ശരണ്യമോൾ വി.എസ്

Published: 10 December 2025 ഇന്ത്യനറിവ്

തീരദേശജനസംസ്കൃതിയും ചികിത്സാരീതികളും

സംഗ്രഹം
ആലപ്പുഴജില്ലയിലെ തീരദേശവാസികളുടെ സാംസ്കാരികജീവിതത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ആവേദകരിൽ നിന്നു നേരിട്ടു സമ്പാദിച്ച വിവരങ്ങളാണ് പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ സമസ്തമേഖലകളിലും തനത് പാരമ്പര്യം നിലനിർത്തിയിരുന്നവരാണ് തീരദേശജനത. അവരുടെ ചികിത്സാരീതികളും മരുന്നുകളുമാണ് പ്രബന്ധത്തിന്റെ ഉള്ളടക്കം.

താക്കോൽവാക്കുകൾ
രോഗങ്ങൾ, ചികിത്സാരീതികൾ, മരുന്നുകൾ

കടലിനോട് ചേർന്ന ജീവിതം നയിക്കുന്ന തീരദേശജനതയുടെ ആരോഗ്യപരിപാലന രീതികൾക്ക് ഒരു പ്രത്യേകതയുണ്ട്. പ്രകൃതിയോടും, വിശേഷിച്ച് കടലുമായും അടുത്ത ബന്ധം പുലർത്തുന്ന ഈ സമൂഹം, നൂറ്റാണ്ടുകളായി തങ്ങളുടെ അറിവുകളും പാരമ്പര്യ ചികിത്സാ രീതികളും തലമുറകളിലേക്ക് കൈമാറി പോന്നു. ഈ ചികിത്സാരീതികൾ പലപ്പോഴും ഔപചാരിക വൈദ്യശാസ്ത്രത്തിന്റെ പരിധിയിൽ വരാത്തതും, എന്നാൽ അവരുടെ ജീവിത സാഹചര്യങ്ങൾക്കും ലഭ്യതയ്ക്കും അനുയോജ്യമായതുമാണ്.
തീരദേശത്തെ ലഭ്യമായ സസ്യങ്ങൾ, കടൽ വിഭവങ്ങൾ, ധാതുക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന നാട്ടുമരുന്നുകൾ ഈ ജനതയുടെ ചികിത്സാ സമ്പ്രദായത്തിന്റെ നട്ടെല്ലാണ്. പരിക്കുകൾ, സാധാരണ രോഗങ്ങൾ, പ്രത്യേകിച്ചും കടലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് അവർ ആശ്രയിച്ചിരുന്നത് ഈ പരമ്പരാഗത അറിവുകളെയാണ്. ഈ ലേഖനം, തീരദേശവാസികൾ കാലങ്ങളായി പിന്തുടരുന്ന ചികിത്സാരീതികളെയും, അവർ ഉപയോഗിച്ചിരുന്ന നാട്ടുമരുന്നുകളുടെ വൈവിധ്യങ്ങളെയും, അവ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള ഒരു അന്വേഷണമാണ്.
തീരദേശജനതയ്ക്കിടയിൽ കൂടുതലായി കണ്ടുവന്നിരുന്നത് കടൽത്തീരത്തെ വൃത്തിരഹിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന അസുഖങ്ങളാണ്. വാതം, വായ്പ്പുണ്ണ്, കുടൽപ്പുണ്ണ്, പിത്തം, നാട്ടുക്ഷീണം(ചിക്കൻപോക്സ്), ചെന്നിക്കുത്ത്(ശക്തമായ തലവേദന), അർശസ്(പൈൽസ്), പീനസം(മൂക്കിനുള്ളിൽ ദശ വളരുന്ന അസുഖം), കവിളുവാർപ്പ്, ജ്വരം, മുണ്ടിനീര്, പിള്ളക്കരപ്പൻ, കോട്ടൽ അഥവ ചുഴലി (അപസ്മാരം), വാതക്കരപ്പൻ, കണ്ണുമൂടൽ, തലമന്ദിപ്പ്, കിതപ്പ്, എരിച്ചിൽ, വയറുകടി, ചെങ്കണ്ണ്, കരപ്പൻ, ചൊറി, ചിരങ്ങ്, കഴലവീക്കം, വിരശല്യം, തൊണ്ടവീക്കം, മന്ത് തുടങ്ങിയവയാണ് പ്രധാനമായും കണ്ടു വന്നിരുന്ന അസുഖങ്ങൾ.
നാട്ടുവൈദ്യവും പച്ചിലമരുന്നുകളുമായിരുന്നു തീരദേശവാസികൾ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത്. മിക്കവാറും എല്ലാ അസുഖങ്ങളും വീട്ടിൽ തന്നെ ചികിത്സിക്കുക എന്നതായിരുന്നു ഇവരുടെ പതിവ്. വിദഗ്ദചികിത്സ ആവശ്യമായി വന്നാൽ അതിന് അറിവുള്ളവർ ഇവർക്കിടയിൽത്തന്നെ ഉണ്ടായിരുന്നു. ആദ്യകാലത്ത് പേരുകേട്ട നിരവധി നാട്ടുവെദ്യന്മാർ തീരപ്രദേശത്തുണ്ടായിരുന്നു. ഒട്ടുമിക്ക അസുഖങ്ങളുടെ ചികിത്സയ്ക്കും ഇവർ ഒറ്റമൂലികളായിരുന്നു പ്രയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ കാലാന്തരത്തിൽ ഇത്തരം മരുന്നുകളുടെ കൂട്ടുകൾ പുതിയ തലമുറയ്ക്ക് അഞ്ജാതമായിത്തീരുകയും ചെയ്തിരിക്കുന്നു. തീരദേശജനത ചെറിയ മുറിവുകളും മറ്റും ഉണക്കാൻ കടലിലെ ഉപ്പുവെള്ളവും കടപ്പുറത്തെ ഉപ്പുമണ്ണും ഉപയോഗിച്ചു വന്നിരുന്നു. മുറിവാ (മുറിവുണ്ടായ ശരീരത്തിലെ ഭാഗം) കടൽവെള്ളത്തിൽ കഴുകുകയും മുറിവുണ്ടായതിനു ശേഷം പഴുത്ത ശരീരഭാഗങ്ങൾ കടപ്പുറത്തെ ഉപ്പുമണ്ണിൽ പൂഴ്ത്തി വെക്കുകയും ചെയ്തിരുന്നു. വാതപ്പനിയും ജ്വരവും പോലെയുള്ള അസുഖങ്ങൾ വരുമ്പോൾ കടപ്പുറത്തെ മണലിൽ കിടന്ന് വെയിലു കായുന്നതും ഒരു പ്രധാന ചികിത്സാരീതിയായിരുന്നു.
കഫക്കെട്ടും നീർദോഷവും തീരപ്രദേശത്തെ ജനങ്ങൾക്കിടയിൽ സാധാരാണയായി കണ്ടുവന്നിരുന്ന പ്രധാന അസുഖങ്ങളായിരുന്നു. ഇവ അധികരിച്ച് ജ്വരം, ചെന്നിക്കുത്ത്, നീരിളക്കപ്പനി മുതലായ അസുഖങ്ങളും ഉണ്ടാവുന്നു. തുളസിയിലയും കൊതിപ്പുല്ലും അങ്ങാടി മരുന്നുകളും ചേർത്തു തിളപ്പിക്കുന്ന വെള്ളംകൊണ്ട് ആവി പിടിക്കുകയും ഈ വെള്ളം കുടിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിനുള്ള പ്രധാന ചികിത്സ. കുരുമുളക്, ഇഞ്ചി, ചുക്ക്, കറിയാമ്പൂ(ഗ്രാമ്പു), തിപ്പലി, കടുക്ക, ആശാളി, കരിഞ്ചീരകം, അയമോദകം, ഉലുവ, പെരുഞ്ചീരകം, കുന്തിരിക്കം, ഇന്തുപ്പ് തുടങ്ങിയവയായിരുന്നു തീരപ്രദേശത്ത് അങ്ങാടി മരുന്നുകളെന്ന് അറിയപ്പെട്ടിരുന്നത്. ഇവിടത്തെ ജനത പല അസുഖങ്ങൾക്കും മരുന്നായുപയോഗിച്ചിരുന്നത് ഈ സുഗന്ധവ്യഞ്ജനങ്ങൾ തന്നെയാണ്. തീരദേശവാസികൾ തൊണ്ടവീക്കത്തിന് ചുക്കും കുരുമുളകും ചക്കരയും ചേർത്ത് പൊടിച്ചത് കഴിക്കുകയും ഈ പൊടിയിട്ട് തിളപ്പിച്ചു കുറുക്കിയ വെള്ളം കുടിക്കുകയും ചെയ്തിരുന്നു. പല്ലുവേദനയ്ക്കും മോണവീക്കത്തിനും പരിഹാരമായി കറിയാമ്പൂ കടിച്ചു പിടിക്കുകയാണ് ഇവർ ചെയ്തിരുന്നത്. തുളസിയിലയായിരുന്നു തീരദേശവാസികളുടെ പ്രധാന പച്ചമരുന്ന്. മുറിവായിൽ തുളസിയിലയുടെ നീര് പിഴിയുക, ചൊറിക്കും കരപ്പനും തുളസിയിലയിട്ടു കാച്ചിയ എണ്ണ പുരട്ടുക, പനിക്കും ജലദോഷത്തിനും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക, കഫക്കെട്ടിന് തുളസിവെള്ളം കൊണ്ട് ആവിപിടിക്കുക തുടങ്ങി ഒട്ടുമിക്ക അസുഖങ്ങൾക്കുമുള്ള മരുന്നുകളിലും ഇവർ തുളസി ഉപയോഗിച്ചിരുന്നു.
തീരദേശജനത വലിവിന് (ആസ്മ) ആടലോടകം വാട്ടിപ്പിഴിഞ്ഞ ചാറ്, കരിന്നെച്ചി നീര് മുതലായ പച്ചമരുന്നുകൾ ഉപയോഗിച്ചിരുന്നു. മൂത്രച്ചെടിച്ചിലിനും ഉഷ്ണരോഗത്തിനും ഇവർ തഴുതാമ ഉപയോഗിക്കുന്നു. സ്ത്രീരോഗങ്ങൾക്ക് കൊടകൻ ഉപയോഗിക്കുന്നു. രക്തസ്രാവത്തിന് കീഴാർനെല്ലി, രക്തവർദ്ധനവിന് മുരിങ്ങ, രക്തശുദ്ധിക്ക് നെല്ലി, വിളർച്ചയ്ക്ക് പൂവരശു തൊലി, ലൈംഗികശേഷി വർദ്ധിപ്പിക്കാൻ ശതാവരി, തലമുടിക്ക് കയ്യെണ്ണ, അരിയസ്സിന് (അർശ്ശസ്സ്) മുത്തങ്ങയും ആനച്ചുവടിയും, വായ്പ്പുണ്ണിനു മണിത്തക്കാളി, കുടൽപ്പുണ്ണിനു തിപ്പലിയും നറുനീണ്ടിയും, വളങ്കടിക്ക് കുപ്പേകുഞ്ഞൻ, ഒടിവിന് ആവണക്ക്, ചതവിന് പുളിയില, നീരിന് ഉമ്മത്തിന്റെ ഇല, നടുവെട്ടലിന് വള്ളിയുഴിഞ്ഞ, കണ്ണുമൂടലിനും കാഴ്ചക്കുറവിനും ഒരുച്ചെവിയൻ, ചെങ്കണ്ണിന് നന്ത്യാർവട്ടം, മൂത്രത്തീക്കല്ലിന് കല്ലുരുക്കി, വാതത്തിന് കുറുന്തോട്ടി, ചെന്നികുത്തിനും ചെവിവേദനയ്ക്കും ചങ്ങലംപരണ്ട, വില്ലൻചുമയ്ക്ക് മുള്ളൻചീര, ചൊറിക്ക് വേപ്പ്, ചിരങ്ങിന് തേക്കിൻകുരുന്ന്, കണ്ണുമൂടലിനും കാഴ്ചക്കുറവിനും ഒരുച്ചെവിയൻ എന്നിങ്ങനെ ഓരോ രോഗങ്ങൾക്കും ഓരോ പച്ചമരുന്നുകൾ ഉപയോഗിച്ചിരുന്നു.
തീരപ്രദേശത്ത് വ്യാപകമായി കണ്ടുവന്നിരുന്ന ഒരസുഖമാണ് പീനസം. മൂക്കിനുള്ളിൽ മാംസം വളരുന്ന രോഗമാണിത്. മാംസം മൂക്കിൽ നിന്നു പുറത്തേക്കു വളർന്നിറങ്ങുകയും മൂക്കിൽ നിന്നു രക്തം വരികയും നിരന്തരം ശ്വാസം മുട്ടലും തലകറക്കവുമുണ്ടാവുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ രീതി. ഇതിനു മരുന്നായി തിരുതാളി, കാട്ടുകിഴങ്ങ്, തിപ്പലി തുടങ്ങിയ പച്ചമരുന്നുകളുപയോഗിച്ചിരുന്നു.
മുതിർന്നവർക്ക് കാൽമുട്ടിനു താഴോട്ട് ചൊറിഞ്ഞുപൊട്ടുകയും രക്തവും വെള്ളവും പഴുപ്പും ഒഴുകുകയും ചെയ്യുന്ന അസുഖമായ വാതക്കരപ്പന് വാളമ്പുളിയുടെ ഇലയും ഉണക്കമഞ്ഞളും അമൃതും നറുനീണ്ടിക്കിഴങ്ങും മരുന്നായി ഉപയോഗിച്ചിരുന്നു. കുട്ടികൾക്ക് ഉണ്ടാകുന്ന ഈ അസുഖത്തിന് പിളളക്കരപ്പൻ എന്നായിരുന്നു പറഞ്ഞിരുന്നത്. അസഹ്യമായ ചൊറിച്ചിലോടുകൂടിയ പിള്ളക്കരപ്പന് കുറ്റിച്ചെത്തിയുടെ വേര്, പൂവ്, ഇല, തൊലി എന്നിവയും നിലംതൊടാമണ്ണും (വേട്ടാവളിയന്റെ കൂടുണ്ടാക്കുന്ന മണ്ണ്) മരുന്നായുപയോഗിച്ചിരുന്നു. തീരപ്രദേശങ്ങളിലെ കുട്ടികളിൽ സാധാരണയായി കണ്ടുവന്നിരുന്ന ഒരസുഖമായിരുന്നു മുണ്ടിനീര്. തൊണ്ടയിലും കീഴ്ത്താടിയിലും നീരുവന്ന് വീർക്കുന്ന അസുഖമാണിത്. ഇതൊരു പകർച്ചവ്യാധിയാണ്. തുമ്പനീരാണ് പ്രധാനമായും മുണ്ടിനീരിന്റെ മരുന്നിനുപയോഗിച്ചിരുന്നത്.
ഉപ്പുവെള്ളവുമായി ഇടപെട്ടു തൊഴിലെടുത്തു ജീവിക്കുന്നവരായതിനാൽ തീരദേശജനതയ്ക് കൈകാൽ മരവിപ്പും സന്ധിവാതവും പോലെയുള്ള അസുഖങ്ങൾ പിടിപെടുന്നത് പതിവായിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് കുറുന്തോട്ടി, വാതക്കൊടി, ആവണക്ക്, എരിക്ക്, കാഞ്ഞിരം, കരിഞ്ഞാട്ട, വള്ളിക്കിഴങ്ങ്, കുടപ്പായൽ തുടങ്ങിയ സസ്യങ്ങളുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചിരുന്നു. മലിനമായ വെള്ളത്തിൽ നിന്നുണ്ടാകുന്ന മഞ്ഞപ്പിത്തവും വയറിളക്കവും പോലെയുള്ള അസുഖങ്ങളും ഇവർക്കിടയിൽ സാധാരണയായി കണ്ടുവന്നിരുന്നു. കീഴാർനെല്ലി, ആവണക്ക്, മൈലാഞ്ചി തുടങ്ങിയ സസ്യങ്ങളാണ് ഇവയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത്. നിരന്തരം ഉപ്പുകാറ്റ് കൊള്ളുന്നതിന്റെ ഫലമായി ചെന്നിക്കുത്ത്(ശക്തമായ തലവേദന) ഒരു നിത്യരോഗമായി മാറിയിരുന്നു. കറുക, മുത്തങ്ങ, തിരുതാളി, ആങ്കോലം തുടങ്ങിയ സസ്യങ്ങളുടെ ഭാഗങ്ങൾ ചെന്നിക്കുത്തിനു മരുന്നുണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നു.
അപസ്മാരം, ചുഴലി അഥവാ കോട്ടൽ എന്ന പേരിലാണ് തീരപ്രദേശത്ത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ ചികിത്സയ്ക്ക് ബ്രഹ്മി, നിലപ്പന, വയമ്പ്, മുക്കുറ്റി, ചിറ്റമൃത്, വള്ളിക്കിഴങ്ങ്, ആങ്കോലം, വേനൽപ്പച്ച തുടങ്ങിയ സസ്യങ്ങൾ ഉപയോഗിച്ചു വന്നിരുന്നു. നാട്ടുക്ഷീണം എന്നറിയപ്പെട്ടിരുന്ന ചിക്കൻപോക്സിന് അരിമലർ ഇട്ട കരിക്കിൻവെള്ളം ആയിരുന്നു പ്രധാനമരുന്ന്. വ്രണങ്ങൾ കഴുകുവാൻ വേപ്പില (ആര്യവേപ്പ്) വെന്ത വെള്ളവും ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ എല്ലാത്തരം രോഗങ്ങൾക്കും തങ്ങളുടേതായ ചികിത്സാരീതികൾ പിന്തുടർന്നവരായിരുന്നു തീരദേശജനത.
കേരളത്തിൽ വൈദ്യവിജ്ഞാനം ഒരു ജാതിയുടെയും മതത്തിന്റെയും കുത്തകയല്ലായിരുന്നതിനാൽ അത് ജനകീയവും സ്വീകാര്യതയുള്ളതുമായിരുന്നു. ആയുർവ്വേദം അഷ്ടവൈദ്യന്മാരിൽ മാത്രം ഒതുങ്ങി നിന്നതായിരുന്നില്ല. താഴ്ന്ന ജാതികളിൽപ്പെട്ട നിരവധി ആയുർവ്വേദ ചികിത്സകർ അക്കാലത്തുണ്ടായിരുന്നു. മലയാളഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന പല മരുന്നുകളും വികസിപ്പിച്ചെടുത്തത് അയിത്തജാതിയിൽപ്പെട്ടവരാണ്. (പണിക്കർ.കെ.എൻ. 2010) ഇത്തരത്തിൽ നിരവധി അറിവുകളുടെ കലവറയായിരുന്നു തീരദേശത്തെ നാട്ടുവൈദ്യന്മാർ. പാശ്ചാത്യചികിത്സാസമ്പ്രദായം കടന്നുവരുന്നതിനു മുമ്പുതന്നെ മിക്കവാറും എല്ലാ രോഗങ്ങൾക്കും പച്ചമരുന്നുകളോ ഒറ്റമൂലികളോ അവർ കണ്ടെത്തിയിരുന്നു. ഇത്തരം പ്രദേശികമായ വൈദ്യശാസ്ത്ര അറിവുകളുടെ ശാസ്ത്രീയത അന്വേഷിക്കുകയും കണ്ടെത്തുകയും വേണ്ട രീതിൽ പരിഷ്കരിക്കുകയും തദ്ദേശീയമായ രോഗങ്ങൾക്ക് തദ്ദേശീയമായ പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് വേണ്ടത്.
സഹായകഗ്രന്ഥങ്ങൾ
അജിത്കുമാർ. എൻ. 2015, മലയാളിയുടെ നാടോടിവഴക്കങ്ങൾ, പ്രിയത ബുക്സ്, കോഴിക്കോട്
അനിൽകുമാർ ഡി. 2018, കടപ്പെറപാസ, പ്രവ്ദ ബുക്സ്, തിരുവനന്തപുരം
പണിക്കർ കെ.എൻ. 2010, സംസ്കാരവും ദേശീയതയും, കറന്റ്ബുക്സ്, തൃശൂർ
ബാലകൃഷ്ണൻ പി. കെ. 2008, ജാതിവ്യവസ്ഥയും കേരളചരിത്രവും, ഡി.സി.ബുക്സ്, കോട്ടയം
റോബർട്ട് ജെ. പനിപ്പിള്ള, 2018, കടലറിവുകളും നേരനുഭവങ്ങളും, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
സോമൻ ഇലവുംമൂട്. പ്രാചീനകേരളചരിത്ര സംഗ്രഹം, ധന്യബുക്സ്, പുതുപ്പള്ളി, 2000

ആവേദകർ
1. ആൻഡ്രൂ (59)ആനാപറമ്പിൽ, കുതിരപ്പന്തി
2. ഔത (67), ചൊക്കംതയ്യിൽ, ചേന്നവേലി
3. ഔസേപ്പ് (64), ഈരശ്ശേരിൽ, പൊള്ളേത്തൈ
4. ഗോവിന്ദൻ (68), പാല്യത്തയ്യിൽ, പുറക്കാട്
5. ജെറോം (61),കൊച്ചീക്കാരൻ വീട്ടിൽ, അഴീക്കൽ
6. പത്രോസ് (64), പറേകാട്ടിൽ, തൈക്കൽ
7. പവിത്രൻ(66),പാട്ടുശ്ശേരിൽ, നീർക്കുന്നം
8. വിൽസൺ (60)കാക്കരി, ചെത്തി
9. സെബാൻ (65)അറുകുലശ്ശേരിൽ, അർത്തുങ്കൽ
10. സൈമൺ (68), മരയ്ക്കാശ്ശേരിൽ,മനക്കോടം

ശരണ്യമോൾ വി.എസ്

ഗവേഷക, സംസ്കാരപൈതൃകപഠനസ്കൂൾ, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല.

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x