ഡോ. ഷൂബ. കെ.എസ്.
Published: 8 August 2024 സാഹിത്യ പ്രതിചരിത്ര പരമ്പര
കവിത (സ്വാതന്ത്ര്യസമരകാല കവിത)
രാഘവൻ പിള്ള (1909-1936)
“വിരിഞ്ഞ നിന്നതിരറ്റ സുഷമയെ നുകരുവാ-
നിരുളിങ്കലിരുന്നു ഞാൻ ഭജിച്ചിരുന്നു”( ഭ്രമര ഗീതി)
“മിന്നലിൻസാരിത്തുമ്പിൽ ചെന്നെത്തിപ്പിടിക്കുവാ-
നൊന്നിവൻ വെമ്പി, കുന്നിൽ തടഞ്ഞു തകരുമ്പോൾ ‘’ (തകരൂ, തകരൂ )
”മഹിള ഞാനെൻ്റെ മാനം നശിപ്പിച്ചീ-
മഹിയിൽ വാഴുവാനാശിപ്പതില്ലല്പം!
സതികൾ തന്നുടെ പാദം തുടർന്നിവൾ
പതിവ്രതയായിത്തന്നെ മരിച്ചിടാം
ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കി-
ലിതൾവിടരാത്ത പുഷ്പമായിത്തീരണം
വിജന ഭൂവിങ്കലെങ്ങാനതിൽ ജന്മം
വിഫലമാക്കീട്ട് വിസ്മൃതമാകണം”
‘അഭയത്തിന്റെ വിരൂപശിഖരത്തിൽ
ഇടപ്പള്ളി ദൈന്യത്തിന്റെ പതാകയായി
മണ്ണിലും വിണ്ണിലും പക്ഷികൂട്ടംപോലെ
ചങ്ങമ്പുഴ തഴച്ചു.’ (കൊച്ചിയിലെ വൃക്ഷങ്ങൾ – കെ.ജി.ശങ്കരപിള്ള)
വണ്ടാകുമ്പോൾ പൂവിൽ ചുറ്റിപ്പറക്കുകയും തേൻ കുടിക്കാതെ ഇരുളിൽ ഒറ്റയ്ക്കിരുന്നു ഭജിക്കുകയും പൂവാകുമ്പോൾ ഇതൾ വിടരാത്ത പൂവായി വിജനതയിൽ വീണു മരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വം രാഘവൻപിള്ളയിൽ കാണാം. ആ ആഗ്രഹചിന്ത ആവേശ ജനകമെങ്കിലും അടങ്ങാത്ത വിഷാദമായാണ് കവിതയിൽ നിറയുന്നത്.അസ്പൃശ്യതയും അയിത്തവും മഹത്വവത്കരിക്കപ്പെട്ട പൂർവ്വ നവോത്ഥാന കാലം മനുഷ്യമനസ്സിൽ സൃഷ്ടിച്ച പ്രണയ പ്രതിസന്ധിയുടെ സങ്കടങ്ങളാണ് രാഘവൻപിള്ള അവതരിപ്പിച്ചത്.ഉപരിവർ ഗ്ഗ മനസ്സും സാമ്പത്തികമായി തകർന്ന നവോത്ഥാനന്തര ഉപരിവർഗ്ഗ ചുറ്റുപാടും തീർത്ത വൈരുധ്യങ്ങൾ സൃഷ്ടിച്ച ആഘാതങ്ങൾ ആണ് ഇത്തരം കവികളെ സൃഷ്ടിച്ചത്.
അഭയത്തിൻ്റെ വിശുദ്ധ ശിഖരങ്ങളിലേയ്ക്ക് പറന്നടുക്കുകയും ചിറകെരിഞ്ഞ് നിലവിളിക്കുകയും ചെയ്യുന്ന പീഡിത വ്യക്തിത്വം കവിയിൽ കാണാം.”” ചലിത ജലബിംബിതമായ നേർ ശാഖ “ പോലെ മരണ ജീവിതാനുഭവങ്ങൾ മിഥ്യയായി മാറുമ്പോൾ മിന്നലിൽ സാരിത്തുമ്പിൽ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നു. ‘’ബ്രഹ്മ സത്യം ജഗന്മിഥ്യ’’ ബ്രാഹ്മണമതം ആദർശവത്കരിച്ച ഈ നിലപാട് മനുഷ്യ മനസ്സിലും ജീവിതത്തിലും സൃഷ്ടിച്ച ആഘാതങ്ങളാണ് ഇത്തരം മാനസികാവസ്ഥ സൃഷ്ടിച്ചത്.സ്ത്രീയും ജീവിതവും അമ്മയായി മാറുകയും മിന്നലിൻ സാരിത്തുമ്പിൽ എത്തിപ്പിടിച്ച് തകരാൻ വിധിക്കപ്പെടുന്ന കുട്ടികളായി മനുഷ്യർ മാറുകയും ചെയ്യുന്നു. നവോത്ഥാനന്തര സംക്രമണ ഘട്ടത്തിൽ ഫ്യൂഡൽ പൂർവ്വഭാരങ്ങൾ വഹിക്കുന്ന ജനാധിപത്യ മനുഷ്യൻ രൂപപ്പെടുത്തേണ്ട സ്വയംപര്യാപ്തതയ്ക്ക് വേണ്ടിയുള്ള പിടച്ചിലാണ് ഈ കവിതകൾ. ‘പ്രവർത്തിക്കാൻ ഏന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക’ ഇവയിലാണ് ലോകത്തിലെ സുഖമെന്നും അതു തനിക്കില്ലെന്നും അന്ത്യ സന്ദേശത്തിൽ രാഘവൻപിള്ള പറയുന്നുണ്ട്.
ഇടപ്പള്ളിക്കവികളുടെ ജീവിതവും കവിതയും ജീർണ്ണമായ ഒരു പ്രത്യയശാസ്ത്രത്തോടും സാമൂഹിക വ്യവസ്ഥിതിയോടുമുള്ള പ്രതിഷേധമായിരുന്നു. ”സ്വാതന്ത്ര്യത്തിനു കൊതി, അടിമത്തത്തിനു വിധി” (ഇടപ്പള്ളിയുടെ അന്ത്യ സന്ദേശം)
ചങ്ങമ്പുഴ(1911-1948)
“മോഹിനീ വേഷത്തിലാറാത്തൊരാ രക്ത-
ദാഹമാർന്നെത്തിടും സിംഹിക നീ
കാർമുകിലൊത്ത നിർകൂന്തലിൽ ചീറ്റുന്ന
കാളസർപ്പങ്ങളൊളിച്ചിരിപ്പൂ,
ഉഗ്രദംഷ്ട്രങ്ങൾ മറച്ചു നീ വർഷിപ്പ –
തുൽ ഫുല്ല സുന്ദര സുസ്മിതങ്ങൾ!
പോക നീ, പോക നീ
ദൂരെപ്പിശാചികേ
പോരേ കുടിച്ചതെൻ ജീവരക്തം?” ( പാടുന്ന പിശാച് )
“എന്തെ,ന്തബലയോ നാരി? – യീലോകത്തി –
ലെന്തിരുമ്പുണ്ടവളേക്കാളുറച്ചതായ്?
അയ്യോ, വിഷം, വിഷം, പൊള്ളും, മടുക്കുവാൻ
വയ്യ! നീ തെറ്റിദ്ധരിക്കുന്നു ലോകമേ
അക്കാവ്യജന്തുവിന്നുള്ളിൽ കിടപ്പതു
നക്രമാണെന്നിട്ടുമോ മനിക്കുന്നു നീ “ (അപരാധികൾ)
‘’ഗീത‘ വാങ്ങിക്കും – പുകശരിക്കുവരുന്നില്ലീ-
പ്പൂതച്ച ‘’മരുന്ന’’ല്ലാതില്ലിപ്പോൾ കടകളിൽ ശാരി തൻപടിവാതിൽ കഴിഞ്ഞോ?കാണാൻ വയ്യ
കൂരിരുൾ,തീപ്പെട്ടി കോലുരച്ചു നോക്കട്ടെ,ഞാൻ “ (കഞ്ചാവിൻ്റെ ചിറകുകളിൽ)
“അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം.” (മോഹിനി )
ആത്മീയതയുടെ വിരൂപ ശിഖരങ്ങളിൽ അഭയം തേടുകയും ‘ആസക്തം/അനാസക്തം, ലൗകികം/ അലൗകികം, നശ്വരം/ അനശ്വരം, ശരീരം/ആത്മാവ്, ജീവിതം/മരണം, പിശാച്/ഗന്ധർവ്വൻ’ തുടങ്ങിയ അതിന്റെ പൂരകദ്വന്ദ്വങ്ങളിൽ മാറിമാറിപ്പറന്ന് ചിറകെരിഞ്ഞ് നിലവിളിക്കുകയും ചെയ്ത കവിയാണ് രാഘവൻ പിള്ളയെപ്പോലെ ചങ്ങമ്പുഴയും.മിസ്റ്റിക്ക് സ്വർഗ്ഗത്തിന്റെ നരകീയാരണ്യങ്ങളിലൂടെ തകർന്ന പാന പാത്രവുമായി സഞ്ചരിച്ച രാഘവൻ പിള്ളയുടെ സഹയാത്രികനായിരുന്നു ചങ്ങമ്പുഴ.
‘ആസക്തവും (വാസവദത്ത) അനാസക്തവും (ഉപഗുപ്തൻ)’ ആയ അവസ്ഥകൾ പരസ്പരം വിഘടിതമായി നിൽക്കുമ്പോൾ സ്വാഭാവികമായ ഒരു പ്രണയജീവിതം മുറിച്ചെറിയപ്പെടുന്നു എന്നും അവ പരസ്പരം പുരകമായി തീരുന്നു എന്നും ആശാൻ പറഞ്ഞു. ചങ്ങമ്പുഴയിൽ ഈ രണ്ട് വ്യക്തിത്വങ്ങൾ ഒരു വ്യക്തിയിൽത്തന്നെ സാക്ഷാത്കരിക്കപ്പെടുന്നതെങ്ങനെയെന്നും അത് സൃഷ്ടിക്കുന്ന സ്വയം പീഡിതമായ അവസ്ഥയെന്തെന്നും വെളിപ്പെടുന്നു. നവോത്ഥാനം സ്വർഗ്ഗത്തിനുള്ളിലെ നരകവും അയിത്തത്തിൻ്റെ കാരണമായ വിശുദ്ധവും കാട്ടിക്കൊടുത്തു. നരകമാണെന്നറിഞ്ഞു കൊണ്ടു സ്വർഗ്ഗത്തിലേയ്ക്ക് പ്രലോഭിക്കപ്പെടുന്ന ഒരു മനസ്സിൻ്റെ നരക യാതനകൾ ചങ്ങമ്പുഴ അവതരിപ്പിച്ചു. മതത്തിന്റെ അസ്പൃശ്യതയുടേയും അനശ്വരതയുടേയും സങ്കൽപ്പത്തിലേയ്ക്ക് പ്രലോഭിക്കപ്പെടുന്നതുകൊണ്ടാണ് ‘മോഹിനി’യെ അത്യനർഘനിമിഷത്തിൽ കൊല്ലുന്നത്.(മോഹിനി എന്ന കവിത ) അനശ്വര സൗന്ദര്യം ഉണ്ടാകണമെങ്കിൽ സ്ത്രീ കൊല്ലപ്പെടണമെന്നു വരുന്നു. കാലം സ്ത്രീയുടെ സൗന്ദര്യത്തെ ഇല്ലാതാക്കുമെന്നാണ് ആത്മീയ സൗന്ദര്യ സങ്കല്പത്തിൻ്റെ നിലപാട്. സ്ഥലകാലാതീതമായ ബ്രാഹ്മാനന്ദ സങ്കല്പത്തിൽ സ്ത്രീ കൊല്ലപ്പെടുന്നു.അങ്ങനെ സ്ത്രീ സങ്കല്പ വസ്തുവാകുന്നു. ‘’കാവ്യജന്തു’’ എന്നാണ് സ്ത്രീയെ ചങ്ങമ്പുഴ വിളിക്കുന്നത്. ഉപരിവർഗ്ഗ ആഖ്യാനങ്ങളിലൂടെ രൂപപ്പെട്ട സങ്കല്പവസ്തുവാണ് സ്ത്രീ.
ധനികയായ ചന്ദ്രികയുടെ അലൗകികാസ്തിത്വം നിലനിർത്താനാണ് പെട്ടെന്ന് ‘രമണനി ‘ലെ നായികയുടെ മനംമാറുന്നത്. അഴീക്കോടും ലീലാവതിയും മനംമാറ്റം അസ്വാഭാവികമായെണ്ണുന്നത് ഈ ആത്മീയ കാൽപ്പനിക മനസ്സ് മനസ്സിലാക്കാത്തതു കൊണ്ടാണ്. ‘’ഞാനും വരട്ടയോ നിൻ്റെ കൂടെ ‘ എന്നു ചോദിക്കുമ്പോൾ വേണ്ട പറയുകയും നായിക എന്നെന്നേക്കുമായി മറഞ്ഞു പോകുമ്പോൾ ആത്മഹത്യയുടെ രക്തസാക്ഷിത്വം സ്വീകരിക്കുകയും ചെയ്യുന്ന പുരുഷമനസ്സ് സ്ത്രീയെ ആരാധിക്കേണ്ട വസ്തുവായി പരിഗണിക്കുന്നു.അനശ്വരമായ സൗന്ദര്യം അതിനുള്ളിൽ പീഡിതമായ അവസ്ഥ നിറച്ചുവച്ചിരിക്കുന്നു. ‘കാർമുകിലൊത്ത കൂന്തലിൽ കാള സർപ്പങ്ങൾ ഒളിച്ചിരിക്കുന്നു ‘ (പാടുന്ന പിശാച്) മറിച്ച് പീഡിതമായ അവസ്ഥ സൗന്ദര്യവുമാകുന്നു.
സ്ത്രീ വിശുദ്ധയാണ് എന്ന ബ്രാഹ്മണമത സങ്കല്പം പുരുഷ മനസ്സിൽ സൃഷ്ടിക്കുന്ന പ്രണയ പ്രതിസന്ധിയാണ് ചങ്ങമ്പുഴയുടെ ഇതിവൃത്തം. സ്ത്രീ വിശുദ്ധയായി നിലനിർത്തണമെങ്കിൽ സ്ത്രീ കൊല്ലപ്പെടണം. (സ്ത്രീ സ്വർണ്ണവിഗ്രഹവും വിശുദ്ധ വസ്തുവുമാകുമ്പോൾ ഗർഭിണിയായ സീത കാട്ടിലുപേക്ഷിക്കപ്പെടുന്നു) സ്ത്രീയെ സ്പർശിച്ചാൽ സ്ത്രീയുടെ വിശുദ്ധി ഇല്ലാതാകും. പ്രണയിക്കുന്ന പുരുഷൻ സ്ത്രീയുടെ വിശുദ്ധി തകർക്കുന്ന പിശാചായി മാറുന്നു. പ്രണയത്തിൽ മുൻ കൈ എടുക്കുന്ന സ്ത്രീ പാപിനിയാകുന്നു. വേളീ വിവാഹത്തിൽ സ്ത്രീവിശുദ്ധ വസ്തുവും സംബന്ധ വിവാഹത്തിൽ സ്ത്രീ ഉപയോഗിച്ചു ഉപേക്ഷിക്കപ്പെടുന്ന ഭോവസ്തുവുമാണ്. പ്രണയസ്പർശം ഇവിടെ അസാധ്യമായിത്തീരുന്നു.ജന്മിത്ത ലൈംഗികവ്യവസ്ഥ ഉപരിവർഗ്ഗപുരുഷ മനസ്സിൽ സൃഷ്ടിച്ച ലൈംഗിക പ്രതിസന്ധിയാണ് ചങ്ങമ്പുഴ ആവിഷ്കരിക്കാൻ ശ്രമിച്ചത്. പ്രണയ ലൈംഗികത പാപമായിത്തീരുമ്പോൾ പാപത്തിലൂടെ പാപത്തെ അതിജീവിക്കാനുള്ള പിടച്ചിലുകളായിരുന്നു ചങ്ങമ്പുഴക്കവിത.
പാപം എന്നത് ജ്വലിക്കുന്ന കണ്ണുകളും കൊക്കിൽ ഉഗ്രസർപ്പവുമുള്ള ആൺമയിലാകുന്നു (പാടുന്നപിശാച്). ജീവിതവും സ്ത്രീയും വിശുദ്ധവും അനാസക്തവുമായി സങ്കൽപ്പിക്കുമ്പോൾ താൻ ആ വിശുദ്ധിയെ കെടുത്തുന്ന പിശാചായി തീരുന്നു. താൻ വിശുദ്ധനായ ഗന്ധർവ്വനായി സ്വയം കരുതുമ്പോൾ സ്ത്രീയും ജീവിതവും ആ വിശുദ്ധി ഇല്ലാതാക്കുന്ന അങ്കുശമില്ലാത്ത ചാപല്യവും വിപത്തിന്റെ നാരായവേരും നാരകീയാഗ്നിയുമാകുന്നു. മിസ്റ്റിക് സൗന്ദര്യത്തിനുള്ളിലെ നാരകീയാഗ്നി വെളിപ്പെടുത്തുകയായിരുന്നു ചങ്ങമ്പുഴ. ‘ദേവഗീത’ യുടെ മുഖവുരയിൽ ജീവാത്മാ-പരമാത്മസുരതോത്സവവും വേശ്യയും വിടന്റേയും ലൈംഗിക കർമ്മവും ഒന്നാണെന്നുപറയുന്നുണ്ട്. ആത്മീയ സ്നേഹത്തിനുള്ളിലെ ഗതികേടുകളും പീഡനങ്ങളും മരണാനുഭവങ്ങളും ആണ് ചങ്ങമ്പുഴക്കവിതയിൽ കാണുന്നത്.
ബ്രാഹ്മണമതത്തെയും ജന്മിത്ത സാമ്പത്തിക ബന്ധങ്ങളെയും നില നിർത്തുകയും സാധൂകരിക്കയും ചെയ്ത മൂല്യങ്ങൾ നവോത്ഥാനാനന്തരം തകരുന്നു. ജാതി സമൂഹങ്ങളിൽ വലിയ രീതിയിൽ വിള്ളലുകൾ ഉണ്ടാകുന്നു. വിശുദ്ധം / അയിത്തം – എന്നീ ദ്വന്ദ്വ സങ്കല്പങ്ങളെ നിലനിർത്തിയ സാമൂഹിക മാതൃകകൾ ഇല്ലാതാകുന്നു. വിശുദ്ധം / അയിത്തം എന്നീ മാതൃകകൾ ആശാനിൽ കഥാപാത്രങ്ങളായി, ഖണ്ഡകാവ്യങ്ങളായി പ്രത്യക്ഷപ്പെട്ടെങ്കിൽ അവ വ്യക്തി മനസ്സിൽ സൃഷ്ടിച്ച ആഘാതങ്ങളാണ് ഭാവഗീതങ്ങളായി ചങ്ങമ്പുഴയിലും മറ്റും അവതരിക്കപ്പെട്ടത്. വിശുദ്ധത്തിൻ്റെയും അയിത്തത്തിൻ്റെയും കാഴ്ചപ്പെടുന്ന സാമൂഹിക മാതൃകകൾ തകർന്നെങ്കിലും വ്യക്തി മനസ്സുകളിൽ പീഡിത സാന്നിധ്യമായി അവ നിലകൊണ്ടു. അതു പുറത്തു കൊണ്ടുവരുന്ന വൈയക്തിക യാഥാതഥ കൃതികളായിരുന്നു ചങ്ങമ്പുഴയുടേതും മറ്റും.
വൈലോപ്പിള്ളി ശ്രീധരമേനോൻ (1911-1984)
“പണ്ടു പിതാമഹർ കാട്ടിൻ നടുവിൽ
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം “ ( പന്തങ്ങൾ )
“ഉയിരിൻ കൊലക്കുടുക്കാക്വും കയറിനെ
ഉഴിഞ്ഞാലാക്കി തീർക്കാൻ കഴിഞ്ഞതല്ലേ ജയം” (ഊഞ്ഞാലിൽ)
“എത്ര നാൾ വേണം ചിരിച്ചെത്തുവാൻ തിരുവോണം
പത്തുനാൾ താനോ പത്തു വർഷമോ, ശതാബ്ദമോ?”” (കറുത്ത അത്തം)
“ സൗന്ദര്യത്തെക്കാളൊരുപടി മീതെയായി ഞാൻ സത്യത്തെ ഇഷ്ടപ്പെടുന്നു. ശാസ്ത്ര ശിക്ഷണത്തിൻ്റെ സംഭാവനയാകാം ഇത്. പക്ഷെ താനുദ്ദേശിക്കുന്ന സത്യം ശാസ്ത്ര സത്യമാകണമെന്നില്ല. അത് സാഹിത്യത്തിലെ ജീവിത വസ്തുതകളുടെ സത്യവും ഹൃദയാനുഭവത്തിൻ്റെ ഭാവ സത്യവുമാണ് “(കാവ്യലോക സ്മരണകൾ )
നവോത്ഥാനത്തിന്റെ നേട്ടങ്ങളിലൊന്ന് സത്യംപറയാനുള്ള കുസലില്ലായ്മയാണ് എന്ന് ‘കാവ്യലോകസ്മരണകളി’ൽ വൈലോപ്പിള്ളി പറയുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ സൗന്ദര്യ സങ്കല്പ്ങ്ങളെ നിശിതമായി സമീപിച്ചുകൊണ്ട് അതിനുപിന്നിലെ ക്രൂരസത്യങ്ങളെ കണ്ടെത്തുകയായിരുന്നു അദ്ദേഹം. ദൈവവിഗ്രഹവും തലയിൽ ചുമന്ന്
നെറ്റിപ്പട്ടം ചൂടി സങ്കൽപ്പത്തിൽ സഞ്ചരിക്കുന്ന ഒരു സമൂഹ മനസ്സ് എങ്ങനെ ദുരന്താത്മകമാകുന്നു എന്നു (സഹ്യന്റെ മകൻ) ഈ കവി അവതരിപ്പിച്ചു. ഇന്ദ്രധനുസ്സുകൾ ചുഴുന്ന സൗന്ദര്യഭാവന കനിവിന്റെ കണ്ണുനീർ പുരളാത്തതാണെന്നും അത് കുടിയൊഴിക്കപ്പെടേണ്ട കാലമായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. (കുടിയൊഴിക്കൽ) ജീവിതത്തിന്റെ തല്ലേറ്റ് കുഴയുന്നവരാണ് ധീരരെന്നും അവരാണ് ഏകജീവിതാനശ്വരഗാനം ആലപിക്കുന്നതെന്നും (‘കന്നിക്കൊയ്ത്ത്’) പ്രകൃതിയുടേയും സമൂഹത്തിന്റേയും അന്ധമായ ക്രൂരതയ്‌ക്കെതിരെ പോരാടുന്ന അധഃസ്ഥിതരാണ് യഥാർത്ഥ പടയാളികളെന്നും (‘പടയാളികൾ’) മനസ്സിലാക്കുന്നു. ജന്മിത്ത മൂല്യബോധങ്ങളാൽ നിലനിന്ന കുലീനമായ കള്ളത്തരങ്ങളെ തുറന്നുകാട്ടുന്ന, നെഞ്ചുകീറി നേരിനെ കാട്ടുന്നതായിരുന്നു ആ കവിതകൾ, പ്രത്യേകിച്ച് ‘കുടിയൊഴിക്കൽ’.
അധ്വാനിക്കുന്നവരുടെ ചോറപഹരിക്കുന്ന ജന്മിവർഗ്ഗം, അവരെ ശകാരിക്കുന്നതും അവരെ മർദ്ദിക്കുന്നതും അവരെ പ്രണയിക്കുന്നതും വിപരീതാനുഭവങ്ങളിൽ ചെന്നുപെടുന്നതും ഹൃദയത്തിൽ തൊട്ടറിയുന്നു. ജന്മി ഉത്കണ്ഠപ്പെട്ടപ്പോലെ ജന്മിവർഗ്ഗം കുടിയിറക്കപ്പെടുന്ന, പുതിയ സമൂഹം കെട്ടിപ്പെടുക്കുന്ന സന്ദർഭത്തിൽ, ”പോംവഴി മറ്റൊരു വിധമായിരുന്നെങ്കിൽ” എന്ന് ആശങ്കിക്കുന്നു: ”ഇതാണ് ഇടത്തരക്കാരുടെ ട്രാജഡി, ഇതു തന്നെയാണ് നമ്മുടെ കാലഘട്ടത്തിന്റെ ട്രാജഡിയും. നമ്മുടെ സംസ്‌കാരത്തിന്റെ ട്രാജഡി കൂടിയാണിത്” എന്നു എൻ.വി.കൃഷ്ണവാര്യർ നിരീക്ഷിക്കുന്നു.(കുടിയൊഴിക്കലിൻ്റെ അവതാരിക)
നമ്മുടെ ആത്മീയ സംസ്‌കാരത്തെ പ്രശ്‌നവത്കരിച്ച വൈലോപ്പിള്ളിയുടെ കവിത ജനാധിപത്യബോധത്തെ രൂപപ്പെടുത്തിയ നവോത്ഥാന മനസ്സിന്റെ തുടർച്ചയായിരുന്നു. കവിതകൊണ്ട് ഒരു കാലാവസ്ഥനിർമ്മിച്ച കവിയാണ് വൈലോപ്പിള്ളിയെന്ന് എം.എൻ.വിജയൻ നിരീക്ഷിക്കുന്നു. ആദിമമായ ഒരു പ്രതിരോധകാലത്തെ ഭാവിയുടെ സമത്വകാലവുമായി ബന്ധിപ്പിക്കുന്ന ഒരോണവില്ലിന്റെ സംഗീതാത്മകമായ വൈദ്യുത കമ്പനങ്ങളായിരുന്നു ആ കവിതാകാലാവസ്ഥ നിർമ്മിച്ചത്. ( ഓണപ്പാട്ടുകാർ )പാരിസ്ഥിതിക മൗലിക വാദക്കാർ ‘സർപ്പക്കാട് ‘ എന്ന കവിതയെ വിമർശിക്കുമ്പോഴും പ്രകൃതി എന്നത് ചൂണ്ടിക്കാട്ടപ്പെടാനുള്ളതല്ല, ടുറിസ്റ്റു സ്ഥലമല്ല, ആരാധിക്കുവാനുള്ള സ്ഥലമല്ല അധ്വാനിക്കാനുള്ളതാണ് എന്ന വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു.
‘കാവ്യലോക സ്മരണകളി’’ൽ കവി തന്നെ പറയുമ്പോലെ സൈദ്ധാന്തികമായി അധ:സ്ഥിത സമത്വം അംഗീകരിക്കുമ്പോഴും വൈകാരികമായി ജന്മിപക്ഷത്ത് നിന്നു പോകുന്ന നിലപാടും ഗതികേടും കവിതയിലും കാണുന്നുണ്ട്. എന്നാൽ,ജന്മിത്ത ഗൃഹാതുരത്വവും എം.എൻ.വിജയൻ ചൂണ്ടിക്കാട്ടും പോലുള്ള പിൻഭാഗവർണ്ണന സൃഷ്ടിക്കുന്ന യാഥാസ്ഥികത്വവും ഉണ്ടായിരിക്കുമ്പോൾത്തന്നെ അതിൻ്റെ വിപരീതവും വൈലോപ്പിള്ളിയിൽ ഉണ്ട്. കണ്ണീർപ്പാടത്തിൽ മറിഞ്ഞു വീഴുമ്പോൾ പിൻഭാഗ നോട്ടമല്ല, ‘ വിതുമ്പിത്തുളുമ്പും നിൻ മിഴിയിൽ കണ്ടേൻ ക്രൂരമൃതി ദ്രവിപ്പിക്കും സ്നേഹത്തിന്നഗാധത’ എന്നു പറഞ്ഞു കൊണ്ട് മുഖാമുഖദർശനവും കാണാം. യാന്ത്രിക വിശ്വാസവും യാന്ത്രികവിപ്ലവവുമായി നടക്കുന്ന മനുഷ്യകുലത്തെത്തന്നെ പിടിച്ചു താഴെയിടുന്ന കണ്ണീർപ്പാടം അഗാധമായി പാരിസ്ഥിതിക ബോധ ദർശനമാണ് വിനിമയം ചെയ്യുന്നത്. വൈലോപ്പിള്ളിയിലെ ഈ വൈരുധ്യമാണ് അദ്ദേഹത്തിൻ്റെ കവിതകളുടെ പ്രസക്തി.
[…] ഡോ. ഷൂബ. കെ.എസ്. […]
[…] ഡോ. ഷൂബ. കെ.എസ്. […]
[…] ഡോ. ഷൂബ. കെ.എസ്. […]
[…] ഡോ. ഷൂബ. കെ.എസ്. […]