
കരിങ്ങന്നൂർ ശ്രീകുമാർ
Published: 10 July 2025 കവിത
പുഴയിങ്ങനെ…..
പ്രണയംകൊണ്ടു മുറിഞ്ഞുവന്നവൾ
പുഴയിറങ്ങിപ്പോയി.
പുഴയെന്നും രണ്ട് വീടുകൾക്ക്
അതിരായി പരന്നുപടർന്ന് മിനുങ്ങിയിരുന്നു.
നിവർന്നും കയർത്തും
മെലിഞ്ഞു തെളിനീരിൽ കരഞ്ഞും
പാലമില്ലാതെ പരിഹസിക്കാതെ
രണ്ട് തൊടികളെയും
പരിരംഭണം ചെയ്ത് ,
പിന്നെയുംപിന്നെയും
കുത്തിമുറിച്ചുകൊണ്ടേയിരുന്നു .
ഉലച്ചും ഇടിച്ചു തകർത്തും ആർത്തലച്ചും
ഇടയ്ക്ക്
തൊടികേറി വന്നു പേടിപ്പിച്ചും
പുഴ ചിരിച്ചുകൊണ്ടേയിരുന്നു.
മുരുക്കിന്റെയുംപൂവണത്തിന്റെയും
ഇടയിലൂടിറങ്ങി
ഒതുക്കുകല്ലു പടികളിട്ട
ചെറുവഴി വിരിഞ്ഞ്
പരപ്പൻപാറയിലൂടെ താഴേക്കിറങ്ങി
ഒതുങ്ങിപതുങ്ങിക്കിടന്നു
ഞങ്ങൾ വീട്ടുകാരുടെ
കൊച്ചു കുളിക്കടവ്….
കൈതയും കാട്ടുവള്ളികളും
പേരില്ലാത്ത ചെടികളും മരങ്ങളും
കുളക്കോഴികളും മൈനയും
പൊന്മാനും മീൻകിളിയും
നീർക്കാക്കകളും
ഊളനും മുള്ളൻപന്നികളും
കീരിപ്പൊത്തുകളും….
ചെറുമണൽ വിരിപ്പിലെ
വെള്ളത്തിലേക്കിറങ്ങി
പൊന്തി നോക്കിക്കിടക്കുന്ന
കാലങ്ങൾ തുണി തിരുമ്മിത്തിരുമ്മിയും തല്ലിയും മിനുസപ്പെട്ടുപോയ
ഉരുളൻ പാറകൾ.
കരിമ്പായലും പരലും, നീർക്കോലിയും
പായൽ കൊത്തിക്കൊത്തി നിൽക്കുന്ന
കല്ലുനക്കിയും…
സോപ്പുവെള്ളവും കാരവും
അഴുക്കുംവിഴുക്കും കലങ്ങുമ്പോൾ
നൊടിയിൽ പാഞ്ഞു പോകും അപരിചിതർ .
ജലം തെളിഞ്ഞു പ്രാണനൊഴുകുമ്പോൾ
പിന്നെയും വരുന്നു
പതിയെ തുഴഞ്ഞ്,
പുതിയ വിരുന്നുകാരെപ്പോലെ..
തൊടിയിറങ്ങിവരുന്ന നിങ്ങൾ വീട്ടുകാരുടെ
കുളിക്കടവിൽ
കലംപൊട്ടിക്കാടും ഈറയും
പുളിവാകയും.
ഇതേപോലെ,
ചാഞ്ഞിറങ്ങിക്കിടക്കുന്ന
പടർപ്പൻ കാടും.
രണ്ട് കുളിക്കടവിലും
പരസ്പരം
കണ്ണുകൾ വീശിയെറിഞ്ഞേ
ഞങ്ങൾ കുളിക്കാറുണ്ടായിരുന്നുള്ളൂ.
പുഴയുടെ വിസ്തൃതിയിൽ
വെയിൽ മിനുക്കങ്ങളിൽ
കണ്ണുകൾ കഴയ്ക്കുമായിരുന്നു.
അക്കരത്തച്ഛനെയും അക്കരത്തമ്മയെയും അങ്ങോട്ടുമിങ്ങോട്ടും
ഒരേപോലെ വിളിച്ചുവിളിച്ചു സ്നേഹിച്ചില്ലേ.
അങ്ങ് കുറേ താഴേക്കു പോയി
കടത്തുകയറിയെങ്കിലേ
എനിക്കും നിനക്കും
എന്തെങ്കിലുമൊക്കെ,
വരിക്കച്ചക്ക മുറിയോ
കറി മാങ്ങയോ,പഴുത്ത മാങ്ങയോ
ഒരു തുടം നെയ്യോ
ഉരുക്കു വെളിച്ചെണ്ണയോ
ആട്ടിൻപാലോ പായസമോ,
മണ്ണെണ്ണയോ ഉറത്തൈരോ,
ഒരു ഗ്ലാസ് പഞ്ചസാരയോ
ഇത്തിരി കാപ്പിപ്പൊടിയോ,
മുളകോ മല്ലിയോ വാങ്ങാനോ കൊടുക്കാനോ,
അല്ലെങ്കിൽ എന്തെങ്കിലും
വെറും കാരണങ്ങൾ പറഞ്ഞിട്ടും
അക്കര വീട്ടിലെയും
ഇക്കര വീട്ടിലെയും
മണവും രുചിയും കളിയും
ചെറിയ
ചില ഒളിവ് തലോടലുകളുമായി
നമ്മൾ അങ്ങോട്ടുമിങ്ങോട്ടും
എത്ര ഉത്സാഹിച്ചോടിയിരിക്കുന്നു.
എത്ര കെറുവിച്ചിട്ടുണ്ട്.
കൂട്ടില്ലെന്നും മിണ്ടത്തില്ലെന്നും
പറഞ്ഞുകരഞ്ഞ
കാലം കഴിഞ്ഞിട്ട്
എത്ര സ്നേഹിച്ചിട്ടുണ്ട്.
എത്രയ്ക്ക് തളിർത്തു, മോഹിച്ചിട്ടുണ്ട്.
എത്ര പതം പറഞ്ഞിരുന്നിട്ടുണ്ട്.
ഒളിച്ചു പിടച്ചു കണ്ടിട്ടുണ്ട്.
പ്രാണൻപൊള്ളി
മുറുകി ഇരുന്നിട്ടുണ്ട്…
മീനുകൾ ജലക്കണ്ണാടിയിലൂടെ
നോക്കാറേയില്ല
ജലലോകങ്ങളിലൂടെ
ആഴങ്ങളിൽ
തുഴഞ്ഞു നീങ്ങുമ്പോഴും
അവ ആകാശവെളിച്ചങ്ങളിലേക്ക്
നോക്കുന്നു.
മീനുകൾ പുറംലോകങ്ങളെ
കണ്ടുകൊണ്ടേയിരിക്കുന്നു.
ദുർവാശിയില്ലാതെ
രക്ഷ മാത്രം ഉന്നം വച്ച്
മീനുകൾ ജീവിതം തുഴയുന്നു.
വാൽ ചുഴറ്റിയടിച്ച്
ആഴങ്ങളിലേക്ക് ഊളിയിട്ട്
അഗാധങ്ങളിലെ തണുവിൽ
തൊട്ടിറങ്ങിയും, പൊന്തിയുയർന്നും
മരണത്തിൽ നിന്നും,
മരണക്കുടുക്കുകളിൽ നിന്നും
മരണക്കൊത്തുകളിൽ നിന്നും
ഊരിയൂരിപ്പോകുന്നു.
വാലുകൾ ചുഴറ്റിയടിച്ച്,
വേഗം പിടിച്ച്,ആഹ്ലാദിച്ച്
ഊർന്നു പോകുന്നു
ജീവൻ പിടിച്ചുമുറുക്കി
ഊളിയിട്ടു പോകുന്നു…
ആണും പെണ്ണും മണത്തു
തോന്നിത്തുടങ്ങിയതു മുതൽ
നീ രഹസ്യം പൊതിഞ്ഞിടറി
വന്നു തുടങ്ങി.
പതറിയും
പലതും പറയാൻ മറന്നും
അടക്കിപ്പിടിച്ചു പുഞ്ചിരിച്ചും
വിയർത്തും വിറച്ചും
വിറകുപുരയിലും, എരുത്തിലിലും
കച്ചിത്തുറുവിന്റെ മറവിലും
നീയും ഞാനും…
സംശയത്തിന്റെ തടിപ്പാലമിളകി
ആടിയുലഞ്ഞു.
വേഗത്തിൽ ജാതി മണത്തുതുടങ്ങി
വീടുകൾ ഉലഞ്ഞു തുടങ്ങി
കനൽ പുകഞ്ഞുതുടങ്ങി
തീ എരിഞ്ഞുതുടങ്ങി
കഥകൾ പറന്നുതുടങ്ങി
കുളിക്കടവുകൾ പരസ്പരം
മറന്നുതുടങ്ങി.
അക്കരത്തച്ഛനും ഇക്കരത്തച്ഛനും
ഒരുമിച്ചു ഉണ്ടവല വയ്ക്കാതായി
വീശുവലയും കോരുവലയും
എടുക്കാതായി
അളിയച്ചാരേന്നു വിളിക്കാതായി
ആറ്റുവാളെയും കുറുവയും
രുചിക്കാതെയായി.
അക്കരത്തെ തേങ്ങാപ്പുരയിൽ
കൈതച്ചക്കയും പൂവൻ പഴവുമിട്ട്
സാമിയെക്കൊണ്ട്
വാറ്റിക്കാതെയായി.
ലേഹ്യമുണ്ടാക്കാനും എണ്ണകാച്ചാനും
സാമി വൈദ്യർ വരാതെയുമായി.
നിനക്ക് വണ്ണം വയ്ക്കാൻ
കരിങ്കുരങ്ങ് രസായനം
എനിക്ക് വായ്പ്പുണ്ണിന്
ഉള്ളിലേഹ്യവും…
കോഴിക്കൂട്ടിൽ ഒരു പകൽ
മൊത്തം ഇട്ടിരുന്ന
ആ പാവം കരിംകുരങ്ങനെ
ഇപ്പോഴും മറന്നിട്ടില്ല.
ഉള്ളിലേഹ്യം നീയും
കവർപ്പുള്ള പിരുപിരുപ്പൻ
രസായനം ഞാനും മാറ്റിക്കഴിച്ചു.
നീ തടിച്ചു മിനുത്തു
വർഷങ്ങളോളം
വായ്പ്പുണ്ണ് എന്നെ നീറ്റി.
എന്റെ നെഞ്ചിൽ നിനക്ക്
ജാതി മണത്തില്ല
നിന്റെ നെഞ്ചിൽ നിന്റെ ജാതി
എനിക്കും മണത്തിട്ടേയില്ല.
ഇലയപ്പം, തെരളി ,ഉണ്ണിയപ്പം
കാച്ചരക്ക് കൂട്ടിയ എരിവുള്ള അരിമുറുക്കും,
മരച്ചീനിപ്പുട്ടുമായിരുന്നു
എന്റെ അക്കരത്തമ്മയുടെ
കൈ തൊട്ട രുചികൾ .
കട്ടൻകാപ്പിയുമായി
കറുത്ത അടുക്കള ബെഞ്ചിലിരുന്നു
സ്നേഹം കഴിച്ച കാലം..
നിന്റെ അക്കരത്തമ്മയുടെ
മാങ്ങാക്കറിയും പുളിശ്ശേരിയും
പച്ചക്കുരുമുളകരച്ച് കുടംപുളിയിട്ട
ആറ്റുമീൻകറിയും
നീ മറന്നതേയില്ല….
നമ്മൾ ഇരുട്ടത്തല്ലേ നടന്നത്
ഇരുട്ടത്തല്ലേ മുറുകിപ്പോയതും…
പുഴ മുറിഞ്ഞു പോയി
പുഴയാദ്യം മുറിച്ചത്
കാരിരുരുമ്പു നടപ്പാലം….
പിന്നെ ചെക്ക് ഡാം.
കടത്തുകുത്തിയവൻ കരഞ്ഞും
തലചൊറിഞ്ഞു പ്രാകിയും
വിശന്നും,
കൂറയായി അലഞ്ഞും
നട്ടുച്ചക്ക് നീന്തിക്കുളിച്ചും…
പുഴയെടുത്ത് അവനും പോയി .
മീനായി തുഴഞ്ഞു പോയവൻ
ജലലോകങ്ങളെ
കാണുന്നുണ്ടാവില്ല.
പുതുവെള്ളത്തിലെ മീൻ കൂട്ടങ്ങൾക്കൊപ്പം
ഉറച്ചുപോയ കണ്ണുകളിലൂടെ
ആഴങ്ങളിൽ നിന്നും പൊന്തി
അവൻ ആകാശവെളിച്ചത്തേക്ക്
നോക്കിയേക്കും.
പുഴയൊന്നും ഓർക്കാറേയില്ല,
പുഴയൊന്നും നോക്കി വയ്ക്കാറേയില്ല….
ഭയം കൊണ്ടു നിരന്തരം മരവിച്ചു
പോയ രണ്ടാത്മാക്കൾ നമ്മൾ
പുഴ കൊണ്ട് പരസ്പരം മുറിഞ്ഞു പോയ
രണ്ടാത്മാക്കൾ നമ്മൾ.
പുഴ കോർത്തു പിടിച്ചു വലിച്ചിട്ടും
പുഴയിറങ്ങി പോയെന്നാൽ
മീനുകളായി കാഴ്ച ഉറച്ചു പോയേക്കുമെന്നു
ഭയന്നു തെറ്റിപ്പുണർന്ന
രണ്ടാത്മാക്കൾ നമ്മൾ…
തോരാതെ കരഞ്ഞ്
അന്യോന്യം മുറിച്ചുവച്ച
രണ്ടാത്മാക്കൾ നമ്മൾ .
ഇന്നവിടെ,
നീ എനിക്ക് മാത്രം അക്കരത്തമ്മ
ഇവിടെ ഞാനായിരിക്കണം
നിനക്ക് മാത്രം അക്കരത്തച്ഛൻ
അക്കരയ്ക്ക് നമ്മൾ
അങ്ങനെ നോക്കാറേയില്ല.
പുഴയെ അങ്ങനെ കാണാറേയില്ല.
ഒന്നും കേൾക്കാറേയില്ല.
പ്രണയം അറിയാറേയില്ല.
എങ്കിലും….
ഞങ്ങടെ കൊച്ചുകുളിക്കടവും
നിങ്ങളെ കൊച്ചുകുളിക്കടവും
ആഴ്ന്നു മറഞ്ഞുമറന്നു കിടപ്പുണ്ട്.
ഓർമ്മകൾ പൂണ്ട് കിടപ്പുണ്ട്.

കരിങ്ങന്നൂർ ശ്രീകുമാർ

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്

Beautifully written 👌