
അനില്‍കുമാര്‍ പയ്യപ്പിള്ളി വിജയന്‍
Published: 10 Februray 2025 വിവര്‍ത്തനം
Poothapattu: Sobs of a Broken People, Fragmented Ethos, and the Lost Land – Anilkumar Payyappilly Vijayan
പൂതപ്പാട്ട്: ഒരു ജനതയുടെ ഛിന്നഭിന്നമായ
നൈതികബോധത്തിൻ്റെയും നഷ്ടഭൂമിയുടെയും വിങ്ങലുകൾ
ഭാഗം -3
വിവ: ഡോ. പ്രമോദ് കുമാർ ഡി.എൻ

രക്തത്തിലെ അശുദ്ധി സ്ത്രീയിലേക്കും ദളിത് ശരീരത്തിലേക്കും ഒറ്റയടിക്ക് കടത്തിവിടുന്ന മറ്റൊരു ബ്രാഹ്മണിക് നരബലിയെയും നാം പരാമർശിക്കേണ്ടതുണ്ട്. അക്രമ കർത്തൃത്വത്തിൻ്റെ ഈ രണ്ടു വശങ്ങളും (സ്ത്രീയിലേയ്ക്കും ദളിതനിലേയ്ക്കും)
പരശുരാമൻ എന്ന, പിതൃമേധാവിത്വത്തിൻ്റെ സ്വന്തം പുത്രൻ എങ്ങനെയാണ് നേടിയത് എന്നതിനെ കുറിച്ച് മാരിയമ്മയുടെ (രൂപാന്തരപ്പെട്ട അമ്മ- മാറിയ അമ്മ) മിത്ത് ഒരു സന്ദിഗ്ധചിന്ത മുന്നോട്ടുവയ്ക്കുന്നുണ്ട്. പിതാവ് ആവശ്യപ്പെട്ടപ്പോൾ, പരശുരാമൻ തൻ്റെ അമ്മയെ സാങ്കേതികത്തികവോടെ കൊന്നു: അയാൾ അവളുടെ തല വെട്ടിമാറ്റി. എന്നാൽ അതിനിടയിൽ ഒരു അയിത്തക്കാരിയായ സ്ത്രീയെയും കൊന്നു!
കഥ ഇങ്ങനെയാണ്: ജമദഗ്നിയുടെ കല്പന കേട്ടപ്പോൾ ജീവരക്ഷാർത്ഥം രേണുക ഒരു താണ ജാതിയിൽപ്പെട്ട സ്ത്രീയുടെ വീട്ടിൽ അഭയം പ്രാപിച്ചു. ബ്രാഹ്മണനായ മകൻ തന്നെ പിന്തുടരില്ല എന്നവൾ കരുതി.എന്നാൽ പിതാവിൻ്റെ ആജ്ഞ നിറവേറ്റുന്നതിനായി പരശുരാമൻ അയിത്തം അവഗണിച്ച് അവിടെയെത്തി രേണുകയ്ക്കു നേരേ കോടാലി വീശി. തന്നെ തടസ്സപ്പെടുത്താൻ തുനിഞ്ഞ താണജാതിക്കാരിയായ സ്ത്രീയുടെയും സ്വന്തം അമ്മയുടെയും തല അയാൾ അറുത്തു. പരശുരാമൻ തൻ്റെ അമ്മയെ ജീവിപ്പിക്കാനുള്ള വരം ചോദിച്ചപ്പോൾ, ജമദഗ്നി ഒരു മാന്ത്രിക ജലം നൽകി. തല ഉടലിനോടു ചേർത്തുവച്ച ശേഷം ആ മാന്ത്രിക ജലം തളിച്ചാൽ രേണുക പുനർജ്ജനിക്കും. എന്നാൽ ആവേശത്തിൽ, പരശുരാമൻ ഒരു അബദ്ധം കാണിച്ചു. താൻ കൊന്ന കീഴ്ജാതിസ്ത്രീയുടെ തലയെ അമ്മയുടെ ശരീരവുമായി ചേർത്തു വച്ചു. അച്ഛനും അയാൾക്കും അവളെ സ്വീകരിക്കേണ്ടിവന്നു. ഉയർന്ന ജാതിക്കാരിയായ രേണുകയുടെ തല ബാക്കിയായി, അത് യെല്ലമ്മ എന്ന ആരാധനാമൂർത്തിയായി . (വിക്കിപീഡിയ. “രേണുക”)
പിതൃ ആധിപത്യത്തിൻ്റെ പ്രയോഗഭൂമിയായ ഈ രണ്ടു കഥകളിലും (മഹാബലി, രേണുക) തദ്ദേശീയ ദ്രാവിഡ ജനതയും കുടിയേറ്റ ജനതയും തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ ചിത്രം മറഞ്ഞിരിക്കുന്നുണ്ട്.
സ്ത്രീ/കീഴ്ജാതിരക്തം ജന്മനാ അശുദ്ധമാണ് എന്ന മിത്ത് ബ്രാഹ്മണിക്കൽ വ്യവഹാരം സൃഷ്ടിച്ചിരുന്നു.അവ ഒഴിവാക്കപ്പെടേണ്ട സാമൂഹികവിപത്തായി പരിഗണിക്കപ്പെട്ടു.
അങ്ങനെ, നേരവും നിലയും വിട്ട് അവളുടെ വഴിയിൽ സഞ്ചരിക്കുന്ന ചെറുപ്പക്കാരെ (വ്യക്തമായി പറഞ്ഞാൽ, സമയവും സാമൂഹിക പദവിയും ശ്രദ്ധിക്കാത്ത ആളുകൾ) ആകർഷിക്കുകയും ഏഴുനില മാളികയായി തോന്നിക്കുന്ന കരിമ്പന മുകളിൽ കയറ്റി അവരെ കൊല്ലുകയും ചെയ്യുന്ന വശീകരണക്കാരിയായി അവൾ ചിത്രീകരിക്കപ്പെടുന്നു. ജാതി വിലക്കുകൾ ലംഘിച്ച്, പൂതത്തിൻ്റെ വഴിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന സവർണ്ണരായ പുരുഷന്മാർ സ്വന്തം സമൂഹത്താൽ ജാതിഭ്രഷ്ടരാക്കപ്പെടുകയും മരിച്ചതിനു തുല്യമായി കണക്കാക്കപ്പെടുകയും(ബലി ) ചെയ്തിരിക്കാം. ആ ബലിയുടെ പിതൃത്വം ബ്രാഹ്മണിക്കൽ വ്യവസ്ഥയ്ക്കാണ്. എന്നാൽ ആ വസ്തുത മറയ്ക്കപ്പെടുന്നു. അവരുടെ ജീവരക്തം ഊറ്റിക്കുടിക്കുന്ന, മാംസം ഭക്ഷിക്കുന്ന ഭീകരരൂപിണിയായി ചിത്രീകരിക്കപ്പെടുന്നത് അവളാണ്. ആ ബലി നടത്തുന്നതും സ്വീകരിക്കുന്നതും അവൾ തന്നെ.
പൂതത്തിൻ്റെ മറ്റൊരു ഭാവമായി കടന്നു വരുന്ന വെറ്റില ചവയ്ക്കുന്ന യക്ഷിയുടെ (താംബൂലയക്ഷി) രൂപം, കേരളത്തിൽ ബുദ്ധമതത്തിനും ബ്രാഹ്മണമതത്തിനും ഇടയിലുള്ള ജൈനമതത്തിൻ്റെ ഇടക്കാലഘട്ടത്തെ അനാവരണം ചെയ്യുന്നു. കേരളത്തിലെ എല്ലാ ബുദ്ധമത പഠനകേന്ദ്രങ്ങളും പ്രാചീന കീഴാള ജനങ്ങളിൽ നിന്ന് തട്ടിയെടുക്കപ്പെട്ട് ബ്രാഹ്മണക്ഷേത്രങ്ങളാക്കി മാറ്റിയ പ്രക്രിയ പൊടുന്നനെ സംഭവിച്ചതല്ല എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഈ പ്രക്രിയ വളരെ സാവധാനം നടന്നതും ഘടനാപരവുമായിരുന്നു; നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഒരു പ്രക്രിയയായിരുന്നു. കണ്ടെത്താവുന്ന ഒരു പാറ്റേൺ അത് അവശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പഠനകേന്ദ്രങ്ങൾ പൂർണ്ണമായി ഏറ്റെടുക്കുന്നതിനും അവ ബ്രാഹ്മണ ക്ഷേത്രങ്ങളാക്കി മാറ്റുന്നതിനും മുമ്പ്, ഇന്നത്തെ മിക്ക ക്ഷേത്രങ്ങളുടെയും ചരിത്രത്തിൽ ഒരു ഇടക്കാല ജൈന പരിവർത്തന കാലഘട്ടം ഉണ്ടായിരുന്നു. അതിലൂടെ മുൻകാല ദളിത്-ബഹുജനങ്ങളുടെ ആരാധനാ പ്രതിരൂപങ്ങളും വിശ്വാസസമ്പ്രദായവും സാവധാനം വികലമാക്കപ്പെട്ടു; ഛിന്നഭിന്നമായി, തിരിച്ചറിയാൻ കഴിയാത്തവിധം മായ്‌ക്കപ്പെട്ടു. നിശാചരികളായ യക്ഷികളുടെ പല മിത്തുകളും കഥകളും ഇപ്പോഴും മൗലികമായ ചില സംഘർഷങ്ങൾ ഉൾക്കൊള്ളുന്നു: യക്ഷി സ്ഥിരമായി ഒരു ബ്രാഹ്മണനെ (മിക്കവാറും ഒരു ബ്രാഹ്മണ യുവാവിനെ) ആകർഷിക്കുന്നു. അവൻ്റെ സഹായത്തിനായി ബ്രാഹ്മണ ഗ്രന്ഥങ്ങൾ/മന്ത്രങ്ങൾ എത്തുന്നു. യക്ഷി സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങൾ അസഹനീയമായ അളവിലെത്തുമ്പോൾ, അവളുടെ കാമോദ്ദീപകമായ സൗന്ദര്യത്തിനും ചലനങ്ങൾക്കും വിരാമമിട്ടു കൊണ്ട് അവളെ ക്രൂശിതനായ ക്രിസ്തുവിനെപ്പോലെ, ഒരു പാലമരത്തിൽ തളയ്ക്കുന്നു. (ഹരിദാസ് 191-99). ആദ്യം, ഇത് ഒരു നരബലിയുടെ പ്രതീകമായി തോന്നും. റെനെ ഴിറാർഡ് നിരീക്ഷിക്കുന്നത് പോലെ, “ബലിയുടെ ധർമ്മം സമൂഹത്തിനുള്ളിലെ അക്രമം അടിച്ചമർത്തുകയും സംഘർഷങ്ങൾ വ്യാപിക്കുന്നത് തടയുകയും ചെയ്യുക എന്നതാണ്” ( ഴിറാർഡ് 15). നിലനിൽക്കുന്ന ബുദ്ധമതവും ഉയർന്നുവരുന്ന ബ്രാഹ്മണിസവും തമ്മിലുള്ള സംഘർഷത്തിൻ്റെ ശമനമാണ് ഈ ബലിയിലുള്ളത്.
” സമൂഹത്തിൻ്റെ പുറത്തോ അതിരുകളിലോ” (13) വസിക്കുന്ന യക്ഷി അങ്ങനെ സംഘർഷം പരിഹരിക്കുന്നതിനുള്ള ശരിയായ വസ്തുവായി മാറുന്നു. പക്ഷേ എന്തിനാണ് അവളെ പാലമരത്തിൽ സ്ഥിരമായി തറയ്ക്കുന്നത്? എന്തുകൊണ്ട് മറ്റ് മരങ്ങൾ പാടില്ല? എന്തുകൊണ്ട് മറ്റ് രീതികളിലുള്ള പീഡനവും കൊലയും അല്ല? ഇത്തരം ചോദ്യങ്ങൾ വഴി പാലമരപ്രശ്നത്തിൻ്റെ അടിവേരിലേക്കാണ് നമ്മൾ എത്തിച്ചേരുന്നത്: പാല വെറുമൊരു മരമല്ല, സംഘസാഹിത്യത്തിൽ, കൃഷിയോഗ്യമായ ഭൂമിയിൽ നിന്ന് വളരെ അകലെയുള്ള വരണ്ട, വാസയോഗ്യമല്ലാത്ത ഭൂമിയെ പ്രതിനിധീകരിക്കുന്ന പാലത്തിണയുടെ വൃക്ഷമാണ്! പാലമരത്തിൽ യക്ഷിയെ തളയ്ക്കുന്നതിൽ, ഒരു ജനതയെ മുഴുവൻ അവരുടെ കൃഷിഭൂമിയിൽ നിന്ന് നാഗരികതയുടെ അതിരുകളിലെ വരണ്ടതും വാസയോഗ്യമല്ലാത്തതുമായ ഒരു സ്ഥലത്തേക്ക് ക്രൂരമായി നിർബ്ബന്ധിച്ച് അടിച്ചോടിച്ചതിൻ്റെ ചരിത്രം വേദനയോടെ വായിക്കാൻ കഴിയും; രോഗം, പോഷകാഹാരക്കുറവ്, നിരക്ഷരത മുതലായവയിലേയ്ക്ക് ഒരു ജനത എടുത്തെറിയപ്പെട്ടതിൻ്റെ തഴമ്പുകൾ കാണാൻ കഴിയും.
ക്ലാസിക്കൽ ഗ്രീക്ക് ദുരന്തനാടകങ്ങൾ പോലെ, പൂതപ്പാട്ട് എന്ന കവിതയും ‘ബലി’ മിത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതായി കാണാം. പേടിച്ചരണ്ട കുട്ടികൾ “എന്തിനാണ് ഇങ്ങനെയൊരു ‘അസത്ത്’ പൂതത്തിന് നെല്ലും മുണ്ടും ഒക്കെ നൽകുന്നത്?” എന്ന ധാർമ്മിക ചോദ്യം ചോദിക്കുന്ന നിമിഷം, സവർണ്ണ ലോകത്ത് പൂതം ആചാരപരമായി പ്രത്യക്ഷപ്പെടുന്നതിൻ്റെ കാരണം നാം മനസ്സിലാക്കാൻ തുടങ്ങുന്നു. പൂതത്തിന് അരിയും മുണ്ടും കൊടുക്കാഞ്ഞാൽ പാപമാണെന്ന് മുത്തശ്ശി ഉടനെ പറയുന്നു, കാരണം നേരത്തേ പറഞ്ഞ തിന്മകൾ പൂതം പണ്ട്ചെയ്തതാണ്. ഇപ്പോൾ പൂതത്തിന് എപ്പോഴും വ്യസനമാണ്.
ഈ നിമിഷത്തിൽ, ബുദ്ധമതത്തിൻ്റെ തത്ത്വചിന്തയെക്കുറിച്ചുള്ള അവബോധത്തിലാണ് നാം എത്തിച്ചേരുന്നത്. ഉപനിഷദ് സത്താവാദത്തിൻ്റെ സത്-ചിത്-ആനന്ദ ത്രയത്തിന് വിരുദ്ധമായി, ബുദ്ധമതം അനിത്യ (നശ്വരത), അനാത്മ (ആത്മാവല്ലാത്തത്), ദു:ഖ (ദുഃഖം) എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു ജീവിതലോകവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് നമുക്ക് അറിയാം. പൂതത്തിന് ഒരിക്കലും ബ്രാഹ്മണചിന്തയിലെ അനശ്വരമായ സത് (ആത്മൻ) ആകാൻ കഴിയില്ല. പൂതം സത്ത് അല്ലാത്ത അനാത്മൻ (ബുദ്ധിസത്തിൻ്റെ ശൂന്യവാദം) ആണ്. കുട്ടികൾ അവരുടെ സവർണ്ണ പശ്ചാത്തലത്തിൽ നിന്ന്, പൂതത്തെ അസത്ത് ആയി തിരിച്ചറിയുന്നതിൽ അദ്ഭുതപ്പെടാനുമില്ല.
(ഓംവേദ് 59).
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രക്തരൂഷിതമായ ബലിയുടെ അക്രമാസക്തമായ ഭൂതകാലത്തെ പൂതം ഉപേക്ഷിച്ചത് ബുദ്ധഭിക്ഷുക്കൾ പ്രചരിപ്പിച്ച അഹിംസയുടെ സന്ദേശത്തിന് പൂരകമായി കണക്കാക്കാം. എന്നാൽ കവിത പൂതത്തിനെ സത്തിൽ കൊണ്ടു ചെന്നു കെട്ടാൻ ലക്ഷ്യമാക്കിയുള്ള ഒരു ദാർശനിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതായി തോന്നുന്നു. കവിതയുടെ അടുത്ത ഘട്ടം അത് തന്നെയാണ്.
അടുത്ത ഘട്ടത്തിൽ, പാറ ഉപേക്ഷിച്ച് കവിത നദിയ്ക്കു (അത് ഭാരതപ്പുഴയാകാം) ചുറ്റുമുള്ള ഫലഭൂയിഷ്ഠമായ വള്ളുവനാടൻ പ്രദേശത്തേക്ക് പ്രവേശിക്കുന്നു. അതായത് മറ്റൊരു തിണയിൽ. നദിക്കരയിൽ സ്ഥിതി ചെയ്യുന്ന മാളികവീട്ടിൽ ഒരു കുട്ടി ജനിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിൻ്റെ തീവ്രത, അതിൻ്റെ അനന്തമായ ആനന്ദം കവിതയിൽ ആകർഷകമായി പകർത്തിയിരിക്കുന്നു. എന്നാൽ കുട്ടിക്ക് ഏഴ് വയസ്സ് തികയുമ്പോൾ, ഒരു വേർപിരിയൽ പ്രത്യക്ഷപ്പെടുന്നു: ഫ്രോയിഡിലെ പോലെ യാഥാർത്ഥ്യതത്വം( Reality Principle) ആനന്ദതത്വത്തിനു(Pleasure Principle) മേൽ ആധിപത്യം നേടുന്നു.
കുട്ടിക്ക് പള്ളിക്കൂടത്തിൽ (പഠനകേന്ദ്രം) പോകാൻ ആഗ്രഹമുണ്ട്, കുട്ടി ഒരു പുരുഷനാകാനും പിതാവിൻ്റെ ചുമതല ഏറ്റെടുക്കാനും ആഗ്രഹിക്കുന്നു. കുട്ടി കുടുമ ധരിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. പള്ളിക്കൂടത്തിലേക്കുള്ള വഴിയിൽ, എഴുത്താണിയും ഓലയും കൊണ്ട് കുട്ടി ആദ്യം നീണ്ട നെൽവയലിലൂടെ കടന്നുപോകുന്നു. അവൻ വയൽ കടക്കുന്നതു വരെ അമ്മ പടിപ്പുരയിൽ നിന്ന് അവനെ നോക്കിക്കൊണ്ടു നിൽക്കുന്നു. പിന്നീട് അവൻ ഒരു പുതിയ ഭൂപ്രകൃതിയിലേക്ക് പ്രവേശിക്കുന്നു.രണ്ട് ഭൂപ്രകൃതികളെയും വേർപെടുത്തുന്നത് ഒരു വലിയ അരയാൽ മരമാണ്. ബുദ്ധൻ ജ്ഞാനോദയം നേടിയെന്ന് പറയപ്പെടുന്ന അരയാൽ മരം. ഇവിടെ അമ്മയ്ക്ക് തൻ്റെ കുട്ടിയുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുന്നു. പൂതത്തിൻ്റെ നിരീക്ഷണവലയത്തിലുള്ള അതേ ഭൂമിയിലാണ് കുട്ടി ഇപ്പോൾ പ്രവേശിച്ചതെന്ന് പെട്ടെന്ന് മനസ്സിലാകുന്നു. താളാത്മകമായ നാടൻസംഗീതമാണ് ഈ ഭാഗത്തെ സജീവമാക്കുന്നത്.പൊന്നുംകുടം പോലെ, പൂവമ്പഴം പോലെ വരുന്ന ആ ഉണ്ണിയെക്കാണുമ്പോൾ പൂതം പുളകം കൊള്ളുന്നു. പൂതത്തിൻ്റെ ഉള്ളിൽ എന്തോ ഉണർന്നിരിക്കുന്നു. പക്ഷേ, ഉണർന്നിരിക്കുന്നത് അവളുടെ ഉള്ളിലെ അമ്മയാണെന്ന സൂചനയാണ് അടുത്ത വരി നമുക്ക് നൽകുന്നത്! അവളുടെ മാറ് കോരിത്തരിക്കുന്നു. (ഒരുപക്ഷേ, മുലയൂട്ടുന്ന അമ്മ തൻ്റെ കുഞ്ഞിനെ കാണുമ്പോൾ അവളുടെ സ്തനങ്ങൾ ചുരക്കുന്നതു പോലെ).
പൂതം ഒരു പെൺകിടാവായി മാറി, അവനെ സമീപിക്കുന്നു.
എഴുത്താണിയും ഓലയും കാട്ടിലെറിഞ്ഞ് വന്നാൽ തങ്ങൾക്ക് കളിക്കാം എന്ന് പ്രലോഭിപ്പിക്കുന്നു. തൻ്റെ ഗുരുനാഥൻ കോപിക്കുമെന്ന് പറഞ്ഞപ്പോൾ മുല്ലമൊട്ട് എഴുത്താണിയാക്കി മാവിൻ്റെ തളിരിലകളിൽ എഴുതിപ്പഠിക്കാമല്ലോ എന്ന് അവൾ പറയുന്നു. തുടക്കത്തിൽ വിസമ്മതിച്ചെങ്കിലും ഒടുവിൽ അവൻ അവളുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി എഴുത്താണിയും ഓലയും വലിച്ചെറിയുന്നു. ഇരുമ്പിൻ്റെ മേലുള്ള പിടി നഷ്ടപ്പെട്ട ഉടനെ അവൾ അവനെ കൂട്ടിക്കൊണ്ടുപോകുന്നു.
സമയമായിട്ടും ഉണ്ണി തിരിച്ചെത്താത്തതിനാൽ അമ്മ പരിഭ്രാന്തയായി, കുഞ്ഞിനെത്തേടി പോകുന്നു. അവളുടെ തേങ്ങൽ കേട്ട്, പൂട്ടിമറിച്ചിട്ട മണ്ണടരിൽ നെടുവീർപ്പുകളുയർന്നു,പരൽമീനുകൾ നിശ്ചലരായി നിന്നു, പൊത്തിൽ നിന്ന് പുറത്തുവന്ന മൂങ്ങകൾ എന്ത് എന്ത് എന്നന്വേഷിച്ചു. പൂമരച്ചോട്ടിലിരുന്ന് ഉണ്ണിയുമായി മാല കോർത്ത് രസിക്കവേ പൂതം അമ്മയുടെ ഈ തേങ്ങൽ കേട്ടു. പൂതത്തിന് ഒരു കുലുക്കവുമുണ്ടായില്ല. എങ്കിലും സ്വൈരക്കേട് തീരണ്ടേ! പൂതം കാറ്റായും തീയായും നരിയായും പുലിയായും ഒക്കെ മാറി അമ്മയെ പേടിപ്പിച്ചോടിക്കാൻ പല വഴികളും നോക്കി. പക്ഷേ അമ്മ പിന്മാറിയില്ല. പിന്നെ പ്രലോഭനമായി. പൂതം കുന്നിൻ്റെ മേൽമൂടിപ്പാറയെ കൈതപ്പൂ പോലെ നീക്കി, അതിനുള്ളിൽ കിടക്കുന്ന പൊന്നും മണികളുമെല്ലാം ഉണ്ണിക്കു പകരമായി നൽകാം എന്നു പറഞ്ഞു. എന്നാൽ അമ്മ അതൊന്നും ഒന്നു നോക്കുക പോലും ചെയ്യാതെ തൻ്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത്, പുലരിച്ചെന്താമര (ഉദയസൂര്യൻ) പോലെ പൂതത്തിനു മുന്നിൽ സമർപ്പിച്ച് തൊഴുതു കൊണ്ട് ഇതിലും വലുതാണ് തനിക്കു തൻ്റെ ഉണ്ണിയെന്നും അവനെ തിരിച്ചു തരണമെന്നും പറഞ്ഞു. അമ്മയ്ക്ക് കണ്ണില്ലാതായപ്പോൾ പൂതം മറ്റൊരടവെടുത്തു. തെച്ചിക്കോലു പറിച്ച് മന്ത്രം കൊണ്ട് മറ്റൊരുണ്ണിയെ നിർമ്മിച്ച് നൽകി.എന്നാൽ അന്ധയെങ്കിലും സ്പർശനം കൊണ്ട് അത് തൻ്റെ മകനല്ല എന്ന് ആ അമ്മ തിരിച്ചറിയുന്നു. പെറ്റവയറ്റിനെ വഞ്ചിച്ച പൊട്ടപ്പൂതം എന്ന് കയർത്തുകൊണ്ട് അവൾ കോപത്തോടെ ശപിക്കാനായി കൈകളുയർത്തി. ഭയന്ന പൂതം ഞെട്ടിവിറച്ച് നിലംപതിച്ചു. കുഞ്ഞിനെ തിരിച്ചു കൊടുത്തു. അമ്മയ്ക്ക് കാഴ്ചയും നൽകി. ഉപനിഷത്തിൽ പറയുന്നതുപോലെ, അസത്തിൽ നിന്ന് സത്തിലേക്കെന്ന പോലെ തമസ്സിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് അമ്മ കടന്നു. തുറന്ന ആ കണ്ണുകൾക്കു മുന്നിൽ ചന്ദ്രനെപ്പോലെ പുഞ്ചിരിതൂകി ശോഭയോടെ ആ ഉണ്ണി നിന്നു.
അങ്ങനെ അമ്മയ്ക്ക് മകനെ തിരിച്ചുകിട്ടി.
എന്നാൽ പൂതത്തിൻ്റെ കാര്യമോ? പാവം! ആ തുറുകണ്ണാൽ കണ്ണീർച്ചോല ചൊരിഞ്ഞും ഉണ്ണിയെ വാരിപ്പുണർന്ന് ഉമ്മ വച്ചും അത് പൊട്ടിക്കരഞ്ഞു. അതു കണ്ട് അമ്മയുടെ മനസ്സലിഞ്ഞു. വർഷത്തിലൊരിക്കൽ മകരക്കൊയ്ത്തു കഴിഞ്ഞാലുടൻ വീട്ടിൽ വന്ന് ഉണ്ണിയെ കണ്ടു കൊള്ളാൻ അമ്മ പൂതത്തെ അനുവദിച്ചു.മഹാബലിക്കു കിട്ടിയതുപോലുള്ള ഒരു വരം. പക്ഷേ ഒരു കുഴപ്പം പറ്റി. വീടെവിടെയാണെന്ന് പൂതം ചോദിച്ചില്ല. അമ്മ പറഞ്ഞുമില്ല. അമ്മ പറയാത്തത് മറന്നു പോയതുകൊണ്ടാണോ വന്നാൽ വീണ്ടും തൻ്റെ ഉണ്ണിയെ തട്ടിക്കൊണ്ടു പോകുമെന്നു ഭയന്നിട്ടാണോ എന്നറിയില്ല. സത്യം ആർക്കറിയാം എന്ന് കവി ആശ്ചര്യപ്പെടുന്നു. എല്ലാവർഷവും മകരക്കൊയ്ത്തു കഴിയുമ്പോൾ പൂതം ഉണ്ണി ജനിച്ച വീടേതാണെന്നു ചോദിച്ച് നാട്ടിൽ അലയും. ഉണ്ണിയെ വേണോ എന്ന് ചോദിച്ച് എല്ലാരും അതിനെ പരിഹസിച്ച് നൃത്തം ചെയ്യിക്കും. അതിൻ്റെ തേങ്ങൽ പോലെ കുഴൽവിളി കേൾക്കാം. കരൾമിടിപ്പിനൊത്ത തുടികൊട്ടു കേൾക്കാം.
അമ്മയും പൂതവും തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള അംബേദ്കറുടെ ,”ബുദ്ധമതവും ബ്രാഹ്മണ്യവും തമ്മിലുള്ള നിർണ്ണായക സംഘർഷത്തിൻ്റെ ചരിത്രമാണ് ഇന്ത്യയുടെ ചരിത്രം” (ഡോ. ബി. ആർ. അംബേദ്കർ, പുരാതന ഇന്ത്യയിലെ വിപ്ലവവും പ്രതിവിപ്ലവവും.267) എന്ന പ്രസിദ്ധമായ പ്രഖ്യാപനം വിദഗ്ദ്ധനേത്രങ്ങൾക്ക് കാണാനാകും.
എഴുത്താണിയും എഴുത്തോലയും ഉപേക്ഷിക്കണമെന്നുള്ള പൂതത്തിൻ്റെ നിഷ്കർഷയും മാന്തളിരും മുല്ലമൊട്ടും ഉപയോഗിക്കാനുള്ള ആസക്തിയും ഹിന്ദുമതത്തിൻ്റെ സനാതനധർമ്മവും പരസ്പരാശ്രിതത്വത്തിലൂന്നുന്ന (Dependent Co-origination – ആശ്രിത സഹോർജ്ജം
പതികസമുപ്പാദ- പ്രതിത്യസമുത്പാദ) ബുദ്ധമത തത്വചിന്തയും തമ്മിലുള്ള സംഘർഷത്തിൻ്റെ ആദ്യ സൂചന നൽകുന്നു.
ദീർഘകാലം നിലനിൽക്കുന്ന എഴുത്തോലയിലെ രേഖപ്പെടുത്തലുകളിൽ നിന്നു വ്യത്യസ്തമായി മാന്തളിരിലെ എഴുത്തുകൾ ഒരു ദിവസത്തിലധികം നിൽക്കില്ല. മാർഷൽ മക് ലൂഹനെ ന്യൂനീകരണരീതിയിൽ ഉപയോഗിച്ചാൽ മാധ്യമം തന്നെയാണ് സന്ദേശം: മാന്തളിര് കാഴ്ചയിലും മൃദുലതയിലും എഴുത്തോലയുടെ എതിർ ധ്രുവത്തിൽ നിൽക്കുന്നു. ഒന്നിനും സ്ഥിരതയോ നിശ്ചിതത്വമോ ദൃഢതയോ ഇല്ല എന്ന തത്ത്വശാസ്ത്രം അത് വിളംബരം ചെയ്യുന്നു. എഴുത്താണിയുടെ രൂപകമാകട്ടെ ഈ ജ്ഞാനശാസ്ത്രതലത്തിൽ അവസാനിക്കുന്നില്ല. “എഴുത്താണി ഇരുമ്പാണല്ലോ” എന്ന കവിയുടെ പ്രസ്താവന, ഇന്ത്യൻ ചരിത്രത്തിൻ്റെ സവിശേഷതയായി അംബേദ്കർ സൂചിപ്പിക്കുന്ന ‘നിർണ്ണായക സംഘർഷങ്ങ’ളുടെ സാഹചര്യത്തിൽ, അതൊരു ആയുധമാണ് എന്ന പ്രഖ്യാപനം കൂടിയാണ്. എഴുത്താണിക്ക് ചരിത്രം രേഖപ്പെടുത്താനേ കഴിയൂ; എന്നാൽ ഇരുമ്പിന് തലകൾ കൊയ്ത് ഒരു ജനതയെ ചരിത്രത്തിൽ നിന്നു തന്നെ മായ്ച്ചു കളയാൻ കഴിയും.മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഹിംസയും അഹിംസയും തമ്മിലുള്ള സംഘർഷമാണത്. അക്രമത്തിൻ്റെ തത്ത്വശാസ്തത്തിലേയ്ക്ക് നിയോഗിക്കപ്പെട്ട ഒരു കുഞ്ഞിനോട് അതല്ല ശരിയായ വഴിയെന്നും അതിനാൽ ആയുധം വലിച്ചെറിയൂ എന്നും പറയുന്നൊരു സന്ദർഭമാണത്.
എന്നാൽ വായനക്കാരന് വലിയ ആശയക്കുഴപ്പം നൽകുന്നത് ഇരുമ്പല്ല, മറിച്ച് സ്വർണ്ണമാണ്. പൂതം ഒളിപ്പിച്ച സ്വർണ്ണം, ഭൂമിയുടെ ഭൗതിക സമൃദ്ധിയും വൈവിധ്യവും ആണ് എന്ന് എളുപ്പത്തിൽ വിശദീകരിക്കാൻ കഴിയും.അതിനു നേരേ അമ്മ കണ്ണടയ്ക്കുന്നു. എന്നാൽ ഈ രൂപകം എല്ലാം വിശദീകരിക്കുന്നു എന്ന് വിശ്വസിക്കാമോ? മറഞ്ഞിരിക്കുന്ന ഈ സ്വർണ്ണം അതിൻ്റെ പ്രഭയിൽ എന്തെങ്കിലും മറച്ചുവയ്ക്കുന്നുണ്ടോ? പ്രകൃതിയിലെ ഭൗതികസമൃദ്ധിയുടെ ഒരു രൂപകമെന്നതിലുപരി, അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ ഏറ്റവും പ്രിയങ്കരമായ വസ്തുവെന്ന നിലയിൽ സ്വർണ്ണത്തിന് അതിൻ്റെ അഭിധാർത്ഥത്തിൽത്തന്നെ പ്രസക്തിയില്ലേ? ഇതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. കേരളത്തിലെ ദളിത്-ബഹുജൻ ജനതയുടെ മുൻഗാമികൾ ബിസി പത്താം നൂറ്റാണ്ട് മുതൽ അന്താരാഷ്ട്ര വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നോ എന്ന് നമ്മൾ ചോദിക്കുന്ന നിമിഷം, അമ്മ ചെയ്തതുപോലെ, കേരളത്തിലെ ഏറ്റവും പ്രശസ്തരായ ഔദ്യോഗിക ചരിത്രകാരന്മാർ പോലും ഈ ചോദ്യത്തിന് നേരെ കണ്ണടയ്ക്കും! അവരുടെ ഉത്തരം ഇതായിരിക്കും: അതെ, പശ്ചിമേഷ്യ, മെഡിറ്ററേനിയൻ, ആഫ്രിക്ക, ചൈന എന്നിവയുമായി കേരളത്തിന് ശക്തമായ വ്യാപാര ബന്ധമുണ്ടായിരുന്നു, പക്ഷേ വ്യാപാരം ചെയ്തവർ ആരാണെന്ന് അവർ ഒരിക്കലും പറയില്ല! ആഖ്യാതാവ് പൂതത്തിനെ കുട്ടികൾക്ക് പരിചയപ്പെടുത്തിയതിന് സമാനമായ തന്ത്രമാണിത്. പൂതം ഒരു പറയിയാണെന്ന് ആഖ്യാതാവ് നേരിട്ട് പറയില്ല. പകരം പാറകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഒരു ഭീകരജീവിയാണ് പൂതം എന്ന പ്രതിച്ഛായ സൃഷ്ടിച്ച്, പറയൻ്റെ കുന്നിൽ നിന്നാണ് പൂതം വരുന്നത് എന്ന് വളച്ചൊടിച്ച് പറയും.
പട്ടണം ഉത്ഖനനത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നതുമുതൽ, ചരിത്രകാരന്മാരിൽ ഏറ്റവും ഉൾക്കാഴ്ചയുള്ള വ്യക്തിയും യാഥാസ്ഥിതികവിരുദ്ധമായ നിലപാട് പുലർത്തുകയും ചെയ്യുന്ന ദലിത് ബന്ധു എൻ.കെ. ജോസ്, 1990-കൾ മുതൽ തന്നെ ആവർത്തിച്ച് പറയുകയും ഉന്നയിക്കുകയും ചെയ്തൊരു സ്ഫോടനാത്മകമായ പ്രശ്നമാണിത്:
പഴയ തമിഴിൽ കുരുമുളക് കറി എന്നും തോട്ടം പടപ്പൈ എന്നും അറിയപ്പെടുന്നു. സംഘകവിതയിൽ പലയിടത്തും കുരുമുളക് തോട്ടങ്ങളെക്കുറിച്ചുള്ള കറി-പടപ്പൈ പരാമർശങ്ങളുണ്ട്; . എ.ഡി.യുടെ ആദ്യ ഏതാനും നൂറ്റാണ്ടുകളിലാണ് സംഘകവിത രചിക്കപ്പെട്ടതെന്ന് സംഘസാഹിത്യം പഠിച്ചിട്ടുള്ള പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വിദേശ സ്രോതസ്സുകളിൽ നിന്ന്, ആ കാലഘട്ടത്തിന് മുമ്പും ഇവിടെ നിന്ന് കുരുമുളക് കയറ്റുമതി ചെയ്തിരുന്നതായി വ്യക്തമാണ്. അതിനാൽ സംഘകാലത്തിനുമുമ്പ് തന്നെ ഇവിടെയുള്ളവർ കുരുമുളക് പോലുള്ള വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി ആരംഭിച്ചിരുന്നുവെന്ന് ഊഹിക്കാം. ആരാണ് അത് ചെയ്തത്?… ചരിത്രത്തിൽ അക്കാലത്ത്, വിദേശ വ്യാപാരികളുമായി വിലപേശാനും മലകളിൽ നിന്ന് കൊയ്തെടുത്ത സുഗന്ധവ്യഞ്ജനങ്ങൾ ദൂരെയുള്ള അറബിക്കടലിലെ തുറമുഖങ്ങളിൽ എത്തിച്ച് വിൽക്കാനും ശക്തിയും ധൈര്യവും ഉള്ളവർ കേരളത്തിലുണ്ടായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ വിലയായി അവർ അവരിൽ നിന്ന് സ്വർണ്ണ നാണയങ്ങൾ ശേഖരിച്ചു. റോമാക്കാർ വെള്ളിയിലോ മറ്റ് നാണയങ്ങളിലോ വില നൽകാൻ ശ്രമിച്ചെങ്കിലും മലയാളികൾ സ്വീകരിച്ചില്ലെന്ന് പ്ലിനി പരാതിപ്പെടുന്നുണ്ട്. (ബന്ധു, 14)
ദലിത് ബന്ധു എൻ.കെ. ജോസ് ചോദിച്ച ചോദ്യത്തിൽ നിന്ന് ഔദ്യോഗിക ചരിത്രകാരന്മാർ സുരക്ഷിതമായ അകലം പാലിച്ചേക്കാം, എന്നാൽ 13-ാം നൂറ്റാണ്ടിലെ പുലയ തലവൻ അയ്യൻ ചിരുകണ്ടൻ്റെ അനുഭവം, ഒരുപക്ഷേ ദളിത് ജനതയുടെ മനസ്സിൽ ശക്തമായ മുദ്ര പതിപ്പിച്ച ആ യഥാർത്ഥ രക്തച്ചൊരിച്ചിൽ സംഭവം; മഹാബലിയുടെ മിത്ത് നിർമ്മിക്കുന്നതിനു പ്രേരകമായ സംഭവം, സ്വർണ്ണത്തിൻ്റെ കാര്യത്തിൽ വ്യക്തത നൽകുന്നു . അയ്യൻ ചിരുകണ്ടൻ എങ്ങനെ കൊല്ലപ്പെട്ടു എന്നതിന് പല അഭിപ്രായങ്ങളുണ്ടാകാം: എന്നാൽ കാരണം എല്ലായ്പ്പോഴും ഒന്നുതന്നെയായിരുന്നു; അസൂയയും അയ്യൻ്റെ കൈവശമുണ്ടായിരുന്ന അളവറ്റ സ്വർണ്ണവും. (മേലോത്ത്)
തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനു വേണ്ടിയുള്ള പോരാട്ടത്തിൽ ബ്രാഹ്മണലോകത്തിൻ്റെ മാതാവിന് (രേണുക – യെല്ലമ്മ മിത്ത് , പറയി-വരരുചി മിത്ത്, മൈറ്റോകോൺട്രിയൽ ഡി.എൻ.എ. പഠനങ്ങൾ മുതലായവയിൽ തെളിഞ്ഞു വരുന്ന പറയലോകമാതാവിനും) ചുഴലിക്കാറ്റു മുതൽ പുലി വരെയുള്ള പ്രകൃതിശക്തികളും മൃഗങ്ങളുമായി എതിരിടേണ്ടി വരുന്നു. വേനലിലും മഴക്കാലത്തും പ്രയാസമേറിയ ഭൂനിരപ്പുകളും കാടും താണ്ടി വികസിക്കുന്ന ഒരു സമൂഹത്തിൻ്റെ ചിത്രം ഇതിൽ തെളിയുന്നുണ്ട്.
എന്നാൽ പ്രകൃതിയുടെ ഭയാനകപ്രതിഭാസങ്ങൾക്കൊന്നിനും ഈ മാതാവിനെ (പ്രമുഖ ജർമ്മൻതത്ത്വചിന്തകനായ ഹെർമൻ ഉസൈനർ ഈ പ്രകൃതിപ്രതിഭാസങ്ങളെ ‘’നൈമിഷികദേവത “ എന്ന് വിളിക്കുന്നു) തളർത്താനാകുന്നില്ല. അതായത് പ്രാചീന മനുഷ്യവർഗ്ഗത്തിനു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഈ സംഹാരശക്തിയുള്ള പ്രകൃതിപ്രതിഭാസങ്ങളും മൃഗങ്ങളും ഒരു നിമിഷം അവരെ ഭയപ്പെടുത്തുകയോ ആരാധിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തേക്കാം. എന്നാൽ അപ്പോൾത്തന്നെ ആ വികാരം അസ്തമിക്കുകയും ചെയ്യും. ഈ പ്രക്രിയ നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ പിന്നീടുള്ള ഘട്ടങ്ങളിലാണ് അതിൽ ദൈവികത്വം ആരോപിക്കപ്പെടുന്നത്.ആദ്യഘട്ടത് തിൽ അവ നൈമിഷികദേവതകൾ മാത്രമാണ്.
തത്ത്വചിന്തകനായ ഏണസ്റ്റ് കാസിറർ നിരീക്ഷിച്ചതുപോലെ, ” പ്രകൃതിയുടെ ഒരു ശക്തിയെയും ദൈവികപ്രതീകമാക്കുന്നില്ല, അവ മനുഷ്യജീവിതത്തിൻ്റെ ചില സവിശേഷവശങ്ങളെ പ്രതിനിധാനം ചെയ്യുന്നുമില്ല; അവയിൽ ആവർത്തിച്ചുള്ള ലക്ഷണമോ മൂല്യമോ നിലനിറുത്തുകയോ ഒരു മിത്തിക്കോ-മത പ്രതിച്ഛായയായി രൂപാന്തരപ്പെടുകയോ ചെയ്യുന്നില്ല; അത് പൂർണ്ണമായും തൽക്ഷണം സംഭവിക്കുന്ന ഒന്നാണ്, ക്ഷണികമായി ഉയർന്നുവരുന്നതും അപ്രത്യക്ഷമാകുന്നതുമായ മാനസിക ഉള്ളടക്കം മാത്രമാണത്” (കാസിറർ 17-18).
നരിയേയും പുലിയേയും ചുഴലിയേയും ഒക്കെ നേരിടുമ്പോൾ,
“നേതി, നേതി, നേതി”
തരത്തിലുള്ള ഒരു യുക്തിശാസ്ത്രപരമായ പ്രവർത്തനരീതി അമ്മ പിന്തുടരുന്നു. പൂതം പ്രത്യക്ഷമായതിനേയും നശ്വരമായതിനേയും(ബൗദ്ധ തത്ത്വശാസ്ത്രത്തിൻ്റെ അനിത്യ) മുന്നോട്ടു വയ്ക്കുമ്പോൾ, അമ്മ അവയെ നിഷേധിച്ചു കൊണ്ട് പ്രത്യക്ഷത്തിനപ്പുറമുള്ള ഒന്നിനേയും വൈവിധ്യങ്ങൾക്കു പിറകിലുള്ള ഏകതയേയും (ബ്രഹ്മം) ലക്ഷ്യം വയ്ക്കുന്നു.
വേദാന്തം മുന്നോട്ടുവച്ച ബോധതലത്തിലുള്ള ആധ്യാത്മികതയുടെ ഭൗതികലോകനിഷേധത്തിനു(ജഗന്മിഥ്യാ ) പിറകിൽ ഒളിഞ്ഞുകിടക്കുന്ന പദാർത്ഥത്തിൻ്റെയും പ്രകൃതിയുടെയും അബോധത്തിൻ്റെയും ഭൗതികസമ്പന്നതയെ പൂതം സ്വന്തം സമ്പത്ത് പ്രദർശിപ്പിക്കുന്നതിലൂടെ അനാവരണം ചെയ്യുന്നു.
വിഗ്രഹത്തെയും ബ്രഹ്മത്തെയും ഒരേസമയം ആരാധിക്കുന്ന കപടനാട്യത്തെ, വടക്കൻ മലബാറിലെ പൊട്ടൻ തെയ്യം ചെയ്തതുപോലെ പൂതം കളിയാക്കുന്നു. എന്നിലും നിന്നിലും ഒരേ നിറമുള്ള ചോരയല്ലേ ഒഴുകുന്നത്. പിന്നെ ഈ വിവേചനങ്ങളുടെ പ്രസക്തിയെന്ത് എന്ന് പൊട്ടൻപുലയൻ ആദിശങ്കരനോടു ചോദിക്കുന്നു. കവിതയിലെ പൊട്ടിപ്പറയിയായ പൂതം ഒരുപടി കൂടിക്കടന്ന് “പൂർണ്ണമദ പൂർണ്ണമിദം “ എന്ന ഈശാവാസ്യോപനിഷത്ത് വാക്യത്തെ പ്രമാണമാക്കുന്നു. തൻ്റെ സമ്പത്ത് പ്രദർശിപ്പിക്കുന്നതിലൂടെയും കൃത്രിമക്കുഞ്ഞിനെ നിർമ്മിച്ചു നൽകുന്നതിലൂടെയും പൂതം അമ്മയെ പരിഹസിക്കുകയാണു ചെയ്യുന്നത്. അതും ഇതും പൂർണ്ണം തന്നെ (എല്ലായിടത്തും ബ്രഹ്മം തന്നെ) എങ്കിൽ യഥാർത്ഥ കുട്ടിയും കൃത്രിമക്കുഞ്ഞും തമ്മിൽ വ്യത്യാസമെന്ത് എന്ന താത്വികമായ ചോദ്യമാണ് പൂതം ഉന്നയിക്കുന്നത്.യഥാർത്ഥ ഉണ്ണി ബ്രഹ്മവും കൃത്രിമക്കുഞ്ഞ് വിഗ്രഹവുമാണ് എങ്കിൽ വിഗ്രഹാരാധകരായ നിങ്ങൾക്ക് അതിനെ സ്വീകരിച്ചാൽപ്പോരേ എന്ന ചോദ്യവും അതിൽ അടങ്ങിയിരിക്കുന്നു. “പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ നടത്തം” എന്ന വരികളിൽ തങ്ങളുടെ തട്ടകത്തിൽ കയറി അധ:കൃതൻ ചോദ്യമുന്നയിക്കുമ്പോൾ ഉണ്ടാകുന്ന ഉപരിവർഗ്ഗ ആശങ്കയുണ്ട്. പൊട്ടി, ചോദ്യങ്ങളുമായി ഒരുമ്പെട്ടിറങ്ങിയാൽ പിന്നെ വഴിയേതെന്നറിയാതെ അലയുകയല്ലാതെ വേറേ ഗതിയില്ല എന്നാണ് ധ്വനി. പൊട്ടൻപുലയനും ആദിശങ്കരനും തമ്മിൽ നടന്ന സംവാദത്തിൻ്റെ സമാന്തരവ്യവഹാരമാണ് പൂതവും അമ്മയും തമ്മിൽ നടക്കുന്നത്. ചോദ്യം ചോദിച്ച് തങ്ങളെ ഉത്തരം മുട്ടിക്കുന്നവനെ പൊട്ടനാക്കുന്ന ബ്രാഹ്മണിക്കൽ പ്രയോഗപദ്ധതി തന്നെയാണ് ഇവിടെയും ഒടുവിൽ നടപ്പാകുന്നത്.കുട്ടികളാൽ തൻ്റെ അജ്ഞത കയ്യോടെ പിടിക്കപ്പെട്ട ടീച്ചറെപ്പോലെ, പൂതപ്പാട്ടിലെ ഉത്തരം മുട്ടിയ അമ്മ അവസാനത്തെ അടവെടുക്കുന്നു; മുനിമാർക്കിഷ്ടപ്പെട്ട ആ അടവ്: ശാപം!
പിന്നെ “ഇതു വേറെയാണ്” (വേറിട്ടൊന്നെന്നോതിയെണീറ്റാൾ) എന്നു പറഞ്ഞിട്ട്, കിട്ടിയതുമായി കടന്നു കളയുന്നു! ഇതിനപ്പുറം ഇനിയൊന്നും പറയാനില്ല!
ഗ്രന്ഥസൂചി
Ambedkar, Dr. B. R. (2014) The writing and speeches of Dr. Babasaheb Ambedkar. Volume 3 Part III. Revolution and counter revolution in Ancient India. New Delhi: Dr. Ambedkar Foundation, 2014. Print.
—. ———. (1990). The writing and speeches of Dr. Babasaheb Ambedkar. Volume 7 Who were the Shudras? How they came to be the Fourth Varna in the Indo-Aryan Society. The Government of Maharashtra, 1990. Print.
—. ———. (1990). The writing and speeches of Dr. Babasaheb Ambedkar. Volume 7. The Untouchables: Who were they and why they became Untouchables. The Government of Maharshtra, 1990. Print.
Cassirer, Ernst. (1953). “Language and myth.” Trans. Susanne K. Langer. New York: Dover Publications, 1953. Print.
Chattopadhyaya, Debiprasad. (2012). Lokayata: a A study in Ancient Indian Materialism. New Delhi: People’s Publishing House, 2012. Print.
Eisenstein, Sergei. (1957). “The Film Sense.” Trans. Jay Leyda. New York: Meridian Books, . 1957. Print.
Fanon, Frantz. (1986). “Black skin, white masks.” Trans. Charles Lam Markmann. London: Pluto Press, 1986.
Girard, Rene. (2013). “Violence and the sacred.” Trans. Patrick Gregory. London: Bloomsbury, 2013. Print.
Naha, Abdul Latheef. (2019). “Axe of Parashurama to get iconic niche.” 16 November 2019. www.thehindu.com. Online. 20 March 2023.
Omvedt, Gail. (2003). Buddhism in India: Challenging Brahminism and caste. New Delhi: Sage Publications., 2003. Print.
Oppert, Gustav. (2019). On the original inhabitants of Bharatavarsa or India. Alpha Editions, 2019. Print.
“Purnamadha Purnamidam.” n.d. shlokam.org. Online. 20 March 2023.
Qadiri, Shamsullah. (2012). “Malabar.” Pracheena Malabar. Trans. V. Abdul Qayyum. Calicut: Other Books, 2012.
“Renuka.” n.d. Wikipedia.com. 20 March 2023.
അഞ്ജു മൂർത്തി, ശ്രീധരൻ (2010). തിണസിദ്ധാന്തം – ചരിത്രവും വർത്തമാനവും, തത്വ പബ്ലിഷിങ് ഹൗസ്, മലപ്പുറം
കേരളോൽപ്പത്തി (2013), സായാഹ്ന ഫൗണ്ടേഷൻ, തിരുവനന്തപുരം
ഗോവിന്ദൻ നായർ, ഇടശ്ശേരി, പൂതപ്പാട്ട്, മലയാളകവിതകൾ.com,
20 മാർച്ച് 2023
ദളിത് ബന്ധു,(2017), കേരളജനതയും പട്ടണം ഗവേഷണവും, ഹോബി പബ്ലിഷേഴ്സ്, വൈക്കം
പനയ്ക്കൽ, അബ്ബാസ്,( 2019), കേരളം: അവഗണിക്കപ്പെട്ട ദേശഭാഷാനാമങ്ങൾ, 20/11/2019
മേലോത്ത്,കണ്ണൻ, ( 2023), മുകുന്ദപുരത്തെ പുലയരാജാവ് അയ്യൻചിരുകണ്ടൻ, ഇടനേരം,2023
ശേഖർ, അജയ്,(2018), പുത്തൻ കേരളം: കേരളസംസ്കാരത്തിൻ്റെ ബൗദ്ധ അടിത്തറ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
– — —, (2022), സഹോദരൻ അയ്യപ്പൻ്റെ ഓണപ്പാട്ടും കേരള ബൗദ്ധനാഗരികതയും. ഓൺലൈൻ, 20 മാർച്ച് 2023
ഹരിദാസ് വി.വി.(2016), യക്ഷിസങ്കല്പം, എസ്.പി.സി.എസ്., കോട്ട

അനില്‍കുമാര്‍ പയ്യപ്പിള്ളി വിജയന്‍
അധ്യാപകൻ, അസ്സോസിയേറ്റ് പ്രൊഫസർ, ഇംഗ്ലീഷ് വിഭാഗം, പത്തിരിപ്പാല, പാലക്കാട്

ഡോ.പ്രമോദ് കുമാർ ഡി.എൻ.
അസ്സോസിയേറ്റ് പ്രൊഫസർ മലയാള വിഭാഗം ഗവ.കോളേജ്,പത്തിരിപ്പാല