
ലിറ്റി ചാക്കോ
Published: 10 August 2025 കവര്‍സ്റ്റോറി
സയൻ്റിഫിക് ടെമ്പർ സത്യത്തിൽ യൂറോപ്യൻ സങ്കല്പമാണോ? – കേരളീയ ഗണിത സരണിയെ മുൻനിർത്തി ഒരന്വേഷണം.
ഒരു കഥ പറയാം.
“ഒരിക്കലൊരിക്കൽ ഒരു ദിവസം ഒരാൾ ഒരാപ്പിൾ മരത്തിൻ്റെ ചോട്ടിലിരിക്കുകയായിരുന്നു…”……………………………………………”…ടീച്ചറേ, ന്യൂട്ടനാണ് ഗുരുത്വാകർഷണം കണ്ടുപിടിച്ചത് എന്ന് ഞങ്ങൾക്കറിയാം.” എങ്കിലും കഥ പിന്നെയും തുടരുന്നുണ്ട്.
ആമുഖം.
ഒരു വസ്തുവിനെയോ പ്രതിഭാസത്തെയോ പഠിക്കുമ്പോൾ പഠിക്കുന്ന രീതി, പശ്ചാത്തലം, അപഗ്രഥന സമീപനം, അന്വേഷണഫലങ്ങൾ, ഡോക്യുമെന്റേഷൻ, പ്രചാരണം (Dissemination ) എന്നിവ സംശയാതീതമാംവിധം പരസ്പരബന്ധിതങ്ങളാണ്. എന്നാൽ ശാസ്ത്രത്തിന്റെ രീതിയെയാണ് നാം ചരിത്രപരമായി സമീപിക്കുന്നതെങ്കിൽ Documentation , Dessemination എന്നിവയിലെ വിടവുകളും അകലങ്ങളും ഇടവേളകളും സയൻറിഫിക് ടെമ്പറിന്റെ അഭാവമായി തെറ്റിദ്ധരിക്കാറുണ്ട് എന്നുകാണാം. അതിന്റെ കാരണം, അത് രണ്ടും രണ്ടാണെന്നുള്ളതാണ്. ഒന്നാമതായി, സംസ്കൃതികളിലെ വ്യത്യാസം. (ഋജുവും ഏകമാനവുമായി കാണുന്ന യൂറോപ്പിന്റെ ശാസ്ത്രരീതിയും സമഗ്രതയിൽ ഊന്നുന്ന പൗരസ്ത്യ ശാസ്ത്രരീതിയും രണ്ടു ദർശനങ്ങളാണ് മുന്നോട്ടു വെക്കുന്നത്. രണ്ടാമതായി, അതത് കാലഘട്ടത്തിലെ സാമൂഹിക ചുറ്റുപാടുകളിൽ നിലവിലിരുന്ന വർഗ്ഗ,വർണ്ണ,തൊഴിൽ ശ്രേണികളുടെ നല്ലതോ ചീത്തയോ ആയ പ്രത്യേകതകൾ Dissemination നെയും സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ അതിനെ സയൻറിഫിക് ടെമ്പർ/ സയൻറിഫിക് റിഗർ ആയി മനസ്സിലാക്കുന്നത് ശരിയാവില്ല. ഭാരതത്തിലെ പല പ്രധാനപ്പെട്ട മനീഷികളുടെയും സംഭാവനകൾ കാണാതിരിക്കാനോ, അവരുടെ സംഭാവനകളിലെ സയൻറിഫിക് റിഗർ യൂറോപ്യൻ സംഭാവനകൾക്ക് മുന്നിൽ പ്രസക്തമല്ലെന്നു തെറ്റിദ്ധരിക്കാനോ ആണ് ഈ സമീപനം വഴിവെച്ചിട്ടുള്ളത്.
ആശയക്കുഴപ്പങ്ങളൊഴിവാക്കാനായി നാല് വാക്കുകൾ നാം ഒന്ന് പരാമർശിച്ചുപോകേണ്ടതുണ്ട്. Scientific Thought, Scientific Rigor, Scientific Temper, Scientific Method എന്നിവയാണവ. Scientific Thought (ശാസ്ത്രീയ ചിന്ത) എന്നത് അറിവ് നേടുന്നതിനായി തെളിവുകളെയും യുക്തിയെയും ആശ്രയിച്ച് ചിന്തിക്കുന്ന രീതിയാണ്. ഒരു ശാസ്ത്രജ്ഞൻ ലോകത്തെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ഇത് സൂചിപ്പിക്കുന്നു. Scientific Rigor (ശാസ്ത്രീയ സൂക്ഷ്മത) എന്നത് ഗവേഷണത്തിലും പരീക്ഷണങ്ങളിലും ഏറ്റവും ഉയർന്ന നിലവാരവും മികച്ച രീതികളും ഉറപ്പുവരുത്തുന്ന ശീലമാണ്. പക്ഷപാതങ്ങൾ കുറയ്ക്കാനും ഫലങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.
Scientific Temper (ശാസ്ത്രീയ മനോഭാവം) എന്നുവെച്ചാൽ യുക്തിസഹമായും തെളിവുകളുടെ അടിസ്ഥാനത്തിലും കാര്യങ്ങളെ സമീപിക്കാനും, അന്ധവിശ്വാസങ്ങളെയും മുൻധാരണകളെയും ചോദ്യം ചെയ്യാനും സദാ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിതരീതിയും മനോഭാവുമാണ്. Scientific Method (ശാസ്ത്രീയ രീതി) എന്നുപറയുമ്പോൾ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ചോദ്യങ്ങൾ ചോദിച്ചും അനുമാനങ്ങൾ രൂപീകരിച്ചും തെളിവുകൾ ശേഖരിച്ചും അറിവ് നേടുന്നതിനും സ്ഥിരീകരിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു വ്യവസ്ഥാപിത പ്രക്രിയയാണ് എന്ന് സംക്ഷേപിക്കാം. ഇതിൽ സയൻറിഫിക് ടെമ്പറിനെക്കുറിച്ചാണ് ഈ ലേഖനം കൈകാര്യം ചെയ്യുന്നത്.
ശാസ്ത്രീയ മനോഭാവം അഥവാ ശാസ്ത്രബോധം (Scientific Temper) പലപ്പോഴും യൂറോപ്യൻ ജ്ഞാനോദയ കാലഘട്ടത്തിന്റെ സംഭാവനയായിട്ടാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. യുക്തിചിന്ത, നിരീക്ഷണം, പരീക്ഷണം, സംശയദൃഷ്ടി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഈ സമീപനം ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നു. സയൻസ് മ്യൂസിയത്തിലെ കണ്ണാടിക്കുപ്പിയിൽ നിന്നും മത്സ്യത്തെ എടുത്ത് ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്ന ലൂയിസ് അഗസ്സിസിന്റെ വളരെ പ്രസിദ്ധമായ ഒരു ഉദാഹരണമുണ്ട്. ആഴ്ചകളും മാസങ്ങളും നീണ്ടുപോയാലും വീണ്ടും അഗാസിസ് സ്വന്തം വിദ്യാർത്ഥികളോട് പറഞ്ഞുകൊണ്ടേയിരുന്നത് “Take the facts into your own hands; look, and see for yourself!” എന്നായിരുന്നു. അതുപോലെ തന്നെയാണ് പണ്ട്, എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്? എന്ന പുസ്തകവും ധാരാളം പതിപ്പുകൾ ഇറങ്ങിയിരുന്നതും. യുക്തിയിലും അനുഭവപരമായ തെളിവുകളിലും അധിഷ്ഠിതമാവുന്ന ഒന്നാണ് ശാസ്ത്രബോധം. അന്ധവിശ്വാസങ്ങളെയും മുൻധാരണകളെയും ചോദ്യം ചെയ്യാനുള്ള കഴിവ്, വിമർശനാത്മകമായി ചിന്തിക്കാനുള്ള ശേഷി, പുതിയ അറിവുകളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം ശാസ്ത്രബോധത്തിന്റെ മുഖമുദ്രകളായി പറയാം.
- യുക്തിചിന്ത (Rational Thinking)
യുക്തിചിന്ത എന്നത് കാര്യങ്ങളെ അതിന്റെ ശരിയായ കാരണങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതിനുള്ള കഴിവാണ്. ഏതൊരു കാര്യത്തെയും വികാരപരമായിട്ടോ മുൻവിധിയോടെയോ സമീപിക്കാതെ, ലഭ്യമായ വിവരങ്ങളെയും തെളിവുകളെയും അടിസ്ഥാനമാക്കി വിശകലനം ചെയ്യുകയും നിഗമനങ്ങളിൽ എത്തുകയും ചെയ്യുന്ന രീതിയാണിത്. ഒരു പ്രശ്നത്തെ പല കോണുകളിൽ നിന്ന് നോക്കിക്കാണാനും അതിന് സാധ്യമായ പരിഹാരങ്ങൾ കണ്ടെത്താനും യുക്തിചിന്ത സഹായിക്കുന്നു.
- നിരീക്ഷണം (Observation)
സയൻ്റിഫിക് ടെമ്പറിന്റെ ഒരു പ്രധാന ഭാഗമാണ് സൂക്ഷ്മമായ നിരീക്ഷണം. ചുറ്റുപാടുമുള്ള പ്രതിഭാസങ്ങളെയും സംഭവങ്ങളെയും ശ്രദ്ധയോടെ വീക്ഷിക്കുകയും അവയിലെ വിശദാംശങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് നിരീക്ഷണം കൊണ്ടുദ്ദേശിക്കുന്നത്. പക്ഷപാതമില്ലാതെ, ഉള്ളതുപോലെ കാര്യങ്ങളെ കാണാനും രേഖപ്പെടുത്താനും ഇത് സഹായിക്കുന്നു. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പലപ്പോഴും നിരീക്ഷണങ്ങളാണ് വഴിയൊരുക്കിയിട്ടുള്ളത്.
- പരീക്ഷണം (Experimentation)
ഒരു ആശയം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുന്നതിനുള്ള ശാസ്ത്രീയമായ മാർഗ്ഗമാണ് പരീക്ഷണം. ഒരു നിരീക്ഷണത്തിൽ നിന്നോ യുക്തിചിന്തയിൽ നിന്നോ ഉരുത്തിരിയുന്ന ഒരു അനുമാനം (hypothesis) എത്രത്തോളം ശരിയാണെന്ന് പ്രായോഗികമായി തെളിയിക്കാൻ പരീക്ഷണങ്ങൾ ആവശ്യമാണ്. നിയന്ത്രിത സാഹചര്യങ്ങളിൽ ഒരു പ്രതിഭാസത്തെ പഠിക്കുകയും അതിന്റെ ഫലങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നമുക്ക് വസ്തുനിഷ്ഠമായ വിവരങ്ങൾ ലഭിക്കുന്നു.
- സംശയദൃഷ്ടി (Skepticism)
സംശയദൃഷ്ടി എന്നാൽ എല്ലാറ്റിനെയും അവിശ്വസിക്കുക എന്നതല്ല, മറിച്ച് ഏതൊരു വാദത്തെയും തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം സ്വീകരിക്കുക എന്നതാണ്. ഒരു കാര്യം കേട്ടയുടൻ വിശ്വസിക്കാതെ, അതിനെ ചോദ്യം ചെയ്യാനും കൂടുതൽ തെളിവുകൾ ആവശ്യപ്പെടാനും ഇത് പ്രേരിപ്പിക്കുന്നു. സ്വന്തം വിശ്വാസങ്ങളെയും മുൻധാരണകളെയും പോലും ചോദ്യം ചെയ്യാൻ തയ്യാറാകുന്നത് ശാസ്ത്രബോധത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. ഇത് അന്ധവിശ്വാസങ്ങളെയും അശാസ്ത്രീയമായ ചിന്തകളെയും ചെറുക്കാൻ സഹായിക്കുന്നു.
യൂറോപ്യൻ ശാസ്ത്രബോധം ഒരു പരിധിവരെയും ഒരു ലീനിയർ പ്രോസസ്സ് ആയിരുന്നു എന്ന് പറയാം. എന്നാൽ ഇന്ത്യയുടേത് അത്തരത്തിലായിരുന്നില്ല. അതൊരു ഹോളിസ്റ്റിക് കാഴ്ചപ്പാടായിരുന്നു. സാധാരണഗതിയിൽ പറയാറുണ്ട്, യൂറോപ്പ് സയൻസ് ഓറിയന്റഡും ഇന്ത്യ സ്പിരിച്വലും ആണെന്ന്. ഇതൊരു പറഞ്ഞുപറഞ്ഞു സാധാരണീകരിക്കപ്പെട്ട നരേറ്റീവ് ആണ്. യുക്തിഭദ്രതയും ആത്മീയതയും ചേർത്തുവയ്ക്കുന്ന രീതിയാണ് നാം പിന്തുടർന്നത് എന്നതിനാൽത്തന്നെ പലപ്പോഴും ഇത് തെറ്റിവായിക്കപ്പെട്ടിട്ടുമുണ്ട്. യൂറോപ്പിൻ്റെ ലീനിയർ ചിന്തയ്ക്ക് ഉൾക്കൊള്ളാനാവാത്തവിധം ഇത് സങ്കീർണ്ണമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് നാം നോക്കാൻ എടുക്കുന്ന ലെൻസ് വളരെ പ്രധാനമായി മാറുന്നുണ്ട്. എല്ലാം ഒരേ സ്കെയിലിൽ അളക്കാൻ ശ്രമിക്കുന്ന, ഒരേ ടെംപ്ലേറ്റ് വഴി എല്ലാറ്റിനെയും വിലയിരുത്തുന്ന രീതി ഇവിടെ ശരിയാവില്ല എന്നതാണ് ശരി. വ്യത്യസ്തമായ സംസ്കൃതികളെ വിലയിരുത്താൻ ഒരു പൊതുമാനദണ്ഡം സ്വീകരിക്കുന്നത് അബദ്ധമായി മാറും.
എന്നാൽ, ഈ സങ്കല്പം യൂറോപ്യൻ കേന്ദ്രീകൃതമാണോ, അതോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ചും കേരളത്തിൽ, സമാനമായ ചിന്താധാരകൾ മുൻപേ നിലവിലുണ്ടായിരുന്നോ എന്നെല്ലാം പരിശോധിക്കേണ്ടത് പ്രധാനമാണ്. ശാസ്ത്രബോധം എന്നത് ഒരു നാടിന്റെയും, ഒരു സംസ്കാരത്തിന്റെയും കുത്തകയല്ല എന്ന ധാരണ ആദ്യമേ മനസ്സിൽ വെച്ചുകൊണ്ട് വേണം ഈ വിഷയത്തെ സമീപിക്കാൻ. എല്ലാം യൂറോ സെൻട്രിക് ആണെന്ന ബോധ്യങ്ങളെ ഒരല്പം സംശയമുനയിലേക്ക് നീക്കി വെക്കുകയെങ്കിലും വേണം തുടർ വായനയ്ക്ക്.
യൂറോപ്പിൽ, ജ്ഞാനോദയ കാലഘട്ടത്തിലെ ചിന്തകരായ ഫ്രാൻസിസ് ബേക്കൺ, റെനെ ദെക്കാർത്ത് തുടങ്ങിയവർ അനുഭവവാദത്തിനും യുക്തിക്കും ഊന്നൽ നൽകിക്കൊണ്ട് ആധുനിക ശാസ്ത്രരീതിക്ക് രൂപം നൽകി എന്നാണ് പൊതുബോധത്തിലുള്ള വിവരം. ഇത് ശാസ്ത്രബോധം എന്ന ആശയത്തെ യൂറോപ്യൻ കാഴ്ചപ്പാടിൽ നിന്നുടലെടുത്ത അനിവാര്യമായ ഒരു ഘടകമാക്കി പിന്നീട് മാറി. പിൽക്കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട ഒരു രീതിശാസ്ത്രമായി ഇത് വളർന്നുവന്നത് ഈ ധാരണയിൽ നിന്നാണ്. ശാസ്ത്രബോധത്തിൻ്റേതു മാത്രമല്ല, ഗവേഷണ രീതിശാസ്ത്രങ്ങളുടെ അപ്പാടെയും തുടക്കം ഇവിടെ നിന്നാണ് എന്നാണ് പിൽക്കാലത്ത് വിലയിരുത്തപ്പെട്ടത്. ഫ്രാൻസിസ് ബേക്കൺ ഇതിൻ്റെ പിതൃസ്ഥാനത്തേക്കും പ്രതിഷ്ഠിക്കപ്പെട്ടു.
കേരളത്തിൻ്റെ ചില കാഴ്ചവട്ടങ്ങളിലേക്ക് നാം ഈ നേരത്ത് ഒന്നു കണ്ണു പായിക്കേണ്ടതുണ്ട്. കേരള ഗണിതസരണി എന്ന ഇന്നത്തെ പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന മേഖലയെത്തന്നെ ഉദാഹരിക്കാം. (ശാസ്ത്രബോധത്തിന്റെ മാതൃകയായി ഇതാരെങ്കിലും എടുത്തുപയോഗിക്കുന്നു എന്നു വന്നാൽ അതിനിരട്ടിയായി, അന്ധവിശ്വാസത്തിൻ്റെയോ സൂപ്പർ പവറിൻ്റെയോ തലത്തിലേക്ക് ഇതിനെ വലിച്ചു താഴെ വീഴ്ത്താറുമുണ്ട് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടു കൊണ്ടു തന്നെയാണ് ഈ വിഷയം ചർച്ചയ്ക്കെടുക്കുന്നത്).
ആര്യഭടീയവും കേരളവും.
കേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഗ്രന്ഥമാണ് ആര്യഭടീയം. ആര്യഭടൻ മലയാളിയാണെന്നു പോലുമുള്ള തർക്കങ്ങൾ ഇപ്പോഴും നമുക്കിടയിൽ നിലനിൽക്കുന്നുമുണ്ട്. അക്കാര്യങ്ങൾക്കൊന്നും ഇനിയും അടിസ്ഥാനം വന്നിട്ടില്ലാത്തതിനാൽ ഇവിടെ പരാമർശിക്കുന്നില്ല. എന്നാൽ ആര്യഭടീയത്തിന് ഈ നാട്ടിൽ ഉണ്ടായിരുന്ന പ്രാമാണിത്തം അതിശയകരം തന്നെയാണ്. ഒരുതരം ഭക്തിപൂർവ്വകമായ വിധേയത്വം തന്നെ ഇതിനോടുണ്ടായിരുന്നു. അത്തരമൊരു പ്രാമാണിക സങ്കല്പത്തെ ചോദ്യം ചെയ്യാനോ എതിർക്കുവാനോ ആരും തന്നെ തയ്യാറായിരുന്നില്ല.
സംഗമഗ്രാമമാധവന്റെ (AD 1340-1425) പ്രസിദ്ധ ഗ്രന്ഥമായ വേണ്വാരോഹം പറയുന്നതു കാണുക.
“യാവന്തി വ്യസനാന്യസ്യാം
ഉപായൈഃ പൂർവ്വദർശിതൈഃ
സർവ്വകാലസ്ഥകാര്യായാം
ന ദ്വേഷേകമിഹാസ്‌തിഹി”
ഈ പൂർവ്വദർശിതങ്ങളായ ഉപായങ്ങൾ ആര്യഭടീയസിദ്ധാന്തങ്ങളാണെന്ന് പണ്ഡിതരായ പ്രൊഫ. കെ. വി. ശർമ്മ പോലെയുള്ളവർ പിൽക്കാലത്തു നിരീക്ഷിച്ചിട്ടുണ്ട്. അതിനാൽത്തന്നെ, രണ്ടു ശ്ലോകങ്ങളിൽ അടങ്ങിയ വേണ്വാരോഹക്രിയ അവതരിപ്പിക്കാൻ വേണ്ടി സംഗമഗ്രാമമാധവൻ 18 ശ്ലോകങ്ങളാണ് ആമുഖത്തിനെടുത്തത്. താൻ അവതരിപ്പിക്കാൻ പോകുന്ന സിദ്ധാന്തം ആര്യഭടഭക്തർ നഖശിഖാന്തം എതിർത്തേക്കുമെന്ന ഭയമാവണം ഇത്രമാത്രം മുൻകൂർ ജാമ്യത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. ഒടുക്കം ഈ ഉൽക്കണ്ഠകളെ
“വിവിച്യ യൂയം ഏവൈതാം
ഗൃഹ്‌ണീത ഗുണതല്പരാഃ
വിശ്വാസാദുപപത്തീനാം
വിശ്വാസായാല്പചേതസാം” എന്ന് സംക്ഷേപിച്ചു മാധവൻ.
സംഗമഗ്രാമമാധവൻ, നീലകണ്ഠ സോമയാജി തുടങ്ങിയവർ ആകാശഗോളങ്ങളുടെ ചലനം വിശകലനം ചെയ്യാൻ നൂതനമായ ഗണിതശാസ്ത്ര രീതികൾ ഉപയോഗിച്ചു എന്നത് ഇന്ന് അവിതർക്കിതമായ സംഗതിയാണ്. ഇത് യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിലെ ശാസ്ത്രജ്ഞർ അവതരിപ്പിച്ചതിനു സമാനമായ സമീപനമായിരുന്നു എന്നതിലാണ് ലോകം ഇന്ന് അതിശയിക്കുന്നത്. അതെങ്ങനെയാണ് സംഭവിച്ചത് എന്ന അന്വേഷണം നമ്മെ മറ്റു പല വഴിത്തിരിവുകളിലേക്കും കൂടി എത്തിക്കുന്നു എന്നതാണ് വാസ്തവം.
ഈ ഗണിതജ്ഞരെല്ലാം തങ്ങളുടെ കണ്ടെത്തലുകൾക്ക് വ്യക്തമായ ഗണിതശാസ്ത്രപരമായ തെളിവുകൾ അവതരിപ്പിച്ചിരുന്നു. വെറും വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയായിരുന്നില്ല അവരുടെ നിഗമനങ്ങൾ. ജ്യേഷ്ഠദേവൻ (1500-1610) മലയാളത്തിൽ രചിച്ച ‘യുക്തിഭാഷ’ എന്ന ഗ്രന്ഥം, കേരളീയ ഗണിതജ്ഞരുടെ ഗണിതശാസ്ത്രതത്വങ്ങളെ വിശദമായി സമാഹരിക്കുന്നതു കാണാം. കേവലം നിയമങ്ങൾ നിരത്തുന്നതിനുമപ്പുറം, അവയുടെ സൈദ്ധാന്തിക പശ്ചാത്തലം ആഴത്തിൽ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് ‘യുക്തിഭാഷ’.
നിലവിലുള്ള അറിവുകളെ അതേപടി സ്വീകരിക്കാതെ, അവയെ ചോദ്യം ചെയ്യാനും പരിഷ്കരിക്കാനും പൂർവ്വസൂരികളായ കേരളീയ ഗണിതജ്ഞർ ധൈര്യം കാണിച്ചിരുന്നു എന്ന് യുക്തിഭാഷയിൽ ലളിതമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. മുൻധാരണകളെയും ചോദ്യം ചെയ്യാനുള്ള കഴിവ്, വിമർശനാത്മകമായി ചിന്തിക്കാനുള്ള ശേഷി, പുതിയ അറിവുകളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവ തന്നെയാണ് ഈ ഇടപെടലുകളിൽ സംഭവിക്കുന്നത്. മാധവനും പിന്നീട് പരമേശ്വരാദി ശിഷ്യരും അന്നുവരെ നിലവിലുണ്ടായിരുന്ന ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളിൽ വരുത്തിയ തിരുത്തലുകളും വിലയിരുത്തലുകളുമടങ്ങിയ ഇവരുടെ കൃതികൾ തന്നെയാണ് ഇതിനു തെളിവ്.
ഇതിനായി അവരുപയോഗിച്ച സംവിധാനങ്ങൾ, ഉപകരണങ്ങൾ, രീതിശാസ്ത്രങ്ങൾ തുടങ്ങിയവയെ സാമാന്യമായി പ്രതിപാദിക്കാം.
സയൻ്റിഫിക് ടെമ്പറും ലബോറട്ടറികളും.
നിയതമായ സ്ഥലങ്ങളിൽ നിയതമായ ഉപകരണങ്ങളുടെ സഹായത്താൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും നടത്തുന്ന ഇടങ്ങളാണല്ലോ ലബോറട്ടറികൾ. ‘A place for labor or work’ എന്നർത്ഥമുള്ള Laboratorium എന്ന ലാറ്റിൻ പദത്തിൽ നിന്നാണു Laboratory എന്ന വാക്കു വരുന്നത്. പാശ്ചാത്യ സംസ്കൃതിയോടു ചേർത്തുവയ്ക്കുമ്പോൾ അതിനൊരു വിശ്വാസ്യത നമുക്കുള്ളിൽ അറിയാതെ കയറുന്നുണ്ട്.
മഹോദയപുരത്തെ വാനനിരീക്ഷണശാല.
മഹോദയപുരത്തിൻ്റെ പ്രതാപകാലത്ത് AD 9 ൽ അവിടെ ഉണ്ടായിരുന്ന ഒരു വാനനിരീക്ഷണ കേന്ദ്രത്തെപ്പറ്റി പറഞ്ഞ് തുടങ്ങാം.
“ഗോളാന്മഹോദയപുരേ രവിവർമ്മദേവ!
സംബന്ധയന്ത്രവലയാങ്കിതരാശിചക്രാൽ
ഭാനോ കുളീദേശഭാഗഗതേ തുലാന്ത്യം
ലഗ്നം മയാ വിദിതമാശുവദേഹ കാലം”
ആര്യഭടൻറെ സിദ്ധാന്തങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വാനനിരീക്ഷണകേന്ദ്രം രാജാവിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉള്ള സംവിധാനമായിരുന്നു. ശങ്കരനാരായണൻ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ചുമതലക്കാരൻ. സമയാസമയങ്ങളിൽ മണിമുഴക്കാനുള്ള നാഴികക്കൊട്ട് എന്ന ഏർപ്പാടും ഇവിടെയുണ്ടായിരുന്നു. സ്ഥാണുരവിയുടെ ഭരണകാലത്ത് ഈ കേന്ദ്രത്തിലേക്ക് അധികമായി സ്ഥാപിക്കപ്പെട്ട ചില ജ്യോതിശാസ്ത്ര ഉപകരണങ്ങൾ വിശദീകരിച്ചു കൊണ്ട്, ഇത്രയും പ്രോത്സാഹനം നൽകിയതിനു പ്രത്യുപകാരമെന്നോണം താനിതിനെ ‘രവിവർമ്മ യന്ത്രാലയം’ എന്നു വിളിക്കുന്നതായി അദ്ദേഹം ലഘുഭാസ്കരീയവിവരണത്തിൽ പറയുന്നു. ഗോളയന്ത്രം, രാശിചക്രം, ജലേശസൂത്രം തുടങ്ങിയ സങ്കീർണങ്ങളായ ഉപകരണങ്ങൾ മുതൽ ശങ്കു വരെയുള്ള ലളിതമായ instruments ഇവിടെ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.
“ധ്രുവദ്വയീ മദ്ധ്യഗതാരകാശ്രിതം,
ച ലംഭചക്ര ജലയന്ത്രവൽസ്സദാ “
തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാമർശങ്ങൾ ഗോളതത്വം പോലെയുള്ള ധാരാളം കൃതികളിൽ നാം കണ്ടെത്തുന്നുണ്ട്.
ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ള യുകിയോ ഓഹാഷി ക്ലാസിക്കൽ സിദ്ധാന്തങ്ങളിലെ ജ്യോതിശാസ്ത്ര ഉപകരണങ്ങളെക്കുറിച്ച് (Indian Journal of History of Science, 29 (2), 1994, p 155-313) എഴുതിയ പ്രബന്ധത്തിൽ പറയുന്ന ഉപകരണങ്ങളെ നോക്കുക:
ഗോളയന്ത്രം (Armillary Sphere)
ഛായായന്ത്രം (Shadow Instrument)
ധനുർയന്ത്രം (Semi-Circle Instrument)
ചക്രയന്ത്രം (Circle Instrument)
ഛത്രയന്ത്രം (Umbrella Instrument)
തോയയന്ത്രാനി (Water Instrument)
ഘടികയന്ത്രം (Clepsydra)
ശങ്കുയന്ത്രം (Gnomon)
ഏറെ സങ്കീർണവും കൃത്യതയുള്ള റിസൽട്ട് നൽകുന്നതുമായ ഗോളയന്ത്രം ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ഗോളയന്ത്രം (Armillary Sphere) എന്നത് ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾക്കും ഗവേഷണപ്രവർത്തനങ്ങൾക്കുമായി പുരാതനകാലം മുതൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഗോളാകൃതിയിലുള്ള വളയങ്ങൾ കൂട്ടിച്ചേർത്ത് നിർമ്മിച്ച ഒരു മാതൃകയാണ് ഇത്. വിവിധ സംസ്കാരങ്ങളിലും രാജ്യങ്ങളിലും ഇത് വ്യത്യസ്ത രൂപങ്ങളിലും ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നു.
മൈക്കൽ ഹോസ്‌കിൻ എഡിറ്റ് ചെയ്ത്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ഹിസ്റ്ററി ഓഫ് അസ്‌ട്രോണോമി എന്ന പുസ്തകത്തിൽ വിവിധ രാജ്യങ്ങളിൽ ഉണ്ടായ ജ്യോതിശാസ്ത്ര പുരോഗതികളും ഉപകരണങ്ങളുടെ പ്രവർത്തനങ്ങളും വിശദമാക്കപ്പെട്ടിട്ടുണ്ട്. റ്റോളമി (Ptolemy) തന്റെ “അൽമാഗസ്റ്റ്” (Almagest) എന്ന ഗ്രന്ഥത്തിൽ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഗ്രീക്കുകാർ ഇതിനെ ആർമില്ലറി സ്ഫിയർ എന്നാണ് വിളിച്ചിരുന്നത്. ഇത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം മനസ്സിലാക്കാനും ആകാശഗോളങ്ങളെ നിരീക്ഷിക്കാനും ഉപയോഗിച്ചിരുന്നു. പുരാതന ചൈനയിലും ഗോളയന്ത്രം വളരെ പ്രധാനപ്പെട്ട ഒരു ജ്യോതിശാസ്ത്ര ഉപകരണമായിരുന്നു. ചൈനീസ് ഭാഷയിൽ ഇതിനെ ഹുൻ യി എന്നാണ് വിളിച്ചിരുന്നത്. ഒൻപതാം നൂറ്റാണ്ടിൽ മുഹമ്മദ് അൽ-ഫസരിയും മിഡിൽ ഈസ്റ്റ് സാമ്രാജ്യങ്ങളിൽ പലയിടങ്ങളിലും സ്പെയിനിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതായി പറയുന്നു. ഇന്ത്യയിൽ, അഞ്ചാം നൂറ്റാണ്ടിലെ ആര്യഭടീയം മുതൽ ഒൻപതാം നൂറ്റാണ്ടിലെ ലഘുഭാസ്കരീയവിവരണവും ഗോളയന്ത്രം സ്ഥാപിച്ചതിനെക്കുറിച്ച് പറയുന്നുണ്ടല്ലോ. ആര്യഭടീയത്തിലെ ‘ഗോളപാദം’ സ്വയംഭ്രമദ് ഗോളങ്ങൾ ഉപയോഗിച്ച് ഖഗോളത്തെ കുറിച്ച് പറയുന്ന ഭാഗമാണ്. സംഗമഗ്രാമമാധവന്റെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന, എന്നാൽ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കൃതിയുടെ പേര് തന്നെയും ‘ഗോളവാത’ എന്നാണ്.
ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്, നവോത്ഥാനകാലഘട്ടത്തിലാണ്, യൂറോപ്യൻ ജ്യോതിശാസ്ത്രജ്ഞർ ഗോളയന്ത്രം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത് എന്നാണ്. നിക്കോളാസ് കോപ്പർനിക്കസ് പോലെയുള്ളവർ ഗോളയന്ത്രം തങ്ങളുടെ ഒരു പ്രധാന ഉപകരണമായി ഉപയോഗിച്ചു. കോപ്പർനിക്കസിനു മുൻപ് മറ്റൊരു റഫറൻസും നമുക്കിതേവരെ യൂറോപ്പിൽ നിന്നും ലഭ്യമായിട്ടില്ല. കോപ്പർ നിക്കസിന്റെ കാലമാകട്ടെ, സംഗമഗ്രാമമാധവന് ശേഷം, അരനൂറ്റാണ്ടോളം കഴിഞ്ഞിട്ടാണ് (1473 –1543). നാവികരും പിന്നീടിതിനെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കാൻ ഉപയോഗിക്കുകയും, കടൽയാത്രകൾക്ക് ഇത് സഹായകമായി മാറുകയും ചെയ്തിരുന്നു എന്ന് ചരിത്രം പറയുന്നു.
ചുരുക്കത്തിൽ ഒരു ആഗോളവ്യാപകമായ സംവേദനത്വം ആശയങ്ങളുടെ വ്യാപനത്തിൽ മാത്രമല്ല, ഉപകരണങ്ങളുടെ ഉപയോഗത്തിലും സംഭവിച്ചിട്ടുണ്ട് എന്നതിന് ഇതൊരു മികച്ച ഉദാഹരണമാണ്. യൂറോപ്പാണ് ശാസ്ത്രത്തെ സർവ്വത്രികമാക്കിയതെന്നും ഇന്ത്യയുടേത് അടഞ്ഞ വിനിമയങ്ങളാണെന്നുമുള്ള നിഗമനങ്ങൾക്കും ഇതൊരു തിരുത്തൽരേഖയാണ്.
ഉപകരണങ്ങളുടെ നിർമ്മാണരീതികൾ
ഓരോ ഉപകരണവും ഏതു മെറ്റീരിയലിൽ എത്ര അളവുകളിൽ നിർമ്മിക്കണമെന്നതിനും കൃത്യതയാർന്ന കണക്കുകൾ നമ്മുടെ പുരാതന ഗ്രന്ഥങ്ങളിലുണ്ട്. ചിലത് മരത്തിലാവണം, മറ്റു ചിലത് ഇരുമ്പിൽ, കരിങ്കല്ലിൽ എന്നിങ്ങനെ വിവിധങ്ങളായ മെറ്റിരിയലുകളിൽ ഇവ നിർമ്മിക്കപ്പെട്ടിരുന്നു. ഇന്ത്യൻ അസ്ട്രോണമി – എ സോഴ്സ് ബുക്ക് എന്ന ബി. വി. സുബ്ബരായപ്പയും പ്രൊഫ. കെ.വി. ശർമ്മയും ചേർന്ന് എഴുതിയ പുസ്തകത്തിൽ നൽകുന്ന വിശദീകരണങ്ങൾ ആധികാരികമാണ്. ചിലത് മാത്രം ഇവിടെ എടുത്തെഴുതുന്നു.
“The Gola, the Bhagana, the Cakra, the Dhanu, the Ghati, the Sanku, the Sakata, the Kartari, the Pitha, the Kapala, the Salaka, together with the Yasti, are the twelve (astronomical) instruments. “
“Automatically rotating sphere. The Sphere (Gola-yantra) which is made of wood, perfectly spherical, uniformly dense all round but light (in weight) should be made to rotate, keeping pace with time, with the help of mercury, oil and water, by the application of one’s own intellect…”
“The ground below the west point of the sphere dig a pit and fix in it a (narrow) cylinder with a (closed) hole at its lower end and as high as the circumference of the sphere. Fill the cylinder with water. Then fix a nail at the west point of the sphere and fasten to it one end of a string. Pass the string downwards along the equator towards the east point. Then stretch it upwards and take it to the west point (again). Then attach to the string a dry hollow gourd filled with mercury and place it on the surface of the water in the cylinder kept filled with water. Now, open the hole at the bottom of the cylinder. As the water flows out, its level falls. Consequently, the gourd, weighed down as it is by mercury, (also goes down) not leaving (the surface of) the water, and (the string attached to it) pulls the sphere westwards. The outflow of water should be regulated in such a manner that in 30 ghatikas (12 hours), half the water in the cylinder flows out and the sphere rotates one half. Similarly, in the next 30 ghatikas the entire water flows out, the gourd reaches the bottom of the cylinder and the sphere completes one full rotation. In this manner, the sphere could be rotated intelligently keeping pace with time.”
“The armillary sphere, with radius of one’s liking, having perfect circles, made of light and dry timber, by a skilled carpenter who is proficient in the various crafts, should be set to rotate uniformly with time, with the help of water, oil and mercury, by applying one’s intellect. (1) A weight which floats for 30 ksanas (=24 hours) in mercury, oil or water, rotates it (i.e., the armillary sphere) with the help of the three (fluids, mercury, oil and water). This is the basic principle of self-rotation.”
ഈ അടുത്ത് വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ട ചില ലേഖനങ്ങളിൽ പറയുംപ്രകാരം, കേരളത്തിലെ ഗണിതജ്ഞർ വെറും താത്വികമായ പഠനങ്ങളിൽ ഒതുങ്ങിപ്പോയി എന്ന നിരീക്ഷണങ്ങൾ ശരിയല്ല. അവർക്ക് കൃത്യമായ വാനനിരീക്ഷണ ശാലകൾ ഉണ്ടായിരുന്നു. ഗ്രഹങ്ങളുടെ ചലനം, നക്ഷത്രങ്ങളുടെ സ്ഥാനം എന്നിവയെല്ലാം കൃത്യമായി നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചു കൊണ്ട് സ്വന്തം തത്വശാസ്ത്രങ്ങളും ചിന്താധാരകളും സിദ്ധാന്തങ്ങളും അവർ വളർത്തിയെടുത്തിരുന്നു. അതിനു വേണ്ടതായ ഉപകരണങ്ങളും സ്ഥലങ്ങളും അക്കാലത്തുണ്ടായിരുന്നു. സ്ഥാപിതമായ വാനനിരീക്ഷണ കേന്ദ്രങ്ങൾക്കു പുറമേ, സ്വന്തം വീടുകളിലും ഇത്തരം പരീക്ഷണങ്ങൾ ഇവർ നടത്തിയിരുന്നു. കോഴിക്കോടിനടുത്ത് കുട്ടമത്ത് വീട്ടിലെ കുളത്തിൽ വാഴപ്പിണ്ടികളും മറ്റു സാമഗ്രികളുമുപയോഗിച്ച് ഗ്രഹണം നിരീക്ഷിച്ചിരുന്ന കാരണവരെ ചരിത്രകാരനും പണ്ഡിതനുമായ പ്രൊഫ. കെ. കെ. എൻ. കുറുപ്പ് ഓർമ്മിച്ചെടുക്കുന്നുണ്ട്. (സ്വകാര്യ സംഭാഷണത്തെ അധികരിച്ച്). അടുത്തകാലം വരെയും തൽപരർക്കിടയിൽ ഇതൊരു ശീലമായിരുന്നു എന്നു സാരം.
ഫ്രാൻസിസ് ബേക്കണും ശാസ്ത്രബോധത്തിൻ്റെ പിതൃത്വവും.
യൂറോപ്പ് സൃഷ്ടിച്ചു എന്നവകാശപ്പെടുന്ന, നേരത്തേ സൂചിപ്പിച്ച ശാസ്ത്രബോധം അഥവാ ബേക്കോണിയൻ മെത്തേഡ് എന്ന സങ്കല്പനം ഇവിടെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശാസ്ത്രമെഴുത്തിനുള്ള രീതിപോലും ഈ വഴി വന്നതാണ് എന്നതാണ് പൊതുബോധം. ഫ്രാൻസിസ് ബേക്കണിന്റെ നോവം ഓർഗാനം മുന്നോട്ടുവച്ച റിസർച്ച് ഫ്രെയിംവർക്ക് നോക്കു. ശീർഷകം, സംഗ്രഹം, പൂർവ്വപഠനങ്ങൾ, പ്രസക്തി, രീതിശാസ്ത്രം, നിഗമനങ്ങൾ, അനുബന്ധങ്ങൾ തുടങ്ങി, ഇന്നും നാം പരിശീലിക്കുന്ന പ്രബന്ധഘടന തന്നെയാണത്. ഈ രൂപരേഖ അവതരിപ്പിച്ചാണ് ബേക്കൺ ഗവേഷണത്തിൻറെയും രീതിശാസ്ത്രത്തിൻറെയും പിതാവായി മാറിയത്.
ഇവിടെയിനി നമ്മൾ മറ്റൊരു ഗ്രന്ഥം പരിശോധിക്കണം. മാധവൻറെ വേണ്വാരോഹം ആണത്. മേല്പറഞ്ഞ ഘടന മുഴുവനായും പിന്തുടരുന്ന പുസ്തകമാണത്. എന്തെങ്കിലും കൂടുതലായി കാണുന്നുണ്ടെങ്കിൽ, അത് മംഗളശ്ലോകമാണ്. മറ്റെല്ലാം ‘സോ കോൾഡ്’ ബെക്കോണിയൻ മെത്തേഡ് തന്നെ. പക്ഷെ ഒരു പ്രശ്നമുണ്ട്. നോവം ഓർഗാനം എഴുതപ്പെട്ടത് 1620 ൽ ആണ്. വേണ്വാരോഹമാകട്ടെ, 1403 ലും. ഇവിടെ വീണ്ടും ചോദ്യം ബാക്കിയാവുന്നു, പിന്നെയെങ്ങനെ ശാസ്ത്രബോധം യൂറോപ്യൻ സംഭാവനയാകും?
എന്തുകൊണ്ടാണ് ഇതൊന്നും ശാസ്ത്രീയമായി എണ്ണപ്പെടാത്തത് എന്നതിന് കാരണങ്ങൾ പലതു കണ്ടേക്കാം. ആദ്യമായി ഇന്ത്യയുടെ സംസ്കാരത്തിന് ബൗദ്ധിക ഔന്നത്യമോ അഥവാ വൈജ്ഞാനികസമ്മർദ്ദമോ ഉണ്ടാവാൻ ഒരുവഴിയുമില്ല എന്ന ധാരണ മാറണം. കുറഞ്ഞപക്ഷം ഇത്തരം വ്യവഹാരങ്ങൾക്കുള്ള കെൽപ്പ് സായിപ്പിന് മാത്രമേ കാണാൻ വഴിയുള്ളൂ എന്ന നിലപാടെങ്കിലും മാറിയേ പറ്റൂ. അതിന് ഇറക്കുമതി ചെയ്ത വിദ്യാഭ്യാസസമ്പ്രദായത്തിൽ വച്ച ആശ്രയക്കോലുകൾ പിഴുതെടുക്കണം.
അത് മാത്രമല്ല, എന്തിലും ഏതിലും വിധേയത്വം പൂണ്ട് അമിതാന്ധത പുലർത്തി പാരമ്പര്യത്തിൽ അഭിരമിച്ചുവശാവുന്ന കാഴ്ചപ്പാടുകളും തിരുത്തപ്പെടേണ്ടതാണ്. കഴിഞ്ഞുപോയകാലത്തോടുള്ള അമിതമായ അഭിനിവേശവും നമ്മെ എവിടെയും എത്തിക്കുകയില്ല. ഓരോരോ കാലത്തിനും അതാതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന സാമാന്യയുക്തിയും പഠനവേളയിൽ അനിവാര്യത തന്നെയാണ്. എല്ലാം കറുപ്പിലും വെളുപ്പിലും മാത്രം കാണാനാവുക എന്നത് ഒരു തരത്തിൽ കോഗ്നിറ്റീവ് ബയാസ് തന്നെയാണ്. കറുപ്പിനും വെളുപ്പിനുമിടയിലെ വർണ്ണ വൈവിധ്യം കാണാനുള്ള കാഴ്ചയുടെ ലെൻസാണ് ഗവേഷകർക്ക് ഉണ്ടാവേണ്ടത്. കൃത്യമായ സയൻറിഫിക് റിഗർ (പക്ഷം ചേരാത്ത വിശകലനം) ഉള്ളവർ ഇത്തരം ഫാലസികളിൽ/ വൈജ്ഞാനിക പക്ഷപാതങ്ങളിൽ ചെന്നുവീഴില്ല. അറിവിനെ അറിവായി കാണാനും കാലം അതിലേൽപിച്ച പരിക്കുകളെ പരിഹരിച്ച് ശുദ്ധീകരിക്കാനും, ഈ അറിവുകൾ സാർവ്വത്രികമായേ തീരൂ.
ഗണിതം / ജ്യോതിശാസ്ത്രം എന്നീ വിഷയങ്ങൾ മാത്രമാണിവിടെ സൂചിപ്പിച്ചത്. നമ്മുടെ ഭൂമിശാസ്ത്രത്തോടു ചേർന്നുനിൽക്കുന്ന വാസ്തു, പ്രകൃതിക്കിണങ്ങിയ ആയുർവേദം തുടങ്ങിയവ ഒന്നും പറഞ്ഞിട്ടില്ല. മെറ്റലർജിയും തച്ചുശാസ്ത്രവും പറഞ്ഞിട്ടില്ല. വെടിക്കമ്പവിധി പോലുള്ള രസതന്ത്രഗ്രന്ഥങ്ങളെ സൂചിപ്പിച്ചിട്ടില്ല. അതൊന്നും ഒരു ലേഖനത്തിൽ തീരുന്നവയുമല്ല. പക്ഷേ, മറ്റുചില വസ്തുതകൾ പറയേണ്ടിയിരിക്കുന്നു. പ്രത്യേകമായും ചില പ്രാദേശിക വാദങ്ങളെക്കുറിച്ച്.
നിള സ്കൂൾ എന്ന പ്രാദേശിക അതിവാദം.
കേവലം ചില നൂറ്റാണ്ടുകളിലേക്ക് മാത്രമായി കേരളഗണിതസരണിയെ ചുരുക്കി വായിക്കുമ്പോഴാണ് “നിള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്” എന്ന് ചിലരെങ്കിലും ഇതിനെ വിശേഷിപ്പിച്ചു പോകുന്നത്. കേരളത്തിൽ, പ്രത്യേകിച്ചും പതിനാലാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടുവരെ സജീവമായിരുന്ന ഗണിതസരണി എന്നാണ്, ഈ മേഖലയിലെ പഠിതാക്കൾ പോലും പറയുന്നത്. അതായത് കേവലം രണ്ടു നൂറ്റാണ്ടിൻ്റെ കാലയളവിൽ നിലനിന്നിരുന്ന ഒന്ന്. എന്നാൽ തികച്ചും തെറ്റ് എന്നു പറയാവുന്ന ഒരു പരാമർശമാണത്. ഗണിതചരിത്രം കൈകാര്യം ചെയ്യുന്ന വിരവധിപേർ പല വേദികളിൽ ഇത് പറയുന്നത് പതിവാണ്. എന്നാൽ ഇത്, നൂറ്റാണ്ടുകളനവധി നീണ്ട, മഹത്തായ ഒരു ഗണിതപാരമ്പര്യത്തിന്റെ വ്യാപ്തിയെ ചില പ്രാദേശികാതിർത്തികളിലേക്ക് ഒതുക്കുന്നതിനു തുല്യമാണ്. കാലവും ദേശവും കടന്നു വികസിതമായിരുന്ന ഒരു പാരമ്പര്യത്തെ ഒരു പ്രത്യേക നദീതീരത്തേക്ക് മാത്രം ചുരുക്കുന്നത് ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതാണ്.
നിളാനദീതീരത്ത് ജീവിച്ചിരുന്നവരിൽ ഈ സരണിയിലെ പ്രധാനികൾ ഉണ്ടായിരുന്നെങ്കിലും, ഈ ഗണിതസരണി കേരളം മുഴുവനായും വ്യാപിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു. അവർക്ക് ലഭ്യമായതോ, അവരുടെ അറിവിൽ പെട്ടതോ ആയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാവാം ഇത്തരമൊരു നിലപാട് അവർ സ്വീകരിക്കുന്നുണ്ടായിരിക്കുക എന്ന് തോന്നുന്നു. ഈ പറയുന്ന കാലയളവിൽ എടുത്തുകാണിക്കപ്പെടുന്ന ഗണിതജ്ഞരുടെ സമീപനം ശാസ്ത്രീയ ചിന്താരീതിയുടെ ഉത്തമ ഉദാഹരണങ്ങൾ നമുക്ക് നൽകുന്നു എന്നത് നിസ്തർക്കമാണ്. എന്നാൽ, അവർക്കു മാത്രമായിരുന്നു ഈ വിഷയത്തിലെ പാണ്ഡിത്യം എന്ന ധാരണ സൃഷ്ടിക്കുകയാണ് ഈ പ്രസ്താവനകൊണ്ടുള്ള ഫലം. (കാലിക്കറ്റ് സർവകലാശാലയുടെ FyUGP പാഠ്യപദ്ധതിയിൽ ‘നിളയുടെ ഗണിത കേന്ദ്രം’ എന്ന ലേഖനം, ഈ വിഷയത്തിൽ വിദ്യാർത്ഥികളിൽ തെറ്റായ ധാരണ വളർത്താൻ സാധ്യതയുളവാക്കുന്ന ഒന്നാണ് എന്നു കൂടിയും ആനുഷംഗികമായി സൂചിപ്പിക്കട്ടെ).
കേരള ഗണിതസരണി എന്നത് ഒരു വ്യക്തിയുടെയോ ഒരു പ്രത്യേക പ്രദേശത്തിന്റെയോ മാത്രം സംഭാവനയായിരുന്നില്ല. ശങ്കരനാരായണൻ, തലക്കുളത്ത് ഭട്ടതിരി, വിദ്യാമാധവൻ, സംഗമഗ്രാമമാധവൻ, പരമേശ്വരൻ, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവൻ, അച്യുത പിഷാരടി, മേപ്പത്തൂർ നാരായണ ഭട്ടതിരി തുടങ്ങിയ നിരവധി പണ്ഡിതന്മാർക്കിടയിൽ അറിവിന്റെ കൈമാറ്റവും സംവാദങ്ങളും സജീവമായിരുന്നു. അതിനു മുമ്പും കേരളത്തിലെ വിവിധഭാഗങ്ങളിൽ, തിരുവനന്തപുരം മുതൽ കാസർകോടുവരെയും ച്രിലപ്പോഴെല്ലാം അതിനപ്പുറവും) ഗണിതജ്ഞരും പഠനകേന്ദ്രങ്ങളും സജീവമായിരുന്നു. നിരന്തരമായി ഇവരുടെ ഗ്രന്ഥങ്ങൾ പകർത്തിയെഴുതുകയും, വ്യാഖ്യാനങ്ങൾ എഴുതുകയും, ശിഷ്യപരമ്പരകളിലൂടെ അടുത്ത തലമുറകളിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ജ്യോതിഷത്തിൻറെയും ജ്യോതിശാസ്ത്രത്തിൻറെയും അതിർത്തികൾ.
ജ്യോതിശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും അതിരുകൾ വേർതിരിയുന്നത് എവിടെവെച്ചാണ്? എത്ര ചുഴിഞ്ഞു നോക്കുമ്പോഴും വേർതിരിച്ചെടുക്കാനാവാത്തവിധം കലർന്ന അതിരുകളാണ് ഇവ രണ്ടിനും. അതിനു കാരണം, നിത്യജീവിതത്തിൽ ജ്യോതിശാസ്ത്രം ഇടപെട്ട രീതികളാണ്. ജാതി, മത, സമുദായ ഭേദങ്ങൾക്കതീതമായി ഇത് നിവർത്തിക്കപ്പെട്ടിരുന്നു. ഞാറ്റുവേല കലണ്ടർ മുതൽ, ജനന, മരണങ്ങൾക്കും മരണാനന്തരവുമുള്ള ചടങ്ങുകൾക്കും ഇത് ഏവർക്കും അനിവാര്യതയായിരുന്നു. മഹോദയപുരത്തിൻറെ പ്രാമാണിത്തം നഷ്ടപ്പെടുകയും കൊളോണിയൽ സംസ്കാരം നമ്മെ കീഴ്പെടുത്തുകയും ചെയ്തതോടെ നാം കൊണ്ടുനടക്കുന്നത് നായയാണോ പശുവാണോ എന്ന് നമ്പൂരിക്ക് പണ്ടുണ്ടായ സന്ദേഹം നമ്മിലും വന്നു. തുടർച്ച നഷ്ടപ്പെട്ടതോടെ ഈ പഠനമേഖല, വൈകല്യം ബാധിച്ച് പിന്നീട് വൈരൂപ്യത്തിലേക്ക് എത്തുകയാണ് എന്ന് അനുമാനിക്കേണ്ടിവരും. അവിടെയാണ് ഇത് പലർക്കും നിഷിദ്ധവും പരിഹാസ്യവുമായി മാറിയത്. പക്ഷെ അപ്പോഴേക്കും, വെടക്കാക്കി തനിക്കാക്കുക എന്ന നയം വഴി, യൂറോപ്പ് ഈ ജ്ഞാനമേഖലയെ തങ്ങളുടേതായ രൂപം നൽകി മാറ്റി അവതരിപ്പിച്ചു കഴിഞ്ഞിരുന്നു.
യുക്തിയിലും അനുഭവപരമായ തെളിവുകളിലും മാത്രം നിലകൊള്ളുന്ന ശാസ്ത്രബോധം, അന്ധവിശ്വാസങ്ങളെയും മുൻധാരണകളെയും ചോദ്യം ചെയ്ത്, വിമർശനാത്മകമായി ചിന്ത വഴി, പുതിയ അറിവുകളെ സ്വീകരിക്കുന്ന ഈ വഴി നാം പുനരാലോചിച്ച വിഷയത്തിൽ നിവർത്തിക്കപ്പെട്ടത് എങ്ങനെ എന്നതാണ് ഈ പ്രബന്ധം വിശകലനം ചെയ്തത്. ഒരാശയത്തെ അതിന്റെ ടോട്ടാലിറ്റിയിൽ കാണുക എന്നത് ഭാരതീയ ദർശനമാണ്. ഒരു പൂവിനെ അതിന്റെ ഇലയും മുള്ളും വേരും ചേർത്ത്, അത് ശ്വസിക്കുന്ന വായുവിനെയും നിൽക്കുന്ന മണ്ണിനെയും എന്തിന്, ഇലകളിൽ ജീവിക്കുന്ന പുഴുവിനെയും അതിന്റെ കൂടിനെക്കൂടിയും ഒന്നിച്ചു പരിഗണിക്കുന്ന കാഴ്ചപ്പാടാണത്. സമഗ്രത എന്നത് ഏത് വിഷയത്തെയും സയൻറിഫിക് ടെമ്പറിന്റെ പശ്ചാത്തലത്തിൽ സമീപിക്കുമ്പോൾ എല്ലാ ശാസ്ത്രസമൂഹങ്ങളും ആവശ്യപ്പെടുന്ന ഒന്നാണ്. പരമ്പരാഗത യൂറോപ്യൻ ശാസ്ത്രരീതിയുടെ ഋജുസ്വഭാവത്തിൽ നിന്നും വ്യത്യസ്തമായി പരസ്പരബന്ധിതവും W(holistic) ഉം ആയി വിഷയങ്ങളെ സമീപിക്കുന്നതാണ് ഇപ്പോഴത്തെ സയൻറിഫിക് റിഗർ. System Thinking, Network Weaving തുടങ്ങിയ നൂതന ശാസ്ത്രരീതികളും ശാസ്ത്രശാഖകളും ഏത് വിഷയത്തെയും അതിന്റെ സമഗ്രതയിൽ പഠനം സാധ്യമാക്കാൻ ഇന്നാവശ്യപ്പെടുന്നു എന്നുകാണാം. സ്പെഷ്യലൈസേഷനുകൾ മാത്രം നോക്കി ശീലിച്ച കാലത്തുനിന്നും പുതിയ ദിശാബോധങ്ങൾ ഈ വഴികളിൽ സംഭവിക്കുന്നുണ്ട്.
ഇതൊന്നും കൂടുതലറിയാൻ ശ്രമിക്കുകയോ പഠിക്കുകയോ ചെയ്യാതെ നമ്മളിപ്പോഴും “അന്നത്തെ കേരളീയർ മിക്കവാറും അല്പവസ്ത്രധാരികളോ, നഗ്നരോ ആയിട്ടാണ് ജീവിച്ചത്. കൃഷി ചെയ്തിരുന്നെങ്കിലും ജീവിതരീതി തികച്ചും അപരിഷ്കൃതമായിരുന്നു. അത്തരമൊരു സമൂഹത്തിൽ കാൽക്കുലസ് പോലെ ഒരു ഉയർന്ന മാത്തമാറ്റിക്കൽ സിദ്ധാന്തം ആവിഷ്കരിക്കുന്നതിനുള്ള ‘വൈജ്ഞാനിക സമ്മർദ്ദം’ (Cognitive demand) ഉണ്ടാവുക അസാദ്ധ്യമാണ്” (ഭാഷാപോഷിണിയിൽ 2024 ഒക്ടോബറിൽ ശ്രീ. ജെ. രഘു എഴുതിയ ലേഖനത്തിൽ നിന്നും) എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ലിറ്റി ചാക്കോ
അദ്ധ്യാപിക, മലയാളവിഭാഗം സെൻറ്. ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട littylittychacko@gmail.com

Litty, ലേഖനം നന്നായി. ഭാരതീയ സംസ്കാരത്തിന്റെ പ്രാധാന്യം, കേരള ജനതയുടെ വൈഞാനിക മേഖലകളിലെ പ്രാവീണ്യം എന്നിവ ലേഖനത്തിൽ എടുത്തുപറയുന്നു. എന്തിനും ഏതിനും യൂറോപ്യൻ സംസ്കാരത്തിന്റെപുറകേ പോകുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് ഈ ലേഖനം ഒരു തിരിച്ചറിവാകട്ടെ ♥♥
സയന്റിഫിക് ടെമ്പര്‍ 13ാം നൂറ്റാണ്ടു മുതല്‍ഇവിടുണ്ടായിരുന്നു എന്നു സ്ഥാപിക്കാനുള്ള തെളിവൊന്നുമല്ല ഇതൊന്നും. There was a step but not a movement . Why?