. പെണ്ണ്നാഗത്തിനാണ് ശക്ക്തി… നാഗത്തമ്പാട്ടി…എന്റെ കുഞ്ഞിന്റെ കൂടെ മുമ്പി വന്നിരുന്നപ്പഴേ ഞാൻ പിടിച്ചെടുത്തു. പേടിച്ച്… നിങ്ങള് ഈ പാറപ്പൊറത്ത് എണ വക്കുന്നത് കണ്ട് പേടിച്ച്. ന്ലാവില് പൊങ്ങി പെണഞ്ഞ വെള്ളതീക്കട്ട…. അവര് നാഗം…അങ്ങനെ തൊടാൻ ഒക്കെത്തില്ല. നാഗരിൽ പെണ്ണാണ് ഉരുവം… ശക്ക്തി…
പൊള്ളുന്ന ശക്ക്തിയാ… ഇഞ്ഞീം അയിന്റെ വെട്ടത്തോട്ട് പോയി നിന്നേക്കല്ല്…
ഗോകുൽ ആകെ പരിഭ്രമിച്ചു.
മൂത്താച്ചി എഴുന്നേറ്റ് പതിയെ വിറച്ചു നടക്കുകയാണ്… പാറയിൽ കാലുകൾ അമർത്തിച്ചവിട്ടി മൂത്താച്ചി ആകാശത്തേക്ക് തുറിച്ചുനോക്കി നിന്നു.
ഗോകുൽ വിറച്ചു.
ഇത്തിൾ മൂടിപ്പിടിച്ച മുരടൻ ഒറ്റ മരത്തിനു മീതെ ആയിരവില്ലി കുന്നിൽ മെല്ലെ നിലാവുദിച്ചു കയറുകയാണ്.
മഞ്ഞിറങ്ങുന്നു..
അതിശക്തമായ ആരവം..
ഒറ്റനിഴലായി മുക്കമ്പാല..
മൂത്താച്ചിയുടെ നിഴൽരൂപം വളർന്നു വന്നു.
കണ്ണടച്ചു തുറന്ന ഗോകുൽ സ്തബ്ധനായി.. മുക്കമ്പാലച്ചോട്ടിൽ നിന്നും കുറുവൻ നാഗങ്ങൾ പൊൻ ചിതമ്പൽപ്പോള വിരുത്തി വീണ്ടും പറന്നുയരുകയാണ്….
മൂത്താച്ചി തലയ്ക്കുമീതെ കൈകൂപ്പി പിടിച്ചു വിറച്ചു നിൽക്കുകയാണ്.
അമ്മച്ചിയേ…നാഗരേ.. അപ്പൂപ്പൻമാരേ…
മൂത്താച്ചി ഉറഞ്ഞു.
കണ്ണുതള്ളി മൂത്താച്ചി പിടച്ചുതുള്ളി.
നാഗത്തമ്പാട്ട്യളേ… അമ്മോ.. കുഞ്ഞാത്യേ… എന്റെ പൊന്നുംകുട്ട്യേ…
ഗോകുൽ… മലർന്നു വീണു.
കണ്ണുമിഴിച്ചു വിറച്ചു കൈകൾ കൂപ്പി വയ്ക്കാൻ നോക്കി. കാഴ്ച മുറിഞ്ഞു.
മൂത്താച്ചി കാൽ നീട്ടി അവന്റെ തൊണ്ടയിലേക്ക് കാൽവിരലമർത്തി താഴ്ത്തി…
ഗോകുൽ പ്രാണവെപ്രാളത്തിൽ പിടച്ച് മുട്ടുകുത്തി പാറയിൽ തലയടിച്ചു. കൊടും വിഷം ഛർദ്ദിച്ചു. പഞ്ഞിപ്പാൽ വരെ ഛർദ്ദിച്ചു.
നായെപ്പോലെ വളഞ്ഞുകുത്തി നിന്ന് അവൻ നാക്കു പുറത്തിട്ട് ആയ്ച്ചു. തലപൊക്കി ഗോകുൽ ആകാശത്തിലേക്ക് കൈകൾ ഇറുക്കി തൊഴുതു പിടിച്ചു.. ഉച്ചത്തിൽ വിളിച്ചു.
നാഗ… ത്ത.. മ്പാട്ടിയേ…
ന്റെ തെറ്റ്… എന്റെ തെറ്റ്… ഞങ്ങടെയൊക്കെ തെറ്റ് പൊറുത്തോണേ….
8. ആകയാൽ അഗമ്യേ
ഗോകുൽ പതിയെ നനഞ്ഞ മണ്ണിലേക്കിറങ്ങി.
അതിശക്തമായി കടൽക്കാറ്റുപിടിച്ചു ചുഴറ്റിയടിക്കുന്ന തെങ്ങോലകൾ…..
മണൽ ചവിട്ടിക്കുഴിച്ച് കുഞ്ഞായി അവൻ നടന്നു.
ഇനി ഒരു കഥ പറഞ്ഞു നോക്കാം. ജീവന്റെ, രക്ഷയുടെ പൊരുൾ…..
ആകാശവും ദിക്കുകളും മുട്ടിനിന്ന് അവൾ നിശ്വസിക്കുകയാണ്..
നനഞ്ഞ മണ്ണിന്റെ തീക്ഷ്ണനിശ്വാസം.
അവൾ ചിരിച്ചു തുടങ്ങി.
അതു തന്നെ. ഇനി ചിരിക്കാം.
ഹ.. നല്ല മഴ.
കരിങ്ങന്നൂർ ശ്രീകുമാർ
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
Heartful story, congrats