
പ്രിയങ്ക അരവിന്ദ്
Published: 10 March 2026 വിവര്ത്തനകവിത
കവിതയ്ക്കൊരു ആമുഖം ( Introduction to Poetry )
ബില്ലി കോളിൻസ് (Billy Collins)
വിവ:പ്രിയങ്ക അരവിന്ദ്
ഒരു കളർ സ്ലൈഡ് പോലെ,
കവിതയെ വെളിച്ചത്തിന് നേരെ പിടിച്ചു നോക്കാനോ,
അതൊരു തേനീച്ചക്കൂടെന്ന പോലെ
അതിലെ മുരളലുകൾക്കായി കാതോർക്കാനോ
ആണ് ഞാൻ അവരോട് പറയാറുള്ളത്.
ഞാൻ പറയുന്നു;
കവിതയിലേക്ക് ഒരു ചുണ്ടെലിയെ തുറന്നുവിടൂ,
അതവിടെ എങ്ങനെയെല്ലാം വഴിതേടുന്നുവെന്ന് നോക്കിനിൽക്കൂ.
അല്ലെങ്കിൽ കവിതയാകുന്ന മുറിക്കുള്ളിൽ കയറി,
വിളക്കിന്റെ സ്വിച്ച് തിരഞ്ഞ്
അതിൻ്റെ ചുവരുകളിലൂടെ കൈയോടിച്ചു നടക്കൂ.
എന്റെ ആവശ്യം, നിങ്ങളാ കവിതയുടെ ജലപ്പരപ്പിലൂടെ
ഒന്ന് തെന്നിത്തെറിച്ച്
പോകണമെന്നാണ്;
അകലെ കരയിൽ കാണുന്ന കവിയുടെ പേരിന് നേരെ
വെറുതെയൊന്ന് കൈ വീശിക്കാണിച്ചുകൊണ്ട്.
പക്ഷേ, അവർക്കാകെ വേണ്ടത്
കവിതയെ ഒരു കസേരയിൽ വരിഞ്ഞുകെട്ടി
അതിനെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കലാണ്.
‘യഥാർത്ഥത്തിൽ നീ എന്താണ് അർത്ഥമാക്കുന്നത്’
എന്ന് ചോദിച്ച്,
ഒരു റബ്ബർ ഹോസെടുത്ത്
അവരതിനെ തല്ലിച്ചതയ്ക്കുന്നു.
അവലംബം:
Introduction to Poetry
By Billy Collins
I ask them to take a poem and hold it up to the light like a color slide
or press an ear against its hive.
I say drop a mouse into a poem and watch him probe his way out,
or walk inside the poem’s room and feel the walls for a light switch.
I want them to waterski across the surface of a poem waving at the author’s name on the shore.
But all they want to do is tie the poem to a chair with rope and torture a confession out of it.
They begin beating it with a hose to find out what it really means.
Billy Collins, “Introduction to Poetry” from The Apple that Astonished Paris. Copyright 1988, 1996 by Billy Collins. Reprinted with the permission of the University of Arkansas Press.
[ബില്ലി കോളിൻസ് (Billy Collins) സമകാലിക അമേരിക്കൻ കവിതയിലെ ജനപ്രിയനായ കവിയാണ്. അയത്നലളിതമായ ഭാഷ, നർമബോധം, ആഴമേറിയ ജീവിത ദർശനം എന്നിവയാൽ സമ്പന്നമാണ്, കോളിൻസിന്റെ കവിതകൾ. 2001-2003 കാലഘട്ടത്തിലെ യു.എസ്. പോയറ്റ് ലോറിയേറ്റ് ആയിരുന്നു അദ്ദേഹം. “സെയിലിങ് എലോൺ എറൗണ്ട് ദി റൂം”, “എയിംലെസ്സ് ലവ്”, “ദി ട്രബിൾ വിത്ത് പോയട്രി”, തുടങ്ങിയവ പ്രധാന കൃതികളാണ്.]

