
ഡോ.ഡി.വി. അനിൽകുമാർ
Published: 10 May 2025 ചലച്ചിത്രപഠനം
ലൂമിയറുടെ സിനിമാട്ടോഗ്രാഫ്
(The Lumiere cinematograph)

മാക്സിം ഗോർക്കി(Maxim Gorky)
വിവ: ഡോ ഡി വി അനിൽകുമാർ
(“ഞാൻ ഇന്നലെ നിഴലുകളുടെ സാമ്രാജ്യത്തിലായിരുന്നു” എന്നു പറഞ്ഞാണ് തന്റെ ആദ്യ സിനിമാനുഭവത്തെ മാക്സിം ഗോർക്കി എഴുതിത്തുടങ്ങുന്നത്. 1896 ജൂലൈയിലാണ് അത് സംഭവിച്ചത്. അപരിചിതമായ ഒരു മാധ്യമത്തെ ഗോർക്കി പരിചയപ്പെടുകയാണ്. പ്രതീക്ഷകൾ ഒന്നുമില്ലാതെ ഒരു അനുഭവത്തെ സ്വീകരിക്കുമ്പോഴുള്ള സമ്മിശ്ര വികാരങ്ങൾ ഗോർക്കിയെ പിടികൂടുന്നു. തനിക്ക് പരിചിതമായ ഫോട്ടോഗ്രാഫിയുമായി സിനിമയെയും അദ്ദേഹം താരതമ്യം ചെയ്യുന്നു. ശബ്ദമില്ലായ്മയെ കുറവായി തിരിച്ചറിയുന്നു .ചാരനിറത്തിൽ മുങ്ങിയ ഒരു നിഴൽനാടകമായി സിനിമയെ ഗോർക്കി അനുഭവിക്കുകയാണ്. സിനിമ കപടവും, അയഥാർത്ഥവും, ജാലവിദ്യയുമാണെന്നും അത് ലോകത്തിന് നാശമാണെന്നും പറഞ്ഞുവയ്ക്കുകയാണ് ഈ ലേഖനത്തിൽ.
സിനിമാഗവേഷകനെ സംബന്ധിച്ചിടത്തോളം ആദ്യ സിനിമാനുഭവം എങ്ങനെയായിരുന്നു എന്ന് തിരിച്ചറിയുന്നതിനുള്ള ആധികാരികമായ രേഖയാണ് ഗോർക്കിയുടെ ലേഖനം. സിനിമയുടെ ലോകത്ത് ഒരുപാട് സഞ്ചരിച്ചു കഴിഞ്ഞ നമുക്ക് ആദ്യമായി ചലിക്കുന്ന ചിത്രങ്ങളെ കണ്ട ഒരു മഹാനായ സാഹിത്യകാരന് അത് എങ്ങനെ അനുഭവപ്പെട്ടു എന്ന് അറിയുന്നത് കൗതുകം ആയിരിക്കും.Ian Christie ഉം Richard Taylor ഉം എഡിറ്റ് ചെയ്ത “The film factory: Russian and Soviet cinema in documents 1896-1939″എന്ന പുസ്തകത്തിൽ Richard Taylor തന്നെ വിവർത്തനം ചെയ്ത് ചേർത്തിട്ടുള്ളതാണ് ഈ ചെറിയ ലേഖനം. )
ഞാൻ ഇന്നലെ നിഴലുകളുടെ സാമ്രാജ്യത്തിലായിരുന്നു. നിങ്ങൾ അവിടെയായിരുന്നെങ്കിലേ ആ ലോകത്തിൻ്റെ അപരിചിതത്വം മനസ്സിലാക്കാനാവൂ. ശബ്ദങ്ങളും നിറങ്ങളും ഇല്ലാത്ത ഒരു ലോകം. അവിടെ എല്ലാത്തിനും-ഭൂമി, മരങ്ങൾ, മനുഷ്യർ, ജലം, എല്ലാത്തിനെയും ഒരേപോലെ ചാരനിറം പിടിപ്പിച്ചിരിക്കുന്നു. ചാരനിറത്തിലെ ആകാശത്തിൽ ചാരനിറത്തിലുള്ള സൂര്യകിരണം. മരങ്ങളുടെ ഇലകൾക്കും അതേ ചാരനിറം. ഇത് ജീവിതമല്ല, ജീവിതത്തിൻ്റെ നിഴൽ മാത്രം. ഇത് ചലനമല്ല, ശബ്ദമില്ലാത്ത ചലനത്തിന്റെ നിഴൽ മാത്രം.
ഞാൻ വിശദീകരിക്കാം അല്ലെങ്കിൽ, ഞാൻ പ്രതീകാത്മകമാക്കുന്നുവെന്നും എനിക്ക് ഭ്രാന്താണെന്നും നിങ്ങൾ കരുതിയേക്കും.Aument’s Cafe യിൽ ലൂമിയറുടെ സിനിമാട്ടോഗ്രാഫ്- ചലിക്കുന്ന ഫോട്ടോകൾ കാണുകയായിരുന്നു. അത് എന്നിൽ അവശേഷിപ്പിച്ച വികാരങ്ങൾ അസാധാരണവും, യഥാർത്ഥവും, എന്നാൽ സങ്കീർണവുമായിരുന്നു. അതിൻ്റെ എല്ലാ അർത്ഥതലങ്ങളേയും എനിക്ക് വിവരിക്കാനാവില്ല. എന്നാൽ അതിൻ്റെ സത്തയെ എനിക്ക് പകരാനാവും.
വിളക്കണഞ്ഞപ്പോൾ ലൂമിയറുടെ പുതിയ കണ്ടുപിടുത്തം പ്രദർശിപ്പിക്കുന്നിടത്ത് ഒരു വലിയ ചാരനിറത്തിലുള്ള ചിത്രം തെളിഞ്ഞു വന്നു-“A Paris street”. അത് ചീത്തയായി കൊത്തിവച്ചതിന്റെ തന്നെ ഒരു നിഴൽ പോലെ തോന്നി. തുറിച്ചു നോക്കിയാൽ ചലനം നഷ്ടപ്പെട്ട് മരവിച്ചു പോയ ചിലതിനെ അവിടെ കാണാം-ബോഗികൾ, കെട്ടിടങ്ങൾ, വിവിധതരക്കാരായ മനുഷ്യർ. ആകപ്പാടെ ചാരമയം. ആകാശവും ചാരനിറം തന്നെ. പാരീസിലെ തെരുവുകളുടെ നിരവധി ചിത്രങ്ങൾ കണ്ടിട്ടുള്ള നിങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നും പുതുതായി നിങ്ങൾ ഈ കാണുന്നതിൽ പ്രതീക്ഷിക്കരുത്. പെട്ടെന്ന് സ്ക്രീനിൽ ഒരു വെള്ളിവെളിച്ചം പായുകയും ചിത്രങ്ങൾക്ക് ജീവൻ വയ്ക്കുകയും ചെയ്തു. ബോഗികൾ സ്ക്രീനിന് പിറകിൽ നിന്നും നിങ്ങളുടെ മുന്നിലേക്ക് വരുന്നു. അതെ, ഇരുട്ടിൽ ഇരിക്കുന്ന നിങ്ങൾക്കിടയിലേക്ക്. എവിടെയോ ദൂരത്തിൽ നിൽക്കുന്ന മനുഷ്യർ നിങ്ങളെ സമീപിക്കുന്തോറും വലിപ്പമുള്ളവരായി മാറുന്നു. പുരോഭാഗത്ത് കുട്ടികൾ പട്ടിയുമായി കളിക്കുന്നു. സൈക്കിൾ യാത്രക്കാർ തിരക്കിട്ട് പോകുന്നു. കാൽനടക്കാർ തെരുവിനെ മറികടക്കുന്നു. ബോഗികൾക്കിടയിലൂടെ അവർ വഴി കണ്ടെത്തുന്നു. എല്ലാം ജീവത്തായി ചലിക്കുന്നു. എല്ലാവർക്കും എന്തൊരു വേഗമാണ്. മുന്നിലേക്ക് വന്ന അവ പെട്ടെന്ന് എവിടേക്കോ മറയുന്നു.
സംസാരമോ, പാദചലനശബ്ദമോ, ചക്രങ്ങളുടെ ഞരക്കമോ കേൾക്കാത്ത അപരിചിതമായ നിശബ്ദതയിലാണ് ഇതൊക്കെ സംഭവിക്കുന്നത്. മനുഷ്യചലനങ്ങൾക്കൊപ്പം ഇഴചേർന്ന് നിൽക്കുന്ന ഒരു ചെറു ശബ്ദം പോലും അവിടെ കേൾക്കാനില്ല. ചാരനിറമാർന്ന ഇലച്ചാർത്തുകൾ കാറ്റിൽ നിശബ്ദമായി തലയാട്ടുന്നു. ചാരനിറമാർന്ന സമതലത്തിൽ ആളുകളുടെ നിഴൽച്ചിത്രങ്ങൾ തെന്നി നീങ്ങുകയാണ്. ജീവിതത്തിന്റെ നിറങ്ങളെല്ലാം വലിച്ചെറിഞ്ഞ് ആത്യന്തികമായ നിശബ്ദതയെ വരിക്കാൻ ക്രൂരമായി ശിക്ഷിക്കപ്പെട്ടവയെ പോലെയാണ് ഇവയെല്ലാം.
അവരുടെ ചിരികൾക്ക് ജീവനില്ലായിരുന്നു. എന്നാൽ അവരുടെ ചലനങ്ങളാകട്ടെ ജീവസുറ്റതും; എന്നാൽ വേഗത കൊണ്ട് പെട്ടെന്ന് ഗ്രഹിക്കാൻ കഴിയാത്തതുമായിരുന്നു. അവരുടെ ചാരനിറമാർന്ന മുഖങ്ങളിലെ മാംസപേശികൾ ചുരുങ്ങുമ്പോഴും അവരുടെ ചിരി നിശബ്ദമായിരുന്നു. ജീവിതത്തിൻ്റെ നിറങ്ങളെയെല്ലാം ചോർത്തിക്കളഞ്ഞ, ചാരനിറമാണ്ട, നിശബ്ദമായ, പച്ചപ്പില്ലാത്ത, നിരാശാജനകമായ ഒരു ജീവിതമാണ് നിങ്ങളുടെ മുന്നിൽ വികസിക്കുന്നത്.
കണ്ടിരിക്കാൻ തന്നെ ഭയാനകമായ ഒന്ന്. പേടിക്കേണ്ട, വെറും നിഴലുകളാണവ. മെർലിൻ്റെ(Merlin) കാപട്യം നിറഞ്ഞ സൂത്രം നിങ്ങളുടെ മുന്നിൽ അരങ്ങേറുന്നത് പോലെ നിഴലുകളായ ശാപങ്ങളും, പ്രേതങ്ങളും, പ്രേതമാക്കളും ചേർന്ന് ഒരു പട്ടണത്തെയാകെ നിതാന്തമായ ഉറക്കത്തിലേക്ക് വലിച്ചെറിയുന്ന രംഗം മനസ്സിലേക്ക് ഓടിവരും. തൻ്റെ മാന്ത്രികശക്തികൊണ്ട് തെരുവിനെയാകെ അയാൾ മാറ്റിമറിക്കും. വലിയ കെട്ടിടങ്ങളെ മേൽക്കൂരയിൽ നിന്ന് അസ്ഥിവാരത്തോളം ചെറുതാക്കും. അയാൾ ഓരോ മനുഷ്യന്റെയും ബലവും സംസാരവും ചോർത്തിയെടുക്കും. നിറങ്ങൾ നഷ്ടപ്പെടുത്തി ഭൂമിയെയും ആകാശത്തിനേയും മനം മടുപ്പിക്കുന്ന ചാര നിറത്തിലാക്കും.
ഈ പ്രച്ഛന്നതയ്ക്കിടയിൽ അയാൾ തന്റെ വൃത്തികെട്ട സൃഷ്ടിയെ സുരക്ഷിതമായ റെസ്റ്റോറന്റിലെ ഇരുണ്ട മുറിയിലേക്ക് ഉന്തിമാറ്റുന്നു. പെട്ടെന്ന് ഒരു ശബ്ദത്തോടെ എല്ലാം മറയുന്നു ഒരു ട്രെയിൻ സ്ക്രീനിൽ പ്രത്യക്ഷമാകുന്നു. നിങ്ങൾ ശ്രദ്ധിച്ച് ഇരിക്കണം. അത് മൂർച്ചയേറിയതും വേഗംമേറിയതുമായ ഒരു അമ്പു പോലെ നിങ്ങൾക്ക് നേരെ പാഞ്ഞു വരും. ഇരുട്ടിലിരിക്കുന്ന നിങ്ങളെ, വേഗംകൊണ്ട്; ഒടിഞ്ഞു തകർന്ന എല്ലുകളും, ഉലഞ്ഞ മാംസവും നിറഞ്ഞ നശിച്ച ഒരു ത്വക്ക്ചാക്കാക്കി മാറ്റുന്നതിന് അതിന് കഴിയുമെന്ന് തോന്നും. അത് വൈനും, പെണ്ണും, സംഗീതവും, സദാചാരവിരുദ്ധതയും നിറഞ്ഞ ഹാളിനെയും കെട്ടിടത്തെയും തകർത്ത് ധൂളികളായി മാറ്റിയേക്കാം.
എന്നാൽ ഇത് വെറും നിഴലുകളുടെ ട്രെയിനാണ്.

ഡോ.അനിൽകുമാർ
അസ്സോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
*ജീവിതങ്ങളുടെ ചാരനിറം*
മാക്സിം ഗോർക്കിയെ വായിച്ചിട്ടുണ്ട്.
എന്നാൽ ഗോർക്കിയുടെ ആദ്യ സിനിമാനുഭവത്തെ വായിച്ചിട്ടില്ലായിരുന്നു.
ഡോ. ഡി.വി അനിൽ കുമാറിൻ്റെ
ലേഖനം ഹൃദ്യത മാത്രമല്ല ഗോർക്കിയുടെ സ്വത്വാനുഭവത്തെ ഹൃദയത്തിലേക്ക് ആവാഹിച്ചിരിക്കുന്നു.
കൗതുകമുണ്ടായിരുന്നു.
ഗോർക്കിയുടെ സിനിമാനുഭവം അറിയാൻ
നിറങ്ങളെല്ലാം നഷ്ടപ്പെട്ട് ചാരനിറമുള്ള ജീവിതങ്ങളായി പരിണമിക്കുന്ന അയഥാർഥമല്ലാത്ത മെറ്റ മോർഫസിസ് ഇവിടെ ചിത്രപ്പെടുത്തുന്നു
വിഭ്രാമകമായ അനുഭവങ്ങൾ,
സിനിമ യാഥാർഥ്യപ്പെടുത്തുന്ന, ജീവിതത്തിൻ്റെ പതിതോവസ്ഥകൾ
എങ്ങനെപ്രതിരോ
ധിക്കാൻ കഴിയും എന്ന ചോദ്യത്തിന് ഉത്തരം കാണേണ്ടതുണ്ട് .
സിനിമ എന്താണ് യഥാർഥത്തിൽ എന്ന ചോദ്യം എക്കാലത്തും ഉയരുന്ന ഒന്നാണ്ജീവിതവും.
അതിൻ്റെ പച്ചയായ ആവി
ഷ്കാരങ്ങളും പൊതിഞ്ഞു വെയ്ക്കുമ്പോൾ നഷ്ടമാ
കുന്ന ‘സ്വത്യ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്ന ചില എടുപ്പുകളുണ്ട്. ദമനം ചെ
യ്യപ്പെട്ട കിടക്കുന്ന വികാര
ങ്ങളെയും അഭിലാഷ
ങ്ങളെയും തട്ടിമാറ്റാതെ ഗോർക്കി ചലിയ്ക്കുന്ന ഫോട്ടോകളെ നോക്കി കാണന്നു.
തിരസ്കരണവും സ്വാംഗീകരണവും ദ്വന്ദ വ്യക്തിത്വമായി ബൈപോ
ളാർ പേഴസനാലിറ്റിയുടെ മുഖാവരണത്തിൽ ഗോർക്കി നിലകൊള്ളുന്നു.
സത്യത്തിൽ ഗോർക്കിയുടെ ആദ്യ സിനിമാനുഭവം ഗോർക്കിയെ അദ്ദേഹ
ത്തിൻ്റെ മനോവ്യാപാരങ്ങളെ അടയാളപ്പെടുത്തുകയും മുദ്രണം ചെയ്യുകയും ചെയ്യു
ന്നുണ്ട്.
ലേഖനം എന്തുകൊണ്ടും നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ
മുജീബ് റഹിമാൻ എ