ഡോ.പ്രമോദ് കുമാർ ഡി.എൻ.
Published: 10 september 2024 സാഹിത്യവിമർശനം
രാമരാജാബഹദൂർ – വിധേയത്വപ്രച്ഛന്നങ്ങളും നിഷേധനിർമ്മിതിയും (ഭാഗം – 1)
ആഴത്തിലുള്ള ജീവിതവൈരുധ്യങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയില്ലെങ്കിലും പ്രത്യക്ഷ സാമൂഹിക സംഘർഷങ്ങളെ ദൃശ്യവൽക്കരിച്ചുകൊണ്ടായിരുന്നു മലയാളനോവലിൻ്റെ തുടക്കം. സാമൂഹിക-സാമുദായിക പ്രശ്‌നങ്ങളുടെ ഉപരിപ്ലവമായ വശങ്ങളാണ് ‘ഇന്ദുലേഖ’ (1889) പ്രതിഫലിപ്പിച്ചത്. ഒന്നരയുടുത്ത മദാമ്മയായ ഇന്ദുലേഖയും (സി.പി.അച്യുതമേനോൻ) കുടുമവച്ച സായിപ്പായ മാധവനും (ബ്രിട്ടീഷ് കൊളോണിയൽ മൂല്യങ്ങളുടെ ഉല്പന്നം എന്നതിൽ അഭിമാനിക്കുന്ന അഭിജാതയുവാവ് – എസ്.സുധീഷ് – ചരിത്രവും ഭാവനയും നോവൽ കലയിൽ) തമ്മിലുള്ള പ്രണയം ഉഗ്രസംഘർഷങ്ങളുടെ ആഴക്കയങ്ങൾ നമുക്കു കാട്ടിത്തന്നില്ല. ‘നിമ്‌നോന്നതകളില്ലാത്ത നെടുംപാതയാണ് ചന്തുമേനോൻ്റെ നോവലുകൾ’ എന്ന് പി.വി.വേലായുധൻ പിള്ള (ആണുങ്ങളില്ലാത്ത കൊറ വല്യകൊറ) അഭിപ്രായപ്പെടുന്നു. എങ്കിലും ജന്മിത്തത്തിൽ നിന്ന് മുതലാളിത്തത്തിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരുന്ന, നമ്പൂതിരി ആധിപത്യം ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയ ഒരു കാലഘട്ടത്തിൻ്റെ സംഘർഷങ്ങൾ ‘ഇന്ദുലേഖ’യെ സജീവമാക്കി. നമ്പൂതിരിക്കു മുന്നിൽ ‘അടിയൻ’ എന്നതിനു പകരം ‘ഞാൻ’ എന്നു പറയുന്ന ഇച്ഛാശക്തി അതിൻ്റെ നട്ടെല്ലാണ്. ‘ഇന്ദുലേഖ’യുടെ അനുകരണമായി കടന്നുവന്ന നോവലുകളാകട്ടെ കല്ലുകരടുകാഞ്ഞിരക്കുറ്റിയോ മുള്ളുമുരടു മൂർഖൻ പാമ്പോ ഇല്ലാത്ത സുഗമമായ കുറുക്കുവഴികളായിരുന്നു.
ആദ്യനോവൽ പിറക്കുന്നതിനുമുമ്പുള്ള അർദ്ധനോവലുകളായ ‘ഘാതകവധ’വും (1878-ൽ വിവർത്തനം) ‘പുല്ലേലിക്കുഞ്ചു’(1882)വും ഉന്നയിക്കാൻ തുടങ്ങിയ ജാതിവിവേചനപ്രശ്‌നത്തിൻ്റെ സഫലമായ ആവിഷ്കാരമായി പോത്തേരി കുഞ്ഞമ്പുവിൻ്റെ ‘സരസ്വതീവിജയം’ 1892-ൽ പുറത്തുവന്നു. ഒരു ദളിതനെ നായകനാക്കി, വർണ്ണവ്യവസ്ഥയെ കുഞ്ഞമ്പു പ്രശ്‌നവൽക്കരിച്ചു. സമൂഹഭ്രഷ്‌ടനായ അയിത്തക്കാരനെയും സമൂഹഭ്രഷ്ടയായ അന്തർജ്ജനത്തെയും ഒത്തുചേർത്തുകൊണ്ട് ആഭ്യന്തരാധിപത്യ വ്യവസ്ഥയുടെ ശിരസ്സായ നമ്പൂതിരിയെ കുഞ്ഞമ്പു ആക്രമിച്ചു. കുബേരൻ നമ്പൂതിരി ജീർണ്ണിച്ച ഒരു വിശ്വാസപദ്ധതിയുടെ അഹന്തയും ഇരയുമായിത്തീർന്ന് ദുരന്തനായകത്വം ആർജ്ജിക്കുന്നു(എസ്.സുധീഷ്). അതേസമയം സങ്കീർണ്ണമായ പ്രശ്നങ്ങൾക്കു നിർദ്ദേശിക്കപ്പെടുന്ന കൃത്രിമപരിഹാരം (മതപരിവർത്തനം) ‘സരസ്വതീവിജയ’ത്തിൻ്റെ ദൗർബ്ബല്യമാണ്. ഇതിനിടയിൽ ഒരു സ്ഫോടനമുണ്ടാക്കിയത് ‘പറങ്ങോടീപരിണയം’ (1892-കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ) ആയിരുന്നു. ആദ്യനോവൽകർത്താവ് താനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ആമുഖവും ‘പതിനെട്ടാമധ്യായം’ എന്ന പേരിലുള്ള പത്താമധ്യായവും ഒക്കെച്ചേർന്ന് പാരഡിയുടെ ഉഗ്രശോഭ ആ നോവൽ കാട്ടിത്തന്നു. “ബ്രിട്ടീഷ് കൊളോണിയൽ മൂല്യഭക്തിക്കെതിരെയുള്ള കലാപമായിരുന്നു ‘പറങ്ങോടീപരിണയം’. ആഭ്യന്തര കൊളോണിയൽ വ്യവസ്ഥയിലെ വൈരുധ്യങ്ങൾക്കുനേരെയും ആ പരിഹാസത്തിന്റെ നഖമുനകൾ നീളുന്നു (മൂന്നാമധ്യായത്തിലെ ചെണ്ടകൊട്ടൽ സംഭവം). അതേസമയം ഉപരിവർഗ്ഗമൂല്യപരിസരത്തിൽ അതു കുടുങ്ങിക്കിടക്കുകയും ചെയ്‌തു” (എസ്. സുധീഷ്). കൃത്യമായ കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുന്ന ഏകപക്ഷീയജീവിതാദർശങ്ങൾ ചിത്രീകരിക്കുമ്പോഴും അതിൽനിന്നു കുതറിമാറാനുള്ള വ്യഗ്രത ഈ മൂന്നു നോവലുകളും പ്രകടിപ്പിക്കുന്നു.
ഉപരിവർഗ്ഗ ജീവിതാദർശമാണ് പ്രത്യക്ഷത്തിൽ സി.വി.യേയും നയിച്ചിരുന്നത്. ഭൂതകാലത്തിലേയ്ക്കുള്ള പലായനം അതിൻ്റെ തനിമ എത്തിപ്പിടിക്കാനുള്ള ശ്രമത്തിൻ്റെ കൂടി ഭാഗമായിരുന്നു. രാജകീയദർശനം ഉയർത്തിപ്പിടിച്ച ‘മാർത്താണ്ഡവർമ്മ’ (1891) അതിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ്. ദുഷ്ടരായ വിമതരും സൽഗുണസമ്പന്നമായ രാജപക്ഷവും എന്ന കൃത്രിമദ്വന്ദ്വമാണ് ‘മാർത്താണ്ഡവർമ്മ’ നിർമ്മിച്ചത്. ആഖ്യാനത്തിലെ അപൂർവ്വതയും ആകർഷണീയതയും ഉപരിപ്ലവമായ ഈ ദ്വന്ദ്വത്തിൽത്തട്ടി തകർന്നുപോയി.
ആരാധ്യനും മാതൃകാപുരുഷനുമായ രാജാവിനെ സങ്കല്‌പിച്ച ‘മാർത്താണ്‌ഡവർമ്മ’യിൽ നിന്ന് ‘ധർമ്മരാജാ'(1913)യിലെത്തുമ്പോൾ കയങ്ങളും ചുഴികളുമുള്ള ജീവിതസാഗരത്തിൽ സി.വി. ചെന്നുചേരുന്നു. ഇവിടെ രാജാവ് ഒരു പ്രതീകാത്മക സാന്നിധ്യമായി മാറുന്നു. രാജവാഴ്‌ചയിലും അതുയർത്തുന്ന മൂല്യബോധത്തിലുമുള്ള വൈരുധ്യങ്ങൾ സി.വി. മറനീക്കി പുറത്തുകൊണ്ടുവന്നു. “രാജവാഴ്ചയിൽ രാജാവ് പിതാവും ജനങ്ങൾ വളർച്ച മുരടിച്ച ശിശുക്കളുമാണ്. രാജാവിനു മുന്നിൽ ഒരു ആൾക്കുരങ്ങിന്റെ നട്ടെല്ലുമാത്രം അനുവദിക്കപ്പെടുന്നതിനാൽ മനുഷ്യത്വത്തിന്റെ തന്നെ ശൈശവമേ ജനങ്ങൾക്കുള്ളൂ” (ഷൂബ കെ.എസ്. – വാസവദത്ത ബഹുപാഠങ്ങൾ നിർമ്മിക്കുകയാണ്). അത്തരമൊരു ശൈശവകേളി ‘മാർത്താണ്ഡവർമ്മ’യിലുണ്ട്. പ്രജയുടെ ഇച്ഛാശക്തിയുടെയും ആത്മാഭിമാനത്തിൻ്റെയും അടയാളപ്പെടുത്തൽ രാജത്വത്തിൻ്റെ നിഷേധവും യൗവനത്തിൻ്റെ വീണ്ടെടുക്കലുമാണ്. സി.വി. ‘പൗരുഷം’ എന്ന് ആവർത്തിച്ചു പറയുന്നത് ഈ ഇച്ഛാശക്തിയെയും ആത്മാഭിമാനത്തെയും കുറിച്ചാണ്. ശിക്ഷ പെട്ടെന്ന് മറന്ന് വീണ്ടും അമ്മയുടെ മാറിലൊട്ടിച്ചേരുന്ന ശിശുവിന് പ്രതികാരചിന്തയില്ല. മറവി അതിന് ആഭരണമാണ്. അധികാരത്തിന്റെ കിരാത ദണ്‌ഡനമേറ്റ് ആശ്രയമറ്റു പോയവരുടെ പ്രതികാരാഗ്നി ‘ധർമ്മരാജാ’യിൽ ആളിക്കത്തുമ്പോൾ അത് യൗവനത്തിൻ്റെ ഉദിച്ചുയരലാകുന്നു. ‘ധർമ്മരാജാ’യിൽ സി.വി. ആരുടെ പക്ഷത്താണെന്നറിയാൻ ഒരു താരതമ്യം മാത്രം പരിശോധിച്ചാൽ മതി. “മഹാരാജാവിൻ്റെ നേത്രങ്ങൾക്ക് വനമാർജ്ജാരന്റെ വീക്ഷണസൂക്ഷ്‌മതയുണ്ടായിരുന്നു എങ്കിൽ ഹരിപഞ്ചാനനൻ്റെ നേത്രങ്ങൾ മഹേന്ദ്രഗിരിയുടെ ശിരസ്സിൽ നിന്നുകൊണ്ട് നൂറുയോജന ദൂരത്തുള്ള ലങ്കാപുരത്തേയ്ക്കു സുവ്യക്തമായി ദർശനം ചെയ്ത സമ്പാതി എന്ന ഗൃഗ്ദ്ധ്രവരൻ്റേതുകൾ തന്നെയായിരുന്നു” (ധർമ്മരാജാ, പു. 383). രാജാവിനെ കാട്ടുപൂച്ചയായും രാജശത്രുവിനെ ഗൃഗ്ദ്ധ്രവരനായും കല്പിച്ച ഈ മനസ്സുതന്നെയാണ് ‘ധർമ്മരാജാ’യിലും ‘രാമരാജാബഹദൂറി’ലും നിറഞ്ഞുനിൽക്കുന്നത്. ഈ കാഴ്‌ചയിലൂടെ ‘മാർത്താണ്ഡവർമ്മ’യെ നോക്കിയാൽ അവിടെ ഇതിന്റെ പൂർവ്വരൂപം കാണാം. കാണപ്പെട്ട ദൈവമായ മഹാരാജാവിന്റെ (രാമവർമ്മ) മരണാസന്നസമയത്ത് പ്രജകൾക്കുണ്ടായ വിവിധ വികാരങ്ങൾ സി.വി. ചിത്രീകരിക്കുന്നതു നോക്കുക.
“അസ്ഥിയും തൊലിയും മാത്രം ശേഷിച്ച് ഗോവെന്ന നാമത്തെ ധരിക്കുന്ന ജന്തുക്കൾക്ക് വിലകൂടിയിരിക്കുന്നു. വൃദ്ധരായ ബ്രാഹ്മണർ ദാനങ്ങളെ കാംക്ഷിച്ച് കൊട്ടാരവാതുക്കൽ ഹാജരായി നിൽക്കുന്നു. അഞ്ചാറുദിവസത്തേക്കുവേണ്ട സസ്യാദികൾ മുതലായവയെ കാർണ്ണോത്തികൾ കരുതിത്തുടങ്ങുന്നു. വരുന്ന വിഷുവും ഓണവും പാഴാകുന്നല്ലോ എന്നു വിചാരിച്ചു കുട്ടികൾ വ്യസനിക്കുന്നു. തൽസംബന്ധമായുള്ള വ്യയങ്ങൾ ലാഭമാകുമെന്നു ലുബ്‌ധന്മാരായ ജനങ്ങൾ സന്തോഷിക്കുന്നു. ചന്ദനക്കട്ട, ഘൃതം എന്നീ വക സാധനങ്ങളെ രാജമന്ദിരത്തോടു ചേർന്നുള്ള ചില ശാലകളിൽ നായന്മാർ ഗൂഢമായി സംഭരിക്കുന്നു. വലിയ സർവ്വാധികാര്യക്കാർക്ക് ഊണുമില്ല. ഉറക്കവുമില്ല. അദ്ദേഹത്തിൻ്റെ ഭാര്യ പ്രസവിച്ചു കിടക്കുന്നു. ഒരു മകൾ പത്തുമാസവും തികഞ്ഞ് ഗർഭിണിയായിരിക്കുന്നു. ഒരനന്തരവൾ രോഗാതുരയായി ഇഹപരലോകങ്ങളുടെ മധ്യത്തിലായിരുന്നു. എങ്കിലും തൻ്റെ സ്വാമിയെക്കുറിച്ചുള്ള ഭക്തിമൂലം അദ്ദേഹം സദാ പള്ളിയറ വാതിൽക്കൽത്തന്നെ കാത്തുനിൽക്കുന്നു. കാപ്പി, തേയില മുതലായ പേയസാധനങ്ങൾ അന്നു നടപ്പില്ലായിരുന്നു. അതിനാൽ അദ്ദേഹത്തിനെ ഭവനത്തിലേയ്ക്കു പ്രത്യേകം ആകർഷിക്കുന്നതിനു യാതൊന്നും തന്നെയില്ലായിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ സ്വാമിഭക്തിക്ക് ഒരു ലംഘനവും വരാതിരുന്നത്” (മാർത്താണ്‌ഡവർമ്മ, പുറം. 135).
കറകളഞ്ഞ രാജഭക്തനെന്ന് ആക്ഷേപിക്കപ്പെട്ട സി.വി., മഹാരാജാവിൻ്റെ മരണത്തെ ഇവിടെ ഹാസ്യവൽക്കരിക്കുന്നു. ഏതു രാജാധികാര വിധേയത്വത്തെയും അട്ടിമറിക്കുന്ന കാരിക്കേച്ചറാണ് വലിയ സർവ്വാധികാര്യക്കാർ. കാപ്പിയോ തേയിലയോ ഉണ്ടായിരുന്നെങ്കിൽ തീരുന്ന സ്വാമിഭക്തിയേ അയാൾക്കുള്ളൂ എന്നു സ്ഥാപിക്കുന്ന സി.വി. രാജത്വം എന്ന ബൃഹദാഖ്യാനത്തെ, കുഞ്ചൻനമ്പ്യാരെപ്പോലെ കാരിക്കേച്ചറൈസ് ചെയ്‌ത് അപനിർമ്മിക്കുന്നു. എന്നാൽ മാതൃകാരാജാവ് എന്ന സ്വപ്നത്തിന്റെ പ്രേതം വേട്ടയാടിയതിനാലാണ് ‘മാർത്താണ്‌ഡവർമ്മ’ ഒരു നോവലെന്ന രീതിയിൽ ചുരുങ്ങിപ്പോയത്. ‘ധർമ്മരാജാ’ ഈ പരിമിതിയെ അതിജീവിക്കുന്നതു കാണാം. ചന്ത്രക്കാരനും ഹരിപഞ്ചാനനും ഒക്കെച്ചേർന്ന് രാജാധികാരത്തിനു ബദലായ ഒരു അധോലോകം നിർമ്മിച്ചെടുക്കുകയും രാജാധികാരത്തെ വെല്ലുവിളിക്കുകയും ചെയ്യുമ്പോൾ ‘ധർമ്മരാജാ’ മറ്റൊരു മാനം ആർജ്ജിക്കുന്നു.
രാമരാജാബഹദൂർ
പരാജയപ്പെട്ടു എന്ന് വിലയിരുത്തപ്പെട്ട കൃതിയായ ‘പ്രേമാമൃത’(1915)ത്തിനു ശേഷം 1918, 1919 വർഷങ്ങളിൽ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ നോവലാണ് ‘രാമരാജാബഹദൂർ’. അറുപതുവയസ്സിന്റെ പക്വതയും ജീവിതവീക്ഷണത്തിലുണ്ടായ പരിണാമവും ഈ സി.വി.കൃതിയെ ഗുണപരമായി ബാധിച്ചിട്ടുണ്ടെന്നു നിരീക്ഷിക്കപ്പെടുന്നു. എ.ഡി.1789, 1790 കാലഘട്ടങ്ങളിലുണ്ടായ, ടിപ്പുവിൻ്റെ തിരുവിതാംകൂർ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് രാമരാജാബഹദൂറിലെ കഥ നടക്കുന്നത്. ‘ധർമ്മരാജാ’യുടെ തുടർച്ചയാണ് ഈ നോവൽ. അതിലെ രാജാവായ കാർത്തികതിരുനാൾ രാമവർമ്മ തന്നെയാണ് ഇവിടെയും.
സങ്കീർണ്ണവും ദുർഗ്രഹവുമാണ് ഇതിവൃത്തഘടന. ‘അമേദുരമായ ഖരതയുള്ള കഥാഗതി’ എന്ന് സി. വി. തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിരവധി ജീവചരിത്രങ്ങൾ ഇതിൽ പിണഞ്ഞുകിടക്കുന്നു. കാളിപ്രഭാവഭട്ടൻ, മാണിക്കഗൌണ്‌ഡൻ എന്നീ പേരുകൾ സ്വീകരിച്ച് ടിപ്പുവിൻ്റെ ചാരനായി തിരുവിതാംകൂറിൽ കച്ചവടത്തിനെന്ന വ്യാജേന ചന്ത്രക്കാരൻ എത്തിച്ചേരുന്നു. ഇതിനു സമാന്തരമായി കേശവപിള്ളയുടെ ബന്ധുവായ പെരിഞ്ചക്കോടനും രാജശത്രുപക്ഷത്തുണ്ട്. പറപാണ്ട എന്ന പേരിൽ തിരുവിതാംകൂറിൽ ഛിദ്രങ്ങളുണ്ടാക്കുന്ന തസ്‌കരനും അയാൾ തന്നെ. രാജപക്ഷത്ത് കേശവപിള്ളയും കുഞ്ചൈക്കുട്ടിപ്പിള്ളയും ത്രിവിക്രമനും ഒക്കെ അണിനിരക്കുന്നു. ഒടുവിൽ രാജപക്ഷം വിജയിക്കുന്നു. ത്രിവിക്രമൻ-സാവിത്രി പ്രണയകഥ ഇതിനു സമാന്തരമായുണ്ട്. രാമരാജാബഹദൂറിലെ കരുത്തുറ്റ സ്ത്രീകഥാപാത്രമാണ് സാവിത്രി. ടിപ്പുവിൻ്റെ പാളയത്തിനുള്ളിലും കമിതാവിൻ്റെ മുന്നിലും ഒരുപോലെ പതറാതെ നിൽക്കുന്നവളാണിവൾ. ‘ധർമ്മരാജാ’യിലെ മീനാക്ഷി-കേശവൻകുഞ്ഞ് ജോഡി വിവാഹിതരായി ദുരന്തജീവിതം നയിക്കുന്നു. സാവിത്രി, ദിവാൻജിയുടെ മകളാണെന്നു വിശ്വസിക്കുന്ന കേശവനുണ്ണിത്താൻ കുടുംബത്തെ നരകതുല്യമാക്കുന്നു. ഈ സംശയത്തിന് തീപകരാൻ ശിഷ്യനായ കൊടന്തയാശാൻ നിരന്തരം ശ്രമിക്കുന്നു. നോവലിൻ്റെ അന്ത്യത്തിൽ ഉണ്ണിത്താൻ്റെ സംശയങ്ങൾ നീങ്ങുന്നതു കാണാം.
തിരസ്കൃതത്വത്തിൻ്റെ നിലവിളിയാണ് നാഗന്തളിമനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ ഭാര്യ ലക്ഷ്മിയുടെയും മകൾ ദേവകിയുടെയും ചരിത്രത്തിൽ ഉയരുന്നത്. മാങ്കാവിൽ മാധവിയമ്മയുടെ ഗൂഢതന്ത്രങ്ങളിൽപ്പെട്ട് സ്മാർത്തവിചാരത്തിനിരയായി, ഗർഭിണിയായ ലക്ഷ്മിയമ്മ അനാഥയാകുന്നു. പെരിഞ്ചക്കോടന്റെ സഹായഹസ്‌തങ്ങൾ അവളെ കരകയറ്റുന്നു. എന്നാൽ ത്രിവിക്രമനെ മോഹിക്കുന്ന ദേവകി തിരസ്കൃതപ്രണയത്തിന്റെ ഇരയായി രക്തസാക്ഷിത്വം വരിക്കുന്നു. പോരാട്ടങ്ങളുടെ ബൃഹദാഖ്യാനങ്ങൾക്കിടയിൽ കരളലിയിക്കുന്ന ഒരുപകഥയായി ഇതു നിൽക്കുന്നു.
സൗന്ദര്യവും സമ്പത്തും കൊണ്ടു മദംപൂണ്ട മാങ്കാവിൽ മാധവിയമ്മയുടെ പതനമാണ് മറ്റൊരു കഥ. മകൻ നഷ്‌ടപ്പെട്ട ദുഃഖത്തിൽ ഉരുകിത്തീരുന്ന അവർക്ക് കഥാന്ത്യത്തിൽ മകനെ (വ്യാജ അജിതസിംഹൻ) തിരിച്ചുകിട്ടുന്നു. കണ്ഠീരവരായർ, ചൊക്രാഡൂണ്‌ഡിയ, അഴകൻപിള്ള, കുഞ്ഞിപ്പെണ്ണ്, കല്ലറയ്ക്കൽ പിള്ള ഇങ്ങനെ അനേകം ജീവസ്സുറ്റ കഥാപാത്രങ്ങളുടെ ചരിത്രം ഇവയോട് ഇഴചേരുന്നു. സമസ്തപദബഹുലമായ സംസ്‌കൃത ഭാഷാപ്രയോഗാധിക്യവും അതിഗ്രാമ്യഭാഷയുടെ ഉചിതവിന്യാസവും ചേർന്ന് ‘രാമരാജാബഹദൂറി’നെ നാളികേരപാകത്തിലാക്കുന്നു. “വാതവായുക്ഷോഭങ്ങളാൽ, ക്ഷീണിച്ചുതീർന്നിട്ടുള്ള ശക്തിയോട് അനുയോജിച്ച ഭാഷാരീതി”യാണെന്ന് സി.വി. മുഖവുരയിൽ കുറ്റസമ്മതം നടത്തുന്നുണ്ട്.
ഭാവന കൊണ്ടാണ് ചരിത്രത്തെ സി.വി. അളന്നെടുക്കുന്നത്. പ്രഖ്യാതചരിത്രവും പ്രാദേശികചരിത്രവും ഐതിഹ്യങ്ങളും കൂടിക്കുഴഞ്ഞ ഒരു പുതുചരിത്രം സി.വി. നിർമ്മിച്ചെടുക്കുന്നു. അത് രാജവാഴ്ചയ്ക്കുള്ളിലെ വൈരുധ്യങ്ങളുടെയും സംഘർഷങ്ങളുടെയും ആന്തരികാവയവങ്ങളെ വലിച്ചു പുറത്തിടുന്ന ഒരു പോസ്റ്റ്മോർട്ടം ആയിത്തീരുന്നു.
തിരുവിതാംകൂറും ഇംഗ്ലീഷുകാരും സി.വി.യും
രാമരാജാബഹദൂറിനെക്കുറിച്ചു പറയുമ്പോൾ അതിലെ ഇംഗ്ലീഷ് സാന്നിധ്യത്തെക്കുറിച്ചുകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. തിരുവിതാംകൂറിലെ ബ്രിട്ടീഷ് സാന്നിധ്യത്തിനു വഴിയൊരുക്കിയത് മാർത്താണ്ഡവർമ്മയാണ്. യുവരാജാവായിരുന്ന കാലംതൊട്ടു തുടങ്ങുന്നു മാർത്താണ്ഡവർമ്മയുടെ ഇംഗ്ലീഷ് ബന്ധം. അധികാരത്തിലേറിയ ശേഷം അദ്ദേഹം ആ ബന്ധം കരുത്തുറ്റതാക്കി. കൊല്ലവും കായംകുളവും ആക്രമിക്കുന്നതിനായി അദ്ദേഹം ഇംഗ്ലീഷുകാരുടെ സഹായം തേടി. പിന്നീടുള്ള പടയോട്ടങ്ങൾക്കു പിന്നിൽ ഇംഗ്ലീഷ് ആയുധങ്ങളുടെ കരുത്ത് ഉണ്ടായിരുന്നു.
സ്വദേശത്ത് വിജയം നേടാൻ വിദേശത്തെ മാർത്താണ്ഡവർമ്മ ആശ്രയിച്ചു. മധ്യകേരളത്തിലെ ജനകീയകലാപം അടിച്ചമർത്താൻ ആദ്യം ഹൈദരുടെ സഹായം തേടുകയും പിന്നീട് വേണ്ടെന്നുവയ്ക്കുകയും ചെയ്തതിലൂടെ മൈസൂർ-തിരുവിതാംകൂർ ശത്രുതയുടെ ആദ്യ വിത്തുപാകിയതും അദ്ദേഹം തന്നെ. ആർക്കാട്ടു നവാബിന് കപ്പം കൊടുത്ത് കിഴക്കും ലന്തക്കാരുടെയും അഞ്ചുതെങ്ങിലെ ഇംഗ്ലീഷുകാരുടെയും സഹായത്തോടെ പടിഞ്ഞാറും അതിർത്തികൾ സുരക്ഷിതമാക്കി. ഈ പുറംശക്തികളിൽ മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവും പ്രിയം ഇംഗ്ലീഷുകാരോടായിരുന്നു. 1758-ൽ മരണശയ്യയിലായിരിക്കെ, അദ്ദേഹം തന്റെ അനന്തരാവകാശിയായ കാർത്തിക തിരുനാളിനോടു പറഞ്ഞ അന്ത്യാഭിലാഷങ്ങളിലൊന്ന് തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായുള്ള സൗഹൃദത്തിന് കോട്ടംതട്ടരുത് എന്നായിരുന്നു (ടി.ശങ്കുണ്ണി മേനോൻ – തിരുവിതാംകൂർ ചരിത്രം).
കാർത്തികതിരുനാൾ, മാർത്താണ്‌ഡവർമ്മയെപ്പോലെ സാമ്രാജ്യവ്യാപനത്തിനു ശ്രമിച്ചില്ലെങ്കിലും ഈസ്റ്റിന്ത്യാക്കമ്പനിയുമായുള്ള സൗഹൃദം സുദ്യഢമായി തുടർന്നു. ഹൈദർ തിരുവിതാംകൂറിനോട് കപ്പം ആവശ്യപ്പെട്ടപ്പോൾ താൻ കർണ്ണാടകാ നവാബിൻ്റെ സാമന്തനാണെന്നും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ സഖ്യകക്ഷിയാണെന്നുമാണ് ധർമ്മരാജാവ് മറുപടി നൽകിയത്. ഹൈദർക്കെതിരേ ഇംഗ്ലീഷുകാർ യുദ്ധം ചെയ്തപ്പോൾ തിരുവിതാംകൂർ സൈന്യം സഹായവും ചെയ്തു.
ദളവാ എന്ന പേരുമാറ്റി ദിവാൻ എന്ന സ്ഥാനപ്പേരു സ്വീകരിച്ച് അധികാരമേറ്റ രാജാകേശവദാസനാകട്ടെ ഇംഗ്ലീഷുകാരുമായി ഉറ്റസൗഹൃദത്തിലുമായി. ടിപ്പുവുമായുള്ള സന്ധി സംഭാഷണത്തിന് ഇംഗ്ലീഷുകാരുടെ സാന്നിധ്യം വേണമെന്ന നിലപാട് തിരുവിതാംകൂർ കൈക്കൊണ്ടു. 1788-ൽ ടിപ്പുവിന്റെ ആക്രമണം നേരിടാൻ രണ്ടു ബെറ്റാലിയൻ ഇംഗ്ലീഷ് സൈനികർ തിരുവിതാംകൂറിൽ വന്നു. ഇതേ കാലഘട്ടത്തിൽ തിരുവിതാംകൂറിൻ്റെ ആദ്യ ഇംഗ്ലീഷ് റസിഡൻറായി ജോർജ്ജ് പൗണി തിരുവനന്തപുരത്ത് തങ്ങി. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് അഴീക്കോട്ടയും കൊടുങ്ങല്ലൂർക്കോട്ടയും ലന്തക്കാരോട് തിരുവിതാംകൂർ വിലയ്ക്കുവാങ്ങുന്നത്. ഇത് ടിപ്പുവിൻ്റെ ശത്രുത ക്ഷണിച്ചുവരുത്തി. അതേസമയം മദ്രാസ് ഇംഗ്ലീഷ് ഗവൺമെന്റ് ഇക്കാര്യത്തിൽ ഇടയുകയും ചെയ്തു. ഇംഗ്ലീഷ്സേന സ്വയരക്ഷയ്ക്കുപോലും ആയുധമെടുക്കരുതെന്ന് മദ്രാസ് ഗവൺമെൻ്റ് കല്‌പിച്ചു. മദ്രാസ് ഗവൺമെൻ്റുമായുള്ള അനേകം കത്തിടപാടുകൾക്കും ദയനീയമായ അപേക്ഷകൾക്കും ഈ തീരുമാനം മാറ്റാനായില്ല. ടിപ്പുവിൻ്റെ ആക്രമണസമയത്ത് തിരുവിതാംകൂർ ഒറ്റപ്പെട്ടുപോയത് ഇതിനാലാണ്. ഇത്രയും ചരിത്രം പറഞ്ഞത് രണ്ടു കാര്യങ്ങൾ വ്യക്തമാക്കാനാണ്.
‘രാമരാജാബഹദൂറി’ൽ ടിപ്പുവിൻ്റെ സാമ്രാജ്യ വ്യാപനമോഹത്തെ വെറുപ്പോടെ പരിഹസിക്കുന്ന സി.വി. മാർത്താണ്ഡവർമ്മയുടെ സാമ്രാജ്യവ്യാപനമോഹത്തെക്കുറിച്ച് മൗനം പാലിക്കുന്നു. വിദേശ ശക്തികളുടെ പിൻബലത്തിൽ കൊച്ചിയുടെ അതിർവരമ്പുകൾവരെ വെട്ടിപ്പിടിച്ചു കിട്ടിയതാണ് രാമരാജാബഹദൂറിന്റെ കാലത്തെ തിരുവിതാംകൂർ. മൈസൂർ മൈസൂരായും തിരുവിതാംകൂർ തിരുവിതാംകൂറായും നിന്നാൽ പ്രശ്നമൊന്നുമില്ലെന്നും തങ്ങൾ അങ്ങോട്ടു വെട്ടിപ്പിടിക്കാൻ വരുന്നില്ലെന്നും ദിവാൻജി പറയുന്നതിന്റെ പൊള്ളത്തരം ചരിത്രം വെളിപ്പെടുത്തുന്നു. തിരുവിതാംകൂറിൻ്റെ കൊടിമരത്തിൽ തന്റെ കുതിരയെ കെട്ടുമെന്ന് ടിപ്പു പ്രതിജ്ഞ ചെയ്‌തുപോയി എന്ന് അജിതസിംഹൻ പറയുമ്പോൾ, “കെട്ടുന്നത് ശ്രീരംഗപട്ടണത്തെ തൂണിലും കുതിര എൻ്റേതും ആകാം” എന്ന് ദിവാൻജി രോമാഞ്ചജനകമായ മറുപടി നൽകുന്നു. ടിപ്പുവിൻ്റെ മഹാശക്തിക്കുമുന്നിൽ തൃണസമാനമായ സൈനികശക്തിയുമായി നിൽക്കുന്ന ഒരു കൊച്ചു രാജ്യത്തിന്റെ, സ്വാതന്ത്ര്യവാഞ്‌ഛയും ആത്മാഭിമാനവുമുള്ള ഒരു രാജ്യത്തിന്റെ പ്രതിനിധി നിർഭയനായി തലയുയർത്തി നിന്നു പറയുന്ന വാക്യം എന്ന നിലയിലാണ് ആ രോമാഞ്ചം ഉണ്ടാകുന്നത്. എന്നാൽ ക്യാപ്റ്റൻ ഫ്ളോറിയുടെ സാന്നിധ്യത്തിൽ പറയുന്ന വാക്കുകളിൽ ടിപ്പുവിനെക്കാൾ വലിയ സൈനികശക്തിയായ ഇംഗ്ലീഷുകാരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷ ഒളിഞ്ഞുകിടക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ രോമാഞ്ചം നഷ്ടമാകുന്നു. ആത്മാഭിമാനവും സ്വാതന്ത്ര്യവും ഇംഗ്ലീഷുകാർക്കും നവാബിനും മുമ്പിൽ പണയംവച്ചു നിൽക്കുന്ന അവസ്ഥയിലാണ് ഇതു നടക്കുന്നതെന്നറിയുമ്പോൾ രോമാഞ്ചം തീരെ ഇല്ലാതാകുന്നു. ഒന്ന് ചരിത്രവും ഒന്ന് നോവലുമെന്ന് സമാധാനിച്ചാലും, സി.വി. ചരിത്രത്തെ ഭാഗികമായി ഒളിച്ചുവച്ചതെന്തിന് എന്ന ചോദ്യം ഉയരുന്നു.
അഞ്ചുതെങ്ങുകലാപവും കുണ്ടറവിളംബരവും തിരുവിതാംകൂർ ഭരണകൂടത്തിൻ്റെ ഇംഗ്ലീഷ് ആശ്രിതത്വവും വിധേയത്വവും ഒന്നും അറിയാത്തവരല്ല കേരളീയജനത. എന്തിനെയും പറ്റി വാചാലനാകുന്ന സി.വി. ഈ ഇംഗ്ലീഷ് ആശ്രിതത്വത്തെ ഒളിച്ചുവയ്ക്കുന്നതെന്തിനാണ്! രാജാധികാരത്തെ നിയന്ത്രിച്ച ബ്രിട്ടീഷ്ശക്തി നിലനിന്ന മദ്രാസ് ഗവർണ്ണറും തിരുവിതാംകൂർ റസിഡൻ്റ് സായ്‌പും ചേർന്ന് ഉദ്യോഗസ്ഥരെ നിയമിക്കുകയും കൊട്ടാരച്ചെലവുകൾ തീരുമാനിക്കുകയും ചെയ്‌തിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്ന സി.വി.യെ ഈ അടിമത്തം സ്‌പർശിച്ചില്ലെന്നു വരുമോ? പി. വി. വേലായുധൻ പിള്ള ഇങ്ങനെ എഴുതുന്നു. “രാജാക്കന്മാർ ഭരിച്ചു. ബ്രിട്ടീഷുകാർ ഭരിപ്പിച്ചു. ഇതായിരുന്നു അന്നത്തെ തിരുവിതാംകൂറിന്റെ അവസ്ഥ. സി.വി.യെ ഈ പരോക്ഷ വിദേശമോധാവിത്വം നോവിച്ചിരുന്നു. രാജ്യത്തിൻ്റെ സമസ്ത സ്വാതന്ത്ര്യങ്ങളും കാത്തുസൂക്ഷിച്ചിരുന്ന മഹാരാജാക്കന്മാർ പണ്ടു തിരുവിതാംകൂറിലുണ്ടായിരുന്നു. അവരുയർത്തിപ്പിടിച്ച സ്വാതന്ത്ര്യപതാകയുടെ അഭിമാനം കാത്തുസൂക്ഷിക്കാനാണ് സി.വി. നോവലുകളെഴുതിയത്” (ആണുങ്ങളില്ലാത്ത കൊറ വല്യകൊറ, പു. 76).അപ്പോൾ ആ ഹിരണ്മയഭൂതകാലത്തിലെ ബ്രിട്ടീഷ് വിധേയത്വമോ? സി.വി.യുടെ കാലഘട്ടത്തോളമില്ലെങ്കിലും അന്നും തിരുവിതാംകൂർ മദ്രാസ് ഗവൺമെന്റിനു വിധേയമായിരുന്നു. റസിഡൻ്റ് സായ്‌പും അന്ന് കൊട്ടാരത്തിലുണ്ടായിരുന്നു. ഭൂതകാലത്തെ മഹത്വവൽക്കരിക്കാൻ അതൊക്കെ സി.വി.ക്ക് ഒളിച്ചുവയ്ക്കാതെ വയ്യ എന്നായിത്തീർന്നു.
തീർച്ചയായും അതൊരു വ്യാജചരിത്രം സൃഷ്ടിച്ചെടുക്കാനല്ല. ആശ്രിതത്വവും വിധേയത്വവും നിറഞ്ഞ മാതൃരാജ്യത്തെ സങ്കല്പിക്കാനാകാത്തതുകൊണ്ടാണ് മൗനത്തിൽ സി.വി. അഭയം പ്രാപിക്കുന്നത്. എന്നാൽ മൗനം കൊണ്ടും ഒളിപ്പിച്ചു വയ്ക്കാനാവാത്ത വിധത്തിൽ രാജാധികാരത്തിനുള്ളിലെ ആത്മാഭിമാനമില്ലായ്‌മ തള്ളിയുയർന്നുവരുന്നതിനാലാണ് അതിനെ എതിർക്കുന്ന മറ്റൊരു പ്രാദേശികചരിത്രം സി.വി. ഭാവനയിൽ നിർമ്മിച്ചെടുക്കുന്നത്. ‘മാർത്താണ്ഡവർമ്മ’യിൽ രാജപക്ഷത്തു നിൽക്കുന്ന സി.വി. ‘ധർമ്മരാജാ’യിലെത്തുമ്പോൾ വാടാക്കരൾകൊണ്ട കുലത്തിൻ്റെ പക്ഷം ചാഞ്ഞ് കുലാഭിമാനം ഉയർത്തിപ്പിടിക്കുന്നു. രാമരാജാബഹദൂറിൽ രാജപക്ഷത്തെയും കുലാഭിമാനത്തെയും പിന്തള്ളി തിരസ്കൃതരുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു. രാജപക്ഷത്തുനിന്നും കുലത്തിൽ നിന്നും നിഷ്കാസിതരായവർ അവിടെ ഉയിർത്തെഴുന്നേൽക്കുന്നു. അങ്ങനെ ലോകാധികാരശക്തി (ബ്രിട്ടീഷുകാർ)യുടെ കാല്പാദം ശിരസ്സിലേറ്റുന്ന പ്രാദേശികാധികാരശക്തി (തിരുവിതാംകൂർ രാജവംശം)യെ എതിർക്കുന്ന ഒരു ജനശക്തിയെ ചന്ത്രക്കാരനിലൂടെയും പെരിഞ്ചക്കോടനിലൂടെയും സി.വി. ഉയർത്തിക്കൊണ്ടുവരുന്നു. ആ നിർഭയമനസ്സുകളും ഉത്തുംഗശിരസ്സുകളും ജനാധിപത്യത്തിൻ്റേതുകൂടിയാകുന്നു. അതേസമയം പ്രത്യക്ഷത്തിൽ രാജവൈതാളികസംഘത്തിലെ കുഴലൂത്തുകാരനാകുന്നുണ്ട് സി.വി. പക്ഷേ അതൊരു മറയായിരുന്നു. ഈ മറയുടെ അബോധപൂർവ്വമായ ആവിഷ്കാരമാണ് ‘രാമരാജാബഹദൂറി’ൽ വാരിവിതറിയിരിക്കുന്ന പ്രച്ഛന്ന വേഷങ്ങൾ.
പ്രച്ഛന്നവേഷത്തിൻ്റെ രാഷ്ട്രീയം
പ്രച്ഛന്നവേഷം ഒരു ഗതികേടാണ്. വ്യക്തിത്വനിരാസമാണ് അതിന്റെ കാതൽ. അതായത് ഒരു വ്യവസ്ഥയിൽ സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് പ്രച്ഛന്നവേഷത്തെ നിർമ്മിക്കുന്നത്. പ്രച്ഛന്നവേഷം കാപട്യവുമാകാം. ചെങ്കോൽ കയ്യിലേന്തിയപ്പോഴും മരത്തോൽ ചാർത്തിയപ്പോഴും ഒരേഭാവം മുഖത്തു പ്രതിഫലിപ്പിച്ച രാമൻ ഒരു പ്രച്ഛന്നവേഷമായിരുന്നു എന്ന് കുട്ടികൃഷ്ണമാരാര് ചൂണ്ടിക്കാണിക്കുന്നുണ്ട്. സീതയുടെ മുന്നിലെത്തിയപ്പോൾ ആ പ്രച്ഛന്നവേഷം അഴിഞ്ഞുവീഴുകയും കോപവും ദുഃഖവും മറനീക്കി പുറത്തുവരികയും ചെയ്യുന്നു (വാല്‌മീകിയുടെ രാമൻ). പാഞ്ചാലീവസ്ത്രാക്ഷേപസമയത്ത് യുധിഷ്ഠിരൻ കാണിച്ച ധർമ്മനിഷ്ഠ ഒരു പ്രച്ഛന്നവേഷമായിരുന്നു എന്നും അതിന്റെയുള്ളിലെ യാഥാർത്ഥ്യം ഭയമായിരുന്നു എന്നും മാരാർ പറയുന്നു (ഭാരതപര്യടനം).രാജവാഴ്ചക്കാലത്ത് ജനങ്ങളും ചാതുർവർണ്യത്തിൽ ശുദ്രനും മറ്റ് അധ:കൃതരും പ്രച്ഛന്നവേഷങ്ങളായാണ് ജീവിച്ചിരുന്നത്. അവിടെ വ്യക്തിത്വം ഇല്ലാതായിത്തീരുകയും വിധേയത്വം അലങ്കാരമാവുകയും ചെയ്യുന്നു.
“വേഷമെനിക്കെന്തെന്നു വിധിപ്പതു
വിഭോ, ഭവച്ചിത്തം
വിശ്വപ്രിയമായ് നടനം ചെയ്‌വതു
വിധേയനെൻ കൃത്യം” (പ്രേമസംഗീതം)
എന്ന ഉള്ളൂരിന്റെ വരികളിൽ പ്രച്ഛന്നവേഷം ജീവിതാദർശം തന്നെയായിത്തീരുന്ന നിലപാടുണ്ട്. ഉദാത്തവൽക്കരിക്കപ്പെട്ട പരസ്യശരീരങ്ങളുടെ സിക്‌സ്പാക്കിനും ബി.എം. ഡബ്ല്യൂവിൻ്റെയും ബെൻസിന്റെയും രാജകീയാഡംബരത്തിനും അളവുകളുടെ വിഭവങ്ങൾ വിളമ്പിനിൽക്കുന്ന ലോകസുന്ദരിയുടെ മായികസൗന്ദര്യത്തിനും മുന്നിൽ ഷണ്‌ഡീകരിക്കപ്പെടുന്ന ശരാശരി ഉത്തരാധുനികയുവത്വം പ്രച്ഛന്നവേഷത്തിന്റെ കവചകുണ്‌ഡലങ്ങൾ അണിഞ്ഞ് മുതലാളിത്തത്തിന്റെ കാലാൾപ്പടയാകുന്നു. അപ്പോൾ പ്രച്ഛന്നവേഷം യഥാർത്ഥവേഷം തന്നെയായിത്തീരുകയും വ്യക്തിത്വത്തെ പ്രച്ഛന്നവേഷം നിർണ്ണയിക്കുകയും ചെയ്യുന്നു. തന്റേത് പ്രച്ഛന്നവേഷമാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങുമ്പോഴാണ് ഒരാളിൽ വ്യക്തിത്വം ഉണരുകയും പ്രച്ഛന്നവേഷം ആയുധമായിത്തീരുകയും ചെയ്യുന്നത്. അപ്പോൾ വ്യവസ്ഥാനുകൂലപ്രച്ഛന്നവേഷം വ്യവസ്ഥാവിരുദ്ധമാകുന്നു. അപ്ഫൻ എന്നത് പ്രച്ഛന്നവേഷമാണെന്നു തിരിച്ചറിയുമ്പോഴാണ് ഒരു വി. ടി. ഭട്ടതിരിപ്പാട് ജന്മമെടുക്കുന്നത്. ചാതുർവർണ്ണ്യം വിധിച്ച പ്രച്ഛന്നവേഷങ്ങളെ അയ്യൻകാളി കീറിയെറിഞ്ഞു. നാരായണഗുരു സാമുദായിക പരിഷ്കർത്താവ്, സന്യാസി എന്നീ പ്രച്ഛന്നവേഷങ്ങളെ ആയുധമാക്കുകയും മനുഷ്യത്വത്തിനായി പോരാടുകയും ചെയ്‌തു.
ഉണ്ണിത്താന്റെ വിനീതദാസൻ എന്ന പ്രച്ഛന്നവേഷത്തെ ആയുധമാക്കുകയാണ് കൊടന്തയാശാൻ. വിധിച്ച വേഷം പ്രച്ഛന്നവേഷമാക്കിത്തീർക്കുമ്പോഴാണ് അയാൾക്ക് വ്യക്തിത്വമുണ്ടാകുന്നത്. രാമരാജബഹദൂറിലെ അനേകം വിനീതവിധേയർക്കു മുമ്പിൽ ഈ ദുഷ്ടകഥാപാത്രം തലയെടുപ്പോടെ നിൽക്കുന്നു. ചാരൻ (കാളിപ്രഭാവഭട്ടൻ), വ്യാപാരി (മാണിക്കഗൗണ്‌ഡൻ) എന്നീ പ്രച്ഛന്നവേഷങ്ങൾ ആയുധമാക്കിയാണ് ചന്ത്രക്കാരൻ പോരാടുന്നത്. തസ്‌കരൻ്റെ പ്രച്ഛന്നവേഷമാണ് (പറപാണ്ട) പെരിഞ്ചക്കോടന്റെ ആയുധം. പ്രച്ഛന്നവേഷങ്ങളുടെ ചായക്കൂട്ടുകൾ ജലത്തിലലിയുമ്പോൾ അവരും ദുരന്തത്തിൽ ആണ്ടുപോകുന്നു.സി.വി.യുടെ ഈ പ്രച്ഛന്നവേഷങ്ങൾ ഉയർത്തുന്ന രാഷ്ട്രീയം അധികാരനിഷേധത്തിന്റേതും വ്യക്തിത്വസ്ഥാപനത്തിൻ്റേതുമാണ്. വിധേയത്വത്തിൻ്റെ സാത്വിക പ്രച്ഛന്നവേഷങ്ങളോട് (രാജപക്ഷം) അവർ എതിരിടുന്നു. ടിപ്പു എന്ന ചക്രവർത്തിയും കാർത്തിക തിരുനാൾ എന്ന മഹാരാജാവും പ്രച്ഛന്നവേഷങ്ങളാണെന്നും ആശ്രിതത്വം കൊണ്ടുകിട്ടുന്ന പദവികൾ അലങ്കരിക്കുന്ന ജീവിതം പ്രച്ഛന്നവേഷമാണ് എന്നും ഉള്ള തിരിച്ചറിവാണ് വിധേയത്വത്തിൽ നിന്ന് ചന്ത്രക്കാരനെയും പെരിഞ്ചക്കോടനെയും അകറ്റി നിർത്തുന്നത്.
രാജഭക്തന്റെ പ്രച്ഛന്നവേഷം ആയുധമാക്കിക്കൊണ്ട് അധികാരത്തിന്റെയും വിധേയത്വത്തിന്റെയും വ്യവസ്ഥയെ നോവലുകളിലും ജീവിതത്തിലും സി.വി. ആക്രമിക്കുകയായിരുന്നു. പ്രൊഫ. റോസ് സി.വി.ക്കു നൽകിയ ഉപദേശം എൻ. ബാലകൃഷ്‌ണൻ നായർ ഉദ്ധരിക്കുന്നുണ്ട്. “പുത്രാ! നീയൊരു മഹാനാകുമെന്നുള്ളതിൽ എനിക്കു സംശയമില്ല. പക്ഷേ കാലസ്ഥിതികൾ നിന്നെയും ഒരു അടിമയാക്കിക്കളയാനാണ് എളുപ്പം. എന്തായാലും നീ ഒരിക്കലും കുനിയരുത്” (സാക്ഷാൽ സി.വി.). തൻ്റെ പ്രിയ അധ്യാപകന്റെ ഈ ഉപദേശം സി.വി.യുടെ ജീവിതത്തെയും കലയെയും നിയന്ത്രിച്ചിരുന്നു. കുട്ടിക്കാലം മുതൽ കൂടെയുണ്ടായിരുന്ന ആശ്രിതത്വത്തിൻ്റെ കയ്‌പും മധുരവും വേർതിരിച്ചെടുക്കാൻ ഇത് സി.വി.യെ സഹായിച്ചിരിക്കണം. ശ്രീമൂലം തിരുനാളിൻ്റെയും ശങ്കരൻതമ്പിയുടെയും മൂന്നിൽ സി.വി.ക്കുണ്ടായിരുന്ന ആശ്രിതത്വം പ്രച്ഛന്നവേഷമായിരുന്നു എന്ന് പി.കെ.പരമേശ്വരൻ നായർ രേഖപ്പെടുത്തുന്നുണ്ട് (സി.വി.രാമൻ പിള്ള – ജീവചരിത്രം). ആശ്രിതത്വം എന്നത് സി.വി.ക്ക് തുല്യനിലയിലുള്ള ഒത്തുതീർപ്പ് ആയിരുന്നു. ആ ഒത്തുതീർപ്പാണ് വർത്തമാനകാലത്തിൽനിന്ന് ഭൂതകാലത്തിലേക്ക് സി.വി.കൃതികളെ നയിച്ചത്. “ഭൂതകാലത്തിന്റെ കഥ പറയുമ്പോൾ വർത്തമാനകാലവിമർശനം കൂടി സാധിക്കുന്ന സമാന്തരാഖ്യാനത്തിന്റെ സാന്നിധ്യമാണ് സി.വി.യുടെ പ്രച്ഛന്നവേഷകഥാപാത്രങ്ങൾ” എന്ന് സി.ശ്രീകണ്ഠക്കുറുപ്പ് നിരീക്ഷിക്കുന്നു (സി.വി.- മനസ്സും കലയും).
‘ധർമ്മരാജാ’യിലും ‘രാമരാജാബഹദൂറി’ലും ആ പ്രച്ഛന്നവേഷങ്ങൾ രാജാധികാരവ്യവസ്ഥയ്ക്ക് ഒരു സമാന്തരം നിർമ്മിച്ച് പോരാടുന്നതുകാണാം. അധഃകൃതജീവിതങ്ങളുടെ അതിജീവനശ്രമമാണ് ആ പ്രച്ഛന്നവേഷങ്ങളിൽ ഉള്ളത്. നിഷേധത്തിൻ്റെ കലിബാധകൊണ്ട് അവർ സാത്വിക നളവേഷങ്ങളെ ആക്രമിക്കുന്നു. തിരസ്കൃതജീവിതങ്ങളുടെ ഇച്ഛാശക്തി സ്ഥാപിക്കലിലേക്ക് അത് വളരുന്നു. അങ്ങനെ പ്രച്ഛന്നവേഷം രാഷ്ട്രീയായുധമായിത്തീരുന്നു. അപ്പോൾ അത് യഥാർത്ഥജീവിതത്തിന്റെ തിരിച്ചറിവാകുന്നു.
(തുടരും…)
ഡോ.പ്രമോദ് കുമാർ ഡി.എൻ.
അസ്സോസിയേറ്റ് പ്രൊഫസർ മലയാള വിഭാഗം ഗവ.കോളേജ്,പത്തിരിപ്പാല