പ്രതി: ജാതിമദാന്ധൻ ഒന്നാം സാക്ഷി: ശ്രീകൃഷ്ണൻ
(ആരും പരാമർശിച്ചിട്ടില്ലാത്ത പ്രാചീന ജാതിവിരുദ്ധകൃതിയായ ജാതിദൈത്യാരി എന്ന സിവിൽ വ്യവഹാരത്തിൽ നിന്നുള്ള ഒരു ഭാഗം)
സവർണ്ണജാതിക്കാർ കൈവശം വച്ചിരിക്കുന്ന വേദ ഇതിഹാസാദി പുസ്തകങ്ങൾ വിട്ടുകിട്ടാൻ അധ:സ്ഥിതജനത നൽകുന്ന കേസുവിസ്താരത്തിൻ്റെ രേഖകളും കോടതിവിധി പ്രസ്താവവും എന്ന ഘടനയിൽ എഴുതിയിരിക്കുന്ന ഫിക്ഷണൽരചനയാണ് കെ.കെ.ചാത്തുവിന്റെ ജാതിദൈത്യാരി എന്ന സിവിൽ വ്യവഹാരം (1931) എന്ന കൃതി. കേരളത്തിൽ നടന്ന ജാതിവിരുദ്ധ- അധ:സ്ഥിതപക്ഷ- സാംസ്കാരിക- രാഷ്ട്രീയസമരത്തെ ഒരു കോടതിവ്യവഹാരത്തിൻ്റെ ഘടനയിൽ ആവാഹിച്ച് എഴുതിയ ബൃഹദ്‌രചനയാണിത്. സുരലോകം ഡിസ്ട്രിക് കോടതിയിലാണ് വിസ്താരം നടക്കുന്നത്. ഈ കൃതിയുടെ ഘടനയ്ക്ക് മുൻകാല-പിൽകാല മാതൃകയില്ല.
അറിവിൻ്റെ അധികാരം ആർക്ക് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട്, സ്മൃതികൾ സ്വീകാര്യമല്ല, ബ്രാഹ്മണർ ശ്രേഷ്ഠരുമല്ല, അറിവുള്ളവർ എന്നവകാശപ്പെടുന്നവർക്കുള്ളത് അറിവല്ല എന്നൊക്കെ സ്ഥാപിക്കുകയാണ് കൃതി. ജന്മം മാനദണ്ഡമാക്കുന്ന പ്രത്യയശാസ്ത്രത്തെ കർമ്മം പ്രധാനമാകുന്ന നിലപാടുകൊണ്ട് ഖണ്ഡിക്കുന്നു. കൃഷ്ണൻ തേരോട്ടക്കാരനും വ്യാസൻ മീൻപിടുത്തക്കാരൻ്റെ മകളിൽ നിന്നും പിറന്നവനുമായാണ് കൃതിയിൽ പ്രത്യക്ഷപ്പെടുന്നത്. “ബഹുജനം കൂടുന്ന തീവണ്ടിസ്റ്റേഷൻ, കോടതി, ചന്ത മുതലായ സ്ഥലങ്ങളിൽ ക്ഷേത്രഭ്രമൻ ആഹാരപദാർത്ഥങ്ങൾ പാകം ചെയ്തത് സർവ്വമനുഷ്യർക്കും പൈദാഹനിവൃത്തിക്കു വേണൊ വേണൊ എന്നു അന്വേഷിച്ചു കൊടുക്കേണ്ടതിന്നും” എന്നുള്ള കൃതിയിലെ വിധിപ്രസ്താവം പൊതുവിടം (Public sphere), തൊഴിലിടം തുടങ്ങിയവയുടെ നിർമ്മിതിയെ നിർദ്ദേശിക്കുന്നു. വിവാഹത്തിൽ വ്യക്തികളുടെ പ്രണയം മാനദണ്ഡമാകണം വിധവാവിവാഹത്തിനും മരുമക്കത്തായ നിരോധനത്തിനും സമൂഹം സന്നദ്ധമാകണം തുടങ്ങിയ വീക്ഷണങ്ങളും വിധിപ്രസ്താവത്തിൽ കാണാം. സാംസ്കാരിക മൂലധനത്തിനു വേണ്ടിയുള്ള വാദം സമൂഹത്തിൻ്റെ ഒന്നാകെയുള്ള മാറ്റമായി മാറുന്നു. അറിവിൻ്റെ അധികാരകൈമാറ്റം രാഷ്ട്രീയമായ അധികാരകൈമാറ്റമായി മാറുന്നു.
സാഹിത്യ ചരിത്രങ്ങളിലോ പഠനങ്ങളിലോ ഈ കൃതി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 2020 നവംബർ 24-ലെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കൃതിയെ സംബന്ധിച്ച വിവരം പുറത്തു വരുന്നത് (https://www.facebook.com/share/p/ELM3ZFF9aPavdKL1. 2021 ൽ ‘സാംസ്കാരിക മൂലധനത്തിന് വേണ്ടിയുള്ള സിവിൽ വ്യവഹാരങ്ങൾ’ (ഡോ. ഷൂബ കെ.എസ്സ്) എന്ന ആമുഖപഠനത്തോടെ തിരുവനന്തപുരം മൈത്രി ബുക്സ് ഇതിൻ്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു. തുടർന്ന് ഈ പുസ്തകത്തെ മുൻനിർത്തി പി ജി പ്രോജക്ട് എഴുതപ്പെട്ടിട്ടുണ്ട് (നവോത്ഥാന സംവാദാത്മകതയും മിശ്രരചനാരീതിയും: ജാതിദൈത്യാരി എന്ന സിവിൽ വ്യവഹാരം എന്ന കൃതിയെക്കുറിച്ചുള്ള പഠനം – അശ്വതി എസ്സ്., സർക്കാർ വനിതാകോളേജ്, തിരുവനന്തപുരം). ഇപ്പോൾ ഈ പുസ്തകത്തെ സംബന്ധിച്ച് ഡോ. പ്രമോദ് കുമാർ ഡി. എൻ-ന്റെ മാർഗ്ഗനിർദ്ദേശത്തിൽ Ph.D ഗവേഷണം നടക്കുന്നുണ്ട് (നീതിയും അധികാരവും: നിയമസംബന്ധമായ തെരഞ്ഞെടുത്ത വ്യവഹാരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം- ഗോകുൽ എസ്. ഗോപൻ, സർക്കാർ വനിതാകോളേജ്, തിരുവനന്തപുരം).
ഈ കൃതിയിൽ നിന്നുമുള്ള ചില ഭാഗങ്ങൾ ആണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
അന്യായം 1-ാം സാക്ഷി ശ്രീകൃഷ്‌ണനെ വിളിച്ചു കൂട്ടിൽ കയറ്റി സത്യം ചെയ്യിച്ചു അന്യായ വക്കീൽ ചോദ്യം-
സാധുനിശ്ചലദാസ്- നിങ്ങടെ പേരെന്തു?
ശ്രീകൃഷ്ണൻ- ശ്രീകൃഷ്ണൻ.
സാ- അച്ഛന്റെ പേരെന്തു?
ശ്രീ- വസുദേവർ
സാ- നിങ്ങൾ അന്യായഭാഗം സാക്ഷിയാണൊ?
ശ്രീ- അല്ല.
സാ- പിന്നെന്തിനാ കോടതിക്കു വന്നതു?
ശ്രീ- കോടതിയിൽ നിന്നൊരു കല്‌പനയുണ്ടായിരുന്നു. അതനുസരിച്ച്
സാ- ആ കല്പനയിൽ അന്യായ ഭാഗം സാക്ഷി പറവാൻ ഇന്ന തീയ്യതിക്കു കോടതിയിൽ ഹാജരാവേണമെന്നെഴുതീട്ടില്ലയൊ?
ശ്രീ- ഉണ്ട്. ഞാനങ്ങിനെ ചെയ്‌വാൻ വിചാരിക്കുന്നില്ല.
സാ- അല്പം പരുങ്ങിക്കൊണ്ട് താങ്കൾ പ്രതിഭാഗമാണോ സാക്ഷി പറവാനൊരുക്കം?
ശ്രീ- അല്ല
സാ- താങ്കളെന്തിന്നായി കോടതിക്കു വന്നു?
കൃ- കല്പനക്കാണെന്നു ഞാൻ മുമ്പു പറഞ്ഞുവല്ലൊ?
സാ- സാക്ഷി പറവാനൊരുക്കമില്ലയോ?
കൃ- പറയേണമെന്നു കരുതിയാണ് വന്നത്.
സാ- ആർക്കുവേണ്ടിയാണ് പറയുന്നത്?
ക- ആർക്കുവേണ്ടിയും പറവാൻ ഭാവിക്കുന്നില്ല.
സാ- പിന്നെന്തു പറവാനാണ് നിങ്ങടെ ഭാവം?
കൃ- എന്റെ അറിവിൽപ്പെട്ടേടത്തോളം സത്യാവസ്ഥ
സാ-അന്യായം പ്രതികളെ അറിയുമൊ?
കൃ- ഇല്ല.
സാ- ഈ നിൽക്കുന്ന മുമുക്ഷു, വിഷയി, പാമരൻ, പഞ്ചമൻ, ഇവരെ അറിയുമൊ?
സാ- ഈ ക്ഷേത്രഭ്രമൻ, അയിത്തോച്ചാടനൻ തീർത്ഥാടനഭ്രാന്തൻ, ജാതിമദാന്ധൻ, ഇവരേയോ?
കൃ- ഇവരേയും അറിയും.
സാ- പിന്നെന്താ അന്യായം പ്രതികളെ അറിയില്ലെന്നു ബോധിപ്പിച്ചത്?
കൃ- അന്യായക്കാരാര് പ്രതികളാര് എന്നറിയില്ലെന്നാണ് പറഞ്ഞത്.
സാ- ഹോ ഹോ അങ്ങിനെയൊ? ഈ മുമുക്ഷു മുതലായവരും ക്ഷേത്രഭ്രമൻ മുതലായവരും ഒരു കുഡുംബികളാണൊ?
കൃ- അതെ.
സാ- ഇവർക്കു തുല്യാവകാശമായ വല്ല മുതലുമുണ്ടോ?
ക- ഉവ്വ്.
സാ- അതുകൾ എന്താകുന്നു?
കൃ- വേദോപനിഷദാദികൾ.
സാ- അതുകൾ ആരുടെ കൈവശമാണ്?
കൃ- ക്ഷേത്രഭ്രമന്റെ വക്കലാണ്.
സാ- പൊതുവായ സ്വത്തുക്കൾ ക്ഷേത്രഭ്രമൻ്റെ പ്രത്യേക കൈവശം എങ്ങിനെ കിട്ടി?
ക്യ- മുമുക്ഷു മുതലായവർ കുട്ടികളായപ്പോൾ ക്ഷേത്രഭ്രമൻ കുടുംബകാര്യം നടത്തിയിരുന്നു. അപ്പോൾ കൈവശമായതാണ്.
സാ- അതുകൾ കിട്ടേണമെന്നു 1-ാം പ്രതിയോടു അന്യായക്കാർ ആവശ്യപ്പെട്ടുവോ?
കൃ- ആവശ്യപ്പെട്ടു. കൊടുത്തിട്ടില്ല.
സാ- കൊടുക്കാത്തതിനാൽ അന്യായക്കാർക്കു നഷ്ടമുണ്ടോ?
കൃ- അവകാശസ്വത്തു ആവശ്യത്തിനു കിട്ടായ്ക നഷ്ടമാണല്ലോ?
സാ- പ്രതികളാൽ അന്യായക്കാർക്ക് വല്ല ദ്രോഹവും ഉണ്ടായിട്ടുണ്ടോ?
കൃ- അവകാശസ്വത്തുക്കൾ അനുഭവിപ്പാൻ കൊടുക്കാത്തതും ഇല്ലാത്ത ജാതിഭേദം ഉണ്ടാക്കിത്തീർത്തതും മന:ക്ലേശവും ദ്രോഹവുമാണല്ലോ?
ഇതുകഴിഞ്ഞ് അന്യായവക്കീലിരുന്നു.
1-ാം പ്രതി വക്കീൽ കർമ്മമാത്രൻ ചോ.
ക- നിങ്ങൾ അർജ്ജുനൻ്റെ തേർതെളിക്കുന്നാളല്ലേ?
കൃ- യുദ്ധകാലത്ത് സാരത്ഥ്യം വഹിക്കേണമെന്നാവശ്യപ്പെട്ട പ്രകാരം ആ ആവശ്യത്തിന് കുറച്ചു ദിവസം തേർതെളിച്ചി ട്ടുണ്ട്.
ക- എന്തായിരുന്നു മാസപ്പടി?
കൃ- പ്രതിഫലം ഒന്നും ഇച്ഛിച്ചിട്ടല്ല.
ക- പിന്നെന്തിനുവേണ്ടി തേർതെളിച്ചു?
കൃ- ധർമ്മപുത്രാദികളെ സഹായിപ്പാൻ.
ക- നിങ്ങൾക്കു ദുര്യോധനരാജാവു ജയിൽശിക്ഷ കൽപിച്ചില്ലെ?
കൃ- അയാൾ അങ്ങിനെ ചെയ്‌വാൻ ആഗ്രഹിച്ചിരിക്കാം. പക്ഷെ സാധിക്കാത്തതാണ്.
ക- നിങ്ങളെ നിങ്ങളുടെ അമ്മ പിടിച്ചുകെട്ടീട്ടില്ലെ?
ക്യ- മാതൃസ്നേഹത്താൽ ഞാൻ അനുവദിച്ചിട്ടാണ്.
ക- നിങ്ങൾ മോഷണം ചെയ്‌തിട്ടില്ലെ?
കൃ- ബാല്യകാലത്തു ബ്രഹ്മചാരിചേഷ്ടയാ ചെയ്‌തിരിക്കാം.
ക- നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്?
കൃ- പതിനാറായിരത്തെട്ട്.
ക- നിങ്ങൾ അമ്മാവനെ കൊല ചെയ്‌തിട്ടിയൊ?
കൃ- എന്നെ ചതിച്ചു കൊല്ലുവാൻ ഭാവിച്ചതിനാൽ ആത്മരക്ഷക്കു ചെയ്‌തതാണ്.
കു- നിങ്ങളെ ലാളിച്ചു മുലപ്പാൽ തന്ന മാതൃതുല്യയായ പൂതനയേയും കൊന്നില്ലെ?
ക- അതും എന്നെ ചതിയാൽ കൊല്ലുവാൻ വിഷം തന്നതിനാലാണ്.
ക- നിങ്ങൾ ശൂദ്രനായ വിദുരൻ്റെ വീട്ടിൽ ഊണു കഴിച്ചിട്ടില്ലെ?
കൃ- ഉവ്വ്.
ജഡ്‌ജി ഇതെല്ലാം കേട്ട് അനാവശ്യചോദ്യം ചെയ്യരുതെന്ന് കൽപിച്ചു.
ക- അന്യായക്കാരും പ്രതികളും ജാതിവ്യത്യാസമില്ലയോ?
കൃ- യാതൊരു വ്യത്യാസവും ഇല്ല.
ക- മനുഷ്യരിൽ ജാതിവ്യത്യാസമില്ലെന്നാണോ പറയുന്നത്?
കൃ- അതെ.
ക- നിങ്ങൾ മനുഷ്യരിൽ നാലു ജാതികളെ ഞാൻ സൃഷ്ടിച്ചു എന്നു പറഞ്ഞിട്ടില്ലെ?
കൃ- അങ്ങിനെ ഞാൻ പറഞ്ഞിട്ടില്ല.
ക- സത്യത്തിന്മേൽ ബോധിപ്പിക്കുന്നതെന്നും കോടതിയാണെന്നുമോർക്കണം.
കൃ- നല്ലവണ്ണം ഓർക്കുന്നുണ്ട്.
ക- നിങ്ങൾ ഭാരതയുദ്ധാരംഭത്തിൽ അർജ്ജുനൻ്റെ തേരിലിരുന്നുകൊണ്ട് നാലു ജാതികളെ സൃഷ്‌ടിച്ചിട്ടുണ്ടെന്ന് അർജ്ജുനനോടു പറഞ്ഞിട്ടില്ലെ?
കൃ- അങ്ങനെ പറഞ്ഞിട്ടില്ല.
ക- (ഭഗവൽഗീതാ പുസ്‌തകം എടുത്തു വിടർത്തി 4-ാമദ്ധ്യായം 13-ാം ശ്ലോകത്തെ തൊട്ട്) ഇതു നിങ്ങൾ പറഞ്ഞതല്ലെ?
കൃ- അതേ.
ക- പിന്നെന്താ താൻ ജാതി സൃഷ്‌ടിച്ചിട്ടില്ലെന്നു ബോധിപ്പിച്ചത്?
കൃ- അങ്ങിനെ പറഞ്ഞിട്ടില്ലാത്തതിനാൽ തന്നെ.
ക പുസ്‌തകത്തെ ശ്രീകൃഷ്‌ണൻ്റെ കയ്യിൽ കൊടുത്തു മേൽ പറഞ്ഞ ശ്ലോകത്തെ ചൊല്ലാൻ പറഞ്ഞു.
കൃ- “ചാതുർവർണ്യം മയാ സൃഷ്‌ടം ഗുണകർമ്മവിഭാഗശ:
തസ്യകർത്താരമപി മാം വിദ്ധ്യകർത്താരമവ്യയം” എന്നു വായിച്ചു.
ക- അതിൻ്റെ അർത്ഥം നാലു ജാതികൾ എന്നാൽ സൃഷ്ടിക്കപ്പെട്ടു എന്നല്ലെ?
കൃ- ഈ ശ്ലോകത്തിൽ അങ്ങിനെയൊരർത്ഥമില്ല, തെറ്റിദ്ധരിച്ചു പറകയാണ്.
ജ- അതിന്റെ ശരിയായ അർത്ഥമെന്താണ്?
ക- ഗുണങ്ങളുടേയും കർമ്മങ്ങളുടേയും വിഭാഗം ഹേതുവാൽ നാലു വർണ്ണങ്ങളെന്നു വ്യവഹരിക്കപ്പെടുവാൻ യോഗ്യമായ വർണ്ണത്തെ സൃഷ്‌ടിച്ചു എന്നാകുന്നു.
ജ- വർണ്ണമെന്നതു ജാതിയല്ലയൊ?
കൃ- കർമ്മവ്യത്യാസത്താൽ തിരിച്ചറിവാനുള്ള ഒരു വെറും പേര്.
……………….
1-ാം പ്രതി ക്ഷേത്രഭ്രമനെ കൂട്ടിൽ കയറ്റി സത്യം ചെയ്യിച്ചു വക്കീൽ കർമ്മമാത്രൻ ചോ- നിങ്ങടെ പേരെന്തു
ക്ഷേ- ക്ഷേത്രഭ്രമൻ.
ക- അച്ഛന്റെ പേരെന്തു?
ക്ഷേ- ജഡാഭിമാനി.
ക- നിങ്ങളും രണ്ടു മുതൽ പ്രതികളും അന്യായക്കാരും ഒരു കുഡുംബികളാണൊ?
ക്ഷേ- ഞാനെത്രയോ ഉയർന്ന ജാതി ബ്രാഹ്മണനാകുന്നു. 2 മുതൽ പ്രതികളും അന്യായക്കാരും താണജാതികളാകുന്നു. അതിനാലൊരു കുഡുംബികളല്ല.
ക- പ്രഥമസൃഷ്ടിയിൽ ഒരു പിതാവിൽ നിന്നുത്ഭവിച്ചതിനാൽ ഒരു കുഡുംബികളാണെന്നാകുന്നു അന്യായക്കാർ പറയുന്നത്.
ക്ഷേ- അതവർക്കറിവില്ലാത്തിനാലും കലികാലദോഷത്താലും ദുരാഗ്രഹത്താലും അവർക്കു നാശകാലമായതിനാലും പറ യുന്നതാണ്.
ക- ഒരു പിതാവിൽ നിന്നു ജനിച്ചവരെന്നു നിങ്ങളും സമ്മതിക്കുന്നുവോ?
ക്ഷേ- ഒരു പിതാവിൽ നിന്നു ജനിച്ചവരായാലും മുഖത്തിൽ നിന്നു ബ്രാഹ്മണനും കൈകളിൽ നിന്നു ക്ഷത്രിയനും ഊരുക്കളിൽ നിന്നു വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ജനിച്ചതിനാൽ മുഖജാതനായ ബ്രാഹ്മണൻ ശ്രേഷ്ഠനെന്നു വേദവിധിയുണ്ട്. അതിനാൽ മുഖജാതനും ബ്രാഹ്മണനുമായ ഞാൻ ശ്രേഷ്‌ഠനാണ്.
ക- ക്ഷേത്രങ്ങളിൽ വിഗ്രഹാദികൾ പ്രതിഷ്ഠിക്കാനും പൂജിക്കാനും അധികാരമാർക്കാണ്?
ക്ഷേ- എന്താ അതിൽ സംശയം? ബ്രാഹ്മണനാകുന്ന എനിക്കു മാത്രം.
ക- അന്യായക്കാർക്കു വേദോപനിഷത്തുകൾ പഠിപ്പാനൊ കേൾപ്പാനൊ അധികാരാവകാശങ്ങളുണ്ടോ?
ക്ഷേ- അന്യായക്കാർ ഹീനജാതികളാണ്. അതിനാലവർക്കധികാരമില്ല.
ക- പിന്നെന്താകുന്നു വേദാദികൾക്കവകാശമുണ്ടെന്ന അന്യായത്തിന്നു കാരണം?
ക്ഷേ- ഇപ്പോഴത്തെ നാടുവാഴിയുടെ ദോഷത്താലും കലികാല ദോഷത്താലും.
ക – രാജാവ് ഇവരോട് അന്യായം കൊടുപ്പാൻ പറഞ്ഞുവോ?
ക്ഷേ- ക്ഷത്രിയാരാജാക്കളായിരുന്ന കാലത്തു ശൂദ്രൻ വേദം പഠിക്കേണമെന്നാവശ്യപ്പെട്ടില്ല. എന്നുതന്നെയല്ല അക്ഷരാഭ്യാസംകൂടി ശൂദ്രനു പാടില്ലെന്നു നിയമം പാസ്സാക്കീട്ടുണ്ടായിരുന്നു. ഇപ്പോൾ ഹൂണഭാഷക്കാരനും ക്രിസ്തുമതസ്ഥനും രാജാവായതിലാണ് ഹീനന്മാരിത്ര മേൽപ്പട്ടുവന്നതും ബ്രാഹ്മണർക്ക് ഇടിച്ചൽ തട്ടിയതും. അതു നിവൃത്തിപ്പാൻ വേണ്ടിയാണ് സ്വരാജ്ലബ്‌ധിക്കു തുനിയുന്നത്. അതു ലഭിച്ചാലിതെല്ലാം ഹും.
ഇതു കഴിഞ്ഞു പ്രതി വക്കീലിരുന്നു.
അന്യായവക്കീൽ ക്രാസ്.
സാ- താങ്കൾ ബ്രഹ്മമുഖജാതനായതിനാൽ ശ്രേഷ്‌ഠനെന്നാണൊ പറയുന്നത്?
ക്ഷേ- അതിന്നെന്താ ആക്ഷേപം? മുഖജാതനായതിൽ തന്നെ ശ്രേഷ്‌ഠൻ.
സാ- എല്ലാ ബ്രാഹ്മണരും ബ്രഹ്മമുഖജാതരാണോ?
ക്ഷേ- അതെ.
സാ- ബ്രാഹ്മണരിൽ ചില ഗോത്രമുണ്ടെന്നു പറയാറുണ്ടൊ?
ക്ഷേ- ഗോത്രങ്ങളുണ്ടെന്നു പറയുന്നതു ശരിയാണ്.
സാ- ആ ഗോത്രമെന്നത് ഏതെല്ലാമാണെന്നു പറയാമൊ?
ക്ഷേ- അതു മുഴുവനും എനിക്കു നല്ല നിശ്ചയമില്ല.
സാ- നിശ്ചയമുള്ളതു പറയൂ.
ക്ഷേ- അത്രിഗോത്രം, പുലസ്‌തുഗോത്രം, കൌശികഗോത്രം, കാണ്ഡ്വായനഗോത്രം.
സാ- ഇതുകൂടാതെ ഗോത്രങ്ങളില്ലയൊ?
ക്ഷേ- ഉണ്ടായിരിക്കാം. എനിക്കറിവില്ല.
സാ- മൌൽഗല്യം ഗാർഗ്ഗ്യം, ശൈനം എന്നും മറ്റും ഗോത്രങ്ങളില്ലെ?
ക്ഷേ- ഉണ്ടായിരിക്കാം. എനിക്കത്ര നിശ്ചയമില്ല.
സാ- പോട്ടെ. താങ്കളുടെ ഗോത്രമെന്താണ്?
ക്ഷേ- അത്രിഗോത്രമാണ്.
സാ- അത്രിഗോത്രമെന്നാൽ അത്രിമുനിയിൽ നിന്നു ജനിച്ച പാരമ്പര്യമെന്നല്ലെ അതിൻ്റെ അർത്ഥം. പിന്നെന്താ താങ്കൾ ബ്രാഹ്മമുഖജാതനായ ശ്രേഷ്ഠനെന്നു ബോധിപ്പിച്ചത്?
ക്ഷേ- സാധാരണ പറയാറ് ബ്രാഹ്മണൻ ബ്രഹ്മമുഖജാതൻ എന്നാണ്.
സാ- അപ്പോൾ യഥാർത്ഥം അറിഞ്ഞു പറയുന്നതല്ല. സാധാരണ പറയുന്നതിനെ പറഞ്ഞു എന്നുമാത്രമാണ് അല്ലെ?
ക്ഷേ-ബ്രാഹ്മണൻ ശ്രേഷ്‌ഠനെന്നുതന്നെയാണ് എല്ലാവരും പറയുന്നത്.
സാ- (ചിരിച്ചുകൊണ്ട്) ഞാൻ അല്ലെന്നു പറയുന്നില്ല. കൌശികഗോത്രമെന്നതു വിശ്വാമിത്രനിൽ നിന്നുണ്ടായതല്ലെ?
ക്ഷേ-അങ്ങിനെയായിരിക്കാം.
സാ- വിശ്വമിത്രൻ ആരായിരുന്നു.
ക്ഷേ-ക്ഷത്രിയൻ.
സാ- അയാളെങ്ങിനെ ബ്രാഹ്മണഗോത്രകാരകനായി?
ക്ഷേ- തപസ്സിനാൽ വിശ്വാമിത്രൻ ബ്രാഹ്മണനായി ഭവിച്ചതാണ്.
സാ- കാണ്ഡ്വായനം, മൌൽഗല്യം, ഗാർഗ്യം, ശൈനം എന്നുള്ള ഗ്രോത്രങ്ങളുടെ ഉത്ഭവകർത്താക്കൾ ക്ഷത്രിയരല്ലെ?
ക്ഷേ-അങ്ങിനെ ആയിരിക്കാം.
സാ- എന്താ ആയിരിക്കാമെന്ന്? അവരെല്ലാം ക്ഷത്രിയസന്താനങ്ങളല്ലയൊ?
ക്ഷേ- അതെ.
സാ- ബ്രാഹ്മണരിൽ പുലസ്ത്രമെന്നൊരു ഗോത്രമില്ലയൊ?
ക്ഷേ- ഉവ്വ്
സാ- ലങ്കാധിപനായിരുന്ന രാവണകുംഭകർണ്ണാദികൾ ആരുടെ മക്കളാണ്?
ക്ഷേ- എനിക്കറിവില്ല.
സാ- നിങ്ങൾ ബ്രാഹ്മണനല്ലെ?
ക്ഷേ- എന്താ സംശയം? ഞാൻ ബ്രാഹ്മണനാണെന്നുള്ളതു വക്കീലറിയില്ലയോ?
സാ- (ചിരിച്ചുകൊണ്ട്) ദ്വേഷ്യപ്പെടേണ്ട. താങ്കൾ ബ്രാഹ്മണനായിട്ടും ഇതിഹാസപുരാണാദികളും മറ്റും എന്താ വായിച്ചിട്ടില്ലെ?
ക്ഷേ- ചെറുപ്പം മുതൽക്കേ രണ്ടുമൂന്നു സംബന്ധം നടത്തിയതിനാൽ പഠിപ്പിലത്ര തൃഷ്‌ണയുണ്ടായില്ല. അമ്പലത്തിൽ ശാന്തിയുമുണ്ട്.
സാ- താങ്കൾ രാമായണം വായിച്ചിട്ടില്ലയൊ?
ക്ഷേ- ഞാൻ മുമ്പു പറഞ്ഞില്ലെ? സംബന്ധം വെച്ചതിനാലും ശാന്തിയുള്ളതിനാലും വേദാഭ്യാസത്തന്നും സൽകഥാശ്രവണത്തിന്നും അത്ര തൃഷ്ണണ്ടായില്ലെന്ന്.
സാ- ശാന്തി ക്രമമായി നടത്തണമെങ്കിൽ അതിന്നുള്ള മന്ത്രതന്ത്രങ്ങളറിയേണ്ടയൊ?
ക്ഷേ- ഹേ അതു സാരമില്ല. ചിലപ്പോൾ മേൽശാന്തി പരീക്ഷക്കുവരും. അപ്പോൾ ചുരുക്കം വല്ലതും കൈമടക്കും. ശരിയെന്നു സർട്ടിഫിക്കറ്റുതരും.
സാ- താങ്കൾ ഒന്നും പഠിച്ചിട്ടില്ലെങ്കിലും മുത്തശ്ശിക്കഥയുടെ കൂട്ടത്തിൽ വല്ലവരും രാമായണകഥ പറഞ്ഞു കേട്ടിട്ടില്ലെ?
ക്ഷേ- ഉപനയനം കഴിയുന്നതിനുമുമ്പായി അമ്മ പറഞ്ഞതായ ഒരോർമ്മ തോന്നുന്നുണ്ട്.
സാ- ശരി ശരി അതുമതി. അതെന്താ കേട്ടതു പറയു.
ക്ഷേ- മഹാദുഷ്ടനായ രാവണനെന്നൊരു രാക്ഷസനുണ്ടായിരുന്നു. അവൻ വളരെ ബ്രാഹ്മണരേയും മറ്റും ഉപദ്രവിച്ച് വൈദികകർമ്മങ്ങളേയും മുടക്കി. അവനെ കൊല്ലാൻ വേണ്ടി വിഷ്ണു-എന്നു പായുമ്പോഴേക്കും
സാ- ആട്ടെ രാവണാദികളുടെ അച്ഛനാരെന്നു പറഞ്ഞു തന്നില്ലെ?
ക്ഷേ- ഉവ്വ്, ഉവ്വ്, അതു ഞാൻ പറയാൻ വിട്ടു. പൌലസ്യന്റെ പുത്രനെന്നാണ് പറഞ്ഞത്.
സാ- പൌലസ്യൻ പുലസ്‌ത്യപുത്രനല്ലെ?
ക്ഷേ- ആയിരിക്കാം എനിക്കറിവില്ല.
സാ- പൌലസ്യനെന്നും വിശ്രവസ്സെന്നും പേരായ ഋഷി പുലസ്ത്യഋഷിയുടെ പുത്രനാണെന്ന് അനേക ഇതിഹാസപുരാണങ്ങളിലും മറ്റും വിവരിച്ചിട്ടുണ്ട്. എന്നുതന്നെയല്ല അയാളുടെ പേരുതന്നെ അതിന്നു ലക്ഷ്യമാണ്. പുലസ്ത്യസ്യാപത്യം പൂമാൻ പൌലസ്യ: എന്ന പേര് പുലസ്ത്യപുത്രനായതിനാലാണ്.
ക്ഷേ- ശരിയായിരിക്കാം.
സാ- പൌലസ്യപുത്രനായ രാവണനെക്കുറിച്ചു അമ്മ പിന്നെന്തെല്ലാം പറഞ്ഞു?
ക്ഷേ- രാവണനൊ പരമദുഷ്‌ടൻ, മഹാപാപിയായ രാക്ഷസൻ അനേക പതിവ്രതാസ്ത്രീകളെ അപമാനിച്ചവൻ, മാംസഭക്ഷകൻ, എറ്റവും നിന്ദ്യൻ എന്നും മറ്റും അമ്മ അനേകം പറഞ്ഞു.
സാ- ആ രാവണൻ പുലസ്ത്യൻ്റെ ഗോത്രത്തിലല്ലെ ജനിച്ചത്?
ക്ഷേ- അതെ.
സാ- അങ്ങിനെയായിട്ടും അയാളെന്താ ഇത്ര ദുഷ്ടനായത്?
ക്ഷേ- അവന്റെ ദുഷ്‌കർമ്മത്താൽ തന്നെ മറ്റൊന്നുമല്ല.
സാ- ദുഷ്കർമ്മത്താൽ ഹീനതയും സർക്കർമ്മത്താൽ ശ്രേഷ്ഠതയും ഉണ്ടാവുമല്ലെ?
ക്ഷേ- ധർമ്മത്താൽ പുണ്യവും, അധർമ്മത്താൽ പാപവും സഹജമല്ലെ?
സാ- അതു നോക്കുമ്പോൾ ശ്രേഷ്‌ഠതക്കും ഹീനതക്കും ഉയർന്ന വംശത്തിലൊ താണവംശത്തിലൊ ജനിക്കുന്നതല്ല കാരണം. അവരവരുടെ കർമ്മമാണ് കാരണം അല്ലെ?
ക്ഷേ- ഹേ അതു നിർവ്വാദമല്ലെ? സൽക്കർമ്മം മേല്മയും ദുഷ്‌കർമ്മം താഴ്ചയും ഉണ്ടാക്കുന്നു.
സാ- താങ്കൾ സ്വജനത്തിൽ നിന്ന് വേട്ടിട്ടുണ്ടോ.
ക്ഷേ-വേൾക്കാൻ പാടില്ല. അതുകൊണ്ടു വേട്ടിട്ടില്ല. സംബന്ധമുണ്ട്.
സാ- ഇരിക്കട്ടെ, അതു പിന്നെ ചോദിക്കാം. എന്തുകൊണ്ട് വേട്ടുകൂടാ.
ക്ഷേ- എനിക്കു ജ്യേഷ്‌ഠനുണ്ട്. അയാൾക്കുമാത്രമെ സ്വജനത്തിൽ വേൾക്കാൻ പാടുള്ളു. മലയാളബ്രാഹ്മണർക്കു പരശുരാമൻ്റെ നിശ്ചയം ഇങ്ങിനെയാണ്.
സാ- പരശുരാമൻ ഒരു പിതാവിൻ്റെ മക്കളിൽ ജ്യേഷ്ഠനു മാത്രം വേളികഴിപ്പാനും അനുജന്മാരെ എന്തു ചെയ്യാനാണ് നിശ്ചയം ചെയ്തിട്ടുള്ളത്?
ക്ഷേ- എത്ര അനുജന്മാരുണ്ടായാലും ബാലസന്യാസം ചെയ്യേണമെന്നും ആദ്യം വേട്ട ജ്യേഷ്ഠൻ സന്താനം ജനിക്കുന്നതിന്നു മുമ്പായി കാലഗതി പ്രാപിച്ചാൽ അതിന്നടുത്താളും അയാളും അതേ വിധമായാൽ അയാൾക്കടുത്താളും സന്താനത്തിന്നു വേണ്ടി വേൾക്കാമെന്നല്ലാതെ എല്ലാവർക്കും വേളികഴിച്ചുകൂടെന്നും ബ്രാഹ്മസ്വം ദേവസ്വം ഭാഗിച്ചുകൂടെന്നുമാണ് പരശുരാമൻ്റെ നിശ്ചയം.
സാ- അങ്ങിനെ വേളികഴിക്കാത്തവർ എല്ലാം സന്യസിക്കാറുണ്ടൊ?
ക്ഷേ- എയീ! ഇക്കാലത്തൊ? സന്യാസമെല്ലാം ശൂദ്രാലയത്തിൽ അതല്ലെ ഞാൻ ചെറുപ്പം മുതൽ ശൂദ്രവീട്ടിൽ കൂടിയത്.
………………….
3-ാം പ്രതി തീർത്ഥാടനഭ്രാന്തനെ കൂട്ടിൽ കയറ്റി സത്യം ചെയ്യിച്ചു. വക്കീൽ പിണ്ഡൊദനഭോജി ചോദ്യം.
പി- നിങ്ങടെ പേരെന്തു?
തീ- തീർത്ഥാടനഭ്രാന്തൻ.
പി- അച്ഛന്റെ പേരെന്തു?
തീ- അച്ഛന്റെ പേർ പറയുന്ന പതിവില്ല.
പി- അന്യായത്തിൽ അച്ഛന്റെ പേരെഴുതിക്കാണുന്നുവല്ലൊ?
തീ- അതു അന്യായക്കാർക്ക് അറിവില്ലാതെ ചെയ്തതാണ്.
പി.- അയുമ്മടെ പേരെന്തു?
തീ- ഇട്ടുണ്ണൂലി എന്നാണ്.
പി -ഇട്ടുണ്ണൂലിയെന്നു മാത്രമൊ ഇട്ടുണ്ണൂലി അമ്മ എന്നൊ എഴുതേണ്ടത്?
തീ- തമ്പുരാക്കന്മാരെല്ലാം ഇട്ടുണ്ണൂലി എന്നു മാത്രമെ എഴുതാറുള്ളൂ.
പി- നിങ്ങൾ ഈ കേസ്സിൽ എത്രാം പ്രതിയാണ്?
തീ- മൂന്നാം പ്രതി
പി- നിങ്ങളെന്താ ജാതി
തീ- എരിമശൂദ്രനാണ്
പി- നിങ്ങൾക്ക് മനക്കൽ പോകുന്നതിന്ന് വിരോധമുണ്ടൊ?
തീ- മനക്കൽ നാലുകെട്ടിൻ്റെ മുറ്റത്തും പത്തായപുരയുടെ കോലായിലും പോകാം-നാലുകെട്ടിൻ്റെ കോലായിൽ കയറിക്കൂടാ.
പി- നിങ്ങൾക്ക് വേദം പഠിക്കാമൊ?
തീ- ഹേ ഒരിക്കലും പാടില്ല. അതു പഠിക്കുന്നതും കേൾക്കുന്നതും പാപമാണ്.
പി- നിങ്ങൾ തീർത്ഥസ്‌നാനം ചെയ്തിട്ടുണ്ടോ?
തീ- ഞാൻ പലെ തവണ തീർത്ഥസ്‌നാനം ചെയ്തിട്ടാണ് സതിദ്ധ്വസത്തുമനക്കൽ നിന്ന് തീർത്ഥാടനഭ്രാന്തനെന്നു പേരിട്ടത്. എനിക്കിട്ട പേര് കോന്തി എന്നാണ്.
പി- ഹോഹൊ. അപ്പോൾ കോന്തി എന്നും തീർത്ഥാടനഭ്രാന്തനെന്നും രണ്ടുപേരാണല്ലെ?
തീ- രണ്ടുപേരാണെങ്കിലും തീർത്ഥാടനഭ്രാന്തൻ എന്നു തന്നെ ഇപ്പോൾ വിളിക്കാറ്.
പി- ഏതു തീർത്ഥങ്ങളിലെല്ലാം സ്‌നാനം ചെയ്തിട്ടുണ്ട്?
തീ- കാശി, രാമേശ്വരം അരുണാചലം, കാവേരി, ഇവിടങ്ങളിലെല്ലാം സ്നാനം ചെയ്‌തതു മാത്രമല്ല കഴിയുന്നത്ര ബ്രാഹ്മണദാനവും ചെയ്തിട്ടുണ്ട്.
പി- ദാനങ്ങൾ ചെയ്തതെല്ലാം ആർക്കാണ്?
തീ- അതെല്ലാം ബ്രാഹ്മണർക്കു തന്നെ. പക്ഷെ കാശിയിൽവെച്ചു വാദ്ധ്യാര് എൻ്റെ കയ്യിൽ അരക്കാശുപോലും വഴിച്ചിലവിന്നു കൂടി കരുതാനയക്കാതെ ഗോദാനദക്ഷിണ തിലദാനദക്ഷിണ എന്നെന്തെല്ലാമൊ പറഞ്ഞ് എന്റെ കയ്യിലുണ്ടായിരുന്ന കാശുമുഴുവൻ പറ്റിച്ചു. അന്നത്തെ ഊണിന്നുള്ള രണ്ടണ കെഞ്ചീട്ടും മടക്കി തന്നില്ല. പട്ടിണി കിടക്കേണ്ടിവന്നു. ഇങ്ങോട്ടു മടങ്ങി എത്തുവാൻ വളരെ ബുദ്ധിമുട്ടി. ഭിക്ഷ എടുക്കുവാൻ തീർച്ചയാക്കി. ഭാഷയറിയാതെ അതിലധികം മുട്ടായി. എന്തിന്നേറെ പറയുന്നു. വായും വയറും തട്ടിക്കാണിച്ച് ഒരുവിധം നിവൃത്തിച്ചു. നടന്നുവരുന്ന വഴിക്കു പനിയും ചൊറിയും പിടിപെട്ടു. പാതിജീവനോടെ ചാവാതെ ചത്തു പാടുപെട്ടു വീട്ടിലെത്തി. തീർത്ഥസ്‌നാനത്തിലെ കഷ്ടം ഓർക്കുമ്പോൾ സ്മരിക്കേണമെന്നു തോന്നുന്നില്ല.
പി- ബുദ്ധിമുട്ടിയാലും പുണ്യം നേടുവാൻ സാധിച്ചുവല്ലൊ?
തീ- അതുവ്വ്. നിങ്ങളെല്ലാവരും തീർത്ഥവാസി പുണ്യവാൻ എന്നെല്ലാം പറയുമ്പോൾ സന്തോഷവും കഷ്ടപ്പാടോർക്കുമ്പോൾ സമാധാനമില്ലായ്‌കയുമുണ്ട്.
പി- എന്താ സമാധാനമില്ലായ്മ?
തീ- വാദ്ധ്യാന്മാരുടെ പിടിച്ചുപറി സഹിക്കവയ്യ. അവർക്ക് പണം കിട്ടേണമെന്നുള്ള ഒറ്റവിചാരമെ ഉള്ളൂ. നമ്മളോടു പണമെല്ലാം വാങ്ങിക്കഴിഞ്ഞാൽ കർമ്മം ചെയ്യിക്കുന്നതിൽ ലേശം ശ്രദ്ധയില്ലെന്നു മാത്രമല്ല വല്ലതും കറുപിറു പറഞ്ഞ് എല്ലാം മതി മതി എന്നു പറയുന്നതോടുകൂടി വേറെ ആളെ കിട്ടാൻ നോക്കും. കാശൊന്നു കയ്യിലുണ്ടെങ്കിൽ വല്ല ഉപായവും പറഞ്ഞ് പിടുങ്ങാതെ വിടില്ല.
പി- പുണ്യം നേടേണമെങ്കിൽ വാദ്ധ്യാന്മാരെ സന്തോഷിപ്പിക്കണം. ബ്രാഹ്മണരല്ലെ?
എന്നുപറഞ്ഞു പിണ്ഡോദനഭോജിവക്കീലിരുന്നു.
അന്യായവക്കീൽ എതൃവിചാരണ.
സാ- നിങ്ങൾ കാശി, രാമേശ്വരം, കാവേരി മുതലായ തീർത്ഥങ്ങളിലെല്ലാം സ്‌നാനം ചെയ്‌തതായി ബോധിപ്പിച്ചുവല്ലൊ? അതുകൾക്കെല്ലാം ഒരേ ഫലമൊ? വെവ്വേറെ ഫലമൊ?
തീ- വാദ്ധ്യാന്മാരും മറ്റും വെവ്വേറെ ഫലമെന്നാണ് പറഞ്ഞത്.
സാ- അവർ പറഞ്ഞതല്ലാതെ നിങ്ങൾക്കു വല്ല അനുഭവുമുണ്ടോ?
തീ- ഓരോ തീർത്ഥങ്ങൾ ഓരോ പാപങ്ങൾ തീർപ്പാൻ പ്രത്യേക ശ്ലാഘ്യതയുണ്ടെന്നു അവർ പറഞ്ഞതല്ലാതെ അനുഭവം യാതൊന്നുമുണ്ടായിട്ടില്ല.
സാ- അനുഭവപ്പെടാത്ത വാക്കിനെ വിശ്വസിക്കാമൊ?
തീ- അവർ ബ്രാഹ്മണരല്ലെ? അവർ പറയുന്നതിനെ ശൂദ്രൻ വിശ്വസിക്കേണ്ടയൊ?
സാ- ബ്രാഹ്മണരെന്നവർ പറയുന്നതെല്ലാം ശരിയെന്നു വിശ്വസിച്ചതിനാൽ വല്ലഗുണവും അനുഭവത്തിലുണ്ടായിട്ടുണ്ടൊ?
തീ- ഒന്നും പറയത്തക്കതായില്ല.
സാ- പറയത്തക്കതായില്ലെങ്കിൽ പറഞ്ഞു കൂടാത്തതായ അനുഭവമുണ്ടൊ?
തീ- യാതൊരനുഭവവും ഇല്ല. ബ്രാഹ്മണർ പറയുന്നതു ശൂദ്രൻ വിശ്വസിക്കേണമെന്നല്ലെ വേദവിധി.
സാ- ബ്രാഹ്മണർ പറയുന്നതെല്ലാം ശൂദ്രൻ വിശ്വസിച്ചോളണമെന്നു വേദവിധിയുണ്ടെന്നു വേദത്തിൽ പറഞ്ഞതായി നിങ്ങൾക്കറിവുണ്ടോ?
തീ- അയ്യൊ! വേദം ശൂദ്രന് പഠിക്കാനൊ കേൾക്കാനൊ പാടുണ്ടോ?
സാ- പഠിക്കാനും കേൾക്കാനും പാടില്ലാത്ത വേദത്തിൽ വിധിച്ചിട്ടുണ്ടെന്നു നിങ്ങളെങ്ങിനെ അറിഞ്ഞു?
തീ- ബ്രഹ്മണർ പറയുന്നതിനെ ശൂദ്രൻ വിശ്വസിക്കേണമെന്ന് വേദവിധിയുണ്ടെന്നു ബ്രാഹ്മണർ പറഞ്ഞറിഞ്ഞു. അവരങ്ങിനെയാണ് പറയുന്നത്.
സാ- ഒരിക്കൽ തീർത്ഥസ്‌നാനം ചെയ്‌താൽ സർവ്വപാപമോചനമാവുമെന്നല്ലെ ബ്രാഹ്മണരും പറയുന്നത്?
തീ- അതെ.
സാ- പിന്നെന്തിനാകുന്നു പലതവണ തീർത്ഥസ്‌നാനം ചെയ്യുന്നത്?
തീ- ചില ബ്രാഹ്മണർക്ക് രാമേശ്വരം മുഖ്യമാണ്. അവിടെ സ്നാനം ചെയ്താൽ സർവ്വപാപവിമോചനം വരുമെന്നും ചിലർ കാശിഗംഗയാണ് മുഖ്യം എന്നും ചിലർ കാവേരിയാണ് മുഖ്യമെന്നും ചിലർ കാവേരിയും ഭവാനിയും കൂടുന്ന കൂട്ടുകാവേരിയാണ് ശ്രേഷ്ഠമെന്നും ചിലർ കാവേരിയുടെ ഉത്ഭവസ്ഥാനമായ തലക്കാവേരിയാണ് ശ്രേഷ്‌ഠമെന്നും ചിലർ ഭഗീരഥൻ തപസ്സു ചെയ്‌തു ആകാശഗംഗയെ കൊണ്ടുവന്നതാണ് കാശിഗംഗ എന്നും അതിനാൽ സർവ പാപനാശിനിയാണെന്നും മറ്റും പറഞ്ഞ് വീടുകളിലും റെയിൽവേസ്റ്റേഷനിലും നടന്നു ക്ഷണിച്ചു കൂട്ടിക്കൊണ്ടു പോകുവാനായി പലേ ബ്രാഹ്മണരും ഇപ്പോഴും നടക്കുന്നുണ്ട്. അവരോട് ഞാൻ മുമ്പു തീർത്ഥസ്നാനം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാൽ ഇനിയും ചെയ്യുന്നത് അധിക ഗുണമാണെന്നും ‘അധികസ്യാധികം ഫലം’ ഇത് വേദത്തിൽ പറഞ്ഞ മന്ത്രമാണ്. നിങ്ങൾ പുണ്യവാനായതു കൊണ്ടാണ് നിങ്ങൾക്കു പറഞ്ഞു തന്നത് എന്നും മറ്റാർക്കും ഈ മന്ത്രത്തെ പറഞ്ഞു കേൾപ്പിക്കയില്ലെന്നും പറഞ്ഞുകൊണ്ട് പൂണൂൽ പിടിച്ച് ഈ ബ്രഹ്മം തന്നെയാണ് ഞാൻ പറഞ്ഞതെല്ലാം സത്യമാണ് എന്നൊക്കെ പറയുംവിധം തന്നെ അനേക ജനങ്ങളോടും മേൽപ്പറഞ്ഞ മന്ത്രത്തെ നിങ്ങളോടുമാത്രം പറഞ്ഞതാണ് മറ്റാർക്കും പറഞ്ഞു കൊടുത്തിട്ടില്ലെന്നും അവരോടു പൂണൂൽപിടിച്ചു സത്യം പറയുകയും ചെയ്യുന്നത് എനിക്കനുഭവമാണ്. അതുമുതൽ എനിക്കും ഈ ബ്രാഹ്മണരുടെ കാര്യത്തിൽ സംശയം തോന്നാതിരുന്നിട്ടില്ല. എന്നിട്ടും ഞാൻ മനസ്സില്ലാമനസ്സോടെ ബ്രാഹ്മണരുടെ നിർബന്ധത്താലാണ് പലകുറിയും സ്നാനത്തിനിടയായത്.
സാ- അതുകൊണ്ട് നിങ്ങൾക്ക് വല്ല ഗുണവും ലഭിച്ചതായി തോന്നുന്നുണ്ടോ?
തീ – യാതൊരു ഗുണവും ഉണ്ടായിട്ടില്ല. എന്നല്ല സംശയം വർദ്ധിക്കുകയാണുണ്ടായത്.
സാ- എന്താ സംശയം വർദ്ധിക്കുവാനുള്ള കാരണം?
തീ – ബ്രാഹ്മണർ തന്നെ ഓരോരൊ ക്ഷേത്രങ്ങളെ കുറിച്ച് ഇതു ശിവനാണ് സ്വയംഭൂവാണ് (തനിയെ മുളച്ചുണ്ടായത്) ഇവിടെ ചെയ്യുന്ന അഭിഷേകനിവേദ്യദാനാദികളുടെ ഫലം മറ്റൊരേടത്തുമില്ലെന്നും മറ്റൊരു ക്ഷേത്രത്തെ ഇവിടെവെച്ചാണ് ബ്രഹ്മാവും വിഷ്ണുവും തമ്മിൽ ശണ്ഠപിണഞ്ഞതെന്നും ആ ശണ്ഠതീർക്കാൻ ശിവൻ അഗ്നിമലയായി നിന്നു എന്നും അതിൻ്റെ അടിമുടികൾ വിഷ്ണുവും ബ്രഹ്മാവും കണ്ടുപിടിക്കാൻ തീർച്ചയാക്കി വിഷ്‌ണു പന്നിരൂപമായി പാദാന്വേഷണം ചെയ്‌തു ബ്രഹ്മാവ് അരയന്നപക്ഷിയായി ശിരോന്വേഷണം ചെയ്‌തു ഇരുവർക്കും പാദശിരസ്സുകളെ കാണ്മാൻ കഴിഞ്ഞില്ല. അതുകൊണ്ട് ശിവനാണ് പ്രധാന ദേവൻ എന്നു ചില ശൈവാഗമങ്ങളെ നോക്കി അറിഞ്ഞവർ അതിന്നുള്ള പ്രമാണങ്ങളും പറയുന്നു. ഈ ശിവൻ ഗണപതിയെ പൂജിക്കാതെ ത്രിപുരന്മാരോടു യുദ്ധം ചെയ്തു തോറ്റു. ഗണപതിയെ പൂജിച്ച ശേഷമാണ് ത്രിപുരദഹനത്തിന് സമർത്ഥനായത്. അതുകൊണ്ട് ഗണപതിയാണ് പ്രധാനദേവനെന്നു ഗാണപത്യന്മാരും, ശക്തിയാണ് എല്ലാറ്റിലും മീതെ, ശക്തിയില്ലാഞ്ഞാൽ ഇരുന്നേടത്തു നിന്നെണീക്കപോലും സാധിക്കാത്തതാണ് എന്നു മുതലായ യുക്തിവാദങ്ങളാലും ശാസ്ത്രങ്ങളാലും ശാക്തന്മാരും പറയുന്നു. എന്തിന്നേറെ പറയുന്നു, ഘണ്ടൻ, ഘണ്ടാകരുണൻ, കുട്ടിച്ചാത്തൻ, അഘോരൻ, ഭൈരവൻ, കപാലികൻ, മുണ്ട്യേൻ, ചാത്തൻ, കൊലവൻ, അരയാല്, പേരാല്, എരുക്ക്, തുളസി മുതൽ സർവ്വങ്ങളും ഒരു വ്യവസ്ഥയുമില്ലാത്ത ദൈവമെന്നാണ് ഈ ബ്രഹ്മണർ ഉപദേശിക്കുന്നത്. അതുതന്നെ സംശയം വർദ്ധിപ്പാനുള്ള കാരണം. ഇതുകൂടാതെ തീർത്ഥാടനം ക്ഷേത്രങ്ങളിൽ അഭിഷേകനിവേദ്യങ്ങൾക്കു വേണ്ടി ചിലവും ചെയ്തും വാദ്ധ്യാന്മാർക്കു ദക്ഷിണചെയ്തും കാശൊന്നു കയ്യിലില്ലാതെ ദാരിദ്ര്യവും പിടികൂടി ഇനിമേൽ എനിക്കൊരു തീർത്ഥവും വേണ്ട, ക്ഷേത്രവും വേണ്ട മടുത്തു.
ഇതുകേട്ട് വക്കീൽമാരും ജഡ്‌ജിയും ചിരിച്ചു. തീർത്ഥാടനഭ്രാന്തനെ കൂട്ടിൽ നിന്നിറക്കി.
4-ാം പ്രതി ജാതിമദാന്ധനെ കൂട്ടിൽ കയറ്റി സത്യം ചെയ്യിച്ചു.
4-ാം പ്രതി വക്കീൽ ദീപകാരകൻ അവർകൾ ചോദ്യം.
ദീ – നിങ്ങടെ പേരെന്തു?
ജാ – ജാതിമദാന്ധൻ
ദീ – അച്ഛന്റെ പേരെന്തു?
ജാ – അച്ഛന്റെ പേർ പറയാൻ പാടില്ല. അമ്മടെ പേർ ചിരിത.
ദീ – നിങ്ങളെന്താ ജാതി?
ജാ- ഞാൻ ശൂദ്രരിൽ ഉയർന്ന ജാതിയാണ്.
ദീ – ഉയർന്ന ജാതി എന്നു തന്നെയൊ ജാതിപേർ?
ജാ – അല്ലല്ല കിരിയത്തിലെയെന്നാണ് ജാതിപേർ.
ദീ – നിങ്ങൾക്ക് എന്താ പ്രവൃത്തി?
ജാ-എൻ്റെ പ്രവൃത്തി വേദവിധിക്കൊത്തതാണ്.
ദീ-വിധിപോലെന്നാൽ എന്തെന്നു പറയൂ?
ജാ- ബ്രാഹ്മണദാസ്യം.
ദീ- ഏതു ബ്രാഹ്മണന്റെ ദാസനാണ്?
ജാ – അതേറ്റവും ഉയർന്നേടത്ത് തന്നെ.
ദീ – ഉയർന്നേടത്തെന്നാൽ -ഇന്നാളൊന്നിച്ചെന്നു വിവരം പറയൂ?
ജാ- സതിദ്ധ്വസത്തുമനക്കൽ കാമാതുരൻ തമ്പുരാൻ തിരുമനസ്സിലെ ദാസനാണ്.
ദീ – താങ്കൾ വേദമോ സ്മൃതിയൊ വായിച്ചിട്ടുണ്ടോ?
ജാ- അയ്യോ കഷ്‌ടം. ആ വക പാപങ്ങൾ ചെയ്‌വാൻ ഞാൻ ഒരുങ്ങീട്ടില്ല. ഇനി ഒരുങ്ങുകയുമില്ല. ദൈവകൽപിതമായ സേവയാൽ കാലം കഴിഞ്ഞാൽ മതി.
ദീ- വേദം വായിക്കുന്നതും കേൾക്കുന്നതും ശൂദ്രജാതിയിൽ ശ്രേഷ്‌ഠനായ താങ്കൾക്കു കൂടി പാപമാണൊ?
ജാ- എന്താ സംശയം, കാമാതുരൻ തമ്പുരാൻ തിരുമനസ്സീന്ന് പലപ്പോഴും അരുളിചെയ്കയുണ്ടായിട്ടുണ്ട്.
ദീ – അന്യായക്കാർക്ക് വേദം പഠിക്കാനൊ കേൾപ്പാനൊ അധികാരമുണ്ടോ?
ജാ- ഹേ-അന്യായക്കാരൊ-ഛെ ഛെ ഛേ എത്രയോ ഹീനജാതികൾ. ഞങ്ങളിൽ ചിലരെയൊ തമ്പുരാക്കന്മാരെയൊ വഴിയിൽ കണ്ടാൽ ദൂരെ തിരിഞ്ഞോടണം. അങ്ങിനെയുള്ളവർ വേദം പഠിക്കയൊ? ആശ്ചര്യം. പഠിക്കാനും കേൾക്കാനും പാടില്ല.
ഇതുവരെ പറയിച്ച് ദീപകാരകൻ വക്കീലിരുന്നു.
അ-വ- സാധുനിശ്ചലദാസ് ക്രോസ്-
സാ- താങ്കളുടെ സേവ്യനായ തമ്പുരാൻ തിരുമനസ്സിലേക്ക് എന്താ ജോലി?
ജാ- അദ്ദേഹത്തിന്നു വിശേഷാൽ ജോലിയൊന്നുമില്ല. മനവക കാര്യങ്ങളെല്ലാം അപ്ഫൻ തമ്പുരാൻ തിരുമനസ്സിന്നാണ്. എൻ്റെ തമ്പുരാന് നീരാട്ടുകുളി അമറേത്ത് പള്ളിനിദ്ര സംബന്ധത്തിന്നു പോക്ക് ഇതു മാത്രമാണ് ജോലി.
സാ- താങ്കൾ ഈ കാമാതുരൻ തമ്പുരാൻ്റെ ദാസനാണൊ?
ജാ- എൻ്റെ ചെറുപ്പം മുതൽ തമ്പുരാൻ്റെ ദാസനാണ്.
സാ- ഈ ദാസ്യം തുടങ്ങി എത്ര കാലമായി?
ജാ- എനിക്ക് പത്തുവയസ്സുമുതൽ. എനിക്കിപ്പോൾ അറുപത്തഞ്ചു വയസ്സായി. തമ്പുരാന് അറുപതുമായി.
സാ- അദ്ദേഹത്തിൻ്റെ അഞ്ചുവയസ്സു മുതൽ ഇന്നേവരെ താങ്കൾ തന്നെയൊ ദാസൻ?
ജാ- അതൊരു ഭാഗ്യം എനിക്കുണ്ടായി. ആ പുണ്യം നേടാൻ സാധിച്ചു.
സാ- ഹോ ഹോ എന്താ സംശയം. ബ്രാഹ്മണദാസ്യം ചെയ്യുന്നതു മഹാപുണ്യമാണല്ലൊ. താങ്കൾ മഹാഭാഗ്യവാൻ. മറ്റൊരാൾക്കും സാധിക്കുന്നതാണൊ? സാധിച്ചുവല്ലൊ? താങ്കൾ ഭാഗ്യവാനും പുണ്യവാനുമാണ് (എന്നിങ്ങനെ ചിരിച്ചുകൊണ്ടു പറഞ്ഞു.)
ജാ- ഈ സേവ എന്നെപ്പോലെ മറ്റൊരാൾക്കും സാദ്ധ്യമാവാത്തതാണ്. തമ്പുരാന്റെ തൃപ്പാദം കൊണ്ട് എത്ര ചവിട്ടുകൊണ്ടിരിക്കുന്നു. ഞാനതൊന്നും വക വെക്കാതെ ഈ പുണ്യത്തിന്നു പാത്രമായെന്നു കരുതുന്നു.
സാ- വളരെ നന്നായി. താങ്കളുടെ തമ്പുരാന് കുളിയൂണ് കഴിഞ്ഞ് സംബന്ധത്തിന്നു പോകുമാത്രമാണ് ജോലിയെന്ന് മുമ്പു ബോധിപ്പിച്ചുവല്ലൊ. തമ്പുരാൻ സ്വവർണ്ണത്തിൽ വേട്ടിട്ടില്ലയോ?
ജാ- ഹേ വേൾക്കാൻ പാടില്ല. എളമേന്നാണ്. വേട്ടിട്ടില്ലെങ്കിലും ആൾ മഹാ സരസനാണേ. എഴുപത്തിരണ്ടോളും സംബന്ധം ഇപ്പോൾ നടത്തീട്ടുണ്ട്. നാലുകാലമിരുന്നാൽ ഇനിയും. ആൾ മഹാ സുഖിയനാണ്. ഇതിന്നെല്ലാം പോകുമ്പോൾ ചെല്ലവും തൂക്കി ഞാനും കൂടെ വേണം. ഇല്ലെങ്കിൽ തിരുമനസ്സിന്നു സുഖമാവില്ല. ഈ കാര്യത്തിൽ തമ്പുരാൻ ഭാഗ്യവാനാണ്.
സാ- ഈ എഴുപത്തിരണ്ടും ഇപ്പോഴും നിലവിലുണ്ടൊ?
ജാ- അതല്ലെ രസം. ഒരു സംബന്ധം കഴിഞ്ഞാൽ ഒന്നു പ്രസവിക്കുന്നതുവരെ നടത്തിട്ടുള്ളതു നാലൊ അഞ്ചൊ മാത്രം, മറ്റെല്ലാം ഒരു മാസം, രണ്ടുമാസം തികയും മുമ്പായി അതുവിടും. പിന്നെ വേറെ നോക്കും. ഇതേമാതിരിതന്നെ മാറ്റിമാറ്റി ചെയ്കയാലാണ് ഇത്ര എണ്ണം ആയത്. എനിക്കും മിക്ക സമയത്തും പെണ്ണിനെ അന്വേഷിക്കൽ തന്നെ ജോലി. അതുകൊണ്ടാണ് തമ്പുരാൻ എന്നെ വിടാത്തതും എന്നിലുള്ള സ്നേഹവും.
സാ- ആട്ടെ ഇവർക്കു ചിലവിന്നു വല്ലതും തമ്പുരാൻ കൊടുത്തിട്ടുണ്ടോ?
ജാ- ഏയി. ബ്രഹ്മസ്വം അങ്ങിനെ കൊടുപ്പാൻ പാടുണ്ടോ? പോയ്‌വരുന്ന കാലത്ത് ഉടുക്കാനും തേപ്പാനും മാത്രം.
സാ- ഇങ്ങിനെ അല്‌പകാലം മാത്രം സംബന്ധം നടത്തി ഉടനുടൻ വിട്ടുപോകുന്നതറിഞ്ഞു കൊണ്ടു ഇവരെല്ലാം പിന്നേയും അനുവദിക്കുന്നതല്ലെ ആശ്ചര്യം?
ജാ- അതിലെന്താ ആശ്ചര്യം, തമ്പുരാൻ തിരുമനസ്സിലെ അരുളപ്പാടു അനുസരിക്കാഞ്ഞാൽ അവരുടെ കാര്യം പിന്നെ കുന്തത്തിലല്ലെ?
സാ- ഇമ്മാതിരി ബാലതരുണികളുടെ യൗവനം നശിപ്പിക്കുവാൻ മാത്രമായി യാതൊരു പ്രതിഫലവുമില്ലാതെ നടത്തുന്ന സംബന്ധത്തെ സമ്മതിച്ചിട്ടില്ലെങ്കിൽ എന്തുചെയ്യും?
ജാ- അങ്ങിനെ സമ്മതിക്കാത്തവർക്കു ജാതിഭ്രഷ്‌ട് കല്പിക്കും. ക്ഷേത്രപ്രവേശം കുളം കിണറു തൊടുന്നത് മണ്ണാത്തി മാറ്റ് പരിഷ ഇതെല്ലാം മുടക്കിയതായി തിരുവെഴുത്തെഴുതും. ജനദ്രോഹത്ത് തമ്പുരാൻ വലിയ ശക്തനാണ്. ഒയിക്കന്മാരെല്ലാം കൈവശമാണ്. ഒരാളും നേരിൽ മറുത്ത് പറകയില്ല. ഇതിലൊന്നും ഫലിക്കാഞ്ഞാൽ കുടിയിരിപ്പു മുതൽ ഗോഷ്പാദഭൂമിയില്ലാതെ സകലവും ഒഴിപ്പിക്കും. വയറ്റിൽ പിടിച്ചാൽ നിവൃത്തിയുണ്ടൊ? ചൊന്നപടി കോട്ടോളണം.
സാ- ഈ വക കർമ്മങ്ങളെല്ലാം തമ്പുരാന്റെ കയ് വശമുണ്ട് അല്ലെ?
ജാ- ഇതു മാത്രമല്ലല്ലൊ? ഓണക്കാലങ്ങളിലൊ കല്യാണസദ്യക്കൊ ശൂദ്രരുടെ വീട്ടിൽ വറുത്തുപ്പേരിക്ക് കായതോൽ കളഞ്ഞ് നുറുക്കി വറുത്താലും പായസം വെക്കുന്നതിൽ നാഴി അരിക്ക് നാലു പലം വീതം ശർക്കര ചേർത്താലും നാളികേരം പാൽ പിഴിഞ്ഞ് ചേർത്താലും മനക്കൽ നിന്ന് ഭ്രഷ്‌ട് കല്‌പിക്കും. ഭ്രഷ്ട് തീർക്കേണമെങ്കിൽ നല്ലൊരു തുക പിഴയായി വസൂലാക്കും.
സാ- നിങ്ങടെ തമ്പുരാൻ്റെ പ്രാബല്യവും പരാക്രമവും വളരെ ധർമ്മം തന്നെയാണ്.
ജാ- അവർ ആഢ്യരല്ലെ? അവർക്കു എതിരായി പ്രവർത്തിപ്പാൻ പാടുണ്ടോ?
സാ- ശരിയാണ്. ഈ എഴുപത്തിരണ്ടു സംബന്ധങ്ങളും ഏതു ജാതിയിലാണ് നടത്തിയത്.
ജാ- അമ്പലവാസി മുതൽ അത്തിക്കുറിശ്ശിവരെ എല്ലാ ജാതിയിലുമുണ്ട്.
ഇതെല്ലാം കേട്ടു ജഡ്‌ജി ചിരിച്ചു കൂട്ടിൽനിന്നിറങ്ങാൻ കല്പിച്ചു.
…………
വിധി
അന്യായത്തിലെ ഏ. എന്ന അപേക്ഷയനുസരിച്ച് സകല വേദോപനിഷൽഗ്രന്ഥങ്ങളും ഭാഷ്യവിവരണഗ്രന്ഥങ്ങളും ലോകവാസികളായ സർവ്വമനുഷ്യരുടേയും അവകാശസ്വത്തുക്കളായതിനാൽ അതുകളെല്ലാം അന്യായക്കാരുടേയും മറ്റും ഹിതത്തിന്നൊത്തവണ്ണം പാടത്തൊ പറമ്പിലൊ എവിടേയും എല്ലാ സമയവും പരക്കെ ജനസദസ്സിൽ പഠനപാഠനങ്ങൾക്ക് ഉപയോഗപ്പെടത്തക്കവിധം അന്യായക്കാർ വശം കൊടുപ്പാനും.
കാലതാമസംവരുത്തിയ നഷ്‌ടനിവൃത്തിക്കും കോർട്ട് ചിലവിന്നും ക്ഷേത്രഭ്രമൻ്റെ ഇന്ത്യയിലുള്ള സർവ്വ ക്ഷേത്രങ്ങളും അതുകളിലെ ദേവസ്വങ്ങളും ക്ഷേത്രഭ്രമൻ്റെ അധികാരം വിടുത്തി ഗവർമ്മേണ്ടധികാരത്തിലാക്കി അന്യായക്കാർക്കും മറ്റെല്ലാജനങ്ങൾക്കും ഉപയോഗപ്പെടുത്തണമെന്നും,
ജാതിഭേദം ഉണ്ടെന്നാക്കി ദ്രോഹിച്ചതിന്നും യാഗമെന്നവ്യാജത്താൽ ഹിംസിച്ചതിന്നും മദ്യം കുടിച്ചുതിന്നും ബഹുജനം കൂടുന്ന തീവണ്ടിസ്റ്റേഷൻ, കോടതി, ചന്ത മുതലായസ്ഥലങ്ങളിൽ ക്ഷേത്രഭ്രമൻ ആഹാരപദാർത്ഥങ്ങൾ പാകം ചെയ്തത് സർവ്വമനുഷ്യർക്കും പൈദാഹനിവൃത്തിക്കു വേണൊ വേണൊ എന്നു അന്വേഷിച്ചു കൊടുക്കേണ്ടതിന്നും ഇനി മേൽ മദ്യം തീരെ ഉണ്ടാക്കുവാൻ പാടില്ലെന്ന നിയമം പാസ്സാക്കുവാനും,
ഇനിമേൽ വിഗ്രഹാരാധനാദികൾക്കൊ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കൊ ബ്രാഹ്മണപ്രാധാന്യതക്കൊ ഒരു കാശു പോലും വഴിവാടായൊ ദാനമായൊ സൗജന്യമായൊ കൊടുത്തു പോകരുതെന്നും ക്ഷേത്രസംബന്ധമായി യാതൊരു കായക്ലേശവും ചെയ്തു പോകരുതെന്നും,
മനുഷ്യരിൽ ജാതിയുണ്ടെന്നു പിരിച്ചു നിർത്തിയതിന്നു മേലാൽ സർവ്വമനുഷ്യർക്കും സ്ത്രീപുരുഷന്മാരുടെ അന്യോന്യാ നുരാഗത്തിലൊ സമുദായസമ്മതത്തിലൊ ഏതു വർണ്ണങ്ങളിലുള്ളവർക്കും വർണ്ണത്തെ നോക്കാതെ പിതൃസ്വത്തിന്മേലുള്ള അവകാശബലത്തിന്മേൽ വിവാഹം നടത്താവുന്നതും പൈശാചിക മരുമക്കത്തായവും അവിഭക്തകുഡുംബവും വിടുത്തി സർവ്വമനുഷ്യർക്കും മക്കത്തായവും വിഭക്തകുഡുംബവും ആക്കേണ്ടതും,
ബാലതരുണികൾക്കു വൈധവ്യം നേരിട്ടാൽ അവർക്കു മനസ്സുള്ള പക്ഷം ഹിതാനുസാരം പുനർവ്വിവാഹം ചെയ്യേണമെന്നും മനുഷ്യരിൽ ആരെയെങ്കിലും തീണ്ടലുണ്ടെന്നു കല്‌പിച്ചു വഴിമാറുവാൻ ആരെങ്കിലും പറയുന്നതായാൽ വഴിമാറുവാൻ പറഞ്ഞവൻ മാറി പോകേണമെന്നും അതിന്നു ശഠിക്കുന്നപക്ഷം തക്കതായ പരിഹാരമാർഗ്ഗം സ്വയം കണ്ടുപിടിക്കേണ്ടതാണെന്നും അതിന്നു കോർട്ടിൽ കേസ്സുകൊടുക്കുന്നതായാൽ സമുദായ സഹായത്താൽ നിവൃത്തി ഉണ്ടാക്കേണമെന്നും വിധിക്കുകയും കല്‌പിക്കുകയും ചെയ്തിരിക്കുന്നു.
എന്ന് കല്യബ്ദം 5032-മാണ്ട് ചൈത്രമാസം 18-ാംനു-
1-ാം ജഡ്‌ജി അനന്തശയനൻ അവർകൾ (ഒപ്പ്)
2-ാം ജഡ്‌ജി ചന്ദ്രശേഖരൻ അവർകൾ (ഒപ്പ്)
3-ാം ജഡ്‌ജി കമലാസനൻ അവർകൾ (ഒപ്പ്)
ശുഭമസ്തു.