എഡിറ്റർ

Published: 10 February 2026 സമാഹാരത്തിൽ നിന്ന്

കവിത: പ്രേതങ്ങൾ പാർക്കുന്ന ഇടം

(ജി.എസ് .അനീഷിൻ്റെ കവിത )

[ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ കവിതാ സമാഹാരങ്ങളിൽ നിന്നും മികച്ചവയെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്. ഒപ്പം അതിൽ നിന്നും ഏതാനും കവിതകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇന്നു നാം നിൽക്കുന്ന ഇടത്തിനു വേണ്ടി ജീവനും ജീവിതവും കൊടുത്തവരുണ്ട്. അവരെ ഒറ്റുകൊടുത്തുകൊണ്ട് നാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സാംസ്കാരിക ഭൂപടത്തിൽ നിന്നും ലാഭമില്ലാത്ത എല്ലാം കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതൊന്നുമറിയാതെ,അറിയിക്കാതെ പോകുന്ന വ്യാവസായികമാധ്യമ-പാഠപുസ്തകആഖ്യാനങ്ങൾക്കു പുറത്ത് വലിയ കൂട്ടം ജനങ്ങൾ ഉണ്ട്,കവികൾ ഉണ്ട്. പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി നടക്കുന്ന വ്യാജ ഉപരിവർഗ്ഗആഖ്യാനങ്ങൾക്കു പുറത്ത് യഥാർത്ഥത്തിൽ ഒഴിവാക്കപ്പെടുന്നവരെ കണ്ടെടുക്കാനാണ് ശ്രമം; കവിതകളെയും.]

‘മഴവെട്ടിപ്പോകുന്നതിത്തിരിപ്പുള്ള് ‘ജി.എസ്.അനീഷിൻ്റെ കവിതാ സമാഹാരമാണ്.തിരുവനന്തപുരം ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പനച്ചമൂട് എന്ന മലമ്പ്രദേശമാണ് എന്ന കവിയുടെ ജന്മസ്ഥലം. തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന, ഇപ്പോൾ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയുടെ ഭാഗമായ പെരുഞ്ചാണിയെ കുറിച്ചു ഈ സമാഹാരത്തിൽ കവിതയുണ്ട്.തമിഴ് സ്വാധീനമുള്ള മലയാളമാണ് അവിടത്തെ ഭാഷ. ‘അതിരുവരഞ്ഞോപ്പളകന്നൊരു ജനത ‘ (പെരുഞ്ചാണി ) എന്നാണ് ആ നാടിനെക്കുറിച്ച് കവിതയിൽ പറയുന്നത്. അതൊരു സാംസ്കാരിക രാഷ്ട്രീയസ്ഥല സൂചകമാണ്. നമ്മൾ വരയ്ക്കുന്ന ഭൂപടങ്ങളിൽ നിന്നും പുറത്താക്കപ്പെടുന്ന ഇടങ്ങളുടെ സൂചകം. നമ്മുടെ മുന്നിലൂടെ ഒഴുകുകയും നമ്മൾ തുഴഞ്ഞു പോകുകയും ചെയ്യുന്ന ഈ സാംസ്കാരിക നദിയുടെ വേരുകൾ ഒഴിവാക്കപ്പെട്ട ആ ദേശത്താണ്. ആ നദിയിൽ രാത്രി നിലാവ് വലയെറിയുന്നു. ഈ നദിയുടെ കാലുകൾ ഈ ഭൂപടത്തിനു പുറത്താണ്. അതൊരു പ്രേതസ്ഥലമാണ്. നമ്മുടെ ഭൂപടനിർമ്മാണത്തിൽ കൊല ചെയ്യപ്പെട്ടവരുടെ ഇടമാണ് അത്.

“കാതടച്ചു നാം തിരികെ വരും വഴി
കാലിളകി കാട്ടുവള്ളിയിൽ ചുറ്റി
നദിയിലേക്ക് തെന്നിയപ്പൻ പറഞ്ഞു
എൻ അണ്ണൻ താണു മരിച്ചയിടം

തൊടാതെ,
മണ്ണ് പറ്റാതെ ഞാൻ നടന്നു
ദൂര ദൂരെ പെരുഞ്ചാണി വനം
അതിൻ്റെ ഉള്ളിലിരുന്നാരോ പാടുന്നു
പാട്ടൊരു കരച്ചിലായി
കരച്ചിലൊരു ഇരുണ്ട ജനതയായി. “ (പെരുഞ്ചാണി )

തമിഴ് മിശ്ര ഭാഷയിൽ പാട്ടുപാടുന്ന പ്രേതങ്ങൾ, നമ്മുടെ ഭൂപടനിർമ്മാണത്തിൽ കൊല്ലപ്പെട്ടവരാണ്. അവർ വന്നു നമ്മുടെ കാൽപാദങ്ങളിൽ കാട്ടുവള്ളികൾ പോലെ ചുറ്റിപ്പിടിക്കുന്നു.“നൂറുനൂറിഴ കൂട്ടി-
പിരിച്ച കയർപോലാ
നീരൊഴുക്കെന്നെച്ചുറ്റി-
പ്പിടിച്ചു മറിക്കവേ, ” എന്ന വൈലോപ്പിള്ളി പറഞ്ഞ സ്വത്വത്തിൻ്റെ അട്ടിമറി ഇവിടെ കൂടുതൽ ആഴത്തിലുള്ള വീഴ്ചയായി മാറുന്നു. അതൊരു ചരിത്ര ഭൂപടത്തിൻ്റെ പുനർരചനയായി മാറുന്നു.അനീഷിൻ്റെ കവിതയിൽ നിറയെ പ്രേതസാനിധ്യമുണ്ട്. അത് എപ്പോൾ വേണമെങ്കിലും നിങ്ങളെ പിടികൂടാം.

‘പറഅ പറഇ ‘ എന്ന കവിത സാമാന്യം ദീർഘമായതാണ്. അണ്ണനും തങ്കച്ചിയും വിശപ്പിൻ്റെ തീയണയ്ക്കാൻ ഈറ(മുള ) തേടി ഈറക്കുന്നിലേക്ക് പോകുന്നതും ഒടുവിൽ അവർ പാറയായി പോകുന്നതുമായ കഥയാണ് പ്രസ്തുത കവിത. പോകും വഴിയിൽ ഭീമമ്പാറ കാണാം. അതിൽ നിന്നും കൂവിയാൽ അങ്ങകലെ മറ്റൊരു പാറയിൽ നിന്നും പ്രതിധ്വനി വരും.വേയ് ചാരി പാറയിൽ നിന്നും ‘’പറ ആ..’’ എന്നു കൂവിയാൽ ഭീമമ്പാറയിൽ നിന്നും പ്രതിധ്വനിയായി ‘’പറ ഇ… ” എന്നു കേൽക്കും. പാറയെ നോക്കി കൂവിയാൽ മാടനും യക്ഷിയും (പറയനും പറയിയും) വരും. അതുകൊണ്ട് കൂവരുത് എന്നു തങ്കച്ചി പറഞ്ഞെങ്കിലും അണ്ണൻ കൂവുക തന്നെ ചെയ്യുന്നു. പനയോലയുമായി കാടിറങ്ങുമ്പോൾ,“കൊരവപ്പൂപ്പാട്ടുമായി മുടിയഴിച്ചാടി /പൊറ്റകുലുക്കി വരുന്നുണ്ട് യക്ഷി”. പൊന്നിൻ കിലുക്കങ്ങളും പൊന്നിൻ മണിത്താലിയുമായും എത്തുന്ന യക്ഷിയെ തിരിഞ്ഞു നോക്കിയാൽ നോക്കുന്നവർ പാറയായി മാറും.പക്ഷെ തിരിഞ്ഞു നോക്കിപ്പോവുക തന്നെ ചെയ്യുന്നു.പായ മൊടയാൻ പനയോല പൊക്കുമ്പോൾ രണ്ടാളും പാറയായി മാറുന്നു. പ്രാദേശിക മാന്ത്രികകഥയെ കവിതയായി പുനർനിർക്കുമ്പോൾ അത് കവിതയുടെയും സർഗ്ഗാത്മകതയുടെയും ആഖ്യാനമായി മാറുന്നു. വിശപ്പിന് പരിഹാരം തേടി, തൊഴിൽ തേടി പോകുന്ന ഒരു ജനതയെ തങ്ങളുടെ ഭൂപടങ്ങളിൽ നിന്നും പുറത്താക്കുമ്പോൾ അവരുടെ പ്രതിരോധങ്ങളെ പിടിച്ചെടുക്കാൻ രൂപപ്പെടുന്നവയാണ് യക്ഷിക്കഥകൾപോലുള്ള പ്രേതപുരാവൃത്തങ്ങൾ. പീഡിപ്പിക്കപ്പെടുന്നവരെ പുരോഹിതന്മാർക്ക് പാലയിൽ തറച്ച് ആരാധിക്കാവുന്ന ഒരു നിശ്ചലവസ്തുവാക്കി മാറ്റുന്നു. ആ യക്ഷിയെ മുഖാമുഖം നോക്കിയാൽ നോക്കുന്നവർ പാറയായിത്തീരും.പൊന്നുതമ്പുരാക്കന്മാർ തുരന്നിട്ട ഗുഹകളിൽ പൊന്നിൻ കലവറകൾ ഉണ്ട്.പക്ഷെ അതിനെ സൂക്ഷിക്കാൻ അവിടെ പാമ്പുണ്ട് എന്നു പറയും പോലെ അഥവാ പാമ്പിനെ വളർത്തും പോലെ യക്ഷിഭയത്തെ വളർത്തുന്നു. അപ്പോൾ തമ്പുരാക്കന്മാരുടെ പീഡനങ്ങളെയും പൊന്നിൻ കലവറകളെയും ഒളിപ്പിച്ചു വയ്ക്കാൻ സാധിക്കുന്നു.എന്നാൽ കവിതയിൽ പറയി മുഖം തിരിച്ച് യക്ഷിയുടെ പൊന്നിൻ കിലുക്കങ്ങളെ നോക്കുന്നു. പാറയായി മാറുന്നത് ഇവിടെ പറയനും പറയിയും അല്ല;പ്രത്യക്ഷ ആഖ്യാനത്തിൽ അങ്ങനെ തോന്നുമെങ്കിലും. പൊന്നിൻ കിലുക്കങ്ങളിൽ പ്രേത ജീവിതങ്ങളെ മഹത്വവത്കരിച്ച തമ്പുരാൻ പക്ഷഎഴുത്തുകളാണ് തൊഴിൽകർതൃത്വത്തെ കൊലപ്പെടുത്തിയത്, പാറയാക്കിയത് എന്നു തിരിച്ചറിയുകയാണ്. രണ്ടു പാറകൾ തമ്മിലുള്ള വിപരീതആശയവിനിമയമാണ് യക്ഷിയെ തുറന്നു വിടുന്നത്. അതു അക്ഷരവിനിമയ പ്രക്രിയയാണ്. എഴുത്തും വായനയും ആണ്.കവിതയെ, യക്ഷിയെ തുറന്നുവിടലാണ്. അതു ഒരു പാറയിൽ നിന്നും ഉള്ള കൂവലും അതിൻ്റെ പ്രതിധ്വനിയും ആണ്. എന്നാൽ പ്രതിധ്വനി, വെറും പ്രതിധ്വനിയല്ല, പ്രതിവായനയാണ്. പറയി എന്നു കൂവിയാൽ പറയാ എന്നു തിരിച്ചു വരും. പനയോല അക്ഷരമാല കൂടിയാണ്.’അമ്പത്താറു പനയോലച്ചൂട്ടുമായി പറയ കുടുംബം കാടിറങ്ങുന്നത് ‘ഓലകൊണ്ട് കൊട്ടനെയ്തു വിശപ്പകറ്റാനും ഓലകൊണ്ട് കവിത നെയ്യാനും ആണ്. തമ്പുരാക്കന്മാരുടെ പൊന്നിൽ കലവറകൾ സംരക്ഷിക്കാൻ സൃഷ്ടിച്ച കർതൃത്വത്തിൻ്റെ കൊലപാതകങ്ങൾ (തിരിഞ്ഞു നോക്കരുത് എന്ന വിലക്കുകൾ) തൊഴിൽ വ്യക്തിത്വങ്ങളെ മാത്രമല്ല കവിതയെയും പാറയാക്കി അപമാനവീകരിക്കുന്നു. പാറ അനീഷിൻ്റെ പല കവിതകളിലും ആവർത്തിക്കുന്നുണ്ട്. പ്രേതമായി മാറിയ ഏലി എന്ന പെണ്ണിനെ കുഴിച്ചിട്ടിടത്ത് നിൽക്കുന്നത് പ്രാന്തിക്കല്ല് ആണ് എന്നു അതേ പേരുള്ള കവിതയിൽ കാണാം. നിറങ്ങളും തീറ്റയും കൊടുത്താൽ ബലം കൂടുന്നവയാണ് ആ പ്രാന്തിക്കല്ല്.

പാറപോലെ വസ്തുവത്കരിക്കപ്പെട്ട കവിതയും ജീവിതവുമാണ് ആഗോളീകരണവികസനകാലം മുന്നോട്ട് വച്ചത്.സ്ഥലവും പരിസ്ഥിതിയും അനീഷിൻ്റെ കവിതയിൽ ആഗോളീകരണകാലവ്യാവസായിക ആഖ്യാനങ്ങളിൽ കാണും പോലെയല്ല ആവിഷ്കരിക്കപ്പെടുന്നത്.തൊഴിലിടം എന്നത് ഒഴിവാക്കിയെടുത്തു കൊണ്ട്, തറവാട്ട്മുറ്റത്തെ കിണ്ടിയായും തറവാട്ട് കാരണവരായും പ്രകൃതിയെയും കുന്നുകളെയും കാണുകയായിരുന്നു വ്യാവസായികമാധ്യമങ്ങൾ. (ഉദാഹരണമായി,“ഉമ്മറക്കാലായിൽനിന്ന്
രാത്രിയിൽ എടുത്തുവയ്ക്കാൻ മറന്ന കിണ്ടി
കളവുപോയതുപാെലെ
വയൽക്കരയിലുള്ള ഒരു കുന്ന്
പുലർച്ചയ്ക്കു കാണാതായി. ” -പി.പി.രാമചന്ദ്രൻ) അതു പുതിയ കാലത്തെ ടൂറിസ്റ്റ് സ്ഥല നിർമ്മിതിയായിരുന്നു. സവർണ്ണജന്മിത്തപാരമ്പര്യമൂല്യങ്ങളുടെ തുടർച്ചയും വിപണിസ്ഥലാനുകൂലമായ പുനർനിർമ്മിതിയായിരുന്നു അത്.മേയുന്ന കാട്ടാന, പണി കഴിഞ്ഞു നടന്നുവരുന്ന വഴി, ഉള്ളിൽ കുഞ്ഞു സൂര്യൻ ഉദിക്കുന്ന സ്ഥലം, കൈത്തോടിൻ്റെ ഉറവപൊട്ടുന്ന സങ്കീർണ്ണ ഇടം ഇങ്ങനെയാണ് അനീഷിൻ്റെ കവിതയിലെ കുന്ന്. ( കുന്ന്- എന്ന കവിത ) “തനിക്ക് ആ കുന്നിൻ ചെരുവിൽ പോകാൻ കഴിയാത്തതുകൊണ്ട് ആകുന്നു തന്നെ കാണാൻ വന്നു എന്നും എൻ്റെ വണ്ടി ചീറിപ്പായുന്നത് ആ കുന്ന് നിരത്തിയ പാതയിലൂടാണ് “ എന്നും ഈ കവിതയിൽ കാണാം. തൻ്റെ രാഷ്ട്രീയനിഷ്ക്രിയതയെ മുതലാളിത്തസ്ഥലവികസനവുമായി കവി ബന്ധിപ്പിക്കുന്നു.മുതലാളിത്തം അതിൻ്റെ പ്രതിസന്ധികളെ കയറ്റി അയക്കുന്നു എന്നു ഡേവിഡ് ഹാർവ്വി പറയുന്നുണ്ട്.മുതലാളിത്തം എപ്പോഴും പ്രതിസന്ധികളെ നേരിടുന്നത് അത് നിലനിൽക്കുന്ന ‘സ്ഥലത്തെ’ (Space) പുനഃക്രമീകരിച്ചുകൊണ്ടാണ്. ഇതിനെയാണ് ഹാർവി ‘Spatial Fix’ എന്ന് വിളിക്കുന്നത്.മുതലാളിത്തത്തിന് ലാഭം കൂടുമ്പോൾ ആ പണം എവിടെയെങ്കിലും നിക്ഷേപിക്കണം. ഇതിനായി അത് പുതിയ പാലങ്ങൾ, റോഡുകൾ, കെട്ടിടസമുച്ചയങ്ങൾ, സ്മാർട്ട് സിറ്റികൾ എന്നിവ നിർമ്മിക്കുന്നു.നിർമ്മാണപ്രവർത്തനങ്ങൾക്കായി നിലവിലുള്ള ചേരികളോ, കൃഷിഭൂമിയോ, ഗ്രാമങ്ങളോ പിടിച്ചെടുക്കപ്പെടുന്നു. അവിടെ ജീവിച്ചിരുന്ന സാധാരണക്കാർക്ക് ആ ‘പുതിയ വികസിത ഇടത്തിൽ’ സ്ഥാനമുണ്ടാകില്ല. തദ്ദേശീയ ജനതയുടെ ആവശ്യത്തിൽ നിന്നുമല്ല, മുതലാളിത്ത വികസനം ഉണ്ടാകുന്നത്.വികസനം എന്നത് ഭൂമിശാസ്ത്രപരമായ ഒരു പുതിയ നിർമ്മാണമാണെങ്കിലും, അത് പഴയ ഇടത്തിൽ ജീവിച്ചിരുന്നവരെ അദൃശ്യരാക്കുന്നു.മുതലാളിത്തസ്ഥലവികസനം വലിയ ഒരു ജനവിഭാഗത്തെ ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ‘’ഇട”ങ്ങൾ ഇല്ലാത്തവരാക്കി മാറ്റുന്നു. വഴികൾ,വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ, വിനോദം തുടങ്ങിയ സാംസ്കാരികസ്ഥലങ്ങളിൽ നിന്നും പണമില്ലാത്തവർ പുറത്താക്കപ്പെട്ടിരിക്കുന്നു.
“കൂവക്കിഴങ്ങ് തോണ്ടുന്നവരെ
കൊയ്യാത്ത പാടങ്ങളിൽ നിന്ന് കാറ്റു വിളിക്കുന്നു
രാത്രി വണ്ടിയിൽ അവരെല്ലാം
കൂവപ്പാടം കൊയ്യാൻ പോകുന്നു

അവരുടെ കുട്ടികൾ അക്ഷയ സെൻ്ററിൻ്റെ പതിനെട്ടാംപടിയിലിരുന്ന്
കലാലയം സ്വപ്നം കാണുന്നു.
അപ്പനേം അമ്മേം
മറിച്ചും തിരിച്ചും അപ് ലോർഡ് ചെയ്തിട്ടും കൂവപ്പാടത്തെ കാറ്റ് ശ്രമിക്കുന്നില്ല.”
ഡിജിറ്റലിടം പണമുള്ളവർക്കു മാത്രമുള്ള മോക്ഷപദമായി മാറുന്നു. അപ് ലോർഡ് ചെയ്യാൻ പറ്റാത്ത ഒന്നും ഉണ്ട് എന്നു തെളിയിക്കാനാവുന്നില്ല.
ഒരുപാട് രക്തസാക്ഷിത്വങ്ങളിലൂടെ നേടിയെടുത്ത ഉരുകുന്ന ഉരുക്കിൻ്റെ വഴക്കമുള്ള സ്ഥലങ്ങളിൽ നിന്നും ഒരു ജനത കൊലചെയ്യപ്പെട്ടിരിക്കുന്നു, പുറത്താക്കപ്പെട്ടിരിക്കുന്നു. ഡിജിറ്റൽ ഫ്ലൂയിഡിറ്റിയിൽ ഒഴുകുന്ന പ്രതിബിംബങ്ങളുടെ സാമ്രാജ്യം ആഗതമായിരിക്കുന്നു.സി.അയ്യപ്പൻ്റെ കഥകളിലെന്നപോലെ കവിതയിലും നിങ്ങളുടെ ഈ സാമ്രാജ്യം നിർമ്മിക്കാൻ കൊലചെയ്യപ്പെട്ടവർ, സാംസ്കാരിക മരണം സംഭവിച്ചവർ പ്രേതങ്ങളായി തിരിച്ചു വരുന്നു. കല എല്ലായ്പ്പോഴും പ്രേതഭാഷണങ്ങളാണ്. കിം കി ഡുക്കിൻ്റെ 3 അയൺ എന്ന സിനിമയിലേത് പോലെ ഇടങ്ങൾ തിരിച്ചുപിടിക്കുന്ന പ്രവർത്തനമാണ് കല. പ്രേതങ്ങൾ നിങ്ങളുടെ ഒഴിഞ്ഞ വീടുകളിലെ ശൂന്യസ്ഥലങ്ങളിലേക്ക് കയറിവരികയും നിശ്ചലമായ സമയത്തിൻ്റെ ഘടികാരസൂചിയിൽ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് കവിത. വംശീയഡേറ്റകളായി മാറിയ വ്യാവസായികമാധ്യമ-പാഠപുസ്തകആഖ്യാനങ്ങൾക്ക് പുറത്ത് വലിയ അനുഭവമണ്ഡലമുണ്ട്.ജി.എസ്.അനീഷിൻ്റെ ‘മഴ വെട്ടിപ്പോകുന്നതിത്തിരിപ്പുള്ള് ‘ എന്ന സമാഹാരത്തിലെ കവിതകളിൽ ഭൂപടങ്ങളിലില്ലാത്തവരുടെ ആ പ്രേതസാനിധ്യമുണ്ട്.

‘’ജനിക്കുമ്പോൾ രക്തസാക്ഷികളായവരുണ്ട്.
ചരിത്രത്തിൽ
അവർക്ക് പേരുകളില്ല
അവർക്ക് വീടുകളില്ല
ചെന്നിരിക്കാൻ ഭൂപടങ്ങൾ ഇല്ല

അവരുടെ പ്രണയം
കത്തിയുടെ മൂർച്ചകളിൽ
രാകി വച്ചിട്ടുണ്ട്
അവരുടെ വിശപ്പിനെ
കള്ളത്തരമെന്ന് മറുപേരിട്ടു
തങ്കലാക്കിയിട്ടുണ്ട്…
മരണം കൊണ്ട് മാത്രമല്ല
ജനനം കൊണ്ടും
രക്തസാക്ഷികളായവരുണ്ട് “(രക്തസാക്ഷികളുടെ കാലം)

സമാഹാരത്തിലെ ഒരു കവിത പൂർണ്ണമായും പ്രസിദ്ധീകരിക്കുന്നു:

പറഅ പറഇ

അടുപ്പിലെ ചാമ്പൽ വാരിക്കളയുമ്പോൾ
ഉള്ളിലൊരു വിശപ്പിൻ തീയണ്ണാ
ഈയ്യപ്പൊറ്റകൾ (1) കേറിയാലോ നമുക്കിന്ന് കിട്ടുന്നതെല്ലാം തിന്നു പോരാമണ്ണാ

ചീമ നെല്ലിക്ക രുചിയുള്ള തെളിവെള്ളം
ഊറ്റിറങ്ങും പാറക്കുഴീലുണ്ട് തങ്കച്ചി
അണ്ണനൊപ്പം നടന്നാലണ്ണി കടിക്കാത്ത പറങ്കിമാങ്ങപ്പഴച്ചാറും മോന്താം

പുറ്റു കണക്കെയണപ്പുഴു പാർക്കുന്ന അയണിപ്പഴക്കൊമ്പുകേറാം തങ്കച്ചി
പീലിവിരിച്ചു ഞാനാടിത്തളർന്നിട്ട്
കാച്ചിയ മയിലെണ്ണ തിരുമ്മിത്തരാമണ്ണാ

ഉണ്ടച്ചക്ക (2) കൊത്തി പൊട്ടിയ മണവുമായി പയ്യെപ്പറന്നൊരു തെക്കൻ പനങ്കാക്ക പാറ മടക്കിനിരുട്ടിലാരോ തളച്ചിട്ട
കരിമ്പൂതംപോൽ കരിച്ചക്കൂട്ടങ്ങൾ

II

പേടിയാവുന്നണ്ണാ പൊറ്റകൾ കേറുമ്പോൾ പത്തിവിരിച്ചതാ കരിമ്പാറ നോക്കുന്നു
സീതങ്കപ്പല്ലയോ(3) എങ്ങനെ താണ്ടും നീ
കരിഞ്ചാത്തി (4) വന്നു കൊത്താതെ നോക്കണേ

ഉള്ളിലേക്കൊന്നും പോകല്ലേ തങ്കച്ചി
കല്ലിൻ പടമൊന്നും നോക്കല്ലേ തങ്കച്ചി
പണ്ടേക്കു പതുങ്ങി തമ്പുരാൻ തുരന്നിട്ട
പൊന്നിൻ കലവറ പാമ്പിൻ ഗുഹയല്ലോ

പുഷ്പക ലോറികൾ കൈലാസം കേറുന്നു മലയെല്ലാമാടുന്നു ഓടുന്നു ശങ്കരൻ
തമരടിക്കുന്നോരു രാമനെ തേടുന്നു
തീച്ചൂട്ടുകത്തിച്ചു കേറുമ്പോൾ ഭീമമ്പാറ

ഭീമൻ, പട്ടിക്കുവെള്ളം കൊടുത്ത പാറപ്പൊത്ത്
ഭീമൻ, മീനുകൾ വെട്ടിത്തിന്ന പാറക്കീറ്
ഭീമൻ, കാലുകൾ നീട്ടിയുറങ്ങിയ പാറക്കട്ടിൽ ഭീമമ്പാറപ്പുറത്താനപ്പുറമ്പോലുറക്കം

ഉണരുമ്പോൾ പാറമേൽ ചാഞ്ഞൊരു മാമ്പഴമരം കൊമ്പിൽ മാദകഗന്ധം മാമ്പുവായി പെയ്യുമ്പോൾ കാറ്റിലകൾ മുടിനിവർത്തുന്നു, ഞെട്ടുന്നു മുന്നിലൊരായിരമാനപോൽ വേയ്‌ചാരിപ്പാറ(5)

അക്കരിമ്പാറമേൽ ചക്കിപ്പരുന്തുകൾ ചുറ്റിപ്പറക്കുന്നു ചെമ്പൻ മുയലുകൾ വട്ടത്തിലോടുന്നു അക്കരിമ്പാറമേൽ ചെരിഞ്ഞങ്ങു കേറണം തങ്കച്ചി അക്കരിമ്പാറമേൽ ഇരുന്നങ്ങിറങ്ങണം തങ്കച്ചി

IV

ഭീമമ്പാറേന്ന് പറയീന്ന് കൂവിയാൽ
വേയ്ചാരീന്ന് പറയാന്ന് വരും
ഇ അ യായി പോയ പറയന്റെ കഥ
കാറ്റിലങ്ങനെ വർണ്ണങ്ങൾ കെട്ടും

വേയ്ചാരീന്ന് പറയാന്ന് കൂവിയാൽ
ഭീമമ്പാറേന്ന് പറയീന്ന് വരും
അ ഇ യായി പോയ പറയിടെ പാട്ട്
കാറ്റിലങ്ങനെ താളങ്ങളാകും

അമ്പത്താറു പനയോലച്ചൂട്ടുമായ്
പറയക്കുടുംബം കാടിറങ്ങുമ്പോൾ
മഴയേതു പാറയിൽ താളങ്ങൾ കൊട്ടും
കാറ്റേതു കവിതയിൽ കഥയൊളിപ്പിക്കും

V

പാറയെനോക്കി കൂവല്ലേയണ്ണാ
പെരുംചങ്ങലയുന്തി വരുന്നല്ലോ മാടൻ
കാറ്റിനെ നോക്കി കൂവല്ലേ തങ്കച്ചി
മുടിയിരുത്താടി നിലംതൊടാ യക്ഷി

അയ്യയ്യോ! പനഞ്ചൂട്ടും വേയുമായി
പറയനും പറയീം വരുന്നേ
ഈറകൾ തിങ്ങിയ പൊറ്റപ്പുറത്തീരണ്ടുകെട്ടുകൾ ചിക്കെന്നറുപ്പത്തികൊണ്ടു പിടിച്ചിറക്കുന്നു

എന്തര് തങ്കച്ചി നീയിതു പുലമ്പുന്നു
കണ്ണടച്ചങ്ങനെ നിൽക്കുന്നു രണ്ടാളും
കാക്കാന്റെ കുടിയിലെ സമ്മന്തം കൂടാൻ
പറയീടെ കാതും കഴുത്തും മൂളിയാണമ്മേ

എന്തര് തങ്കച്ചി നീയിതു പറേണത്
മരമെല്ലാം കൂട്ടിയടിക്കുന്നു മാടൻ
കൊരവപ്പൂപ്പാട്ടുമായി മുടിയഴിച്ചാടി
പൊറ്റ കുലുക്കി വരുന്നുണ്ട് യക്ഷി

VI

പറയിടെ ചെവികളിൽ പൊന്നിൻ കിലുക്കങ്ങൾ പറയിടെ നെഞ്ചിൽ പൊന്നിൻ മണിത്താലി
പറയീടെ കണ്ണുകൾ മെല്ലെ വിടർന്നുപോയി
കണ്ടല്ലോ കണ്ടല്ലോ അമ്മയെ കണ്ടല്ലോ

പറയീ പറയാ പറയീ പറയാന്ന്
ഈയ്യപ്പൊറ്റകളിളകിയ നേരം
പറയിടെ പറകേട്ടു പറയനും നോക്കി
അയ്യയ്യോ! തങ്കച്ചീയെങ്ങനെ പോകും നാം

വേമ്പാ(6) മൊടയാനായോലകൾ പൊക്കുമ്പോൾ വേയ്‌ചാരിപ്പാറയായിപ്പോയല്ലോ! രണ്ടാളും

1. ഈയ്യപ്പൊറ്റ- ഈറക്കുന്ന് (കുട്ടയും വട്ടിയും മുറവും
പായയുമൊക്കെ നെയ്തെടുക്കുന്നതിനാവശ്യമായ ഈറകൾ കൊണ്ടുവരുന്ന പൊറ്റകൾ നിറഞ്ഞ പ്രദേശം, തെക്കൻ തിരുവിതാംകൂറിലെ മലയോര ഗ്രാമീണ നാടായ പനച്ചമൂട് എന്ന സ്ഥലത്തെ തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന പാറകൾ നിറഞ്ഞ കുന്നിൻ പ്രദേശം.)

2. ഉണ്ടച്ചക്ക- ഒന്നോ രണ്ടോ വലിയ ചുളയുള്ള ചെറിയ നാടൻ ചക്ക

3. സീതങ്കപ്പ്- സീതൻ അപ്പ്, സീതൻ എന്ന കാണി താമസിച്ചിരുന്ന പ്രകൃതിദത്ത പാറഗുഹ (ഒരു പ്രാദേശിക സങ്കൽപ്പം)

4.കരിഞ്ചാത്തി-സീതങ്കപ്പിനു മുന്നിലെ മുളപ്പൊന്തയിൽ കഴിയുന്ന വലിയ പാമ്പ്. സീതൻ എന്ന കാണിയെ വിഴുങ്ങിതയായും സീതര കരിഞ്ചാത്തിയായി മാറിയെന്നും പറയപ്പെടുന്നു (ഒരു പ്രാദേശിക സങ്കൽപ്പം)

5. വേയ്ചാരിപ്പാറ- നാട്ടു പാറ

6. വേമ്പാ- വേയ് കൊണ്ട് നിർമ്മിച്ച പായ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x