
സുബിൻ യു
Published: 10 December 2025 കവര്‍സ്റ്റോറി
ചന്തകളുടെ ചരിത്രം : പൊയിലത്തങ്ങാടി-മധ്യകാല കേരളീയ പട്ടണത്തിൽ നിന്ന് കൂറ്റനാട് എന്ന പ്രാദേശികമാർക്കറ്റിലേക്കുള്ള പരിണാമം
കേരളത്തിലെ ചന്തകൾ പ്രാദേശിക സാമ്പത്തിക കേന്ദ്രങ്ങൾക്കപ്പുറം , അറിവുകൾ, തൊഴിലുകൾ, സംസ്കാരങ്ങൾ, ഭാഷ എന്നിവയുടെ കൂടെ വലിയതോതിലുള്ള വിനിമയ-വിപണനസ്ഥാനങ്ങളായിരുന്നു മധ്യകാലങ്ങളിൽ. അവയിലെ ചരക്കുകൾ കൊണ്ടും വണിക്കുകളെക്കൊണ്ടും മിക്കവാറും വലിയ അങ്ങാടികളൊക്കെത്തന്നെ വിദേശവിനിമയങ്ങളിലേർപ്പെട്ടിരുന്നതും അത്തരം ഒരു ഒഴുക്ക് കച്ചവടപാതകളിൽ നിലനിർത്തിയിരുന്നതുമായ നൂറ്റാണ്ടുകൾ കൂടിയായിരുന്നു അത്. സജീവമായ ഒരു വിജ്ഞാന വ്യവസ്ഥ (Knowledge System) അതിന്റെ ഭാഗമായി അങ്ങാടികൾ കേന്ദ്രീകരിച്ച് ഉണ്ടായിവന്നു എന്ന് അക്കാലത്തെ അളവുതൂക്കങ്ങളെക്കുറിച്ചും അങ്ങാടികളെക്കുറിച്ചും പരാമർശമുള്ള കണക്കതികാരം പോലുള്ള കൃതികളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.പലതരം വിജ്ഞാനങ്ങളുടെ ഉൽപ്പാദനപ്രചാരണസ്ഥലങ്ങളായ ഈ അങ്ങാടികളുടെ വർണന മണിപ്രവാളകൃതികളിൽ എമ്പാടുമുണ്ട്. കേവലം പ്രാദേശികം മാത്രമല്ലാത്ത ഇടപെടലുകളുടെ വ്യാപ്തിക്കനുസരിച്ച് ഒരു ഉദ്പാദക-വിപണന ഏജന്റ് എന്ന നിലയിൽ മധ്യകാലങ്ങളിൽ കേരളത്തിലെ ചന്തകൾ അതിന്റെ വൈജ്ഞാനികനിലയിലും വിനിമയ നിലയിലും വലിയ മുന്നേറ്റം നടത്തിയിരുന്നത് ആ കൃതികളിൽ കാണാം .പ്രാദേശികം മാത്രമായ ഉപഭോഗത്തിനല്ല ഇവിടെ ചരക്കുകൾ എത്തിച്ചിരുന്നത് എന്നതിനാൽ തന്നെ വിവിധതരം നാണയങ്ങൾ വിവിധ അളവുതൂക്ക മാതൃകകൾ, പലതട്ടിലുള്ള അങ്ങാടികൾ എന്നിവയുടെ ഒരു സജീവമാതൃക മധ്യകാലാങ്ങാടികൾക്കുണ്ട്.ഇന്ന് ഉപഭോഗപരതയിലാണ് കേരളീയ നഗരങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ പ്രാദേശിക പട്ടണങ്ങളെല്ലാം കേരളത്തിനകത്തു മാത്രം , ചിലപ്പോൾ ആ പ്രദേശത്തുമാത്രം വിനിമയശേഷിയുള്ളവയാണ്. ദക്ഷിണേന്ത്യയിലും ,മറ്റ് ഭൂഖണ്ഡങ്ങളിലും വരെ കേൾവി കേട്ട അങ്ങാടികളുടെ കൂട്ടത്തിൽ മധ്യകേരളത്തിലുണ്ടായിരുന്ന പൊയിലത്തങ്ങാടിയും കുളമുക്കങ്ങാടിയും പെടുന്ന ഒരു മധ്യകാല കച്ചവട സർക്ക്യൂട്ട് പ്രബലമായി നിലനിന്നിരുന്നു.ഇതിൽ സാഹിത്യപരമായി പൊയിലത്തിനും സാഹിത്യേതരമായി കുളമുക്കിനും കൂടുതൽ പരാമർശങ്ങളുള്ളതായി കാണാം .ഉണ്ണിച്ചിരുതേവീ ചരിതത്തിലെ സൂചനകൾ പ്രകാരം മധ്യകാലത്ത് ബൃഹത്തായ വിനിമയങ്ങൾ നടന്നിരുന്ന പൊയിലം അങ്ങാടിയെ വിശദീകരിക്കാനും അതിന്റെ ഇന്നത്തെ സ്ഥാനം അടയാളപ്പെടുത്താനും അതുമായി ബന്ധപ്പെട്ട വിജ്ഞാനവ്യവസ്ഥയെ പ്രാഥമികമായി പരിചയപ്പെടുത്താനും ആ പരിണാമം വിശകലനം ചെയ്യാനുമാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്.ഒപ്പം സമീപ പട്ടണമായ കുളമുക്കിനെക്കുറിച്ചും അതിലെ പ്രധാന വിപണിയായ അന്തർദ്ദേശീയസ്വഭാവത്തിലുളള കുതിരവാണിജ്യത്തെക്കുറിച്ചും അതിന്റെ വിജ്ഞാനസാധ്യതകളെക്കുറിച്ചും തകർച്ചയെക്കുറിച്ചും അന്വേഷിക്കുന്നു. കൂറ്റനാടും കുളമുക്കും ബന്ധപ്പെടുത്തിയുള്ള കച്ചവടപാതകളുടെ സാർവ്വകാലികതയെക്കുറിച്ചും അന്വേഷിക്കുന്നു.
പൊയിലത്തങ്ങാടി
പൊയിലം എന്ന പ്രദേശം ആദ്യകാലമണിപ്രവാളചമ്പുവായ ഉണ്ണിച്ചിരുതേവീചരിതത്തിലെ നായികയായ ഉണ്ണിച്ചിരുതേവിയുടെ വാസസ്ഥലമാണ്. കൃതിയിൽ ഈ പ്രദേശത്തിന് ഒരു പശ്ചാത്തലം എന്ന നിലയ്ക്കല്ലാതെയുള്ള പ്രാധാന്യമുണ്ട്. ഈ സാഹിത്യഭൂപ്രദേശത്തെ അങ്ങാടിശൃംഖലയെ നിർദ്ധാരണം ചെയ്യുമ്പോൾ അത് ഇന്നത്തെ പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ തൃശ്ശൂർ, മലപ്പുറം ജില്ലകളോടടുത്തുള്ള കൂറ്റനാട് എന്ന പ്രദേശത്താണ് ചെന്നെത്തുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ലഭിക്കുന്ന ആദ്യത്തെ അങ്ങാടിവർണന പൊയിലത്തങ്ങാടിയെപ്പറ്റിയാണ് എന്ന് ഡോ.എൻ എം നമ്പൂതിരി പറയുന്നു.കാലഗണനയിൽ തർക്കങ്ങളുണ്ടെങ്കിലും എൻ.എം നമ്പൂതിരി പൊയിലത്തിനെ ഇന്നത്തെ കൂറ്റനാട്, നാഗലശ്ശേരി പ്രദേശങ്ങളിലായിത്തന്നെയാണ് സ്ഥാനപ്പെടുത്തുന്നത്. കൂറ്റനാട്ടിൽ നിന്ന് പട്ടാമ്പി റോഡിലേക്ക് കുറച്ച് മാറി കാണുന്ന ‘കട്ടിൽമാടം’ എന്ന കരിങ്കൽനിർമിതിയെ ജൈനകുടിപാർപ്പിന്റെ സൂചനയായും അത് ഈ അങ്ങാടിയുടെ ഒരു ഭാഗത്തുണ്ടായിരുന്ന ജൈനവണിക് സെറ്റിൽമെന്റിന്റെ സാധ്യതയായും എണ്ണുന്നുണ്ട്(നമ്പൂതിരി26).
ഉണ്ണിച്ചിരുതേവീകാരൻ അക്കാലത്തെ ശക്തമായ ബ്രാഹ്മണഗ്രാമമായ ചോകിരംകാരനാണെന്ന് കൃതിയിലെ ശുകപുരം പരാമർശങ്ങളിൽ നിന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്നതാണ്.
“ വെള്ളൈക്കപാലമപി വെൺമഴുവക്ഷമാലാ-
ഞ്ചൂലം പിടിച്ചരവു ചുറ്റിന കണ്ഠദേശം …” എന്നിങ്ങനെ തുടങ്ങുന്ന ശിവസ്തുതിയോടെയാണ് കൃതി തുടങ്ങുന്നത്. ശൈവഗ്രാമമായ ചോകിരംകാരനായ കവി കുലദേവതയായ ശിവനെസ്തുതിച്ചു തുടങ്ങുന്നു എന്ന് മനസ്സിലാക്കാം .രണ്ടാം ശ്ലോകത്തിൽ മാത്രമാണ് വിഗ്നേശ്വരസ്തുതി വരുന്നത്.ആദ്യഗദ്യത്തിൽ തന്നെ ചോകിരം ഗ്രാമത്തിന്റെ പ്രാധാന്യം ചമ്പൂകാരൻ വിവരിക്കുന്നുണ്ട്. ഐശ്വര്യമുള്ള മലനാട്ടിന് ‘നടുവെടം’ ആയിട്ടുള്ള പൊയ്കയിൽ താമരപോലെ ,ലക്ഷ്മീദേവിക്ക് നൃത്തം ചെയ്യാനും നട, വിട, കവിവരന്മാരുടെ കേളീനിലയമായും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങൾക്ക് ഉത്പത്തിസ്ഥാനമായിട്ടും നിലകൊള്ളുന്ന ചോകിരം എന്ന ഗ്രാമവിശേഷം പറയുകയാണ് കവി ഇവിടെ. രണ്ടാം ഗദ്യത്തിൽ ആതവർമ രാജാവ് ചോകിരത്തെ പ്രതിഷ്ഠ നടത്തിയതിനെ വിശദമായി പ്രതിപാദിക്കുന്നു.ഇത്രയും ദീർഘമായ പരാമർശങ്ങൾ കവിയുടെ ചോകിരം കാരനെന്നുള്ള സ്വത്വം ഉറപ്പിക്കാൻ പര്യാപ്തമാണ്. ചോകിരം നടൻമാരുടെയും വിടൻമാരുടെയും കവിവരന്മാരുടെയും കേളീനിലയമാണെന്ന ഒന്നാം ഗദ്യത്തിലെ പരാമർശവും ശ്രദ്ധിക്കുക.അവർ തന്നെയാണ് ഇനി പൊയിലത്തെ ഉണ്ണിച്ചിരുതേവീ ഗൃഹത്തിന്റെ മുമ്പിൽ അശ്ലീലാംഗ്യങ്ങളുമായി നിൽക്കാൻ പോകുന്ന വിടന്മാരായ ബ്രാഹ്മണന്മാർ.അപ്പോൾ അവർക്ക് പോക്കുവരവിനുള്ള ദൂരം മാത്രമുള്ള പ്രദേശമാണ് പൊയിലം എന്ന് മനസ്സിലാക്കാവുന്നതാണ്.
പൊയിലം – കൂറ്റനാട് സാധ്യതകൾ
ചോകിരം ഗ്രാമപരിധിയിലെ പൊയിലം എന്ന പ്രദേശത്തെ തോട്ടുവായിപ്പള്ളി എന്ന ഗൃഹത്തിലെ ഉണ്ണിയപ്പിള്ളയുടെ പുത്രിയാണ് ഉണ്ണിച്ചിരുതേവി(സുന്ദരം 4). ഈ സൂചന പ്രകാരം ചോകിരം ഗ്രാമത്തിന്റെ നിയന്ത്രണപരിധിയിലാണ് പൊയിലത്തങ്ങാടി എന്നത് ഉറപ്പിക്കാവുന്നതാണ്.പൊയിലം എന്ന പേരിൽ ഇന്ന് ഒരു സ്ഥലമില്ലെങ്കിലും ചോകിരം ഗ്രാമത്തിന്റെ അവശേഷിപ്പുകളുള്ള പ്രദേശവും ചോകിരം ദക്ഷിണാമൂർത്തിക്ഷേത്രവും പാലക്കാട്-മലപ്പുറം അതിർത്തിയിലായി കൂറ്റനാട്ട് നിന്നും പൊന്നാനിയിലേക്ക് പോകുന്ന പാതയിൽ എടപ്പാൾ എന്ന ഇന്നത്തെ നഗരത്തോട് ചേർന്നുണ്ട്. ശുകപുരം(ചോകിരം) എന്ന് തന്നെയാണ് അവിടം ഇന്നും അറിയപ്പെടുന്നത് .പൊയിലം പ്രദേശമായി ഇവിടെ പറയുന്ന കൂറ്റനാടും ശുകപുരവും തമ്മിൽ 13 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. ശുകപുരം ഗ്രാമത്തിന് പുറത്തുള്ള ബ്രാഹ്മണബന്ധുഗ്രാമങ്ങൾ കൂറ്റനാടിനു ചുറ്റു പ്രദേശങ്ങളിലും അടുത്തുള്ള തൃത്താലയിലുമെല്ലാമുണ്ട് എന്നതും ചേർത്തു വായിക്കാം;അവരും ശുകപുരംകാരായി തന്നെയാണ് അറിയപ്പെടുന്നതും .അതിനാൽ ഒരു ശുകപുരംകാരനായ ബ്രാഹ്മണന് ഇന്നത്തെ കൂറ്റനാട് എന്ന് വിളിക്കപ്പെടുന്ന അന്നത്തെ പൊയിലത്തിലെത്താൻ വളരെ എളുപ്പമാണ്. ശുകപുരത്ത് നിന്നും കൂറ്റനാട്ടിലേക്ക് നടന്നെത്താൻ തന്നെ രണ്ട് മണിക്കൂറും ഏതാനും മിനിറ്റുകളും മതിയാകും (ഗൂഗിൾ മാപ്പ്)
പൊയിലം നിരവധി അങ്ങാടികളുടെ കൂട്ടമാണെന്ന് കൃതിയിൽ സൂചനകളുണ്ട്. ഉണ്ണിച്ചിരുതേവിയുടെ ദാസിമാർ മാത്രം വളരെ പ്രാദേശികമായ ചരക്കുകൾ മാത്രം വരുന്ന ഒരു ചിറ്റങ്ങാടിയും വളരെ കുലീനരായ വണിക്കുകളുടെയും സന്ദർശകരുടെയും മറ്റൊരങ്ങാടിയും ചേർന്നതാണ് കൃതിയിലെ അങ്ങാടിവർണന.അപ്പോൾ അത്രയും വലിയ പ്രദേശവും അതിനുള്ള സാധ്യതയും അവിടെ ഉണ്ടായിരുന്നിരിക്കണം. ഇനി പരിശോധിക്കാൻ പോകുന്നത് കൂറ്റനാടിന്റെ വലിയ കച്ചവട പ്രദേശമായിരിക്കാനുള്ള സാധ്യതയാണ്. നാലു പ്രധാന പാതകളാണ് കൂറ്റനാട്ടിൽ സന്ധിക്കുന്നത്.ഒന്ന് ശുകപുരം (എടപ്പാൾ) വഴി പടിഞ്ഞാട്ട് പൊന്നാനി തുറ വരെ പോകുന്ന പാതയാണ് . വിദേശികൾക്ക് കച്ചവടത്തിനായി ഉൾനാട്ടിലേക്ക് വരാനുതകുന്ന കേരളത്തിലെ തന്നെ ഒരു പ്രധാന ഇടനാഴിയാണിത്; പൊന്നാനിയിൽ നിന്ന് കൂറ്റനാട്ടിലേക്കുള്ള ദൂരം 24 കിലോമീറ്റർ മാത്രവും. ഈ പാത വന്ന് കൂറ്റനാട്ടിലേക്ക് ചേരുന്നതിന്റെ ഏതിർഭാഗത്തേക്ക് പോകുന്നത് പട്ടാമ്പി വഴി ഭാരതപ്പുഴ മുറിച്ച് കടന്നു പോകാവുന്ന പാലക്കാട് ഭാഗത്തേക്കുള്ള പാതയാണ്;അത് പാലക്കാട് ചുരം വരെ നീളുന്നു.കേരളത്തിൽ പശ്ചിമഘട്ടത്തിന് ഏറ്റവും കൂടുതൽ വീതിയുള്ള വിടവുള്ളത് ഈ പ്രദേശത്താണ് .തമിഴ്നാട്ടിൽ നിന്നും, തമിഴ്നാട്ടിലേക്കുമുള്ള വലിയ ചരക്കുനീക്കം എല്ലാക്കാലത്തും നടന്നിട്ടുള്ളത് ഈവഴിയാണ്.ഈ പറഞ്ഞ രണ്ട് പാതകളെയും ബന്ധിപ്പിച്ചാൽ പൊന്നാനി തീരം മുതൽ തമിഴ്നാട് വരെ നീളുന്ന വലിയ കച്ചവടവഴിയായി.കേരളത്തെ ഈ വഴി മധ്യഭാഗത്ത് വെച്ച് രണ്ടായി പകുക്കുന്നുണ്ട് . ഇതിൽ ഒരു സന്ധിയായി കൂറ്റനാട് വരുന്നു.ആ സന്ധിയിലെ നിന്ന് മറ്റ് രണ്ട് പാതകൾ പോകുന്നതിൽ ഒന്ന് കുന്ദംകുളത്തേക്കാണ്.കുന്ദംകുളത്ത് നിന്ന് ഗുരുവായൂരിലേക്കും തൃശ്ശൂരിലേക്കും പാതകൾ പിരിഞ്ഞ് തെക്കൻകേരളത്തിലേക്കുള്ള സാധ്യതകളാകുന്നു.ഇതിന് നേരേ എതിരായി കൂറ്റനാട്ടിൽ നിന്ന് പുറപ്പെടുന്ന പാത തൃത്താലയിലേക്കാണ് .അവിടെ നിന്നും ഭാരതപ്പുഴ മുറിച്ചു കടന്നാൽ മധ്യകാലത്തെ പ്രസിദ്ധമായ കുളമുക്കങ്ങാടിയാണ്;ഇന്നും കുളമുക്ക് എന്ന പ്രദേശം അവിടെയുണ്ട്. കുളമുക്കിലേക്ക് 10 കിലോമീറ്ററിൽ താഴെ മാത്രമാണ് ദൂരമുള്ളത്.ഇത്തരത്തിൽ ഭൂമിശാസ്ത്രപരമായിത്തന്നെ നാലു പ്രധാനപ്പെട്ട ഭാഗങ്ങളിലേക്കുള്ള വഴികളാണ് കൂറ്റനാട്ടിൽ നിന്നുമുള്ളത്.എല്ലാക്കാലത്തും പ്രാദേശികം മാത്രമല്ലാത്ത ചരക്കു നീക്കം നടന്നിട്ടുള്ള വഴിയാവണം ഇത്.അങ്ങനെ വരുമ്പോൾ ഈ സന്ധി ഒരു പ്രധാന വിനിമയ പ്രദേശമാണ് . പ്രസിദ്ധമായ ഒരു അങ്ങാടിയ്ക്ക് എക്കാലവും ഭൂമിശാസ്ത്രപരമായി ത്തന്നെ സാധ്യത്യുള്ള പ്രദേശമാണ് ഇവിടം. ഇപ്പോഴും നാലുപാതകളിലേക്കും വളർന്നു നിൽക്കുന്ന ഒരു പരന്ന അങ്ങാടിപ്രദേശമായി തന്നെ കൂറ്റനാട് നിലനിൽക്കുന്നു.
കുളമുക്ക് പട്ടണം
പതിനാറാം നൂറ്റാണ്ട് വരെ നിലനിന്ന കേരളത്തിലെ പ്രധാനപ്പെട്ട അങ്ങാടികളിലൊന്നായിരുന്നു കുളമുക്ക് .കൊച്ചി ,കോഴിക്കോട്, പാലക്കാട്, പാലയൂർ, വെളിയൻകോട് എന്നീ കേരളത്തിലെ പ്രധാന അങ്ങാടികൾക്കൊപ്പം കുളമുക്കിന് പ്രാദേശികമായ അളവുതൂക്കവ്യതിയാനങ്ങളും നിലവാരങ്ങളും ഉണ്ടായിരുന്നതായി കണക്കതികാരത്തിൽ പറയുന്നു. ഇത്ര പലത്തിന് ഇത്ര പണം എന്ന രീതിയിൽ ഓരോ അങ്ങാടിയ്ക്കും ഉള്ള തൂക്കത്തിന്റെ തരതമഭേദങ്ങൾ മാത്രം പറയുന്ന കണക്കതികാരഭാഗത്തിലാണ് കുളമുക്ക് പരാമർശമുള്ളത് (വാഗ്നർ,അശോകൻ 10)
മുമ്പ് പറഞ്ഞതുപോലെ പ്രസിദ്ധമായ ഈ മധ്യകാല അങ്ങാടി നിന്നിരുന്ന കുളമുക്കിലേക്ക് ചെറിയ ദൂരം മാത്രമാണ് കൂറ്റനാട് നിന്നുള്ളത്.അതായത് കുളമുക്ക് പട്ടണത്തിന്റെ തെക്ക് ഭാഗത്തായി പുഴക്കിക്കരെയായി പൊയിലം ഉണ്ടായിരുന്നു.ഈ രണ്ട് അങ്ങാടികളും ഭൂമിശാസ്ത്രപരമായി പുഴയ്ക്ക് അക്കരെയും ഇക്കരെയുമുള്ള രണ്ട് സമാന്തരമായ പ്രധാനപാതകളിലാണുള്ളത് ഈ പാതകൾ മുമ്പും ശേഷവും കൂട്ടിമുട്ടുന്നുമുണ്ട്.പൊന്നാനി മുതൽ പാലക്കാടൻ ചുരത്തിലേക്ക് നീളുന്ന വഴിയിൽ, തൊട്ടടുത്ത് സമാന്തരമായി മധ്യകാലത്ത് പ്രവർത്തിച്ചിരുന്ന രണ്ട് അങ്ങാടികൾ തമ്മിൽ പല തരത്തിൽ ബന്ധപ്പെട്ടിരുന്നിരിക്കണം.ഒരേ കാലത്ത് ഇവ പ്രവർത്തിച്ചിരുന്നോ എന്നതിനെക്കുറിച്ച് തെളിവുകൾ ലഭ്യമല്ല. പതിമൂന്നാം നൂറ്റാണ്ടിലാണ് ഉണ്ണിച്ചിരുതേവീ ചരിതം എഴുതപ്പെട്ടത് എന്ന് ഉറപ്പിച്ചാൽ അതിന് മുമ്പേ പൊയിലം ഒരു പ്രസിദ്ധിയാർജിച്ച അങ്ങാടിയാവണം ;അതായത് പെരുമാൾകാലത്ത് തന്നെ പ്രശസ്തമായിരുന്നിരിക്കണം. എന്നാൽ പതിന്നാല് മുതലുള്ള നൂറ്റാണ്ടാണ് കുളമുക്കിന്റെ പ്രചാരകാലമായി കാണുന്നത്.അതിന് മുമ്പ് ഉണ്ടോ എന്നതിന് തെളിവുകളില്ല. കണക്കതികാരത്തിന്റെ മലയാളപതിപ്പിന്റെ കാലം ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കം ആണെന്ന് കണക്കാക്കിയാൽ അതിന് മുമ്പ് പതിനാലാം നൂറ്റാണ്ടിൽ തന്നെ കുളമുക്ക് പ്രസിദ്ധമാണെന്ന് മനസ്സിലാക്കാം (വാഗ്നർ,അശോകൻ 10).
കുളമുക്കിലേക്കുള്ള പാതകൾ പിന്നീട് വളരെ അപ്രധാനമായി ത്തീരുകയും ഇന്ന് വളരെ ചെറിയ ഒരു ഗ്രാമം മാത്രമായി മാറുകയും ചെയ്തതാണ് ഇന്ന് കാണുന്നത്.അതിനോടനുബന്ധിച്ചുള്ള കൊടിക്കുന്നങ്ങാടി ചെറിയ ഗ്രാമീണ ചന്ത മാത്രമായി നിലനിൽക്കുകയും പഴയ വിസ്തൃതമായ അങ്ങാടിപ്രദേശങ്ങൾ പഴയങ്ങാടി എന്ന പേരിൽ യാതൊരു കച്ചവടങ്ങളുടെയും ഛായയില്ലാത്ത വെറും വാസസ്ഥലങ്ങളായി പരിണമിക്കുകയും ചെയ്തു.
കുളമുക്കിന്റെ പട്ടണം എന്ന നിലക്കുള്ള നിലനിൽപ്പ് ഏതാണ്ട് പതിനാറാം നൂറ്റാണ്ടോടെ അവസാനിച്ചു എന്നാണ് കണക്കതികാരത്തിൽ നിന്നും കിട്ടുന്ന സൂചനകൾ. കുളമുക്കിലെ കുതിരച്ചന്ത ദക്ഷിണേന്ത്യയിൽ പ്രശസ്തമായിരുന്നു അക്കാലത്ത്. പോർച്ചുഗീസുകാർ കേരളത്തിന്റെ കച്ചവട മേഖലയിൽ ഇടപെട്ടതോടെ കുളമുക്കിന്റെ കുതിരക്കച്ചവടം അടക്കമുള്ള വിപണി തകരുകയായിരുന്നു(വാഗ്നർ,അശോകൻ 11).കുളമുക്കിലെ പ്രധാന ചരക്ക് എന്ന നിലയിൽ പ്രശസ്തമായിരുന്നത് കുതിരകൾ തന്നെയായിരുന്നു.മലബാർ തീരങ്ങളിലേക്ക് ചെങ്കടലിന് സമീപമുള്ള കച്ചവട പ്രദേശങ്ങളിൽ നിന്നും കയറ്റി അയക്കുന്ന ,പ്രത്യേകിച്ച് ഹോർമുസ് പ്രദേശങ്ങളിൽ നിന്നെത്തുന്ന കുതിരകളുടെ പ്രധാന മാർക്കറ്റിലൊന്നായിരുന്നു കുളമുക്ക് . ഈ ചരക്ക് , കച്ചവടം എന്ന നിലയേക്കാൾ രാഷ്ട്രീയമായും പ്രധാനമായിരുന്നു.കാരണം ഇതിന്റെ ഉപഭോക്താക്കൾ ഭരണാധികാരികളോ സാമൂഹികശ്രേണിയിലെ ഉന്നതരോ മാത്രമായിരുന്നു. ഒരു രാജകീയമായ ചരക്കിന്റെ വിപണനസ്ഥലം എന്ന നിലയിൽ കുളമുക്ക് അങ്ങാടിക്ക് ഇക്കാലയളവിൽ വലിയ ദൃശ്യത കിട്ടിയിരിക്കണം.
കേരളത്തിന്റെ സമുദ്രവ്യാപാരത്തിൽ ഇറക്കുമതിക്കച്ചവടങ്ങളുടെ കൂട്ടത്തിൽ സവിശേഷമായ പ്രാധാന്യം കുതിരയ്ക്ക് ഉണ്ട്,കാരണം കേരളത്തിലെ കാടുകളിലോ ഭൂപ്രകൃതിയിലോ ഉള്ള ഒരു മൃഗമല്ല കുതിര എന്നതും മധ്യകാലത്ത് യുദ്ധങ്ങളിൽ കുതിരകളെ യഥേഷ്ടം ഉപയോഗിച്ചു കാണാം എന്നതും അവയുടെ ഇറക്കുമതിക്ക് വലിയ സാധ്യത ഉണ്ടായിരുന്നു എന്ന സൂചന തരുന്നതാണ്. അവ കേരളത്തിനകത്തും പാലക്കാട് ചുരം വഴി തമിഴ്നാട്ടിലേക്കും ആവശ്യക്കാർ വാങ്ങിയിരുന്നത് കുളമുക്ക് ചന്തയിൽ നിന്നായിരിക്കണം .പൊന്നാനിയിൽ നിന്ന് ഇന്നത്തെ കുളമുക്കിലേക്ക് 28 കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത് എന്നതിനാൽ ഇത് ഏറെക്കുറെ ഉറപ്പിക്കാവുന്ന വിപണനസാധ്യതയാണ്.കേരളത്തിൽ കുളമുക്ക് കൂടാതെ കണ്ണൂരാണ് ഹോർമൂസിൽ നിന്നുള്ള കുതിരയുടെ മറ്റൊരു അങ്ങാടി.വിജയനഗരഭരണാധികാരികൾ പോലും കണ്ണൂരിൽ നിന്നാണ് കുതിരകളെ വാങ്ങിയിരുന്നത് . അപ്പോൾ മധ്യകേരളത്തിലെ കുതിരകളുടെ വിപണി കുളമുക്ക് തന്നെയായിരിക്കണം . ഈ വിപണിയെ നിയന്ത്രിച്ച് മലബാർ തീരത്തു നിന്നും കുതിര ഇറക്കുമതി പോർച്ചുഗീസുകാർ ഗോവയിലേക്കായി മാറ്റുകയാണ് ചെയ്തത്.ഇതിനായി അവർ ചെങ്കടലിലെ കുതിര കയറ്റുമതി ചെയ്യുന്ന സ്ഥലമായ ഹോർമൂസിനെ വരെ സ്വാധീനിച്ചു എന്ന് കാണാം (ടിണ്ടിസ് ഹെറിറ്റേജ്).അതുവഴി കോഴിക്കോടിന് ഉപരോധം ഏർപ്പെടുത്തുക എന്ന നയം കൂടി പോർച്ചുഗീസിനുണ്ടായിരുന്നു. അത്തരത്തിൽ രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള ഒരു ചരക്കിന്റെ ഇറക്കുമതിയിൽ പങ്കുകൊണ്ടിരുന്ന പട്ടണമായിരുന്നു കുളമുക്ക്;അതു തന്നെയാണ് അതിന്റെ അസ്തമനത്തിനും വഴി വെച്ചിരിക്കുയ്ക. മറ്റ് ചരക്കുകൾ കൊണ്ട് മാത്രം പിൽക്കാലത്ത് പിടിച്ച് നിൽക്കാൻ ഈ അങ്ങാടിയ്ക്ക് ആയിട്ടുണ്ടാവില്ല എന്ന് കരുതാം . അതിന്ശേഷം പ്രസക്തമായ കച്ചവട സൂചനകൾ ഒന്നും തന്നെ കുളമുക്കിനെക്കുറിച്ച് രേഖകളിൽ കാണാനില്ല.സൂചനകളനുസരിച്ച് 14,15 നൂറ്റാണ്ടുകളും 16ആം നൂറ്റാണ്ടിന്റെ തുടക്കവുമാവണം കുളമുക്ക് പട്ടണത്തിന്റെ പ്രതാപകാലം .
കുളമുക്കിന്റെ ഈ കച്ചവടപാരമ്പര്യം സൂചിപ്പിക്കുന്നത് അന്ന് നിലനിന്നിരുന്ന ചില തൊഴിൽ ജീവനമേഖലകളെക്കുറിച്ചു കൂടിയാണ്;അവ ഇന്ന് തീരെ ഇല്ല എന്നും കാണാം .ഇറക്കുമതിയിൽ ഇടപെടുന്ന തദ്ദേശീയരും പരദേശികളുമായ വ്യാപാരികളും ഇടനിലക്കാരും, പെരുമ്പിലാവ് വാണിയംകുളം എന്നീ ഇന്നത്തെ സമീപസ്ഥമായ കാലിച്ചന്തകളിലേതിന് സമാനമായ കൂലിക്ക് വിലപേശുന്ന ഇടനിലക്കാർ, ലായം സൂക്ഷിപ്പുകാർ,അവയുടെ പരിശീലനം ,ചികിത്സ ,ലാടം പോലുള്ള കുതിരയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ നിർമാണവും പ്രയോഗവും, പ്രത്യേകമായ വിനിമയ ഉപകരണങ്ങൾ ഈ വിദേശവാണിജ്യത്തിന് വേണ്ടതിനാൽ അവ കണക്കാക്കുകയും വിവിധ നാണയമൂല്യങ്ങൾ താരതമ്യപ്പെടുത്തുകയും ചെയ്യുന്ന കണക്കപ്പിള്ളമാർ എന്നിവയെല്ലാം അങ്ങാടിയുമായോ അല്ലാതെയോ കാണാൻ സാധ്യതയുള്ള തൊഴിലുകളാണ് .
16ആം നൂറ്റാണ്ടിലെ ഈ ഇറക്കുമതിത്തകർച്ചയോടുകൂടി ഈ അങ്ങാടിയിലേക്കുള്ള പാത ക്രമേണ അപ്രധാനമായിത്തീരുകയും കൂറ്റനാട് വഴിയുള്ള സമാന്തര പാത ഇതിന് പകരം പ്രധാനപാതയായി പരിണമിക്കുകയും ചെയ്തിരിക്കണം . ഭൂമിശാസ്ത്രപരമായി കുളമുക്കിന് എല്ലാക്കാലത്തും പട്ടണമായിരിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നു. ഒരു പക്ഷെ ചരക്കുനീക്കം കൂടുതൽ സമാന്തര വഴിയിലേക്ക് നീങ്ങിയതു മൂലം ആ പാത അപ്രധാനമായതാകാനും വഴിയുണ്ട്.അതിനർത്ഥം ‘കൂറ്റനാട് ജംഗ്ഷൻ’അപ്പോഴും പൊയിലം എന്ന പേരിലോ അല്ലാതെയോ അങ്ങാടിയായി ത്തന്നെ തുടർന്നിരിക്കണം.
ലൈംഗികത എന്ന ചരക്ക്
പൊയിലം ഉണ്ണിച്ചിരുതേവീചരിതത്തിലെ വർണനകൾ പ്രകാരം വിശാലമായ ഒരു മനുഷ്യാധിവാസമേഖലയാണ്. ഉണ്ണിച്ചിരുതേവിയെ ഒരു ദേവദാസിയായി വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ടെങ്കിലും, ഒരു നഗരപ്രദേശത്തിനടുത്ത് വസിച്ചിരുന്ന ഉന്നതർക്കായുള്ള ഗണിക എന്ന് കരുതുന്നതാവും ഉചിതം .സമ്പന്നരും, ബ്രാഹ്മണരടങ്ങുന്ന സാമൂഹ്യശ്രേണിയിലെ ഉന്നതരും വരുന്ന വേശ്യാഗൃഹങ്ങൾക്ക് പിൽക്കാലത്ത് വന്ന് ചേർന്ന അവമതിപ്പ് അക്കാലത്ത് ഉണ്ടായിരുന്നില്ല .വളരെ ഗ്രാമപ്രദേശങ്ങളിലോ അമ്പലങ്ങളുമായി ബന്ധപ്പെട്ടോ മാത്രം കഴിയുന്ന ഒരു ഗണികയല്ല ഉണ്ണിച്ചിരുതേവി എന്നതും വ്യക്തമാണ്.അന്നത്തെ ഒരു നഗരപ്രദേശത്ത് അങ്ങാടികൾക്കൊപ്പം അതിന്റെ സമ്പത്തിനൊപ്പം ഉപജീവിച്ചിരുന്ന ഒരു ഗണികയായി ഉണ്ണിച്ചിരുതേവിയെ പരിഗണിക്കാവുന്നതാണ്.അന്നത്തെ പ്രധാന അങ്ങാടികളുടെ ഒരു സാമൂഹികദൃശ്യം ഇതു വഴി തെളിയുന്നുണ്ട്.
ലൈംഗികതയും ഒരു ചരക്ക് എന്ന നിലയിൽ മാർക്കറ്റുകൾക്ക് ചേർന്ന് മറ്റൊരു തെരുവിൽ ലഭിക്കുന്നത് മനുഷ്യവംശത്തിന്റെ തന്നെ പരിണാമചരിത്രത്തിൽ എക്കാലവും കാണാം .മുംബൈ,കൊൽക്കത്ത എന്നീ ഇന്ത്യൻ മഹാനഗരങ്ങളിലെ ലൈംഗികതയ്ക്കായുള്ള ചേരികളെ ശ്രദ്ധിക്കുക. പണമൊഴുക്കുള്ള നഗരപ്രാന്തങ്ങളിലേക്ക് ലൈംഗികതൊഴിലാളികൾ വന്ന് താമസിക്കുകയും , ഒരു ഉത്പന്നം എന്ന നിലയിൽ ലൈംഗികതയെ വിപണനം ചെയ്യുകയും ഉപഭോഗിക്കുകയും ചെയ്യുന്നു; അതിനായുള്ള ബ്രോക്കർമാർ അങ്ങാടികളിലുണ്ടാവുകയും ചെയ്യും .അതിന് പിന്നിലുള്ള മിത്തുകൾ പ്രാദേശികമായി എന്തൊക്കെയായാലും അതിന്റെ സാമ്പത്തികസാധ്യത ഇതു തന്നെയാണെന്ന് വിസ്മരിച്ചുകൂടാ. ഈ ചമ്പുവിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരണങ്ങളോളം തന്നെ ചന്തകളുമായി ബന്ധപ്പെട്ട വിവരണങ്ങളുമുണ്ട് .മിക്കവാറും ഇത്തരം മണിപ്രവാള ചമ്പുക്കളിലും സന്ദേശകാവ്യങ്ങളിലും നഗരവർണനകൾക്കുള്ള പ്രാധാന്യവും ശ്രദ്ധിക്കുക.ഗണികാഗൃഹങ്ങൾ എളുപ്പത്തിൽ ചെന്നെത്താൻ പറ്റുന്ന മെയിൻറോഡുകളിലോ നഗരങ്ങൾക്കടുത്തോ ആണ്. അക്കാലത്തെ സാമ്പത്തികകേന്ദ്രങ്ങൾ കൂടിയാണ് ക്ഷേത്രങ്ങൾ എന്നതിനാൽ ക്ഷേത്രവർണനകളും കുറവല്ല എന്ന് മാത്രം .
പൊയിലത്തിലെ രണ്ട് തരം അങ്ങാടികൾ
ചിറ്റങ്ങാടി
ഗദ്യം 20ലാണ് ആദ്യ അങ്ങാടി വർണനാഭാഗമായ ചിറ്റങ്ങാടിവർണനയുള്ളത്. അന്നത്തെ അടിത്തട്ട് സമൂഹത്തെ, അകന്ന് മാറിനിന്ന് കാണുന്ന ഒരു അപരവീക്ഷണസ്ഥിതിയിലാണ് ചമ്പൂകാരൻ ചിറ്റങ്ങാടി വിവരിക്കുന്നത്.മുമ്പ് പറഞ്ഞതു പോലെ ഉണ്ണിച്ചിരുതേവിയുടെ ദാസിമാർ പോകുന്ന അങ്ങാടിയാണിത്. ഉണ്ണിച്ചിരുതേവി ബ്രാഹ്മണർക്ക് തൊട്ട് കീഴിലുള്ള സാമൂഹ്യശ്രേണിയിലാണെങ്കിൽ ദാസിമാർ അതിലും താഴെയുള്ള ശ്രേണിയിലെയാവണം .നാണം കെട്ട് നിന്ദ്യമായ തരത്തിൽ പരസ്പരം തെറിവിളിച്ചും പുലമ്പിയും പരസ്പരം വിരൽചൂണ്ടി കളിയാക്കിയും വെല്ലുവിളിച്ചും ദാസിമാർ ഈ ചന്തയിലെ ഉൽപ്പന്നങ്ങൾക്കിടയിലൂടെ നടക്കുന്ന ഒരു കാഴ്ച്ചയാണ് ഈ വിവരണം.
‘നീ നിന്റെ മുറിത്തല മാന്ത്’ , ‘നീയൊരു മറുതയാണ്’ , ‘എടീ കള്ളച്ചെറുമീ നിന്റെ തള്ളയ്ക്ക് താലികെട്ടിയ വള്ളോൻ നിനക്ക് കള്ളാണോ തന്നത്’ , ‘നിന്നെ ചുട്ടു കുഴിച്ചിടണം’ , ‘നിന്റെ മുല മുഴുവൻ കുരുവാണ്’ , ‘തീക്കൊള്ളി എടുത്ത് നിന്റെ കവിളിൽ വെച്ചു തരും’ , ‘മൂത്രച്ചൂരുള്ള മീനിന്റെ വിൽപ്പന’, ‘നിന്റെ മുഖം പുഴുക്കട്ടെ’ , ‘എടീ പുലയീ’ , ‘അടിമപ്പുലയൻ’ , ‘എടീ കൃമി കയറിയ വെടക്കേ നീ നാറിയതായി തീർന്നിരിക്കുന്നു’ , ‘നിന്റെ നാവിൽ മസൂരിക്കുരു ഉണ്ടാകട്ടെ’ , ‘നീ നായയ്ക്കും കീഴെയാണ്’ എന്നിങ്ങനെ നിരവധി തെറിസമാനമായ അർത്ഥം വരുന്ന വിളികളും വർത്തമാനങ്ങളും വിശേഷണങ്ങളും കൊണ്ട് ഈ അങ്ങാടി വർണന നിറഞ്ഞിരിക്കുകയാണ്(സുന്ദരം 92). സുന്ദരം ധനുവെച്ചപുരം നടത്തിയ ഈ അർത്ഥവിവരണത്തിലും കൂടുതലായി തെറിപ്പദങ്ങൾ ഈ ഗദ്യഭാഗത്തുണ്ട്; അത് ഈ വ്യാഖ്യാനത്തിലുള്ളത്ര മയപ്പെട്ട ഭാഷയിലല്ലതാനും.
“……നിന്നെച്ചുട്ടുകഴിപ്പൂ ,
പുലയീ നിന്മുന്നി പഴുത്തിടു,
ചത്തിടു പറയീ, മൂത്തമ്മേ മണൽ
മുഴക്കരിയെന്റൂത്തൽക്കയ്യൻ
ചൊന്നതുകൊണ്ടമ്മൂത്രക്കുഴിമുടൻ
വിറ്റതു മുറ്റും കാർത്തിയവാണിയമല്ലോ..”
“…………നാറീ-
തായൂക്കൊടു നിൻ വായിൽ കുരുവെഴു
നായിൽക്കട നീ,…”
എന്നെല്ലാമുള്ള തെറിവിളികളുടെ ഭാഷാപരമായ ഊക്ക് വ്യാഖ്യാതാവിന്റെ വിശദീകരണത്തിലും ഒരു പടി കൂടെ കടന്ന് തെറിച്ച് നിൽക്കുന്നുണ്ട്.ബ്രാഹ്മണനായ ചമ്പൂകാരനും ഈ അങ്ങാടി അകന്ന് നിന്ന് കണ്ട കാഴ്ച്ചക്കാരനാവാം എന്നതിനാൽ ഈ അടിത്തട്ട് ചന്ത, അസാൻമാർഗ്ഗികളുടെ ചന്തയായിട്ടാണ് വർണിച്ച് വെച്ചിരിക്കുന്നത്. എന്നാൽ വാസ്തവത്തിൽ അന്നന്നത്തെ കാർഷികത്തൊഴിലു കഴിഞ്ഞ് കയ്യിലുള്ളതു കൊടുത്ത് കയ്യിലില്ലാത്തത് അന്നേക്ക് തിന്നാൻ വാങ്ങുന്ന ഒരു ജനതയെയാന് ഇതിൽ കാണാൻ കഴിയുന്നത്.മുഴക്കരിക്ക് ഒരു മണൽമീൻ*1 എന്ന വിലനിലവാരത്തിന്റെ വിശദീകരണവും കാണാം .അതിന് ആധാരമായ മൂല്യങ്ങളുടെ താൽക്കാലികമായ ഒരു താരതമ്യപ്പട്ടിക ആ ചെറു ചന്തയിൽ ആശയപരമായി നിലനിൽക്കുകയും അവ ‘ഡിമാന്റിനും’ ‘സപ്ലേയ്ക്കും’ അനുസരിച്ച് മാറിക്കോണ്ടിരിക്കുകയും ചെയ്യുന്നുണ്ടാവണം .ആ അമൂർത്തമായ ജ്ഞാനവ്യവസ്ഥയിന്മേലുള്ള അസ്വാരസ്യങ്ങൾ തർക്കങ്ങളായും വിലപേശലുകളായും ചിറ്റങ്ങാടിയെ ശബ്ദമുഖരിതമാക്കുകയാണ്. ആ വിഭവങ്ങളുടെ ആയുസ്സും ഒറ്റ ദിവസമാണ് അവയിൽ ഭൂരിഭാഗവും ഭക്ഷ്യവസ്തുക്കളുമാണ് എന്നും കാണാം .ഗണികയുടെ ഗൃഹത്തിൽ പാട് കിടക്കുന്ന ബ്രാഹ്മണ വിടന്മാർ, കലാകാരൻമാരും, ബ്രാഹ്മണരെ തീറ്റിപ്പോറ്റുന്ന പട്ടാമ്പിസമതലപ്രദേശത്തെ കാർഷികസമ്പദ്വ്യവസ്ഥയിലെ തൊഴിലാളികൾ വൃത്തികെട്ടവരുമാണ് ഈ ആഖ്യാനത്തിൽ.
ഇതിലെ ജാതിസൂചനകൾ വെച്ച് ചെറുമർ,പുലയർ, തച്ചന്മാർ,ജോനകർ എന്നിവരെല്ലാം വരുന്ന അടിസ്ഥാനവർഗ്ഗങ്ങളുടെ വിനിമയങ്ങളാണ് ഈ ചന്തയുടെ ഉള്ളടക്കം. മീൻ, തവിട്, അരി, ചെമ്മീൻ തുടങ്ങിയ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളാണ് ഈ ചിറ്റങ്ങാടി വർണനയിൽ മുഴുവനുള്ളത് എന്നതിനാൽ തന്നെ അന്നന്ന് വേണ്ടുന്ന അവശ്യവസ്തുക്കൾ മാത്രമുള്ള ചന്തയാണെന്ന് മേൽപ്പറഞ്ഞതിനെ ഉറപ്പിക്കുന്നതാണത്.അതിനാൽ അത് ദിനേന നടക്കാവുന്ന ഒരു സജീവ ചന്തയായിരിക്കണം . മാത്രമല്ല കാർത്തികനാളിൽ മാത്രം നടക്കുന്ന ചതിക്കച്ചവടങ്ങളുള്ള ചന്തയെപ്പറ്റി പരാമർശവുമുണ്ട്.ഇവിടെ ബാർട്ടർ സമ്പ്രദായമാണ് നടക്കുന്നത് എന്നും കാണാം ;നാണയത്തിന്റെ ഉപയോഗങ്ങൾ ഈ വിവരണത്തിലുടനീളമില്ല .
ആയനാർചിറ
21 ആം ഗദ്യത്തിൽ വളരെ ഉദാത്തമായ കച്ചവടം നടക്കുന്ന ,പരദേശികളായ വണിക്കുകൾ വന്നു പോകുന്ന ചിട്ടപ്പടിയുള്ള ഒരു അങ്ങാടിയായ ആയനാർചിറയാണ് പ്രതിപാദ്യം .ഇവിടെ പലതരം നാണയങ്ങളുടെ വിനിമയങ്ങളുണ്ട്. ‘അരൈത്തിരമം’, ‘കാൽത്തിരമം’ ,‘രണ്ടേമുക്കാൽത്തിരമം’, ‘പൊന്നുന്തിരമം’ ‘അരൈപ്പണം’ , ‘ഒരുപണം’ എന്നിങ്ങനെ വിളിച്ചുപറയുന്ന വണിക്കുകളെ ആയനാർചിറയിൽകാണാം . തിരമം,പണം എന്നിവ മധ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന നാണങ്ങളാണ്. ഇതിൽ തിരമം ഏത് ഭരണാധികാരി പുറത്തിറക്കിയ നാണയമാണെന്ന് വ്യക്തതയില്ലാത്തതിനാൽ ഒരു പക്ഷെ നാണയം അളന്നിരുന്ന ഒരു അളവാകാം എന്ന് കരുതുന്നവരുണ്ട്. എന്നിരുന്നാലും ഏതാണ്ട് 9ആം നൂറ്റാണ്ടു മുതൽ പതിന്നാലാം നൂറ്റാണ്ടു വരെ ഉപയോഗിച്ചിരുന്ന ഒരു സാമ്പത്തികവിനിമയരൂപകമാണ് തിരമം. വീശം ,കാണി, അരമാവ് ,മാവ്, പലം എന്നിങ്ങനെയുള്ള നിരവധി അളവുകൾ ഈ അങ്ങാടിയിൽ ഉപയോഗിക്കുന്നുണ്ട്.ഇതിനെല്ലാം സമീപത്തെ കുളമുക്കങ്ങാടിയുടെ പേരിൽ സവിശേഷമായ പ്രാദേശിക ഭേദങ്ങളുമുണ്ടായിരുന്നു എന്ന് കണക്കതികാരത്തെ ഉദ്ധരിച്ച് മുമ്പ് പറഞ്ഞുവല്ലോ.അതായത് ഈ ചുറ്റുവട്ട പ്രദേശങ്ങൾക്കു മാത്രമായി അളവുതൂക്കവ്യതിയാനങ്ങൾ നിലനിൽക്കാനും അത് അങ്ങാടിയുടെ പേരിൽ പ്രസിദ്ധം ചെയ്യപ്പെടാനും മാത്രം കച്ചവട നിയന്ത്രണവും കേന്ദ്രീകരണവും ഇവിടെ ഉണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാൻ
സങ്കീർണമായ കച്ചവടം നടക്കുന്ന ഒരിടമാണെന്ന സൂചനകിട്ടുന്നതിനൊപ്പം ‘ബഹുഭാഷാഭി:’ എന്ന പ്രയോഗത്തിലൂടെ അങ്ങാടിയുടെ പ്രാദേശികനില തന്നെ അട്ടിമറിക്കപ്പെടുന്നു.ബഹുഭാഷാ പ്രയോഗം നടക്കണമെങ്കിൽ അത്രയും ദൂരദേശങ്ങളിൽ നിന്നുള്ള വണിക്കുകൾ ആയർചിറയിൽ ഉണ്ടായിരിക്കണം .തമിഴ് ഉറപ്പായും ഉണ്ടാകാമെങ്കിലും ഇന്ത്യക്ക് പുറത്തു നിന്നുള്ള ഭാഷകളും ഇവിടെ പ്രതീക്ഷിക്കാവുന്നതാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലാണ് യൂറോപ്യൻമാർ നേരിട്ട് വരുന്നത്.അതിന് മുന്നേയുള്ള ഈ കാലത്ത് അറബികൾ ചരക്കുകൾക്കായി പൊന്നാനി തുറയിൽ ഉണ്ടായിരിക്കാൻ വലിയ സാധ്യതയുണ്ട് .പോർച്ചുഗീസുകാർ വരുമ്പോൾ കേരളതീരത്തെ പ്രധാനികളായ ചീനക്കാരും അറബികളും ചരക്കുകൾക്കായി മുൻകാലങ്ങളിൽ ഉൾനാടുകളിലേക്ക് കയറിയിരിക്കാം . അത്തരത്തിൽ പൊന്നാനി തുറയിൽ നിന്നും കയറിയാൽ ആദ്യം കാണുന്ന അങ്ങാടികളിലൊന്നാണ് പൊയിലം .ചമ്പുവിൽ സൂചിപ്പിക്കുന്ന സമ്പന്നമായ നാണയവിനിമയരീതി തന്നെ വിദേശ വണിക്കുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്.
അതുമാത്രമല്ല കോയമ്പത്തൂരിൽ നിന്നും ലഭിച്ച എ.ഡി ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ റോമൻ നാണയങ്ങൾ ഈ സഞ്ചാരപാതയുടെ തുടർച്ചയായുള്ള സ്ഥലങ്ങളിൽ നിന്നാണ്(ഗ്രീഷ്മലത38). കോയമ്പത്തൂർ , ടോപാസ് അഥവാ റോമക്കാർക്ക് പ്രിയപ്പെട്ട ഗോമേദകക്കല്ലുകൾ ധാരാളാമായി കിട്ടുന്ന സ്ഥലമാണ്.പൊന്നാനി വഴി കിഴക്കോട്ട് കയറി പാലക്കാട് ചുരം കടക്കുന്നതാണ്, കിഴക്കൻതമിഴ്നാട് തീരങ്ങൾ വഴി കോയമ്പത്തൂരിലെത്തുന്നതിനേക്കാൾ എളുപ്പം എന്നു പരിഗണിച്ചാൽ ഈ ചമ്പൂകാലത്തിനും നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ റോമക്കാർ വരെ ഇടപെട്ടിട്ടുണ്ടാവാൻ സാധ്യതയുള്ള പ്രദേശമാണ് ഇവിടം . ഇക്കണക്കിന് ആയർച്ചിറ എന്ന കച്ചവട കേന്ദ്രത്തിന്റെ വിശദീകരണം പ്രാദേശികമോ ദക്ഷിണേന്ത്യനോ മാത്രമല്ലാത്ത ചരക്കിടപാടുകൾ, സാമ്പത്തികവിനിമയങ്ങൾ എന്നിവ നടന്നതിന്റെ സൂചനയായിക്കാണാം .കേരളത്തിലെ അക്കാലത്തെ വിപണിയിലെ ഉൽപ്പന്നങ്ങളുടെ ആവശ്യക്കാർ കേരളീയരായിരുന്നില്ല എന്നതാണ് ഇതിലേക്ക് ചൂണ്ടാവുന്ന അടിസ്ഥാനകാരണം .ചിറ്റങ്ങാടിയാണ് പ്രാദേശികാവശ്യങ്ങൾക്കുള്ള അങ്ങാടി .ആയർച്ചിറയിലുള്ള വസ്തുക്കൾ ‘എക്സ്പോർട് ക്വാളിറ്റി’ ഉൽപ്പന്നങ്ങളാണ് എന്ന് വേണമെങ്കിൽ പറയാം .അത്തരം വസ്തുക്കൾക്ക് നാട്ടിൽ ഉപഭോക്താക്കൾ നാമമാത്രമായിരിക്കും എന്നതിനാൽ അത്തരം പ്രാഥമികഭക്ഷ്യവസ്തുക്കൾക്ക് പുറമെയുള്ള ഉൽപ്പന്നങ്ങൾ എല്ലാം അന്യദേശക്കാർക്ക് വേണ്ടി ഉൽപാദിപ്പിച്ചതോ സമാഹരിച്ചതോ ആയവയാവും .
“പൊന്നും തിരമമുരച്ചുമുരച്ചും പിന്നെയുമെല്ലാം കൊണ്ടു വഴങ്ങി
വിളങ്ങും വാണിയരാൽ കൃതകോലാഹമങ്ങായനാർചിറയം
നഗരം കണ്ടായാനനഥ വിഉസ്മയജലധൗ”
എന്നാണ് ആയനാർച്ചിറ വർണന അവസാനിക്കുന്നത്.കുലീനരായ കച്ചവടക്കാർ പൊന്നും തിരമം ഉരച്ച് അതിന്റെ മൂല്യം ഉറപ്പിക്കുകയയാണ്.അവരുടെ ഒച്ച ‘കൃതകോലാഹലങ്ങളാണ്’ അല്ലാതെ നീചമായ തെറിവിളികളല്ല.ഇതെല്ലാം കണ്ട് കവി അതിവിസ്മയത്തിൽപെട്ടു പോവുകയാണ്.അത്രയ്ക്ക് ഒരു ബ്രാഹ്മണസമ്പന്ന കവി വിസ്മയിക്കുന്ന ദൃശ്യങ്ങൾ ആയനാർചിറയിൽ നടക്കുന്നുണ്ടെന്നർത്ഥം
മധ്യകാലത്തെ മധ്യകേരളത്തിലുണ്ടായിരുന്ന ഒരു കച്ചവട ഹബ്ബായിരുന്നു പൊയിലത്തങ്ങാടിയും കുളമുക്കങ്ങാടിയും ഉളപ്പെട്ടിരുന്ന ഇന്നത്തെ പാലക്കാട് ജില്ലയുടെ ഭാഗമായ കൂറ്റനാട്,തൃത്താലപ്രദേശം എന്ന് മനസ്സിലാക്കാം .ഈ പ്രദേശത്തിന് ചുറ്റപ്പെട്ടുള്ള വിശാലമായ മണൽപ്പരപ്പുള്ള , വേനലിൽ ഏക്കറുകണക്കിന് മണൽത്തിട്ട മാത്രമാകുന്ന, ഭാരതപ്പുഴയും അധികം ദൂരെയല്ലാതെയുള്ള അറബിക്കടലിലേക്കുള്ള തുറയും കേരളത്തിന്റെ മറ്റ് ഭാഗത്തേക്കുള്ള ചരക്കു നീക്കത്തിനുതകുന്ന സമതലപാതകളും ചേർന്ന, കച്ചവടാനുകൂലപരിതസ്ഥിതിയാണ് ഭൂമിശാസ്ത്രപരമായി പട്ടാമ്പി സമതലത്തിനുള്ളത്.അതിനൊപ്പം ഉൽപ്പന്നങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ അക്കാലത്തെ കേരളത്തിലെ പ്രധാന പട്ടണങ്ങളായി ഇവ മാറി.പിൽക്കാലത്ത് വിദേശവാണിജ്യത്തിന്റെ ഗതി മാറിയതോടെ ഈ ചന്തകൾ പതിയെ പരിവർത്തനപ്പെടുകയും കുളമുക്ക് പോലുള്ളവ ഇല്ലാതാവുകയും ആധുനിക ആവശ്യങ്ങൾക്കനുകൂലമായി ആഭ്യന്തരമാർക്കറ്റിലേക്ക് ചുരുങ്ങി നിൽക്കാൻ പറ്റുന്ന അങ്ങാടികൾ തുടരുകയും ചെയ്തു എന്ന് മനസ്സിലാക്കാം .പഴയ പൊയിലത്തിന്റെ സ്ഥാനത്തുള്ള കൂറ്റനാട് ഇപ്പോൾ ഒരു പ്രാദേശിക മാർക്കറ്റ് മാത്രമാണ്.
കുറിപ്പ്
*1 മണൽമീൻ എന്നത് പ്രാദേശികമായി മനഞ്ഞിൽ എന്ന് പറയുന്ന ഈൽ വർഗ്ഗത്തിൽപ്പെട്ട മത്സ്യമാകാം .
ഗ്രന്ഥസൂചി
1.ഗോപിനാഥൻനായർ,എൻ.(ഡോ),2016,ഉണ്ണിയച്ചീചരിതം,സാഹിത്യപ്രവർത്തകസഹകരണസംഘം , കോട്ടയം
2.സുന്ദരം,ധനുവെച്ചപുരം (പ്രൊഫ),2005,ഉണ്ണിച്ചിരുതേവീചരിതം ,കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം
3.സുരേഷ്,ടി.പി,(എഡി),2011, പട്ടാമ്പിപ്പെരുമ, ഗവ.യു.പി സ്കൂൾ പട്ടാമ്പി,പട്ടാമ്പി.
ഓൺലൈൻ റെഫറൻസ്
1.Ashokan, P. K., and Roy Wagner. “The Kaṇakkatikāram: A Mathematical Text from Medieval Kerala.” History of Science in South Asia, vol. 12, no. 1, 2024, pp. 1–24.
University of Alberta Libraries Journal.
https://journals.library.ualberta.ca/hssa/index.php/hssa/article/download/103/147/1073 (Sponsored).
Accessed 2 Nov. 2025.
- “Amazing Stories from Kerala’s Maritime History.” Sarmaya.in, Sarmaya Arts Foundation, 2022.
https://sarmaya.in/reads/the-amazing-stories-of-kerala-maritime-history/ (Sponsored).
Accessed 2 Nov. 2025.
- University of Calicut. Recent Perspectives on Social History of Medieval Kerala.
School of Distance Education, Calicut University, 2021, p. 6.
https://sde.uoc.ac.in/sites/default/files/sde_videos/(New)Recent%20Perspectives%20on%20Social%20History%20of%20Medieval%20Kerala.pdf (Sponsored).
Accessed 2 Nov. 2025.
- “Thalassocracies and Ancient Maritime Trade of Bharat.” Academia.edu, 2020.
https://www.academia.edu/102950921/Thalassocracies_and_Ancient_Maritime_Trade_of_Bharat (Sponsored).
Accessed 2 Nov. 2025.
- “Palakkad District Map.” Maps of India, 2024.
https://www.mapsofindia.com/maps/kerala/districts/palakkad-district-map.html (Sponsored).
Accessed 2 Nov. 2025.
- “Palakkad Fort (Tipu’s Fort).” Kerala Tourism Department, 2023.
https://www.keralatourism.org/destination/palakkad-fort/182 (Sponsored).
Accessed 2 Nov. 2025.
- Wikidata. “Kulamukku (Q101195471).” Wikidata.org, Wikimedia Foundation, 2024.
https://www.wikidata.org/wiki/Q101195471 (Sponsored).
Accessed 2 Nov. 2025.
- “Kulamukku Map – Palakkad District.” Mapcarta.com, 2024.
https://mapcarta.com/W836865382 (Sponsored).
Accessed 2 Nov. 2025.

സുബിൻ യു.
ഗവേഷകൻ, എസ്.എൻ.ജി.എസ്. കോളേജ്, പട്ടാമ്പി. ഫോൺ:8113099164

ചിന്തനീയമാണ്
ഈ ചന്തകളുടെ ചരിത്രങ്ങൾ
മധ്യകാല ചന്തകളുടെ ചരിത്രം പറയുന്ന, സുബിൻ യൂ എഴുതിയ ലേഖനം, ചരിത്രത്തി
ലേയ്ക്ക് തുറക്കുന്ന കിളിവാതിലായി അനുഭ
വപ്പെട്ടു.
കുറ്റനാട്,എടപ്പാൾ ശുകപുരം പൊന്നാനി
എന്നി പ്രദേശങ്ങളൊക്കെ തന്നെ എൻ്റെ നാട്ടിൽ നിന്ന് അധികമൊന്നും ദൂരമില്ലാത്ത സ്ഥലങ്ങളാണ്.
പഴയ തുറമുഖ നഗരമായ പാന്നാനിയുടെ ചരിത്രവും വാണിജ്യവും ടിണ്ടിസ് എന്ന മറ്റൊരു തുറമുഖവും (ഇന്ന് അത് തണ്ടലം എന്ന പ്രദേശമാണെന്നാണ് സൂചന) അനുബ
ന്ധ ചരിത്രങ്ങളുമെല്ലാം വായിച്ചറിഞ്ഞിട്ടുണ്ട്.
പ്രാദേശിക ചരിത്രവും ഫോക് ലോറുമെല്ലാം സവിശേഷ ശ്രദ്ധയാകർഷിക്കുന്ന പഠന മേഖലകളാണ്. ഇത് ജനപദങ്ങളുടെ ചരിത്രം തന്നെയാണ്. അത് കൂടുതൽ പഠന വിധേയ
മാക്കി കൈമാറ്റം ചെയ്യപ്പെടേണ്ടതുംകൂടി
യാണ്.
പൊയിലം, കുളമുക്ക് എന്നീ പ്രശസ്തമായ മധ്യകാല ചന്തകളെ കുറിച്ച് ഞാൻ എവിടെ
യും വായിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വളരെ തല്ലര്യത്തോടെയുംകൗതുകത്തോടെ
യുമാണ് ഈ പഠന ലേഖനം വായിച്ചത്.
ചന്തകൾ, അത് എത്ര പ്രാദേശികമാണെ
ങ്കിൽ പോലും രാട്രീയവും സാമ്പത്തി
കവുമായ വിനിമയങ്ങളുടെ പ്രാധാന്യ
മുള്ള ഇടങ്ങളാണ്കേവലം വാണിജ്യം,
വ്യാപാരം എന്നതിലപ്പുറം വലിയ ആദാന പ്രദാനങ്ങൾ ഇവിടെങ്ങളിൽ നടക്കുന്നുണ്ട്
ചന്ത കേന്ദ്രീകൃത ഇടങ്ങൾ അങ്ങാടികളുടെ
പ്രാഗ് രൂപങ്ങളാണ് എന്ന് പറയുന്നതിൽ
തെറ്റുണ്ടെന്ന് തോന്നുന്നില്ല..
എക്കാലത്തും ഇവയെല്ലാം.അധികാരത്തിൻ്റെയും ആധിപത്യത്തിൻ്റെയും രൂപങ്ങൾ
ഉരുവം കൊള്ളുന്ന ഇടങ്ങൾകൂടിയാണെ
ന്ന് സൂക്ഷ്മ പഠനത്തിൽ കണ്ടെത്താൻ കഴിയും
കുളമുക്ക് ചന്തയിലെ കുതിര കച്ചവടം ആ ചന്തയുടെ പ്രാധാന്യത്തെ അടയാളപ്പെ
ടുത്തുന്നുണ്ട്. ഒരു പ്രാദേശിക ചന്തയിൽ വിറ്റുപോകുന്ന ഉൽപ്പന്നമല്ല ഇത്. കാരണം അതിൻ്റെ ഉപഭോക്താക്കൾ സാധാരണ
ക്കാരല്ല എന്നതുതന്നെ . മധ്യകാലഘട്ടത്തി
ൽ ഈ ഉൽപ്പന്നം ഇവിടെ വിറ്റഴിയുന്നുവെങ്കി
ൽ ആ ചന്തയ്ക്ക് സവിശേഷമായപ്രാധിന്യമു
ണ്ടെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല
പഴയ കാല വാണിജ്യത്തിൻ്റെ തുറവികളെ അതിൻ്റെ രാഷ്ട്രീയ, സാമ്പത്തിക മാനങ്ങ
ളെ തെളിമയോടെ ഈ ലേഖനം അടയാളപ്പെടുത്തുന്നു
മുജീബ് റഹ്മാൻ എ
അഴിക്കോട്ടിൽ
മംഗലം, മലപ്പുറം