പ്രസാദ് കരുവളം

Published: 10 August 2025 കവിത

കിളിപ്പാട്ട്

സന്ധ്യ.
പടിഞ്ഞു സൂര്യൻ
ചുവന്നു കടൽ
പക്ഷികൾ ചേക്ക തിരയുന്നു
ഇരുൾ പടിപ്പുറത്ത് കാത്തുനിൽക്കുന്നു
ആകാശം നോക്കിയിരിക്കെ മുന്നിൽ
ഒരു കിളി
വഴി തെറ്റി വന്നതാവാം
കിളിക്കൂടില്ലല്ലോ
എന്നുള്ളിൽ
ഉള്ളതു എനിക്കു മാത്രം
ഇടമുള്ളതല്ലോ

നല്ല പരിചയം
നീ പറഞ്ഞയച്ചതോ

ദൂരത്തിൻ കടൽ
താണ്ടാൻ ഇരുളിൻ മല
മുൾക്കാടുപോലെ സമയം
കിളിയിതു മൂന്നും താണ്ടിയിവിടെയെത്തിയെൻ്റെയകത്തു ചുള്ളികൾ തിരയുന്നോ,കൂടുകെട്ടാൻ

നിന്നെക്കുറിച്ച് ഞാനെഴുതിയ പാട്ടുകൾ
ചിതറിക്കിടക്കുന്നു
അവയോരോന്നായ് ചിക്കി
പ്രാണൻ തൊട്ട സുന്ദര പദങ്ങളെ മാറ്റി ഇടയിലെ
മുള്ളു വാക്കുകൾ കൊണ്ടു കൂടു കെട്ടുന്നൂ കിളി


ഇക്കിളി നിന്നെയെന്നിൽ നിന്നകറ്റുമോ

പ്രസാദ് കരുവളം

ചിത്രീകരണം

ശ്രീജാറാണി, അദ്ധ്യാപിക, ജി എച്ച് എസ് എസ് , കോറം, കണ്ണൂർ.

3.7 3 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x