രവിശങ്കർ എസ്. നായർ
Published: 10 November 2024 സാഹിത്യപഠനം
അഗ്നിയിൽ എഴുതപ്പെട്ടതെന്നു ഭാവിക്കുന്ന വാക്കുകൾക്കുവേണ്ടി
“പ്രകൃതിനിയമം” എന്ന നോവലിനെക്കുറിച്ച്
“എനിക്കെന്താണാവുക? അരക്ഷിതത്വത്തിനിടയിൽ കൊച്ചുകൊച്ചു കാൽവെപ്പുകൾ. ചെറിയ ചെറിയ മുറിവുണക്കലുകൾ. ചെറിയ ചെറിയ സാന്ത്വനങ്ങൾ. മനുഷ്യനായി ജീവിച്ചിരിക്കുമ്പോൾ എനിക്കാവുന്ന പ്രവൃത്തികൾ ഇത്രമാത്രം. അതിൽ ആനന്ദിക്കുക. അടുത്ത നിമിഷത്തിൽ കൊടുങ്കാറ്റിന്റെ വൻ ചുഴലിയാണ്. ആകട്ടെ. അത് അടുത്ത നിമിഷത്തിലല്ലേ? അപ്പോൾ കരണീയമെന്തെന്ന് ആർക്കറിയാം?”
1. ഊണുമേശയിലേക്കു തിക്കിത്തിരക്കിവരുന്ന കറുത്തുണങ്ങിയ കുട്ടികൾ
സി. ആർ പരമേശ്വരന്റെ ’പ്രകൃതിനിയമം’ എന്ന നോവലിനെയാകെ ആറ്റിക്കുറുക്കിയെടുത്ത ഒരു ദൃശ്യം ആ നോവലിലുണ്ട്. പേരില്ലാത്ത കഥാനായകൻ തന്റെ നവവധുവുമായി തീർഥാടകസംഘത്തോടൊപ്പം ഒരു പുരാതനനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുകഴിഞ്ഞ് കുതിരവണ്ടിയിൽ മടങ്ങുകയാണ്. ആയിരത്തിത്തൊള്ളായിരത്തി അൻപതുകളുടെ ആദ്യമാണ്. നെഹ്രുവിന്റെ ക്ഷേമരാഷ്ട്രത്തിലെ വൃത്തിയും ഭംഗിയുമുള്ള ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുകയാണ് അവർ. “പെട്ടെന്ന് ഇടുങ്ങി വൃത്തികെട്ട ഒരു ഗലിയിലേക്ക് തീർഥാടകസംഘത്തിന്റെ വാഹനങ്ങൾ പ്രവേശിച്ചു. ആദർശഗ്രാമത്തിന്റെ പുകമറയെ ഭേദിച്ചുകൊണ്ട് യഥാർഥ ഇന്ത്യ ഞങ്ങളുടെ മുന്നിലേക്കു കടന്നുവരുന്നു. കറുത്ത്, എല്ലുന്തി, കണ്ണുകളിൽ പ്രകാശം നശിച്ച, അസംഖ്യം കുട്ടികൾ. അവർ ഞങ്ങളുടെ കുതിരവണ്ടികളുടെ പിന്നിൽ ഓടി. ‘ഒരു പൈസ’, ‘ഒരു പൈസ’ എന്ന് യാചിച്ചുകൊണ്ടിരുന്നു. അവരുടെ ആരവംകൊണ്ട് ഞങ്ങളുടെ ചെവിടടഞ്ഞു. ഓരോ തിരിവിലും അവരുടെ അംഗസംഖ്യ വർധിച്ചുകൊണ്ടിരുന്നു. അസ്തമയാകാശത്തിന്റെ ചുകപ്പിനുനേരെ കുതിക്കുന്ന കുതിരവണ്ടികൾക്കിടയിൽ ഒന്നോ രണ്ടോ പെട്ടുപോകുമെന്ന് ഭയന്നു ഞാൻ കണ്ണുകളടച്ചു. ചില്ലറത്തുട്ടുകളും ബാക്കിവന്ന ഭക്ഷണപദാർഥങ്ങളും യാത്രക്കാർ അവർക്ക് എറിഞ്ഞുകൊടുത്തു. ഏകദേശം ഒരു മൈൽ ദൂരം ഓടി നിരാശനായി അവസാനത്തെ കുട്ടിയും തെല്ലിട കിതച്ചുനിന്നു തിരികെപ്പോയി.” () (പ്രകൃതിനിയമം, സി.ആർ. പരമേശ്വരൻ, ഡി.സി. ബുക്സ്, കോട്ടയം, 1998 (1986) p25) സാനറ്റോറിയത്തിലെ വാസം കഴിഞ്ഞ് തിരിച്ചെത്തി സാധാരണ ജീവിതത്തിലേക്കെത്താൻ ശ്രമിക്കുന്ന കഥാനായകന്റെ സമനില തെറ്റിക്കുന്നത് ഈ ദൃശ്യത്തിന്റെ ഓർമയാണ്. ഭാര്യ നൽകുന്ന ഗുളികകൾ കഴിക്കാതെ മനോരോഗത്തെ ചെറുത്തുനിൽക്കാൻ ശ്രമിക്കുന്ന അയാൾ ഊണുമേശയിലെത്തുമ്പോൾ കറുത്തുണങ്ങിയ ചെറിയ അസ്ഥികൂടങ്ങൾ പോലെ അഴുക്കിൽ മുങ്ങിയ പിഞ്ചുകുട്ടികൾ ഒടുങ്ങാത്ത വിശപ്പോടെ അവിടേക്കു തിക്കിത്തിരക്കുന്നത് അയാൾ കാണുന്നു. ഈ ഓർമയെ വിസ്മരിച്ചുകൊണ്ട് സാധാരണജീവിതം നയിക്കാനുള്ള ശ്രമം പരാജയപ്പെടുമ്പോഴാണ് കഥാനായകന് മനോരോഗം ഏറ്റുവാങ്ങേണ്ടിവരുന്നത്. അയാളിൽനിന്ന് അകന്നുപോകാത്ത കുറ്റബോധവും അതിലൂടെ ഉണ്ടാകുന്ന മനോവിഭ്രാന്തിയും അയാളെ ജീവിക്കുന്ന രക്തസാക്ഷിയാക്കുകയാണ്. തകർന്ന വിപ്ലവസ്വപ്നങ്ങൾ വിപ്ലവകാരിയായ മനുഷ്യനിൽ അവശേഷിപ്പിക്കുന്ന കുറ്റബോധവും ശൂന്യതയും വ്യർഥതാബോധവും അയാളെ പീഡിപ്പിക്കുന്നു. കഥാനായകനെ പീഡിപ്പിക്കുന്ന മനോരോഗമായിത്തീരുന്ന ദൃശ്യങ്ങൾ മറക്കാൻ കഴിയുന്ന മനുഷ്യരെയാണ് അയാൾ ചുറ്റും കാണുന്നത്. അധികാരം എന്നാൽ നിർബന്ധപൂർവം മറവികളെ സൃഷ്ടിക്കാനുള്ള ശക്തിയാണെന്നും അധികാരത്തിന്റെ പ്രക്രിയ ‘organised forgetting’ ആണെന്നും മിലൻ കുന്ദേര എഴുതിയത് ഉദ്ധരിച്ചുകൊണ്ട് സി.ആർ പരമേശ്വരന്റെ പല കൃതികളിലും ഈ ആശയം കടന്നുവരുന്നുണ്ടെന്ന് കെ.സി. നാരായണൻ ചൂണ്ടിക്കാണിക്കുന്നു. “ ‘ഒരു പ്രശ്നത്തിൽ അനീതിക്കു പരിഹാരം ലഭിച്ചില്ലെന്ന് നാം മറന്നു കഴിഞ്ഞാൽ, ജനങ്ങളെ മറക്കാൻ അനുവദിച്ചാൽ, പീഡകർ ആ മറവിയിൽ തഴയ്ക്കും. ജനങ്ങൾ ക്രമേണ എല്ലാം മറന്നുകൊള്ളുമെന്ന് ഉറപ്പുള്ളതിനാൽ. അടുത്ത അനീതി ആവർത്തിക്കപ്പെടുകയായി.’ (മനുഷ്യാവകാശങ്ങളെപ്പറ്റി: വിപൽസന്ദേശങ്ങൾ) ‘ഇന്ത്യൻ ജനതയുടെ ഏറ്റവും കൊടിയ ശാപം നിസ്തേജമാക്കപ്പെടുന്ന അതിന്റെ ഓർമശക്തിയാണ്.’ (അനുബന്ധക്കുറിപ്പുകൾ: വിപൽസന്ദേശങ്ങൾ) ‘ഘോരവും ആവേശകരവുമായ കത്തിപ്പടരലുകൾക്കുശേഷം ജനങ്ങൾ അത്താഴത്തിന് അടുപ്പുകൂട്ടുന്നു. മറവിയിൽ ജീവിതം തഴയ്ക്കുന്നു.’ (പ്രകൃതി നിയമം)”(കെ.സി. നാരായണൻ, ഓർമയും മറവിയും, ആമുഖപഠനം- പ്രകൃതിനിയമം, സി.ആർ. പരമേശ്വരൻ, 1998, p12) മറവിയുടെ ഭയാനകശക്തികൾക്കെതിരെ ഓർമശക്തി വീണ്ടെടുക്കുന്നതിന്റെ വെല്ലുവിളികളാണ് ‘പ്രകൃതിനിയമ’ത്തിന്റെ മൗലികമായ പ്രമേയം എന്ന് നാരായണൻ ഈ പഠനത്തിൽ നിരീക്ഷിക്കുന്നുണ്ട്. അൻപതുകളിൽ വിപ്ളവ പ്രസ്ഥാനത്തിൽ സജീവപ്രവർത്തകനായിരുന്ന ഒരു സഖാവ് വാർധക്യകാലത്ത് സാനറ്റോറിയത്തിലെ മനോരോഗചികിത്സയ്ക്കുശേഷം തന്റെ വീട്ടിൽ തിരിച്ചെത്തിയ ദിവസങ്ങളിൽനിന്നാണ് നോവൽ ആരംഭിക്കുന്നത്. അയാളുടെ ഭാര്യ കമലയും ഒപ്പമുണ്ട്. അയാൾ വീണ്ടും സാനറ്റോറിയത്തിൽ എത്തുന്നതുവരെയുള്ള ദിവസങ്ങളിലെ അയാളുടെ ചിതറിക്കിടക്കുന്ന ഓർമകളിലൂടെയും ചിന്തകളിലൂടെയും സ്വപ്നങ്ങളിലൂടെയും ഉള്ള സഞ്ചാരം ആണ് നോവൽ. ചിന്തകളുടെ ശൈഥില്യവും ആവർത്തിക്കുന്ന ചിന്തകളും ആഹ്ലാദത്തിന്റെ സ്പർശമില്ലാത്ത ഓർമകളും യാഥാർഥ്യങ്ങളെ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയും ചിന്തകൾ പകൽക്കിനാവുകളായി മാറുന്നതും തീവ്രമായ മനോരോഗത്തെ വെളിവാക്കുന്നു. കഥയിലൂടെ ആവിഷ്കരിക്കുന്നതിനെക്കാൾ കഥാനായകന്റെ ജീവിതാനുഭവത്തെ നാം സ്പർശിച്ചറിയുന്നത് ഉടഞ്ഞ കണ്ണാടിച്ചില്ലുകൾ പോലെ ചിതറിക്കിടക്കുന്ന ചിന്താഘടനയെ പ്രതിഫലിപ്പിക്കുന്ന ആഖ്യാനഘടനയിലൂടെയാണ്. കഥാനായകന്റെ ജീവിതാനുഭവങ്ങളോട് ചേർത്തുവയ്ക്കുമ്പോൾ ചിതറിക്കിടക്കുന്ന ചിന്തകളുടെ യുക്തിബന്ധങ്ങൾ വ്യക്തമാകുന്നു. വിപ്ലവത്തിലൂടെ സമത്വസുന്ദരമായ ലോകം കെട്ടിപ്പടുക്കുന്നതിനായി ജീവിച്ച ഒരാളുടെ വാർധക്യത്തിൽ ഓർമ സൃഷ്ടിക്കുന്ന പീഡയാണ് ‘പ്രകൃതിനിയമ’ത്തിൽ കഥയായി മാറുന്നത്. ഓർമയിലും മറവിയിലും പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചാണ് ആ കഥയിലൂടെ എഴുത്തുകാരൻ പറയുന്നത്. ഇന്ന്, നാളെ എന്നിവയെ മാത്രം അറിയുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും, ചരിത്രപരമായ തുടർച്ചയില്ലാത്തതായി തോന്നിപ്പിക്കുന്ന സങ്കീർണമായ വർത്തമാനകാലത്തിൽ മുഴുകിയിരിക്കുന്ന ആഗോള സമൂഹമാണ് നമ്മുടെതെന്നും സാൻഡ്ബെർഗ് നിരീക്ഷിക്കുന്നത് ഓർമിക്കാം. (Eric Sandberg, “The Past Is A Foreign Country”: On the Nostalgia of Literature, (in) History, Memory and Nostalgia in Literature and Culture, Edited by Regina Rudaitytė, Cambridge Scholars Publishing,UK, 2018 p25) ഈ സമകാലിക മനോഭാവത്തിനു വിരുദ്ധമാണ് ഭൂതകാലത്തിന്റെ പീഡ അനുഭവിക്കുന്ന ‘പ്രകൃതിനിയമ’ത്തിലെ കഥാനായകൻ. ഗൃഹാതുരത നിർമിക്കാനും നിലനിർത്താനും ശ്രമിക്കുമ്പോൾ കാണാതെ പോകുന്ന സത്യങ്ങളിലേക്ക് സമൂഹത്തിന്റെ മുഖം പിടിച്ചുതിരിക്കുന്ന കൃതിയാണ് ‘പ്രകൃതിനിയമം’. എൺപതുകളിലും തൊണ്ണൂറുകളിലും പുറത്തുവന്ന ‘ആയുസ്സിന്റെ പുസ്തകം’, ‘ഗോവർധന്റെ യാത്രകൾ’, ‘പെരുങ്കളിയാട്ടം’ തുടങ്ങിയ ശ്രദ്ധേയമായ നോവലുകൾ പോലെ ഭൗതികമായി ചെറുതും അതേസമയം തീക്ഷ്ണവുമാണ് ‘പ്രകൃതിനിയമ’വും. രൂപത്തിന്റെയും ആഖ്യാനത്തിന്റെയും പുതുമ കൊണ്ടും ശ്രദ്ധിക്കപ്പെട്ട നോവലാണ് അത്.
2. പീറ്റർ പുണ്യവാളന്റെ ചിരി
രാഷ്ട്രീയപ്രമേയം ഗൗരവമായി കൈകാര്യം ചെയ്യുന്ന അപൂർവം മലയാള നോവലുകളിൽ ഒന്നാണ് ‘പ്രകൃതിനിയമം’. കമ്യൂണിസത്തെക്കുറിച്ചുള്ള ചില പൊതുബോധ്യങ്ങളെ അതു നിരാകരിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകളെ ക്യാരിക്കേച്ചറുകളാക്കി അവതരിപ്പിച്ചിരിക്കുന്ന ‘ഖസാക്കിന്റെ ഇതിഹാസം’, കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് കേരളത്തിലുണ്ടായ മൂല്യശോഷണത്തെ വിമർശിക്കുന്ന എം. സുകുമാരന്റെ ‘ശേഷക്രിയ’ (1979) എന്നിവ പോലെയുള്ള ചുരുക്കം ചില അപവാദങ്ങൾ മാറ്റിനിർത്തിയാൽ, കമ്യൂണിസ്റ്റ് രാഷ്ട്രീയം മലയാള നോവലിൽ പ്രത്യക്ഷപ്പെടുന്നത് കൂടുതലും ഗൃഹാതുരതയോടെയാണ്. സുഖങ്ങളെല്ലാം ത്യജിച്ച് സമൂഹപുരോഗതിക്കായി ജീവിക്കുന്ന രക്തസാക്ഷികളായ കമ്യൂണിസ്റ്റു കഥാപാത്രങ്ങളെ പല നോവലുകളിലും കാണാം. രോഗത്താലോ ശാരീരികമായ മറ്റ് അവശതകളാലോ ഉണ്ടാകുന്ന പീഡകൾ തളർത്തുമ്പോഴും മറ്റുള്ളവർക്കായി ജീവിക്കുകയും സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കാണുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സഖാക്കൾ നിരവധി മലയാള നോവലുകളിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ പുരോഗമനാത്മകതയുടെയും മാനവികതയുടെയും പ്രതീകമാണ് മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളി’ലെ കുഞ്ഞന്തൻ മാഷ് മുതൽ നിരവധി കഥാപാത്രങ്ങൾ. എന്നാൽ ‘പ്രകൃതിനിയമം’ കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ രൂക്ഷവിമർശനമായിത്തീരുന്നു. കേരളത്തിന്റെ സാമൂഹിക ചരിത്ര സന്ദർഭങ്ങളിൽനിന്ന് പുറത്തേക്കു വളർന്ന് ആഗോളികമായ തലത്തിലേക്കു വികസിക്കുന്നതുമാണ് അതിലെ വിമർശനം. ‘എന്റെ ഈ ഭ്രാന്തമായ നടത്തമെങ്ങോട്ടാണ്, എന്റെ വസതി എവിടെയാണ്’ എന്ന് വൊൾക്കോവ് ആൻതനോവ് എന്ന കഥാപാത്രം ലെനിനോടു ചോദിക്കുന്ന ചോദ്യം കമ്യൂണിസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും, കമ്യൂണിസം എന്തുനേടി എന്നതിനെക്കുറിച്ചുമുള്ള ചോദ്യമായി മാറുന്നുണ്ട്. ‘തങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത തിരക്കോളിലെ സവാരി’ ആയിരുന്നു തന്റെ വിപ്ലവജീവിതം എന്ന് ‘പ്രകൃതിനിയമ’ത്തിലെ കഥാനായകനുണ്ടാകുന്ന തിരിച്ചറിവ് അയാളെ ചിത്തഭ്രമത്തിന്റെ ചുഴികളിലേക്കു തള്ളിയിടുന്നുവെങ്കിൽ വൊൾക്കോവ് ആൻതനോവ് ഈ തിരിച്ചറിവിന്റെ ആഘാതം അറിയാൻ കഴിയാത്ത വാർധക്യത്തിന്റെ ബുദ്ധിഭ്രംശത്തിലാണ്. പ്രത്യയശാസ്ത്രം അധികാരത്തിന്റെ മഹാസൗധങ്ങളായി മാറിക്കഴിയുമ്പോൾ ചൂഷിതർക്കായി പ്രസ്ഥാനത്തിന് എന്തു ചെയ്യാൻ കഴിഞ്ഞു എന്ന ചോദ്യമുയർത്തുന്ന സാധാരണ സഖാക്കൾക്ക് ചിത്തഭ്രമവും ബുദ്ധിഭ്രംശവും വിധിക്കപ്പെടുന്ന കാലമാണ് ഇത് എന്ന് നോവൽ സൂചിപ്പിക്കുന്നു. പീറ്റർ പുണ്യവാളന്റെ ഘോരമായ ചിരിയിലൂടെയാണ് നോവൽ കമ്മ്യൂണിസത്തിന്റെ പരാജയത്തെ പരിഹസിക്കുന്നത്. ‘ഇപ്പോൾ എന്തുപറയുന്നു? ആരാണ് ജയിച്ചത്? എന്നുമെന്നും ജയിക്കുന്നത് ഞാനും, മനുഷ്യന്റെ ഹീനചോദനകളും ദുരയും മാത്രം’ എന്ന് പീറ്റർ പുണ്യവാളൻ വൊൾക്കോവ് ആൻതനോവിനോട് പറയുന്നു.നോവൽ ഉയർത്തുന്ന ചോദ്യങ്ങളെ കാലത്തിന്റെ പശ്ചാത്തലത്തിൽ കാണുമ്പോഴാണ് പ്രമേയത്തിന്റെ സാർവദേശീയമായ സ്വഭാവം തെളിഞ്ഞുവരുന്നത്. ഏകദേശം 1988 ൽ ആരംഭിക്കുകയും 1991 ൽ പൂർത്തിയാവുകയും ചെയ്ത യു.എസ്.എസ്.ആറിന്റെ ശിഥിലീകരണത്തിനു തൊട്ടു മുൻപ് 1986 ലാണ് ‘പ്രകൃതിനിയമം’ പുറത്തുവരുന്നത്. കമ്യൂണിസ്റ്റു ഭരണകൂടങ്ങളോടുള്ള എതിർപ്പ് ശക്തമാവുകയും കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രം തന്നെ നിശിതമായ ചോദ്യം ചെയ്യലിനു വിധേയമാവുകയും ചെയ്ത ഈ കാലഘട്ടം ഉയർത്തിയ ചോദ്യങ്ങളാണ് ‘പ്രകൃതിനിയമ’ത്തിൽ മുഴങ്ങുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾ ആശയത്തിലും പ്രവർത്തനത്തിലും വലതുപക്ഷ പാർട്ടികളോടടുത്തു എന്ന വിമർശനം നിലനിന്നിരുന്ന കേരളത്തിൽ ഈ ചോദ്യങ്ങൾക്ക് പ്രത്യേക സാംഗത്യമുണ്ട് എന്ന വിശ്വാസം നോവലിസ്റ്റിനുണ്ടായിരുന്നിരിക്കണം. രാഷ്ട്രീയകക്ഷികളും രാഷ്ട്രീയക്കാരും ഉൾക്കൊള്ളുന്ന പ്രത്യക്ഷാനുഭവമല്ല, വിശ്വാസപ്രമാണത്തിന്റെ തലത്തിലുള്ള രാഷ്ട്രീയമാണ് പരമേശ്വരൻ വിഷയമാക്കിയിരിക്കുന്നത്. എങ്കിലും കേരളത്തോടുള്ള ബന്ധം വ്യക്തമാണ്. ഗൃഹാതുരത്വത്തിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്ക് യാഥാർഥ്യത്തിന്റെ ആഘാതമേല്പിക്കുകയാണ് ഈ നോവൽ.
3. സ്ഥലം എന്ന രൂപകം
മുതിർന്ന ഒരാൾക്ക് ചെറുതെന്ന് അനുഭവപ്പെടുന്ന മുറി ഒരു ചെറിയ കുട്ടിക്ക് വലിയ മുറിയായി തോന്നാം. താൻപഠിച്ച സ്കൂൾമുറിയിലേക്ക് വർഷങ്ങൾക്കുശേഷം എത്തുന്ന ഒരാൾക്ക് തന്റെ ഓർമയിലെ ക്ലാസ്മുറിയെക്കാൾ യഥാർഥത്തിൽ വളരെ ചെറുതാണ് ആ മുറി എന്നു തോന്നുന്നതും ഇതുകൊണ്ടാണ്. ഗ്രാഹകന് (subject) ഉണ്ടാകുന്ന മാറ്റങ്ങൾ അനുഭവത്തെയും മാറ്റിമറിക്കുന്നു. സ്ഥലാനുഭവവും ഇങ്ങനെ മാറുന്നു. സമൂഹചരിത്രത്തിന്റെ പ്രതിഫലനമാണ് വിശാലമായ വീക്ഷണത്തിൽ സ്ഥലത്തിൽ തെളിയുന്നതെങ്കിൽ വ്യക്തിക്ക് സ്ഥലം തന്റെതന്നെ ചരിത്രത്തിന്റെ പ്രതിനിധാനമാണ്. താൻ വളർന്നതിന്റെയും പരിണമിച്ചതിന്റെയും സാക്ഷ്യങ്ങൾ സ്ഥലത്തിൽ വ്യക്തി വായിക്കുന്നു. സ്ഥലത്തിനു ഭൗതികമായ പരിണാമം സംഭവിച്ചോ ഇല്ലയോ എന്നതിനെക്കാൾ വ്യക്തിയുടെ ഓർമയും അനുഭവവും വീക്ഷണവും ആണ് സ്ഥലാനുഭവത്തെ നിർവചിക്കുന്നത്. സ്ഥലത്തിനു സംഭവിക്കുന്ന മാറ്റം ‘പ്രകൃതിനിയമ’ ത്തിൽ ആവർത്തിക്കുന്ന രൂപകമാണ്. കഥാനായകൻ താമസിക്കുന്ന കോളണിതന്നെ പ്രമേയത്തിന്റെ സൂചകമാണ്. ഓർമയിലെ സ്ഥലവും യഥാർഥ സ്ഥലവും തമ്മിലുള്ള പൊരുത്തക്കേടിനാൽ പീഡിപ്പിക്കപ്പെടുകയാണ് അയാൾ.‘അർശോരോഗികളുടെ കമ്യൂൺ’ എന്നറിയപ്പെടുന്ന, പുരോഗമനവാദികളായ ഇടത്തരക്കാർ താമസിക്കുന്ന കോളണിയാണ് നോവലിന്റെ പരിസരം. അരിയോ മണ്ണെണ്ണയോ തൊഴിലോ ലഭിക്കാത്ത ഒരു പൂർവകാലം ആ കോളനിക്കുണ്ടായിരുന്നു. നാൽപ്പതുകളിൽ. ചെറുകുടിലുകൾ നിറഞ്ഞ കായൽത്തീരത്തെ മനുഷ്യർ അതിരുകടന്ന ആത്മബോധം പ്രകടമാക്കുകയും ജന്മവാസന പോലെ കുരുത്ത പകയിൽ തെരഞ്ഞെടുപ്പുകളിലും മാടമ്പിജീവിതങ്ങളിലും അലോസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തപ്പോൾ പകുതി ഭയത്തോടും പകുതി പരിഹാസത്തോടും രാജഭക്തരും കോൺഗ്രസ്സുകാരും നൽകിയ പേരാണ് കമ്യൂൺ. പിന്നീട് കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരുകയും പഴയ ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും പത്രപ്രവർത്തകരും അവിടെ താമസിക്കാൻ തുടങ്ങുകയും ചെയ്യുന്നു. കമ്യൂണിന് ക്രമേണ ഭരണകൂടത്തിന്റെ അംഗീകാരം ലഭിക്കുന്നു എന്നു മാത്രമല്ല, അത് ഭരണകൂടം തന്നെയായി മാറുന്നു. സമരപാരമ്പര്യവും രക്തസാക്ഷികളുടെ പൈതൃകവും ഉയർത്തിക്കൊണ്ട് മദാലസമായ ഭാവം കൈവരിച്ച കമ്യൂണിന് എഴുപതുകളിലെ ചെറുപ്പക്കാർ ‘അർശോരോഗികളുടെ കമ്യൂൺ’ എന്ന പരിഹാസപ്പേരു നൽകുന്നു. കമ്മ്യൂൺ നിവാസികൾ പണ്ട് ഒറ്റുകാരെ പേടിച്ചിരുന്നെങ്കിൽ ഇന്ന് അവർക്ക് ഒറ്റുകാരുടെ മുഖമാണെന്ന് കഥാനായകന് തോന്നുകയാണ്. ഇടതുരാഷ്ട്രീയത്തിന്റെ അപചയത്തിന്റെ രൂപകമായിട്ടാണ് കമ്യൂൺ നോവലിലെ ആദ്യവാക്യത്തിൽത്തന്നെ പ്രത്യക്ഷപ്പെടുന്നത്.
ബുദ്ധജൈന സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ നിറഞ്ഞ ഒരു പുരാതനനഗരത്തിൽ നവദമ്പതികളായി കഥാനായകനും കമലയും നടത്തിയ യാത്രയുടെ ഓർമയിലൂടെ കമ്യൂൺ എന്ന രൂപകത്തിന്റെ സ്ഥലകാല അതിരുകൾ വികസിക്കുകയാണ്. അവശിഷ്ടങ്ങളുടെ നിശ്ശബ്ദതയിൽ അവയിൽനിന്നു വേർപെടുത്താനാവാത്തവിധം ചെമ്മണ്ണു പുരണ്ട വസ്ത്രങ്ങൾ ധരിച്ച ഒരു ഗൈഡ്. അയാൾ ജീർണതയുടെ പുരവൃത്തങ്ങളെക്കുറിച്ച് വാചാലനാകുന്നു. “ ‘ജനകോടികൾ! നീ തന്നെ നിന്റെ രക്ഷകൻ എന്നു പറഞ്ഞ ബുദ്ധനെ അവർക്കു മടുത്തു. ഒറ്റ വസ്ത്രവും ഭിക്ഷത്തൊണ്ടും മാത്രം സ്വന്തമായി ഉണ്ടായിരുന്ന ബുദ്ധന്റേയും ശിക്ഷ്യന്മാരുടെയും തലമുറ കടന്നുപോയി. യുദ്ധങ്ങളിൽനിന്നും ബ്രാഹ്മണപീഡനത്തിൽനിന്നും ശരണാർഥികളായി വന്ന ജനങ്ങൾ ഒട്ടുനാൾ കഴിഞ്ഞപ്പോൾ അക്ഷമരായി പറഞ്ഞു. ഈ തത്വങ്ങൾ അതിലളിതം. എന്നാൽ ഈ ലളിതസത്യങ്ങൾ അനുശാസിക്കുന്ന വിരക്തജീവിതരീതിയോ അതികഠിനം. എല്ലാം ഉദാരമാക്കുക. ബ്രാഹ്മണമന്ത്രങ്ങളെ വെല്ലുന്ന വാക്ജാലങ്ങളുണ്ടാകട്ടെ. ആഘോഷങ്ങളും സങ്കീർണാനുഷ്ഠാനങ്ങളും ഉണ്ടാവട്ടെ. ത്രിമൂർത്തികളെ വെല്ലുന്ന ദൈവങ്ങളുണ്ടാകട്ടെ. എല്ലാം ഉദാരമാക്കുക.’ ” (28) ഗൈഡിന്റെ അശുഭദർശനവും ജീർണതയുടെ പുരവൃത്തങ്ങളും അന്ന് കഥാനായകന് സഹിക്കാനാവുമായിരുന്നില്ല. ഓർമയിലെ തരളതയുടെയും സജീവതയുടെയും ചിത്രങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് അയാൾ. കുതിരവണ്ടിയിൽ കയറി പട്ടണത്തിലേക്ക് പെട്ടെന്നുതന്നെ തിരിച്ചുപോവുന്നു അയാൾ. ഇവിടെയും നൻമയുടെയും ആശയുടെയും മനുഷ്യത്വത്തിന്റെയും പ്രത്യയശാസ്ത്രത്തെ ദുരയും സ്വാർഥതയും തകർത്തതിന്റെ പ്രതീകമായിത്തീരുകയാണ് സ്ഥലം. കഥാനായകൻ വായിക്കുന്ന സോവിയറ്റ് പ്രസിദ്ധീകരണത്തിൽ വൊൾക്കോവ് ആൻതനോവ് എന്ന തൊണ്ണൂറു വയസ്സുളള ഒക്ടോബർ സമരയോദ്ധാവിന്റെ അനുസ്മരണത്തിലും സ്ഥലത്തിന്റെ മാറ്റം കടന്നുവരുന്നു. ലെനിനോടൊപ്പം സമരംചെയ്ത നഗരഭാഗങ്ങൾ കാണാനായി നഗരത്തിലൂടെ നടക്കുന്ന ആ സഖാവിന് ചുറ്റുപാടുകൾ എല്ലാം- കെട്ടിടങ്ങളും നിരത്തുകളും ആളുകളും- മഞ്ഞനിറം പൂണ്ടിരിക്കുന്നതായി തോന്നുന്നു. പ്രതീക്ഷയുടെയും ആവേശത്തിന്റെയും നിറങ്ങൾ നഷ്ടപ്പെട്ടുകഴിഞ്ഞ മനസ്സുകളുടെ ചിത്രങ്ങളാണ് ഇവയെല്ലാം. സ്ഥലത്തിനാണോ അതോ സ്ഥലത്തെ അനുഭവിക്കുന്ന വ്യക്തിക്കാണോ മാറ്റം സംഭവിച്ചതെന്ന ചോദ്യം ഇവിടെയെല്ലാം ഉയരുന്നു. ചെറിയ ക്ലാസ്മുറിയിൽ നിന്നുകൊണ്ട് തന്റെ ഓർമയിലെ വലിയ ക്ലാസ് മുറിയെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കുട്ടിയെപ്പോലെ ഓർമയിലെ സ്ഥലത്തിനായി ആഗ്രഹിക്കുകയാണ് കഥാനായകൻ. അതിലൂടെ ജീവിതത്തിന്റെ മാറിയ അർഥങ്ങളെ തിരുത്തിയെഴുതാൻ കഴിയുമോ എന്നു ശ്രമിക്കുകയുമാണ് അയാൾ. സ്ഥലങ്ങളുടെ പരിണാമത്തിൽ ആശയങ്ങളുടെ വാർധക്യത്തെയാണ് കഥാനായകനും വൊൾക്കോവ് ആൻതനോവും കാണുന്നത്. വിപ്ലവത്തിനു പ്രതിവിധി വാർധക്യമാണെന്ന് ഒ.വി. വിജയന്റെ ‘ഗുരുസാഗര’ത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. വിപ്ലവകാരിക്കു മാത്രമല്ല, വിപ്ലവത്തിനും- വിപ്ലവാദർശത്തിന്, പ്രത്യയശാസ്ത്രത്തിന്-വാർധക്യവും മരണവുമുണ്ടെന്ന തിരിച്ചറിവാണ് പേരില്ലാത്ത കഥാപാത്രത്തെ പീഡിപ്പിക്കുന്നത്. വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രം അശ്ലീലതയായിക്കഴിഞ്ഞതായി അയാൾ കാണുന്ന ഭ്രമദൃശ്യങ്ങൾപോലും അയാളോടു പറയുന്നുണ്ട്. ഭരണകൂടത്തിന്റെ കൊഴിഞ്ഞുവീഴൽ മഹോത്സവം ആഘോഷിക്കുന്ന ഒരു ദേശത്ത് അയാൾ എത്തിച്ചേരുമ്പോൾ വിശുദ്ധ കന്യാമറിയത്തിന്റെ പ്രതിമയെ ചുറ്റിനടന്ന് നാലഞ്ചു ഫിലിപ്പൈൻ സഖാക്കൾ മൂത്രമൊഴിക്കുന്നത് കാണുകയാണ്. അവർ പ്രതിമയ്ക്കുനേരെ അശ്ലീലകരമായ ആംഗ്യങ്ങളും കാണിക്കുന്നു.
“എല്ലാ മതങ്ങളുടെയും എല്ലാ ജനതയുടെയും കഥ ഇതാണ്. ഘോരവും ആവേശകരവുമൊക്കെയായ കത്തിപ്പടരലിനു ശേഷം ജനങ്ങൾ അത്താഴത്തിനായി അടുപ്പു കൂട്ടുന്നു. സ്വന്തപ്പെട്ടവരുടെ വേർപാടിന്റെ കണ്ണുനീർ തുടച്ച് അവർ പുതിയ ജീവിതം തളിർപ്പിക്കുന്നു. മറവിയിൽ തഴയ്ക്കുന്നു. വലിയ വലിയ ചരിത്രസ്മാരകങ്ങൾക്ക് അരികെ അവർ മലവിസർജനം നടത്തുന്നു. എല്ലാ മതങ്ങളുടെയും കഥയിതാണ്. ജനങ്ങൾ സ്വയം തോല്പിച്ച മൂഢകഥ.”
4. കൗമാരം, യൗവനം, ജര…
തന്റെ ഉള്ളിൽ ആറ്റംബോംബിരിക്കുന്നതിന്റെ ഭീതിയിലാണ് താനെന്ന് മനോരോഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പതിനേഴുവയസ്സുകാരിയായ ഒരു പെൺകുട്ടി തന്നോട് പറഞ്ഞത് പ്രശസ്ത മനോരോഗവിദഗ്ധനായ ആർ.ഡി. ലെയിങ് അനുസ്മരിക്കുന്നുണ്ട്. (The Divided Self- An Existential Study in Sanity and Madness) ‘പ്രകൃതിനിയമ’ത്തിലെ കഥാനായകന്റെ ഊണുമേശയിലേക്കു തിക്കിത്തിരക്കുന്ന കറുത്തുണങ്ങിയ അസ്ഥികൂടങ്ങൾ പോലെയുള്ള പിഞ്ചുകുട്ടികളും അയാളുടെ ഉള്ളിൽനിന്നുവരുന്നതാണ്. കഥാനായകന്റെ മനോരോഗത്തിന് വലിയൊരു അർഥമുണ്ട്. ഭ്രാന്തില്ലാത്ത മനസ്സ് ഭ്രാന്തുപിടിച്ച ലോകത്തോടു നടത്തുന്ന തികച്ചും യുക്തിസഹമായ പൊരുത്തപ്പെടലായിട്ടാണ് ലെയിങ് മനോരോഗത്തെ കണ്ടത്. പീഡിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുന്നവരെയും സ്വാർഥതയുടെ ഭ്രാന്തു കാരണം കാണാനാകാത്ത സമൂഹത്തോടുള്ള കഥാനായകന്റെ പ്രതികരണമാണ് അയാളുടെ മനോരോഗം. ഒരേസമയം കുറ്റബോധത്തിന്റെയും നിരാശയുടെയും അനുതാപത്തിന്റെയും പുറത്തൊഴുക്ക്. അയാളിലെ മരിക്കാത്ത മനുഷ്യത്വത്തിന്റെ സൃഷ്ടി. വിപ്ലവജീവിതത്തിലേക്ക് പ്രചോദിപ്പിച്ച ഇത്തരം ദൃശ്യങ്ങളെ പ്രത്യയശാസ്ത്രത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ മറവിയിലേക്കു തള്ളുന്ന ഒരു കാലവുമായി പൊരുത്തപ്പെടാൻ കഴിയാത്തതാണ് കഥാനായകന്റെ പരാജയം. ‘മധുരമായതും സുഗമമായതും സുഖകരമായതുമായി മനുഷ്യനു വീണുകിട്ടുന്ന കാര്യങ്ങളിലിടപെടാൻ ഞാനിപ്പോഴും സജ്ജനായിട്ടില്ല. അവ ആസ്വദിക്കുന്നതിലെ വീർപ്പുമുട്ടൽ സഹിക്കാൻ ഇപ്പോഴുമെനിക്കാവില്ല’ എന്ന് കഥാനായകൻ തന്നെ ആ പരാജയത്തെ തിരിച്ചറിയുന്നു. കഥാനായകന്റെ പ്രതിരൂപമായി തെരുവിൽ അന്തിയുറങ്ങുന്ന മദ്യപനായ ഒരു ചെറുപ്പക്കാരൻ നോവലിൽ കടന്നുവരുന്നുണ്ട്. ഉന്മാദിയായ പ്രവാചകനെപ്പോലെ കോളണിയിലെ പഴയ കമ്യൂണിസ്റ്റുകാരെ ഉറക്കെ പരിഹസിച്ചുനടക്കുന്ന അയാളുടെ ആത്മഹത്യക്കുറിപ്പിലും മനോരോഗത്തിന്റെ നിഴലുണ്ട്. അയാൾ നടന്നുപോകുന്ന പാതയ്ക്കരുകിലെ ചൂളമരങ്ങൾ ‘കൗമാരം, യൗവനം, ജര’ എന്നു മന്ത്രം പോലെ ഉരുവിടുന്നത് അയാൾ കേൾക്കുന്നു. പിന്നീട് മണൽത്തരികളും തെങ്ങിൻനിരകളും പാതിചന്ദ്രനും നക്ഷത്രങ്ങളും ഒക്കെ ഈ മന്ത്രം ഏറ്റെടുക്കുകയാണ്. ചെവിടടപ്പിക്കുന്ന ആ ശബ്ദപ്രളയത്താൽ അയാൾ പീഡിപ്പിക്കപ്പെടുന്നു. ഈ ഭ്രമാത്മക ശബ്ദങ്ങൾക്ക് നോവലിന്റെ പശ്ചാത്തലത്തിൽ തീവ്രമായ അർഥമുണ്ട്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സഖാക്കളെ മനോരോഗചികിത്സയ്ക്ക് അയക്കുന്നതിനെക്കുറിച്ച് നോവലിലെ പരാമർശം മനോരോഗം എന്ന രൂപകത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ്. കഥാനായകന്റെ മനോരോഗവും അയാളിൽ അടിച്ചേല്പിക്കപ്പെടുന്നതാണ്. ആനന്ദിക്കുന്നതും ജീവിതം ആസ്വദിക്കുന്നതും അയാളിൽ കുറ്റബോധവും ഭീതിയും നിറയ്ക്കുന്നു എന്നതാണ് അയാളുടെ വിപ്ലവജീവിതത്തിന്റെ ബാക്കിപത്രം. എപ്പോഴും പൊട്ടിച്ചിരിക്കുന്ന ജനാർദനൻ എന്ന ചെറുപ്പക്കാരന്റെ നവവധുവിനോട് അയാൾ പറയുന്നുണ്ട് എപ്പോഴും പൊട്ടിച്ചിരിച്ചാൽ ശിരസ്സിലേക്കുള്ള ഞരമ്പുകളുടെയും ക്യാപ്പില്ലറികളുടെയും ആയാസം കൂടി അവ പൊട്ടിത്തകർന്ന് രക്തസ്രാവം ഉണ്ടാകും എന്ന്. വാർധക്യത്തിന്റെ ബുദ്ധിഭ്രംശത്തിൽ അഭയം തേടാനാകാത്ത വിപ്ലവകാരിക്ക് മനോരോഗം മാത്രമേ അഭയം നൽകൂ എന്ന് നോവൽ സൂചിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് തത്വചിന്തകരായ ഴീൽ ദെല്യൂസും ഫെലിക്സ് ഗുഅത്താറിയും ചേർന്നെഴുതിയ Capitalism and Schizophrenia എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ‘പ്രകൃതിനിയമ’ത്തിലെ നായകന്റെ മനോരോഗം ശ്രദ്ധേയമാണ്. മുതലാളിത്ത സമൂഹത്തിന്റെ ഒരു ഉൽപന്നമാണ് സ്കിസോഫ്രീനിയ എന്നാണ് പ്രസ്തുത പുസ്തകത്തിലെ വീക്ഷണം. എന്നാൽ പ്രകൃതിനിയമം നമുക്കു കാണിച്ചുതരുന്നത് മനുഷ്യനെ അടിച്ചമർത്തുന്ന എന്തും, ആ അടിച്ചമർത്തൽ മനസ്സിലാക്കാൻ കഴിയുന്ന മനുഷ്യനെ മനോരോഗത്തിലേക്കു നയിക്കുന്നു എന്നാണ്.
മനോരോഗത്തിലെ ശൈഥില്യം നോവലിന്റെ ഘടനയിലേക്കുതന്നെ ആവാഹിക്കാൻ കഴിഞ്ഞ നോവലാണ് ‘പ്രകൃതിനിയമം’. സംഭവങ്ങളിലും ചെയ്തികളിലും കൂടെയല്ല, താളം തെറ്റിയ മനസ്സിന്റെ ഓർമകളിലൂടെയും ഭ്രമാത്മകമായ സഞ്ചാരങ്ങളിലൂടെയുമാണ് നോവൽ വികസിക്കുന്നത്. അത്യന്തം അയഞ്ഞ പ്ലോട്ടും, ഓർമകളിലൂടെയും ഭ്രമാനുഭവങ്ങളിലൂടെയും മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന സ്വഭാവവുമാണ് നോവലിന്റെ പുതുമയാർന്ന ആഖ്യാനഘടനയുടെ അടിസ്ഥാനം. കഥാനായകന്റെ മനോവിഭ്രാന്തി പുറത്തുനിന്നുള്ള ഒരു ദൃശ്യമായല്ല വായനക്കാർ അറിയുന്നത്. മനോവിഭ്രാന്തിയുടെ സമയങ്ങളിൽ അയാളുടെ മനസ്സിലൂടെ കടന്നുപോകുന്ന വിഭ്രാമക ദൃശ്യങ്ങൾക്ക് അയാളുടെ ജീവിതത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ വലിയ അർഥങ്ങൾ വിനിമയം ചെയ്യാൻ കഴിയുന്നുണ്ട്. കഥാനായകനും ഭാര്യയും കമ്മ്യൂണിൽനിന്ന് വേമ്പനാട്ടുകായലിലൂടെ നടത്തുന്ന ബോട്ടുയാത്രയിൽ കപിലയുടെ തീരത്തെത്തുകയും ഫലഭൂയിഷ്ഠമായ ഒരു ഭൂമി കാണുകയും ചെയ്യുന്നുണ്ട്. അയാളോർക്കുന്നു: “മനുഷ്യർ ഇവിടെ ക്ലാന്തതയും ക്ഷീണവും വൈകൃതവും യാതനയുടെ മുറിവുകളും മുഖച്ചുളിവുകളും പോക്കി വീണ്ടും യൗവനപ്രാപ്തരാകും. ജീവിതത്തിൽ പറ്റിയ തെറ്റുകളെല്ലാം തിരുത്തി ഒരിക്കൽക്കൂടി പുതുപുത്തനായി ജീവിച്ചുതുടങ്ങാനാകും.” (83) വിപ്ലവജീവിതത്തിലൂടെ അയാൾ സ്വപ്നം കണ്ടിരുന്ന സമത്വസുന്ദരമായ ലോകമാണത്. ഫലഭൂയിഷ്ഠമായ ആ ഭൂമി അവരെ വികാരവിവശരാക്കുന്നു. നമ്മളെന്നും സ്വപ്നം കണ്ടിരുന്ന കറുത്ത കുട്ടികളെ നീ ഇവിടെവെച്ചു പ്രസവിക്കുമെന്നും ഭൂമിയിൽ സകല മനുഷ്യർക്കും ലഭിക്കേണ്ടുന്ന അവകാശങ്ങളെപ്പററി അവരോടു നാം പറയുമെന്നും അവരിലൂടെ യഥാർഥ കമ്യൂൺ നിലവിൽവരുമെന്നും അയാൾ കമലയോടു പറയുന്നു. അയാൾ പ്രേമത്തോടെ അവളെ തൊട്ടപ്പോൾത്തന്നെ അവൾ ഗർഭിണിയാവുകയാണ്. എന്നാൽ പിന്നീട് അവൾ അവിടെ കാണുന്ന അവസാനിക്കാത്ത അമ്പലങ്ങൾ ചുറ്റിക്കൊണ്ട് തിരിച്ചുവരാനാകാത്തവിധം അകന്നുപോവുകയാണ്. ഈ സ്വപ്നം അല്ലെങ്കിൽ വിഭ്രാമക ദൃശ്യം-പൂഴിപ്പരപ്പായി മാറിയ വാഗ്ദത്തഭൂമിയും അവൾ പ്രസവിക്കാത്ത കുഞ്ഞുങ്ങളും അകന്നുപോകുന്ന ഭാര്യയും – അയാളുടെ ജീവിതത്തിന്റെ ഒരു ചുരുക്കമാണ്. കഥാനായകന്റെ മനോരോഗാവസ്ഥയുടെ അനുഭവം- വ്യർഥതാബോധവും നിരാശയും അകാരണമായ ഭീതിയും കുറ്റബോധവും ആഹ്ലാദത്തെ നിരസിക്കുന്ന മനോഭാവവും (anhedonia) എല്ലാം ഒന്നുചേർന്ന മാനസികാവസ്ഥ- നോവലിൽ നിറഞ്ഞുപരക്കുന്നു. നോവലിന്റെ അവസാനം അനന്തകാലത്തിന്റെ വാതിൽ തുറന്നുകാണുമ്പോൾ അയാളുടെ ചിന്തയിൽ ഇതെല്ലാം നിഴലിക്കുന്നു. “ഏതു വൻദുരന്തവും അതിലളിതം. ഒരു പുതുമയുമില്ല. ചൂടാറത്ത ചോര വറ്റിപ്പോകുന്നു. മാരിപെയ്ത് അത് കഴുകിപ്പോകുന്നു. മൃതദേഹങ്ങൾ അഴുകിയലിഞ്ഞ് മണ്ണാകുന്നു. വീണ്ടും ജനിക്കുന്നു. ഉദിക്കുന്നു. അസ്തമിക്കുന്നു. പൂക്കുന്നു. ഒരു പുതമയുമില്ല. ദുരന്തങ്ങളെയെല്ലാം ഞാൻ സാമാന്യവല്കരിച്ചു. വർത്തമാനദുഃഖങ്ങളെ അങ്ങനെ സാമാന്യവൽക്കരണങ്ങളിൽ അലിയിപ്പിച്ചുവിടുന്ന പിണിയാളായി ഞാൻ. അനന്തമായ ജലപൂരത്തിൽ നഷ്ടപ്പെട്ട് സുഖദുഃഖങ്ങളും ഭാഗ്യനിർഭാഗ്യങ്ങളും ജയപരാജയങ്ങളും എല്ലാം വേർതിരിച്ചറിയാതെയായി. നിവിളികൾ കേൾക്കാതായി. ഞാൻ പതുക്കെ മന്ത്രിച്ചു. ‘പരിഭ്രമിച്ചത് വെറുതെയായി. വിജയാഹ്ലാദങ്ങൾ വെറുതെയായി. പരാജയഭീതി വെറുതെയായി. ഇതെല്ലാം വെറുതെയായി.’ ” (88) കഥാനായകന്റെ മനോരോഗം നമ്മെ ഓർമിപ്പിക്കുന്നത് പശ്ചാത്യസാഹിത്യത്തിലെ ആദ്യത്തെ നോവലായി പലരും കണക്കാക്കുന്ന ഡോൺ ക്വിഹോട്ടിലൂടെ സെർവാന്റസ് പറയുന്ന ഒരു കാര്യമാണ്: ജീവിതം എന്തായിരിക്കണം എന്നതിനു പകരം ജീവിതം വാസ്തവത്തിൽ എന്താണെന്നു കാണുക എന്നതാണ് ഏറ്റവും വലിയ ഭ്രാന്ത്. ഇതാണ് ‘പ്രകൃതിനിയമ’ത്തിലെ കഥാനായകന്റെ പരാജയം.
5. രക്തസാക്ഷിയുടെ ജീവന്റെ വില
അൻപതുകളുടെ ആദ്യം. ശൂരനാടു കലാപത്തെപ്പററി ആദ്യറിപ്പോർട്ടുകൾ വന്നുകൊണ്ടിരുന്നത് അറിഞ്ഞില്ലെന്നു നടിച്ചുകൊണ്ട് കഥാനായകൻ നവവധുവുമായി ദൂരയാത്രയ്ക്കുപോവുകയാണ്. കരുനാഗപ്പള്ളി ലോക്കപ്പിൽ സഖാക്കൾ ക്രൂരമർദനത്തിനു വിധേയമാകുന്നതായി വിവരം കിട്ടുന്നു. അതുകൊണ്ടായിരിക്കാം, നവദമ്പതികളുടെ കിടപ്പുമുറിയിൽ പോലും പട്ടിണിക്കിടാങ്ങളുടെ കറുത്ത നിഴലുകളും അകലെ പീഡിപ്പിക്കപ്പെടുന്ന സഖാക്കളുടെ രോദനവും നിറയുകയാണ്. സഖാക്കൾ വിപ്ലവപ്രവർത്തനത്തിൽ രക്തസാക്ഷികളായിക്കൊണ്ടിരിക്കുമ്പോൾ ജീവിതം ആസ്വദിക്കുന്ന ചുണകെട്ടവന് വിധിക്കപ്പെട്ട അശാന്തിയായി അയാൾ അതിനെ മനസ്സിലാക്കുന്നു. ജീവിതസായാഹ്നത്തിലേക്ക് എത്തുമ്പോൾ ഈ അശാന്തിയിലൂടെ എന്തു നേടി എന്ന ചോദ്യം അയാളെ മഥിക്കുകയാണ്. പ്രസ്ഥാനം ലക്ഷ്യങ്ങൾ നേടിയില്ല എന്ന തിരിച്ചറിവ് പാപബോധം പോലെ ഒരു വശത്തും, സ്വന്തം ജീവിതം എരിഞ്ഞുതീരാറായി എന്ന നിരാശാബോധം മറുവശത്തും കഥാനായകനെ പീഡിപ്പിക്കുന്നു. അഗ്നിയിലെഴുതപ്പെട്ടതെന്നു ഭാവിക്കുന്ന അഞ്ചാറു വാക്കുകൾക്കുവേണ്ടി ജീവിതം വ്യർഥമാക്കി എന്ന ബോധം അയാളെ പിൻതുടരുകയാണ്. “അസ്ഥികൾക്കും പല്ലുകൾക്കും ദിനേന വയസ്സാകും. കോശങ്ങൾ പുനഃസ്ഥാപിക്കപ്പെടാതെ നശിച്ചുപോകും, എല്ലാം ശോഷിക്കും. രുചികളറിയാനുള്ള ശേഷിയില്ലാത്തവരായി ഞങ്ങളിങ്ങനെ കമ്മ്യൂണിൽ ജീവിച്ചിരുന്നു എന്ന സത്യവും വിസ്മൃതമാകും.” () (32) ഒരു രാത്രിയിൽ അയാളുടെ ഭാര്യ കമല തീരെ വയ്യാതാകുമ്പോൾത്തന്നെ അയാളും കടുത്ത ശ്വാസം മുട്ടൽ കാരണം അവളെ സഹായിക്കാനാകാതെ കിടക്കയിലേക്കു മറിയുകയാണ്. പട്ടിണിക്കാരുടെ വിലാപങ്ങളെ, നീതിക്കുവേണ്ടി കേഴുന്നവരെ, വേദനയിൽ പിടയുന്നവരെ, അഴുക്കും മാലിന്യവും നിറയുന്ന ചേരികളെ എല്ലാം അയാൾ ആ നിമിഷത്തിൽ ശപിക്കുന്നു. എന്തു വിലകൊടുത്തും ജീവിത സുഖങ്ങൾ നേടേണ്ടതായിരുന്നു എന്ന് അയാൾക്ക് തോന്നിപ്പോവുകയാണ്. രക്തസാക്ഷികളെ തുടച്ചുനീക്കിക്കൊണ്ടാണ് പ്രസ്ഥാനത്തിന്റെ പരിണാമം പൂർത്തിയാകുന്നത് എന്ന് സ്വന്തം ജീവിതത്തിലൂടെ അയാൾ മനസ്സിലാക്കുന്നു. “പ്രസ്ഥാനങ്ങൾ ഉണ്ടാകുന്നു. ചൂഷകർക്കെതിരെ സമരം ചെയ്യുന്നു, ജയിക്കുന്നു. പിന്നെ അലർച്ചകൾ നില്ക്കും. ആവേശം നിർവികാരതയാകും. ക്ഷോഭം വിധേയത്വമാകും. അടുത്ത ഘട്ടത്തിൽ അവർതന്നെ ചൂഷകരാകുന്നു. ആരൊക്കെയോ ജയിക്കുന്നു. ആരൊക്കെയോ തോൽക്കുന്നു. ഈ വിധത്തിൽ എവിടെയൊക്കെയോ കണക്കുകളൊക്കെ ശരിയാവുന്നതുപോലെ. എന്നാൽ രക്തസാക്ഷിയുടെ ജീവനുമാത്രം വില തിരിച്ചുകിട്ടുന്നില്ല.” () മനുഷ്യചരിത്രത്തിലെതന്നെ ഏറ്റവും വലിയ രക്തസാക്ഷിയായ ക്രിസ്തുവുമായി കഥാനായകൻ ഐക്യപ്പെടുന്നു. പള്ളിയിലെ ക്രിസ്തുരൂപത്തിന്റെ പ്രശാന്തമായ മുഖവും പ്രേമത്തിന്റെ കടലായ കണ്ണുകളും കാണുമ്പോൾ ‘ചരമശേഷം രക്തസാക്ഷിയെ നാം ഓർമകളിൽ അണിയിച്ചൊരുക്കുന്നു’ എന്നാണ് അയാൾ ചിന്തിച്ചുപോകുന്നത്. രക്തസാക്ഷിത്വത്തിന്റെ അർഥം അയാൾ ക്രിസ്തുവിലൂടെ മനസ്സിലാക്കുകയാണ്.
ക്രിസ്തു കഥയുടെ പുറം തുകൽ ഓരോ ദശകത്തിലെ രക്തസാക്ഷിയും കാത്തുകിടന്നു. സ്നേഹത്തിന്റെയും ആർജ്ജവത്തിന്റെയും ആത്മത്യാഗത്തിന്റെയും അശാന്തിയിൽ പിടയുന്നവർ. ഒടുവിലത്തെ രക്തവാർച്ചയിലേക്ക് അവരെ നയിക്കുന്ന ഭാഗധേയത്തിന്റെ കൂട്ട്. പുരാവൃത്തങ്ങൾക്ക് ഓരോ ദശകത്തിലും പുതിയ അർഥങ്ങൾ ലഭിക്കുന്നു. ആ പുറംതൊലി അണിഞ്ഞു കഴിഞ്ഞാൽ പ്രവാചകന് സുഭഗത ഇല്ല. ശാന്തി ഇല്ല. മന്ദബുദ്ധിയുടേതുപോലെയുള്ള മുഖം. പൊടിയണിഞ്ഞ പരിവ്രാജകന്റെ ഉടുപ്പ്. പരിഹാസത്തിന്റെ കല്ലേറുകൾ. ദുർബല ശരീരം താൻ ആസക്തികൾക്കും പ്രലോഭനങ്ങൾക്കും എതിരായ പരീക്ഷണശാലയായി മാറ്റുന്നു. അയാൾ നാല്പതു പകലും നാല്പതു രാവും കശക്കി എറിയപ്പെടുന്നു. അയാൾ കാണുന്നതെന്ത്? പറയാൻ ആഗ്രഹിക്കുന്നതെന്ത്? അയാൾ മോശയെപ്പോലെ വിക്കനാണ്. കണ്ടതൊന്നും അയാൾക്ക് പറഞ്ഞൊപ്പിക്കാൻ വയ്യ. ആത്മധൈര്യം അഭിനയിച്ച് അയാൾ പറയുന്ന സൂചിത കഥകൾ അനുവാചകരോടെന്നതിനേക്കാൾ സ്വയം വിശ്വസിപ്പിക്കാൻ ഉള്ളവയാണ്. ഏകാന്തങ്ങളിൽ സ്വർഗ്ഗസ്ഥനായ പിതാവ് അയാളുടെ നെറുകയിൽ ചുട്ടുപൊള്ളുന്ന വിധം ക്രൂരമായി ചുംബിക്കുന്നു. അധാർമികതയ്ക്ക് അശക്തനാകയാൽ അയാളുടെ ആർജ്ജവം നിറഞ്ഞ സ്പർശനത്താൽ പീഡിതർക്കും രോഗികൾക്കും ശാന്തി ലഭിക്കുന്നു. (86) ജനത എന്നും തോല്പിക്കപ്പെടുകയും ശക്തനും സമർഥനും വിജയിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ക്ഷോഭകാരിക്ക് ഒറ്റപ്പെടുത്തപ്പെട്ട ക്രൂശുമരണമാണ് വിധി എന്ന് അയാൾ തിരിച്ചറിയുന്നു.
6. ഒന്നും ആശിച്ചപോലെയല്ല
നോവലിന്റെ അവസാന ഖണ്ഡികയിൽ അകലെയുള്ള കമ്മ്യൂണിൽനിന്ന് പ്രതികരണങ്ങൾ തേടി തന്റെ അരികിലേക്കു വരുന്നതു പീഡനങ്ങളുടെയും വിലാപങ്ങളുടെയും ശബ്ദം കേൾക്കാതിരിക്കാൻ കഥാനായകൻ കതകടയ്ക്കുകയാണ്. മനുഷ്യരുടെ കണ്ണീരൊപ്പാൻ ജീവിതം സമർപ്പിച്ച ഒരാൾ പീഡനങ്ങളുടെയും വിലാപങ്ങളുടെയും ശബ്ങ്ങളെ തന്റെ ലോകത്തിനു പുറത്താക്കുന്നതിന്റെ ധ്വനി എന്തായിരിക്കാം? കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ശക്തമായ വിമർശനം ഇവിടെ പ്രകടമാണ്. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്നതിലുപരിയായി മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തെവരെ മാറ്റിമറിച്ച് സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയുന്ന മാനവിക ദർശനമായി കമ്യൂണിസത്തെ അവതരിപ്പിക്കപ്പെടുന്നതിലെ അപകടവും അവാസ്തവികതയും നോവൽ പ്രശ്നവല്കരിക്കുന്നുണ്ട്. ഒരു കൃഷിയിടത്തെ കാവൽപ്പുരയിൽ ഒരു സ്ലാവിയൻ സഖാവുമായി രാത്രി വിശ്രമിക്കുമ്പോൾ ഉണ്ടായ കൊതുകുശല്യത്തെക്കുറിച്ച് വൊൾക്കോവ് ആൻതനോവ് ഓർക്കുന്നുണ്ട്. രണ്ടുപേരും കൂടി പങ്കുവച്ചാൽ കൊതുകുശല്യം സഹിക്കാവുന്നതായിത്തീരുമെന്ന് പറഞ്ഞ് സ്ലാവിയൻ സഖാവ് കമ്യൂണിസത്തിന്റെ പരസ്നേഹം വെളിവാക്കുമ്പോൾ, കൂടുതൽ ധാന്യമുല്പാദിപ്പിച്ച കർഷക സോവിയറ്റിന്റെ ക്യാപ്ററനു പ്രോത്സാഹനമായി ലഭിച്ച കൊതുകുവലയിൽ വോൾക്കോവ് ആൻതനോവ് സുഖനിദ്ര നേടുകയാണ്. ഒരു കൊതുകവലയാണോ നിന്റെ സ്വപ്നത്തെ നഷ്ടപ്രായമാക്കിയതെന്ന് അയാൾ ലെനിനോട് ചോദിച്ചുപോവുകയാണ്. ഇന്ത്യയിൽനിന്നും ഈജിപ്റ്റിൽനിന്നും കെനിയയിൽനിന്നും ചിലിയിൽനിന്നുമുള്ള ദൃശ്യങ്ങൾ അയാൾ കാണുന്നുണ്ട്. ഒന്നും ആശിച്ചപോലെയല്ല എന്ന് അയാൾ ലെനിനോട് പറയുന്നു.
മഹനീയമായ ഒരു പൂർണതയിലേക്കാണ് തങ്ങൾ നയിക്കപ്പെടുന്നത് എന്ന മിഥ്യാബോധം സഖാക്കളിൽ പ്രത്യയശാസ്ത്രം ജനിപ്പിച്ചിരുന്നു എന്ന വിമർശനം നോവലിൽ തെളിയുന്നുണ്ട്. തന്നിലുള്ള മനുഷ്യസഹജമായ അപൂർണതകളെക്കുറിച്ചുള്ള തിരിച്ചറിവ് കഥാനായകന് ഉണ്ടാകുന്നുണ്ട്. പൂർണതയക്കുവേണ്ടിയുള്ള യത്നത്തിൽ ‘ഇളംചൂടുള്ള വീട്ടകങ്ങൾ, പ്രശാന്തമായ കുന്നുമ്പുറങ്ങൾ, നീലക്കടലിൽ പതിച്ചുവച്ച പച്ചത്തുരുത്തുകൾ, ഇരുവശവും മരങ്ങൾ വരിനില്ക്കുന്ന പാതകൾ, തറവാട്ടുമുറ്റത്തെ ദീർഘമായ അലസനേരങ്ങൾ’ എന്നിങ്ങനെ മനുഷ്യന് ആഹ്ലാദം പകരുന്ന കൊച്ചുകൊച്ചുകാര്യങ്ങൾ താൻ നിരസിച്ചുവെന്നും അവയെല്ലാം ഇങ്ങിനിവരാത്തവണ്ണം മറഞ്ഞുകഴിഞ്ഞു എന്നുമുള്ള ഖേദം അയാളെ പീഡിപ്പിക്കുന്നു. യൗവനത്തിനും മധ്യവയസ്സിനുമിടയ്ക്കു പലർക്കും സംഭവിക്കുന്ന ഒരു തിരിച്ചറിവ് കഥാനായകനും ഉണ്ടാകുന്നുണ്ട്. വിർജീനിയ വൂൾഫ് ഈ തിരിച്ചറിവിനെ Sadness of Understanding Life എന്നാണ് വിശേഷിപ്പിച്ചത്. ലോകം യഥാർഥത്തിൽ എന്താണെന്നു കാണുന്നതിൽനിന്ന്, ആവശ്യത്തിൽ കൂടുതൽ അറിയുന്നതിൽനിന്ന് ജനിക്കുന്ന ഒരു ദുഃഖമുണ്ട്. ജീവിതം ഒരു വലിയ സഹസികയാത്രയല്ല, ചെറുതും അപ്രസക്തവുമായ നിമിഷങ്ങൾ മാത്രമാണ്, സ്നേഹം എന്നത് ഭാവനാസുന്ദരമായ ഒരു കഥയല്ല, ദുർബലവും നൈമിഷികവുമായ വികാരമാണ്, സന്തോഷം സ്ഥിരമല്ല, നമുക്ക് പിടിച്ചുനിർത്താൻ കഴിയാത്തവിധം അതിവേഗം കടന്നുപോകുന്നതാണ് എന്നു മനസ്സിലാക്കുന്നതിന്റെ ദുഃഖമാണത്. ആ തിരിച്ചറിവുകളിൽ ലോകത്തിൽനിന്നും മറ്റുള്ളവരിൽനിന്നും തന്നിൽനിന്നുതന്നെയും വേറിട്ടപോകുന്ന അനുഭവവും കടുത്ത ഏകാന്തതയും ഉണ്ട്. (“There is a kind of sadness that comes from knowing too much, from seeing the world as it truly is. It is the sadness of understanding that life is not a grand adventure, but a series of small, insignificant moments, that love is not a fairy tale, but a fragile, fleeting emotion, that happiness is not a permanent state, but a rare, fleeting glimpse of something we can never hold onto. And in that understanding, there is a profound loneliness, a sense of being cut off from the world, from other people, from oneself.”- Virginia Woolf.) ഈ ദുഃഖത്തിന്റെ ആവിഷ്കാരമാണ് ‘പ്രകൃതിനിയമം’.
ഓർവെലിന്റെ 1984, ആനിമൽ ഫാം, സോൾസെനിറ്റ്സണിന്റെ വൺ ഡേ ഇൻ ദി ലൈഫ് ഓഫ് ഇവാൻ ഡെനിസോവിച്ച്, ദി ഗുലാഗ് ആർക്കിപെലാഗോ 1918-1956, വക്ലാവ് ഹാവെലിന്റെ ദി പവർ ഓഫ് ദി പവർലെസ്സ്, ആർതർ കെസ്ലറുടെ ഡാർക്നെസ് അറ്റ് നൂൺ, എയിൻ റാൻഡിന്റെ ഫൗണ്ടൻഹെഡ്, ബോറിസ് പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോ എന്നിവ പോലെ കമ്യൂണിസത്തെ/ സോഷ്യലിസത്തെ വിമർശിക്കുന്ന മികച്ച നോവലുകൾ ലോകസാഹിത്യത്തിലുണ്ടായിട്ടുണ്ട്. ‘പ്രകൃതിനിയമം’ ഇവയോടു ചേർത്തുവയ്ക്കാവുന്നതാണെന്നു മാത്രമല്ല, ഇവയിലെ പല നോവലുകളെക്കാൾ മികച്ചതുമാണ്. തദ്ദേശീയമായ ചരിത്രാനുഭവത്തോടു ചേർന്നുനിൽക്കുന്ന നോവലുകളെക്കാൾ ‘പ്രകൃതിനിയമ’ത്തിന് സാർവദേശീയമായ ഒരു സ്വഭാവമുണ്ട്. നോവൽപരിസരം കേരളമാണെങ്കിൽപ്പോലും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റ സാർവദേശീയമായ പരിണാമത്തെയാണ് അത് വിമർശനവിധേയമാക്കുന്നത്. വിമർശനത്തിന്റെ സ്വഭാവവും തീവ്രതയും ചരിത്രപരമായ ഉൾക്കാഴ്ചയും ഒക്കെ മാറ്റിവെച്ചാൽത്തന്നെ, ‘പ്രകൃതിനിയമ’ത്തിൽ തെളിയുന്ന ഭാവനയും നോവലിന്റെ ഘടനയും ആഖ്യാനശൈലിയും അതിനെ മുന്നിട്ടുനിർത്തുന്നു. ‘പ്രകൃതിനിയമ’ത്തിനുള്ള ധ്വനനശേഷിയും തീവ്രതയും മേൽപ്പറഞ്ഞ പല നോവലുകൾക്കുമില്ല. വലിയ സംഭവങ്ങളോ ഏറ്റുമുട്ടലുകളോ സംഘർഷാവസ്ഥകളോ ഒന്നും വിവരിക്കപ്പെടുന്നില്ല. താളംതെറ്റിയ ഒരു മനസ്സിലെ ചിന്തകളും ഓർമകളും സ്വപ്നങ്ങളും മാത്രമാണ് ‘പ്രകൃതിനിയമ’ത്തിലുള്ളത്. എന്നാൽ അവ ധ്വനിപ്പിക്കുന്ന ആശയലോകം വലുതാണ്.
പ്രകൃതി നിയമത്തെ ആഴത്തിൽ സമീപിക്കുന്ന പഠനം. അസാധാരണമായ വായനാനുഭവമായിരുന്നു ആ നോവൽ. കഥാനായകൻ്റെ അസ്വസ്ഥതകൾ വായനക്കാരിലേക്കു പടർത്തുന്ന മികവുറ്റ ആഖ്യാനം. വർഷങ്ങൾക്കിപ്പുറം നോവലിനെ വേറിട്ട രീതിയിൽ വിലയിരുത്തുന്നു രവിശങ്കറിൻ്റെ ഈ വായന.