ഡോ. ഷൂബ. കെ.എസ്.

Published: 10 January 2025 സാഹിത്യ പ്രതിചരിത്ര പരമ്പര

കവിത ( കിളിമാനൂർ രമാകാന്തൻ )

കിളിമാനൂർ രമാകാന്തൻ (1938-2009)

‘’ഓങ്കാരനാദവും ശാന്തി മന്ത്രങ്ങളും ഓർമ്മയിൽ പേണുന്ന വേദസൂക്തങ്ങളും പോയ കാലത്തിൻ പുതപ്പുമാറ്റിക്കൊണ്ട് കണ്ണും തിരുമ്മിയുണർന്നു വന്നെത്തുന്ന ധർമ്മശാസ്ത്രങ്ങളും

എന്നെപ്പഠിപ്പിച്ച മുഗ്ദ്ധമന്ത്രം
ഓം ശാന്തി ശാന്തി!

എനിക്കെന്തു ശാന്തി?
നിനക്കെന്തു ശാന്തി?

ആകെപ്പരിക്കേറ്റ വർത്തമാനത്തിന്റെ
ദേഹത്തിൽ നിന്നും പൊഴിഞ്ഞു വീഴുന്നൂ രക്തം ചുവപ്പുളള രക്തം സത്യത്തിനെപ്പോഴുമസ്ത്രശയ്യാതലം കയ്ക്കും വിഷം ചേർന്ന പാനപാത്രം മെക്കയിൽ നിന്നും മെദീനയ്ക്കു പായുന്ന ദുഃഖം സഹിക്കുന്നു സ്നേഹഭാവം കൂരാണിയേറ്റു കുരിശിൽനിന്നാടുന്നു കാരുണ്യപൂർണ്ണമാം സ്നേഹഭാവം

ഓം ശാന്തി ശാന്തി
എനിക്കെന്തു ശാന്തി “

(ഓം ശാന്തി ശാന്തി!)


“ഇന്നു ഞാൻ ഉച്ചയുടെ പാട്ടുകാരൻ പൊള്ളുന്ന വെയിലിന്റെ പാട്ടുകാരൻ

സ്വപ്നങ്ങളൊക്കെയും ചൂളയ്ക്കു വയ്ക്കുന്ന നട്ടുച്ചയാണെന്റെ കൂട്ടുകാരൻ ഇന്നു ഞാൻ ഉച്ചയുടെ പാട്ടുകാരൻ ചന്ദനപ്പുലരികളെ വാഴ്ത്തുകില്ല സന്ധ്യയെപ്പറ്റി ഞാൻ പാടുകില്ല

പുലരിയുടെ ചുണ്ടിലെപ്പഴയ ചിരിയിപ്പൊഴെൻ ഹൃദയപുഷ്പത്തെയുണർത്തുകില്ല തീക്കനലിൽ നിൽക്കവേ കുളിരിളം കാറ്റിന്റെ വാഴ്ത്തുപാട്ടെന്നിൽ നിന്നുയരുകില്ല”
(ഉച്ചയുടെ പാട്ടുകാരൻ )

‘’’നേതി’ ‘നേതി’യെന്നോതിയോമാരും നേരു കണ്ടവരായിരുന്നില്ല! കാവിമുണ്ടിലൊതുങ്ങുകയില്ലെൻ നോ,വൊരല്പവും–ഞാനറിയുന്നു. മുഗ്ദ്ധരൂപിണീ നീയണയാത്ത മുക്തിമാർഗ്ഗമെനിക്കു വേണ്ടല്ലോ “
(ജനിച്ചില്ല )

“തൊടികളിറങ്ങിയാ ഭൂതത്തിൻമുഖം കണ്ടി- ട്ടൊടുവിൽ പിറന്നൊരീ മണ്ണിൽ ഞാനെത്തിച്ചേർന്നു.

പടികൾ കയറുമ്പോൾ പാതാളദുഃഖങ്ങളെൻ പിറകേ പിടിവിടാ- തങ്ങനെ പാഞ്ഞെത്തുന്നൂ.

ഒടുവിൽ ഗോളങ്ങളിൽ ചാഞ്ചാടി നടന്നാലും ഒടിഞ്ഞു തകർന്നൊരെൻ ഹൃദയം കാണും നെഞ്ചിൽ!”
( ബന്ധു)

“മുറ്റത്തു കുഴിച്ചിട്ടു വെങ്കിലും മുറിക്കുള്ളിൽ
അറ്റുപോയൊരു വിരൽ
പാറി നടക്കുന്നു”
(ഏകലവ്യൻ്റെ വിരൽ )

ഏകലവ്യൻ്റെ മുറിഞ്ഞ കൈവിരൽ കൊണ്ട് എഴുതിയ കവിതകളാണ് കിളിമാനൂർ രമാകാന്തൻ്റെ കവിതകൾ. സിദ്ധിയെ വണങ്ങാതെ വിത്ത ഗർവ്വത്തെ പിൻതുടർന്ന ഒരു കാലഘട്ടത്തിൻ്റെ സൂചകമായി ഏകലവ്യൻ്റെ കറുത്ത വിരലുകൾ അദ്ദേഹത്തിൻ്റെ കവിതകളിൽ കാണുന്നു. ആധുനിക കാലത്തും പഴയ ചരിത്രഘട്ടം മറ്റൊരു രീതിയിൽ ആവർത്തിക്കുന്നത് കവി കാണുന്നു. നമ്മുടെ സാംസ്കാരികമുറ്റത്തു കുഴിച്ചിട്ട ആ വിരലുകൾ ആധുനികതയുടെ കോൺക്രീറ്റ്മുറികളിൽ പറന്നു നടക്കുന്നു. രമാകാന്തൻ്റെ കവിതയിലെ പാറി നടക്കുന്ന, ചോരയൊഴുകുന്ന കൈവിരൽ വൈരുധ്യാത്മക ചരിത്ര ബിംബമാണ്. ഇന്നും ഏകലവ്യന്മാരുടെ കൈവിരൽ മുറിച്ചു കുഴിച്ചിടുന്നു എന്നും പക്ഷെ അതു നിങ്ങളുടെ കുഴിമാടങ്ങൾ ഭേദിച്ച് ഭൂതമായി നിങ്ങളെ ആക്രമിക്കുന്നു എന്നും ആ ബിംബകല്പന നമ്മെ ബോധ്യപ്പെടുത്തുന്നു. സവർണ്ണഭൂതകാലം ഭൂതമായി ആധുനികർ എന്നു വിളിക്കപ്പെട്ട എഴുത്തുകാരെ പിൻതുടരുന്നു.പക്ഷെ ആ ഭൂതത്തിൽ പറക്കുന്ന വിരലുകളിൽ ഒരു പ്രതിരോധ ഭൂതകാലവുമുണ്ട്. ഇന്നും യഥാർത്ഥ എഴുത്തുകാരുടെ വിരലുകൾ മുറിച്ചെടുത്ത് പണ്ടേ പോലെ മുറ്റത്ത് അടക്കം ചെയ്യുന്നു.’’ അറ്റുവീഴുന്നുണ്ടിന്നും കറുത്ത വിരലുകൾ’’ (ഏകലവ്യൻ്റെ വിരൽ ).പക്ഷെ ഭൂതകാലത്തിൽ നിന്നും ആ ചോര പുരണ്ട വിരലുകൾ നിങ്ങളെ ഭയപ്പെടുത്തും വിധം മടങ്ങി വരിക തന്നെ ചെയ്യും. സമകാല കവികളുടെ അർജ്ജുന വിജയങ്ങളിൽ കുഴിച്ചുമൂടപ്പെട്ട കവികളുടെ സൂചകം കൂടിയാണ് ചോരയൊഴുകി കൊണ്ട് ഇന്നു പറന്നെത്തുന്ന കിളിമാനൂർ രമാകാന്തൻ.

പുരാണ കൃതികളെ മുൻനിർത്തി ധാരാളം കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. വിരൽ മുറിഞ്ഞ ഏകലവ്യൻ, ജാതി പറഞ്ഞ് അധിക്ഷേപിക്കപ്പെട്ട കർണ്ണൻ (ഏകലവ്യൻ്റെ വിരൽ ), വേടനെയ്ത ശരം കൊണ്ടു വേദനിച്ചു മരിച്ച കൃഷ്ണൻ ( തോണിയാത്ര).
സ്നേഹം ഒഴികെ മറ്റെല്ലാം മായ, അറിവുതരുന്നത് മുറിവ്; മുറിവുണക്കാൻ അലിവ് എന്നൊക്കെ പറയുന്ന പുലോമൻ, ശൂർപ്പണഖയെ ആഗ്രഹിക്കുന്ന ലക്ഷ്മണൻ (ശൂർപ്പണഖ ) മരിച്ചു പോയ കാമുകിക്ക് ആയുസ്സിൻ്റെ പാതി കൊടുത്തു ജീവൻ നല്കുന്ന രുരു ( രുരു) ‘ പെണ്ണിൻ്റെ വേദനയെന്തെന്നറിയുമോ’ എന്നു ചോദിക്കുന്ന അംബ (അംബ), “എന്തറിഞ്ഞാലും ഫലമില്ല യൂഴിയിൽ / വെന്തു വെന്തില്ലാതെയാകുവോർ മാനവർ” എന്നു പറഞ്ഞു ചോരപ്പുഴയിൽ ഏകാകിയായി കഴിയുന്ന ഭീഷ്മർ (പിതാമഹൻ ) ഇവരൊക്കെയുള്ള പൗരാണിക ലോകമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അതു ബ്രാഹ്മണമതത്തിൻ്റെ മൂല്യങ്ങളുടെയും ഇഹലോക മിഥ്യാ സങ്കല്പങ്ങളുടെയും എതിരിടത്തെയാണ് നിർമ്മിക്കുന്നത്.


ആകെ പരിക്കേറ്റ വർത്തമാനകാലത്തിനു പരിഹാരമായി, ആ പരിക്കുകളുടെ ഭൂതകാല കാരണങ്ങളായ ശാന്തിമന്ത്രങ്ങളിൽ സമകാലിക കവികൾ അഭയം തേടിയപ്പോൾ രമാകാന്തനിൽ അതിൻ്റെ വിപരീതമാണ് കാണുന്നത്. വർത്തമാനകാലം മുള്ളുകളുടെ കാലമാണ് എന്നു കവി അറിയുന്നു.മറ്റു കവികളെപ്പോലെ പഴയകാലത്തേക്ക് നോക്കുകയും ചെയ്യുന്നുണ്ട്.
‘’ശംഖുപുഷ്പങ്ങൾ പൊഴിഞ്ഞുപോയി -എൻ്റെ/ ചങ്കിലെ സ്വപ്നമുടഞ്ഞു പോയി / എത്തി നോക്കാതെ പരസ്പരം കാണുവാ- / നൊക്കാത്ത കാലം കടന്നുവന്നു./ പത്തലിൽ ചുറ്റിയല്ലികളൊക്കെയും / ചെത്തു പൊളിഞ്ഞു കരിഞ്ഞു പോയി / മൺ തരി രത്നമായി മാറിയപ്പോൾ ഒരു/ വന്മതിൽ കെട്ടി ഉയർത്തി നമ്മൾ ‘ (ഇതു മുള്ളുകളുടെ കാലം) എന്നൊക്കെ കവി പറയുന്നത് പുതിയ റിയൽ എസ്റ്റേറ്റ് കാലത്തിൻ്റെ വിമർശനം എന്ന നിലയിലാണ്. അല്ലാതെ ജന്മിത്ത മൂല്യങ്ങളിലേക്കുള്ള മടക്കമായല്ല. ഒരു മതഗ്രന്ഥങ്ങളിലും ഉത്തരമില്ലാത്ത പുതിയ ചോദ്യങ്ങളായി ജീവിതം മാറുന്നത് കവി അറിയുന്നു. “ഇത് വേദപുസ്തകം ‘!ഞെക്കിപ്പിടിഞ്ഞിട്ട് /തികയുന്നില്ല ദാഹം കെടുത്തുവാൻ / ഇതു ഗീത,യിതു ഖുർആൻ, ധർമ്മപഥ ഗ്രന്ഥങ്ങൾ / അകിടു വറ്റിക്കിടക്കുന്നു, നിൻ ചുണ്ടി- / ലമൃതം ചുരത്തുവാൻ ചുണ്ടിളക്കുമ്പൊഴേ /അടിവയർ കത്തുന്നു – ‘ ( ഒരു മുഖം). പഴയ കാല ജന്മിത്ത ഗൃഹാതുരത്വത്തിൽ നിന്നുമുണരുന്ന നഗര വിമർശനമോ സാമൂഹിക വിമർശനമോ അല്ല രമാകാന്ത നിലുള്ളത് എന്നാണ് സൂചിപ്പിച്ചത്.
‘ചത്ത പാറ്റതൻ ജഡമിഴയ്ക്കു മുറുമ്പുകൾ/നിത്യമെൻ മുറിയിലൂടിഴഞ്ഞു നടക്കുന്നു/ തുടച്ചു വെടിപ്പാക്കി മിനുക്കാൻ തുടങ്ങിയാൽ / തുടിക്കും കീടങ്ങളെപ്പിന്നെയെങ്ങനെ കാണും?/ ചൂലിനാലെല്ലാം ശുദ്ധമാക്കിയാൽ പിന്നീടുള്ള / ശൂന്യതയേറെ ഭയമേകുമായതു മൂലം / മുറിയീമട്ടിൽത്തന്നെ കിടക്കാൻ കൊതിപ്പൂ ഞാൻ (മുറി വൃത്തിയാക്കുന്നതിനു മുൻപ് ) – എന്നു കവി പറയുന്നത്,ജാതി തകർന്നപ്പോൾ പ്രാമുഖ്യം നേടിയ മനുഷ്യപ്പുഴുക്കളെക്കാണുമ്പോൾ മറ്റ് സമകാലികവികളെപ്പോലെ രമാകാന്തൻ അസ്വസ്ഥപ്പെടുന്നില്ല എന്നതുകൊണ്ടാണ്. ലോകത്തിലെ ഏതു അധിനിവേശിത ജനതയോടുമുള്ള ഐക്യമായി അതു മാറുന്നു. ‘എവിടെ ബോംബു വീണാലും / ദഹിപ്പോർ നമ്മളല്ലയോ / ഉണ്ടയാരിൽ പതിച്ചാലും / വിണ്ടു കീറുകയല്ലി നാം ‘ (കറുത്ത കാലം )എന്നു കവി എഴുതുന്നു.’’ ‘ഇസ്രായേലിനോട് ‘എന്ന കവിതയും കത്തുന്ന ലങ്കയെക്കുറിച്ചുള്ള ‘ബോധി മരച്ചില്ല’ എന്ന കവിതയും ‘ഗാസയിലെ അയിഷ ‘ എന്ന കവിതയും മറ്റും എഴുതുന്നത് ഈ ഐക്യബോധത്തിൽ നിന്നു കൊണ്ടാണ്.

ഏതു ഭൂതകാലത്തിലേക്ക് സഞ്ചരിച്ചാലും ഏതു സ്വർഗ്ഗത്തെ കണ്ടാലും ഭൂമിയുടെ നെഞ്ചിലേക്ക് അമരുന്ന കർതൃത്വമാണ് രാമാകാന്തൻ്റേത്. ആകാശം കവിക്ക് നക്ഷത്ര ലിപികൾ എഴുതാനും മായ്ക്കാനുമുള്ള സ്ലേറ്റാണ്. സൂര്യനെ വലയെറിഞ്ഞു പിടിക്കുന്ന മുക്കുവനാണ് കവി.( വലയെറിയുമ്പോൾ ) കപ്പൽ മുങ്ങാതിരിക്കാൻ തന്നെത്തന്നെ കടലിലെറിഞ്ഞു കൊണ്ട് സൃഷ്ടികൾ രക്ഷിക്കുന്ന സഞ്ചാരിയും കവിയാണ് ( ഫാഹിയാൻ) ബുദ്ധനും സീതയും രാമനും മരച്ചുവട്ടിൽ മയങ്ങിക്കിടക്കുമ്പോൾ മരുത്വാമലയുമായി വരുന്ന ഹനുമാൻ എന്ന സിദ്ധവൈദ്യനും ( ബോധി മരച്ചില്ല)കവികർതൃത്വമാണ്. കടലുരുട്ടി മേഘങ്ങളിലെത്തിക്കുകയും താഴോട്ടൊഴുക്കുകയും ചെയ്യുന്ന പ്രകൃതിയുടെ ഇച്ഛയ്ക്ക് സ്ത്രീ കർതൃത്വമാണ് കവി നല്കുന്നത് (നാറാണത്തു ഭ്രാന്തി എന്ന കവിത ). ഭൂമിയെ ആകാശവുമായും ആകാശത്തെ ഭൂമിയുമായും പരിവർത്തിപ്പിക്കുന്ന സ്ത്രൈണമായ ഇച്ഛയാണ് കവിക്കുള്ളത്.ചന്ദ്രനെ തിന്നാനുള്ള വസ്തുവായാണ് കവി കാണുന്നത്.’’ ഉറങ്ങിക്കിടക്കുമാ മാനിന്നെത്തരുമോ നീ /ഉലകിൽ കടുവകൾക്കാഹാരമൊരുക്കുവാൻ “! – ചാന്ദ്രം ) വെയിലിൽ വെന്ത പാടങ്ങൾ നെഞ്ചു പൊട്ടിക്കിടക്കവേ മേഘങ്ങൾ എങ്ങു പോകുന്നു എന്നു കവി ചോദിക്കുന്നു. കടം കൊണ്ട ജലത്താൽ മേഘത്തിൻ്റെ കുടം തുളുമ്പവേ മണ്ണിൻ്റെ സങ്കടം കാണാൻ കഴിവില്ലേ എന്നു ചോദിക്കുന്നു (മഴ കാത്ത്) ‘ഡിവൈൻ കോമഡി ‘എന്ന കൃതി ഒരു കൃതി മാത്രമല്ല രമാകാന്തന് ,ഒരു ദർശനമാണ്. സമകാല കവികൾ ഭൂമിപാതാളങ്ങളിൽ നിന്നും ശൈശവ സ്വർഗ്ഗത്തിലേക്ക് പോകുമ്പോൾ ജീവിതത്തിൻ്റെ പാതാളങ്ങളിലേക്ക് മടങ്ങിവരുന്ന കവിതകളാണ് രമാകാന്തൻ എഴുതിയത്.മേൽ കൊടുത്തിരിക്കുന്ന ‘’ബന്ധു ‘ എന്ന കവിത ഡിവൈൻ കോമഡി വായിച്ചെഴുതിയതാണ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് കവിതകളുടെ ദർശനവും അതു തന്നെയാണ്. ശിരസ്സിൻ്റെ ഉന്നതങ്ങളിൽ നിന്നുമല്ല കാൽവിരലുകളിൽ നിന്നുമാണ് (കാൽവിരലിൽ നിന്ന് ഒരു കവിത ),ഭൂമിയിൽ നിന്നുമാണ് രമാകാന്തൻ്റെ കവിത ഉയിരെടുക്കുന്നത്. വേരാണു ഞാൻ (വേര് ) എന്നു കവി പറയുന്നു.അദ്ദേഹം ഉച്ചയുടെ പാട്ടുകാരനാകുന്നത് അങ്ങനെയാണ്.

ഡോ. ഷൂബ കെ.എസ്സ്.

പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Keezharoor Suku
Keezharoor Suku
10 months ago

പലരാൽ പലപ്പോഴും അവഗണിക്കപ്പെട്ട ഒരു കവിയാണ് കിളിമാനൂർ രമാകാന്തൻ സർ.അദ്ദേഹത്തിൻ്റെ പല കവിതകളും ദാർശനിക പരിവേശം പൂണ്ടതും സറ്റയർ ഒളിച്ച് കടത്തിയിട്ടുള്ളതുമാണ്.

” മലപോലെ മന്തുള്ള
മച്ചുനൻ പറയുന്നു
അളിയൻ്റെ കാലിലെ
ചൊറിയെത്ര ഭീകരം”

എന്ന അദ്ദേഹത്തിൻ്റെ വരികൾ ഇപ്പോഴും പ്രസക്തമാണ്. ആശംസകൾ….

1
0
Would love your thoughts, please comment.x
()
x