പോയറ്റഫെസ്റ്റ് ‘ 2024 -ൽ അവതരിപ്പിക്കപ്പെട്ട കവിതകൾ
1.ഞാൻ മരിച്ചു കഴിയുമ്പോൾ.
എൻ്റെ മയ്യിത്ത് കാണാൻ വരുന്ന പെണ്ണുങ്ങളെല്ലാം മുൻവശത്തെ വാതിലിലൂടെ കടന്നു വരണം.
അവർക്ക് മയ്യിത്തിനേക്കുറിച്ച്
മുൻവശത്തെ പന്തലിലിരുന്നു
തന്നെ ചർച്ച ചെയ്യാം.
മയ്യിത്ത് കുളിപ്പിച്ച് ഇറക്കുമ്പോൾ പെണ്ണുങ്ങൾ തന്നെ ഏറ്റുവാങ്ങണം.
ശേഷം മയ്യിത്ത് ചുമലിലേറ്റി
പെണുങ്ങൾ മൗനമായി നടക്കണം.
മയ്യിത്ത് മുന്നിൽ വച്ച് പെണ്ണുങ്ങൾ പള്ളിയിൽ നിരന്നു നിന്ന് മയ്യിത്ത് നിസ്കരിക്കണം.
ഖബറിലേക്ക് മയ്യിത്ത് ഇറക്കേണ്ടതും ആദ്യത്തെ ഒരുപിടി മണ്ണ് ഇടേണ്ടതും നിങ്ങളാണ് പെണ്ണുങ്ങളെ.
മറമാടൽ കഴിഞ്ഞിട്ട്
വീട്ടിൽ നിന്നും എൻ്റെ
ഖബറിലേക്കൊരു വഴി വെട്ടണം.
എൻ്റെ മോൾക്കും ഉമ്മാക്കും എൻ്റെ ഖബറിലേക്ക് വരാനുള്ള വഴി
ഇടയ്ക്കിടെ അവരെന്നെ ഓർമ്മിക്കട്ടെ
ഐഷു ഹഷ്ന
2.വിലാസം
ഭൂഖണ്ഡങ്ങളാകുന്ന
മുറ്റത്തെ കള്ളികൾ
ചാടിക്കടക്കുന്നതെല്ലാം
ഉൾക്കടലുകൾ
കടലാസ് തോണികളല്ല
ഒഴുക്കുന്നതെല്ലാം
അഭയാർത്ഥിക്കപ്പലുകൾ
നടുവേ ഓടുന്നില്ല,
കവിതയിലും
നാടോടി മാത്രം
കവിതകൾ
ബോഗെൻവില്ലകൾ
സുഗന്ധം കൊണ്ടാരെയും
വശീകരിക്കാത്തത്
മുള്ളുകളാൽ
സ്വയം കീറിപ്പോകുന്നത്
ഒടിച്ചും വളച്ചും പിരിച്ചും
നട്ടുവെച്ചിടത്തെല്ലാം
ദാഹിച്ചു പൊട്ടുന്നത്
കാപ്പിപ്പതപോലെ
നുരഞ്ഞു നിൽക്കുന്നു ജീവിതം
കവിതയോ
കണ്ണീർവാതകം
എന്റെ ശരീരം
രൂപകമോ ഉപമയോ അല്ല
ഒരു വീട്ടുപേരിലും
എനിക്ക് വിലാസമില്ല
എന്നിലേക്കെത്താൻ
കുറുക്കുവഴികളില്ല
വഴിമരങ്ങളോ
ചൂണ്ടു പലകയോ
കൊടിയടയാളമോ
ഇല്ല
ഇല്ല,
ഈ ഭൂപടത്തിലെവിടെയും
എനിക്ക് വീടില്ല
സിദ്ദിഹ
3.സമ്മുഖ
ആരണ്യ കാണ്ഡത്തിൽ നിന്നിറങ്ങി
രണ്ട് പെണ്ണുങ്ങൾ പൊറുതികേടിന്റെ
ഭാണ്ഡമഴിച്ചിടുന്നു.
ജഡ പിടിച്ച മുടികൾ പിന്നലഴിഞ്ഞു പരക്കുന്നു.
ഏറെനാൾ കൊടുംവനത്തിൽ
അലഞ്ഞേകാന്തരായി
തീർന്നു പോയ
രണ്ടു പേർ
പൊടുന്നനെ കണ്ടുമുട്ടി
ഒരാൾക്കൊരാൾ
മതിയീ ജന്മത്തിലെന്നൊരു
തീർപ്പുണ്ടാക്കുന്ന പോലെ
നിങ്ങൾ മഷിയിട്ട് നോക്കിയാൽ
ഇക്കഥകളിലൊന്നും
കാണാത്ത
ഒരു ഖണ്ഡത്തിൽ
പ്രണയബദ്ധരായ
ജാനകിയും രുമയും
മണ്ണോടു ചേർന്ന്
പിണഞ്ഞു കിടക്കുന്നു.
എണ്ണ മെഴുക്കിന്റെ മണം പിടിച്ച് വീണ്ടും
മാരീച മാനുകൾ!
അഭിവാദ്യ ചുംബനങ്ങളാൽ
കുളിർചൂടുന്ന
പൂമരങ്ങൾ!
കെട്ട കാലത്തിന്റെ മൗനം
തളം കെട്ടി നിന്നിടത്തു നിന്നും
അവർ
സംഭാഷണങ്ങൾ തുടങ്ങുന്നു.
(ജാഗ്രത!
പെണ്ണുങ്ങളുടെ
വേഴ്‌ചകളാൽപ്രതി
കുലുങ്ങുന്ന കൊട്ടാരക്കെട്ടുകൾ
കണ്ണ് പൂട്ടുക.
അവരുടെ ഭാഷണങ്ങളാൽ പ്രതി
ഉടയുന്ന വിഗ്രഹങ്ങൾ ചെവി പൊത്തുക!)
ജാനകി :
അധികാരത്തിനും
വനവാസത്തിനുമിടയിലായൊരു
പുഴയുണ്ടായിരുന്നു.
പുഴ കടന്നുവന്ന്
കാടകത്തിലേക്ക്
ചതി പറ്റിയതെന്നറിയാതെ
പോന്ന നേരത്താണ്
സൽബുദ്ധികളുടെ
കുടിലതയിൽ
തീപ്പെട്ടവരെക്കുറിച്ചോർമ്മ
വരുന്നത്!
(കണ്ണുനീരും ആത്മനിന്ദയും ഒരുമിച്ച് )
പൂർണതയില്ലാത്ത ദൈവങ്ങളുടെ
കെട്ടി മാറാപ്പുകൾ
നാമിനി ചുമക്കേണ്ടതില്ലല്ലോ.
ശിലകളിൽ നിന്നും പുതിയവരെ പുനർജനിപ്പിക്കുന്ന കൺകെട്ട് വിദ്യയിൽ
നിങ്ങൾക്ക് മയങ്ങാനായേക്കും.
ആത്മാനുരാഗികളുടെ
അധികാരചവിട്ടിൽ നിന്നും മോചനം
കിട്ടാതെത്ര ജാനകിമാർ!
(കിതപ്പ്… പിന്നെ ഉയിർപ്പ്!)
രുമ :
ദേഹത്തിന്റെയും
ദേഹിയുടെയും
മുറിവുകൾക്കു പോലും കപ്പം
കൊടുക്കുന്നവർക്കു മേൽ
ഒളിയമ്പ് കൊണ്ട്
ന്യായം ചമക്കുന്നവർക്കു
മേൽ
മത്സരിച്ചു നേടിയ
അകം പൊള്ളയായ
മഹിഷിപട്ടമുപേക്ഷിച്ച
എന്നെപോലെ
അനേകമനേകം രുമമാരുടെ നെടുവീർപ്പുകളാണ്
സീതായനത്തിന്റെ പശ്ചാത്തല
സംഗീതം!
ഇതോ
മഹാകാവ്യം?
(രോഷം )
കൂടുപേക്ഷിച്ച
രണ്ട് പക്ഷികളുടെ
ചിറകടിയൊച്ചയാൽ
മാറ്റൊലി കൊള്ളുന്ന
ആദികാവ്യം.
അവിടെ നിന്നിറങ്ങിയ
രണ്ട് പേർ
ശുദ്ധവായു ശ്വസിക്കുന്നു.
തലേ പേൻ നോക്കുന്നു.
പുഴയിൽ കുളിക്കുന്നു.
കാനനമാകെ സ്വതന്ത്രരായ
പെണ്ണുങ്ങൾ!
സംവത്സരങ്ങൾ ഉറക്കമില്ലാതെ പോകുന്നവരുടെ,
ഉറക്കികിടത്തിയവരുടെ,
ഉപേക്ഷിക്കപ്പെട്ടവരുടെ
ആന്തലുകളിൽ
അവിട (അടവി )മാകെ വേദനിച്ചു.
കുടിയൊഴിക്കപ്പെട്ടവരുടെ
ദാഹം തീർക്കാൻ
പുഴ നിറഞ്ഞൊഴുകി.
(സ്വാതന്ത്ര്യം )
“മൈഥിലി മയിൽപ്പേടപോലെ”
മുഖം പൂഴ്ത്തി.
കെട്ടഴിഞ്ഞപോൽ
അവർ പ്രേമിച്ചു.
രമിച്ചു.
രുമ മുലകണ്ണാലൊരു
കവിത രചിച്ചു.
സമ്മുഖം!
രതിയുടെ ഏഴ് കാണ്ഡങ്ങൾ
പൂർത്തിയാക്കി
അവർ പിന്നെയും
ഇതിഹാസത്തിലേക്ക്
തിരിച്ചു നടന്നു.
(പ്രണയം, രതി )
രണ്ടുപേരറിയാതെ ഇതെല്ലാം പകർത്തി
വെക്കാൻ അവിടൊരു
കാടുണ്ടായതു കൊണ്ട്
വാമൊഴിയായി ഈ കഥ
കാറ്റു പറഞ്ഞു പോയെന്നേയുള്ളു.
ഇതിൽ ദുഃഖിച്ചിട്ടെന്തു കാര്യം?
മിത്ര നീലിമ
4.എഴുത്താളമ്മ
പെരും കാറിനെ
കുരൽ വിളിയാലവർ
കുന്നിൻ ചെരുവിലെ
കൊച്ചുപാടത്തേക്ക്
വലിച്ചു നടത്തി
ചിന്നം വിളിയ്ക്കൊപ്പം
ചിലമ്പു കിലുക്കിയിട്ട്
തുള്ളും മദത്തിൻ
കെട്ടഴിച്ചൊഴുക്കിവിട്ട്
തെളിനീരിനുമുള്ളം
പൊള്ളിച്ചിരമ്പിയെത്തും
ചോപ്പിനുമൊപ്പം
ചാലുകീറിയിട്ട്
നിവരുമ്പോൾ
വിരലറ്റത്തൂന്നും
തെറിക്കും മുറിവിൻ
മൂർച്ചയിൽ
പാറക്കെട്ടുകളിൽ
പടർത്തുന്നു
വേട്ടമൃഗത്തിൻ
നനഞ്ഞ കിതപ്പുകൾ
നോട്ടങ്ങളുരസിത്തറഞ്ഞ
തൂവൽത്തലപ്പിൻ വിറയൽ
അതിനും മേലെ
കലി തുള്ളും പെരുവെള്ളപ്പാച്ചിലിൻ
മൺവഴിത്താരകളോർമ്മകൾ.
പിന്നെയുരുകും മഞ്ഞയിലൂർന്ന്
വെയിലിൻ്റെ വരവുകൾ
പിന്നാലെയിഴഞ്ഞെത്തും
നിലാവിൻ്റെ
മൈലാഞ്ചിക്കണക്കുകൾ
നാവിലലിയും
ഇരുളിൻ മണം.
കനലിനു മേലെയിളകും
വെളിച്ചത്തിൽ
തെളിഞ്ഞു മൂളും
കറുത്തിരുണ്ടൊരൊച്ചകൾ
നിഴലുകളുറങ്ങാതിരിക്കുന്ന
പാറപ്പിളർപ്പുകളിൽ
പേറ്റുചോരയിൽ
കുതിർന്ന വാക്കുകൾ .
കെട്ടഴിഞ്ഞ മുടിയുമായേറെയലത്ത്
കുന്നു കയറിയെത്തുന്ന
കാറ്റിനേ
കണ്ടെടുക്കാനാകൂ –
വിരൽപ്പാടുകൾ
മഴക്കണക്ക്
വെയിൽച്ചൂര്.
അവയിൽ തൊട്ടാൽ
മാത്രമോർമ്മ വരുന്ന
മൊഴിയിലുറക്കെ ചിരിച്ചിട്ട്
കാടിൻ്റെ ചെവിയിൽ
കൂവിയാർക്കുമത്.
അതിനൊപ്പമുയരുമൊരു
ചിലമ്പിൻ
മുഴക്കം
മഴപ്പെരുക്കം.
- സ്റ്റാലിന
5. വേട്ട
ഇരയുടെ പരാതിയിൽ
വിചാരണ തുടങ്ങുമ്പോൾ
വേട്ടയുടെ രണ്ടാമൂഴം
ആരംഭിക്കും…
മാനം കെടുത്തിയതിന്റെ
മാന്യതയിൽ ഞെളിയാൻ
വേട്ടക്കാരനും
മാനത്തിന്റെ വിലപേശലിൽ
പുളയാൻ
ഇരയ്ക്കും നിയമാവകാശമുണ്ട്.
വിസ്താരമുറയിൽ
ഇരയെ കഴുത്ത് ഞെരിച്ച്
ശ്വാസം മുട്ടിച്ച്
തൊലി പൊളിച്ച്
കഷണങ്ങളായരിഞ്ഞ്
മുളകു തേച്ച്
തിളച്ച എണ്ണയിൽ
പൊരിച്ചെടുക്കുന്നതിൽ
നിയമ പാലനത്തിന്റെ
രതിമൂർഛ മൊരിയും.
അനന്തരം,
വെടിയിറച്ചി കാത്തിരിക്കുന്ന
മേശപ്പുറങ്ങളിൽ
വിഭവമായി
ഇരയുടെ ആവി പറക്കും.
വശങ്ങളിൽ
വിധിയുടെ നാവു ചുഴറ്റലുകൾ കാത്ത്
പ്രക്ഷേപണാർത്തികൾ
കൊതിയൂറിനിൽക്കും.
എച്ചിൽക്കണക്ക് ചോദിച്ച്
സദാചാരപ്പൊന്തകളിൽ നിന്ന്
ശവംതീനികൾ
ഇറങ്ങിവരും.
വേട്ടയുടെ മൂന്നാമൂഴം
ഐക്യദാർഢ്യത്തിന്റേതാണ്.
ഓർമ്മയുടെ
ആണ്ടു നേർച്ചകളിലേയ്ക്ക്
കുടിയൊഴിഞ്ഞ്
സന്തപ്ത കുടുംബം
പലായനം തുടങ്ങുമ്പോൾ
മുഷ്ടി ചുരുട്ടിയ
മുദ്രാവാക്യങ്ങൾ
അനുധാവനം ചെയ്യും..
ആർ. കെ. സന്ധ്യ
5. മീൻ, കടൽ
മൊബൈലെടുത്തു
മീനിനെ വരച്ചു.
മീനിനു താമസിക്കാൻ വെള്ളം വരച്ചു.
വെള്ളത്തിലുപ്പുലയിപ്പിച്ച് കടലാക്കി
കടലിങ്ങനെ സ്ക്രീനിലാടിത്തിമിർത്തു
ഞാൻ വന്നോട്ടെ?
ഉപ്പു ചുവയ്ക്കുന്ന കടലേ,
മീനുകൾ പായുന്ന കടലേ,
ഞാൻ വരട്ടെ? എന്ന്
കടലിനോടു ചോദിച്ചു.
കടൽ വരാൻ പറഞ്ഞില്ല.
വരണ്ടെന്നും.
ചുമ്മാതെ അലച്ചോണ്ടിരുന്നു.
പിന്നെ ഞാനും ഒന്നും ചോദിച്ചില്ല
പകരം ചങ്ങാതിയുടെ ചിത്രം വരച്ചു
എന്നിട്ട്
എത്ര കാലമായി തമ്മിൽ കണ്ടിട്ടെന്നുമ്മ വെച്ച്
കൈകോർത്തു പിടിച്ച്
കടലിലേക്കെടുത്തു ചാടി.
ഇരുട്ട് വലവീശിയിട്ടിരുന്നു.
വലയിൽ നക്ഷത്രങ്ങൾ കുടുങ്ങിക്കിടന്നിരുന്നു.
അതും നോക്കിക്കൊണ്ട്
ഞങ്ങൾ ആഴക്കടലിലേക്കു നീന്തി
കടലൊരു പ്രതീതി പോലെ കിടന്നു
ഈ കാണുന്ന ചെറുമീൻ തുള്ളിയോട്ടങ്ങൾ
വെള്ളിമീൻ ചാട്ടങ്ങൾ
പിന്നാലെ പായുന്ന കൊമ്പൻ സ്രാവുകൾ –
ഒക്കെ കൈക്കുള്ളിൽ നിൽക്കാത്ത
നിഴൽച്ചിത്രം പോലെ
എന്നിട്ടും എന്നെ കോർത്തു പിടിച്ച് അവൻ
കുറുകെയും നീളത്തിലും നീന്തി
അവനെ കോർത്തു പിടിച്ച് ഞാനും.
നിലാവിൽ
ആടകളഴിഞ്ഞ ഉടലുകളായി
പലതരം കടൽ ജീവികളുടെ രൂപമെടുത്ത്
അർമ്മാദിച്ചു
ഉന്മാദികളായി ഇണയെടുത്തു
പ്രണയത്തിൻ്റെ വന്യമുരൾച്ചകൾ
കടലിനു പുറത്ത്
സ്ക്രീനിൻ്റെ അപ്പുറത്തേക്ക്
തെറിച്ചു വീണു കൊണ്ടിരുന്നു
ഒരുപക്ഷേ
ഇത് ഭൂമിയിലെ അവസാനത്തെ കടലായിരിക്കും.
അവസാനത്തെ
പ്രണയമുരൾച്ചകളാവും
അവസാനത്തെ
മീൻതിളക്കങ്ങളുമാവും.
സമയം അഴിഞ്ഞു തീരും.
രണ്ടു ജരാനരകളായി ഞങ്ങൾ കരക്കടിഞ്ഞേക്കും.
ഒക്കെ തീർന്നു പോകും,
തീർന്നു പോകുമെന്ന് പേടിച്ച്
ഞങ്ങളതിനെ പല്ലു തൊടാതെ
നാരങ്ങാ മിട്ടായി പോലെ
മെല്ലെ മെല്ലെ
അലിയിച്ചലിയിച്ചെടുക്കുന്നു.
പൊടുന്നനെ
ഓ എൻ്റെ പ്രതീതീ എന്ന്
സൈറൺ മുഴങ്ങി
ഓ എൻ്റെ പ്രതീതീ എന്ന്
സമയം പെരുമ്പറയടിച്ചു
വരച്ച മീനുകളും
കടൽച്ചിത്രങ്ങളും
തിരകളും
മറഞ്ഞു പോയ
ഒരു വിരിപ്പിൽ
ഞാൻ കണ്ണു തുറന്ന്
ഒറ്റക്കു തുഴഞ്ഞുകൊണ്ടെത്തുന്നു
കരയിലേക്ക്
കടൽ കണ്ടിട്ടേയില്ലാത്ത
കരയിലേക്ക്
ആശാലത
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്