അനില്‍കുമാര്‍ പയ്യപ്പിള്ളി വിജയന്‍
Published: 10 December 2024 വിവര്‍ത്തനം
Poothapattu: Sobs of a Broken People, Fragmented Ethos, and the Lost Land – Anilkumar Payyappilly Vijayan
പൂതപ്പാട്ട്: ഒരു ജനതയുടെ ഛിന്നഭിന്നമായ നൈതികബോധത്തിൻ്റെയും നഷ്ടഭൂമിയുടെയും വിങ്ങലുകൾ ഭാഗം -1
വിവ: ഡോ. പ്രമോദ് കുമാർ ഡി.എൻ
രണ്ടു വ്യത്യസ്ത ദിശകളിൽ കണ്ണകിയും പരശുരാമനും നടത്തിയ രണ്ടു വ്യത്യസ്ത യാത്രകൾ( മിത്തിക്കൽ യാത്രകൾ ) കേരളജനതയെയും ഭൂപ്രകൃതിയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്. ഒന്ന് കിഴക്കുനിന്ന് പടിഞ്ഞാറേയ്ക്ക്, അതായത് മധുരയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക്, ചിലപ്പതികാരത്തിലെ കണ്ണകിയുടെ യാത്ര. വ്യക്തമായി പറഞ്ഞാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക്, പ്രൗഢമായ കിഴക്കൻ മലനിരകളിൽ നിന്ന് പടിഞ്ഞാറൻ അതിർത്തിയായ കടലിൻറെ തിരമാലകളിലേക്ക്, മലമ്പ്രദേശം, സമതലം, തീരദേശം എന്നീ ക്രമത്തിൽ വിലങ്ങനെയുള്ള ഒരു സഞ്ചാരം. കേരളത്തിൽ പരശുരാമൻ നടത്തിയതാകട്ടെ വടക്കുനിന്ന് തെക്കോട്ട്, കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക്, മലമ്പ്രദേശം, തീരദേശം എന്നിവ ഒഴിവാക്കി സമതലത്തിലൂടെ മാത്രമുള്ള ഒരു സഞ്ചാരം.
മലമ്പ്രദേശത്തെയും തീരദേശത്തെയും കുറിച്ച് ബ്രാഹ്മണിക് പാഠമായ കേരളോൽപത്തി, മുന്നറിയിപ്പു കലർന്ന ഒരു ധാർമിക പ്രബോധനം അവതരിപ്പിക്കുന്നുണ്ട്.
“മലയിൽ നിന്നു വരുന്ന ദുർദ്ദേവതകളെ തടുപ്പാൻ ദുർമ്മന്ത്രം സേവിച്ചു ദുർദ്ദേവതകളെ തടഞ്ഞു നിർത്തുക എന്നും ആപല്ക്കാലത്തിങ്കൽ ഭദ്രനെ സേവിച്ചു ആപത്തുകളെ നീക്കുക എന്നും (പരശുരാമൻ) അരുളി ചെയ്തു ………………………..
സമുദ്രതീരത്തിങ്കന്നു വരും ജലദേവതകളെ തടുത്തു നിർത്തുവാൻ സന്മന്ത്രങ്ങളെ സേവിച്ചു സല്കർമ്മമൂർത്തിയെ പ്രസാദിപ്പിച്ചു ആപല്കാലത്തിങ്കൽ ദുർഗ്ഗയെ സേവിച്ചാൽ ആപത്തു നീങ്ങും എന്നുമരുളി ചെയ്തു ‘’ (കേരളോല്പത്തി, 3-4 )
രണ്ടു യാത്രകളും രണ്ടു വ്യത്യസ്ത ജനതകളുടെ കുടിയേറ്റങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. ഒന്ന്, 2500 വർഷം മുമ്പ് മെഡിറ്ററേനിയൻ പ്രദേശം, ചൈന , പടിഞ്ഞാറൻ ഏഷ്യ എന്നിവയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്നതും ഗിബ്ബൺ, പ്ലിനി തുടങ്ങിയ ചരിത്രകാരന്മാർ രേഖപ്പെടുത്തിയതും ‘പഴയ നിയമ’ത്തിൽ പരാമർശിച്ചിട്ടുള്ളതും അടുത്തകാലത്ത് നടന്ന പട്ടണം ഉദ്ഘനനത്തിൽ തെളിയിക്കപ്പെട്ടതുമായ സംഘകാല ജനതയുടെ കുടിയേറ്റമാണ്. ഹിന്ദുമത തത്വങ്ങൾക്ക് എതിരായ മതബോധം പുലർത്തിപ്പോന്ന ആ വിഭാഗം, പിന്നീട് പല ജാതിമത വിഭാഗങ്ങളായി ശകലീകരിക്കപ്പെട്ടു. രണ്ടാമത്തേത്, ബ്രാഹ്മണജനത നടത്തിയ യാത്രയാണ്. അവർ എ.ഡി. ആറ് മുതൽ എട്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലേക്ക് കുടിയേറി എന്ന് കരുതപ്പെടുന്നു. അവരാകട്ടെ അന്നത്തെ തദ്ദേശീയ ജനതയുടെ ഭൂമി കൈവശപ്പെടുത്തിയതോടൊപ്പം തങ്ങളുടെ സവിശേഷ ജാതിസ്വത്വം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുകയും ചെയ്തു. ഇവിടെ ഏറ്റവും ശ്രദ്ധേയമായ ഒന്ന് ആ യാത്രകളുടെ ലിംഗപരമായ വ്യത്യാസമാണ്. പ്രാചീന ജനതയുടെ മിത്തിക്കൽ ബിംബം ഒരു സ്ത്രീയാണെങ്കിൽ( കണ്ണകി), ബ്രാഹ്മണജനതയുടേത് ഒരു പുരുഷനാണ്(പരശുരാമൻ ). ഇന്ത്യൻ തത്വചിന്തകൻ ദേബിപ്രസാദ് ചതോപാധ്യായയുടെ, ലോകായതപാരമ്പര്യത്തെ കുറിച്ചുള്ള രചനയിൽ കാർഷികപാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്ന തദ്ദേശീയജനതയുടെ മാതൃപ്രാമുഖ്യ(Mother-Right) പാരമ്പര്യവും വേദിക് ജനതയുടെ പിതൃആധിപത്യ പാരമ്പര്യവും എടുത്തുപറയുന്നുണ്ട്.
“ലിംഗ വ്യത്യാസത്തിന്റെ സാമൂഹിക പ്രാധാന്യം സാമ്പത്തിക ജീവിതത്തിൻറെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേട്ടയാടൽ കാലഘട്ടത്തിനു മുമ്പുള്ള (Pre-hunting stage)സാമൂഹിക ജീവിതത്തിൻറെ സ്വഭാവം മാതൃകേന്ദ്രീകൃതമായിരുന്നു. എന്നാൽ വേട്ടയാടലിന്റെ വികാസത്തോടൊപ്പം അത് പുരുഷകേന്ദ്രീകൃതമായിത്തീർന്നു. വേട്ടയാടൽ കാലഘട്ടത്തിനു ശേഷം വന്ന ഇടയജീവിതത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയിൽ(pastoral economy) ഈ പുരുഷമേധാവിത്വം കൂടുതൽ ശക്തമായിത്തീർന്നു. എന്നാൽ കാർഷിക സമൂഹത്തിൽ നേർവിപരീതമായി തുടരുകയും ചെയ്തു. അവിടെ മാതൃപ്രാമുഖ്യവ്യവസ്ഥയുടെ പുനരുദ്ധാനം സംഭവിച്ചു. എന്നാൽ കന്നുകാലികളെ ഉപയോഗിച്ച് നിലമുഴുതു തുടങ്ങിയപ്പോൾ ഇത് ആത്യന്തികമായി അട്ടിമറിക്കപ്പെട്ടു.
ദേവന്മാരും ദേവതകളും മനുഷ്യരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവയാണ്.ലിംഗവ്യവസ്ഥയുടെ സാമൂഹിക പ്രാധാന്യത്തിലുണ്ടായ മാറ്റം ദേവതാസങ്കല്പത്തിലും പ്രതിഫലിച്ചു. കാർഷികവ്യവസ്ഥയുടെ ആദ്യഘട്ടങ്ങളിൽ ദേവതമാർക്കായിരുന്നു പ്രാമുഖ്യം. എന്നാൽ വേട്ടയാടൽ ഘട്ടത്തെയും ഇടയജീവിതത്തെയും പ്രതിനിധീകരിച്ചത് ദേവന്മാർ ആയിരുന്നു.” (ചതോപാദ്ധ്യായ,241)
ഇവിടെ ഓർക്കേണ്ട കാര്യം പ്രധാനമായും മാതൃപ്രാമുഖ്യ സംസ്കാരത്തിൽ നിന്നുള്ള, ഇന്ത്യൻ സമൂഹത്തിൻറെ പരിവർത്തനമാണ്. അതായത് സ്ത്രീത്വത്തിന് പുരുഷത്വത്തിന് മേൽ, പ്രകൃതിക്ക് പുരുഷനുമേൽ, വസ്തുവിന് ആശയത്തിന്മേൽ പ്രാമുഖ്യം ഉണ്ടായിരുന്ന ഒരു സമൂഹം ബ്രാഹ്മണ പിതൃആധിപത്യ സംസ്കാരത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. പ്രപഞ്ചവ്യവസ്ഥ മുഴുവൻ പുരുഷകേന്ദ്രീകൃതമാക്കപ്പെട്ടു”( 245) എന്നാൽ ഇത് ആയാസരഹിതമായ ഒരു പരിവർത്തനമായിരുന്നില്ല; ഹൈപ്പർഗമി, ശൈശവവിവാഹം, സതി എന്നീ മൂന്ന് സ്ത്രീവിരുദ്ധ പ്രയോഗപദ്ധതികൾ വഴി നടത്തിയ ആസൂത്രിതമായ അക്രമത്തിലൂടെ സാധിച്ചെടുത്തതായിരുന്നു. ബ്രാഹ്മണിക് ലോകക്രമത്തിന് മാതൃപ്രാമുഖ്യവ്യവസ്ഥയെ തകർക്കാൻ ഇത്തരം ഉദാത്തവൽക്കരിക്കപ്പെട്ട മാർഗങ്ങൾ അനിവാര്യമായിരുന്നു.(254) കാരണം മാതൃപ്രാമുഖ്യത്തിന്റെ ഭൗതികാടിത്തറയുള്ള കാർഷിക സമൂഹം ആയിരുന്നു ഇന്ത്യയിൽ ഭൂരിപക്ഷവും(258).
കേരളത്തിലെ ബ്രാഹ്മണേതരജനതയെ കീഴടക്കുന്നതിനായി ബ്രാഹ്മണിക് പിതൃമേധാവിത്വം നടത്തിയ ആസൂത്രിത അതിക്രമത്തിന് ഒരു അധികഘടകം കൂടിയുണ്ട്. ലോകത്ത് ഒരിടത്തും കാണാൻ കഴിയാത്ത ഒരു വിവാഹ / വെപ്പാട്ടി സമ്പ്രദായം അവർ സൃഷ്ടിച്ചു. ബ്രാഹ്മണകുടുംബത്തിലെ മൂത്ത പുത്രന് മാത്രമേ സ്വജാതിവിവാഹം അനുവദിച്ചിരുന്നുള്ളൂ. ഇളയ പുത്രന്മാർ (അപ്ഫന്മാർ) തദ്ദേശീയ കുടുംബങ്ങളിലെ സ്ത്രീകളുമായി സംബന്ധം എന്ന വിവാഹേതര ലൈംഗികബന്ധ സമ്പ്രദായത്തിൽ ഏർപ്പെട്ടു കൊള്ളണം. ഇതാണ് ആ വ്യവസ്ഥ. എന്നാൽ അപ്പോൾ ഉയർന്നു വന്ന അയിത്തസമ്പ്രദായത്തിന്റെതായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവരെ ചാതുർവർണ്യ വ്യവസ്ഥിതിയിൽ ഉൾപ്പെടുത്തുകയും മറ്റു മൂന്നു വർണ്ണങ്ങളെ സേവിക്കേണ്ട ചുമതലയുള്ള നാലാംവർണ്ണമായ ശൂദ്രപദവി നൽകുകയും ചെയ്തു. അങ്ങനെ ദ്രാവിഡർ എന്ന്, അല്ലെങ്കിൽ അംബേദ്കർ പറയുന്നതുപോലെ നാഗന്മാർ എന്ന് പറയപ്പെടുന്ന(who Were Shudras,296) ഒരു ജനതയിൽ നിന്ന് ഒരു പ്രത്യേക വിഭാഗം രൂപപ്പെട്ടു. നായർ എന്ന ജാതിവിഭാഗത്തിന്റെ പിറവി അങ്ങനെയായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭൂരിപക്ഷം നാഗന്മാരിൽ നിന്നും വ്യത്യസ്തരായി, കണ്ടാൽ അയിത്തമില്ലാത്തതും സഹകരിക്കാവുന്നതും ചില സവിശേഷ സന്ദർഭങ്ങളിലെങ്കിലും സ്പർശിക്കാവുന്നതുമായ ഒരു നാഗവിഭാഗം രൂപപ്പെട്ടു. അവർ ബ്രാഹ്മണരെ സേവിക്കുകയും ആ വ്യവസ്ഥയുമായി പൊരുത്തപ്പെടുകയും ചെയ്തു. ബ്രാഹ്മണിക് പിതൃമേധാവിത്വത്തിനെതിരായ വളരെ നേരിയ പ്രതിരോധം മാത്രമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത്തരത്തിൽ ബ്രാഹ്മണവൽക്കരിക്കപ്പെട്ട നായർ വിഭാഗം ഒഴികെയുള്ള നാഗജനത തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവരുമായ പഞ്ചമരായി മുദ്രകുത്തപ്പെട്ടു. രണ്ട് വിദേശമതങ്ങൾ ആണ് (ക്രിസ്തുമതവും ഇസ്ലാംമതവും) വിവാഹത്തിലൂടെയും മതപരിവർത്തനത്തിലൂടെയും, അധ:കൃതരാക്കപ്പെട്ട പഞ്ചമർക്കും ബ്രാഹ്മണവൽക്കരിക്കപ്പെട്ട നായർ വിഭാഗത്തിനും ബ്രാഹ്മണർക്കും ഹിന്ദുമതത്തിന്റെ കെട്ടുപാടിന് പുറത്തുള്ള ജീവിതസങ്കല്പങ്ങൾ കാട്ടിക്കൊടുത്തത്.
ഹിന്ദുമതത്തിന്റെ വർണ്ണവ്യവസ്ഥയുമായി നാഗന്മാരിൽ ഭൂരിപക്ഷവിഭാഗം ലയിച്ചുചേരാത്തതിന് ഒരു ദാർശനിക കാരണമുണ്ടായിരുന്നു. അംബേദ്കർ തിരിച്ചറിയുകയും കൃത്യമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുള്ളതു പോലെ അത് അവർക്ക് മേൽ ഉണ്ടായിരുന്ന ബുദ്ധമതധാർമികതയുടെ സ്വാധീനമാണ്. അഹിംസയുടെ മൂല്യവും (കരുണയും മൈത്രിയും) ഭൂമിയുടെയും വിഭവങ്ങളുടെയും കൂട്ടായ ഉടമസ്ഥാവകാശവും ലോകത്തിലെ ഏറ്റവും മികച്ച മാർഗ്ഗമായി ഇതിനകം അവർ ഉൾക്കൊണ്ടിരുന്നു.
“മാനുഷരെല്ലാരും ഒന്നു പോലെ ആമോദത്തോടെ വസിച്ച കാലം
……………………………………..
ആവതവരവർ ചെയ്തു നാട്ടിൽ
……….. ……… :………………………
സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം”
എന്ന് സഹോദരനയ്യപ്പൻ ബ്രാഹ്മണിക് പൂർവ്വകാലകേരളത്തെക്കുറിച്ച് എഴുതിയ ഓണപ്പാട്ടിൽ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.( അജയ് ശേഖർ, പുത്തൻ കേരളം: കേരള സംസ്കാരത്തിൻ്റെ ബുദ്ധ അടിത്തറ).
സ്ത്രീകൾ സമത്വം ആസ്വദിച്ചിരുന്ന കാലമായിരുന്നു അത് എന്ന ആ ഗാനത്തിലെ ഊന്നിപ്പറയുന്ന ഓർമ്മപ്പെടുത്തൽ, പ്രസ്തുതകാലം ബ്രാഹ്മണിക് പുരുഷാധിപത്യത്തിന്റേത് അല്ലെന്ന് വ്യക്തമായി അടിവരയിടുന്നു. ആഹ്ലാദകരമായ സാഹോദര്യത്തിന്റെ ഈ ലോകത്തിലേക്ക് വിഷ്ണുവിൻറെ അവതാരരൂപങ്ങളായി വടക്കുനിന്നുള്ള രണ്ട് ഭിക്ഷാംദേഹികൾ എത്തിച്ചേർന്നു. മഴുവുമായി പരശുരാമനും ചതിയിലൂടെ മഹാബലിയുടെ ഭൂമിയും ജീവിതവും അളന്നെടുത്ത കാൽപാദങ്ങളുമായി വാമനനും.
ഓണം മിത്തും കേരളത്തിലെ ജാതിവ്യവസ്ഥയുടെയും അധ:കൃതജനതയുടെയും ഉദയവും, കേരളത്തിലെ അസ്പൃശ്യജനത ബുദ്ധമതക്കാരായിരുന്നു എന്ന അംബേദ്കറുടെ സിദ്ധാന്തത്തെ ഉറപ്പിക്കുന്നു.(Dr.B.R.Ambedkar,The Untouchables, 315) ബ്രാഹ്മണിസത്തിന് എതിരെ അവർ നടത്തിയ ധാർമികവും രാഷ്ട്രീയവുമായ ചെറുത്തുനിൽപ്പാണ് അവരുടെ പതനത്തിന് കാരണമായത്. എന്നാൽ മുഖ്യധാരാ ചരിത്രകാരന്മാർക്ക് കേരളത്തിൻറെ ബൗദ്ധപാരമ്പര്യവും ബുദ്ധമതവും ബ്രാഹ്മണിസവും തമ്മിലുള്ള സംഘർഷവും പരിഗണനാവിഷയമായിരുന്നില്ല. മാത്രമല്ല അത്തരം ചിന്തയിലേക്ക് തലയിടാതിരിക്കാൻ ഉള്ള ഒരു ആന്തരികപ്രവണതയും ഉണ്ടായിരുന്നു. വസ്തുതാപരമായ തെളിവുകൾ ലഭിക്കാത്തതിനാൽ ഒരു ഇരുണ്ട കാലഘട്ടമായി അത് കരുതപ്പെട്ടു. എന്നാൽ അത് മുഖ്യധാരാ ചരിത്രരചനയെ രൂപപ്പെടുത്തിയ ഒരു പ്രത്യേകതരം ഭാവന മാത്രമായിരുന്നു.
മുഖ്യധാരാ ചരിത്രരചനയിൽ കേരളത്തെ, വടക്കുനിന്ന് തെക്കോട്ട് കിടക്കുന്ന ഇടം ആയാണ് സങ്കൽപ്പിക്കുന്നത്. ബ്രാഹ്മണകുടിയേറ്റം നടന്ന ദിശയുടെ ഭാവനാത്മക പുനർനിർമാണമാണ് ആ സങ്കല്പം. സംസ്കൃതഗ്രന്ഥമായ കേരള മാഹാത്മ്യത്തിലും മലയാള ഗ്രന്ഥമായ കേരളോൽപ്പത്തിയിലും രേഖപ്പെടുത്തിയിരിക്കുന്ന പരശുരാമമിത്ത് ഇത് സാക്ഷ്യപ്പെടുത്തുന്നു.
താഴെപ്പറയുന്ന കേരളോല്പത്തി കഥ കേരളീയ പൊതുബോധത്തിൽ ഔദ്യോഗികമായും അനൗദ്യോഗികമായും അടിച്ചേല്പിക്കപ്പെട്ടു.
“ മഹാവിഷ്ണുവിൻറെ അവതാരമായ പരശുരാമൻ ഗോകർണത്തിൽ നിന്ന് രക്തം പുരണ്ട മഴു കടലിലേയ്ക്ക് എറിഞ്ഞു. ആ മഴു കന്യാകുമാരിയിലാണ് ചെന്നുവീണത്. അങ്ങനെ ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശം കടൽ മാറി കരയായി. അതാണ് കേരളം”(നാഹ).
ചുരുക്കത്തിൽ, ഹോളിവുഡിലെ വെസ്റ്റേൺ സിനിമ(The Searchers – John Ford ഉദാഹരണം)കളിലേതു പോലെ, അക്രമത്തിന്റെയും കൊലപാതകത്തിന്റെയും അടയാളം പതിഞ്ഞ ആ മഴു വടക്കുനിന്ന് തെക്കുവരെ പടർന്ന രക്തം പുരണ്ട ഒരു സംഭവത്തെ ദൃശ്യവൽക്കരിക്കുന്നുണ്ട്. കേരളോൽപ്പത്തിയിൽ വിവരിക്കുന്ന ആ രക്തം പുരണ്ട മഴുവിന്റെ ആശയപരമായ ഉള്ളടക്കം ഗൗരവമായി പരിഗണിക്കാതെയാണ് കേരളചരിത്രരചന ഒരു പരിധി വരെ നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്.
ഈ മുഖ്യധാരാ ഭൂപടഭാവനയ്ക്ക് വിരുദ്ധമായി, കണ്ണകിമിത്തിൽ നേരത്തെ സൂചിപ്പിച്ചതുപോലെ, മറ്റൊരു ഭാവന നിലനിന്നിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഈ ഭാവന മുഖ്യധാരാ കേരളചരിത്രരചനയിൽ അവ്യക്തമായിരുന്നു. സൂര്യന്റെയും നമ്മുടെ അനേകം നദികളുടെയും ഗതിയെ, അതായത് കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്ക്, പിന്തുടരുന്നതാണ് ആ ഭാവന. കിഴക്കൻ മലനിരകളിൽ നിന്ന് പടിഞ്ഞാറൻ കടൽ വരെ എത്തുന്ന, സൂര്യനും നദികളും നടത്തുന്ന യാത്രകളുടെ സ്വാഭാവിക പര്യവസാനം ആയി കടലിനെ വിഭാവനം ചെയ്യുന്ന ഒരു ഭൂപ്രകൃതിയെ അത് മുൻനിർത്തുന്നു. സൂര്യന്റെയും നദികളുടെയും യാത്രയ്ക്ക് സമാന്തരമായി അതേ ദിശയിൽ ഒരു നാഗരികത നടത്തിയ യാത്ര – ഹിന്ദുമതത്തിന് പുറത്തുള്ള ഒരു ജനതയുടെ യാത്ര – മുഖ്യധാരാ കേരളചരിത്രരചന ക്രൂരമായി മായ്ച്ചുകളയുകയോ അവഗണിക്കുകയോ ചെയ്തു. ആധുനികകേരളത്തിൻറെ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ച ഭൗതികവും ചരിത്രപരവുമായ അവസ്ഥകളെക്കുറിച്ചും ശക്തികളെക്കുറിച്ചുമുള്ള വികലമായ ധാരണകൾ ഉണ്ടായി എന്നതായിരുന്നു അതിൻറെ ഫലം.
ഈ മായ്‌ക്കലിന് ഒരു ചരിത്രപരമായ തുടർച്ചയുണ്ട്: അത് ചരിത്രപരമായി ഹിന്ദുലോകക്രമത്തിൻ്റെ സ്വാഭാവിക സവിശേഷതയായ ഒഴിവാക്കൽ സിദ്ധാന്തത്തെ( Doctrine of Exclusion) സുഗമമായി ആവർത്തിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കേരളത്തിൻ്റെ മുഖ്യധാരാ ചരിത്രരചന ദലിതരെയും മറ്റ് അധ:കൃത ജനവിഭാഗങ്ങളെയും ചരിത്രത്തിൻ്റെ പരിധിയിൽ നിന്ന് വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നു. മനുഷ്യരെ അദൃശ്യരും അസ്പൃശ്യരും ആക്കുന്ന ഹിന്ദുധർമ്മത്തിൻ്റെ ചരിത്രപരവും രാഷ്ട്രീയവുമായ പദ്ധതി പിൻതുടർന്ന്, ചരിത്രരചന വഴി ഒരു വിഭാഗത്തെ അദൃശ്യരും തൊട്ടുകൂടാത്തവരുമാക്കി മാറ്റുന്നു,! മറുവശത്ത്, മുഖ്യധാരാ ചരിത്രരചന മറ്റൊരു തരത്തിലുള്ള മായ്ച്ചുകളയൽ നടത്തുന്നുണ്ട്. അത് ഒരു ജനതയെ തന്നെ മായ്ച്ചുകളയുകയും അവരെ അദൃശ്യരാക്കുകയും ചെയ്തുവെന്ന് മാത്രമല്ല, കേരളത്തിലെ ചില ഭൂപ്രകൃതികളെയും അദൃശ്യമാക്കി; അതായത് മലകളെയും കടലിനെയും.
മുഖ്യധാരാ ചരിത്രരചനയിൽ ഭൂരിഭാഗവും കേരളോൽപ്പത്തിയിലെ വിവരണങ്ങളുടെ ചരിത്രപരമായ കൃത്യതയെക്കുറിച്ച് സംശയം ഉന്നയിക്കുന്നുവെങ്കിലും, അവയെല്ലാം അതുമായി പൊതുവായ ചിലത് പങ്കുവയ്ക്കുന്നുണ്ട്. അത് നേരത്തെ സൂചിപ്പിച്ചതുപോലെ, ഒഴിവാക്കൽ സിദ്ധാന്തത്തോടുള്ള രീതിശാസ്ത്രപരമായ അവിഹിതബന്ധം അല്ലാതെ മറ്റൊന്നുമല്ല. കേരളചരിത്രരചനയുടെ ട്രേഡ്‌മാർക്ക് സവിശേഷത, കേരളോൽപ്പത്തി തുടങ്ങി വച്ചതു പോലെ,ഹൈന്ദവ വർണ്ണക്രമത്തിൻ്റെ അമിതമായ പ്രതിനിധാനവും അതിനോടുള്ള അഭിനിവേശവും ആദിവാസികൾ, തൊട്ടുകൂടാത്തവർ, പിന്നോക്ക സമുദായങ്ങൾ, മുസ്‌ലീങ്ങൾ, ക്രിസ്ത്യാനികൾ എന്നിവരുടെ ജീവിതലോകത്തിൻ്റെ ഒഴിവാക്കലുമാണ്. വർണ്ണവ്യവസ്ഥ സ്ഥാപിച്ച ജീവിതത്തിൻ്റെ ശ്രേണീബദ്ധമായ ഘടനയുമായി ലയിച്ചു ചേർന്ന ആഖ്യാനമാണ് കേരളോൽപ്പത്തിയിൽ നാം കാണുന്നത്.
: ഒരു ബ്രാഹ്മണൻ കടലിൽ നിന്ന് ഭൂമിശാസ്ത്രപരമായ ഒരു ഇടം ഉണ്ടാക്കിയെടുക്കുന്നു; വടക്ക് നിന്ന് ഒരുകൂട്ടം ആര്യബ്രാഹ്മണരെ കൊണ്ടുവന്ന്, കേരളേതര ബ്രാഹ്മണരിൽ നിന്ന് അവരുടെ വേറിട്ട വ്യക്തിത്വം ഉറപ്പാക്കിക്കൊണ്ട് അവരെ അവിടെ താമസിപ്പിക്കുകയും അതിജീവനത്തിന് ആവശ്യമായ ആയോധനവിദ്യ അഭ്യസിപ്പിക്കുകയും ചെയ്യുന്നു; ബ്രാഹ്മണർക്ക് കീഴ്പെട്ട് ഭരിക്കാൻ മറ്റൊരു കൂട്ടം ആളുകളെ കൊണ്ടുവന്ന് അവരെ ക്ഷത്രിയർ എന്ന് വിളിക്കുന്നു; ഒടുവിൽ ബ്രാഹ്മണരെ സേവിക്കാൻ ആളുകളുണ്ടെന്ന് ഉറപ്പുവരുത്താൻ മറ്റിടങ്ങളിൽ നിന്ന് ശൂദ്രരെ കൊണ്ടുവരുന്നു.
എന്നാൽ അതേ സമയം, ചലച്ചിത്രകാരൻ സെർജി ഐസൻസ്റ്റീൻ പറയുന്ന പ്രതിനിധാനവും പ്രതിച്ഛായയും(Representation and Image) (ഐസൻസ്റ്റീൻ 12-17) തമ്മിലുള്ള വ്യത്യാസം ഓർത്തുകൊണ്ട് , കേരളോൽപ്പത്തിയിലെ ഒരു പ്രതിനിധാനത്തിൻ്റെ നിർണ്ണായകവും അതേസമയം രസകരവുമായ അഭാവത്തിൽ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ വർണ്ണവ്യവസ്ഥയിൽ, വൈശ്യപ്രാതിനിധ്യം കാണുന്നില്ല! കേരളോൽപ്പത്തി വർണ്ണസമ്പ്രദായത്തിൻ്റെ യുക്തിയെ പിന്തുടരുന്നുണ്ടെങ്കിലും മൂന്നാം വർണ്ണമായ വൈശ്യരെ, വ്യാപാരി വർഗ്ഗത്തെക്കുറിച്ച് അതിശയകരമാംവിധം നിശബ്ദത പാലിക്കുന്നു. സത്യത്തിൽ, കേരളോൽപ്പത്തി, മലകളെയും കടലിനെയും ഒഴിവാക്കിയത് ഈ നാടിൻ്റെ സൃഷ്ടിയിൽ വൈശ്യരുടെ സംഭാവനകൾ മായ്ച്ചുകളയാൻ വേണ്ടിയാണെന്ന് പോലും പറയാം. വടക്ക് നിന്ന് ബ്രാഹ്മണർ കേരളത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ, ഇവിടം, വിവിധ പേരുകളിൽ, അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ലോകമെമ്പാടും അറിയപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ വൈശ്യരുടെ അഭാവത്തിൻ്റെ പിന്നിൽ തന്ത്രപരമായ കാരണങ്ങൾ ഉണ്ടാകാതെ തരമില്ല.
പിൽക്കാല ചരിത്രരചനയുടെ രീതിശാസ്ത്രപരമായ ഗതി നിശ്ചയിക്കുന്നതിൽ കേരളോൽപ്പത്തി വഹിച്ച ഘടനാപരമായ പങ്കിനെക്കുറിച്ച്, അബ്ബാസ് പനയ്ക്കൽ ഉയർത്തിയ ഒരു കാര്യവും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, കേരളം എന്ന പേരിൻ്റെ ഉല്പത്തി സംസ്കൃതത്തിൽ നിന്നാണ് . ബ്രാഹ്മണർ വരുന്നതിനു മുൻപ് ഇവിടം മലയാളം എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം എഴുതുന്നു,
“പരശുരാമൻ ബ്രാഹ്മണരെ കുടിയിരുത്തും മുമ്പ് , കേരളോൽപ്പത്തിയിൽ കാണുന്ന സ്ഥലത്തിൻ്റെ പേര് ‘മലയാളം’ എന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കേരളോൽപ്പത്തിയുടെ കരട് തയ്യാറാക്കുന്ന കാലത്ത് ‘മലയാളം’ എന്ന പേര് പ്രസിദ്ധമായിരുന്നു. ബ്രാഹ്മണാധിപത്യത്തിന് ശേഷമാണ് കേരളമെന്ന പേര് ആദ്യമായി കേരളോൽപ്പത്തിയിൽ ഉപയോഗിച്ചത്” (പനയ്ക്കൽ).
തഞ്ചാവൂരിലെ ക്ഷേത്രത്തിലെ ഒരു കല്ലിൽ എ.ഡി.ആറാം നൂറ്റാണ്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ‘മലൈ നാട്’ എന്ന പേര് ചൂണ്ടിക്കാട്ടി, ഉർദു പണ്ഡിതൻ ഷംസുല്ല ഖാദിരി അത്, പർവ്വതങ്ങളുടെ നാട് എന്ന് അർത്ഥമുള്ള പണ്ടത്തെ മലബാറിനെ സൂചിപ്പിക്കുന്നു എന്ന് പറയുന്നു (ഖാദിരി,21).
മലബാറിലെ ഭാഷ തമിഴിൽ നിന്ന് വളരെ വ്യത്യസ്തമാണ്. എങ്കിലും അത് ദ്രാവിഡ ഭാഷയുടെ ഒരു ശാഖയാണ്. മലകൾ നിറഞ്ഞുകിടക്കുന്ന നാടിൻ്റെ ഭാഷയായതുകൊണ്ടാണ് അതിന് മലയാളം എന്ന പേര് ലഭിച്ചത്. ഇതേ കാരണത്താൽ രാജ്യത്തിന് മലയാളം എന്ന പേരും ലഭിച്ചു, ഭാഷ സംസാരിക്കുന്നവർ മലയാളികളായി.
മല എന്ന വാക്ക് ബാർ എന്ന വാക്കിനൊപ്പം ചേരുമ്പോൾ മലബാർ എന്ന വാക്ക് ലഭിക്കും. ബാർ എന്നത് പേർഷ്യൻ പദമാണ്. രാജ്യം എന്നാണ് ഇതിനർത്ഥം. അതിനാൽ, മലയോട് ബാർ എന്ന പദം ചേർക്കുമ്പോൾ, അത് ഒന്നുകിൽ മലനാട് അല്ലെങ്കിൽ മലകൾ അധികമായി കാണുന്ന സ്ഥലം എന്നാണ് അർത്ഥമാക്കുന്നത്. (ഖാദിരി 21)
ദളിത്-ബഹുജൻ ജനത ചരിത്രരചനയിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ; അവരുടെ ഭൂമിയുടെ പേര് വളരെ കൗശലത്തോടെ മാറ്റുമ്പോൾ, അതിൽ അവർക്ക് അർഹമായ വിഹിതം അവർ അവകാശപ്പെടില്ല. അവരുടെ മാതൃപ്രാമുഖ്യലോകം ഛിന്നഭിന്നമാവുകയും അവർ ജാതിസ്വത്വങ്ങളായി ചുരുങ്ങുകയും പുരുഷാധിപത്യ ബ്രാഹ്മണിക് ലോകത്ത് സോംബികൾ( zombie) ആയിത്തീരുകയും ചെയ്തു. തിരിച്ചറിയാൻ കഴിയാത്തവിധം ഛിന്നഭിന്നമായ തങ്ങളുടെ ബൗദ്ധഭൂതകാലത്തിൻ്റെ പുനർനിർമ്മാണം ദളിത്-ബഹുജനങ്ങൾക്ക് എങ്ങനെയാണ് സാധ്യമാവുക?
ചരിത്രസ്മരണകളും തെളിവുകളും മറയ്ക്കൽ, ഛിന്നഭിന്നമാക്കൽ, വക്രീകരിക്കൽ തുടങ്ങിയ എല്ലാ തന്ത്രങ്ങളും ബ്രാഹ്മണിക് വ്യവസ്ഥ പയറ്റിയിട്ടും, ഭാഗ്യവശാൽ, നിരവധി അടയാളങ്ങൾ ഇന്നും അവശേഷിക്കുന്നു.ദലിത്-ബഹുജൻ ജനതയുടെ പ്രതിരൂപങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ബ്രാഹ്മണരുടെ വ്യവസ്ഥാപിതതന്ത്രങ്ങളെയും കുറിച്ച് പരിശീലനം ലഭിച്ച ,ജാഗ്രത പുലർത്തുന്ന മനസ്സിന് അത് കണ്ടെത്താനാകും. ഒരു കലശ(Urn)ത്തിലെ ചിത്രങ്ങളിൽ കീറ്റ്സ് ചരിത്രം ഭാവന ചെയ്യുന്നുണ്ട്. എന്നാലിവിടെ ഒരു കലശമില്ല, മറിച്ച് പൊട്ടിയ ചില കഷണങ്ങൾ മാത്രം. അതായത് സാന്നിധ്യത്തേക്കാൾ അഭാവത്തെ കാണിക്കുന്ന ഒരു കലശം മാത്രം! അവ്യക്തമായ ചിത്രങ്ങളിൽ നിന്നും, അവശേഷിക്കുന്ന കഷണങ്ങളിലെ പൊട്ടിയ വരകളിൽ നിന്നും, ഒരു പൂർണ്ണചിത്രത്തിലെത്താൻ നമ്മൾ ആദ്യം മുതൽ തുടങ്ങേണ്ടി വരും. ഒരിക്കൽ ഉണ്ടായിരുന്നതും ഇന്ന് ഇല്ലാത്തതുമായ ഒരു ചിത്രം പൂർത്തിയാക്കാൻ, ഒരു പക്ഷേ അസാധ്യമെന്നു തോന്നിക്കുന്ന ഒരു ശ്രമം. അംബേദ്കർ നിരന്തരം ഈ പ്രക്രിയയിൽ ഏർപ്പെട്ടിരുന്നു: നേടാനാകാത്തതിനായി അവിരാമം പരിശ്രമിക്കുക, തകർന്ന മനുഷ്യരിൽ നിന്ന് ഒരു സമ്പൂർണ്ണ മനുഷ്യനെ സൃഷ്ടിക്കുക!
ആ യാതന നിറഞ്ഞ പ്രക്രിയയുടെ മിന്നലാട്ടം ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കവിതയിലുണ്ട്.
തുടരും…
കുറിപ്പുകൾ
പ്രതിനിധാനം, പ്രതിച്ഛായ
മൊണ്ടാഷിനെക്കുറിച്ചു പറയുന്ന വേളയിലാണ് ഐസൻസ്റ്റീൻ
Representation, Image എന്നിവ വിശദീകരിക്കുന്നത്.
ഒരു പ്രവർത്തിക്കാത്ത ക്ലോക്കിൻ്റെ ഘടന അദ്ദേഹം ഉദാഹരണമായെടുക്കുന്നു.
ഒരു വൃത്താകൃതിക്കുള്ളിൽ ചെറുതും വലുതുമായ സൂചികൾ ചേർന്ന് പല തരം കോണുകൾ സൃഷ്ടിക്കാൻ കഴിയും. ഓരോ കോണും ഓരോ പ്രതിനിധാനമായി കരുതാം. ഇങ്ങനെ ഒറ്റയ്ക്കു നിൽക്കുന്നതും പരസ്പരബന്ധം ഇല്ലാത്തതുമായ അനേകം പ്രതിനിധാനങ്ങൾ ഉണ്ടാകാം.
എന്നാൽ ക്ലോക്ക് പ്രവർത്തിച്ചു തുടങ്ങിയാൽ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന കോണുകളെല്ലാം ഒരു ചരടിൽ കോർക്കപ്പെടുന്നു. ഇവ ഒത്തുചേർന്ന് സമയം എന്ന Image രൂപപ്പെടുന്നു.
ഇവിടെ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ പ്രതിനിധാനങ്ങൾ ചേർന്നതാണ് ഇന്ത്യൻ ചാതുർവർണ്ണ്യവ്യവസ്ഥ എന്ന Image. എന്നാൽ കേരളത്തിലെത്തുമ്പോൾ വൈശ്യർ എന്ന പ്രതിനിധാനം ഇല്ല. അതേസമയം ഇന്ത്യൻ വർണ്ണവ്യവസ്ഥ എന്ന Image നിലനിൽക്കുകയും ചെയ്യുന്നു.
The Film Sense- Sergei Eisenstein
വെസ്റ്റേൺ സിനിമകൾ
ഹോളിവുഡ് സിനിമയുടെ ഒരു പ്രധാന ഘടകമാണ് വെസ്റ്റേൺ സിനിമകൾ എന്ന ജനുസ്സ്. ഇതിൽ സാധാരണയായി കൗബോയ്കൾ, തോക്കുകാർ, ഷെറീഫുകൾ(നിയമപാലകർ) എന്നിവർ നിയമവിരുദ്ധമായി അപരിചിതമായ ഭൂപ്രകൃതിയിൽ നടത്തുന്ന പര്യടനം(അധിനിവേശം) പ്രമേയമാകുന്നു. നീതി, പ്രതികാരം, സംസ്കാരവും വന്യത്വവും തമ്മിലുള്ള സംഘർഷം എന്നിവയാണ് പ്രധാന ഇതിവൃത്തങ്ങൾ.
വെസ്റ്റേൺ സിനിമകൾ അമേരിക്കയുടെ ചരിത്രപരമായ യാഥാർത്ഥ്യത്തെ അവഗണിക്കുന്നു. പ്രാകൃതരും അപരിഷ്കൃതരും അപകടകാരികളുമായ തദ്ദേശവാസികളെ കൊന്ന് ചോരപ്പുഴയൊഴുക്കി വിജയം നേടുന്ന നായകന്മാരാണ് ഇതിലുള്ളത്. അധിനിവേശത്തിൻ്റെ ന്യായീകരണങ്ങളായി ഇവ മാറുന്നു. തദ്ദേശവാസികളെ അപരവൽക്കരിച്ച് മാറ്റിനിർത്തുന്ന യൂറോപ്യൻ അധിനിവേശത്തിൻ്റെ തത്വശാസ്ത്രമാണ് ഇവയിൽ നിറഞ്ഞു നിൽക്കുന്നത്.
അനില്‍കുമാര്‍ പയ്യപ്പിള്ളി വിജയന്‍
അധ്യാപകൻ, അസ്സോസിയേറ്റ് പ്രൊഫസർ, ഇംഗ്ലീഷ് വിഭാഗം, പത്തിരിപ്പാല, പാലക്കാട്
ഡോ.പ്രമോദ് കുമാർ ഡി.എൻ.
അസ്സോസിയേറ്റ് പ്രൊഫസർ മലയാള വിഭാഗം ഗവ.കോളേജ്,പത്തിരിപ്പാല