സംഗീത സന്തോഷ്

Published: 10 september 2024 കഥ

സമോവർ

ഇളയമ്മയുടെ നേതൃത്വത്തിലുള്ള പ്രസവാനന്തര ശുശ്രൂഷകൾ ഏറെക്കുറേ പൂർണമായെങ്കിലും യശോധരയുടെ മുഖത്ത് എപ്പോഴും വിഷാദം പൂത്തു നിന്നിരുന്നു.

പോസ്റ്റ് പാർട്ടം ഡിപ്രഷൻ്റെ കാരണങ്ങളറിയാവുന്ന കൊട്ടാരം വൈദ്യനും സഹചാരിണികളും സുഗന്ധ തൈലങ്ങളാൽ അവളെ ലേപനം ചെയ്യുകയും കുന്തിരിയ്ക്കത്താൽ അന്തരീക്ഷത്തെ അണുവിമുക്തമാക്കുകയും ചെയ്തു.

ഭർത്താവായ സിദ്ധാർത്ഥൻ തന്നെയും മകനെയും ഉപേക്ഷിച്ചു പോയതിൻ്റെ ആഘാതം അവളെ വല്ലാതെ വിഷാദിയാക്കിയിരുന്നു.

നാട്ടിലെ പ്രധാന വായനശാലയിലായിരുന്നു ഗൗതമൻ ദിവസത്തിൻ്റെ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്. വേദങ്ങളും ബ്രാഹ്മണങ്ങളും ഉപനിഷത്തുക്കളും നിറഞ്ഞുനിന്ന കൊട്ടാര ഗ്രന്ഥാലയം ഗൗതമന് തെല്ലും സ്വച്ഛത നൽകിയില്ല.. ഭാവിയിൽ രാജ്യഭാരം ഏറ്റെടുക്കേണ്ട കുമാരൻ ഈ വിധം ചായക്കടകളിലും വായനശാലകളിലും ചെലവഴിക്കുന്നത് കൊട്ടാരത്തിൽ ആർക്കും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല!
അങ്ങനെയൊരു യാത്രയിലാണ് അയാളെ കാണാതെയാകുന്നത്.

പ്രണയത്തിൻ്റെ നിറമാർന്ന പതിമൂന്നുവർഷങ്ങൾ … ഉപേക്ഷിയ്ക്കപ്പെടുമെന്നറിഞ്ഞിട്ടും വിടർന്ന കൈകളാൽ സ്വീകരിച്ചത് , ഒക്കെയും ഓർത്തപ്പോൾ യശോധരയ്ക്ക് തന്നോടു തന്നെ അവജ്ഞ തോന്നി!

മകൻ ജനിച്ച് ഏഴാം നാൾ കൊട്ടാരം വിട്ടുപോയ സിദ്ധാർത്ഥനു വേണ്ടി അവൾ എന്നും മൺകോപ്പയിൽ വെണ്ണച്ചായ തയ്യാറാക്കി കിടപ്പറയിൽ കൊണ്ടു വച്ചു. ആ തണുത്ത ചായയിൽ കെട്ടി നിന്ന പാടയിൽ അവൾക്ക് മുന്നോട്ടു പോകേണ്ടുന്ന വഴി തെളിഞ്ഞിരുന്നു..

തൻ്റെ ശരണം താൻ തന്നെയെന്നറിഞ്ഞ അവൾ അമ്മയുടെയും ഒരു പരിധിവരെ അച്ഛൻ്റെയും കടമകൾ നിർവ്വഹിച്ച് മകനെ വളർത്തി.

പെൺ കാമനകൾ ഉണർന്നപ്പോൾ സിദ്ധാർത്ഥൻ്റെ ചെഞ്ചുവപ്പ് രസനയുടെ ആഴങ്ങളെ അവൾ എഴുത്തു മേശയിലെ ചായ നുകർന്ന് ഉത്തമഗീതങ്ങളാക്കി പിറവി നൽകി ! അപ്പോൾ അകലെയെവിടെ നിന്നോ തേരിഗാഥ* അന്തരീക്ഷത്തിൽ അപൂർണമായി അലയടിച്ചു.

സർവ്വസുകൃതിനിയായ സ്ത്രീയെന്ന് മാലോകർ യശോധരയെ പുകഴ്ത്തി. ഇതൊന്നുമല്ല തനിയ്ക്കു വേണ്ടതെന്ന് നന്നായി അറിഞ്ഞിരുന്ന അവൾ തൻ്റെ ശരീര സൗന്ദര്യത്തെ പരിരക്ഷിച്ചു. മുടി നീട്ടിവളർത്തുകയും മനോഹരങ്ങളായ പട്ടു പൂഞ്ചേലകളാൽ തന്നെ അണിയിച്ചൊരുക്കുകയും ചെയ്തു.

ബുദ്ധചരിതത്തിൻ്റെ പുസ്തകത്താളുകളിൽ നിന്ന് തൻ്റെ അമർത്തിപ്പിടിച്ച കരച്ചിലുകൾ മുഴങ്ങരുതെന്ന നിർബന്ധം അവൾക്കുണ്ടായിരുന്നു !

ജീവിതത്തിൻ്റെ സന്ദിഗ്ദ്ധാവസ്ഥകളിലൊരിയ്ക്കൽ മകനായ രാഹുലൻ അമ്മയോട് ജ്ഞാനത്തിൻ്റെ പൊരുളെന്തെന്നന്വേഷിച്ചു.
“ഇന്ദ്രിയങ്ങളിലൂടെ നാം നേടുന്ന അറിവാണ് ജ്ഞാനമെന്നും എന്നാൽ അവ മനനധ്യാനാദികൾ കൊണ്ടു മാത്രമല്ല ലഭിയ്ക്കുന്നതെന്നും തൻ്റെ കർമ്മ പൂർത്തീകരണമാണെന്നും ഒന്നിനെയും ഉപേക്ഷിക്കലല്ല ” എന്നും അവൾ മറുപടി നൽകി.

* * * * * * * * *

അങ്ങകലെ മുണ്ഡനം ചെയ്ത ശിരസ്സുമായ് ജ്ഞാനമാർഗത്തെ അന്വേഷിച്ചിറങ്ങിയ സിദ്ധാർത്ഥൻ ശ്രീബുദ്ധനായി.

“വാ അളിയാ ചായ കുടിയ്ക്കാം “ബുദ്ധൻ ഈശോയെ വിളിച്ചു. ചായ കുടിയ്ക്കാനുള്ള ബുദ്ധൻ്റെ ക്ഷണത്തിൽ ഒരു ജ്ഞാനസ്നാനം ഈശോ കണ്ടെത്തി! “ദേ.. സതീശൻ്റെ ചായക്കട” യിലെ
ആടുന്ന ബഞ്ചിലിരുന്ന് , പരപ്പില്ലാത്ത ഡസ്കിന്മേൽ ഇടയ്ക്കിടെ ചായ ഒന്നു വച്ച് ബുദ്ധൻ ധർമ്മ പദത്തിലെ സൂക്തങ്ങൾ വിശദീകരിച്ചു… വിവേകം,ജാഗ്രത എന്നിവ എങ്ങനെ ജീവിത സന്ധികളിൽ കൊണ്ടു വന്ന് സദാ ശാന്തനും ക്ഷമാശീലനുമാകാൻ തനിയ്ക്ക് കഴിയുന്നുവെന്ന് സിദ്ധാർത്ഥൻ വാചാലനായി!

ബന്ധനങ്ങളയഞ്ഞു തുടങ്ങിയ മേശമേലായിരുന്നു അന്നേരമത്രയും ആ മരപ്പണിക്കാരൻ്റെ ശ്രദ്ധ! രാജാവിൽ നിന്നും അടിമയിൽ നിന്നും ഭിക്ഷ സ്വീകരിക്കാൻ വിനയം തന്നെ പ്രാപ്തനാക്കിയെന്നു പറഞ്ഞ്, ചായമട്ട് പുറത്തേക്ക് കളഞ്ഞ് ബുദ്ധൻ നിർവ്വികാരനായി !

ഒരുവന് നിശ്ചയമായും സ്വന്തം അഭയമാണ് വേണ്ടതെന്നും ആത്മാവിലാനന്ദം എങ്ങനെ കണ്ടെത്താമെന്നും ബുദ്ധൻ ഈശോടെ തോളിൽത്തട്ടി പറഞ്ഞു നിർത്തി!

ഗലീലാക്കടലിൻ്റെ പടിഞ്ഞാറെക്കരയിലെ മറിയം ദിവസത്തിൻ്റെ ഏതു യാമത്തിലായിരിക്കാം ആദ്യമായ് മറ്റൊരുവനിൽ തൻ്റെ അഭയം കണ്ടെത്തിയത് എന്ന ചിന്തയോടെ യേശു ചായ ഊറ്റിക്കുടിച്ചു.

യശോധരയുടെ കിടപ്പറയിലെ ഒഴിഞ്ഞ സ്ഥലവും ബുദ്ധൻ്റെ ജ്ഞാന മാർഗങ്ങളും സൃഷ്ടിച്ച അഗാധ ഗർത്തങ്ങളാൽ ആ തച്ചൻ പിന്നെയും മൗനിയായി !

പൊറോട്ട മാവ് കുഴയ്ക്കുന്നതിനിടയിൽ, അവിടെ രണ്ടു ചായ ഇരുപത് . ചില്ലറയില്ല. ഗൂഗിൾ പെ മതി എന്നു പറഞ്ഞ് ചായക്കടക്കാരൻ സതീശൻ ജ്ഞാനിയായി !!

* * * * * * * * *


നാളുകൾക്കൊടുവിൽ ജ്ഞാനോദയം ലഭിച്ച സിദ്ധാർത്ഥൻ, ശ്രീബുദ്ധനായി തിരികെ കപിലവസ്തുവിലെത്തി. തന്നെ കാണാനെത്തിയവരെയെല്ലാം അനുഗ്രഹിച്ച ബുദ്ധൻ, കൂട്ടത്തിൽ മകൻ രാഹുലനെക്കണ്ട് അമ്മയെവിടെയെന്ന് അന്വേഷിച്ചു. തന്നെക്കണ്ട് നമസ്കരിയ്ക്കാനായി അവളെ കൂട്ടിക്കൊണ്ടു വരണമെന്നും പറഞ്ഞു.

” എനിയ്ക്ക് ആൾക്കൂട്ടത്തിനിടയിൽ വച്ചല്ല അയാളെ കാണേണ്ടത്. എന്നെ ഉപേക്ഷിച്ചു പോയ ഈ കിടപ്പറയിലേക്ക് അയാളോട് വരാൻ പറയൂ ” എന്നാണ് യശോധര മകന് മറുപടി നൽകിയത്.

തണുത്ത ചായയിലെ പാടയിലേക്ക് നോക്കി തൻ്റെ റൂട്ടുകൾ കൃത്യമെന്നവൾ ഉറപ്പിച്ചു.

തീ പോലെ ജ്വലിച്ച യശോധരയുടെ വാക്കുകൾക്കു മുന്നിൽ നിന്നു കത്തിയ ആ ജ്ഞാനസ്ഥൻ കൊട്ടാരത്തിലെ കിടപ്പറയിൽ നിലത്ത് മുട്ടുകുത്തി തലകുനിച്ചു നിന്നു.

കൊട്ടാരത്തിനു പുറത്തെ ആൾക്കൂട്ടത്തെ ശാന്തരാക്കി അകത്തേക്കു വന്ന കാവൽക്കാരൻ യശോധരയോട് ഇങ്ങനെ അറിയിച്ചു…
” ഈ വർഷത്തെ സാഹിത്യ നോബേൽ സമ്മാനം ലഭിച്ച യശോധരത്തമ്പുരാട്ടിയെ അഭിനന്ദിയ്ക്കാൻ നമ്മുടെ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡൻ്റും ദേശസേവാ വായനശാലാ അംഗങ്ങളും എത്തിയിട്ടുണ്ട്.!”

ഇതു കേട്ട ഭർതൃസ്ഥാനീയൻ ഗൗതമൻ , തൻ്റെ മുട്ടുകുത്തി നിൽപ്പിനെ സാഷ്ടാംഗ പ്രണാമമാക്കി മാറ്റി !!!

* * * * * * * * *

* സമോവർ : തിളച്ച വെള്ളം നിരന്തരം ലഭിയ്ക്കുന്നതിനായി ചായക്കടകളിൽ ഉപയോഗിക്കുന്ന ലോഹപ്പാത്രം.

* തേരിഗാഥ – ബുദ്ധഭിക്ഷുണിമാരുടെ പാട്ട്

സംഗീത സന്തോഷ്

അദ്ധ്യാപിക, ഡി. ബി. കോളേജ്

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
രാഗി ആർ ജി
രാഗി ആർ ജി
3 months ago

ജ്ഞാനത്തെക്കുറിച്ചുള്ള യശോധരയുടെ നിരീക്ഷണങ്ങൾക്ക് അനുഭവത്തിന്റെ ചൂടുണ്ട്. എല്ലാം ത്യജിക്കലാണ് മോക്ഷമെന്ന പരമ്പരാഗത വഴിയിൽ മുള്ളു വാരി വിതറുകയാണ് ഉത്തരോത്തരാധുനികത.

1
0
Would love your thoughts, please comment.x
()
x
×