
എസ് സുധീഷ്
Published: 10 December 2025 സംസ്കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-8
എം.ജി.ആർ. എന്ന മാധ്യമ ബിംബം, എം.ജി. രാമചന്ദ്രൻ എന്ന തനതു സ്വത്വത്തെ തമസ്കരിച്ചുകൊണ്ട് ഒരു ജനതയെ സ്വാധീനിക്കുന്നു. മാധ്യമ ബിംബം യഥാർത്ഥമാണ് എന്ന് ആഗ്രഹ കൽപ്പനയാൽ അതിനെ ആശ്ലേഷിക്കുന്ന തമിഴ് മക്കളുടെ ആവശ്യങ്ങൾ നിർവഹിക്കാൻ മാധ്യമ നായകന് കഴിയുന്നില്ല. ഒരു പ്രതിയാഥാർത്ഥ്യ ബിംബവും (Hyperreal Image) മനുഷ്യന്റെ ആവശ്യത്തിന്റെ നിയമങ്ങളെ സ്പർശിക്കുന്നില്ല എന്നതുകൊണ്ടാണ് പ്രതിയാഥാർത്ഥ്യം, യാഥാർത്ഥ്യത്തിന്റെ ഛായ കലർന്ന അയഥാർത്ഥതയായി മാറുന്നത്.
ആവശ്യത്തിന്റെ നിയമങ്ങളെ മറികടന്ന് ,വ്യാമോഹ ചിന്തകളെ പ്രീണിപ്പിക്കുന്നു എന്നതുകൊണ്ടാണ് പ്രതിയാഥാർത്ഥ്യ ആഖ്യാനം അയഥാർത്ഥമായിത്തീരുന്നത്. തനതു യാഥാർത്ഥ്യത്തിൽനിന്ന് പ്രേക്ഷകനെ അന്യവൽക്കരിച്ച്, അവന്റെ അല്ലെങ്കിൽ അവളുടെ ആവശ്യത്തിന്റെ യുക്തിയെ തകർക്കുക എന്ന കൃത്യമാണ് പ്രതിയാഥാർത്ഥ്യ കൽപ്പനകൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
ഗൾഫ് യുദ്ധത്തിന്റെ തനതു യാഥാർത്ഥ്യത്തെ തള്ളിക്കളഞ്ഞുകൊണ്ട്, അതിന്റെ സാങ്കേതിക വിദ്യാഖ്യാനത്തെ ‘യാഥാർത്ഥ്യം’ എന്ന മട്ടിൽ അവതരിപ്പിക്കുന്ന ബോദ്രിലാദ് (Baudrillard), “ചക്രായുധം എന്തിനു പ്രയോഗിച്ചു, അതിന്റെ ആവശ്യം എന്തായിരുന്നു?” എന്ന ചോദ്യത്തിൽ നിന്ന് രക്ഷപ്രാപിക്കുവാൻ വേണ്ടിയാണ് തനതു യാഥാർത്ഥ്യത്തെ തള്ളിക്കളയുന്നത്. ഗൾഫ് യുദ്ധം എന്ന യാഥാർത്ഥ്യം മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടിയായിരുന്നു; അത് ആവശ്യ നിയമത്തിന്റെ പ്രേരണയായിരുന്നു എന്ന് സ്ഥാപിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ, അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല, അതിന്റെ ആഖ്യാനം മാത്രമാണ് യാഥാർത്ഥ്യം എന്ന് സിദ്ധാന്തിക്കുവാൻ ബോദ്രിലാദ് ശ്രമിക്കുമ്പോഴും,
ബോദ്രിയാർഡിന്റെ തന്നെ പിന്തുടർച്ചക്കാരനായ സിസക്ക് (Slavoj Žižek), ഗൾഫ് യുദ്ധ ആഖ്യാനത്തെ മുൻനിർത്തി ഗൾഫ് യുദ്ധത്തിന്റെ “ഹേതു “ എന്തായിരുന്നുവെന്ന് പരിശോധിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഇവിടെയും ‘ഹേതു’ (Cause), ‘പാദാർത്ഥിക ഭവ്യം’ ( Effect) എന്ന പ്രാചീന ആശയവാദ നിലപാടിൽ നിന്നുകൊണ്ട്, ഗൾഫ് യുദ്ധം മനുഷ്യന്റെ ആവശ്യ യുക്തിയോട് നീതി ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് വഴുതിപ്പോകാനാണ് ഉത്തരാധുനികൻ ശ്രമിക്കുന്നത്.
ഒരു പാദാർത്ഥിക ഭവ്യത്തിന്റെ ഹേതു ദൈവകോപമായിരുന്നു എന്നുള്ള കണ്ടെത്തൽ, പാദാർത്ഥിക തലത്തിലെ ഒരു മനുഷ്യചെയ്തി, അല്ലെങ്കിൽ സംഭവം ‘’ആവശ്യ”മായിരുന്നു എന്നിടത്തെയാണ് സമർത്ഥിക്കുന്നത്. എന്തിന് ശ്രീരാമൻ ശംബൂകനെ വധിക്കണം? ശംഭുകനെ വധിച്ചില്ലെങ്കിൽ ബ്രാഹ്മണ വംശത്തിൽ കുട്ടികൾ മരിക്കുമെന്ന കാരണത്താലാണ് എന്ന് പറയുന്നിടത്ത്, ‘ദൈവകോപം’ എന്ന ഹേതു ശംബൂകവധം ആവശ്യമായിരുന്നു എന്ന് സമർത്ഥിക്കുവാനുള്ള യുക്തിയായി മാറുകയാണ്.
ക്ഷത്രിയൻ ധർമ്മരക്ഷയ്ക്ക് വേണ്ടി ഹിംസ നടത്തുന്നു എന്ന് ഭഗവാൻ പറയുമ്പോൾ, ഹിംസ ആവശ്യ നിയമത്തെ അനുസരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് ഗീതാകാരൻ ശ്രമിക്കുന്നത്. അതേ മാതൃകയിൽ ഒരു പരിശ്രമം ഗൾഫ് യുദ്ധം എന്ന ആഖ്യാനത്തെ മുൻനിർത്തി സിസക്ക് നടത്തുന്നുണ്ട്. എന്തായിരുന്നു ഗൾഫ് യുദ്ധത്തിന്റെ ഹേതു എന്ന് കണ്ടെത്തുവാൻ സിസക്ക് ശ്രമിക്കുന്നത് ഭൗതിക രാഷ്ട്രീയ വസ്തുതകളെ പരിഹസിക്കുന്ന തരത്തിൽ, നിർഗുണവും നിഷ്പക്ഷവും നിഷ്കളങ്കവുമായ നാട്യത്തോടെയാണെങ്കിലും, ഗൾഫ് യുദ്ധത്തെ ആവശ്യയുക്തി കൊണ്ട് നീതീകരിക്കാനുള്ള പാഴ്വേല അവിടെ വ്യക്തമായി കാണാം. ഇത് ആവശ്യമോ പ്രകൃതിപരമായ അനിവാര്യതയോ ആയിരുന്നു എന്ന് സമർത്ഥിക്കാൻ അല്ലെങ്കിൽ, സംഭവിച്ചിട്ടില്ല എന്ന് പറയുന്ന തനതു യാഥാർത്ഥ്യത്തെ മറികടന്നു നിൽക്കുന്ന ഒരു ടിവി ആഖ്യായികയെ മുൻനിർത്തി, യുദ്ധഹേതുവിനെ സംബന്ധിച്ച് ഒരു ചർച്ച എന്തിന് ഉത്പാദിപ്പിക്കണം എന്ന ചോദ്യമുയരുന്നു.
സംഭവ്യതയുടെയും അസംഭവ്യതയുടെയും സങ്കലനമായ ഒരു ആഖ്യാനത്തിൽ, ഒരു സിമുലാക്രത്തിൽ (Simulacrum), സാങ്കേതിക വിദ്യയുടെ അല്ലെങ്കിൽ ദൈവത്തിന്റെ കയ്യൊപ്പുണ്ട് എന്ന് പറയുമ്പോൾ പോലും, അത് യാഥാർത്ഥ്യം ആകണമെങ്കിൽ മനുഷ്യസമൂഹത്തിന്റെ ആവശ്യ യുക്തിയോട് അതിന് നീതി ചെയ്യാൻ കഴിയണം. അത് മനുഷ്യസമൂഹത്തിന്റെ ആവശ്യ യുക്തിയെ അട്ടിമറിച്ചുകൊണ്ട്, അധീശവർഗ്ഗ താല്പര്യത്തെ സംരക്ഷിക്കുന്ന ആഖ്യാനമായതുകൊണ്ടാണ് – അതിന്റെ പേരിൽ ഒരു സത്യാന്വേഷണ ലീല നടത്തിക്കളയാമെന്ന് സിസക്ക് തീരുമാനിക്കുന്നത്.
സത്യം ഹേതു (Cause)വിൽ അമർന്നിരിക്കുന്നു എന്ന് ആശയവാദം പറയുമ്പോൾ, പകർച്ചവ്യാധിയുടെ ഹേതു ഒരുകാലത്ത് ദൈവകോപവും പിന്നീട് വൈറസുമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത മറന്നുകൂടാ. ഇപ്പോൾ പകർച്ചവ്യാധിയുടെ ഹേതു ബയോളജിക്കൽ യുദ്ധമുറയാണെന്ന സിദ്ധാന്തവും ഉണ്ടായി വന്നിട്ടുണ്ട്. പ്രകൃതി നിയമമനുസരിച്ച് അനിവാര്യമായി സംഭവിക്കുന്ന നാശത്തോടൊപ്പം, മനുഷ്യൻ മനുഷ്യനുമേലും, മനുഷ്യനിർമ്മിതമായ പരിസ്ഥിതിക്കുമേലും, പ്രകൃതിക്കുമേലും നടത്തുന്ന ആക്രമണവും അനിവാര്യമെന്നോ ആവശ്യമെന്നോ സ്ഥാപിച്ചെടുക്കുന്നതിനാണ് ദൈവകോപത്തിന്റെയും ദൈവഹിതത്തിന്റെയും ഹേതുക്കൾ ആവിഷ്കരിക്കപ്പെട്ടത്.
സാങ്കേതിക വിദ്യയുടെ യുഗത്തിൽ, ദൈവത്തിന്റെ സ്ഥാനം സാങ്കേതിക വിദ്യയ്ക്ക് കൽപ്പിച്ചു നൽകുകയും, ഗൾഫ് യുദ്ധം സാങ്കേതിക വിദ്യാ നിർമ്മിതിയാണ് എന്ന് സിദ്ധാന്തിക്കുകയും ചെയ്യുമ്പോൾ, അത് മനുഷ്യകുലത്തിന്റെ ആവശ്യ നിയമങ്ങളുടെ യുക്തിയുമായി പൊരുത്തപ്പെടാത്തതുകൊണ്ട് തന്നെ, തമിഴ് മക്കളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ മാധ്യമനായകൻ പരാജയപ്പെട്ടതുപോലെ, മാധ്യമ നിർമ്മിതിയായ ഗൾഫ് യുദ്ധ ആഖ്യാനവും ആവശ്യനിയമ വിപരീതമായി തീരുന്നതുകൊണ്ട്, പ്രതിയാഥാർത്ഥ്യ രൂപങ്ങളായ അവ രണ്ടും അയഥാർത്ഥങ്ങളായി തീരുന്നു.
സാങ്കേതിക വിദ്യയുടെ യുഗത്തിൽ, സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യൻ ഉൾപ്പെടെയുള്ള ഏത് വിഭവത്തെയും, ഉൽപ്പന്നത്തെയും ചരക്കുവൽക്കരിച്ച് (Commoditly) പാദാർത്ഥിക ഉൽപ്പന്നത്തിന്റെയും വിഭവത്തിന്റെയും നിഷേധമാക്കിത്തീർക്കാൻ കഴിയുന്നു. ഉൽപ്പന്നത്തെ ചരക്കുവൽക്കരിച്ച് മിച്ചമൂല്യം നേടിയെടുക്കാൻ ശ്രമിക്കുന്ന ചരക്കുവൽക്കരണം, വിപണിയുടെ സർവ്വാധിപത്യ കാലം രൂപപ്പെടുന്നതിനു മുൻപ് ഉൽപ്പന്നത്തിന്റെയോ വിഭവത്തിന്റെയോ നിഷേധമായിരുന്നില്ല. അത് ഉൽപ്പന്ന അധിഷ്ഠിതമോ വിഭവ അധിഷ്ഠിതമോ ആയ ചരക്കുവൽക്കരണം തന്നെയായിരുന്നു. ചരക്ക് അവിടെ ഉൽപ്പന്നത്തിന്റെ പെരുക്കം മാത്രമായിരുന്നു. ഉള്ളതിനേക്കാൾ കൂടുതൽ പെരുപ്പിച്ചു കാണിച്ച് അധികവില സമ്പാദിക്കുന്ന ചരക്കുവൽക്കരണത്തിൽ, ഉൽപ്പാദന ചെലവും വിപണന വിലയും തമ്മിലുള്ള വൈരുദ്ധ്യം പ്രസക്തമായിരുന്നു എങ്കിൽ പോലും, ഉൽപ്പന്നം അല്ലെങ്കിൽ വിഭവം ബോദ്രിലാദിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഒറിജിനൽ ഇല്ല’ എന്നൊരു അവസ്ഥ ചരക്കുവൽക്കരണത്തിന് ഇല്ലായിരുന്നു.
എന്നാൽ സാങ്കേതിക വിദ്യയുടെ ബലപ്രയോഗത്തിലൂടെ, വിപണനത്തിനുവേണ്ടി ഉൽപ്പന്നത്തെയോ വിഭവത്തെയോ അതല്ലാതാക്കി മാറ്റുന്ന ‘കമ്മോഡിഫിക്കേഷൻ’ പ്രക്രിയ ചരക്കുവൽക്കരണത്തിന്റെ (Commercialization)തീവ്രരൂപമാണ്. അവിടെ ഉൽപ്പന്നം അല്ലെങ്കിൽ വിഭവം (അതു മനുഷ്യനാകാം ) മറ്റൊന്നായി മാറുകയും, നിർമ്മാതാവായ തൊഴിലാളി അപ്രസക്തമാവുകയും (Death of the Author ) ചെയ്യുന്നു. ഉപഭോക്താവ് ഉൽപ്പന്നത്തിനോ വിഭവത്തിനോ മറുപാഠം നിർമ്മിച്ചു കൊടുക്കുന്നു എന്ന വ്യാമോഹത്തിന്റെ മറവിൽ, മാധ്യമം അല്ലെങ്കിൽ വിപണി ഉൽപ്പന്നത്തിന്റെയും വിഭവത്തിന്റെയും അർത്ഥങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു. എല്ലാ ഉൽപ്പന്നങ്ങളെയും വിഭവങ്ങളെയും മനുഷ്യന്റെ ആവശ്യ മണ്ഡലത്തിന് അപ്പുറത്തുള്ള ഒരു വ്യാമോഹ മണ്ഡലത്തിൽ പ്രതിഷ്ഠിച്ച്, ആവശ്യനിയമ വിരുദ്ധമായ ഒരു അവസ്ഥയിലേക്ക് ഉപഭോക്താവിനെ തള്ളിവീഴ്ത്തി, അവന്റെ/അവളുടെ പോക്കറ്റ് വലിച്ചുകീറി കൊള്ളയടിക്കുകയും ചെയ്യുന്നു. അവന്റെ വാങ്ങൽ ശേഷിയുമായി പൊരുത്തപ്പെടാത്ത, അവന്റെ ആവശ്യവുമായി പൊരുത്തപ്പെടാത്ത, വിലപിടിച്ച ചരക്ക് കൈവശപ്പെടുത്താൻ വേണ്ടി അവന്റെ/അവളുടെ തലയിൽ ഋണബാധ്യതയുടെ (കടബാധ്യത) വലിയൊരു ഭാരം കയറ്റിവയ്ക്കുകയും, അവനെ/അവളെ വിപണിയുടെ അടിമയാക്കി തീർക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്.
ഗൾഫ് യുദ്ധം സംഭവിച്ചിട്ടില്ല എന്നൊരു വിചിത്രമായ വാദം എന്തുകൊണ്ട് ബോദ്രിലാദ് മുന്നോട്ടുവെക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇവിടെ ലഭിക്കുന്നു. പാദാർത്ഥിക വിഭവത്തിന്, അല്ലെങ്കിൽ പാദാർത്ഥിക വിഭവത്തിൽ നിന്ന് രൂപപ്പെടുത്തിയ പാദാർത്ഥിക ഉൽപ്പന്നത്തെ ഒരു ‘പ്രത്യയശാസ്ത്ര ‘ ആഖ്യാനമാക്കി മാറ്റുകയും, ആ പ്രത്യയശാസ്ത്ര ആഖ്യാനമാണ് യാഥാർത്ഥ്യം എന്നൊരു വാദം ഉന്നയിക്കുകയും ചെയ്യുമ്പോൾ, പദാർത്ഥത്തിന് അസ്തിത്വമില്ല എന്നും ‘ആശയ ‘മാണ് സത്യം എന്നുമുള്ള വാദം ആധുനിക വിപണി മടക്കിക്കൊണ്ടു വരികയാണ് ചെയ്യുന്നത്. വെർച്വൽ റിയാലിറ്റിയാണ് യാഥാർത്ഥ്യം എന്ന് പറയുമ്പോൾ, മനുഷ്യന്റെ തത്വചിന്താ പദ്ധതിയുടെ ആരംഭം മുതൽ ഉണ്ടായിരുന്ന ‘പദാർത്ഥമോ (Matter) ആശയമോ (idea) ഏതാണ് സാധു?’ എന്ന തർക്കത്തിലെ ആശയവാദ നിലപാട് ആവർത്തിക്കുക മാത്രമാണ് ഉണ്ടാവുന്നത്. പദാർത്ഥവും, മനുഷ്യനും തമ്മിലുള്ള പ്രതിപ്രവർത്തനത്തിൽ നിന്ന് ഉൽപ്പന്നമാവുന്ന ആശയവും ചേരുന്നതാണ് യാഥാർത്ഥ്യം എന്നും, ഈ രണ്ടു ഘടകങ്ങളെയും ഇങ്ങനെ സംഗ്രഹി(Synthesise)ക്കുമ്പോഴാണ് ആവശ്യനിയമബോധം രൂപപ്പെടുന്നതും എന്നുമുള്ള വസ്തുതയാണ് ഇവിടെ പിന്തള്ളപ്പെടുന്നത്.
ഇവയിൽ രണ്ടിൽ ഏതു ഘടകം പരിഗണിക്കപ്പെടാതെ പോയാലും ആവശ്യത്തിന് അതിന്റെ യുക്തിഭദ്രത നഷ്ടപ്പെട്ടുപോകും എന്നുള്ള പാദാർത്ഥിക അംശത്തെ മുൻനിർത്തി, ആശയാശംത്തെ തള്ളിക്കളയുകയോ, ആശയാശംത്തെ മുൻനിർത്തി പാദാർത്ഥിക അംശത്തെ തള്ളിക്കളയുകയോ ചെയ്യുന്നത് ശരിയായ പ്രവർത്തനമല്ല. അടിസ്ഥാനം പാദാർത്ഥികം തന്നെയാണ് എങ്കിലും പാദാർത്ഥികതയിൽ നിന്ന് പുതിയ രൂപങ്ങൾ ഉത്പാദിപ്പിക്കുന്നത് കേവലം യാന്ത്രികമായ പ്രവർത്തനമല്ല, മറിച്ച് ആശയപരമായ പ്രവർത്തനമാണ്. എല്ലാ ക്രിയാവ്യവസ്ഥകളിൽ നിന്നും ആശയത്തിന്റേതായ ഒരു ഘടന നിർദ്ധാരണം ചെയ്തെടുക്കാൻ കഴിയും.(ഘടനവാദത്തിന്റെ അടിത്തറ – ഇതാണ് എങ്കിലും, ഘടനവാദ പ്രത്യയശാസ്ത്രം അതിന്റെ അടിത്തറയിൽ നിന്നും വളരെയേറെ വ്യതിചലിക്കുന്നുണ്ട്. ) ഇങ്ങനെ നിർദ്ധാരണം ചെയ്തെടുക്കുന്ന ആശയഘടനയിൽ മാറ്റം സൃഷ്ടിക്കുവാൻ കഴിയുമ്പോഴാണ് പുതിയ ഉൽപ്പന്നങ്ങൾ പാകപ്പെട്ടു വരുന്നത്. ‘മരം’ എന്നത് പ്രകൃതി പദാർത്ഥമാണ്. പ്രകൃതി പദാർത്ഥത്തെ മനുഷ്യന്റെ ആവശ്യത്തിനനുസരിച്ചുള്ള രൂപനിർമ്മിതിക്ക് വിധേയമാക്കുമ്പോഴാണ് ‘മേശ’ ഉണ്ടാവുന്നത്. മേശ കേവലം പദാർത്ഥം മാത്രമല്ല, മനുഷ്യന്റെ ആവശ്യ താല്പര്യത്തിൽ നിന്ന് ഉൽപ്പന്നമാവുന്ന ആശയഘടന കൂടിയാണ്.
ഗൾഫ് യുദ്ധം മനുഷ്യൻ മനുഷ്യനുമേൽ നടത്തിയ ഒരു സംഹാര പ്രവർത്തനമാണ്. അതിന്റെ പാദാർത്ഥികവും ഭൗതികവുമായ അനുഭവ മണ്ഡലത്തിൽ നിന്ന് വിടർത്തിമാറ്റി, അതിനെ ഒരു പ്രത്യയശാസ്ത്ര ആഖ്യായിക മാത്രമാക്കി തീർക്കുക എന്നത് ആധുനികമായ ആയോധന മുറയാണ്. ഈ സംഹാര പ്രവർത്തനത്തെ ആവശ്യത്തിന്റെ യുക്തികൊണ്ട് നീതീകരിക്കാൻ കഴിയാതെ വരുമ്പോൾ, യുദ്ധം സംഭവിച്ചിട്ടില്ല എന്നും യുദ്ധത്തിന്റെ ആഖ്യായിക മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും വാദിക്കേണ്ടിവരുന്നു.
സ്വർണ്ണക്കച്ചവടക്കാരൻ സ്വർണ്ണത്തെ മാറ്റിനിർത്തിയിട്ട്, “വിശ്വാസം അതല്ലേ എല്ലാം” എന്ന് ചോദിക്കുന്നിടത്ത് സ്വർണ്ണം ഇല്ലാതാവുകയല്ല; സ്വർണ്ണം വിശ്വാസത്തിന്റെ ആഖ്യാന ഉപാധിയായി മാറുകയും, വിശ്വാസത്തിന്റെ ആഖ്യാന ഉപാധി എന്ന നിലയിൽ ആവശ്യത്തെ മറികടന്നുകൊണ്ട് അത് ചരക്കുവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. സ്വർണ്ണത്തിൻ്റെ പാദാർത്ഥിക ഗുണമോ ഗുണമേന്മയോ അത് എത്രത്തോളം മനുഷ്യന്റെ ആവശ്യമായിത്തീരുന്നു എന്നിങ്ങനെയുള്ള രണ്ടു ഘടകങ്ങളും അവിടെ പിന്തള്ളപ്പെടുന്നു. വിവാഹത്തിന് ആഡംബരം പാടില്ല എന്നും, പത്തോ ഇരുപതോ ആൾക്കാരിൽ കൂടുതൽ ഉണ്ടാവേണ്ട കാര്യമില്ല എന്നും വ്യക്തമായി പറഞ്ഞ ഗുരുവിന്റെ അനുയായി വൃന്ദം പടർന്നുപന്തലിച്ചു നിൽക്കുന്ന ഒരു നാട്ടിൽ, ‘കല്യാണം’ എന്നത് ‘വിശ്വാസ’ത്തിന്റെ വൈകാരികവും നൈതികവുമായ സ്ഥല-കാല ആഖ്യാനമായി തീരുകയും, സ്വർണ്ണം എന്ന പദാർത്ഥം അതല്ലാതായി മാറുകയും, ആവശ്യവിപരീതത്തിന്റെ തീവ്രരൂപം എന്ന നിലയിൽ ചരക്കുവൽക്കരിക്കപ്പെടുകയും ചെയ്യുന്നു.
ഒരു ഭൗതിക പദാർത്ഥം വിറ്റഴിക്കുന്നതിന് വൈകാരികവും നൈതികവുമായ ഒരു പ്രത്യയശാസ്ത്രം ആഖ്യാനം ചെയ്യപ്പെടുമ്പോൾ, പ്രത്യയശാസ്ത്രമാണ് യഥാർത്ഥത്തിൽ സ്വർണ്ണത്തിൻ്റെ ചരക്കുവൽക്കരണത്തിന്റെ ഉപാധിയായി മാറുന്നത് എങ്കിലും, ആഖ്യാനത്തിലൂടെ കടന്നുപോകുമ്പോൾ സ്വർണ്ണം എല്ലാമായ വിശ്വാസത്തെ ആഖ്യാനം ചെയ്യുന്നതിനുള്ള ഉപാധി മാത്രമാണ് എന്ന പ്രതീതിയാണ് ഉണ്ടാവുക. സ്വർണ്ണം വിറ്റഴിക്കുമ്പോൾ പെട്ടിയിൽ നിറയുന്ന പണവും, പണത്തിന്റെ പെരുക്കപ്പട്ടികയുമാണ് യാഥാർത്ഥ്യം എന്നതിനെ മറച്ചുവെക്കുവാൻ ‘എല്ലാമായ വിശ്വാസത്തിന്റെ’ ആഖ്യാനത്തിന് കഴിയുന്നു.
ഗൾഫ് യുദ്ധത്തെ സംബന്ധിച്ച ആഖ്യാനമാണ്, ഗൾഫ് യുദ്ധമല്ല എന്ന് പറയുന്നിടത്ത് സ്വർണ്ണത്തിൻ്റെ സ്ഥാനത്ത് സംഭവിക്കുന്നത് മനുഷ്യസംഹാര ക്രിയയും പദാർത്ഥ നാശവുമാണ്. അങ്ങനെ ഒരു കൂട്ടക്കൊലയുടെ സാഹചര്യത്തിൽ ഒരു ആഖ്യാനം ഉണ്ടാവുകയും, അത് വാർത്താസംബന്ധമായ ആഖ്യാനം എന്ന നിലയിൽ വിറ്റഴിക്കപ്പെടുകയും ചെയ്യുമ്പോൾ, സ്വർണ്ണത്തിൻ്റെ സ്ഥാനത്ത് മനുഷ്യൻ എന്ന വിഭവമാണ് പ്രധാനമായും വിറ്റഴിക്കപ്പെടുന്നത്. തനതു യാഥാർത്ഥ്യത്തെ പിന്തള്ളിക്കൊണ്ട്, ആഖ്യാനമാണ് യാഥാർത്ഥ്യം എന്ന് പറയുമ്പോഴും ആഖ്യാനത്തിലൂടെ ചരക്കുവൽക്കരിക്കപ്പെടുന്നത് മനുഷ്യൻ എന്ന പാദാർത്ഥിക വിഭവം തന്നെയാണ്.
ഇതു താഴെ പറയുന്ന തരത്തിൽ വിശദീകരിക്കാമെന്നു തോന്നുന്നു:
പദാർത്ഥനിഷ്ഠ യാഥാർത്ഥ്യം / സംഭവിക്കാത്തത് / അയഥാർത്ഥം (ഒറിജിനൽ)
വിപണനം ചെയ്യുന്ന ആഖ്യാനം / യാഥാർത്ഥ്യം
ചരക്കുവൽക്കരിക്കപ്പെടുന്നത്
ഗൾഫ് യുദ്ധം
ഗൾഫ് യുദ്ധത്തിന്റെ ആഖ്യാനം
മനുഷ്യൻ
സ്വർണ്ണം
‘വിശ്വാസം അതല്ലേ എല്ലാം’ എന്ന ആഖ്യാനം
സ്വർണ്ണം
ടോയിലറ്റ് സോപ്പുകട്ട
വിശ്വസുന്ദരിയുടെ മുഖം പതിപ്പിച്ച റാപ്പർ
സോപ്പുകട്ട
ടോയിലറ്റ് സോപ്പുകട്ട
കുളിച്ചുപാടി തുള്ളി നനയുന്ന കുമാരി, ‘പ്രകൃതി’യായ കുട്ടിയുടെ അമ്മ
സോപ്പുകട്ട
ക്രിക്കറ്റ് കളിക്കാരൻ (വെട്ടിയിട്ടുണ്ട്)
ലേലം ചെയ്യപ്പെടാൻ നിന്നുകൊടുക്കുന്നു
മനുഷ്യൻ
ബദാം ലേഹ്യം
‘മംഗല്യ മഹാശക്തി’
ബദാം ലേഹ്യം
ഹെൻകോ (Henko) ഡിറ്റർജന്റ്
ജർമ്മൻ ഫോർമുല
ഹെൻകോ
മീൻകറി
തറവാടിത്തം
മീൻകറിപ്പൊടി
വെള്ളം
ഗംഗാജലം (പുണ്യം)
വെള്ളം

