
രോഷ്നി സ്വപ്ന
Published: 10 May 2025 കവിത
ഗുരു

അരുവിയിൽ നിന്ന്
മുങ്ങി ഉയർന്നപ്പോൾ
ചോദിച്ചു
പുഴയുടെ അടിത്തട്ടിൽ
എന്ത് കണ്ടു?
സൂര്യൻ
ഉദിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ
വെയിലിലേക്ക് പടരാൻ ഇലകൾ തുടിച്ചു നിൽക്കുന്നു
നനഞ്ഞ ഉടലിൽ ചേർന്നുകിടക്കുന്ന
നേർത്ത തുണിയിൽ നിന്ന് വെള്ളം വടിച്ചു കളഞ്ഞു
പറഞ്ഞു
കാലങ്ങൾ എത്രയായി
ഞാനീ പുഴയിൽ മുങ്ങുന്നു!
എത്രയോ ജന്മങ്ങളിൽ ഇതേ ചോദ്യം നീ എന്നോട് ചോദിച്ചു!
എൻ്റെ മൗനമോ
നിൻ്റെ ചോദ്യമോ
മാറ്റമില്ലാതെ തുടരുന്നു
നെഞ്ചോടു ചേർത്തു പിടിച്ച കറുത്തകല്ല്
പുഴയോട് ചേർത്തുവച്ചു
വെളിച്ചം കറുപ്പിൽ തട്ടി
തിളങ്ങി
അങ്ങ് മുങ്ങുന്നത് ഒരേ പുഴയിൽ
പക്ഷേ മുങ്ങി നിവരുമ്പോൾ ഞാൻ കാണുന്നത് പലർ!
എന്റെ ചോദ്യത്തിന്
ആരും തന്നില്ല മറുപടി
ഒന്നും മിണ്ടിയില്ല
പിന്നെ
പതുക്കെ പുഴയിലേക്ക് കൈചൂണ്ടി
ചോദ്യങ്ങൾ പുഴയോട് ചോദിക്കൂ
അടിയിൽ യുഗങ്ങളായി ചിതറിക്കിടക്കുന്ന
മനുഷ്യരുണ്ട്
ആരോ അറുത്തുകളഞ്ഞ അവരുടെ ചിരികളുണ്ട്
ഒച്ചകളില്ലാത്ത പാട്ടുകളുണ്ട്
കേൾക്കൂ
ഇത് അവസാനജന്മമാണ്
നിന്റെയും എൻ്റെയും
അടുത്ത തോന്നലിൽ
നീ മറ്റൊരു പ്രപഞ്ചത്തിലെത്തും
അവിടെ നീയും ഞാനും ജീവനും വാളുമായി പുനർജനിക്കും
നാം കണ്ടുമുട്ടും
കലഹിക്കും
പരസ്പരം തിരിച്ചറിയാനാവാത്തവിധം ശത്രുക്കളാകും
ആ ലോകം അത്രയേറെ ശൈത്യം നിറഞ്ഞതായിരിക്കും
കീറിപ്പോയ ഈ ലോകത്ത് മുങ്ങിനിവരാൻ
ഇനി പുഴകളില്ല
ഉപ്പിനേക്കാൾ ആഴത്തിൽ
നിന്നെയും എന്നെയും
നീറ്റുന്ന വേദനകൾ
വേരോടിക്കഴിഞ്ഞു
ഞാൻ ഇനി
വെറുമൊരു
ശില
മാത്രം
ഉരുക്കൊഴിച്ച
കാതുകൾ കൊണ്ടാണ്
നിങ്ങൾ എന്നെ കേൾക്കുക
ഇനി നമ്മൾ കാണില്ല.
എല്ലാം ശാന്തമായിരുന്നു
പുലരി
പ്രഭാതത്തിലേക്ക് വഴിമാറി.
നടന്നു മറഞ്ഞപ്പോൾ
ഞാൻ വിളിച്ചു
” ഇനി”?
ഒന്നു തിരിഞ്ഞു
ആയിരം കാതങ്ങൾക്കപ്പുറത്ത് ഒരു കുഞ്ഞ് പിറന്നിട്ടുണ്ട് എനിക്ക് അതിൻ്റെ കൈപിടിക്കണം
എന്നിട്ട് വിളിക്കണം
“ഗുരോ “

രോഷ്നി സ്വപ്ന

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്