
കെ.കെ. ശിവദാസ്
Published: 10 May 2025 വിവര്‍ത്തനകവിത
എൻ്റെ നെഞ്ചിന് കാവലില്ല
പൈദി തെരേഷ്ബാബു (തെലുഗു കവി)
വിവർത്തനം: കെ.കെ. ശിവദാസ്

സമുദ്രത്തിന് ആയുധമാകാൻ കഴിയും.
ഈ ആയുധംഅപരിചിതമായത്.
ധൈര്യത്തിൻ്റെ പേരിൽ അതു നിങ്ങളുടെ ഹൃദയത്തിലേക്ക് ഭീരുത്വമൊഴുക്കുന്നു.
സമുദ്രം നിങ്ങളെ ശത്രുവായെണ്ണുമ്പോൾ അതു നിങ്ങളുടെ ആത്മവിശ്വാസം തകർന്ന തിരമാലകളായി മുറിക്കുന്നു,
ശരിയാണ്, ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ
ജനങ്ങൾ ആയുധങ്ങളെ വിശ്വസിക്കുന്നു.
തങ്ങളാരെന്ന് തിരിച്ചറിയുമായിരുന്നെങ്കിൽ
അവർ സ്വയം ആയുധമായേനേ.
മനുഷ്യനായിരുന്നു ആയുധമെങ്കിൽ നിങ്ങളതിനെ കൂടുതൽ ബഹുമാനിച്ചേനേ.
സമുദ്രത്തെക്കണ്ടെത്തിയവരാണ്
ആയുധവും കണ്ടെത്തിയത്.
ആയുധത്തിൽ വിശ്വസിക്കുന്നവർ
മനുഷ്യരല്ലാതാകുന്നു.
അല്ലയോ എൻ്റെ കുഞ്ഞനിയാ നമുക്ക് പോകാം
നമുക്കൊരു ബദൽ വേണം.
ഒരുസമുദ്രത്തിൻ്റെ സ്ഥാനത്ത് നമുക്കൊരു സമുദ്രം കുഴിക്കാനാവില്ലായിരിക്കാം.
എന്തായാലും ഈ രാജ്യത്തിന് കൂടുതൽ സമുദ്രങ്ങളാവശ്യമില്ല.
നമുക്ക് ചെറിയ ജലസൂചികൾ കുഴിക്കാം. നമ്മൾ കുഴിക്കുന്തോറും അവ വെള്ളത്തുള്ളികൾ വീഴ്ത്തും
സ്വന്തം ശക്തിയാൽ വയലിലേക്ക് പ്രവഹിക്കുന്ന ഒരു കനാൽ നമുക്ക് കുഴിക്കാം.
നമുക്ക് സമുദ്രത്തെ നേരെയാക്കാം.
ഒരു കമ്പിളി പോലെയതിനെയുണക്കാം. അതിൻ്റെ സ്ഥാനത്ത്
ജലമാവശ്യമില്ലാത്ത വിളവളർത്താം.
മതി
നമുക്കിതുവരെ
എത്ര പ്രവാഹങ്ങൾ
നഷ്ടപ്പെട്ടു
മതി
നമുക്കിതുവരെ
നഷ്ടപ്പെട്ട അന്തസ്സിന് കണക്കില്ല.
മതി
നമുക്കിതുവരെ നഷ്ടപ്പെട്ട വീര്യമെത്ര ?
ഇപ്പോൾ നദികൾക്ക്
സമുദ്രത്തിലേക്ക് ഒഴുകാനാവില്ല.
നമുക്കീ തകർന്ന തിരമാലകളെ ചേർത്തു തുന്നാ –
മവ സ്വന്തമായൊരു സമുദ്രമാകും വരെ
നമ്മുടെ തളികകളിലേക്ക് ഒഴുകാൻ ആരുടെ സ്പർശമാണ് ഈ ഭൂമിയെ വിളയാക്കുന്നതെന്ന് ഞാൻ നിന്നോടിനിയും പറയണോ?
അതിനെ വിളയാക്കാൻ
ആരുടെ കലപ്പയാണ് ചാലിടുന്നതെന്ന്
ഞാൻ നിന്നോട് വീണ്ടും പറയണോ?
ഓരോ വിയർപ്പുതുള്ളിക്കുമിടയ്ക്ക് സഖ്യമുണ്ടാകണം.
ഒരു നദിയ്ക്ക്
അല്ലാതെങ്ങനെയൊഴുകാൻ
നമുക്ക് പോകാം ഒത്തുചേർന്നൊഴുകാം.
നീ ചോദിച്ചു എവിടെ?
ഞാനെന്തു പറയാൻ
മരണത്തിൽ നിന്ന്
ജീവിതത്തിലേക്കുള്ള യാത്രയാണിത്.
നുണയിൽ നിന്ന്
ജീവിതത്തിലേക്കും.
തീരമേഖലയിൽ നിന്ന് പാടങ്ങളിലെ തിരിവുകളിലേക്കുംപാത്രങ്ങളിൽ നിന്ന് വായിലേക്കും.
മാന്ത്രികനൊപ്പം നായിനെപ്പോൽ നടക്കുന്ന ചരിത്രമാവശ്യമില്ല
നാലു പേർ ചിന്തിക്കുമ്പോൾ അഞ്ചാമത്തെ വാക്ക് അവസാനത്തേതും യഥാർത്ഥവുമാകുന്നു
നമുക്ക് പോകാം
നമുക്ക് പോകാം. നമുക്കൊരുമിച്ചൊഴുകാം.

Dr. K. K. SIVADAS
Prof. Department of Malayalam University of Kerala, Karyavattom Campus.

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്