
എസ്. സുധീഷ്.
Published: 10 January 2025 സാഹിത്യപഠനം
എം.ടി.യെക്കുറിച്ച് എസ്സ്.സുധീഷിൻ്റെ വിമർശനം
1970 കളിലെഴുതിയ ബൃഹദ് പഠനത്തിൻ്റെ പുന:പ്രസിദ്ധീകരണം

എം.ടി.വാസുദേവൻ നായരെക്കുറിച്ചുള്ള ശ്രദ്ധേയമായ, ആദ്യകാല പഠനമാണ് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നത്.1980-ൽ പ്രസിദ്ധീകരിച്ച, ‘ഏകലവ്യൻ്റെ കൈവിരൽ’ എന്ന പുസ്തകത്തിലാണ് എസ്.സുധീഷിൻ്റെ ‘ഷണ്ഡൻ്റെ അമർഷം ‘ എന്ന ഈ പഠനമുള്ളത്. ലേഖനം 1970 കളുടെ ഒടുക്കം എഴുതിയതാണ്.’ചരിത്രവും ഭാവനയും നോവൽ കലയിൽ'( ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2016) എന്ന പുസ്തകത്തിലും ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. ലേഖനത്തിൻ്റെ ആമുഖം വിമർശകൻ പുന:പ്രസിദ്ധീകരണത്തിനായി എഴുതിയതാണ്. – എഡിറ്റർ
ഷണ്ഡൻ്റെ അമർഷം – എസ്.സുധീഷ്
ആമുഖം
ആയിരത്തി തൊള്ളായിരത്തി ഏഴുപതുകളുടെ ഒടുവിൽ ” ഷണ്ഡൻ്റെ അമർഷം ” എന്ന എം.ടി.യുടെ പ്രയോഗത്തിൽ നിന്നു തന്നെ എം.ടി. എന്ന എഴുത്തുകാരനെ സംഗ്രഹിക്കുമ്പോൾ, മരുമക്കത്തായത്തിലെ അധികാര ബന്ധങ്ങൾക്കെതിരെയുള്ള അമർഷത്തിന്റെ പുകയും കരിയും വരികളിൽ അമർന്നു കിടന്നിരുന്നു. അധികാരബന്ധങ്ങളുടെ ആഖ്യാനമാണ് രാഷ്ട്രീയം.എല്ലാ സൗന്ദര്യശാസ്ത്രരചനകളുടെയും പ്രമേയം രാഷ്ട്രീയമാണ്. സ്ത്രീ പുരുഷ അധികാര ബന്ധങ്ങളുടെ ആഖ്യാനത്തിലേക്കു രാഷ്ട്രീയം സാന്ദ്രീകരിക്കുമ്പോൾ അത് ഉള്ളുലയ്ക്കുന്ന സൗന്ദര്യ തിക്താനുഭവമായിത്തീരുന്നു.
എം. ടി.സ്ത്രീപുരുഷ ബന്ധങ്ങളുടെ ആഖ്യാനം നടത്താൻ തുടങ്ങുന്നത് മരുമക്കത്തായത്തിൽ നമ്പൂതിരി സംബന്ധത്തിലൂടെ ശോഷിച്ചു നിൽക്കുന്ന ബഹുഭർതൃത്വത്തിന്റെ ശേഷക്രിയാ കാലത്താണ്.കൗമാരത്തിലെത്തുന്ന പുരുഷന്, അച്ഛൻ ഒരു നിഴലായിത്തീരുന്നതും,’അമ്മ കോട്ട പോലത്തെ ഒരു വീടാ’യിത്തീരുന്നതും , ഒരു ആളോഹരിക്കു മാത്രം അവകാശമുള്ള കാരണവർ വ്യർത്ഥമായ അലർച്ചയായി തീരുന്നതും,ഇന്നു വേണമെങ്കിൽ ഇൻസെസ്റ്റ് എന്നു പറയാവുന്ന മുറപ്പെണ്ണ് പ്രണയത്തിന്റെ മനോഹരമായ സാന്ത്വനമായിത്തീരുന്നതും തകരുന്ന തറവാടിന്റെ തിരുശേഷിപ്പുകൾ എന്ന നിലയിലാണ്.ബഹുഭർതൃത്വത്തെ അതിന്റെ ചരിത്രപൂർണ്ണതയിൽ ആഖ്യാനം ചെയ്യുമ്പോഴാണ് കല്യാണസൗഗന്ധിക പ്രണയിയായ ഭീമൻ മറ്റു ഭർത്തൃമ്മന്യന്മാരിൽ നിന്നു വ്യതിരിക്തതതയാർജ്ജിക്കുന്നത്. ബഹുഭാര്യാ-ഭർതൃകാലത്തുതന്നെ ഒരു അജൻ പ്രണയമായി ചരിത്രത്തിൽ കാണപ്പെടുന്നുണ്ട് . ഭീമൻ വെറും രണ്ടാമൂഴക്കാരൻ മാത്രമല്ല,പ്രണയി ആയിരുന്നിട്ടുകൂടി ,പൊതു സദസ്സിൽ വച്ച് പ്രണയിനിയുടെ തുണി പറിച്ചെറിയുമ്പോൾ കർമ്മ സാക്ഷിയായി നിന്നു കൊടുക്കുന്നുണ്ട്. അവിടെ ഷണ്ഡൻ്റെ അമർഷം ചരിത്രമായിമാറുകയാണ് . അധികാരരാഷ്ട്രീയ ചതുരംഗപ്പലകയുടെ നീതിശാസ്ത്രത്തെ ഭേദിക്കുവാൻ കഴിയാത്തതു നിമിത്തം ഇണയോട് നീതി ചെയ്യാൻ കഴിയാത്ത പുരുഷന്റെ അവസ്ഥയാണ് ഷണ്ഡൻ്റെ അമർഷം. പ്രണയം ഇച്ഛയുടെ വൈകാരിക നിർമ്മിതിയാണ്.സ്ത്രീ നിരാസത്തിന്റെ , ആത്മഷണ്ഡത്വനയത്തിന്റെ -selfcastration-ബൃഹദാഖ്യാനമായ ഭീഷ്മർ തൊട്ടു എം.ടി.യുടെ സേതു വരെ ഷണ്ഡൻ്റെ അമർഷത്തിനുള്ള രാഷ്ട്രീയാഖ്യാനങ്ങളായിത്തീരുന്നു . കൈവന്നണയുന്ന സുഖഭോഗ പശ്ചാത്തലത്തിൽ സ്വന്തം ഇണയോടുള്ള നീതിയെ അപരാധിക്കുന്ന വിഷയാസക്തിയെ ആഘോഷമാക്കിത്തീർക്കുന്ന ധനകാര്യകോയ്മയ്ക്കു , ഷണ്ഡൻ്റെ അമർഷം എന്ന തീവ്രചരിത്രാനുഭവത്തെ തമസ്കരിക്കാനാവില്ല.ഇണയോടുള്ള നീതി ഒരു ആത്മവഞ്ചനാസൂക്തം മാത്രമോ എന്നതു , ധനകാര്യകോയ്മയുടെ കോംപ്ളെക്സുകൾ ജീവിതത്തിൽ ആക്രമിച്ചു കയറുമ്പോൾ പ്രശ്നാത്മകമായിത്തീരുന്നു എന്ന് എം .ടി . സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിൽ ജൈവശാസ്ത്രപരമായ യാഥാർഥ്യമുണ്ട് . എം.ടി.വളരെ പാടു പെട്ട് ഒരു misogynist ആക്രമണകാരിയായി തീരാൻ ശ്രമിക്കുന്നതിനൊക്കെയും കാരണം ഷണ്ഡൻ്റെ പരാജയബോധമാണ്.ഒരു ഉണ്ണിയാർച്ചയോ കൃഷ്ണയോ ഹവ്വയോ ഒക്കെ അവസരവാദപരമായ വഞ്ചന നടത്തുന്നുവെന്ന് പരസ്യപ്പെടുത്തിക്കൊണ്ടു ഒരു സ്ത്രീരോഷസിദ്ധാന്തം സ്ഥാപിച്ചെടുക്കാൻ എം.ടി.ക്കെന്നല്ല മിൽട്ടന് പോലും കഴിയുന്നില്ല . ഇച്ഛയുടെ കർതൃസ്ഥാനത്തു നില്ക്കാൻ പുരുഷന് എന്ന പോലെ സ്ത്രീക്ക് അവസരങ്ങൾ ലഭിക്കാത്തതിനു കാരണം അതതു കാലത്തെ രാഷ്ട്രീയധർമശാസ്ത്രമാണ് .നീ വാ നമുക്ക് ഒരു പായയിലുറങ്ങാം എന്ന് ചാത്തനോട് പറയുന്ന സാവിത്രി എന്നതും പഴകിയ തരുവല്ലിയെയും പുഴയൊഴുകും വഴിയെയും മാറ്റിമറിക്കുന്ന സ്ത്രൈണമായ ഇച്ഛാശക്തി എന്നതും ക്ഷണികമായ ഒരു നവോത്ഥാന കല്പനയാണ്.എം.ടി.ആ കല്പനയെ നീറ്റലോടെ പുറന്തള്ളിയിട്ടു നിർദ്ദയമായ യാഥാർഥ്യബോധത്തോടെ വ്യവസ്ഥയുടെ ദാസനും ഷണ്ഡനുമായ പുരുഷനിലേക്കു തിരിച്ചെത്തുന്നു.സ്ത്രീയും പുരുഷനും അവരുടേതായ ലൈംഗിക ഇച്ഛകൾ സ്വയം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന കാലം നമുക്ക് അന്യമായിരിക്കുന്നു.സ്ത്രീക്കും പുരുഷനും വേണ്ടി അവരുടേതെന്നു അവർ തെറ്റിദ്ധരിച്ചിരിക്കുന്ന ഇച്ഛകളെ നിർമിച്ചു കൊടുക്കുന്ന അധികാര ബന്ധവ്യവസ്ഥയാണ് നമ്മുടെ കാലത്തിന്റേത്; അത് കൊണ്ട് ഷണ്ഡൻ്റെ അമർഷം എന്ന സ്വയം വിമർശനം ഇപ്പോൾ കൂടുതൽ പ്രസക്തമായിത്തീരുന്നു . ആണിന്റെയും പെണ്ണിന്റെയും തൊണ്ടയിൽ ആരോ ഇറക്കിവെച്ച് കൊടുത്ത ഇച്ഛകൾ സ്വയം വിഴുങ്ങണോ പുറത്തേക്കു തുപ്പണോ എന്നതാണ് ഈ നായ്ക്കളുടെ കാലത്തിന്റെ പ്രശ്നം ; സഹിക്കാനാവുന്നില്ല സഖാവെ, വാതുറന്നു വേണ്ടിടത്തേക്കു തന്നെ വിമർശനം നടത്തിയാൽ പിന്നെ ബാക്കിയുണ്ടാവില്ല എന്ന് പറയുന്ന പാർട്ടി ഡെലിഗേറ്റിന്റെ തൊണ്ടയും ഷണ്ഡൻ്റെ അമർഷമാണ് . അതുകൊണ്ടു വിഷയാസക്തിയിൽ അഭയം പ്രാപിക്കുക എന്ന കാലത്തിന്റെ ന്യായം സഹിച്ചു –സച്ചിദാനന്ദമാകാൻ കഴിയാത്തവർക്ക് , എം. ടി.യുടെ ‘ഷണ്ഡൻ്റെ അമർഷം’ എന്ന സ്വയം കണ്ടെത്തൽ കൃത്യമായ രാഷ്ട്രീയ വിമർശനമാണ്,അനുഭവപ്പെട്ടെന്നിരിക്കും.
( പുന:പ്രസിദ്ധീകരണസന്ദർഭത്തിൽ എഴുതിയത്)
“നാട്ടുകാർ വരിയിട്ട് ശിവരാത്രി നടത്തിയ ദിവസം മാധവമ്മാമ ചായപ്പീടികയിട്ടു. നല്ല ലാഭം കിട്ടിയ കച്ചവടമായിരുന്നു. ദേഹണ്ണത്തിനു വിളിച്ചത് ഉണ്ണിനമ്പൂരിയെയാണ്. അരിയരച്ചതു നന്നായില്ലെന്നു പറഞ്ഞ് ആൾക്കാരുടെ മുമ്പിൽ വച്ച് മാധവമ്മാമ ഉണ്ണിനമ്പൂരിയെ അടിച്ചു. വൈകുന്നേരത്തെ എഴുന്നള്ളത്തു കാണാൻ വന്ന ദേവുവും കുട്ടികളും പീടികയിലുണ്ടായിരുന്നു. ദേവു മാധവമ്മാമയെ കടന്നു പിടിച്ചപ്പോൾ അവൾക്കും അടിക്കൊണ്ടു. അന്നു രാത്രി വടക്കേതിൽ നിന്നു ദേവുവിന്റെ നിലവിളി കേട്ടു. മാധവമ്മാമ ഇറങ്ങിപ്പോയി.
അമ്മ നിർബന്ധിച്ചുവെങ്കിലും മാധവമ്മാമ കുറേ ദിവസത്തേക്ക് വടക്കേതിൽ പോയില്ല. കണ്ടൻകുളങ്ങര മേനോൻ മധ്യസ്ഥം പറഞ്ഞതിന്റെ ശേഷം പകൽ വല്ലപ്പോഴും പോവും കുട്ടികളെ കാണും.”
ഗ്രാമം നഷ്ടപ്പെട്ട് നാഗരികതയിൽ കഴിയുന്ന കാലത്തിലെ സേതുവിന് ലഭിക്കുന്ന നാട്ടുവിശേഷങ്ങളുടെ വിവരണത്തിൽപ്പെട്ട ഭാഗമാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. ദേവുവും മാധവമ്മാമയും തമ്മിലുള്ള ബന്ധത്തിന്റെ കുടുംബത്തകർച്ച എം.ടി. അവതരിപ്പിക്കുന്നത് ആരുടെയും വികാരം കലർന്ന ആത്മാലാപത്തിൻ്റെ സ്വരത്തിലല്ല, അന്യനായ നിരീക്ഷകന്റെ നാട്ടുവിശേഷഭാഷയിലൂടെയാണ്. പ്രത്യക്ഷത്തിൽ പിണക്കത്തിൻ്റെ കാരണം അരിയരച്ചതിന്റെ പിഴവ് ഒന്നുമാത്രമാണെന്നു തോന്നാമെങ്കിലും തന്റെ ഭാര്യയുടെ ജാരനോടു പകവീട്ടി, ഭാര്യയുമായി ബന്ധം പിരിഞ്ഞു പോകുന്ന മാധവമ്മാമയുടെ വിഫലമായ പ്രതിഷേധമെന്ന നിലയിൽ, ഈ ബന്ധപര്യവസാനത്തിന് നോവലിൽ പ്രാധാന്യമുണ്ട്.
ഉണ്ണിനമ്പൂരിയെ മാധവമ്മാമയുടെ ലൈംഗികപ്രതിയോഗിയായിട്ടാണ് എം.ടി. നോവലിൽ അവതരിപ്പിക്കുന്നത്. ദേവുവിൻ്റെ ലൈംഗികതിന്മ സ്വന്തം കണ്ണുകൊണ്ടറിഞ്ഞതിന്റെ ദുസ്സഹത ദേവുവിനെ വിവാഹം കഴിക്കുന്നതിൽ മുൻപുതന്നെ മാധവമ്മാമയ്ക്കുണ്ട്. മാധവമ്മാമയുടെ വിവാഹസദസ്സിൽ
ഉണ്ണിനമ്പൂരിക്കു കിട്ടുന്ന വിവരണ-പ്രാമാണ്യം എം.ടി.യുടെ ലൈംഗികത്വ ദർശനത്തിന്റെ രചനാതന്ത്രത്തെക്കുറിക്കുന്നതാണ്. “പായത്തടുക്കിൽ ചമ്രം പടിഞ്ഞിരുന്ന് ചായ കുടിക്കുന്ന ഉണ്ണിനമ്പൂരിയെ നോക്കിയിരിക്കെ കത്തിയുടെ വായ്ത്തല ഉറയിലെന്നപോലെ പക ഒതുക്കിക്കിടന്നു” എന്ന് വിവാഹസദസ്സിൽ മാധവമ്മാമയുടെ മനസിനെ എം.ടി. വിശദീകരിക്കുമ്പോൾ ഒരു ലൈംഗികശത്രുതയുടെ അർഥം വാക്കുകളിലും ബിംബങ്ങളിലും ഗുപ്തമായിരിക്കുന്നു. (കത്തി വായ്ത്തല ഉറ-ഈ വാക്കുകളിലെ ലൈംഗിക ബിംബനം ശ്രദ്ധിക്കുക.) നമ്പൂരിയുടെയും ദേവുവിന്റെയും മാധവാമാമയുടെയും ബന്ധത്തിന്റെ അവസാനം കുറിക്കുന്ന, “അരിയരച്ചതിന്റെ തർക്കം” കാലത്തിലെ ലൈംഗിക ശത്രുതാപ്രമേയത്തെയും, അതിലൂടെ പ്രതിഫലിക്കുന്ന ചരിത്രത്തെയും ഗൂഢമായി ബോധിപ്പിക്കുന്നുണ്ട്.
നമ്പൂതിരിസംബന്ധത്തിൻ്റെ അഭിമാനം വഹിക്കുന്ന നായർത്തറവാടുകളുടെ പ്രതാപം നിലംപറ്റിയിരിക്കുന്നു. എന്നാൽ അതിൻ്റെ അപഹാസ്യമായ ചരിത്രസ്മരണ ഇവിടത്തെ അവിഹിതബന്ധത്തിലുണ്ട്. ഊട്ടുപുരയും വേദാന്തവിചാരവും ഗർഭോൽപ്പാദനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന, കായികാധ്വാനവിധിയില്ലാത്ത നമ്പൂതിരി, നായരുടെ ദേഹണ്ണക്കാരനായിത്തീരുന്നതും, നായരുടെ ഭാര്യയുമായി ബന്ധം നിലനിർത്തുന്നതും, പഴയ സംബന്ധവ്യവസ്ഥയുടെ അവ്യവസ്ഥിതത്വത്തിലേക്കുള്ള പരിണാമത്തെ നിർദേശിച്ചു കൊണ്ടാണ്. നമ്പൂതിരിയുടെ വർഗപരമായ അപചയം ഉണ്ണിനമ്പൂരിയുടെ ബിംബത്തിലൂടെ എം.ടി. സമർഥമായി പ്രതിഫലിപ്പിക്കുന്നു. ആ ബിംബവ്യക്തിത്വത്തിനു വന്നുഭവിക്കുന്ന വികലീകരണം (dis- tortion) അയാളെ കഥാപാത്രപരമായ വിശേഷപ്രസക്തിക്കു(character)മതീതമായി ഒരു സംസ്കാരസാമാന്യതയുടെ സാന്ദ്രബിംബം (condensed image) ആക്കിത്തീർക്കുന്നു. ആധ്യാത്മികതയുടെയും വൈജ്ഞാനികതയുടെയും ഔൽകൃഷ്ട്യം തേച്ചുപിടിപ്പിച്ച നമ്പൂരിശരീരങ്ങൾ തീറ്റിയുടെയും സംഭോഗത്തിന്റെയും നാട്ടാചാരങ്ങൾ കൊണ്ടു കൊഴുത്തുനിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഭോഗലോകവിരോധമുള്ള ആത്മീയവൈദികതയുടെ ആദർശവും, ഭൗതികഭോഗത്തിൻ്റെ അടങ്ങാത്ത ആർത്തിയും തമ്മിലുള്ള പൊരുത്തക്കേടിൽപ്പെട്ട്, അവ രണ്ടും കപടമായി രമിപ്പിക്കാനുള്ള പരിശ്രമത്തിൽപ്പെട്ട് ചതഞ്ഞ് മരിച്ചത് നമ്പൂരി വർഗത്തിൻ്റെ മനുഷ്യഗുണമാണ്. അസാധു(invalid)ക്കളുടെ പിൽക്കാലതലമുറയ്ക്കു ജന്മം കൊടുത്ത ആ നമ്പൂരിവൈരുധ്യത്തിൻ്റെ കലാസൃഷ്ടിയാണ്, ഉണ്ണിനമ്പൂതിരി. സാമ്പത്തികാധഃസ്ഥിതിത്വത്തിലേക്കു പിൻതള്ളപ്പെടുന്നതിനു മുൻപുതന്നെ ഉണ്ണിനമ്പൂരി സ്വന്തം വർഗവൈകൃതത്തിൻ്റെ അടയാളങ്ങൾ പ്രകൃതത്തിലേക്കു സ്വീകരിച്ചിരിക്കുന്നു.
നൂറ്റാണ്ടുകളോളം നിലവിലിരുന്ന നമ്പൂതിരി കുടുംബാധിപത്യവ്യവസ്ഥയ്ക്കധീനമായിക്കഴിഞ്ഞ ‘നായർ പുരുഷത്വ’ത്തിൻ്റെ വർഗവികാരം, എം.ടി. യുടെ നായകപുരുഷന്മാരുടെ നിലയിൽ പൊതുവേ പ്രതിഫലിച്ചു കാണുന്നുണ്ട്. നമ്പൂതിരിയുടെ എച്ചിൽ ഭുജിച്ചു പരിചയിച്ച നായർപുരുഷത്വത്തിന്റെ പ്രതിഷേധം അമർഷം പൂണ്ടു നിൽക്കുന്നത് അവിടെ കാണാം. ദയാവൽസലനായ തമ്പുരാൻ്റെ സന്മനോഭാവത്തിനു നേരെ ലൈംഗികാക്രമത്തിന്റെ പക കാട്ടുന്ന അടിച്ചുതളിക്കാരിയുടെ മകൻ, ആ എച്ചിൽ തീറ്റിയുടെ പുരുഷവിധി തുറന്നുപ്രസ്താവിക്കുന്നുണ്ട്. “ഇടവഴിയിലെ പൂച്ച’യിൽ എം.ടി. യുടെ കഥാലോകത്തിലെ ഏറ്റവും പ്രസക്തനായ റിബൽ എന്നു വിളിക്കാവുന്ന ‘അസുരവിത്തി’ലെ ഗോവിന്ദൻകുട്ടി, നായർ വ്യവസ്ഥയുമായി ആത്യന്തിക കലാപത്തിനു തുനിയുന്നത് ആ എച്ചിൽതീറ്റിയുടെ വിധി മീനാക്ഷിയുടെ രൂപത്തിൽ അയാളുടെ നേർക്കു നീട്ടപ്പെടുന്ന സന്ദർഭത്തിലാണ്. ഉപരിവർഗത്തിന് ഉപഭോഗാനന്തരം ഉച്ചിഷ്ടം വന്ന ഭോജ്യവസ്തു കരുണാപൂർവം അവർ അധഃസ്ഥിതനു നേരെ നീട്ടി. ഉച്ചിഷ്ടപ്പാത്രത്തിൽ പറ്റിയിരുന്ന സമസൃഷ്ടിസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉദാത്തമായ നനവ് കണ്ട് വശംകെട്ട അധഃസ്ഥിതൻ, അതിനു പിന്നിലെ വഞ്ചന കണ്ടില്ല. അങ്ങനെ ഉപരിവർഗലോകത്തിൻ്റെ ദയാശാസനങ്ങൾക്കു വിധേയനായിത്തീർന്നുകൊടുത്ത ശുദ്രൻ ‘ഉപരിവർഗദയവിലൂടെ’ സ്ഥാനക്കയറ്റം നേടിയെടുക്കുമ്പോൾ വർഗപരമായി ഷണ്ഡീകരിക്കപ്പെടുകയാണുണ്ടായത്. ഉപരിവർഗസുഖലോകത്തിൻ്റെ ആദർശത്തെയും നൈതികത്വത്തെയും നിരാകരിച്ചുകൊണ്ട്, അതിൻ്റെ വഞ്ചനയുടെ ഉള്ളറിഞ്ഞു കഴിഞ്ഞ എം. ടി. യുടെ റിബലായ ശൂദ്രൻ, അമർഷത്തിൻ്റെ പിടിയിലകപ്പെടുന്ന നിമിഷങ്ങൾ അപൂർവമല്ല. എന്നാൽ അതു ‘ഷണ്ഡൻ്റെ അമർഷം’ എന്ന നിലയിൽ അലസിപ്പോവുന്നു. നമ്പൂരിയുടെ മുമ്പിൽ ” കത്തിയുടെ തണുത്ത വായ്ത്തല ഉറയിലെന്നപോലെ പക ഒതുക്കി” നിൽക്കുന്ന മാധവമ്മാമ, ഉണ്ണിനമ്പൂരിയുടെ എച്ചിൽ ഭുജിക്കാൻ അറിഞ്ഞു കൊണ്ടുതന്നെ മനസ്സന്നദ്ധത കാട്ടുമ്പോൾ, അയാൾക്ക് നമ്പൂരിയോടുള്ള അമർഷം ഷണ്ഡൻ്റെ അമർഷമാണെന്നു വ്യക്തമാവുന്നു. ഇന്ത്യൻ മധ്യവർഗ പുരുഷത്വത്തിനു സംഭവിച്ച മനഃഷണ്ഡീകരണത്തിൻ്റെ അപമാനം കാലത്തിലെ മാധവമ്മാമ കണ്ണിന്റെകൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്നു.
ഉപരിവർഗസംസ്കാരത്തിന്റെ ഏറ്റവും മികച്ച മനുഷ്യോൽപ്പന്നമെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന രോഹിണിയെ ലൈംഗികമായി അഴിമതിപ്പെടുത്തിക്കൊണ്ട് തനിക്ക് ജീവിതം നൽകിയ കാരുണ്യവാനായ തമ്പുരാനോട് ധീരമായ കൃതഘ്നത കാട്ടുന്ന ഉപരിസ്ഥിതനായ ശൂദ്രനെ എം.ടി. ഇടവഴി യിലെ പൂച്ചയിൽ അവതരിപ്പിക്കുന്നുണ്ട്. മുതലാളിത്ത സുഭഗതകൊണ്ടും പാതിത്യം പരിഹരിച്ച ശൂദ്രൻ, ഉപരിവർഗത്തിൻ്റെ പടവുകൾ കയറിക്കാട്ടുന്ന ഈ കൃതഘ്നത ഫ്യൂഡലിസ്റ്റ് നൈതികത്വത്തിനു മേൽപ്പതിക്കുന്ന മുതലാളിത്തത്തിന്റെ ആഘാതമാണ്. എന്നാൽ ഈ കൃതഘ്നത ഒരിക്കലും മൂല്യശക്തിയുള്ള നിഷേധമാവുന്നില്ല. സ്വന്തം നിലനിൽപ്പിനോട് കാരുണ്യം കാട്ടിയിട്ടുള്ള ശ്രീനിവാസൻ മുതലാളിയോടു സേതു കാട്ടുന്ന ഹൃദയഭേദകമായ കൃതഘ്നതയും, ഭാഗ്യനാഥന്റെ കൃതഘ്നതയിലെ ‘പക’ ഉൾക്കൊള്ളുന്നതാണ്. ഉണ്ണിനമ്പൂരിയുടെ കുടുംബത്തോടു കൃതഘ്നത കാട്ടി, അമ്മയുടെ നാവിൽ നിന്ന് ‘നീശൻ’ (നീചൻ) എന്ന പദം സമ്പാദിക്കുന്ന മാധവമ്മാമയും നന്ദികേടുകൊണ്ടു പകരം വീട്ടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മൂല്യവീര്യമില്ലാത്ത ഈ ‘കൃതഘ്നകത’ വ്യാമോഹങ്ങൾ കൊണ്ട് ഷണ്ഡമായ അമർഷത്തിന്റെ പുരുഷന്മാർക്കുള്ള ഭീരുത്വപൂർണമായ യുദ്ധമുറയെന്നതിൽക്കവിഞ്ഞൊന്നുമാവുന്നില്ല.
നന്മയുടെ ഉപരിവർഗകുടുംബത്തോടുള്ള പകയ്ക്ക് പരസ്യമായ കാരണം നിരത്തിവയ്ക്കാൻ മാധവമ്മാമയ്ക്ക് കഴിയുകയില്ല. തൻ്റെ പുരുഷത്വത്തെ അപകർഷതാബോധം കൊണ്ടു ദുഃഖിപ്പിക്കുന്ന കുഞ്ഞാത്തോലിന്റെ പ്രലോഭിപ്പിക്കുന്ന സ്ത്രീത്വവും, പഴയ നമ്പൂരിയുടെ വികൃതപ്രേമം സ്വന്തം ഭാര്യയുടെ സ്വാദ് ആസ്വദിക്കുന്നത് കണ്ണാൽ കണ്ടതിന്റെ വിമ്മിട്ടവും അതിനു പിന്നിലുണ്ട്. പക്ഷേ തണുത്ത വായ്ത്തലയുള്ള അയാളുടെ നിഷേധം, നേരിട്ടെതിർക്കാനുള്ള തൻ്റേടമില്ലായ്മകൊണ്ട് അയാളുടെ ഉപജീവനത്തെ സഹായിക്കുന്നു ഒരു ഭീരുവിന്റെ യുദ്ധമുറകൾ അയാൾ തൻ്റെ വ്യക്തിത്വത്തിൻ്റെ ഭാഗമാക്കുന്നു. ദേവുവിൽ മാധവമ്മാമയ്ക്കു ലഭിച്ചിരിക്കുന്ന ഭർത്താവധികാരത്തെക്കാൾ അയാളുടെ പുരുഷത്വത്തെ നിന്ദിക്കുന്നത് സുമിത്രയും അയാളുമായുള്ള ബന്ധമാണ്. നോട്ടം കൊണ്ടും വാക്കുകൊണ്ടും സുമിത്ര അയാളെ വഞ്ചനാപരമായി സുഖിപ്പിക്കുകയും ആ കൽപ്പനാസുഖത്തിൻ്റെ ദയനീയ സംതൃപ്തിയാൽ അയാൾ സുമിത്രയെ തന്റേതായിക്കാണുകയും ചെയ്യുന്നതിന്റെ അപഹാസ്യത എം.ടി.യുടെ വിമർശനാത്മകമായ ഭാഷയിൽ നിശ്ശബ്ദമായി നീങ്ങുന്നുണ്ട്. സുമിത്രയുടെ മുന്നിലെത്തുമ്പോൾ പൂർണമായും കീഴടങ്ങുകയും അവളുടെ സാമീപ്യത്താൽ അനുസരണാബന്ധിതനാവുകയും ചെയ്യുന്ന മാധവമ്മാമ ഒരിക്കലും അവളുടെ മേൽ പുരുഷത്വപരമായ ആധിപത്യം സ്ഥാപിക്കാൻ പ്രാപ്തനല്ല. ഉപരിവർഗവിശിഷ്ടൻ്റെ ഉപഭോഗവസ്തുക്കളോടേറ്റുമുട്ടി അപകർഷത ബാധിച്ച ശൂദ്രൻ്റെ ഷണ്ഡത്വമാണ് ഈ അപ്രാപ്തിക്കു കാരണം. സ്ത്രീയുടെ പൂർണപുരുഷനായിരിക്കുന്നതിനെക്കാൾ ‘ഭർത്താവായി’ കൽപ്പന ചെയ്യുന്നതിൻ്റെ കൂലിയും സുഖവും സ്വീകരിച്ച് സ്വയംഹത്യചെയ്യുന്ന ഒരു വർഗത്തിൻ്റെ അന്തർമുഖവേദന അവിടെയുണ്ട്. തനിക്ക് സ്നേഹമുള്ള സ്ത്രീക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്താനുള്ള ധീരത, ഭീരുത്വംകൊണ്ടു വിശേഷപ്പെട്ട ഈ നായർക്കില്ല. പലതും നഷ്ടപ്പെട്ടുപോവുമെന്നുള്ള ഭീരുത്വത്താൽ, മാനഹാനിയാൽ അയാൾ തൻ്റെ ആഗ്രഹങ്ങളെ നിശ്ശബ്ദമാക്കി നിർത്തുന്നു. സ്ത്രീയിലൂടെ ‘ലാഭ’മുണ്ടാക്കാനല്ലാതെ, സ്ത്രീക്കുവേണ്ടി എന്തെങ്കിലും നഷ്ടപ്പെടുത്താൻ അയാൾ സന്നദ്ധനല്ല. മാധവമ്മാമ ദേവുവിനെ ബാന്ധവിക്കുന്നതും, സേതു ലളിതയെ കൈവശപ്പെടുത്തുന്നതും, നഷ്ടപ്പെടുവാൻ വേണ്ടിയല്ല, നേടിയെടുക്കാൻ വേണ്ടിയാണ്. ലാഭേച്ഛയും ഭീരുത്വവും കൊണ്ടു വിശേഷപ്പെട്ട ഈ നായർ സ്വന്തം വർഗപാരമ്പര്യത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുമ്പോൾ അതിന് ധീരതയുടെ മൂല്യം ലഭിക്കുന്നില്ല. മാധവമ്മാമയുടെയും, മാധവമ്മാമയുടെ കാലാന്തര പരിണാമമായ സേതുവിന്റെയും ഭീരുത്വമുഹൂർത്തങ്ങൾ നോവലിൽ ധാരാളമായുണ്ട്. കാര്യസ്ഥന്റെയും റൈട്ടറുടെയും യുദ്ധമുറകളിലൂടെസാധ്യമാവുന്ന ഇടനിലക്കാരൻ്റെ കാര്യലാഭവും എം. ടി. തുറന്നു കാണിക്കുന്നുണ്ട്. കാര്യസ്ഥസ്ഥാനവും, മീനാക്ഷിയുടെ ചുമടും വലിച്ചെറിഞ്ഞ്, ദ്രവ്യലാഭത്തെ തിരസ്ക്കരിക്കുന്ന ഗോവിന്ദൻകുട്ടിയുടെ വ്യത്യസ്ത ഇവിടെ സ്മരിക്കപ്പെടേണ്ടുന്നതാണ്. നിഷേധത്തിൻ്റെ സർവശക്തമായ ധീരതകൊണ്ട് വ്യവസ്ഥയോട് ആത്യന്തികമായി ബന്ധം വേർപെടുത്തി, മരണകാലത്തിനു ശേഷം, ഒരു പുതിയ സംസ്ക്കാരവുമായി തിരിച്ചുവരാൻ പോവുന്ന ഗോവിന്ദൻകുട്ടി മാത്രമാണ്, എം. ടി. യുടെ നായർ നായകനിരയുടെ ഷണ്ഡത്വത്തിൽ നിന്നു പുറപ്പെട്ടുപോവുന്നത്. അനുരഞ്ജനത്തിന്റെയും ഉപജീവനത്തിൻ്റെയും ആശ കൈവെടിഞ്ഞ്, ഉപരിവർഗ നൈതികകാരുണ്യത്തെ നിരാകരിച്ചുകൊണ്ട്, ഉത്തമ നിഷേധത്തിൻ്റെ പരിവർത്തന മാനങ്ങളിലേക്ക് പോവുന്ന ഗോവിന്ദൻകുട്ടിയുടെ വളർച്ച മധ്യവർത്തിവർഗ പാരമ്പര്യത്തോട് ഉറ്റബന്ധമുള്ള പെൺ-കാര്യസ്ഥ നായകന്മാർക്കില്ല. ഫ്യൂഡൽ നൈതികതയുടെ നേർക്ക് അവസരമുണ്ടാവുമ്പോൾ കൃതഘ്നത കാട്ടി, അമർഷം ശമിപ്പിക്കുന്ന അവർ, കൂട്ടിക്കൊടുപ്പുകാരന്റെയോ ഭർത്താവുദ്യോഗസ്ഥന്റെയോ വേതനം കൈപ്പറ്റി ഉപരിവർഗസമുദായത്തിലേക്ക് എത്തിച്ചേരാൻ യത്നിച്ചുനിൽക്കുന്നു. മുതലാളിയുടെ സംഭോഗരംഗത്തിനു കാവൽക്കാരനായി ചാരുകസാലയിൽ അമർഷത്തോടെ കിടക്കുന്ന സേതു, കൂട്ടിക്കൊടുപ്പുകാരൻ്റെയും കാവൽക്കാരന്റെയും സ്ഥാനത്തേക്ക് പതനം സംഭവിച്ച പുരുഷത്വത്തിൻ്റെ ദയനീയ വിലാപം പോലെയുണ്ട്. മുതലാളി മുറി ഒഴിഞ്ഞുപോവുമ്പോൾ പ്രതിഷേധം മുഴുവൻ വാല്യക്കാരനു നേരെ അഴിച്ചുവിട്ട് തന്റെ ധാർമികരോഷം ശമിപ്പിക്കുന്ന സേതു, മാധവമ്മാമയുടെ കാര്യസ്ഥസംസ്കാരത്തിൻ്റെ ദയനീയമായ പിന്തുടർച്ചതന്നെയായി നിൽക്കുന്നു.
കാലത്തിലെ പുരുഷനായകത്തിന്റെ പ്രതിനിധികളായ സേതുവും മാധവമ്മാമയും, അടിസ്ഥാനപരമായി ഇന്ത്യൻ മധ്യവർഗപുരുഷത്വത്തിന്റെ സ്വഭാവം നിലനിർത്തുന്നു. സേതു കാലനീക്കത്തിൽ മാധവമ്മാമയ്ക്കുണ്ടാവുന്ന മറ്റൊരു മുഖാകൃതിയാണ്. അതുകൊണ്ട്, കാലത്തിലെ പുരുഷനായകത്വത്തിന്റെ പൂർണത ഈ രണ്ടു മുഖങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പരസ്പരപൂരകങ്ങളായ വിശേഷതകൾ കൊണ്ട് ഒന്ന് മറ്റൊന്നിനെ തെളിച്ചു കാട്ടുന്നു. ‘കത്തിയുടെ വായ്ത്തല ഉറയിലെന്ന പോലെ പക’ ഒതുക്കി നിൽക്കുന്ന മാധവമ്മാമയുടെ നിഷേധത്തിൻ്റെയും ഷണ്ഡത്വത്തിന്റെയും പരിഷ്കൃത പിൻതുടർച്ചയായി സേതു ജീവിതത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. നിഷേധത്തിനുള്ള വാസന ഉള്ളിൽ നുരഞ്ഞു നിൽക്കുന്ന പുരുഷത്വത്തെ അമർത്തിപ്പിടിച്ച് മനസിൻ്റെ രോഷമൂല്യത്തെ ഷണ്ഡീകരിക്കുന്ന ഈ ‘നായക’നെക്കുറിച്ച് മെച്ചപ്പെട്ട അറിവു നൽകാൻ, “സേതു’ സഹായിക്കുന്നുമുണ്ട്. അത്തരമൊരറിവിൻ്റെ സഹായത്താൽ മാധവൻ നായർക്ക് ഉണ്ണിനമ്പൂരിയോടുണ്ടാവുന്ന പകയുടെ പ്രസക്തി കുറെയേറെ വ്യക്തമാവുകയും ചെയ്യും.
ഉപരിവർഗക്കാരനും വൃദ്ധനും നമ്പൂതിരിക്കുമായി ഉഴിഞ്ഞുവച്ച നായർ സ്ത്രീത്വത്തിന്റെ ചുമട്ടുകാരനായിത്തീരുന്ന നായർ യുവാവ് ആ വിചിത്രവിധിയെ നിഷേധിച്ചുകൊണ്ടാണ് ‘അസുരവിത്തി’ൽ ഒരു വ്യവസ്ഥാനിഷേധത്തിന്റെ മുഹൂർത്തം സൃഷ്ടിക്കുന്നത്. അത്തരത്തിലൊരു വിഘടനാ മൂഹൂർത്തം (Break off point) സേതുവിന്റെ ജീവിതത്തിലുമുണ്ടാവുന്നുണ്ട്. ഫ്യൂഡലിസവ്യവസ്ഥയുടെ ഇരുണ്ട അറകളെ കുലുക്കുന്ന കാമാസക്തമായ നിഷേധശക്തി സേതുവും സുമിത്രയും തമ്മിലുള്ള ബന്ധത്തിലുണ്ട്. അതിനെ സ്നേഹമാക്കി ഉയർത്തിയെടുക്കാനുള്ള ധീരതയില്ലാത്ത സേതു, ഫ്യൂഡലിസത്തിന്റെ പരിഷ്കരണസൗന്ദര്യം പതിച്ച തങ്കമണിയുമായി ‘രമി’ക്കാനാഗ്രഹിക്കുമ്പോൾ, ഗ്രാമീണഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നു രക്ഷപ്പെടുകയാണ് ചെയ്യുന്നത്. പ്രായംചെന്ന മാധവമ്മാമ സുമിത്രയിൽ നോട്ടമിട്ടിരിക്കുന്നുവെന്നറിയുന്നതോടെയാണ് സേതു നാഗരികത കൊണ്ട് പരിഷ്കരിക്കപ്പെടുന്ന മനസിനനുരൂപമായ പെൺകുട്ടിയെ കണ്ടെത്തുന്നത്. സുമിത്രയെ പിൻതള്ളിക്കൊണ്ട് തങ്കമണിയിലേക്കുള്ള നടന്നു കയറ്റം ഗ്രാമ്യഫ്യൂഡലിസ വ്യവസ്ഥിതിയിൽ നിന്നുള്ള ആത്മരക്ഷ കൂടിയാവുന്നു സേതുവിന്. സ്വയം പരിഷ്കരണത്തിൻ്റെ ആശ്വാസവും തങ്കമണിയുടെ സ്നേഹവും കൊണ്ടു നയിക്കപ്പെടുന്ന സേതു തങ്കമണിയെ ആദ്യമായി ജീവിതത്തിൽ വിസ്മരിച്ചു പോവുന്നത് ഗ്രാമസേവക ട്രയിനിംങ് ക്യാമ്പിൽ വച്ചാണ്. നാഗരിക പരിഷ്കരണത്തിൻ്റെ ഉദ്യോഗാർഥി ജീവിത ത്തിൽ ആത്മരക്ഷ തേടുന്ന ആ യുവാവിൻ്റെ ജീവിതത്തിലെ വിഘടനാ മൂഹൂർത്തമാണ് അത്. ഈ വിഘടനാമുഹൂർത്തത്തിനു മുൻപുള്ള സേതുവിന്റെ ജീവിതത്തെ രണ്ടു ഘട്ടങ്ങളായിക്കാണാം. ആദ്യത്തേത്, ഗ്രാമീണ ഫ്യൂഡലിസവ്യവസ്ഥിതിയിലകപ്പെട്ട പൂർവയുവത്വഘട്ടം. രണ്ടാമത്തേത്, നഗരത്തിലേക്കുള്ള യാത്രയോടെ ആരംഭിക്കുന്ന പരിഷ്ക്കരണഘട്ടം. ഇവിടെ നാഗരിക മുതലാളിത്തത്തിൻ്റെ പരിഷ്കരണ പരിപാടികൾ ഗ്രാമ്യ ജീവിതത്തിലേക്കരിച്ചിറങ്ങുന്നു. കാര്യസ്ഥപദവിയുടെ മേൽഗുമസ്ഥപ്പണി ആധിപത്യം സ്ഥാപിക്കുന്ന ഈ ഘട്ടത്തിൽ ഇന്ത്യൻ മുതലാളിത്തത്തിന്റെ ആവിർഭാവത്തോടെ ഗ്രാമജീവിതത്തിലുണ്ടായ പരിഷ്കരണം പ്രകടിക്കപ്പെടുന്നു. ഇന്ത്യൻ നാഗരിക മുതലാളിത്തത്തിൻ്റെ താൽപ്പര്യങ്ങളെ ഇന്ത്യൻ ഗ്രാമീണ ജീവിതവുമായി സംയോജിപ്പിക്കുവാൻ ശ്രമിക്കുന്ന ഉപരിവർഗവ്യവസ്ഥിതിയുടെ നൈതികശൈലിയാണ് ഗ്രാമപുനരുദ്ധാരണത്തിലധിഷ്ഠിതമായ ഗാന്ധിയൻ പരിഷ്കരണസിദ്ധാന്തങ്ങൾക്കുള്ളത്. അതിന്റെ അപഹാസ്യമായ മനുഷ്യത്വ ഹീനത ഉപജീവനത്തിൻ്റെ പേരിൽ ഉദ്യോഗാർഥിയെ വിധേയനാക്കുന്ന സന്ദർഭമാണ് കാലത്തിൽ പൊട്ടിത്തെറി സൃഷ്ടിക്കുന്നത്. അനുരഞ്ജനപ്പെടാനുള്ള എല്ലാ മുൻകരുതലുകളും ഇവിടെ തകർന്നു പോവുന്നു. ഫ്യൂഡൽ വ്യവസ്ഥയുടെ കല്ലുറപ്പുള്ള നുകത്തിനു താഴെ, ഉത്ഥാനമാവശ്യപ്പെട്ടുകൊണ്ട് അമർത്തപ്പെട്ടുകഴിയുന്ന ഗ്രാമീണ മനുഷ്യത്വ, മുതലാളിത്തത്തിന്റെ ദയാസ്പർശം കൊണ്ട് വ്യഭിചരിക്കപ്പെടുകയാണ് ഇവിടെയുണ്ടാവുന്നത്. വ്യഭിചാരത്തിൻ്റെ ഈ ഉദ്യോഗസ്ഥ വ്യവസ്ഥ അതിന്റെ ഷണ്ഡമായ ജീവിതചര്യ യുവാവിനെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഫ്യൂഡൽ നൈതികത്വാധിപത്യത്തിൽ അമർത്തപ്പെട്ടു കഴിയുന്ന ഗ്രാമ്യമനുഷ്യതയുടെ അവസാനപ്പച്ചയും അപമാനിക്കപ്പെടുകയാണ് (എം.ടി യുടെ സ്വകാര്യജീവിതവുമായി ഈ ഗ്രാമസേവകപ്പണി ബന്ധപ്പെടുന്നത് യാദൃച്ഛികമായാണെങ്കിലും). ഗ്രാമജൈവതയുടെ പരിഷ്കരണ ഷണ്ഡീകരണത്തോട് ഗ്രാമത്തിന്റെ മനുഷ്യപ്പച്ചയുമായി ആന്തരികബന്ധമുള്ള എഴുത്തുകാരന്റെ ശക്തി പിണങ്ങിപ്പിരിയുകയാണ് ഇവിടെയുണ്ടാവുന്നത്. ശീലദാർഢ്യമുള്ള ഫ്യൂഡലിസവ്യവസ്ഥയിൽനിന്ന്, ആത്മരക്ഷാർഥം പുറത്തേക്ക് പോയി, പരിഷ്കരണത്തിൻ്റെ വെളിപ്പുറങ്ങളിലഭയം തേടുന്ന ‘മനുഷ്യൻ’ ഷണ്ഡീകരണത്തിൻ്റെ രൂപനീതിയും ആചാരക്രമവും അവിടെ കാണുമ്പോൾ, നഷ്ടപ്പെട്ടുപോവുന്ന നൈസർഗികത്വത്തിന്റെ രക്ഷയ്ക്കുവേണ്ടിയാണ് നിഷേധമുയർത്തുന്നത്. പരിഷ്കരണ സംസ്കാരത്തിന്റെ കാൽപ്പനികോൽപ്പന്നമായ തങ്കമണി നിഷേധത്തിൻ്റെ ഈ കറുത്ത മുഹൂർത്തത്തിൽ സേതുവിന് ഒരു സ്മരണപോലുമല്ലാതായിത്തീരുന്നു. ഗർഭിണിയായ മീനാക്ഷി ഗോവിന്ദൻകുട്ടിക്കെന്തായിരുന്നുവോ, അത്രയ്ക്ക് അശ്ലീലമായിത്തോന്നി ഗ്രാമസേവാചര്യ സേതുവിന്. ഫ്യൂഡൽ വ്യവസ്ഥയുമായി ഭാവാത്മകമായി (positive) ബന്ധപ്പെടാനാവാത്ത സേതു ആത്മരക്ഷ പ്രാപിച്ച പരിഷ്കരണഭൂമിയും രക്തപ്രേരണയാൽ അയാൾക്കു തിരസ്ക്കരിക്കേണ്ടിവരുന്നു. ഉദ്യോഗസ്ഥ, ഗുമസ്ഥ , മധ്യവർത്തിത്വത്തിന്റെ രൂപത്തിനു പരിഷ്കരിച്ചെടുത്ത ഫ്യൂഡൽ ആഭിജാത്യ വ്യവസ്ഥയെ സേതു തിരസ്കരിക്കുമ്പോഴേക്ക്, ആ വ്യവസ്ഥയിലേക്ക് അയാളെ ഭാവാത്മകമായി ബന്ധിപ്പിച്ചു നിർത്തിയിരുന്ന തങ്കമണി അയാളുടെ മനോരംഗം വിട്ടുകഴിഞ്ഞു. രൂപപരിണാമപ്പെട്ടുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയുടെ കീഴിൽ പച്ചമനുഷ്യത്വത്തിനു സംഭവിക്കുന്ന അപചയവും അടിമത്തവും സേതു അനുഭവിച്ചു പറയുന്നു. വ്യവസ്ഥിതിയുമായി ഭാവാത്മകമായി (positive) ബന്ധപ്പെടാൻ കഴിയാത്ത സേതു, മനുഷ്യമൂല്യത്തിലധിഷ്ഠിതമായ സ്വന്തം നൈതികതയെ വഞ്ചിച്ചുകൊണ്ട്, ശരീരവളർച്ചയ്ക്കുവേണ്ടി, മുതലാളിത്ത വ്യവസ്ഥിതിയുമായി ഋണാത്മകമായ (negative) ഒരു നൈതിക ബോധത്തിന്റെ പ്രേരണയിൽ സന്ധിചെയ്യുന്നു.
തൊപ്പിയിട്ട് അബ്ദുള്ളയായി മാറിയ ഗോവിന്ദൻകുട്ടിയുടെ ഋണാത്മകമായ ആത്മസമീപനമാണ് സേതുവിനും ആ അവസരത്തിൽ പ്രകടിപ്പിക്കാൻ കഴിയുന്നത്. നിന്ദിതവും പീഡിതവും സാമൂഹ്യബഹിഷ്കൃതവുമായ ഒരാത്മാവിന്റെ ദുരന്താനുഭവങ്ങളിലൂടെ മരണത്തിൻ്റെ മഹാനാശം ഒരു ഗ്രാമത്തെ തിന്നുതീർക്കുന്ന അന്തരീക്ഷവുമായി ആത്മബന്ധപ്പെട്ടുകൊണ്ട് എം. ടി. യുടെ ഗോവിന്ദൻകുട്ടി, വ്യാമോഹങ്ങളെ നിരാകരിക്കുന്ന നഗ്നമായ മനുഷ്യന്റെ പച്ച രചിക്കുന്നു. അയാളുടെ ഋണാത്മകമായ ആത്മസമീപനം, അങ്ങനെയൊരു അന്തരീക്ഷത്തിൽ പുതിയ കരുത്തു നേടുന്നു. അയാളുടെ അമർഷത്തിന് ഷണ്ഡതയിൽ നിന്നു മുക്തി സമ്പാദിച്ചു കൊടുക്കുന്നത് നഗ്നവും നിസ്വവുമായ ജീവിതത്തിലൂടെ അയാൾ ഉയിർപ്പിച്ചെടുക്കുന്ന മനുഷ്യന്റെ പച്ചയാണ്. ഗ്രാമജീവിത സംസ്ക്കാരത്തിന്റെ ഗുണപരമായ മാറ്റംതന്നെ അവിടെ മഹാനാശത്തിന്റെ അന്തരീക്ഷത്തിൽ ധ്വനിച്ചുനിൽക്കുകയും ചെയ്യുന്നു. ഗുണപരിവർത്തനത്തിന്റെ ഈ നാശതീക്ഷ്ണത സേതുവിന് അനുഭവിക്കേണ്ടി വരുന്നില്ല. സേതുവിൻ്റെ സാമൂഹികമായ അസുരത്വം, ഈ വിഘടനാമുഹൂർത്തത്തോടെ അവസാനിക്കുന്നു. സേതുവിലെ റിബൽ വാസന അവിടെ അസ്തമിക്കുന്നു. ഋണാത്മകമായ ഒരു നൈതിക ബോധത്തോടെ അയാൾ മുതലാളിത്ത വ്യവസ്ഥിതിയുമായി അനുരഞ്ജനപ്പെടുന്നു. മുതലാളിത്തത്തിൻ്റെ തൊപ്പിയിട്ടു കഴിഞ്ഞ സേതു അതിന്റെ ആശ്ലീലമായ നൈതികമൂല്യങ്ങളെയും അഭിജാത്യസിദ്ധാന്തങ്ങളെയും, കാൽപ്പനിക തൃഷ്ണങ്ങളെയും വരിക്കാൻ സന്നദ്ധനാവുന്നു. അന്തർമുഖത്വത്തിൽ പതുങ്ങി നിന്ന തിന്മയുടെയും വഞ്ചനയുടെയും ഉപജീവന താൽപ്പര്യങ്ങൾ പുറത്തെടുക്കുന്ന സേതുവിനു സംഭവിക്കുന്ന നൈതികത്വനാശം -ഫ്യൂഡൽ മധ്യവർത്തി-കാര്യസ്ഥത്വത്തിന്റെ (മാധവമ്മാമ) ഇടനില ഷണ്ഡത്വത്തിനു സംഭവിച്ച സ്വാഭാവികമായ കാലപരിണാമമാണ്. മനുഷ്യനിലെ ‘മോറൽ റിബൽ’ ഉച്ചാടനം ചെയ്യപ്പെടുമ്പോഴുണ്ടാവുന്ന അനുരഞ്ജനാകാരമുള്ള ഈ ഷണ്ഡത്വത്തെ എം.ടി. കണ്ടെത്തുന്നത് ഇങ്ങനെയാണ്:
“അവസാനം നിന്റെ പടിവാതിൽക്കലെത്തുന്നു. എന്നും യാത്ര ഇവിടെ അവസാനിക്കുന്നു. നിൻ്റെ കലാഭംഗി ഒരുക്കിയ നോട്ടത്തിലൂടെ നിന്റെ വാതിൽ തുറന്ന് നിൻ്റെ കിടപ്പറയിലെത്തുന്നു. ചീറുന്ന ചക്രങ്ങളുടെയും തകരുന്ന ലോഹത്തകിടുകളുടെയും മുറവിളി കേട്ട നിമിഷം നഷ്ടപ്പെട്ടതോർത്ത് ഷണ്ഡൻ്റെ അമർഷത്തോടെ നിൻ്റെ തണുത്ത മെത്തയ്ക്കരികിൽ നിൽക്കുന്നു.” (കാലം)
“കത്തിയുടെ തണുത്ത വായ്ത്തല ഉറയിലെന്നപോലെ” അമർഷം ഒതുക്കിനിൽക്കുന്ന മാധവമ്മാമയുടെ അനന്തരപുരുഷൻ സേതു, ലളിതയുടെ തണുത്ത മെത്തയ്ക്കരികിൽ ഷണ്ഡൻ്റെ അമർഷത്തോടെ നിൽക്കുമ്പോൾ, എം.ടി. ഇന്ത്യൻ മധ്യവർത്തി യുവാവിൻ്റെ കാലാന്തരം, തികഞ്ഞ സത്യസന്ധതയോടെ ആവിഷ്കരിക്കുന്നു. വ്യവസ്ഥയെ നിഷേധിക്കാനും പ്രതിഷേധിക്കാനും സന്നദ്ധനാവുന്ന കേരളീയ മധ്യവർത്തി പുരുഷന്റെ നൈതികത്വത്തെ ബാധിച്ച ഷണ്ഡത്വത്തെ എം.ടി. കണ്ടെത്തുമ്പോൾ അത് കേരളീയ മധ്യവർത്തി സമുദായത്തിന്റെ വർഗചരിത്രത്തോടും പാരമ്പര്യത്തോടുമെന്നപോലെ, ഭാരതീയമായ ‘അനുരഞ്ജന’ പാരമ്പര്യത്തോടും നീതി പുലർത്തുന്ന ഒരുൾക്കാഴ്ചയാവുന്നു. മധ്യവർത്തി സമുദായാധിപത്യമുള്ള ഒരു ദേശത്തിനേറ്റ ഏറ്റവും നിശിതമായ ആത്മവിമർശനമാണ്, അക്രമരഹിതമായ, അശ്ലീലമായ, ഷണ്ഡൻ്റെ അമർഷം എന്ന കണ്ടെത്തൽ. മനുഷ്യനിൽ അധഃസ്ഥിതമായിരിക്കുന്ന പരിവർത്തനത്തിന്റെ കറുത്തശക്തിക്ക്, അമർഷത്തിന്, സംഭവിച്ച ഷണ്ഡീകരണം ഫ്യൂഡൽ- അർധഫ്യൂഡൽ-മുതലാളിത്ത വ്യവസ്ഥാദശകളിലൂടെ എം.ടി. തെളിച്ചു കാട്ടുന്നു. മുതലാളിത്തത്തിൻ്റെ കലാഭംഗി ഒരുക്കിയ നോട്ടത്തിൽ, അതിന്റെ തണുത്ത പട്ടുമെത്തയ്ക്കരികിൽ ചെന്നവസാനിക്കുന്ന മധ്യവർത്തി യുവാവിന്റെ നിരർഥമായ പ്രതിഷേധയാത്ര നമ്മുടെ ചരിത്രത്തെ സംബന്ധിച്ച ഏറ്റവും മൂർച്ചയുള്ള കാഴ്ചയാണ്. ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തെ സംബന്ധിച്ച നിശിതമായ കാഴ്ചപ്പാടുകൂടിയാണ് അത്. ഷണ്ഡമായ അമർഷത്തിന്റെ കുരയും ഒച്ചപ്പാടും കൊണ്ടു നിറഞ്ഞ ദേശീയ സാമൂഹ്യരംഗത്തെ, രാഷ്ട്രീയവും സാംസ്ക്കാരികവുമായ നൈതികത്തകർച്ചയിൽ, അശ്ലീലതയിൽ, ജീവിക്കുന്ന ഇന്ത്യ നടത്തിയ മാറ്റത്തിൻ്റെ യുദ്ധങ്ങളത്രയും. ഷണ്ഡന്റെ അമർഷത്തിൽ നിന്നു ജനിച്ചതാണെന്ന് കാലംതെളിയിക്കുന്നു. ധീരതയുടെ പരിവർത്തനശക്തി സമാർജിക്കാത്ത, ‘അനുരഞ്ജന’ത്തിലൂടെ നൈതിക ഗുണം അടിയറവച്ച, ഒരു ദേശത്തിൻ്റെ അലസിപ്പോയ നിഷേധാസക്തി, എം.ടി. യുടെ സ്വകാര്യഹൃദയത്തിൽ നിന്ന് യാഥാർഥ്യബോധത്തോടെ ധ്വനിക്കുന്നു.
തുടരും….
