
രവിശങ്കർ എസ്. നായർ
Published: 05 April 2026 സാഹിത്യവിമർശനം
നിർവാണതത്വത്തിന്റെ ജൈവനൃത്തം: ഇ.സന്തോഷ്കുമാറിന്റെ ‘മ്യൂസിയം’ എന്ന കഥയിലൂടെ
“ഇരുട്ടുപോലെയല്ല വെളിച്ചം; അതിനു മനുഷ്യരെ വഴിതെറ്റിക്കാൻ സാധിക്കും.”
1
ജീവിതത്തിൽ അഭിരമിക്കുന്ന മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ നിർവാണത്തിലേക്ക് ലയിക്കാനുള്ള അഭിലാഷവും മറഞ്ഞുകിടക്കുന്നു എന്ന ഉൾക്കാഴ്ച മനുഷ്യന് നൽകിയത് സിഗ്മണ്ട് ഫ്രായിഡ് ആയിരുന്നു. സർഗാത്മകതയുടെയും നിലനില്പിന്റെയും പരസ്പരബന്ധങ്ങളുടെയും ഒക്കെ പ്രേരകമായ ജീവത്വരയ്ക്കൊപ്പം നിർജീവാവസ്ഥയിലേക്കു മടങ്ങാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന മൃത്യുത്വരയും ചേർന്നതായിരുന്നു ഫ്രായിഡിന് മനുഷ്യമനസ്സ്. ജീവത്വര (life instinct) എന്നും മൃത്യുത്വര (death instinct) എന്നും ഫ്രായിഡ് വിളിച്ച സഹജവാസനകൾക്ക്, ജീവിതത്തിന്റെയും മരണത്തിന്റെയും ഗ്രീക്കു ദേവതമാരായ Eros, Thanatos എന്നിവരുടെ പേരുകൾ പിന്നീട് നൽകപ്പെട്ടു. Thanatos എന്ന മൃത്യുത്വരയ്ക്ക് ഫ്രായിഡ് നൽകിയ മറ്റൊരു പേര് ഇന്ന് മറവിയിലാണ്ടുപോയിരിക്കുന്നു—നിർവാണതത്വം (ജർമനിൽ Nirwanaprinzip, Nirvana principle) എന്നായിരുന്നു അത് (ബാർബറ ലോ എന്ന ആദ്യകാല ബ്രിട്ടിഷ് മനോവിശ്ലേഷകയാണ് യഥാർഥത്തിൽ ആ പേര് തന്റെ പുസ്തകത്തിൽ ഉപയോഗിച്ചത്. ഫ്രായിഡും അത് സ്വീകരിക്കുകയായിരുന്നു.) ഭൗതികമായ അവസാനം എന്നതിനപ്പുറത്തേക്കു വ്യാപിക്കുന്ന ഒരു അർഥം ആ പേര് മരണത്തിന് നൽകുന്നുണ്ട്. ബാഹ്യലോകത്തിൽനിന്നുള്ള ഉദ്ദീപനങ്ങളെ നിഷേധിച്ച്, ആന്തരികമായ സമ്മർദങ്ങളെ നീക്കി ജീവിതത്തെ ശാശ്വതമായ നിർജീവാവസ്ഥയിലേക്ക് ക്രമേണ എത്തിക്കുന്ന മരണത്വരയെ ഫ്രായിഡ് നിർവാണം എന്ന ആശയത്തോട് ബന്ധിപ്പിക്കുമ്പോൾ, തത്വചിന്താപരമായ വലിയ മാനങ്ങളോടെയാണ് ഫ്രായിഡ് ഈ സഹജവാസനകളെ വിഭാവനം ചെയ്തത് എന്നു നാം അറിയുന്നുണ്ട്. മരണത്വരയും ജീവത്വരയും തമ്മിലുള്ള നിതാന്തമായ സംഘർഷമായിട്ട് ഫ്രായിഡ് ജീവിതത്തെ ഇവിടെ സങ്കല്പിക്കുന്നു എന്നു മാത്രമല്ല, മനുഷ്യമനസ്സിനെയാകെ ഈ രണ്ടു സഹജവാസനകളിലേക്കു ചുരുക്കാമെന്നുപോലും അദ്ദേഹം കരുതുന്നു. ഒരു നൂറ്റാണ്ടിനിപ്പുറത്തുനിന്നുകൊണ്ട് നോക്കുമ്പോഴും നമ്മെ അതിശയിപ്പിക്കുന്ന തത്വചിന്താപരമായ ആഴങ്ങളുള്ള ഫ്രായിഡിന്റെ നിർവാണതത്വത്തെ ഓർമിപ്പിച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ ഇ. സന്തോഷ്കുമാറിന്റെ ഒരു കഥയാണ്. യഥാതഥ്യത്തിന്റെയും ലൗകികാതീതത്വത്തിന്റെയും (supernatural) ലോകങ്ങളെ ഒരു കഥയിൽ സന്നിവേശിപ്പിക്കുന്ന ‘മ്യൂസിയം’ എന്ന കഥ, സന്തോഷിന്റെ കഥാലോകത്തിൽത്തന്നെ വേറിട്ടുനിൽക്കുന്നതാണ്. മരണം എന്ന വലിയ ഇരുട്ടിലേക്കു ലയിക്കുന്ന വെളിച്ചത്തിന്റെ ചെറിയൊരു ബിന്ദുവായി ജീവിതത്തെ കാണിച്ചുതരുന്ന, തീക്ഷ്ണമായ ജീവിതത്വരയ്ക്കു പിന്നിൽ അതിനെ തന്നിലേക്കു ലയിപ്പിച്ചുകൊണ്ടിരിക്കുന്ന അനന്തമായ മരണത്വരയെ കാണിച്ചുതരുന്ന അത്യന്തം ഭാവനാത്മകമായ ഒരു കഥയാണ് ‘മ്യൂസിയം’.
2.
മനുഷ്യനെ മരണത്തിലേക്ക് ആകർഷിക്കുന്ന ഒരു സഹജവാസന മനുഷ്യനിൽ പ്രവർത്തിക്കുന്നു എന്ന ആശയത്തെ പിൽക്കാല മനശ്ശാസ്ത്രജ്ഞർ അത്രയൊന്നും അംഗീകരിച്ചിട്ടില്ല. എങ്കിലും ഫ്രായിഡിന്റെ ഈ ആശയം വലിയ ചില എഴുത്തുകാരുടെ രചനകളിൽ തെളിയുന്നുണ്ട്. അൽബേർ കമ്യൂവിന്റെ The Fall എന്ന നോവലിൽ നാം ഇങ്ങനെ വായിക്കുന്നു: “അസ്തിത്വത്തിൽനിന്നുയരുന്ന യഥാർഥ ഭീതി മരണത്തെക്കുറിച്ചുള്ളതല്ല; ജീവിതത്തെക്കുറിച്ചുള്ളതാണ്. ഒരേ ആയാസങ്ങളിലേക്കും നിരാശതകളിലേക്കും വേദനകളിലേക്കും ഓരോ ദിവസവും ഉണർന്നെണീക്കുന്നതിനെക്കുറിച്ചുള്ള ഭീതിയാണ്. ഒന്നിനും ഒരിക്കലും മാറ്റമുണ്ടാവുകയില്ല എന്നും രക്ഷപ്പെടാനാകാത്ത ദുരിതത്തിന്റെ ഒരു ചക്രത്തിൽ നിങ്ങൾ പെട്ടിരിക്കുന്നു എന്നുമുള്ള ഭീതി. ആ ഭീതിയിൽ ഒരു നൈരാശ്യമുണ്ട്, വിരസതയ്ക്ക് അവസാനം കുറിക്കുന്ന, ദിവസങ്ങളുടെ ഒടുങ്ങാത്ത ആവർത്തനത്തിന് അർഥം നൽകുന്ന എന്തിനെങ്കിലുമായുള്ള അഭിലാഷമുണ്ട്.” (The true horror of existence is not the fear of death, but the fear of life. It is the fear of waking up each day to face the same struggles, the same disappointments, the same pain. It is the fear that nothing will ever change, that you are trapped in a cycle of suffering that you cannot escape. And in that fear, there is a desperation, a longing for something, anything, to break the monotony, to bring meaning to the endless repetition of days.) ദാർശനികപ്രസ്താവത്തിന്റെ രൂപത്തിൽ കമ്യൂവിന്റെ നോവലിൽ നാം വായിക്കുന്ന ഈ ആശയം സന്തോഷ്കുമാറിന്റെ ഭാവനയിലും മറഞ്ഞിരിക്കുന്നുണ്ടാകണം. അതിനാലായിരിക്കണം നിർവാണതത്വത്തിന്റെ ജൈവനൃത്തം മിന്നിമറയുന്ന ‘മ്യൂസിയം’ എന്ന ഈ കഥ രചിച്ചത്. നൂറുകണക്കിനു വർഷങ്ങൾ പഴക്കമുള്ള ഒരു മൃതശരീരം വീണ്ടും മരിക്കാനായിമാത്രം ജീവൻവെച്ചുവരുന്ന ഭാവനയിലൂടെ, കെട്ടുപിണഞ്ഞുകിടക്കുന്ന ജീവിതത്തിന്റെയും മരണത്തിന്റെയും സമസ്യകളെ ഉജ്ജ്വലമായി ആവിഷ്കരിക്കുന്ന ഈ കഥ നിർവാണതത്വത്തിന്റെ ജൈവനൃത്തത്തിലൂടെ ജീവിതത്തിന്റെ ചെറിയ മിടിപ്പുകളുടെ അർഥം തേടുകയാണ്.
3
തന്റെ പണിസ്ഥലത്തിനടുത്തുള്ള മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ മൃതദേഹം കാണാനായി പോകുന്ന ഒരാളുടെ അനുഭവമാണ് കഥയുടെ കേന്ദ്രം. “ഇടനാഴികളിൽ നിഴലുകൾ തുന്നിച്ചേർത്തപോലത്തെ ഇരുട്ട്. ചുവരിൽ വായിക്കാനാകാത്ത ഭാഷയിൽ എഴുതിവെച്ചിരിക്കുന്ന ഏതോ മാന്ത്രികവാക്യങ്ങൾ. നാമാവശേഷമായ ഒരു ലോകത്തിന്റെ ഗന്ധം”. ഇങ്ങനെയൊരു അന്തരീക്ഷത്തിലേക്കാണ് അയാൾ എത്തിച്ചേരുന്നത്. മൃതദേഹം സൂക്ഷിച്ചിരുന്ന ചെറിയ മുറിയിലേക്കു കടന്നു ചെല്ലുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു. കാവൽക്കാരോ മറ്റു കാഴ്ചക്കാരോ അവിടെ ഉണ്ടായിരുന്നില്ല. അനേകകാലം പഴക്കമുള്ള ഒരു മൃതദേഹത്തോടൊപ്പം ഒരു മുറിയിൽ തനിച്ചു നിൽക്കാൻ അയാൾക്കു പേടിതോന്നുന്നുമുണ്ട്. അപ്പോഴാണ് വിചിത്രമായ ആ അനുഭവം ഉണ്ടാകുന്നത്.
“…വിശുദ്ധന്റെ കണ്ണുകൾ തുറന്നടഞ്ഞതായി എനിക്കു തോന്നി. വെറും തോന്നലാണോ! ഞാൻ പേടിയോടെ ശവപേടകത്തിലേക്കുതന്നെ നോക്കി. സംശയമില്ല, അതുതന്നെ: വിശുദ്ധന്റെ കണ്ണുകൾ ഒന്നുകൂടി തുറന്നു, പൊടുന്നനെ അടയുകയും ചെയ്തു. ഇത്തിരി കഴിഞ്ഞപ്പോൾ അതാ, സ്വർണപേടകത്തിന്റെ ചില്ലുവാതിൽ തുറന്നുവരുന്നു. തുരുമ്പിച്ച വിജാഗിരികൾ കരയുന്ന ശബ്ദം. ആ സമയത്ത്, മഞ്ഞ നിറമാർന്ന കൂടുതൽ തണുപ്പുള്ള ഒരു വെയിൽ മുറിയിലാകെ വ്യാപിച്ചു. ഒപ്പംതന്നെ ആദിമമായൊരു പൊടിപടലം പേടകത്തിൽനിന്നും ഉയരുന്നതു കണ്ടു.പിന്നീടുണ്ടായതാണ് കൂടുതൽ വിചിത്രം: ആ പൊടിപടലം ശ്വസിച്ചിട്ടെന്നവണ്ണം വിശുദ്ധൻ ഒന്നു തുമ്മി. വളരെ ദുർബലമായ ശബ്ദത്തിലായിരുന്നു അത്. എന്നാലും ആ ഒച്ച മുറിയാകെ പ്രകമ്പനം കൊണ്ടു. പൊടിപടലം കാറ്റിൽപെട്ടതുപോലെ നൃത്തം ചെയ്തു. അതൊന്ന് അടങ്ങിയപ്പോൾ അയാൾ തന്റെ വലതുകൈയിലുണ്ടായിരുന്ന ജപമാല ഇടതുകൈയിലേക്കു മാറ്റിയ ശേഷം, മെലിഞ്ഞു ദുർബലമായ ഇരു കൈകളും തന്റെ നെഞ്ചിനോടു ചേർത്തു പഴയപടി തുടർന്നു. പേടകത്തിന്റെ വാതിൽ സാവധാനം അടഞ്ഞു.”
ഈ സംഭവം അയാൾ പറഞ്ഞപ്പോൾ മ്യൂസിയത്തിലെ മറ്റു സന്ദർശകരാരുംതന്നെ വിശ്വസിക്കുന്നില്ല. വിശുദ്ധന്റെ വലതുകൈയിലിരുന്ന ജപമാല ഇടതുകൈയിലാണ് ഇപ്പോൾ ഉള്ളതെന്ന തെളിവ് ചൂണ്ടിക്കാട്ടിയിട്ടും അയാളെ അവർ കളിയാക്കുകയാണ്. എന്നാൽ, പിന്നീട് അവിടെ എത്തിയ മ്യൂസിയം സൂക്ഷിപ്പുകാരനായ മൂർത്തി അയാളെ വിശ്വസിക്കുന്നു എന്നു മാത്രമല്ല, തനിക്ക് സമാനമായ ഒരു അനുഭവമുണ്ടായത് അയാളോട് പറയുകയും ചെയ്യുന്നു. ഒരു കടൽത്തീര പട്ടണത്തിലെ മ്യൂസിയം സൂക്ഷിപ്പുകാരനായി ജോലി ചെയ്യുമ്പോൾ അവിടെ സൂക്ഷിച്ചിരുന്ന ഒരു പറങ്കി പാതിരിയുടെ മൃതദേഹം ഒരു ദിവസം എഴുന്നേറ്റ് അയാളോട് നീ പാപിയാണ് എന്നു പറയുകയും മനസ്സിലാകാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞ ശേഷം വീണ്ടും പെട്ടിയിലേക്കു വീണ് പഴയതുപോലെ കിടക്കുകയും ചെയ്തു. ആ പെട്ടിയിൽനിന്ന് വല്ലാത്ത ദുർഗന്ധം ഉയരുന്നതായും അയാൾക്കു തോന്നി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദുർഗന്ധം സഹിക്കാൻ വയ്യാതായപ്പോൾ ആ ശരീരം മറവു ചെയ്യേണ്ടി വന്നു. ഈ സംഭവം ഓർത്തുകൊണ്ട് മൂർത്തി അയാളോടു പറയുന്നു വിശുദ്ധന്റെ കാലം കഴിഞ്ഞതിന്റെ സൂചനയാണ് ഉണ്ടായതെന്നും അയാളുടെ ശരീരം താമസിയാതെ മറവു ചെയ്യേണ്ടി വരുമെന്നും. സൂക്ഷിപ്പുകാരൻ പറഞ്ഞതുപോലെ സംഭവിക്കുന്നു. കുറച്ച് ആഴ്ചകൾ കഴിഞ്ഞ് ആ ശരീരം അടങ്ങുന്ന പേടകം ജാഥയായി പുറത്തേക്കു കൊണ്ടുപോകുന്നത് കഥയിലെ ആഖ്യാതാവ് തന്റെ ഓഫീസിന്റെ മുകൾനിലയിലിരുന്നു കാണുന്നു.
4.
ഒരു മമ്മി ജീവൻവെച്ചു വരുകയും വീണ്ടും മരിക്കുകയും ചെയ്യുന്നത് മലയാള ചെറുകഥയിൽ മാത്രമല്ല, ലോകചെറുകഥാ ചരിത്രത്തിൽത്തന്നെ അത്യസാധാരണമായ ഭാവനയായിരിക്കും. സന്തോഷിന്റെ ചില കഥകളിൽ മായികയാഥാർഥ്യത്തിന്റെ സ്പർശം പ്രകടമാണെങ്കിൽപ്പോലും, ലൗകികാതീതത്വത്തിന്റെ ആവിഷ്കരണത്തിലെ ഒരു master class എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ കഥ രചിക്കാൻ യഥാതഥ്യമായ ഒരു ശൈലിയുടെ ഉടമയായ സന്തോഷിന് കഴിഞ്ഞു എന്നത് അദ്ഭുതാവഹമാണ്. ചെറുകഥയുടെ ആരംഭം മുതൽതന്നെ ‘the fanstastic’ എന്നു വിളിക്കപ്പെട്ടിട്ടുള്ള ഭാവത്താൽ ശ്രദ്ധ നേടിയ രചനകൾ ഉണ്ടായിട്ടുണ്ട്. ഏഡ്ഗാർ അല്ലൻ പോ (Edgar Allan Poe) 1843ൽ എഴുതിയ The Tell-Tale Heart, The Black Cat എന്നീ കഥകൾ ലൗകികാതീതമായ (supernatural) ലോകത്തിന്റെ സാന്നിധ്യത്താൽ ശ്രദ്ധ നേടിയവയാണ്. E. T. A. Hoffmann ന്റെ കഥകളെ വിശേഷിപ്പിക്കാൻ പത്തൊൻപതാം നൂറ്റാണ്ടിൽത്തന്നെ the fantastic എന്ന സംജ്ഞ ഉപയോഗിച്ചിട്ടുണ്ട്. ലൗകികാതീത പ്രമേയങ്ങൾ ചെറുകഥയിൽ അത്ര സാധാരണമൊന്നുമല്ലെങ്കിലും, അവ ചെറുകഥാ സൈദ്ധാന്തികരുടെ സവിശേഷ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ബൾഗേറിയൻ സാഹിത്യ നിരൂപകനായ സ്വെയ്താൻ തൊദോറോഫ് (Tzvetan Todorov) 1970 ൽ എഴുതിയ പുസ്തകം (ഇംഗ്ലീഷ് പരിഭാഷ The Fantastic: A Structural Approach to a Literary Genre, 1975) നിത്യജീവിതാനുഭവത്തിന്റെ നിയാമകതയെ തകർത്തുകൊണ്ടുള്ള ലൗകികാതീതത്വത്തിന്റെ തള്ളിക്കയറ്റം ചിത്രീകരിച്ചുകൊണ്ട് എഴുത്തുകാർ കഥകളെ എങ്ങനെ ലൗകികാതീതമാക്കുന്നു എന്നു പരിശോധിക്കുന്നു. ലൗകികാതീതത്വത്തിന്റെ അംശങ്ങളെ കഥകളിൽ സന്നിവേശിപ്പിക്കുന്നതിലൂടെ നിത്യജീവിതാനുഭവത്തിന്റെ പരിധികളെ ലംഘിച്ചുകൊണ്ട് എഴുത്തുകാർ വായനക്കാരെ പിടിച്ചുലയ്ക്കുന്നതിനെക്കുറിച്ച് തൊദോറോഫും മറ്റു നിരൂപകരും ചർച്ച ചെയ്തിട്ടുണ്ട്. നിത്യജീവിത യാഥാർഥ്യത്തിനപ്പുറമുള്ള അർഥതലങ്ങളെക്കുറിച്ച് ചിന്തിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നതാണ് സാഹിത്യരചനകളിലെ ലൗകികാതീതമായ അംശങ്ങൾ. എന്നാൽ സന്തോഷിന്റെ കഥയിൽ ആഖ്യാതാവിനുണ്ടാകുന്ന ലൗകികാതീതമായ അനുഭവം ഇങ്ങനെയൊരു തലത്തിൽ ഒതുങ്ങുന്നതല്ല. യുക്തിയുടെയും നിത്യജീവിതാനുഭവത്തിന്റെയും ലോകത്തുനിന്ന് പൊടുന്നനെ മായികമായ യാഥാർഥ്യത്തിലേക്ക് തുറക്കുന്ന ഈ കഥയിൽ, മറഞ്ഞുപോയ ഇന്നലെയുടെ ലോകം ഇന്നിന്റെ യാഥാർഥ്യത്തിലേക്ക് കടന്നുവരുന്നു. ഇന്നിനെയും ഇന്നലെയും ചേർത്തുവെച്ചുകൊണ്ട്, മൃത്യുവിന്റെ പശ്ചാത്തലത്തിൽ മാത്രം അർഥം സിദ്ധിക്കുന്ന ജീവിതത്തെ കാണിച്ചുതരുന്നു അത്. തികച്ചും യഥാതഥ്യമായ ഒരു കഥയുടെ പശ്ചാത്തലമായിട്ടാണ് സന്തോഷ് ലൗകികാതീതത്വത്തെ ഉപയോഗിച്ചിരിക്കുന്നത്. ആഖ്യാതാവും മൂർത്തിയുടെ ഭാര്യയും തമ്മിലുള്ള ഇടപഴക്കത്തെ നാം വായിക്കുന്നത് മമ്മിയുടെ ഉയിർപ്പിന്റെയും വീണ്ടുമുള്ള ശാശ്വതമായ മരണത്തിന്റെയും പശ്ചാത്തലത്തിലാണ്. കൃത്യമായി പറഞ്ഞാൽ മരണം എന്ന വലിയ സത്യത്തിന്റെ പശ്ചാത്തലത്തിൽ ജീവിതം എന്ന ചെറിയ സത്യത്തെ വായിക്കുന്നു ഈ കഥ. വായനക്കാർക്ക് എഴുത്തുകാരൻ നൽകുന്ന ഈ വീക്ഷണകോൺ ആണ് ‘മ്യൂസിയ’ത്തെ സവിശേഷമായ ഒരു കഥയാക്കുന്നത്. മ്യൂസിയം എന്ന കഥയിലേക്ക് ഉൾച്ചേർന്നിരിക്കുന്ന ലൗകികാതീതമായ കഥയുടെയും ലൗകികമായ കഥയുടെയും അർഥതലങ്ങൾ ഇഴപിരിച്ചുനോക്കാം.
5.
നിർജീവാവസ്ഥയിലേക്ക് (vegetative state) ആകർഷിക്കപ്പെടുന്ന മനുഷ്യന്റെ സഹജവാസനയുടെ- ഫ്രായിഡിന്റെ നിർവാണതത്വത്തിന്റെ- പ്രതീകം പോലെയാണ് ഈ കഥയിൽ മൂർത്തി എന്ന മ്യൂസിയം സൂക്ഷിപ്പുകാരൻ പ്രത്യക്ഷപ്പെടുന്നത്. അയാളിൽ വളർന്നുമുറ്റിനിൽക്കുന്ന മരണത്വര നമുക്കു കാണാതിരിക്കാൻ കഴിയില്ല. മരച്ചില്ലകൾ ഉലയുന്നത് ജനലിലൂടെ കാണുന്നത് അയാളെ അസ്വസ്ഥനാക്കിയപ്പോഴാണ് ആശുപത്രിയിലെ താഴത്തെ നിലയിൽനിന്ന് ആറാം നിലയിലേക്ക് അയാളെ മാറ്റിയത്. അവിടെ ജനലിലൂടെ കാണുന്ന ചലിക്കുന്ന മേഘങ്ങൾ അയാളെ കോപാകുലനാക്കുന്നു. അങ്ങനെ അയാളുടെ ഭാര്യ ജനാല പുതപ്പുകൊണ്ടു മൂടുന്നു. അയാൾ പിന്നീട് ജീവിതത്തിൽനിന്നു പിൻവലിഞ്ഞ് നിർജീവാവസ്ഥയിലേക്ക് സ്വയം ചുരുങ്ങി, ശബ്ദമില്ലാതെയും അനക്കമില്ലാതെയും ഉറക്കത്തിലെന്നപോലെ മാസങ്ങളായി കിടക്കുന്നു. വളരെ മുൻപുതന്നെ മരണത്തെ അയാൾ കാണാൻതുടങ്ങിയിരുന്നു. “കഷ്ടം, നമ്മുടെ കാലത്ത് ഒക്കെയും എളുപ്പത്തിൽ അഴുകിത്തീരുന്നു” എന്ന് അയാൾ ആഖ്യാതാവിനോടു പറയുന്നുമുണ്ട്. രണ്ടു മമ്മികളുടെ സൂക്ഷിപ്പുകാരനായിരിക്കുകയും അവ രണ്ടും വീണ്ടും മരിച്ച് അഴുകിനശിക്കുന്നതിനു സാക്ഷിയാവുകയും ചെയ്ത മൂർത്തി മറ്റൊരു മമ്മിയെപ്പോലെയായിത്തീരുകയും അയാളുടെ ഭാര്യ അയാളുടെ സൂക്ഷിപ്പുകാരിയാവുകയും ചെയ്യുകയാണ്. നിർവാണതത്വത്തിന്റെ ജൈവനൃത്തം മൂർത്തിയിലൂടെ നാം കാണുന്നു. മ്യൂസിയത്തിലെ മമ്മി അഴുകിനശിച്ച് ഇല്ലാതാകുന്നതിനു മുൻപ് തന്റെ പേടകത്തിൽ എഴുന്നേറ്റിരിക്കുകയും തുമ്മുകയും ചെയ്ത ശേഷം കൈയിലെ ജപമാല വലതുകൈയിൽനിന്ന് ഇടതുകൈയിലേക്കു മാറ്റിയതുപോലെ മൂർത്തിയും തന്റെ നിദ്രയിൽനിന്ന് പൊടുന്നനെ ഉണരുകയും ആഖ്യാതാവിനോട് സംസാരിച്ച ശേഷം വശംതിരിഞ്ഞു കിടക്കുകയും ചെയ്യുന്നു. നിർവാണതത്വം മമ്മിയിൽനിന്ന് മനുഷ്യനിലേക്കു നീളുന്നത് കഥാകൃത്ത് ഇങ്ങനെ ചിത്രീകരിക്കുമ്പോൾ, മരണത്തിൽ ലയിക്കുക എന്നതുമാത്രമാണ് ആത്യന്തികമായി ജീവിതത്തിന്റെ ലക്ഷ്യം എന്ന കറുത്ത ദർശനത്തിന്റെ ആവിഷ്കാരമായി മാറുകയാണ് ഈ കഥ. മരണം എന്ന വലിയ സത്യത്തിനു മുന്നിൽ ജീവിതം ഒരു ചെറിയ സത്യമായിത്തീരുന്നത് നാം അറിയുന്നു.
കഥ ഇത്രത്തോളം വിഭാവന ചെയ്യുന്നതുതന്നെ മികച്ച ഏതൊരു എഴുത്തുകാരനെയും തൃപ്തിപ്പെടുത്തിയെനെ. എന്നാൽ സന്തോഷ് അവിടെ അവസാനിപ്പിക്കുന്നില്ല. അങ്ങേയറ്റം യഥാതഥമായ മറ്റൊരു കഥയിലേക്ക് ലൗകികാതീതമായ കഥയെ സന്നിവേശിപ്പിക്കുകയാണ് എഴുത്തുകാരൻ. മമ്മിയുടെ ‘മരണ’ത്തിനു ശേഷം വളരെക്കാലം കഴിഞ്ഞ്, മൂർത്തി ആശുപത്രിയിലാണ് എന്നറിഞ്ഞ് അയാളെ സന്ദർശിക്കാനെത്തുന്ന ആഖ്യാതാവ് മൂർത്തിയുടെ ഭാര്യയെ അവിടെവെച്ചു പരിചയപ്പെടുന്ന സംഭവത്തിൽനിന്നാണ് കഥയുടെ തുടക്കം. അവിടെനിന്ന് ആഖ്യാതാവിന്റെ ഓർമകളിലൂടെ പുറകോട്ടു സഞ്ചരിച്ചുകൊണ്ടാണ് മമ്മിയുടെ കഥ എഴുത്തുകാരൻ പറയുന്നത്; യഥാതഥ്യത്തിൽനിന്ന് പൊടുന്നനെ ലൗകികാതീത്വത്തിലേക്കും മായികതയിലേക്കും ഒരു വാതിൽ തുറക്കുന്നതുപോലെ. ആശുപത്രിയിൽവെച്ച് കണ്ടുമുട്ടുന്ന മൂർത്തിയുടെ ഭാര്യയോട് നേരിയ ഒരു ആകർഷണമാണ് ആഖ്യാതാവിനു തോന്നുന്നത്. “ അവരെ കണ്ടാൽ അത്രയും പ്രായം തോന്നിക്കുകയില്ല. നരച്ചു എന്നു തോന്നിക്കാവുന്ന മുടിയിഴകളെല്ലാം മൈലാഞ്ചിയോ മറ്റോ പുരട്ടി നിറംമാറ്റിയെടുത്തിരിക്കുന്നു. നീല പടർന്ന കണ്ണുകൾ, ചെറിയൊരു കുങ്കുമപ്പൊട്ട്, മൂക്കുത്തി, ചെമപ്പു മായാത്ത ചുണ്ടുകൾ. നല്ല ചന്തമുണ്ട്, നോക്കിയിരിക്കാൻ തോന്നും.” എന്നാൽ അയാൾ ഒട്ടും സ്വതന്ത്രമായല്ല അവരോട് പെരുമാറുന്നത്. മൂർത്തിയുടെ ഭാര്യയാകട്ടെ, അയാളുടെ ഫോൺ നമ്പർ വാങ്ങുകയും അയാൾക്കു സന്ദേശങ്ങൾ അയക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. എന്നാൽ അവർ എത്രത്തോളം അടുക്കാൻ ശ്രമിക്കുന്നോ അത്രത്തോളം അയാൾ പിന്നോട്ടു മാറുകയാണ്. ജീവിതത്തിലേക്ക് ചായാൻ ശ്രമിക്കുന്ന ആ സ്ത്രീയും അവരോട് തോന്നുന്ന ആകർഷണത്തെ അടക്കി ഏകാന്തതയിലേക്കു പിൻവലിയാൻ ശ്രമിക്കുന്ന അയാളും തമ്മിലുണ്ടാകുന്ന കുറച്ചുദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഇടപഴക്കത്തിന്റെ ബലതതന്ത്രങ്ങളെ നാം എങ്ങനെയാണ് വായിക്കേണ്ടത്? അവർക്കിടയിൽ ഉരുവമെടുക്കുന്ന പരസ്പരാകർഷണത്തിന്റെ -ഫ്രായിഡിന്റെ ജീവത്വരയുടെ- മിടിപ്പുകൾക്കുപിന്നിൽ നിദ്രാരൂപമെടുത്ത മരണം ശയിക്കുകയാണ്. ആഖ്യാതാവ് ആശുപത്രിയിൽ കാണുന്ന മൂർത്തിയുടെ കുറച്ചുകൂടി അടുത്തുനിന്നുള്ള ദൃശ്യം പോലെയാണ് മ്യൂസിയത്തിലെ വിശുദ്ധന്റെ ജഡം അയാളുടെ ഓർമയിൽ പ്രത്യക്ഷപ്പെടുന്നത്. “ചില്ലുമൂടിയിലൂടെ നോക്കുമ്പോൾ ഒരു ഈജിപ്ഷ്യൻ മമ്മിയെപ്പോലെ വരണ്ടുവികൃതമായൊരു മനുഷ്യശരീരം കിടക്കുന്നതു കണ്ടു. ഭൂമിയിൽ സാധാരണമായി ജീവിച്ചുമരിച്ചുപോയവർക്കൊന്നും സാധ്യമല്ലാത്ത വിചിത്രമായൊരു മുഖഭാവമായിരുന്നു വിശുദ്ധന്. നിശ്ശബ്ദമായി അലറിവിളിക്കുന്നതുപോലെ തോന്നും. മരണനേരത്തുണ്ടായിരുന്ന അസഹ്യമായ ചില വേദനകളെക്കൂടി ആ മുഖത്ത് ഉണക്കി സൂക്ഷിച്ചിരിക്കുന്നതുപോലെ. കാലപ്പഴക്കത്താൽ നിറം മങ്ങിയ വസ്ത്രങ്ങൾ, ചുക്കിച്ചുളിഞ്ഞ തൊലി, അല്പം തുറന്നുപിടിച്ച വായിൽ ബാക്കിനിൽക്കുന്ന ദ്രവിച്ച പല്ലുകൾ. പോയ നൂറ്റാണ്ടുകളിൽ നിന്നുമുള്ള തണുപ്പ് ദംശിച്ചതുപോലെ അയാൾ കൈകാലുകൾ ചുരുക്കി തന്റെ ശരീരത്തോടുചേർത്ത് ഒതുക്കിവെച്ചിരിക്കുന്നു.” ഇതേ ഭീതി ഉയർത്തുന്ന ഒരു മമ്മിയെപ്പോലെയായിത്തീർന്നിരിക്കുകയാണ് മൂർത്തി അയാളുടെ ഭാര്യയ്ക്ക്. മുതലകൾ ഉറങ്ങുകയല്ല, ഉറക്കം നടിക്കുകയാണ് എന്നാണ് കോമയിൽ കിടക്കുന്ന മൂർത്തിയെക്കുറിച്ച് അവർ പറയുന്നത്. അയാൾ മരിക്കണം എന്നു താൻ ആഗ്രഹിച്ചിരുന്നതായും അവർ ആഖ്യാതാവിനോട് പറയുന്നുണ്ട്. മ്യൂസിയത്തിലെ മമ്മിയെ സൂക്ഷിച്ചിരുന്ന മുറിയിൽ തനിച്ചുനിൽക്കാൻ ആഖ്യാതാവിനു തോന്നിയ ഭയത്തോടു സമാനമായ ഒന്ന് അവരും അനുഭവിക്കുന്നുണ്ട്. ഈ അന്തരീക്ഷത്തിലാണ് മൂർത്തിയുടെ ഭാര്യയിൽ ആഖ്യാതാവിനോട് ആകർഷണം നാമ്പിടുന്ന, അതിസാധാരണമായ ജീവിതനാടകം അരങ്ങേറുന്നത്. തന്റെ ചുംബനത്തിന്റെ അടയാളം പതിഞ്ഞ തൂവാല അവർ അയാൾക്കു നൽകുന്നതും, അതിൽ സ്പർശിച്ച അയാൾ വൈദ്യുതാഘാതമേറ്റപോലെ സ്തംഭിച്ചുനിൽക്കുന്നതും ഒക്കെ നാം വായിക്കുന്നത് പിന്നിൽ പരന്നുകിടക്കുന്ന മരണത്തിന്റെ കറുത്ത അന്തരീക്ഷത്തിലാണ്. അവരോടു തോന്നുന്ന വികാരത്തെ ഉള്ളടക്കി അവരിൽനിന്ന് സാവധാനം പിൻവാങ്ങുകയാണ് അയാൾ. മ്യൂസിയത്തിലെ മമ്മി ജീവൻവെച്ച് അയാളോടു സംസാരിച്ചതുപോലെ, കോമയിൽകിടന്ന മൂർത്തി അയാളോട് സംസാരിച്ചതോടെയാണ് പെട്ടെന്നുതന്നെ മൂർത്തിയുടെ ഭാര്യയോടുള്ള അടുപ്പത്തിന് പൂർണവിരാമം ഇട്ടുകൊണ്ട് ആ പിൻവാങ്ങൽ അയാൾ പൂർത്തിയാക്കുന്നത്. നിങ്ങൾ ആശുപത്രിയിൽ രണ്ടുതവണ വന്നല്ലോ എന്നും എന്തിനാണ് നിങ്ങൾ ഇവിടെ വരുന്നത് എന്നും മൂർത്തി ആഖ്യാതാവിനോട് പരിഹാസധ്വനിയോടെ ചോദിക്കുന്നു. എന്നെ ഓർമിയില്ലേ എന്നു ചോദിക്കുന്ന ആഖ്യാതാവിനോട് ഓർമകൾ ഒടുങ്ങുന്നില്ല എന്നതാണ് എന്റെ പ്രശ്നം എന്നും അയാൾ പറയുന്നു. പറങ്കി പാതിരിയുടെ മൃതദേഹം നീ പാപിയാണ് എന്നു മൂർത്തിയോടു പറഞ്ഞതുപോലെയുള്ള ഒരു അനുഭവമായി മാറുന്നു ആ സന്ദർശനം ആഖ്യാതാവിന്. അതോടെ അയാൾ മൂർത്തിയുടെ ഭാര്യയിൽനിന്ന് എന്നെന്നേക്കുമായി അകലുകയാണ്. പ്രണയത്താൽ, ജീവിതത്താൽ അതായത് വെളിച്ചത്താൽ വഴിതെറ്റിക്കപ്പെടാതിരിക്കാൻ ഇരുട്ടിലേക്ക് പിൻവാങ്ങുകയാണ് അയാൾ. ജീവിതം എന്ന വെളിച്ചത്തിന്റെ ചെറുബിന്ദുവിനെ മരണമെന്ന മഹാപ്രഞ്ചത്തിന്റെ പശ്ചാത്തലത്തിൽ കാണാൻ കഴിയുന്ന ഒരു വീക്ഷണകോണിൽ വായനക്കാരെ കഥാകൃത്ത് കൊണ്ടുനിർത്തുകയാണ് ഇവിടെ.
6
“ഇരുട്ടുപോലെയല്ല വെളിച്ചം; അതിനു മനുഷ്യരെ വഴിതെറ്റിക്കാൻ സാധിക്കും” എന്ന ഒരു വാക്യം മാത്രം മതി, മരണത്തിൽനിന്നുള്ള താൽക്കാലികമായ വഴിതെറ്റലായി ജീവിതത്തെ കാണുന്ന കറുത്ത ദാർശനികചിന്തകളുടെ നിഴലാണ് ഈ കഥയിൽ പരക്കുന്നത് എന്നറിയാൻ. ദാർശനികമായ ജീവിതപ്രഹേളികകളിലേക്ക് ഭാവന ആകർഷിക്കപ്പെടുന്ന ഒരു ഘട്ടത്തിൽ എത്തിനിൽക്കയാണ് ഇ.സന്തോഷ്കുമാറിന്റെ എഴുത്തുജീവിതം. ജ്ഞാനഭാരം എന്ന നോവലും, ‘നാരകങ്ങളുടെ ഉപമ’, ‘പരുന്ത്’, ‘മ്യൂസിയം’ എന്നീ കഥകളും അതാണ് നമ്മോട് പറയുന്നത്. പൊടുന്നനെ ഉണ്ടായ ഒരു മാറ്റമല്ല അത്. ആദ്യകാല രചനകൾ മുതൽതന്നെ ദാർശനികമായ ഉൾക്കാഴ്ചകൾ സന്തോഷിന്റെ ഭാവനയിൽ ഉൾച്ചേർന്നിരിക്കുന്നുണ്ട്. എന്നാൽ പ്രമേയങ്ങൾതന്നെ തീവ്രമായ ദാർശിക സ്വഭാവം പ്രകടിപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. ദാർശനികതയുമായി മലയാളി വായനക്കാർ ചേർത്തുവയ്ക്കുന്ന ആനന്ദിന്റെ പാതയിൽനിന്ന് ഭിന്നമാണ് സന്തോഷിന്റെ ശൈലിയും പ്രമേയങ്ങളും. ലളിതമായ കഥാശില്പത്തിനുള്ളിലെ അസാധാരണമായ ഭാവനകളിലൂടെ വായനക്കാരെ വിഭ്രമിപ്പിക്കുന്ന ‘നാരകങ്ങളുടെ ഉപമ’, ‘പരുന്ത്’ എന്നീ കഥകളോട് ചേർത്തുവയ്ക്കാവുന്നതാണ് ‘മ്യൂസിയം’ എന്ന കഥയും. വായനക്കാരെ haunt ചെയ്ത ഈ മൂന്നു കഥകളുടെ പ്രമേയങ്ങൾക്കും സൂക്ഷ്മമായ ഒരു തുടർച്ചയുണ്ട്. മനുഷ്യന്റെ ഉള്ളിൽ താനറിയാതെ കുടികൊള്ളുന്ന മൃത്യുബോധത്തെയും അതിന്റെ വെളിച്ചത്തിൽ ജീവിതത്തെയും വായിക്കുന്ന കഥകളാണ് ഇവ മൂന്നും.

