
റാസി
Published: 10 March 2025 കവിത
വായിക്കരുത്

അധികം വായിക്കരുത്!
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
കുഞ്ഞുണ്ണി മാഷ് പറഞ്ഞത്
പോലെയാകും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
പി. എൻ. പണിക്കരെപോലെ
ലൈബ്രറികളുണ്ടാക്കാൻ മുന്നോട്ട് ബരും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
മേതിലിനെപോലെ നാലാള് തിരിച്ചറിയുന്നവരാകും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
മാർക്സിനെപോലെ ലെ സ്വന്തമായിട്ട് പുസ്തകങ്ങളെഴുതും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾക്ക്
റാസിയെപോലെ
തെരുവുകളിലിരിക്കേണ്ടി ബരും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
ജെ. ഡി. സാലിഞ്ചറെപോലെ ഒറ്റപ്പെടും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾക്ക്
ജെയിംസ് ജോയിസിനെപോലെ
ഭ്രാന്ത് ബരും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾക്ക് ദസ്തയേവ്സ്കിയെപോലെ
കരയേണ്ടി ബരും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾക്ക് പീറ്റർ മാത്തിസനെപോലെ അലയേണ്ടി ബരും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾക്ക്
വി. കെ. എന്നിനെപോലെ ചിരിക്കേണ്ടി ബരും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾക്ക് ജോർജ് ഓർവെല്ലിനെപോലെ ഉറക്കം നഷ്ടപ്പെടും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
ഷെനെയെപോലെ പാപിയാകും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
കുഞ്ചൻ നമ്പ്യാരെപോലെ വിശുദ്ധനാകും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ ഹെൻട്രി ഷാരിയറെപോലെ വീട്ടിൽ നിന്നും പുറത്താകും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ സോക്രട്ടീസിനെപോലെ ലോകത്ത് നിന്നും പുറത്താകും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
മാധവികുട്ടിയെപോലെ പ്രണയത്തിൽ
നിന്നും പുറത്താകും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
എസ്രാ പൗണ്ടിനെപോലെ സൗഹൃദത്തിൽ നിന്നും പുറത്താകും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
നീഷേയെപോലെ ആശയകുഴപ്പത്തിലാകും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
റാസിയെപോലെ എല്ലാ ഇസങ്ങളെയും തള്ളിപ്പറയും.
അധികം വായിക്കരുത്
അധികം വായിച്ചാൽ നിങ്ങൾ
റാസിയെപോലെ അധികമധികം വായിക്കാനാഗ്രഹിക്കും.
+വായന+വായന=അധികമധികവായന.
ഉണ്ണി ആറിന്റെ ഒരു പുസ്തകമുണ്ട്.
മാതൃഭൂമി ബുക്സാണ് പ്രസാധകർ.
‘പുസ്തകപ്പുഴു’എന്നാണ് ആ പുസ്തകത്തിന്റെ പേര്.
ഓൺലൈൻ വായനക്കാലത്ത് പുസ്തകപ്പുഴുവിന്റെ അടുത്ത പതിപ്പിന്
പുഴു തിന്നുന്ന പുസ്തകങ്ങളെന്നൊരു
സബ് ടൈറ്റിലുകൂടിയിടണേ ആറുണ്ണിയേട്ടാ!
അർത്ഥവത്തായ ആ പുസ്തക പേര്
ഉണ്ണി ആറിന്റെ സംഭാവനയല്ല.
അദ്ദേഹം പുസ്തകപ്പേര് സ്വീകരിച്ച സ്രോതസ്സുകൾ തേടി ഞാൻ പോകുന്നുമില്ല.
മലയാളത്തിലെന്നല്ല ലോകപുസ്തകങ്ങൾക്കിടയിൽപ്പോലും പുസ്തകപ്പുഴുവെന്ന പേര് അനശ്വരമാണ്.
കടവുളാണെ സത്യം മരിച്ച മനുഷ്യന്റെ ശരീരം തിന്നാൻ വരുന്ന പുഴുക്കളെ ഞാൻ കണ്ടിട്ടുണ്ട്.
മൂന്ന് മാസം ഒരു ഖബർസ്ഥാനിൽ
താമസിച്ചപ്പോഴാണത്.
പ്രണയവിഷാദത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ നിങ്ങളിൽ പലരും പല വാസസ്ഥലവും തെരഞ്ഞെടുക്കും.
ഞാൻ തെരഞ്ഞെടുത്തത് ഒരു ഖബർസ്ഥാനാണ്.
ഖബർസ്ഥാനിലിരുന്ന് മരണവും പ്രണയവും വായിക്കുന്ന പുഴുവാണ് നീയെന്ന് ഖബറാളികൾ വിളിച്ചു പറയും പോലെ തോന്നിയ ഒരു രാത്രി ഞാൻ വായിച്ച പുസ്തകങ്ങൾ എന്നെ എങ്ങനെ സ്വാധീനിച്ചുവെന്ന് ചിന്തിച്ചു.
ഞാൻ വായിച്ച എല്ലാ പുസ്തകങ്ങളും എന്നെ സ്വാധീനിച്ചു.
മലയാളം
ഇംഗ്ലീഷ്
തമിഴ്
അറബി
പുസ്തകങ്ങളാണ് ഞാനധികവും വായിച്ചിട്ടുള്ളത്.
അതിക+കം സ്വാധീനിച്ച ഒരു പുസ്തകത്തിന്റെ പേര് പറഞ്ഞ് പുഴുക്കൾ തിന്നാൻ പോകുന്ന എന്റെ കണ്ണുകളെ അന്ധനായി പോയ ബോർഹസിന് വെച്ച് നീട്ടുന്നു.
ബോർഹസ് സ്വീകരിക്കുമെന്ന ഉറപ്പില്ലാതെ.
മരണാനന്തരജീവിതപ്രതിപാദ്യത്തിന് അധികപ്രാധാന്യം നൽകുന്ന ഒരു പുസ്തകം.
ദുനിയാവിനെ ചതിച്ചരക്കെന്ന് വരച്ചു വെച്ചിരിക്കുന്നു ആ പുസ്തകത്തിൽ.
ഇഹലോകജീവിതം വെറും കളിയും തമാശയുമെന്നെഴുതിവെച്ചിരിക്കുന്നു
ആ പുസ്തകത്തിൽ.
ആ പുസ്തകം കടവുളെഴുതിയതെന്ന് ഞാൻ വിശ്വസിക്കുന്നു.
ആ പുസ്തകാരംഭം തന്നെ
അധികവായനയെ പ്രോത്സാഹിപ്പിക്കുന്ന ഇഖ്റഅ്(വായിക്കുക=അന്വേഷിക്കുക)
എന്ന വചനത്താൽ തുടങ്ങുന്നത്.
ഖുർർർർർർർർ!

റാസി

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
ഞാൻ ഇനി വായിച്ചണുണ്ടില്ല റാസീ🥰❤️
റാസി കവിതയെ തകിടം മറിക്കുന്നു, കവിത റാാസിയെയും…കവിതയും റാസിയും ചേർന്ന് പുതിയൊരു ഭാഷയായ് മാറുന്നു; ജ്ഞാനപ്പെട്ടവരുടെ വ്രണം നിണമായ് പരന്നൊഴുകുന്ന ഭാഷ…ആശംസകൾ റാാസീ…
റാസിയെ വായിക്കുമ്പോൾ ജ്ഞാന ഭാഷയിൽ വായിക്കണം.
ആർക്കും
വളയ്ക്കാനാവാത്ത
റാസി😘