ഡോ. സിന്ധു അന്തർജ്ജനം

Published: 10 July 2025 ചിത്രകലാപഠനം

അമൃത ഷേര്‍ഗിളിന്റെ ചിത്രങ്ങളിലൂടെ

 ഭാരതത്തിൻ്റെ ചിത്രകലാചരിത്രത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് അമൃത ഷേർഗിൽ. 28ാം വയസ്സിൽ അന്തരിച്ച അവർ വളരെ ചെറിയ ഒരു കാലയളവിൽ തന്നെ കലാരംഗത്ത് ആർജിച്ച നേട്ടങ്ങൾ എടുത്ത് പറയേണ്ടവ തന്നെയാണ്.

        ചിത്രകലകളിൽ കാര്യമായ മാറ്റവും നവീന പ്രവണതകളും ഭാരതത്തിലുണ്ടാകുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. അതിൽ പ്രധാന പങ്കു വഹിച്ചവരും അവരെ സ്വാധീനിച്ച ചിന്തകളും ശൈലികളും ഭാരതീയ കലയിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ശൈലീവ്യതിയാനങ്ങൾ, വ്യക്തിഗത വീക്ഷണ സവിശേഷത എന്നിവ അന്നത്തെ സാമൂഹ്യ – രാഷ്ട്രീയ ഘടകങ്ങളുമായി അഭേദ്യ ബന്ധം പുലർത്തുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും അതി സങ്കീർണ്ണമായ മാറ്റങ്ങൾ ആണ് കലയിലുണ്ടാകുന്നത്. സ്വദേശീ പ്രസ്ഥാനത്തോടെ, ആധുനിക കലയെ കുറിച്ചുള്ള ചിന്ത ഇരുപതാം നൂറാണ്ടിൻ്റെ തുടക്കത്തിൽ ഭാരതത്തിൽ സജീവമായി. എന്നാൽ പാശ്ചാത്യ ലോകത്ത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആധുനിക കല അരങ്ങേറി കഴിഞ്ഞിരുന്നു. 1929 മുതൽ 1934 വരെ പാരീസിൽ ഒരു കലാവിദ്യാർത്ഥിയായി അമൃത ഷേർഗിൽ ഉണ്ടായിരുന്നു. അവർ പഠനം തുടങ്ങിയ കാലത്ത് പഴയ പ്രസ്ഥാനങ്ങളായി കഴിഞ്ഞിരുന്നവയാണ് ഇംപ്രഷനിസവും പോസ്റ്റ്  ഇംപ്രഷനിസവും . എങ്കിലും പല പ്രസ്ഥാനങ്ങളും കലാ ലോകത്ത് സ്വാധീനം ചെലുത്തിയിരുന്നു. പാരീസിലെ പഠനാന്തരീക്ഷവുമായി വളരെയധികം യോജിച്ചു പോകുവാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ എല്ലാ കലാവിദ്യാർത്ഥികൾക്കുമുള്ള സംശയങ്ങളും ലോക വിദ്വേഷവും അവരെയും ബാധിച്ചിരുന്നു.

പഞ്ചാബിലെ സിക്ക് വംശജനായ പിതാവിനും ഹംഗേറിയക്കാരിയായ മാതാവിനും 2013 ജനുവരി 30 ന് ബുഡാപെസ്റ്റിൽ ജനിച്ച അമൃത ഷേർഗിൽ അഞ്ച് വയസ്സു മുതൽ ചിത്രങ്ങൾ വരച്ചിരുന്നു. ജീവിതത്തിൻ്റെ ആദ്യകാലം ഹംഗറിയിൽ ആയിരുന്നു. 1921 ൽ ഇന്ത്യയിലേയ്ക്ക് അമൃതയുടെ കുടുംബം താമസം മാറ്റി. എട്ടാം വയസ്സിൽ ചിത്രകലാ പരിശീലനം നേടി. ചിത്രകാരനായ അമ്മാവൻ്റെ പിന്തുണ അമൃതയ്ക്ക് ലഭിച്ചിരുന്നു. കുടുംബത്തിലെയും പരിചയ സീമയിലുള്ളവരെയും രചനകളുടെ മോഡൽ ആയി സ്വീകരിക്കാൻ അമ്മാവൻ്റെ നിർദ്ദേശാനുസരണം തുടങ്ങി.

പാരീസ് വിട്ട് ഇന്ത്യയിലേയ്ക്ക് കുടുംബത്തോടൊപ്പം കുടിയേറുമ്പോൾ തന്നെ ഒരു കലാകാരി എന്ന നിലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു, അമൃത ഷേർഗിൽ. ഇന്ത്യയിൽ തൻ്റെ വർണ്ണ പ്രപഞ്ചത്തിന് തനതായ ഒരിടം ലഭിക്കും എന്നവർ പൂർണ്ണമായും വിശ്വസിച്ചിരുന്നു. അതിനു കാരണം അവരുടെ പ്രൊഫസർ തന്നെയായിരുന്നു. പശ്ചാത്യർ പൊതുവെ ഇളം നിറങ്ങളായിരുന്നു കൂടുതലായും ഉപയോഗിച്ചതും പ്രയോഗിച്ചതും. അമൃത ഷേർഗിലിൻ്റെ വർണ്ണ വൈഭവം തിരിച്ചറിഞ്ഞ പ്രൊഫസർ അതിന് യഥാർത്ഥ വ്യക്തിത്വം കണ്ടെത്താൻ പടിഞ്ഞാറിനേക്കാൾ കിഴക്കിൻ്റെ അന്തരീക്ഷമാണ് സഹായിക്കുക എന്ന് പറഞ്ഞിരുന്നു. അത് പിൽക്കാലത്ത് ശരിയായി തീരുന്നതായി കാണാം. പടിഞ്ഞാറൻ അന്തരീക്ഷത്തേക്കാൾ അമൃതയുടെ വർണ്ണങ്ങൾക്ക് അതിൻ്റെ യഥാർത്ഥ നിറവും വെളിച്ചവും ലഭിച്ചത് കിഴക്കിൻ്റെ അന്തരീക്ഷത്തിൽ തന്നെയാണ്. അവർ പരിചയിച്ച അക്കാദമിക് ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ദിശയിലേക്കാണ് അമൃതയുടെ കലാസൃഷ്ടികൾ സഞ്ചരിച്ചത്. അവ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതവും പ്രവർത്തികളും അജന്തയിലെയും മറ്റും ഭിത്തി ചിത്രങ്ങളോട് ചേർന്ന് പോകുന്നവയായിരുന്നു. തദ്ദേശീയമായ കലാരചനകൾക്ക് താൻ പരിശീലിച്ച യൂറോപ്യൻ സാങ്കേതിക വിദ്യകൾ  അവർ പ്രയോഗിച്ചു. പരന്നതും ലളിതവും ശക്തവുമായ നിറങ്ങളിലൂടെയുള്ള പുതിയ ശൈലിയിൽ ചിത്രങ്ങൾ രചിക്കാൻ തുടങ്ങി. ഇന്ത്യയിൽ അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്ന യൂറോപ്യൻ രചനാരിതിയായിരുന്ന ജലച്ചായ ചിത്രങ്ങളുടെ നിരാസം കൂടിയായിരുന്നു, അമൃതയുടെ ഈ പുതിയ പരീക്ഷണം. തൻ്റേതായ കലാ ശൈലി ഉപയോഗിച്ച് ഇന്ത്യൻ കലാരംഗത്തെ അവർ നവീകരിച്ചു.  

     അമൃത ഷേർഗിലിൻ്റെ ചിത്രങ്ങളെ പഠനവിധേയമാക്കിയാൽ അവ മുമ്പ് നിലനിന്ന തരത്തിലുള്ള സ്ത്രീ രൂപങ്ങൾ ആയിരുന്നില്ല. ഇത് വ്യക്തമാകണമെങ്കിൽ അവരുടെ ആദ്യകാല ചിത്രം മുതൽ പിൽക്കാല രചനകൾ വരെ സൂഷ്മമായി അപഗ്രഥിക്കണം.

ചെറുപ്പകാരികൾ ( Young Girls)

1932 ൽ വരച്ച ഈ ചിത്രം തികച്ചും അക്കാദമികപരമായ രചനയാണ്. ദിഗാ, സെസാൻ തുടങ്ങിയ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരുടെ രചനകളുമായി വിദൂര സാമ്യം ഈ ചിത്രത്തിൽ കാണാം. കൃത്യമായ പാശ്ചാത്യ സ്വഭാവം കാണിക്കുന്ന ചിത്രത്തിൻ്റെ സ്ഥലവും നിറങ്ങളുടെ സംയോജനവും ശരീരത്തിൻ്റെ രൂപീകരണവും എല്ലാം ഇതിനെ കാണിക്കുന്നു. മുറിയിൽ ഒരു അടഞ്ഞ അന്തരീക്ഷമാണ് കാണാനാകുക. ആ അന്തരിക്ഷത്തിൽ രണ്ടു ചെറുപ്പക്കാരികൾ ഇരുന്ന് തങ്ങളുടെ സൗഹൃദം പങ്കുവെയ്ക്കുന്ന ഹൃദ്യമായ കാഴ്ചയാണ് ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. സൗഹൃദത്തിൻ്റെ ആഴം വർദ്ധിപ്പിക്കാൻ ഈ അന്തരീക്ഷത്തിന് സാധിച്ചിട്ടുണ്ട്. മുന്നിലുള്ള സ്ത്രീയെ നോക്കിയാൽ തൻ്റെ ശരീരത്തിൻ്റെ മേൽഭാഗത്തെ സ്വകാര്യത തെല്ലു മറനീക്കിയാണ് ഇരിക്കുന്നത്. എന്നാൽ തനിക്ക് ഇതിലൊന്നും യാതൊരു താല്പര്യവുമില്ല എന്ന മട്ടിൽ അശ്രദ്ധമായി ഇരിക്കും വിധമാണ് മുന്നിലുള്ളവൾ എങ്കിൽ പിന്നിലുള്ളവൾ അത് ശ്രദ്ധിക്കും വിധമാണ് ഈ രൂപങ്ങളുടെ രചനാ ക്രമം. ഭാഗികമായി വസ്ത്രം ധരിക്കാ ത്തവൾ ഫ്രഞ്ച് സുഹൃത്ത് സെനസ് പ്രൗട്ടൗക്സാണ് പശ്ചാത്തലം ശ്രദ്ധിച്ചാൽ  അവിടെയും പഴയ സമ്പ്രദായമല്ല സ്വീകരിച്ചിരിക്കുന്നത്. പശ്ചാത്തലം വളരെ ദൂരം പിന്നിലേയ്ക്ക് പോയി ചക്രവാളത്തിൽ ലയിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി കുറച്ച് പുറകിലേക്ക് പോയി അതിനെ പിടിച്ച് നിർത്തും വിധമാണ് പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. രണ്ട് യുവതികൾ തമ്മിലുള്ള സൗഹൃദത്തിൻ്റെ ഇടമായി സ്ഥലത്തെ മാറ്റിയിരിക്കുന്നു. ഈ ചിത്രത്തിൻ്റെ രചനയിലൂടെ 1933 ലെ പാരീസ് ഗ്രാൻ്റ് സിലോണിലെ അസ്സോസിയേറ്റ് ഷിപ്പ് – സമാജാംഗത്വം – നേടിയെടുക്കാൻ അമൃതാ ഷേർഗിലിനു കഴിഞ്ഞു.

നഗ്ന (The Nude)

വെളുത്ത പശ്ചാത്തലത്തിൽ ഉറങ്ങി കിടക്കുന്ന ഒരു സ്ത്രീരൂപമാണ്. 1933 ൽ രചിക്കുന്ന ഈ ചിത്രം സഹോദരി ഇന്ദിരയുടേതാണ്. ഈ ചിത്രം പരിശോധിക്കുമ്പോൾ അമൃത ഷേർഗിലിൻ്റെ സ്ക്കൂൾ കാലഘട്ടത്തെ കൂടി പരിഗണിക്കണം. ഇന്ത്യയിലെ കോൺവെൻ്റ് സ്കൂളിൽ നിന്ന് പുറത്താക്കിയതും ഫ്രഞ്ച് നാട്ടിലെ മോഡേൺ ആർട്ടിലുള്ള താല്പര്യവും ബൊഹീമിയൻ ജീവിതരീതിയും അവളെ സ്ത്രീരൂപം ചിത്രീകരിക്കുന്നതിൽ കൊണ്ടെത്തിച്ചു. നഗ്ന ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ ചിത്രീകരിക്കാൻ ഇത് ഇടയാക്കി. ക്യാൻവാസ് പരിശോധിച്ചാൽ അതിൽ കോണോടു കോൺ ആയാണ് രൂപത്തെ വർണ്ണങ്ങളാൽ ഒരുക്കിയിരിക്കുന്നത്. ശരീരത്തെക്കുറിച്ച് വലുതായ ശ്രദ്ധയില്ല എങ്കിൽപോലും  ഉറക്കത്തിലും പ്രകടിപ്പിക്കുന്ന ഗൗരവം പശ്ചാത്യമായ രചനയുടെ സവിശേഷതയാണ്. അക്കാദമികമായ അംശങ്ങളും ഈ ചിത്രത്തിൽ നിഴലിക്കുന്നുണ്ട്. ഭാരതീയമായ സ്ത്രീ രൂപം വരയ്ക്കുമ്പോൾ ഇതിൻ്റെ നേർ വിപരിതമായ ഭാവമാണ് അമൃത ഷേർഗിൽ സ്വീകരിച്ചിരിക്കുന്നത്. പാരീസിലെ പഠനവും ഗ്വഗാനും ഗ്ലാനിയും ഷെർഗിലിനെ ശൈലിയിലും മറ്റും സ്വാധീനിക്കുന്നുണ്ട് എന്നത് ഈ ചിത്രത്തിൽ നിന്ന് വായിച്ചെടുക്കാം.ദക്ഷിണേന്ത്യൻ യാത്രകളും മുഗൾ മിനിയേച്ചറുകളും അജന്ത ചിത്രങ്ങളും അവരെ കൂടുതൽ ആഴത്തിൽ സ്വാധീനിക്കുന്നതായി കാണാം. 1930 കളുടെ അവസാനത്തിലെ കലാസൃഷ്ടികൾ പരിശോധിച്ചാൽ ഈ കാര്യങ്ങൾ വ്യക്തവുമാണ്.

വധുവിനെ അണിയിച്ചൊരുക്കൽ  (Bride ‘s Toilet 1937)

പരമ്പരാഗതമായ മറ്റ് ചിത്രങ്ങളിലെപോലെ ഉന്നത ജാതിക്കാർക്ക് വെളുപ്പും താഴ്ന്ന ജാതിക്കാർക്ക് ഇരുണ്ട നിറവും കൊടുത്ത് സമൂഹത്തിലെ വർണ്ണ വ്യത്യാസം സൂചിപ്പിക്കുന്നു. മട്ടാഞ്ചേരിയിലെ പാർവ്വതി സ്വയംവര ചിത്രത്തിൽ നിന്ന് ലഭിച്ച പ്രചോദനവും ഇതിനു പിന്നിലുണ്ട്. ഒരുക്കുന്നവരുടെ കയ്യിലെ വസ്ത്രങ്ങളിലുടെ നിറങ്ങളുടെ പൊലിമ പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും വധുവിൻ്റെ മുഖത്ത് സന്തോഷം അത്ര പ്രകടമല്ല. മുടി ചീകി ഒരുക്കുന്നവൾ അതിൽ മാത്രം  ശ്രദ്ധ കേന്ദ്രീകരിക്കും വിധമാണ് രചിച്ചിരിക്കുന്നത്. ദുഃഖഭാവമാണ് അവളിലും പ്രകടം. വധുവിൻ്റെ മുന്നിലിരിക്കുന്നവൾക്കും ഒരുക്കുന്നവൾക്കും വർത്തമാനവും ഭാവിയും എല്ലാം മാറ്റമില്ലാതെ തുടരും എന്ന രീതിയിലാണ് ചിത്രീകരണം. സ്ഥലത്തിനു പുറത്തേക്ക് ഒരു പോക്ക് അസാധ്യമാണ്, അവർക്ക്. വിധിയുടെ തടവുകാരികൾ. ഇവരുടെ തുടർച്ചയാണ് കൂടെയുള്ള കുട്ടികൾ . അവർക്കും ഇവിടം വിട്ടൊരു അസ്ഥിത്വമില്ല എന്ന മട്ടിലാണ് രചന. വധുവാകട്ടെ സമൂഹത്തിൽ നിന്ന് വളരെ അകന്ന സ്ഥിതിയിലാണ്. മുടിയൊരുക്കുന്നവളുടെ സ്പർശത്തിലൂടെ വർത്തമാനകാലത്തെ ചിത്രീകരിക്കുമ്പോൾ പോലും ഭാവിയെക്കുറിച്ചുള്ള, വരനെ കുറിച്ചുള്ള, പ്രതീക്ഷ വധുവിനെ മുന്നോട്ട് കൊണ്ടുപോകുന്നതായി അവളുടെ പുറത്തേയ്ക്കുള്ള നോട്ടത്തിലൂടെ സൂചിപ്പിക്കുന്നു. ചിത്രത്തിലെ മറ്റുള്ളവരെല്ലാം സ്ഥലകാലങ്ങളിൽ ബന്ധിതരാണ്. എന്നാൽ വധു മാത്രമാണ് പുറത്തേയ്ക്ക് പോകാൻ പ്രതീക്ഷയോടെ ആഗ്രഹിക്കുന്നത്. വർണ്ണങ്ങൾ ശ്രദ്ധിച്ചാൽ അജന്തയിലെയും മുഗൾ – രജപുത്ര ചുവർച്ചിത്രങ്ങളിൽ നിന്നും സ്വീകരിച്ചവയാണെന്ന് കാണാം. വധുവിനെ ഒരുക്കുന്നവളുടെ വസ്ത്രം പച്ചനിറത്തിലും ശരീരം ഇരുണ്ട നിറത്തിലും വധുവിൻ്റെ ശരീരം തവിട്ടുനിറത്തിലും തലമുടി കറുത്ത നിറത്തിലും ആണ് രചന. ഇത് വർണ്ണ വിന്യാസങ്ങളുടെ ഏറ്റവും ഉന്നതമായ രചനയാണ്. മുഗൾ രജപുത്ര ചിത്രങ്ങളുടെ വർണ്ണത്തെ വളരെ ശ്രദ്ധാപൂർവ്വമായി അമൃത ഷേർഗിൽ പുനരവതരിപ്പിക്കുന്നു.

ദക്ഷിണേന്ത്യൻ ഗ്രാമീണർ ഒരു മാർക്കറ്റിലേയ്ക്ക് (    South Indian Villagers Going to a Market  1938) , ഗ്രാമദൃശ്യം (Village Scene 1938) എന്നിവ ഉദാഹരണങ്ങളായി കാണാം.

നഗ്ന സ്ത്രീരൂപത്തിൽ പ്രദർശിപ്പിച്ച പാശ്ചാത്യഭാവം ഇവിടെയില്ല. അനുകമ്പയും ദുഃഖവും നിറഞ്ഞ ദൈന്യതയാർന്ന ഒരു ഭാവമാണ് ഇവിടുത്തെ ഗ്രാമീണ മുഖങ്ങളിൽ. കെ.ജി സുബ്രഹ്മണ്യൻ്റെ നിരീക്ഷണ പ്രകാരം ഗ്രാമീണരുടെ ദുരിതപൂർണ്ണമായ ജീവിതം നോക്കിക്കണ്ട അമൃത  സത്യസന്ധമായി ജീവിതത്തെ പുനരവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

    ഭാരതത്തിലുടനീളം പര്യടനം നടത്തിയ അമൃത ഷേർഗിലിന് അജന്ത ശൈലിയുടെ സാരാംശം ഗ്രഹിക്കാനായി. ബംഗാൾ സ്കൂൾ പ്രകടിപ്പിച്ച അമിത വൈകാരികത ബാഹ്യ പ്രകൃതത്തിൻ്റെ അനുകരണത്താലും ആവർത്തനത്താലും രൂപംകൊണ്ടതാണ്. ഭാരതീയ ശൈലി എന്ന രീതിയിൽ പ്രചരിച്ച ബാഹ്യപ്രകൃതത്തിൻ്റെ  തുടർ ചിത്രീകരണത്തിൽ നിന്ന് മാറി അതിൻ്റെ ഭാവം ഉൾക്കൊണ്ട് സൃഷ്ടി നടത്താൻ അവരെ സഹായിച്ചതും ഭാരതത്തിലൂടെ നടത്തിയ യാത്രയാണ്. കേരളത്തിലെ ചുവർച്ചിത്രങ്ങൾ അമൃത ഷേർഗിലിനെ സ്വാധീനിച്ചിരുന്നു. ചുവർച്ചിത്രങ്ങളിൽ രൂപങ്ങളുടെ നിറവാണ് കാണാൻ സാധിക്കുക. ശൂന്യ സ്ഥലം എന്ന സങ്കല്പം അവിടെ അവശേഷിപ്പിക്കാതെയാണ് ഭിത്തിയിൽ  സ്ഥലത്തെ ക്രമീകരിക്കുന്നത്. അജന്ത ചിത്രങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ചിത്രങ്ങൾ മുന്നോട്ട് തള്ളി വരുന്ന ക്രമത്തിലാണ് രചന. ശൂന്യസ്ഥലത്തിൻ്റെ അഭാവം കൂടുതലായും കാണുന്നത് അജന്ത ചിത്രങ്ങളേക്കാൾ കേരളത്തിലെ ചുവർച്ചിത്രങ്ങളിലാണ്. കേരള ചുവർ ചിത്രങ്ങളിൽ പ്രധാനം മട്ടാഞ്ചേരി, പത്മനാഭപുരം എന്നീ കൊട്ടാരങ്ങളിലെ ചുവർച്ചിത്രങ്ങളാണ്. മട്ടാഞ്ചേരിയിലെ രാമായണ ചിത്രം, കേരള ഭിത്തി ചിത്രങ്ങൾക്ക് നല്ലൊരു മാതൃകയാണ്. പരന്ന പ്രതല സ്വഭാവവും ദ്വിമാനതയും നിറഞ്ഞ ചുവർച്ചിത്രങ്ങളാണ് കേരളത്തിലധികവും.

അവയിലെല്ലാം അടിങ്ങിയിട്ടുള്ള ആനന്ദ ഭാവവും  ദുഖനിർഭരമായ മുഖങ്ങളും ആണ് ബ്രഹ്മചാരി പോലുള്ള ചിത്രങ്ങൾക്ക് പ്രചോദനമായത്. ഭൗതികതയിലെ ദുഃഖവും അതിനെ ഇല്ലായ്മ ചെയ്യാൻ പോന്ന വിധത്തിലുള്ള ശാന്തിയും ഷേർഗിലിൻ്റെ പല രചനകൾക്കും ആന്തരികമായ കരുത്ത് നൽകി. ബ്രഹ്മചാരിയിൽ ആന്തരികമായ ഒരു ദീപ്തി  നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. നിറങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന വെളിച്ചത്തിൻ്റെ പ്രതീതി ഒരു തരത്തിൽ ചിത്രത്തിൻ്റെ ഭാഷകൂടിയാണ്.

പെണ്ണിൻ്റെ വരപ്പ് പ്രധാനമല്ലെങ്കിലും രൂപം പ്രധാനമായിരുന്നു. ചിത്രകലയുടെ ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാണ്. ചിത്രകാരികൾ ആദ്യകാലത്ത് ചിത്രകലയെ ഒരു പ്രൊഫഷനായി കാണാൻ ശ്രമിച്ചിരുന്നില്ല. അത് ഒഴിവു സമയങ്ങളിൽ പുരുഷന്മാർ അനുവദിച്ചിരുന്ന ഓഭാര്യ ങ്ങളുടെ ഫലങ്ങൾ മാത്രമായിരുന്നു. കൂടാതെ വസ്ത്രം ,ആഭരണം എന്നിവ പോലെ സ്വന്തം പുരുഷനെ സന്തോഷിപ്പിക്കാനുള്ള ആഢംഭരം ആയിരുന്നു. അതിനാൽ ആദ്യകാലത്തെ കലാകാരികളെ കലയുടെ ചരിത്രത്തിൽ കാണാറില്ല . ഇതിന് ഒരു അപവാദമായിരുന്നു അമൃത ഷെർഗിൽ. സ്ത്രീരൂപങ്ങൾ ഷെർഗിലും വരച്ചിട്ടുണ്ടെങ്കിലും അവ മുൻപ് ചിത്രീകരിക്കപ്പെട്ടവ പോലെ ആയിരുന്നില്ല. അവ ആ കാലഘട്ടത്തിലെ ഇന്ത്യൻ ഗ്രാമ ജീവിത സാഹചര്യങ്ങളുടെ വിഷാദാതാമ്കത്വമുള്ള ചിത്രങ്ങൾ വരയ്ക്കുകയാണ് ചെയ്തത്. അതിലെ സ്ത്രീകൾ മിനിയേച്ചർ ചിത്രങ്ങളിലെ  നായികമാരുടെ ഒതുക്കമോ അക്കാദമിക് ചിത്രങ്ങളിലെ പ്രൗഢകളുടെ പ്രദർശനപരതയോ ഇല്ല. സ്വത്വവിചിന്തനങ്ങളുടെ ഊർജ്ജസ്വലത ആ സ്ത്രീരൂപങ്ങളിൽ  കാണാം.

        കലാകാരൻ എന്ന സ്രഷ്ടാവ് മാറി കാഴ്ചക്കാരൻ അനുഭവിക്കുന്നത് രേഖപ്പെടുത്തുന്നതാണ് കല എന്ന അവസ്ഥയിൽ ജനാധിപത്യം കാണാം ലോകത്ത് എവിടെ നടക്കുന്ന കാര്യവും വിവരണവും അതേ നിമിഷം അറിയാൻ കഴിയുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കല സൈബർ കാലത്തിൻ്റെയാണ്. അതും മാറ്റത്തിന് വിധേയമാണ്. വർത്തമാനകാലം സങ്കീർണമാണ്. കല സമൂഹത്തിൻ്റെ ഉൽപ്പന്നമാണ്. സമൂഹത്തിൻ്റെ എല്ലാ ഉൽപ്പന്നങ്ങളും അതിനാൽ കലയിൽ ആവിഷ്ക്കരിക്കപ്പെടും . അതിന് അടുത്ത നിമിഷം മാറ്റം വരാം.

സഹായക ഗ്രന്ഥങ്ങൾ
1. നവീന ചിത്രകല ( 1990) – കേസരി ബാലകൃഷ്ണപിള്ള, കേരള ലളിതകലാ അക്കാദമി, തൃശ്ശൂർ
2. മിത്തും യാഥാർത്ഥ്യവും (2022 ) – ഡിഡി കോസാംബി, പുസ്തക പ്രസാധകസംഘം
3. ചിത്രകല ചരിത്രവും പ്രസ്ഥാനങ്ങളും (2015)- ജി. അഴിക്കോട് , എൻ. ബി.എസ്, കോട്ടയം
4..പെണ്ണരങ്ങ് (2020 ) – ആർ.ബി രാജലക്ഷ്മി, പ്രിയാനായർ, ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം
5 . ചിത്രകലാ ചരിത്രവും രീതികളും ( 2007)- വിജയകുമാർ മേനോൻ, ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം

Dr.SINDU ANTHERJANAM

Associate Professor, Department of Malayalam , Sanatana Dharma College , Alappuzha

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x