
ഷീന ജി.
Published: 10 December 2025 കവര്‍സ്റ്റോറി
കുട്ടനാട്ടിലെ ജലപാതകളും വാണിജ്യബന്ധങ്ങളും
ഓരോ പ്രദേശത്തെയും സാധനസാമഗ്രികളുടെ കൈമാറ്റ കേന്ദ്രങ്ങൾ കൂടിയായിരുന്നു ക്ഷേത്രങ്ങൾ, പള്ളികൾ, ഗ്രാമചന്തകൾ തുടങ്ങിയവ. പല ദേശങ്ങളിൽനിന്ന് വന്നുചേരുന്ന വിവിധ വസ്തുക്കളും പല ദേശക്കാരായ കൈമാറ്റക്കാരും ചന്തകളിലുണ്ടായിരുന്നു. കുട്ടനാട്ടിലും ഇത്തരം ചന്തകൾ നിലനിന്നിരുന്നു. ആലപ്പുഴ, മങ്കൊമ്പ്, എടത്വ, ചമ്പക്കുളം, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ അങ്ങാടികൾ പ്രസിദ്ധമായിരുന്നുവെന്നു കുട്ടനാടൻ ജനത ഓർമ്മിക്കുന്നുണ്ട്.
ജലപാതകളാണ് കുട്ടനാടൻ ജനതയുടെ പരമ്പരാഗത ഗതാഗതമാർഗ്ഗം. കുട്ടനാടിനെ കോട്ടയം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം, കൊച്ചി തുടങ്ങിയ പ്രദേശങ്ങളുമായി പണ്ടു ബന്ധിപ്പിച്ചിരുന്നത് ജലപാതകളാണ്. ഇവയായിരുന്നു ആധുനിക ഗതാഗതസൗകര്യങ്ങൾ വരുന്നതിനു മുൻപ് കുട്ടനാട്ടിലെ സജീവമായ ഗതാഗതമാർഗ്ഗങ്ങൾ. തോടുകളും നദികളും കായലുകളും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഗതാഗതശൃംഖല സജീവമായി പ്രവർത്തിച്ചിരുന്നു. സമൂഹത്തിൽ നിലനിന്നിരുന്ന കൈമാറ്റങ്ങൾ ഏറിയപങ്കും നിർവ്വഹിച്ചിരുന്നത് ജലഗതാഗതമാർഗ്ഗവുമായി ബന്ധപ്പെട്ടായിരുന്നു. അതു കൊണ്ടുതന്നെ വെറും യാത്രയ്ക്കു മാത്രമായുള്ള മാർഗ്ഗങ്ങൾ എന്നതിനേക്കാളുപരി ഒരു സമൂഹത്തിന്റെ പാരസ്പര്യത്തിന്റെയും ക്രമാനുഗതവളർച്ചയുടെയും അടയാളങ്ങളായിരുന്നു ജലപാതകൾ. ചില കാവ്യകൃതികളിൽ ഈ ഗതാഗതമാർഗ്ഗങ്ങളെ സാഹിതീയമോട്ടിഫുകൾ (literary motif) എന്ന നിലയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.1
തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ തുറമുഖനഗരമായിരുന്നു ആലപ്പുഴ. എ.ഡി. 1790 വരെ കുറ്റിക്കാടുകൾ നിറഞ്ഞ ജനവാസമില്ലാത്ത പ്രദേശമായിരുന്നു അവിടം. രാജാകേശവദാസന്റെ ദീർഘവീക്ഷണമാണ് നഗരനിർമ്മിതിക്ക് കാരണമായിത്തീർന്നത്. വിവിധ പ്രദേശങ്ങൾ തമ്മിലുള്ള വിനിമയം സാധ്യമാക്കുന്നതിന് തോടുകൾ വെട്ടി പുന്നമടക്കായൽ, കുട്ടനാട്ടിലെ പള്ളാത്തുരുത്തിയാറ് എന്നിവയുമായി ബന്ധിപ്പിച്ച് അവയുടെ തീരത്ത് പണ്ടകശാലകൾ നിർമ്മിച്ചു. യൂറോപ്യൻമാർ, ഗുജറാത്തികൾ, പാഴ്സികൾ, സിന്ധികൾ, മാർവാടികൾ, കച്ച് മേനോൻമാർ, തമിഴർ, തെലുങ്കർ തുടങ്ങിയ വ്യാപാരികൾക്ക് ആവശ്യമായ പ്രോത്സാഹനം നല്കി. അതുവഴി മലഞ്ചരക്കുകൾ, കൊപ്രാ, വെളിച്ചെണ്ണ, കയർ, കയർ ഉല്പന്നങ്ങൾ എന്നിവയുടെ പ്രധാന വാണിജ്യകേന്ദ്രമായി ആലപ്പുഴ മാറി.വേമ്പനാട്ടു കായലുകൾ വഴികൊച്ചിയുമായും ടി. എസ്. കനാൽ വഴി കൊല്ലവുമായും നഗരത്തെ ബന്ധിപ്പിച്ചു. കോട്ടയം, ചങ്ങനാശ്ശേരി, പാല തുടങ്ങിയമലയോരമേഖലകളെ നദികൾ വഴിയുള്ള ഗതാഗതശൃംഖലയുമായി കൂട്ടിയിണക്കി തുറമുഖം നിർമ്മിക്കപ്പെട്ടു. കപ്പലിൽ എത്തുന്ന സാധനങ്ങൾ കേവ് വള്ളങ്ങൾ വഴി ദൂരദേശത്തേക്കു കൊണ്ടുപോകുവാനും അവിടെ നിന്ന് തിരിച്ചു സാധനങ്ങൾ കൊണ്ടുവരുവാനും ജലപാതകൾ സഹായകമായി ( പി.ജെ. ഫ്രാൻസിസ്, 2007:87-91).
കല്ലൂർക്കാട്ടങ്ങാടി
ചെമ്പകശ്ശേരി രാജ്യം സ്ഥാപിക്കപ്പെട്ടതിനെ തുടർന്നാണ് ചമ്പക്കുളത്തെ കല്ലൂർക്കാട്ട് അങ്ങാടി അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങിയത്. 1642-ൽ ഡച്ചുകാർ പുറക്കാട്ടുവെച്ച് ചെമ്പകശ്ശേരിയുമായി ഉടമ്പടിയുണ്ടാക്കി കച്ചവടം തുടങ്ങിയിരുന്നു. ചെമ്പകശ്ശേരി രാജ്യാതിർത്തിയിൽപ്പെട്ട ഒരു തുറമുഖമായിരുന്നു പുറക്കാട്. തിരുവിതാംകൂറിലെ അക്കാലത്തെ ഏക കൂപ്പ് കോൺട്രാക്ടറും കുരുമുളക്, ഉപ്പ്, പുകയില, മലഞ്ചരക്കുകൾ മുതലായവയുടെ സംസ്ഥാന കുത്തകക്കാരനും തടിവ്യാപാരിയുമായിരുന്ന തച്ചിൽ മാത്തുതരകൻ്റെ വ്യാപാരകേന്ദ്രം ചമ്പക്കുളമായിരുന്നു. ഇവിടെനിന്നു വലിയ തോണികളിൽ തടികൾ അറുത്ത് ഉരുപ്പിടികൾ, കൊപ്ര, കുരുമുളക്, വെളിച്ചെണ്ണ മുതലായ വകകളും പുറക്കാട് തുറമുഖത്ത് കൊടുത്ത് വിദേശങ്ങളിലേക്ക്കയറ്റുമതിചെയ്തിരുന്നു.ഉപ്പ്, പുകയില, കറുപ്പ് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയും കച്ചവടം നടത്തുകയും ചെയ്തിരുന്നു(ജേക്കബ് ജെ. കുരിയാളശ്ശേരി, 1986:94).
അങ്ങാടി പ്രശസ്തമായി തീരുന്നതിന് കാരണം ‘കാണിയാടൻപറ’യുടെ പ്രചാരമായിരുന്നുവെന്നു നാട്ടുമൊഴിയുണ്ട്. ജേക്കബ് ജെ. കുരിയാളശ്ശേരിയുടെ നിരീക്ഷണം ഇപ്രകാരം സംഗ്രഹിക്കാം: ചെമ്പകശ്ശേരി രാജാവിൻ്റെ ഉറ്റമിത്രവും ആശ്രിതനുമായിരുന്ന കാണിയാടൻ രാജപ്രീതിക്കുംതൻ്റെ പെരുമയ്ക്കും വേണ്ടി ഒരു പറ ചെമ്പുതകിടിൽ പണിയിച്ച് കാഴ്ച്ചവെച്ചു. അക്കാലത്ത് ധാന്യ
ങ്ങൾ അളക്കുന്നത് പറകൊണ്ടായിരുന്നു. ‘അഗ്രശാല പറ’യെന്നു വിളിച്ചിരുന്ന പറയാണ് ഇതിനുപയോഗിച്ചിരുന്നത്. പത്തിടങ്ങഴി കൊള്ളുന്ന അഗ്രശാല പറക്ക് ബദലായി എട്ടിടങ്ങഴി കൊള്ളുന്ന ഒരു പറയാണ് കാണിയാടൻ കാഴ്ച്ചവെച്ചത്. അത് അംഗീകൃത പറയായി രാജാവ് പ്രഖ്യാപനം ചെയ്തു.’പത്തിന് എട്ടൊത്തകല്ലൂർക്കാടൻ’, ‘കാണിയാടനൊത്തകല്ലൂർക്കാടൻ’ എന്നീ പേരുകളിൽ ഈ പറഅറിയപ്പെട്ടിരുന്നു. അടുത്ത കാലംവരെ കുട്ടനാട്ടിൽ ഈ പറയാണ് ഉപയോഗത്തിലിരുന്നത്.
കല്ലൂർക്കാട്ടങ്ങാടിയിലെ കച്ചവടവും കല്ലൂർക്കാടൻ പറയും പ്രസിദ്ധങ്ങളായതോടുകൂടി അന്യനാടുകളിൽനിന്നു കൃഷിക്കും കച്ചവടത്തിനുമായി ആളുകൾ ഇവിടെ വന്നു താമസം ആരംഭിച്ചു. പലരും അവരവരുടെ ദേശപ്പേര് താമസസ്ഥലത്തിന് നാമകരണം ചെയ്യുകയുണ്ടായി. വരാപ്പുഴ, കടപ്ര, കരു
വാറ്റ, മാതിരംപള്ളി, വൈക്കം , മീനടം, പള്ളുരുത്തി, വൈപ്പ്, തോട്ടയ്ക്കാട്, കൊരട്ടി എന്നിങ്ങനെയുള്ള വീട്ടുപേരുകൾ ചന്തകൾക്ക് ചുറ്റുമുണ്ടായി (1986:94).
അലപ്പുഴ നഗരത്തിൻ്റെ വളർച്ചയ്ക്ക് വ്യാപാരബന്ധങ്ങൾ വളരെയേറെ സഹായിച്ചിരുന്നു.കുട്ടനാടിൻ്റെ പ്രാദേശികസവിശേഷതയാണ് വെള്ളവും വള്ളവും ഇടകലർന്ന ജനജീവിതം.ജലപാതകൾ വഴിയുള്ള വ്യാപാരബന്ധങ്ങൾ കുട്ടനാടിൻ്റെ ഇതരദേശങ്ങളെ പോലും ബന്ധിപ്പിക്കുന്നതായി
രുന്നു.
എടത്വ ചന്ത:
കുട്ടനാട്ടിലെ പ്രസിദ്ധങ്ങളായ ചന്തകളിലൊന്നാണ് എടത്വയിലുണ്ടായിരുന്നത്. പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനമായപ്പോൾ എടത്വപ്പള്ളിക്ക് ചുറ്റുമുണ്ടായിരുന്ന സ്ഥലങ്ങൾ നികത്തി വാടകയ്ക്ക് കൊടുത്തിരുന്നു. ഈ സ്ഥലമാണ് അങ്ങാടിയായി പരിണമിച്ചതെന്ന് കെ.ജെ. ജോസഫ് കളപ്പുരയ്ക്കൽ അഭിപ്രായപ്പെടുന്നുണ്ട് (2016:69). പീടികസ്ഥലം പ്രതിമാസം കോലിന് ഒരു ചക്രം രണ്ടുകാശു നിരക്കിലും വീട് വെയ്ക്കാനുള്ള സ്ഥലം കോലിന് രണ്ടുചക്രം നിരക്കിലുമാണ് വാടകയ്ക്ക് കൊടുത്തത്. ആറ്റരുകിലും കപ്പേളപള്ളിയുടെ ഇരുവശങ്ങളിലുമായി നികത്തിയെടുത്ത സ്ഥലം താമസത്തിനും കച്ചവടത്തിനുമായി കോൽകണക്കിനാണ് വാടകയ്ക്ക് കൊടുത്തിരുന്നത്. എടത്വചന്ത രൂപപ്പെട്ടത് ഈ സ്ഥലത്താണ്. പാലങ്ങൾ ആദ്യകാലങ്ങളിൽ കുറവായതിനാൽ വള്ളങ്ങളിലാണ് ഉൾനാടുകളിൽനിന്നു സാധനങ്ങൾ എത്തിച്ചിരുന്നത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് അർത്തിശ്ശേരി തോട്, കൈതത്തോട് ഇവയിലൂടെയും കൃഷി ഇല്ലാത്ത സമയങ്ങളിൽ പാടങ്ങൾ വഴിയും വള്ളത്തിൽ പോയിരുന്നു. എടത്വ ചന്തയിൽ പ്രധാനമായും കരുപ്പെട്ടിയും മുട്ടയുമായിരുന്നു കയറ്റുമതി ചെയ്തിരുന്നത്.
മങ്കൊമ്പ് ചന്ത:
മൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് കുട്ടനാട്ടിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു മങ്കൊമ്പ് ചന്ത. ജലഗതാഗതത്തെ ആശ്രയിച്ച് വ്യാപാരം നടത്തിയിരുന്ന അന്നത്തെ പ്രധാന കച്ചവടകേന്ദ്രം മങ്കൊമ്പായിരുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലായിരുന്നു ചന്ത പ്രവർത്തിച്ചിരുന്നത്. ബ്രാഹ്മണരുടെ തറവാടുകൾ ഈ പ്രദേശത്ത് ഏറെയുണ്ടായിരുന്നു. കൊട്ടാരം വക സ്ഥലത്തായിരുന്നു അന്നത്തെ ചന്ത പ്രവർത്തിച്ചിരുന്നത്.
മുട്ട കയറ്റുമതിയ്ക്കായി അന്ന് പ്രത്യേകം കുട്ടകൾ നിർമ്മിച്ചിരുന്നു. കുട്ട നിർമ്മാണത്തിന് വിദഗ്ധ തൊഴിലാളികളെ തമിഴ്നാട്ടിൽനിന്നു മങ്കൊമ്പിൽ എത്തിച്ചിരുന്നു. ഈറ്റ കൊണ്ടാണ് കുട്ടകൾ നിർമ്മിച്ചിരുന്നത്. കുട്ടയുടെ പാതിഭാഗംവരെ വൈക്കോൽ നിറച്ച ശേഷമാണ് മുട്ടകൾ ഓരോന്നായി അടുക്കിയിരുന്നത്. കുട്ടനാട്ടിൽ റോഡുകൾ വന്നതോടെ ചന്തയിലെ കച്ചവടം കുറഞ്ഞു തുടങ്ങി. 1980 കളിൽ മങ്കൊമ്പിലും തെക്കേക്കരയിലുമായി ഉണ്ടായ രാഷ്ട്രീയസംഘർഷങ്ങളെ തുടർന്ന് ചന്തയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചെന്ന് ‘മങ്കൊമ്പ് ചന്തയിലെ മുട്ടവ്യാപാരം’ എന്ന കുറിപ്പിൽ രേഖപ്പെടുത്തിക്കാണുന്നു.
ചങ്ങനാശ്ശേരി ചന്ത:
വാണിജ്യകേന്ദ്രങ്ങളിൽ പ്രധാനമായിരുന്നു ചങ്ങനാശ്ശേരിചന്ത. ശനിയാഴ്ച ദിവസങ്ങളിൽചന്തകൂടുമ്പോൾഅനവധി ആളുകൾ ഇവിടെ എത്തിയിരുന്നു.റോഡുമാർഗവും ജലമാർഗവുമുള്ള വ്യവസായപുരോഗതി ഉദ്ദേശിച്ചാണ് ചന്തയ്ക്കകത്ത് കനാലിന് അഭിമുഖമായി വേലിത്തമ്പി ദളവാ പണ്ടകശ്ശാല പണിതീർപ്പിച്ചത്.
കുട്ടനാട്ടിൽനിന്നുള്ള അരിയും നെല്ലും മറ്റു വിപണന വസ്തുക്കളും കിഴക്കുദിക്കുകളിൽ നിന്നു കാളവണ്ടികളിൽ എത്തിച്ചിരുന്ന മലഞ്ചരക്കുകളും സുഗന്ധദ്രവ്യങ്ങളും കൊച്ചി, കൊല്ലം തുടങ്ങിയ പ്രധാന വിപണികളിൽ എത്തിച്ചിരുന്നത് ചങ്ങനാശ്ശേരിചന്ത വഴിയായിരുന്നു. ചരക്കു നീക്കത്തിനായി ചന്തയോട് ചേർന്നുള്ള ബോട്ടുജെട്ടിയിൽനിന്ന് കേവുവള്ളങ്ങളിലും കെട്ടുവള്ളങ്ങളിലുമായിട്ടാണ് ചരക്കുകൾ എത്തിച്ചിരുന്നത്. ആധുനികഗതാഗത വികസനം വന്നതോടെ ചന്തയുടെ പ്രാധാന്യം കുറഞ്ഞുവന്നു. പുതിയ റോഡുകളും വാഹനങ്ങളും എത്തിച്ചേർന്നതോടെ റോഡുമാർഗമുളള ചരക്കു നീക്കം എളുപ്പമായി. കച്ചവടക്കാർ കൊച്ചി പോലുള്ള പ്രധാന വിപണികളെ നേരിട്ട് സമീപിക്കാനും തുടങ്ങി. ഉൾനാടൻ ജലഗതാഗതം മുഖേനയുള്ള ചരക്കുനീക്കത്തിന് പ്രസക്തിയില്ലാതായതോടെ ചങ്ങനാശ്ശേരി ചന്തയുടെ പ്രാധാന്യം കുറഞ്ഞു. കുട്ടനാടിൻ്റെ വാണിജ്യബന്ധങ്ങളെ നിയന്ത്രിച്ചിരുന്നതിൽ മങ്കൊമ്പ് പട്ടന്മാർക്ക് വളരെ സ്ഥാനമുണ്ട്. ആദ്യകാലങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കായി വന്നവർ പിന്നീട് കാർഷികമേഖലയിലെ പ്രബലസാമ്പത്തിക സ്രോതസ്സായി മാറിത്തീർന്നു. മങ്കൊമ്പ് പട്ടന്മാരുടെ ചരിത്രപരമായ ഇടപെടലുകൾ ആവേദകനിൽ നിന്ന് ലഭിച്ചത് ചുവടെ ചേർക്കുന്നു.
“ ഞങ്ങക്ക് എപ്പഴും ഒരു ക്ഷേത്രത്തിൻ്റെ സാമീപ്യം വേണം. മങ്കൊമ്പിൻ്റെ പരിസരത്തെയുള്ളൂ ബ്രാഹ്മിൺസ്. അതീന്നകന്ന് മാറി ഒരു വീടുപോലുമില്ല. തുണി കച്ചവടം. എള്ളെണ്ണ കച്ചവടം ഇതുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ തമിഴ് നാട്ടിൽ നിന്നും കേരളത്തിലെത്തിച്ചേർന്നത്. രാജകൊട്ടാരത്തിലും പ്രഭുകുടുംബങ്ങളിലുമുള്ളവർ ഉടുക്കുന്ന മേൽത്തരം തുണികൾ എത്തിയിരുന്നത് മധുരയിൽ നിന്നാണ്. അങ്ങനെ കച്ചവടം നടത്തി കുട്ടനാട്ടിലും എത്തിച്ചേർന്നു. അമ്പലപ്പുഴയിൽ ഞങ്ങളെത്തുമ്പോൾ താമസ സൗകര്യമൊരുക്കുന്നത് പുതുമന ഇല്ലത്താണ്. ഒന്നുകിൽ മലയാള ബ്രാഹ്മണരുടെ വീടുകളിൽ അല്ലെങ്കിൽ നായർ പ്രഭുഗൃഹങ്ങളിലാണ് താമസിച്ചിരുന്നത്. അവിടെ നിന്നും മാത്രമേ ഭക്ഷണം വാങ്ങി കഴിച്ചിരുന്നുള്ളൂ. വളരെ നിവൃത്തിയില്ലെങ്കിൽ മാത്രമേ നായർ പ്രഭുഗൃഹങ്ങളിൽ നിന്നും ആഹാരം സ്വീകരിച്ചിരുന്നുള്ളു. അന്നത്തെ സാമൂഹിക ഘടന അങ്ങനെയായിരുന്നു. പുതുമനയി ല്ലത്ത് വന്നാൽ ആഹാരം തരും. കുട്ടനാട്ടിലാകെ സഞ്ചരിക്കാനുള്ള വള്ളവും അദ്ദേഹം ഏർപ്പാടാക്കി തരുമായിരുന്നു. ലഘുഭക്ഷണം എന്തെങ്കിലും വള്ളത്തേൽ കരുതിയിരുന്നു. നെടുമുടിയിൽ പോയാൽ മാത്തൂര് പോലെയുള്ള കുടുംബങ്ങളിൽ കയറും. അടുത്ത ദിവസം കാവാലം..രണ്ടും മൂന്നും സംഘമായി തിരിഞ്ഞ് കച്ചവടം നടത്തും. നല്ലെണ്ണ, മധുര നേര്യത്, മുണ്ടുകൾ, പുകയില ഇതൊക്കെയാണ് പ്രധാന കച്ചവട സാമഗ്രികൾ. പ്രധാനപ്പെട്ട തറവാടുകളിൽ ഒരു കൊല്ലത്തേക്കുള്ള സാധനങ്ങൾ വാങ്ങും അവർക്ക് ആലപ്പുഴയ്ക്കോ ചങ്ങനാശ്ശേരിയ്ക്കോ പോകണം. നല്ല പൊകല കിട്ടണമെന്നുമില്ല. അന്നെല്ലാ കാരണ വൻമാരും മുറുക്കുകാരാ. അവർക്കാവശ്യമുള്ള പൊകലകൊണ്ടു ചെല്ലു ന്നവരോട് വാങ്ങിയ്ക്കും. നായർ കുടുംബങ്ങളിൽ തന്നെ തെരണ്ട് കല്യാണം കെട്ടുകല്യാണം ഇങ്ങനെ ഇതിനൊക്കെ ധാരാളം സെറ്റും മുണ്ടും നേര്യതും ആവശ്യമായിരുന്നു. ഒരു കൊല്ലത്തേക്കുള്ളത് എടുത്തുവയ്ക്കും. ഇതിന്റെയൊക്കെ വിലയായി കൊടുക്കുന്നത് നെല്ലാണ്. ഇക്കൊല്ലം ഏതെങ്കിലും വീട്ടിൽ ചെന്ന് കച്ചവടം ചെയ്തു കഴിഞ്ഞാൽ അടുത്ത കൊല്ലം കച്ചവടം ചെയ്തു കഴിഞ്ഞാൽ അടുത്ത കൊല്ലം കൊയ്ത് കഴിയുമ്പോഴാണ് വിലയായ നെല്ല് തരുന്നത്. ഓരോ കൊല്ലവും അങ്ങനെയായിരുന്നു.”
നെല്ല് ധാരാളം കൈവശം വന്നു തുടങ്ങി. മങ്കൊമ്പിലും പുളിങ്കൊമ്പിലുമൊക്കെയായി പല സ്ഥല ങ്ങളിലായി വീടുകളിൽ നെല്ലിടാൻ തുടങ്ങി. നെല്ല് സൂക്ഷിച്ചിരുന്നു. അമ്പലപ്പുഴ, തകഴി പ്രദേശങ്ങ ളിൽ ചില വീടുകളുടെ അറ വാടകയ്ക്കെടുത്ത് നെല്ലിടുമായിരുന്നു. നെല്ല് കൊടുത്താൽ അക്കാ ലത്ത് കുട്ടനാട്ടിൽ എന്ത് സാധനവും വാങ്ങാമായിരുന്നു. ഉപ്പും മുളകും സാധനവും നെല്ല് കൊടു ത്താൽ മാത്രമേ കിട്ടുകയുള്ളൂ. ഇരുന്നാഴി നെല്ല്, മുന്നാഴി നെല്ല് ഇങ്ങനെ കണക്ക് പറയും. 1935 വരെ അവിടെയല്ലായിടത്തും ഈ രീതിയായിരുന്നു. സാധനങ്ങൾക്ക് പകരം സാധനം ക്രയവിക്രയം ചെയ്യുന്ന രീതി. സകലതിനും നെല്ലായിരുന്നു കൂലി. തുണിയലക്കിയാലും ഇല്ലെങ്കിലും ഒന്നര പറ നെല്ല്. അതു പോലെ പുറവേലികുത്തുന്നതിനുള്ള സാധനം കൊണ്ടുവരുമ്പഴും നെല്ലായിരുന്നു കൂലി”.
”കായൽ വീണ്ടെടുക്കലിൻ്റെ ഘട്ടത്തിലാണ് പണത്തിൻ്റെ ആവശ്യകത വളരെയേറെയുണ്ടായിരുന്നത്. എല്ലാ സാധനങ്ങളും നെല്ല് കൊടുത്താൽ കിട്ടുമെന്ന രീതി അങ്ങ് മാറി. പണത്തിൻ്റെ ആവശ്യ മുണ്ടായി. ആ സമയം ഞങ്ങൾ ശരിയ്ക്ക് ഉപയോഗപ്പെടുത്തിയെന്ന് പറയാം. ഞങ്ങൾ തമിഴ് നാട്ടിൽ തന്നെ വ്യാപാരികളായിരുന്നതു കൊണ്ട് ബ്രാഹ്മണരുടെ കൈവശം പണം ധാരാളമുണ്ടായിരുന്നു. അതുപോലെ തന്നെ വെള്ളി, സ്വർണ്ണം ആഭരണങ്ങളുമുണ്ടായിരുന്നു. പലവിധ കച്ചവടം ധാരാളമു ണ്ടായതു കൊണ്ട് പണം കിട്ടുന്ന വഴിയ്ക്ക് സ്വർണ്ണവും വെള്ളിയുമൊക്കെയാക്കി തീർക്കും. മിക്കവാറും അറകളൊക്കെ കുട്ടനാട് ഭാഗത്തെ നെറഞ്ഞു. കുറെ കാലം കൊണ്ട് വന്നും പോയുമിരുന്നത് കൊണ്ട് എല്ലാം തഞ്ചാവൂർക്ക് കൊണ്ട് പോകാൻ കഴിയില്ല. കൊണ്ടുപോകൽ ബുദ്ധിമുട്ടായി തോന്നി തുടങ്ങി. കച്ചവടം വികസിച്ചു കഴിഞ്ഞപ്പോൾ നെല്ല് കൊണ്ടുപോകാൻ പറ്റാതെയായി. കായൽ വീണ്ട ടുക്കലിന് നെല്ലും വേണം പണവും വേണം. ഇത് രണ്ടും ഞങ്ങടെ കയ്യിലേയുള്ളു. അങ്ങനെയാണ് മണിലെൻഡിങ്ങിനും പാഡിലെൻഡിങ്ങിലേക്കും തിരിഞ്ഞത്”.
കുട്ടനാട്ടിലെ അന്യദേശ കച്ചവടങ്ങളും തുടർന്നുണ്ടായ കുടിയേറ്റങ്ങളുമാണ് ആവേദകൻ്റെ വരിക ളിൽ നിന്ന് വ്യക്തമാകുന്നത്. പണം ഉപയോഗിച്ചുള്ള കൊടുക്കൽ വാങ്ങലുകൾക്ക് പകരം നെല്ലായി രുന്നു വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത്. കൃഷിയിടങ്ങളിൽ കൂലിയായി നല്കിയിരുന്നത് നെല്ലായിരുന്നു. പിന്നീട് വ്യവസ്ഥാക്കൾ മാറ്റം വന്നുതുടങ്ങി.
പണത്തെ അടിസ്ഥാനമാക്കിയ കൊടുക്കൽ വാങ്ങലുകളിൽ നിന്ന് അക്കാലത്തെ നാണയവ്യവസ്ഥയെക്കുറിച്ച് അറിയാൻ സാധിക്കും തിരുവിതാംകൂറിൽ മാത്രം പ്രചാരത്തിലിരുന്ന നാണയങ്ങൾ സർക്കാർ അരരൂപ, പണം, ചക്രം, അരചക്രം, കാൽചക്രം,കാശ് എന്നിവയായിരുന്നു. അരരൂപയ്ക്ക് പതിനാല് ചക്രം, ഒരുപണത്തിന് നാല്ചക്രം, ഒരു ചക്രത്തിന് പതിനാറ് കാശ് എന്നിങ്ങനെയായിരുന്നു മൂല്യം ഇന്ത്യാസാമ്രാജ്യം മുഴുവനും പ്രചാരത്തിലിരുന്ന ബ്രിട്ടീഷ് നാണയങ്ങൾ ഒരുരു പ,അരരൂപ. കാൽരൂപ. അണ,പൈസ എന്നിവയായിരുന്നു. ഒരു ബ്രിട്ടീഷ് രൂപയ്ക്ക് 28 1/2 ചക്രമായി രുന്നു മൂല്യം പതിനാറ് അണയായിരുന്നു ഒരു രൂപ പന്ത്രണ്ട് പൈസ കൂടുമ്പോൾ ഒരണയാകുമായി രുന്നു. ഒരു ചില്ലി കാശോ പൈസയോ കൊടുത്താൽ പോലും ചിലസാധനങ്ങൾ വാങ്ങാമായിരുന്നു ഒരു രൂപയ്ക്ക് നാല് കിലോ മാട്ടിറച്ചിയോ. നൂറ്റിയെൺപത് താറാവിൻ മുട്ടയോ അഞ്ഞൂറ് വാഴപ്പഴമോ ലഭിച്ചിരുന്നു. ഒരു വള്ളം ആറ്റു ചരലിന് ഒരു രൂപമാത്രം കൊടുത്താൽ മതിയായിരുന്നു. ക്രയവിക്രയ ങ്ങൾക്ക് സാധാരണ ഉപയോഗിച്ചിരുന്ന നാണയം വെള്ളിചക്രമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തിരുവിതാംകൂറിൽ നിലവിലിരുന്ന ചെമ്പ് ചക്രത്തേക്കാൾ മൂല്യമുള്ളവയായിരുന്നു അവ നാണയവ്യവസ്ഥ വന്നപ്പോഴും വച്ചുമാറ്റ സമ്പ്രദായം ചിലപ്പോൾ നടത്തിയിരുന്നു. അരി,തേങ്ങ തുടങ്ങിയ സാധനങ്ങൾ സ്ത്രികൾ കൈമാറ്റം ചെയ്തിരുന്നു ( കെ.ജെ ജോസഫ് കളപ്പുരയ്ക്കൽ,
2016)
ആദ്യകാലങ്ങളിൽ നടന്ന കായൽ വീണ്ടെടുക്കൽ സംരഭങ്ങൾ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ചുള്ളതായിരുന്നു. ഒറ്റപ്പെട്ടു നടന്ന കായൽ വീണ്ടെടുക്കൽ അവസാനം വിപുലമായ പദ്ധതിയായി രൂപപ്പെടുകയാണുണ്ടായത്. നെല്ലിനെക്കാൾ പണത്തിനു പ്രാധാന്യം കൈവരുന്നത് ഈ സന്ദർഭത്തിലാണ്. ഈ സാഹചര്യം ബുദ്ധിപരമായി മുതലെടുത്ത് തമിഴ്ബ്രാഹ്മണഹുണ്ടികക്കാർ ഉദാരവ്യവസ്ഥയിൽ ആവശ്യത്തിനു പണം നൽകാൻ തയ്യാറായി. ആദ്യകാല കച്ചവടസംഘങ്ങൾ എന്നതിനെക്കാൾ കുട്ടനാടിൻ്റെ സമ്പത് വ്യവസ്ഥയെ നിയന്ത്രിക്കുന്ന വലിയ ശക്തിയായി പില്ക്കാലത്ത് തമിഴ് ബ്രാഹ്മണർ മാറിയിരുന്നു. കോളനിവൽക്കരണവും അന്യദേശകുടിയേറ്റങ്ങളും കച്ചവടബന്ധങ്ങളും ആലപ്പുഴയെകൂടുതൽ നഗരവത്കരിച്ചു. പിൽക്കാലത്തെ നഗരവളർച്ചയ്ക്ക് വ്യാപാരബന്ധങ്ങൾ അടിസ്ഥാനമായിരുന്നുവെന്ന് സാരം. കുട്ടനാട്ടിലെയും സമീപദേശങ്ങളിലെയും വാണിജ്യവിഭവങ്ങൾ വിപണിയിലെത്തിക്കുകയും സാമ്പത്തികഭദ്രതകൈവരിക്കുകയെന്ന ലക്ഷ്യവും വ്യാപാരബന്ധങ്ങൾക്കുണ്ടായിരുന്നു. ആവാസവ്യവസ്ഥയോടു ചേർന്നു ജീവിതം നയിച്ച മനുഷ്യൻ ശാരീരികഅധ്വാനത്തിനു നല്കിയ പ്രാധാന്യമാണ് ഇത്തരം കൊടുക്കൽ വാങ്ങലുകൾ. ജലപാതകളിൽ യന്ത്രവല്കൃത വ്യവസ്ഥ കടന്നുവന്നതോടെ രൂക്ഷമായ ജലമലിനീകരണം നേരിടുന്ന പരിതോവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ജനക്കൂട്ടായ്മയുടെ സാമൂഹികബന്ധങ്ങൾ, സാമൂഹികപ്രയോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു സമൂഹത്തിൽ നിലനിൽക്കുന്നതും വളരുന്നതുമാണ് ഒരു പ്രദേശത്തിൻ്റെ ചരിത്രം. ഓരോ പ്രദേശത്തിൻ്റെയും സവിശേഷതകളനുസരിച്ചു ജനങ്ങൾ സ്വയം നിർമ്മിച്ചതും നിലനിർത്തിപ്പോരുന്നതുമായ പ്രവർത്തനങ്ങളുടെ ആകെത്തുകയാണു സംസ്കാരത്തിനാധാരം. പൊതുജീവിതശൈലിയാണു ‘സംസ്കാരം’ (culture) എന്ന റെയ്മണ്ട് വില്യംസിന്റെ നിർവ്വചനം (1982:61) ഇവിടെ ഓർത്തിരിക്കാം (“I would define the theory of culture as the study of relationships between elements in a whole way of life. The analysis of culture is the attempt to discover the nature of the organization which is the complex of these relationships. Analysis of particular works or institutions is in this context, analysis of their essential kind of organisation, the relationships which works or institutions embody as parts of the organisation as a whole (Raymond Williams, 1982:61). ഓരോ കാലഘട്ടത്തിലെ ജീവിതരീതികളും രാഷ്ട്രീയപരിതോവസ്ഥകളും സാമ്പത്തികസ്ഥിതിഗതികളുമെല്ലാം പ്രദേശത്തിന്റെ സാംസ്കാരികചരിത്രത്തിന് ആധാരമായി വർത്തിക്കുന്നു. കുട്ടനാടിൻ്റെ വ്യാപാരബന്ധങ്ങൾ പ്രാദേശിക സംസ്കാരത്തിന് അടിസ്ഥാനമായി എന്നെന്നും നിലനിൽക്കുന്നതാണ്
കുറിപ്പുകൾ
കുട്ടനാട്ടിലെ ജലപാതകളെക്കുറിച്ച് ഏതാനും ചില സൂചനകൾ സന്ദേശകാവ്യങ്ങളിൽ കാണാം. എം.എൻ. ഭാസ്കരപ്പണിക്കരുടെ വിജയസന്ദേശം എന്ന കാവ്യത്തിൽ സന്ദേശവാഹകൻ ഒരു കേവുവഞ്ചിക്കാരനാണ്. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള ജലപാതയുടെ വിവരങ്ങൾ ഈ കൃതിയിൽനിന്ന് ലഭ്യമാണ്. ഏഴു ദിവസംകൊണ്ട് തിരുവനന്തപുരത്ത് എത്താവുന്ന ജലമാർഗ്ഗം നായകൻ ദൂതന് നൽകുന്നുണ്ട്. ആലപ്പുഴ പട്ടണത്തിൽനിന്നു കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ പള്ളാത്തുരുത്തി ആറ് കാണാമെന്നും അവിടെനിന്നും പുറപ്പെടുമ്പോൾ വള്ളമെത്തുന്നത് കരുമാടിയിലായിരിക്കുമെന്നും തുടർന്നു തെക്കോട്ട് പോകണമെന്നും തോട്ടപ്പള്ളിയിൽ എത്തുമ്പോൾ ഒരു പാലവും ചീപ്പും കാണാമെന്നും കാവ്യത്തിൽ പറയുന്നു. ഇക്കൂട്ടത്തിൽ ചർച്ച ചെയ്യാവുന്ന മറ്റൊരു സന്ദേശകാവ്യമാണ് ഇന്ദിന്ദിര സന്ദേശം. മലയാളത്തിലെ ഒടുവിലത്തെ സന്ദേശകാവ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സന്ദേശകാവ്യത്തിൻ്റെ കർത്താവ് കെ. രാഘവനാണ്. ആലപ്പുഴ മുതൽ കൊല്ലം വരെയുള്ള ജലപാത സൂചനകൾ ഈ കൃതിയിൽ കാണാം. സന്ദേശഹരനാഭൃംഗം ആലപ്പുഴയിൽനിന്നു ബോട്ടു മാർഗ്ഗമാണ് യാത്രതിരിക്കേണ്ടത്. പള്ളാത്തുരത്തി ആറ്റി ലൂടെ തെക്കോട്ടുപോകുന്ന ബോട്ട് കരുമാടി വഴി പല്ലന, കീരിക്കാട്, വള്ളിക്കാവ് എന്നി പ്രദേശ ങ്ങളിലൂടെ അഷ്ടമുടി കായലിൽ എത്തുന്നു. പിന്നീട് കായൽ കടന്ന് കൊല്ലത്ത് എത്തിച്ചേരു ന്നതായി പറയുന്നു (ഡോ.സി. ചന്ദ്രരാജ്, 2015:87-88).16.
2.മങ്കൊമ്പ് ചന്തയിലുണ്ടായിരുന്ന മുട്ടവ്യാപാരത്തെ സംബന്ധിച്ച രസകരമായ വിവരങ്ങൾ ഈ ലിങ്കിലെ ๑๖๐: https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/mangkomb+chanthayile+muttapuranam-newsid-68060505.
പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ ഉരുപ്പടികളും ആഭരണങ്ങളും പണയം വയ്ക്കുന്ന ഏർപ്പാട് നിലനിന്നിരുന്നു. വെള്ളിത്തുടൽ, അരഞ്ഞാണം തുടങ്ങിയവ പണയം വയ്ക്കുന്ന ഏർപ്പാട് നിലനിന്നിരുന്നു. വെള്ളിതുടൽ, അരഞ്ഞാണം, വളളിക്കമ്മൽ, കയ്പാക്ക്, വിൽക്കത്തി, ഓടക്കോലി, വട്ടുകററിക, ചുവളിമുററി തുടങ്ങിയവ പണയം വച്ചിരുന്നു (കെ.ജെ ജോസഫ് കളപ്പുരയ്ക്കൽ, 2016)
Referencs
1.ഫ്രാൻസിസ് പിജെ2011
ആലപ്പുഴ കിഴക്കിൻ വെനീസ്, മാതൃഭൂമി ബുക്സ്
2(എഡി: സി. ആർ രാജഗോപാലൻ )
2015
പാമരം; കേരളസർവ്വകലാശാല
3.ജോയ് ജോസഫ്;
തിരുവനന്തപുരം.
നെല്ലറകളുടെ നാട്ടിൽ ; മാതാപ്രിൻഴ്സ്; ആലപ്പുഴ
4ജേക്കബ് .ജെ .കുരിയാളശേരി
1986
കല്ലൂർക്കാട് പള്ളിയും സുറിയാനി ക്രിസ്ത്യാനി
കളും
5കെ ജെ ജോസഫ് കളപ്പുരയ്ക്കൽ 2016
2016
ചരിത്രസ്മരണകളിലൂടെ.സെന്റ് ജോർജ്ജ് ഓഫ്സെറ്റ്, എടത്വ
1Abraham John,
1980
Kuttanad, Trivandrum Kerala
.2George,
1987;
Social Economic Aspects of attached labours in Kuttanad Agriculture. Econ Polit wi…… 27.141.15
3Jeffrey Robin,
1976:
The decline of Nayar Dominance, Vikas Publishing House, New Delhi.
4Rammohan KT
2006
Tales of Rice; Kuttanad, South west India, Center for development studies, Trivandrum
ആവേദക സൂചി
70
ഡോ കെ പി വി അയ്യർ
ന്യൂ നമ്പർ 22. ഫ്ളാറ്റ് ജി.എസ്
3 ർഡ് മെയിൻ റോഡ് നടേശ നഗർ ചെന്നൈ.

Sheena G
HST Malayalam St.johns higher secondary school, Mattom,Mavelikara
