
ഡോ. സുരേഷ് കുമാർ കെ. എ.
Published: 10 October 2025 സംസ്‌കാരപഠനം
പൂമ്പാറ്റ പ്രതിഭാസത്തിന്റെ പുനർവായനാതലങ്ങൾ
സംഗ്രഹം
ആഗോളകാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതികശോഷണ ഫലങ്ങളെ സൂഷ്‌മ – സ്ഥൂലതലത്തിൽ വിശകലനം ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്ന പൂമ്പാറ്റാപ്രതിഭാസത്തെ രാഷ്ട്രീയസാമൂഹ്യ സമസ്യകൾക്ക് യുക്‌തിപരമായ ഉത്തരങ്ങൾ കണ്ടെത്താനുതകുന്ന തലത്തിലേക്ക് പരിവർത്തനപ്പെടുത്തേണ്ടതുണ്ട് എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.
താക്കോൽ വാക്കുകൾ: പൂമ്പാറ്റ പ്രതിഭാസം, എക്കോസഫി, ഹരിത രാഷ്ട്രീയം, ഇക്കോഫെമിനിസം.
ആമുഖം
വിമർശനങ്ങളും പുനർവായനകളുമാണ് ഏതു സിദ്ധാന്തത്തെയും കാലികമാക്കുന്നത്.
ഗണിതത്തിൻ്റെ രീതി ശാസ്ത്രത്തിലൂടെ അവതരിപ്പിക്കപ്പെട്ട പൂമ്പാറ്റ പ്രതിഭാസം (Butterfly effect) അർത്ഥാന്തരങ്ങൾ തേടുന്ന തരത്തിൽ പുനർവായനകൾക്ക് വിധേയമാക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂമ്പാറ്റ പ്രതിഭാസത്തെ ആഗോള കാലാവസ്‌ഥാ വ്യതിയാനത്തിൻ്റെ സൈദ്ധാന്തിക വിശദീകരണ തലത്തിനുമപ്പുറത്തേക്ക് വിപുലീകരിക്കേണ്ടതുണ്ട്.അത്തരത്തിൽ സാമൂഹ്യ വ്യവസ്‌ഥയെ പരിവർത്തനപ്പെടുത്താനുതകും വിധം, സമത്വത്തിലേക്കുള്ള മാനവരാശിയുടെ പ്രയാണപാത ഒരുക്കേണ്ട രീതിയിൽ അതിനെ മാറ്റിത്തീർക്കേണ്ടതാണ്.
പരിസ്‌ഥിതി ശാസ്ത്രം
ഒരു ജീവിയുടെ ജൈവിക ഭൗതിക ചുറ്റുപാടുകളെയും അവ തമ്മിലുള്ള പരസ്‌പര ബന്ധത്തേയും സംബന്ധിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് പരിസ്‌ഥിതി ശാസ്ത്രം അഥവാ ഇക്കോളജി (Ecology). വാസസ്ഥലം എന്ന അർത്ഥം വരുന്ന “oikos”, ശാസ്ത്രം എന്ന അർത്ഥം വരുന്ന “logos” എന്നീ രണ്ട് ഗ്രീക്ക് പദങ്ങൾ കൂടിചേർന്നാണ് പരിസ്ഥിതി ശാസ്ത്രം അഥവാ ഇക്കോളജി (Ecology) എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടിട്ടുള്ളത്. അതായത് ഒരു ജീവി അതിൻ്റെ ഭൗതിക ചുറ്റുപാടുകളുമായി എങ്ങനെ ഇടപഴകി ജീവിക്കുന്നു എന്നതാണ് പരിസ്ഥിതി ശാസ്ത്രം പഠന വിഷയമാക്കുന്നത്. പ്രകൃതി, മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളുടെ നിത്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വൈജ്ഞാനിക സമസ്യകൾക്ക് ഉത്തരം കണ്ടെത്തുന്നതിൻ്റെ ഭാഗമായി ഉയർന്നുവന്ന പരിസ്‌ഥിതി ശാസ്ത്രം ഇന്ന് അതിന്റെ പരാമർശതലങ്ങളിൽ വൈജാത്യവും വിപുലതയും നേടിയിട്ടുണ്ട്. ചുറ്റുമുള്ള ജീവിയവും (biotic) അജീവീയവും (abiotic) ആയ ഘടകങ്ങൾ മനുഷ്യജീവിതത്തെ എത്രത്തോളം സ്വാധീനിക്കുവാൻ കഴിയുന്നുവെന്നും മനുഷ്യ ജീവിത സാഹചര്യങ്ങളുടെ പരിവർത്തനപ്പെടുത്തലിൽ ഈ ഘടകങ്ങളുടെ സ്ഥാനം എന്താണെന്നും അവൻ കൂടുതൽ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചതിന്റെ അനന്തരാഫലമായി തത്ത്വശാസ്ത്രം (Philosophy), സാമ്പത്തിക ശാസ്ത്രം (Economics), ഗണിതശാസ്ത്രം (Mathamatics) ഭൗതിക ശാസ്ത്രം (Physical science) തുടങ്ങിയ അനേകം പഠനശാഖകളുടെ ചിന്താമണ്ഡലങ്ങളിലേക്കും പരിസ്‌ഥിതി ശാസ്ത്രം പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്റെ ഫലമായാണ് ഇക്കോസഫി (Ecosophy), ഹരിത സാമ്പത്തികം (Eco economics / Green economics), ഹരിത രാഷ്ട്രീയം (Green politics), ഇക്കോഫെമിനിസം (Ecofeminism) തുടങ്ങിയ സമഗ്ര ചിന്താധാരകൾ (Holistic thoughts) രൂപപ്പെട്ടത്. പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി പ്രകൃതി വിഭവങ്ങളുടെ അസംസ്‌കൃത രൂപങ്ങൾ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന ഗോത്രവർഗ മാനവ സംസ്‌കാരത്തിൽ നിന്ന് കമ്പോളാധിഷ്ഠിത ആധുനിക ഹൈടെക് സംസ്കാരത്തിലേക്കുള്ള പരിവർത്തന പ്രക്രിയയ്ക്കിടയിൽ നഷ്ടപ്പെട്ടുപോയ പ്രകൃതി സൗഹൃദ ജൈവ ജീവിതവും, ആ നഷ്‌ടങ്ങൾ മനുഷ്യ ജീവിത സാഹചര്യങ്ങളിൽ സൃഷ്ടിച്ച അസന്തുലിതാവസ്‌ഥകളും അസ്വസ്‌ഥതകളും പ്രത്യാഘാതങ്ങളുമാണ് പരിസ്‌ഥിതി പഠന ശാസ്ത്രത്തെ അനിവാര്യമാക്കിത്തീർത്തത്. അനിവാര്യതയായി തീർന്ന പരിസ്ഥിതി ശാസ്ത്ര പഠനം നൽകിയ ഉൾക്കാഴ്ചകളും തിരിച്ചറിവുകളും മനുഷ്യനെ പരിസ്‌ഥിതി സംരക്ഷണപ്രവർത്തനത്തിലേക്ക് നയിച്ചു. നൈസർഗികമായ പ്രകൃതിയുടെ സന്തുലിതാവസ്ഥ സുസ്‌ഥിരമായി നിലനിർത്തുന്നതിനായി വ്യക്തിതലത്തിലോ ഭരണകൂട ഭരണകുടേതര സംഘടിത രൂപതലത്തിലോ നടത്തപ്പെടുന്ന പ്രവർത്തനങ്ങളെയാണ് പരിസ്‌ഥിതി സംരക്ഷണം (Environmentan protation/ conservation) എന്ന് ഇന്നു വിളിക്കുന്നത്. എന്നാൽ അനിയന്ത്രിതമായ അമിതവിഭവ ഉപഭോഗമെന്നത് മുതലാളിത്ത അധികാരഘടനയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കേവലം മനുഷ്യകേന്ദ്രീകൃത പ്രവർത്തികൾ എന്ന രീതിയിൽ പാരിസ്ഥിതിക പ്രശ്നങ്ങളെ നോക്കിക്കാണാനാവില്ല. പ്രകൃതിയുടെ സ്വയംപര്യാപ്ത നില എന്നത് ഒരു പാരിസ്ഥിതിക മിത്താണ്.
അത്തരത്തിലുളള ആശയധാരകളിൽ ചിലതാണ് ചിത്രശലഭ പ്രതിഭാസം (പൂമ്പാറ്റപ്രതിഭാസം/ Butterfly effect), സ്വയം നിയന്ത്രിത പ്രകൃതി വാദം (Auto regulated nature of nature), ഭൂമി വളരെ വലിയ ജീവിയാണെന്ന സങ്കൽപ്പത്തിന്റെ അടിസ്‌ഥാനത്തിൽ ഉരുത്തിരിഞ്ഞു വന്ന “ഗയ” സിദ്ധാന്തം (Gaia hypothesis. Gaia hypothesis proposed by James Lovelock and Iynn Margulas), ആഴ – ആഴേതര പരിസ്ഥിതി (Deep and shallow ecology), പ്രകൃതി മാതാ സിദ്ധാന്തം (Nature is the nurturing mother) തുടങ്ങിയവ. ഓരോ സിദ്ധാന്തങ്ങൾക്കും അതിൻ്റേതായ പരിമിതികളും അനന്തമായ സാധ്യതകളും ഉണ്ട്. ആഴത്തിലുള്ള ഇത്തരം പരസ്പരബന്ധിത പഠനങ്ങൾക്കേ കേവല പരിസ്‌ഥിതി അനുബന്ധ ചട്ടകൂടുകൾക്ക് അപ്പുറത്തേക്ക് മനുഷ്യ ചിന്തകളെ വളർത്താൻ കഴിയൂ. എങ്കിൽ മാത്രമേ കലാതിവർത്തിയെന്നും സൃഷ്ടി-സ്ഥിതി-സംഹാരത്തിനുമപ്പുറത്തുള്ള സ്വത്വമെന്ന് സ്വയം അവകാശപ്പെട്ട് നിലനിൽക്കുന്ന മതചിന്തകൾക്കും, ശാസ്ത്രവുമായി അക്ഷരബന്ധം പോലും ഇല്ലെങ്കിലും ശാസ്ത്രീയം എന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന കപടചിന്തകൾക്കും, ഉപരിയായി മനുഷ്യനേയും മറ്റു സഹജീവികളേയും സമശീർഷബോധത്തോടെ കാണാൻ കഴിയുന്ന യുക്തിബോധ ചിന്തകളെ പ്രതിഷ്‌ഠിക്കുന്നതിന് കഴിയൂ.
പൂമ്പാറ്റ പ്രതിഭാസം (ചിത്രശലഭ സിദ്ധാന്തം)
പ്രത്യക്ഷത്തിൽ ബന്ധമൊന്നും കാണാൻ കഴിയാത്ത ജീവീയമോ അജീവീയമോ ആയ വസ്‌തുക്കളിലോ അവമൂലം സംഭവിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളിലോ ഉണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങൾ പോലും, ആ മാറ്റം അനുഭവപെടുന്ന പ്രദേശത്തോ അതിവിദൂര പ്രദേശത്തോ, ബൃഹത്തും സങ്കീർണ്ണങ്ങളുമായ സംവിധാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് സൂക്ഷ്മ സ്ഥൂലതലത്തിൽ യുക്തി ഭദ്രമായി വിശദീകരിക്കുന്ന ചിന്തധാരയാണ് ചിത്ര ശലഭ പ്രതിഭാസം/ പൂമ്പാറ്റ പ്രതിഭാസം (Butterfly effect). എഡ്വേർഡ് ലോറൻസ് (Edward Lorenz) എന്ന കാലാവസ്ഥ ശാസ്ത്രജ്ഞനാണ് ഗണിതശാസ്ത്രത്തിൻ്റെ രീതിശാസ്ത്രത്തിലൂടെ ചിത്രശലഭ പ്രതിഭാസത്തിൻ്റെ വിശകലന വ്യാപ്തി ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത്. ആഗോള താപനം (Global warming) ആഗോള കാലാവസ്‌ഥ വ്യതിയാനം (Global climate change) തുടങ്ങിയ പ്രതിഭാസങ്ങളോടൊപ്പം തന്നെ അതിന്റെ വിവിധ രാഷ്ട്രീയ സാമൂഹ്യതലങ്ങളെയും വിശകലനം ചെയ്യുന്നതിനും വിശദീകരിക്കുന്നതിനും പൂമ്പാറ്റ പ്രതിഭാസം ഉപയോഗപ്പെടുത്താവുന്നതാണ്. സാമ്പത്തിക ശാസ്ത്രത്തിലേയും തത്ത്വശാസ്ത്രത്തിലേയും വിവിധ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പൂമ്പാറ്റ പ്രതിഭാസത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രകൃതി പ്രതിഭാസങ്ങളെ വിശദീകരിക്കുന്നതിന് അർദ്ധനിരീശ്വരവാദികൾ/അർദ്ധ ഈശ്വരവിശ്വാസികൾ ഉപയോഗിക്കുന്ന സംജ്ഞയായ അമാനുഷിക ശക്തി (Super natural power) എന്നതിൻ്റെ നിരർത്ഥകത ചൂണ്ടികാട്ടുന്നതിനും പ്രപഞ്ചചലനനിയമങ്ങൾക്ക് നിദാനം പ്രകൃതിക്കുള്ളിലുള്ള ശക്തിയാണെന്നുമുള്ള (Natural super power Nature itself is a super power) യാഥാർത്ഥ്യം യുക്തി സഹമായി തുറന്നുകാട്ടുന്നതിനും ചിത്രശലഭ പ്രതിഭാസത്തെ ഉപയോഗിക്കുവാൻ കഴിയും. ഒരു നിശ്ചിത സംവിധാനത്തിൻ്റെ ഏതെങ്കിലും ഒരു ചെറിയ ഭാഗത്തുണ്ടാക്കുന്ന വ്യതിയാനം പോലും ഗണപരമോ ഗുണപരമോ ആയ ഒരു ചെറിയ സംവിധാനത്തിൻ്റെയോ അയൽപക്കസംവിധാനങ്ങളുടെയോ അന്യസംവിധാനങ്ങളുടെയോ ഗുണപരതയിൽ വലിയ തോതിലുള്ള മാറ്റത്തിന് കാരണമായേക്കാം എന്ന പൂമ്പാറ്റ സിദ്ധാന്തം, സാമൂഹ്യ മാറ്റങ്ങളിൽ ലിംഗ/ഭാഷ/മത/ ജാതി/ പ്രദേശ/ന്യൂനപക്ഷങ്ങളുടെ പങ്ക് വിശദീകരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന രീതിയിൽ പരിവർത്തിപ്പിക്കാൻ കഴിയണം.
പ്രത്യക്ഷത്തിൽ ബന്ധമൊന്നും കാണാൻ കഴിയാത്ത ജീവീയമോ അജീവീയമോ ആയ വസ്‌തുക്കളിലോ അവമൂലം സംഭവിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളിലോ ഉണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങൾ പോലും, ആ മാറ്റം അനുഭവപെടുന്ന പ്രദേശത്തോ അതിവിദൂര പ്രദേശത്തോ, ബൃഹത്തും സങ്കീർണ്ണങ്ങളുമായ സംവിധാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് രാഷ്ട്രീയമായി വിപുലീകരിക്കേണ്ടിയിരിക്കുന്നു.അധികാര വ്യവസ്ഥ നിയന്ത്രിക്കുന്ന മനുഷ്യൻ്റെ മനുഷ്യനോടും പ്രകൃതിയോടുമുളള രാഷ്ട്രീയസമീപനങ്ങൾ ആണ് കേന്ദ്രത്തോടെ പ്രത്യക്ഷ ബന്ധമുണ്ടെന്നു തോന്നാത്ത ഏത് ചെറിയ സംഭവത്തെയും നിർണ്ണയിക്കുന്നതെന്നും അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ചെറിയ തലങ്ങളിൽ നടക്കുന്ന പ്രതികരണങ്ങൾക്ക് വലിയ ആഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മനസിലാക്കേണ്ടതുണ്ട്.
സാമൂഹ്യ നന്മ തിൻമകളെ, കാര്യകാരണസഹിതം വിശകലനം ചെയ്യുന്നതിനും പരിഹാര നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനും പൂമ്പാറ്റ പ്രതിഭാസത്തിൻ്റെ വിശാലതലങ്ങൾ ഉപയോഗപ്പെടുത്താവുന്ന തരത്തിൽ പ്രകൃതി ശാസ്ത്ര പഠനത്തിന്റെ കെട്ടിലും മട്ടിലും മാത്രമല്ല ആശയതലത്തിലും പൊളിച്ചെഴുത്തുകൾ അനിവാര്യമാണ്. അമാനുഷിക ശക്തികൾ പ്രപഞ്ചം നിർമ്മിച്ചിട്ടുള്ളത്, ധാർമ്മിക മൂല്യ ശ്രേണിയിൽ അത്യുന്നതവാസിയായ ഉപരിവർഗ്ഗമനുഷ്യനു വേണ്ടി മാത്രമാണെന്ന മത കൽപനകളുടെ അർത്ഥ ശൂന്യത തിരിച്ചറിയുന്നതിനും മനുഷ്യനും മറ്റു സസ്യജന്തു ജീവികൾ (സുഷ്‌മജീവികൾ ഉൾപ്പെടെ) പോലെ ഒന്നു മാത്രമാണെന്നുള്ള ശാസ്ത്രബോധം രൂപപ്പെടുത്തുന്നതിനും ഉതകുന്ന രീതിയിൽ ചിത്രശലഭ പ്രതിഭാസത്തിന്റെ വിശാല തലങ്ങളെ ഉൾപ്പെടുത്തി ശാസ്ത്ര പഠന സംവിധാനത്തെ പുനസൃഷ്‌ടിക്കപ്പെടേണ്ടിയിരിക്കുന്നു.
മതത്തിൻ്റെ ദൈവമനുഷ്യകേന്ദ്രിതമായ നിലപാടുകൾക്കും ഭൂമി ലാഭത്തിനു വേണ്ടിയാണ് എന്ന വ്യാവസായിക നിലപാടുകൾക്കുമപ്പുറത്ത് മതനിരപേക്ഷ ജനാധിപത്യഭരണ സംവിധാനം നിലനിർത്തുന്നതിനും ശക്തിപെടുത്തുന്നതിനും പൂമ്പാറ്റ പ്രതിഭാസത്തെ സാമൂഹ്യശാസ്ത്ര തലങ്ങളോട് ഇഴ ചേർന്ന് ശക്തിപെടേണ്ടതുണ്ട്.
References
Cai, W., Ng, B., Geng, T., Wu L., Santoso A. and McPhaden M. J. (2020). Butterfly effect and a self-modulating El Niño response to global warming. Nature 585, 68-73. https://doi.org/10.1038/s41586-020-2641-x
Drengson, A. and Y. Inoue, eds. (1995) The Deep Ecology Movement: An Introductory Anthology. Berkeley: North Atlantic Publishers.
Fears, R., Abdullah, K. A. B., Canales-Holzeis, C., Caussy, D., Haines, A., Harper, S. L., McNeil, J. N., Mogwitz, J. and Ter Meulen, V. (2021). Evidence-informed policy for tackling adverse climate change effects on health: Linking regional and global assessments of science to catalyse action. PLoS medicine, 18(7), e1003719. https://doi.org/10.1371/journal.pmed.1003719
Johannessen Ims, K. (2011). Deep Ecology. In: Bouckaert, L., Zsolnai, L. (eds) Handbook of Spirituality and Business. Palgrave Macmillan, London. https://doi.org/10.1057/9780230321458_28
Levesque, S. (2016). Two versions of ecosophy: Arne Næss, Félix Guattari, and their connection with semiotics. Sign Systems Studies 44(4): 511-541. http://dx.doi.org/10.12697/SSS.2016.44.4.03
Lorenz, E. N. (1963). Deterministic nonperiodic flow. Journal of atmospheric sciences, 20(2), 130-141.
Manning, J. (2017). Chaos: The Mathematics Behind the Butterfly Effect. Colby College Mathematics. URL: https://www.colby.edu/wp-content/uploads/2017/08/2017-Manning-Thesis.pdf.
Næss, A. (1973). The Shallow and the Deep Long-Range Ecology Movement: A Summary”. Inquiry, 16:95-100
Palmer, T. N., Döring, A. and Seregin, G. (2014). The real butterfly effect. Nonlinearity, 27(9), R123.
Rouvas-Nicolis, C. and Nicolis, G. (2009). Butterfly effect. Scholarpedia, 4(5), 1720.
Schwarz, A. and Jax, K. (2011). Etymology and Original Sources of the Term “Ecology”. In: Schwarz, A., Jax, K. (eds) Ecology Revisited. Springer, Dordrecht. https://doi.org/10.1007/978-90-481-9744-6_9

ഡോ. സുരേഷ് കുമാർ കെ. എ.
അസി. പ്രൊഫസർ, സസ്യശാസ്ത്ര വിഭാഗം, ഗവ. കോളേജ് ചിറ്റൂർ, പാലക്കാട്
